UPDATES

ഇന്ത്യ

ലാലു യാദവ് സോഷ്യലിസ്റ്റുകളെ സംഘികളാക്കുന്ന വിധം

ജോയി ജേക്കബ്

 

കാലം തൊണ്ണൂറുകളുടെ മധ്യം. സോഷ്യലിസ്റ്റുകള്‍ ബിജെപിയിലേയ്ക്ക് തേനീച്ചക്കൂട്ടിലെയ്ക്കെന്നപോലെ പോകാനൊരുങ്ങുന്ന സമയം. പലര്‍ക്കും ഇതത്ര മനസിലാകുന്നുണ്ടായിരുന്നില്ല. എങ്ങനെയാണ് ജോര്‍ജ് ഫെര്‍നാണ്ടസിനെയോ യശ്വന്ത് സിന്‍ഹയെയോ നിതീഷ് കുമാറിനെയോ ശരദ് യാദവിനെയൊ രാംവിലാസ് പസ്വാനെയൊ പോലെയുള്ള തീപ്പൊരി സോഷ്യലിസ്റ്റുകള്‍ക്ക് ബിജെപിയുമായി സഖ്യം ചേരാന്‍ കഴിയുക? അതും ബാബറിപ്പള്ളി പൊളിക്കലും അദ്വാനിയുടെ രഥയാത്രയുമൊക്കെ കഴിഞ്ഞിരിക്കുന്ന ഒരു സമയത്ത്? അദ്വാനിയെക്കൊണ്ട് രഥയാത്ര നിര്‍ത്തിക്കാനായി അവര്‍ ഒരു ഗവണ്മെന്റിനെത്തന്നെ ബലികഴിച്ചതല്ലേ?

 

ലോക് ജനശക്തി പാര്‍ട്ടി നേതാവായ പാസ്വാന്‍ ഈയടുത്ത് കോണ്‍ഗ്രസും ലാലുപ്രസാദിന്റെ രാഷ്ട്രീയ ജനതാദളും വിട്ട് ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ ചേരാനായി മലക്കംമറിഞ്ഞത് വീണ്ടും ഇരുപതുവര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചോദ്യങ്ങള്‍ വീണ്ടും ചര്‍ച്ചയ്ക്കെടുത്തു. നരേന്ദ്ര മോദി സഖ്യത്തില്‍ ചേരുന്നതിന്റെ കുറ്റം കേള്‍ക്കാന്‍ പാസ്വാന്‍ ഒരുക്കമല്ല. തന്റെ സെക്കുലര്‍ സുഹൃത്തുക്കളെ വിട്ടുപോരാനുള്ള കാരണം ലാലുവിന്റെ കടുംപിടുത്തനിലപാടുകളാണ് എന്ന് പാസ്വാന്‍ സൂചിപ്പിക്കുന്നു.

 


രാംവിലാസ് പാസ്വാന്‍

 

ലോഹ്യ പക്ഷക്കാര്‍ക്കിടയില്‍ തങ്ങളുടെ ഏറ്റവും ശക്തനായ വിമര്‍ശകനായി ലാലു തുടരുന്നതില്‍ ബിജെപി നന്ദികാണിക്കേണ്ടതാണ്. കഴിഞ്ഞ ഇരുപത്തിയഞ്ചുവര്‍ഷത്തെ ലാലുവിന്റെ രീതികള്‍ കൊണ്ട് ബിജെപിക്കു സഖ്യകക്ഷികളെ കിട്ടാന്‍ മുട്ടുണ്ടായിട്ടില്ല. ലോഹിയ പക്ഷക്കാര്‍ക്കിടയിലെ മികച്ചയാളുകള്‍ എല്ലാം ജനതാപരിവാര്‍ ഉപേക്ഷിച്ച് ബിജെപിയില്‍ ചേരുകയോ അവരോടു അനുഭാവനിലപാടെടുക്കുകയോ ആണ് ചെയ്തിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ജെപിയെയും തന്റെ അടുത്ത സഹചാരിയായ രാംകൃപാല്‍ യാദവിനെയും ബിജെപിക്ക് സംഭാവന ചെയ്തുകൊണ്ടാണ് ലാലു എന്‍ഡിഎയെ സഹായിച്ചിരിക്കുന്നത്. എന്തുകൊണ്ട് പിന്നെ ബിജെപി അദ്ദേഹത്തോട് നന്ദി കാട്ടാതിരിക്കണം?

 

ദേശീയരാഷ്ട്രീയത്തില്‍ ഇപ്പോള്‍ വലിയ പങ്കൊന്നുമില്ലാത്ത ഈ ബിഹാര്‍ നേതാവ് ബിജെപിക്കും എന്‍ഡിഎക്കും ആളെ സംഭാവനചെയ്യുന്നത് ഇതാദ്യമായല്ല. പറയുന്നത് ഒരു “സോഷ്യലിസ്റ്റ്” നേതാവിനെപ്പറ്റിയാകുമ്പോള്‍ കുറച്ചു കടുപ്പമായി തോന്നിയേക്കാം. കാവിപക്ഷവുമായി ബന്ധമൊന്നും ഇല്ലാത്ത, രഥയാത്ര തടയാനായി അദ്വാനിയെ അറസ്റ്റ് ചെയ്തുവെന്ന് വീമ്പുപറയുന്ന ഒരാളാണല്ലോ അദ്ദേഹം.

 


ജോര്‍ജ് ഫെര്‍ണാണ്ടസ്

 

83-കാരനായ ഫെര്‍നാണ്ടാസിന്റെ കാര്യമെടുക്കുക. ഉരുക്ക് മനുഷ്യനാണ്, ആദര്‍ശവാനാണ്, കൗമാരകാലത്ത് കത്തോലിക്കാ പുരോഹിതനാകാന്‍ ആഗ്രഹിച്ചയാളാണ്, ഇപ്പോള്‍ അല്‍ഷിമേഴ്സിന്റെയും പാര്‍ക്കിന്‍സണ്‍ അസുഖത്തിന്റെയും പിടിയിലാണ്. പതിനഞ്ചു വര്‍ഷം മുന്‍പ് പ്രശസ്ത എഴുത്തുകാരന്‍ അമിതാവ് ഘോഷിനോട് എന്തുകൊണ്ട് ഉള്ളില്‍ സെക്കുലര്‍ ആയ താന്‍ ഒരു വര്‍ഗീയപാര്‍ട്ടിയായി കരുതപ്പെടുന്ന പാര്‍ട്ടിയില്‍ അംഗമായി എന്ന് ഫെര്‍ണാണ്ടസ് പറയുന്നുണ്ട്.

 

“കൌണ്ട്ഡൌണ്‍” എന്ന പുസ്തകത്തില്‍ ഫെര്‍ണാണ്ടാസുമായി നടന്ന ഈ സംഭാഷണം ഘോഷ് ഓര്‍ക്കുന്നു. 1998ല്‍ പൊക്രാനില്‍ രണ്ടാമതും ആണവപരീക്ഷണങ്ങള്‍ നടത്തിയതാണ് ചര്‍ച്ചാസന്ദര്‍ഭം. ‘പല സെക്കുലര്‍, ഇടതുപക്ഷ പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രബലശത്രുവായ ലാലു പ്രസാദിനെ പിണക്കേണ്ടിവരുമോ എന്ന് പേടിച്ച് ആരും അദ്ദേഹത്തെ അടുപ്പിച്ചില്ല.’

 

ഞാന്‍ പല വാതിലുകളും മുട്ടിനോക്കി, അദ്ദേഹം പറഞ്ഞു. മറ്റുവാതിലുകളെല്ലാം അടഞ്ഞപ്പോഴാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. എനിക്കുമുന്നില്‍ ഒരു മതിലായിരുന്നു. എനിക്ക് പോകാന്‍ വേറെ ഇടമില്ലായിരുന്നു.

 

മുംബൈയില്‍ റെയില്‍വേ സമരം നയിച്ച മനുഷ്യനാണിത്. അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പോവുകയും പിന്നീട് അറസ്റ്റ് വരിക്കുകയും ചെയ്തയാള്‍, എഴുപതുകളില്‍ ഐബിഎമ്മിനും കൊക്കക്കോളയ്ക്കും പുറത്തോട്ടുള്ള വാതില്‍ കാണിച്ചുകൊടുത്ത് ഇറക്കിവിട്ടയാള്‍.

 

ഫെര്‍ണാണ്ടസിന്റെ നിസ്സഹായത വളരെ വ്യക്തമായതായി ഘോഷ് എഴുതുന്നു. ഒരു ജീവിതകാലം മുഴുവന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു. ഒടുവില്‍ താന്‍ വിശ്വസിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ ബന്ധമൊന്നും ഇല്ലാതെയായി.

 


യശ്വന്ത് സിന്‍ഹ

 

ബിജെപിയില്‍ ചേര്‍ന്നതിനെപ്പറ്റി പ്രത്യയശാസ്ത്രപരമായി സിന്‍ഹയ്ക്ക് ഒന്നും പറയാനില്ല. എന്നാല്‍ സിന്‍ഹയുടെ രാഷ്ട്രീയഭൂപടത്തിലും ലാലുവുണ്ട്. “കണ്‍ഫഷന്‍സ് ഓഫ് എ സ്വദേശി റിഫോര്‍മര്‍” എന്ന തന്റെ ആത്മകഥയില്‍ സിന്‍ഹ ലാലുവിനെ ഓര്‍ക്കുന്നത് “മറ്റുള്ളവരെ മോശമായി പരിഗണിക്കാനോ അപമാനിക്കാനോ പോലും മടികാണിക്കാത്ത ഒരാള്‍” എന്നാണ്. ഇങ്ങനെയോരാളോട് ഒരുദിവസം പോലും ചേര്‍ന്നുപോകാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല എന്നും സിന്‍ഹ പുസ്തകത്തില്‍ ഓര്‍ക്കുന്നു. ഏകീകൃത ജനതാദളിനെപ്പറ്റിയൊക്കെ അന്ന് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എസ് ചന്ദ്രശേഖറിന്റെ അടുത്തയാളായിരുന്ന സിന്‍ഹ അപ്പോള്‍ തന്നെ ബിജെപി നേതാവ് അദ്വാനിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നുവെങ്കിലും ഒന്നും പ്രാവര്‍ത്തികമായില്ല.

 

1993ല്‍ ഡല്‍ഹിയിലേയ്ക്കുള്ള ഒരു വിമാനയാത്രയാണ് സിന്‍ഹയുടെ പുറത്താകല്‍ ഉറപ്പാക്കിയത്. ലാലു വിമാനത്തിലേയ്ക്ക് “ഒരു രാജാവിനെപ്പോലെ” കയറുകയും സിന്‍ഹയെ നോക്കിയെങ്കിലും “കണ്ടെന്നു നടിച്ചില്ല” എന്നും ഡല്‍ഹി വിമാനത്താവളത്തില്‍ എത്തി അടുത്തടുത്ത് നിന്നപ്പോള്‍ പോലും ലാലു അദ്ദേഹത്തെ “കരുതിക്കൂട്ടി അവഗണിച്ചു” എന്നുമാണ് സിന്‍ഹ പറയുന്നത്.

 

“അയാളെപ്പറ്റിയുള്ള എന്റെ ഏറ്റവും വലിയ പേടികളെ ഉറപ്പിക്കുന്ന തരം പെരുമാറ്റമായിരുന്നു അന്ന്. ജനതാദളില്‍ തിരിച്ചെത്താന്‍ എന്തെങ്കിലും സാധ്യതയുണ്ടായിരുന്നെങ്കില്‍ അത് ഇല്ലാതായി. ഞാന്‍ തീരുമാനിച്ചു.”

 

ചന്ദ്രശേഖറിനോട് തനിക്കുള്ള സ്വകാര്യ അടുപ്പം പോലും തന്നെ പിടിച്ചുനിര്‍ത്തിയില്ല എന്ന് സിന്‍ഹ ഓര്‍ക്കുന്നു. ഡല്‍ഹിയിലെ വീട്ടില്‍ എത്തിയ ഉടന്‍ തന്നെ അദ്വാനിയെ വിളിച്ചുവെന്നും 1993 നവംബര്‍ 13-ന് താന്‍ ബിജെപി അംഗത്വം സ്വീകരിച്ചുവെന്നും സിന്‍ഹ ഓര്‍ക്കുന്നു.

 

സിന്‍ഹയുടേത് ഒരു നിസ്സാരകാരണമായിരുന്നോ എന്നും ഒന്ന് ഈഗോയെ തൃപ്തിപ്പെടുത്തിയിരുന്നെങ്കില്‍ സിന്‍ഹ നില്‍ക്കുമായിരുന്നോ എന്നും സംശയം തോന്നിയേക്കാം. രാഷ്ട്രീയത്തില്‍ ഊഹാപോഹങ്ങള്‍ക്ക് വലിയ സ്ഥാനമില്ല. എന്നാല്‍ ഫെര്‍ണാണ്ടസ് ഘോഷിനോട് പറഞ്ഞത് ശരിക്കും കണ്ണുതുറപ്പിക്കും. ‘ഫെര്‍ണാണ്ടസ് ഒരു പഴയ രാഷ്ട്രീയാചാര്യനെപ്പറ്റി പറഞ്ഞു; റാം മനോഹര്‍ ലോഹ്യ. അദ്ദേഹമാണ് സദാ ഫ്ലക്സിബിള്‍ ആകണമെന്നും ഓരോ രാഷ്ട്രീയനീക്കത്തിന് ഒടുവിലും ഒരു സംഭാഷണത്തിനുള്ള ഇടം കൊടുക്കണമെന്നും പറഞ്ഞത്.’

 


നിതീഷ് കുമാര്‍

 

തെരഞ്ഞെടുപ്പുവിജയം വെച്ചുനോക്കുമ്പോള്‍ ലാലുവിനെ വിട്ടുപോന്നവരുടെ ഇടയിലെ താരം നിതീഷ് കുമാറാണ്. ലാലുവുമായി പിരിഞ്ഞ് മൂന്നുവര്‍ഷത്തിനുള്ളില്‍ നിതീഷ് കുമാര്‍ ഉള്‍പ്പാര്‍ട്ടി സംഘര്‍ഷങ്ങളിലൂടെ പ്രതിപക്ഷനേതാവും പിന്നീട് മുഖ്യമന്ത്രിയുമായി. പത്രപ്രവര്‍ത്തകനായ സംഘര്‍ഷന്‍ താക്കൂര്‍ എഴുതിയ ജീവചരിത്രങ്ങള്‍ “സബാള്‍ട്ടേന്‍ സാഹബ്: ബിഹാര്‍ ആന്‍ഡ് ദി മേക്കിംഗ് ഓഫ് ലാലൂ യാദവ്” എന്നതും “സിംഗിള്‍ മാന്‍: ദി ലൈഫ് ആന്‍ഡ്‌ ടൈംസ് ഓഫ് നിതിഷ് കുമാര്‍ ഓഫ് ബിഹാര്‍” എന്ന പുസ്തകവും ഇവര്‍ തമ്മിലുള്ള സംഘര്‍ഷം വ്യക്തമാക്കുന്നുണ്ട്. ഈ കഥയിലും ലാലു തന്നെയാണ് വില്ലന്‍; തൊണ്ണൂറുകളുടെ ആദ്യത്തില്‍ നിതീഷിനു തോന്നിയത് പോലെ പല സീനിയര്‍ എംപിമാര്‍ക്കും തങ്ങളെ പരിഗണിക്കുന്നില്ല, തങ്ങള്‍ അപമാനിതരാവുന്നു എന്നൊക്കെ തോന്നി. ലാലു അവരുടെ ഉപദേശം കേള്‍ക്കില്ല, അവര്‍ക്ക് സമയം നല്‍കില്ല, അവരുടെ ആവശ്യങ്ങള്‍ നിരസിക്കും,” നിതീഷിനെപ്പറ്റിയുള്ള പുസ്തകത്തില്‍ താക്കൂര്‍ എഴുതുന്നു.

 

ഫെര്‍നാണ്ടസുമായി ചേര്‍ന്ന് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ഉടന്‍ തന്നെ നിതീഷ് ബിജെപിയില്‍ ചേര്‍ന്നില്ല. വെറും ഏഴു സീറ്റുകള്‍ മാത്രം നേടി സിപിഐ- എംഎല്ലിനോട് സഖ്യം ചേരാന്‍ 1995ല്‍ നിതീഷ് കുമാര്‍ ശ്രമിച്ചതാണ്. എന്നാല്‍ തന്റെ ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍ നല്ല ഒരു സഖ്യമുണ്ടായെ തീരൂ എന്ന് മനസിലാക്കിയ നിതീഷ് ഫെര്‍നാണ്ടസിനൊപ്പം ബിജെപി മുന്നണിയില്‍ ചേര്‍ന്നു.

 


ലാലു പ്രസാദ് യാദവ്

 

നിതീഷിനെപ്പോലെയുള്ളവരെ മാറ്റിനിറുത്തി പകരം പുതിയ നേതാക്കളെ കൊണ്ടുവരുന്നത് ജനതാദളില്‍ തന്റെ സ്ഥാനം നിലനിറുത്താന്‍ ലാലുവിന് പ്രധാനമായിരുന്നു. നിതീഷിനോടൊപ്പം പലരെയും ലാലു ജനതാപരിവാറില്‍ നിന്ന് പുറത്തുചാടിച്ചു. അവരെല്ലാം സംഘ തുണക്കാരാവുകയും ചെയ്തു. ലാലുവിനൊപ്പം രാഷ്ട്രീയത്തില്‍ വളര്‍ന്ന് എന്തെങ്കിലുമൊക്കെ ആയവരുടെ ലിസ്റ്റ് പരിശോധിച്ചാല്‍ മാത്രം മതി, ഇത് മനസില്ലാക്കാന്‍. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍