UPDATES

കേരളം

ഞങ്ങയില്ല ഈ വള്ളംകളിക്ക്; മൂലപ്പന്‍ തുരുത്തിന്റെ തെരഞ്ഞെടുപ്പ് ബഹിഷ്കരണം

കെ.ജി.ബാലു

പത്രം നോക്കിയാല്‍ നാളെണ്ണിയാണ് എറണാകുളത്തുകാര്‍ ജീവിക്കുന്നതെന്ന് തോന്നും, മെട്രോമാനാകാന്‍. അതൊന്നു വന്നിട്ടുവേണം… പാതിവഴിയില്‍ ആ മധ്യവയസ്‌കന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ മൂലപ്പന്‍ തുരുത്തുകാരുടെ മൊത്തംദുരിതവും അയാളുടെ മുഖത്തുണ്ടായിരുന്നു.

ആദ്യം കുടിവെള്ളം, പിന്നെ റോഡ് ഞങ്ങടെ അടിസ്ഥാനാവശ്യങ്ങളാണ് ചോദിക്കുന്നത്. അത് ചെയ്ത് തരാന്‍ ഇവര്‍ക്കാകുന്നില്ലേപ്പിന്നെ ഞങ്ങയെന്തിന് ഈ പണിക്കു പോണം. റോയി പെട്ടെന്ന് വികാരാധീനനായി. ഓര്‍മവെച്ച കാലംമൊതല് കേക്കണതാണ്. ഇന്നുവരും നാളെവരും… വരും വരുംമെന്ന് പറയുന്നതല്ലാതെ ഇതുവരെയിവിടാരും ഒന്നും കൊണ്ടെന്നിട്ടില്ല. റോയി മാത്രമല്ല മൂലപ്പന്‍ തുരുത്തിലെ ഓരോ കുഞ്ഞും പറയും അരികിലേക്ക് മാറ്റിനിര്‍ത്തപ്പെടുവന്റെ ദുരിതം…

മൂലപ്പന്‍ തുരുത്ത് ഒരു അരികിലാണ്. എറണാകുളം ജില്ലയുടെ തെക്കേയറ്റം. ആലപ്പുഴ ജില്ലയിലേക്ക് കേറികിടക്കു തീരദേശ പഞ്ചായത്തായ ചെല്ലാനത്തിന്റെയും തെക്കേയറ്റം. ജില്ലാതിര്‍ത്തി. അവിടെ 15 -ആം വാര്‍ഡിലെ നൂറ്റെട്ട് കുടുംബങ്ങളാണ് വിലപ്പെട്ട സമ്മതിദാനാവകാശം ഉപയോഗിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നത്. ജില്ലാ ആസ്ഥാനം രാജ്യത്തെ നാലാമത്തെ മെട്രോ നഗരമാകാന്‍ തിരക്കുകൂട്ടുമ്പോള്‍ ഇങ്ങിവിടെ ഇരുപതു കിലോമീറ്ററുകള്‍ക്കിപ്പുറത്ത് രോഗികളെ കോണ്ടുപോകാന്‍ പറ്റിയ നല്ല റോഡില്ലാതെ, കുടിക്കാന്‍ വെള്ളമില്ലാതെ, വഴിവിളക്കുകളില്ലാതെ, ചോരുന്ന കുടിലുകളോടെ ഒരു ഗ്രാമം. അതുകൊണ്ടാണ് 16-ആം ലോകസഭാ തെരഞ്ഞെടുപ്പിന് രാജ്യം മൂലധനമിറക്കുമ്പോള്‍ വിട്ടുനില്‍ക്കാന്‍ മൂലപ്പന്‍ തുരുത്തുകാര്‍ തീരുമാനിച്ചതും.

മൂലധന നിക്ഷേപം ആകര്‍ഷിക്കാന്‍ ഹൈവേകള്‍ നന്നാക്കുന്നതില്‍ സര്‍ക്കാറിനുള്ള ശുഷ്‌കാന്തി കാരണം തോപ്പുംപടി – കണ്ണമാലി – ചെല്ലാനം വഴി പോകുമ്പോള്‍ റോഡിനിരുവശവും 500 ലിറ്റര്‍ കൊള്ളുന്ന നീലയും കറുപ്പും നിറമുള്ള വലിയ ബാരലുകള്‍ നിരത്തിവച്ചിരിക്കുത് കാണാം.
 

ചൂട് ചോരാതെ: മൂലപ്പന്‍ തുരുത്ത് സമരസമിതി ചെല്ലാനം പഞ്ചായത്തോഫീസില്‍ 2013 നവംബര്‍ ഒമ്പതിന് നടത്തിയ കൂട്ടധര്‍ണയുടെ പോസ്റ്റര്‍ കാണിച്ചു സംഭവങ്ങള്‍ വിവരിക്കു സമരസമിതി പ്രവര്‍ത്തകര്‍

വെള്ളം വെള്ളം സര്‍വത്ര…തുള്ളികുടിക്കാനില്ലത്രേ… എന്നാണ് കണ്ണമാലി, ചെല്ലാനംകാരുടെ (ഭൂമിശാസ്ത്രപരമായി ആലപ്പുഴയുമായി ബന്ധമുണ്ട്) അവസ്ഥ. പടിഞ്ഞാറ് നോക്കെത്താത്ത അറബിക്കടല്‍. മറുവശത്ത് ഓരുവെള്ളം കെട്ടികിടക്കുന്ന കായല്‍. മറ്റെല്ലാം പതിവിന്‍പടി. പണമില്ലെന്ന് നാഴികയ്ക്ക് നാപ്പതുവട്ടം പറയും. ഫണ്ടെത്തിയാല്‍, സര്‍വ്വേകള്‍ക്ക് മേലെ റീ സര്‍വ്വനടത്തി ഫണ്ടു തീരും. മൂന്നര മീറ്റര്‍ വീതിയും അറുന്നൂറ് മീറ്റര്‍ ദൂരവുമുള്ള പളിയത്തയില്‍ റോഡ് നന്നാക്കാനാണ് ഈ പെടാപ്പാട് മുഴുവന്‍ എന്നോര്‍ക്കണം.

ഞങ്ങളും ജനാധിപത്യവിശ്വാസികളാണ്. പ്രതികരിക്കാന്‍ ഞങ്ങക്കുമുണ്ടവകാശം. ഞങ്ങള്‍ക്കും വോട്ടുചെയ്യണം. ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുപക്ഷേ ഞങ്ങളുടെ വോട്ടു വേണ്ടായിരിക്കും, ജയിക്കാന്‍. വരുവല്ലോ ഇനിയും പഞ്ചായത്തെലക്ഷന്‍. അന്ന് ഞങ്ങടെ വോട്ടു വേണമെങ്കില്‍ ഇന്ന് അധികാരികള്‍ തീരുമാനമെടുക്കണം. അതേ.. വേറുതേ എടുത്താപോരാ.. നടപ്പാക്കി കാണിക്കണം. ആന്റോ രണ്ടുംകല്പ്പിച്ചായിരുന്നു.
 

നിറയുന്നതും കാത്ത്: തോപ്പുംപടി- കണ്ണമാലി – ചെല്ലാനം വഴി പോകുമ്പോഴുള്ള സ്ഥിരം കാഴ്ച്ച

പതിവുപോലെ വാഗ്ദാനങ്ങളുടെ പെരുമഴ കുറെ നനഞ്ഞവരാണ് മൂലപ്പന്‍ തുരുത്തുകാര്‍. ലക്ഷങ്ങളുടെ കണക്കുകള്‍, സര്‍വേകള്‍, റീ സര്‍വേകള്‍. എണ്ണിയാലൊടുങ്ങാത്ത വാഗ്ദാനങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ തുരുത്തുകാര്‍ കൂട്ടായെടുത്ത തീരുമാനപ്രകാരം മൂലപ്പന്‍ തുരുത്ത് സമരസമിതി ചേര്‍ന്നു. സൗത്ത് ചെല്ലാനം സെന്റ് ജോര്‍ജ് പള്ളി വികാരി തോമസ് ചുള്ളിക്കല്‍ രക്ഷാധികാരിയായി.

തുടര്‍ച്ചയായി 28 ദിവസത്തോളം കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് നവംബര്‍ രണ്ടിന് കുടിവെള്ളമെത്തിക്കുന്ന ടാങ്കര്‍ ലോറി തടഞ്ഞ്, റോഡില്‍ കഞ്ഞിവച്ച് സമരം. ലോറി ഡ്രൈവറുടെ പ്രശ്‌നം ന്യായമായിരുന്നു. ചതുപ്പു നിറഞ്ഞ വഴിയിലൂടെ വരാന്‍ പറ്റില്ലെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. അത്രയും ഭാരമുള്ള വണ്ടി കുളംകണക്കെകിടക്കുന്ന റോഡിലൂടെ വന്നാല്‍ കായലിലേക്ക് മറിയാന്‍ സാധ്യത കൂടുതലാണ്. തുടര്‍ന്ന് സ്ഥലം എസ്.ഐ. തോമസ്, വാര്‍ഡ് മെമ്പര്‍ കുഞ്ഞുമോള്‍ വര്‍ഗ്ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.തങ്കച്ചനും സമരസമിതിയുമായി നടത്തിയ ചര്‍ച്ചക്കിടയില്‍ എം.എല്‍.എ. ഡൊമനിക്ക് പ്രസന്റേഷനെ ഫോണില്‍ വിളിക്കുകയും അദ്ദേഹം എം.എല്‍.എ. ഫണ്ടില്‍ നിന്ന് 94 ലക്ഷം അനുവദിച്ചതായും പറഞ്ഞു. സ്പീക്കര്‍ ഫോണിലായിരുന്നു സംഭാഷണം. പക്ഷേ നടപടിയൊന്നുമുണ്ടായില്ല. മുടങ്ങിയ കുടിവെള്ളമെത്തിയുമില്ല. 

തുടര്‍ന്ന് ഒമ്പതാം തീയ്യതി പഞ്ചായത്ത് ഓഫീസ് ഉപരോധം. അന്ന് നടത്തിയ ചര്‍ച്ചയില്‍ 94 ലക്ഷത്തില്‍ 65 ലക്ഷം പാസായെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ സര്‍വേ ആരംഭിക്കുമെന്നും പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞ് നടപടിയൊന്നും കാണാഞ്ഞ് ഫ്രാന്‍സിസ് കളത്തിങ്കലിന്റെ സഹായത്തോടെ സെക്രട്ടറി ജോളി അജിത്ത് വിവരാവകാശത്തിന് അപേക്ഷിച്ചു. കിട്ടിയത്, പണ്ട് കുടിവെള്ളമില്ലാഞ്ഞിട്ട് നടത്തിയ സമരത്തെതുടര്‍ന്ന് റോഡുനന്നാക്കാന്‍ പെറ്റിവര്‍ക്കിനായി അനുവദിച്ച 10,000 രൂപയുടെ കണക്ക് !!!
 

കുടിവെള്ളത്തിനായി…: ആലപ്പുഴജില്ലയിലെ പള്ളിത്തോടുനിന്ന് വള്ളത്തില്‍ വെള്ളവുമായി പോകുവര്‍.

പ്രസിഡന്റിന്റെ വാക്ക് പണ്ടാരാണ്ട് പറഞ്ഞപോലെ പഴേചാക്കുപോലായി… ഇടയിലാരോ പറഞ്ഞ കമന്റ് ഞങ്ങള്‍ക്കിടയില്‍ ചിരിപടര്‍ത്തി.

ഇരുപതു വര്‍ഷമായി ഈ മണ്ണില്‍ ഒരു ജനപ്രതിനിധി കാലുകുത്തിയിട്ട്. ജോര്‍ജ് ഈഡനാണ് അവസാനം വന്ന നിയമസഭാ പ്രതിനിധി. അതും മൂലപ്പന്‍ തുരുത്തിലേക്കുള്ള പാലം ഉദ്ഘാടനത്തിന്. പിന്നെ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥി അനിതാ പ്രതാപ് വന്നു. ഞങ്ങയില്ല തെരഞ്ഞെടുപ്പിനെന്ന് പറഞ്ഞപ്പോള്‍, വന്ന് എനിക്ക് വോട്ട് തരണമെന്നല്ല അവര് പറഞ്ഞത്. ജനാധിപത്യാവകാശം നഷ്ടപ്പെടുത്തരുതന്നാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമാകണമന്നാണ്. സമരം നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതാണവര്. സമരത്തോടൊപ്പം നിന്ന സംഘടനകളെല്ലാം ഇപ്പോള്‍ ആം ആദ്മിയുടെകൂടെയാണ്. സമരസമിതി പ്രസിഡന്റ് റെനീഷ് ചന്ദ്രന്‍ പെട്ടെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകനായി.

മൂലപ്പന്‍ തുരുത്തില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. വാര്‍ഡും പഞ്ചായത്തും ജില്ലാ പഞ്ചായത്തും ബ്ലോക്കും എം.എല്‍.എയുമെല്ലാം കോണ്‍ഗ്രസിനാണ്. എന്നാല്‍ തുരുത്തില്‍ സി.പി.എമ്മുകാര്‍ക്കാണ് മുന്‍തൂക്കം. ഞങ്ങടെ പിള്ളേര് പാര്‍ട്ടിക്കുവേണ്ടി ഒരുപാടു നടന്നതാ… ഒരാവശ്യം വന്നപ്പോ ആരുമില്ല. വേണ്ടെങ്കി വേണ്ട. സമരസമിതി തീരുമാനമാണ് ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രചരണത്തിനിറങ്ങില്ലെന്നത്. ഈ പിള്ളേരോക്കെ ഇപ്പോ പ്രചരണ സ്ഥലത്തുണ്ടാകേണ്ടവരാ… ഇരുപതിനും മുപ്പതിനുമിടയില്‍ പ്രായമുള്ള ഞങ്ങളുടെ ചുറ്റും കൂടിനിന്നിരുന്ന പത്തുപതിനഞ്ച് ചെറുപ്പക്കാരെ നോക്കി വര്‍ഗ്ഗീസേട്ടന്‍ പറഞ്ഞു. തുരുത്തില് ഞങ്ങ പതിനഞ്ചോളം പേര്‍ പാര്‍ട്ടി അംഗത്വമുള്ളവരായിരുന്നു. ഇന്ന്‍ തുരുത്തീന്ന് സി.പി.എമ്മിനുവേണ്ടി ആരും പോകാറില്ല. എല്‍സി സെക്രട്ടറിയൊഴിച്ച്. തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി അതല്ലാതായാല്‍ പിന്നെ തൊഴിലാളി കൂടെനിക്കുമോ. വര്‍ഗ്ഗീസേട്ടന്‍ ചോദിച്ചു നിര്‍ത്തി.

വികസന നായകനെയും കാത്തിരുന്ന വ്യക്തിത്വത്തെയും കൊണ്ട്  തോപ്പുംപടി – ചെല്ലാനം റോഡുമുഴുവനും അലങ്കരിക്കപ്പെട്ടിട്ടുണ്ട്. ചെല്ലാനം സൗത്തില്‍ അപൂര്‍വ്വം പ്രചരണ ബോര്‍ഡുകളെയുള്ളൂ. അവിടുന്ന് പളിയത്തയില്‍ റോഡിലേക്ക് കടന്നാല്‍ ഉത്സവഛായകളൊട്ടുമില്ല.

ഞങ്ങളുടെ സംസാരത്തിനിടയിലാണ് രണ്ട് സ്ത്രീകള്‍ ചെറിയ വള്ളത്തില്‍ കുടങ്ങളുമായി പോകുന്നത് കണ്ടത്. അവരെ ചൂണ്ടി ആന്റോ തുടര്‍ന്നു. രാവിലെ പോയതാണ്. നാലുകൊടം വെള്ളത്തിന്. ഇതിനക്കരെ ആലപ്പുഴയാണ്. അവിടെ കുടിവെള്ള പദ്ധതികളുണ്ട്. എന്തായാലും ഇതിനേക്കാള്‍ ഭേദമാണ്. അവിടുള്ളവരുടെ ആവശ്യം കഴിഞ്ഞ് വെള്ളം ബാക്കിയുണ്ടെങ്കില്‍ കിട്ടും. ഒരൂസത്തെ ഒരാടെ മെനക്കേടാണ്. ഇതാണ് ഇവിടുത്തെ ഓരോ വീടുകളുടെയും അവസ്ഥ. ഇതിനൊരു പരിഹാരമാണ് ഞങ്ങടെ ആവശ്യം.
 

ഇവിടൊരു തറയുണ്ടായിരുന്നു: 1989-90 കാലത്ത് ഹരിജന്‍ വെല്‍ഫയര്‍ ഫണ്ടുവഴി അനുവദിച്ച വീടിന്‍റെ ഇപ്പോഴത്തെ അവസ്ഥ ആനന്ദംപറമ്പില്‍ തങ്കപ്പന്‍ വിവരിക്കുന്നു.

മൂലപ്പന്‍ തുരുത്തുകാരുടെ പ്രശ്‌നങ്ങളെ കുറിച്ച് ജനപ്രതിനിധികളുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ചുരുക്കം.

ചെല്ലാനം 15 -ആം വാര്‍ഡ് മെമ്പര്‍ കുഞ്ഞുമോള്‍ വര്‍ഗ്ഗീസ്:
മൂലപ്പന്‍ തുരുത്ത് റോഡിന് പി.ഡബ്യു.ഡിയില്‍ നിന്ന് അമ്പതു ലക്ഷം അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തിന് പണമില്ലാത്തതിനാലാണ് പി.ഡബ്ല്യു.ഡിയില്‍ നിന്ന് പണം അനുവദിച്ചത്. മൂന്നാലുമാസത്തിനുള്ളില്‍ പണിതുടങ്ങാന്‍ കഴിയുമന്നാണ് പ്രതീക്ഷ.

ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.തങ്കച്ചന്‍:
കഴിഞ്ഞപതിനഞ്ച് കൊല്ലമായിട്ട് സി.പി.എമ്മാണിവിടെ ഭരിക്കുന്നത്. ആദ്യായിട്ട് ഞങ്ങള്‍ക്കൊരു ചാന്‍സ് ഇപ്പഴാണ് കിട്ടിയത്. മൂന്ന്‍ വര്‍ഷമേ ആയൊള്ളൂ ഞങ്ങള് കേറീട്ട്. മൂലപ്പന്‍ തുരുത്തിന്റെ വികസനത്തിനായി മൂന്നാല് ലക്ഷം ചെലവഴിച്ച് പലപദ്ധതികള്‍ ഇപ്പോതന്നെ ചെയ്തിട്ടുണ്ട്. വലിയ ഫണ്ടൊള്ള പഞ്ചായത്തല്ലിത്. ഫണ്ട് പരിമിതിയേറെയാണ്. കൊച്ചി എം.എല്‍.എ ഡൊമനിക്ക് പ്രസന്റേഷന്റെ നിസ്വാര്‍ഥ സഹകരണമൊന്നുകൊണ്ടാണ് ഇത്രയേറെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്നത്. ഇരുപത്തൊന്ന് വാര്‍ഡുകളിലായി ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികള്‍ പഞ്ചായത്തില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. 60 ലക്ഷം രൂപയുടെ എം.എല്‍.എ ഫണ്ട് മൂലപ്പന്‍ തുരുത്തിനുവേണ്ടി പാസായിട്ടുണ്ട്. ഇത് സര്‍ക്കാര്‍ കാര്യമാണ്. പറയുമ്പോഴേക്ക് എടുക്കാന്‍ കഴിയില്ല. എല്ലാറ്റിനും അതിന്റെ കാലതാമസം ഉണ്ടാകും. (ഫണ്ടനുവദിച്ചിട്ടില്ലെന്ന വിവരാവകാശത്തേക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.) മൂലപ്പന്‍ തുരുത്തുകാരുടെ സമരം അനാവശ്യമാണ്. വോട്ട് ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. വോട്ട് ചെയ്യുകയെന്നത് നമ്മുടെ മൗലീകാവകാശമാണല്ലോ. (എം.എല്‍.എ ഫണ്ട് അറുപതെന്നും എഴുപതെന്നും അതുമല്ല എണ്‍പതു ലക്ഷമാണെന്നും തീര്‍ച്ചയില്ലാത്തതുപോലെ അദ്ദേഹം ഇടയ്ക്കിടെ മാറ്റി പറയുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പുകാലമായതിനാല്‍ അദ്ദേഹം ഏറെ തിരക്കിലുമായിരുന്നു.)
 

തെളിഞ്ഞ ബാക്കി: മൂലപ്പന്‍ തുരുത്ത് സമരസമിതി നല്‍കിയ വിവരാവകാശത്തിന് പഞ്ചായത്ത് സെക്ര’റി നല്‍കിയ മറുപടി.

മൂലപ്പന്‍ തുരുത്തില്‍ നിന്നും തിരിച്ചു പോരാന്‍ നേരമാണ് നിങ്ങളിതുകൂടെ കണ്ടിട്ട് പോയെന്നും പറഞ്ഞ് തങ്കപ്പന്‍ ചേട്ടന്‍ വിളിച്ചത്. ചെല്ലാനം/കുമ്പളങ്ങി പഞ്ചായത്തുകളിലെ പട്ടികജാതിക്കാര്‍ക്കായി 1989-90 കാലത്ത് ഹരിജന്‍ വെല്‍ഫയര്‍ ഫണ്ടുപയോഗിച്ച് പണിത ഏട്ടോളം തറകളുടെ അസ്ഥികൂടങ്ങളായിരുന്നു അത്.

അന്ന് മൂന്നുസെന്റും 10,000 രൂപയും തന്നു. ഞങ്ങള്‍ രണ്ട് വീട്ടുകാര്‍ മാത്രമാണിപ്പോള്‍ ഇവിടെയുള്ളത്. മറ്റ് എട്ടുപേരില്‍ ചിലര് വന്നു പോയി. ചിലര് വന്നില്ല. ഞങ്ങള്‍ ഇവിടെ തന്നെ നിന്നു. രേഖയോ പട്ടയമോ എന്തിന് അന്ന് കണ്ടതിന് ശേഷം പിന്നെയാരെയും ഈവഴി കണ്ടില്ല. ഒരു ചീനവലയുണ്ടായത് മീനില്ലാത്തത് കാരണം വലയൂരി വച്ചേക്കാണ്. റേഷന്‍കാര്‍ഡും വീട്ടുനമ്പറുമുണ്ട്. പിന്നെ ഞങ്ങളും.

സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രേം വര്‍ഷമായിട്ടും കുടിവെള്ളം പോലും മര്യാദയ്ക്ക് കൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഇവനൊക്കെ എന്തിനാ ഭരിക്കുന്നെ..? മൂലപ്പന്‍ തുരുത്തിലെ തങ്കപ്പന്‍ ചേട്ടനെ പോലെ നമ്മളും ചോദിച്ചു പോകും.

തിരിച്ച് ചെല്ലാനം – തോപ്പുംപടി ഹൈവെയിലേക്ക് വരുമ്പോഴേക്കും ഭൂമിസ്വയംകറങ്ങി സൂര്യനെ വെള്ളത്തില്‍ മുക്കികഴിഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍