UPDATES

ഓഫ് ബീറ്റ്

ഹിരോടാഡ ഒട്ടോതാകെ എന്ന വിസ്മയം

ഹിരസാട്ടോ നിഷിഡ

 

ശാരീരിക വൈകല്യം നേരിടുന്ന തന്റെ ജീവിതത്തെക്കുറിച്ചുള്ള ഹിരോടാഡ ഒട്ടോതാകെയുടെ ആത്മകഥ ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളില്‍ ഒന്നാണ്. ഒരു  പ്രൈമറി സ്കൂളിലെ തന്റെ അധ്യാപന അനുഭവങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നോവല്‍ സിനിമയാകുമ്പോള്‍ ഒട്ടോതാകെ തന്നെ അതിലെ മുഖ്യ കഥാപാത്രവുമാകുന്നു.

 

“Nobody’s Perfect,” എന്ന് പേരിട്ട സിനിമയില്‍ കൈകാലുകള്‍ ഇല്ലാതെ ജനിച്ച ഒരു അധ്യാപകന്റെ വേഷത്തിലാണ് ഒട്ടോതാകെ അഭിനയിക്കുന്നത്. ഈ അസാധാരണകഥാപാത്രത്തിന് പ്രചോദനമായത് അദ്ദേഹത്തിന്റെ തന്നെ ജീവിതവും. നോവലിനും ഇതേ പേര് തന്നെയാണ് ഉള്ളത്. ‘നോവല്‍ സിനിമയാകുന്നതിലൂടെ എന്റെ സന്ദേശം കൂടുതല്‍ ആളുകളില്‍ എത്തുന്നതില്‍ സന്തോഷമുണ്ട്,’ മുപ്പത്തിയാറുകാരനായ ഒട്ടോതാകെ പറഞ്ഞു. ‘എന്നാല്‍ സിനിമയില്‍ എന്റെ വേഷം സ്വയം ചെയുന്നത് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയതല്ല. ചിത്രീകരണത്തിനിടെ ഞാന്‍ സ്വയം പറഞ്ഞത് ഞാന്‍ അഭിനയിക്കുകയാണെന്നല്ല. മറിച്ച് മറ്റൊരു വിദ്യാലയത്തില്‍ അധ്യാപനം തുടങ്ങിയെന്നാണ്. അങ്ങനെ കുട്ടികളും ഞാനുമായുള്ള രംഗങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയപ്പോള്‍ ക്യാമറയെ മറന്ന്‍ സ്വാഭാവികമായി അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞു’- അദ്ദേഹം പറഞ്ഞു.

 

ഒരു യൂണിവേഴ്സിറ്റി വിദ്യാര്ഥിയായിരുന്നപ്പോഴാണ് അദ്ദേഹം “Nobody’s Perfect,” പ്രസിദ്ധീകരിച്ചത്. തന്റെ വൈകല്യത്തെ മറികടക്കുന്നതില്‍ അദ്ദേഹത്തിനുള്ള സമീപനം വായനാകരെ ആകര്‍ഷിച്ചു. യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഒരു സ്പോര്‍ട്ട്സ് ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചു തുടങ്ങി. 

 

2007-ന്റെ തുടക്കം മുതല്‍ അദ്ദേഹം ഒരു പ്രൈമറി സ്‌കൂളിലും പഠിപ്പിച്ചു തുടങ്ങി. ഈ അനുഭവത്തെ അധികരിച്ചാണ് നോവല്‍. സബെര്‍ബന്‍ ടോക്യോയിലെ ഒരു സ്‌കൂളിലാണ് സിനിമ ചിത്രീകരിച്ചത്. ഷിന്നോസുക്കെ അകാഓ (ഒട്ടോതാകെ)തന്റെ വീല്‍ചെയറില്‍ ആദ്യദിവസം ക്ലാസില്‍ എത്തിയപ്പോള്‍ അഞ്ചാം ക്ലാസിലെ ഇരുപത്തിയെട്ടു വിദ്യാര്‍ഥികളും അത്ഭുതപ്പെട്ടു. അദ്ദേഹവുമായി ഇടപെടുന്നത് വിഷമകരമായാണ് തുടക്കത്തില്‍ കുട്ടികള്‍ക്ക് തോന്നിയത്. എന്നാല്‍ തന്റെ രീതികളിലൂടെ മെല്ലെ അകാഓ കുട്ടികളുമായി ഗാഡമായ ബന്ധം സ്ഥാപിച്ചു. വിദ്യാര്‍ത്തികളുമൊത്ത് സ്കൂളിനും പുറത്തുമൊക്കെ ഉള്ള എല്ലാ പരിപാടികളിലും ഒരു അസിസ്റ്റന്റ് ടീച്ചറുടെ (തായ്ചി കോകുബുന്‍) സഹായത്തോടെ അദ്ദേഹം ഉത്സാഹത്തോടെ പങ്കെടുത്തു. 

 

 

അകാഓക്കും കുട്ടികള്‍ക്കും ഇടയില്‍ ക്ളാസ് മുറിയില്‍ പല ക്ലേശകരമായ സാഹചര്യങ്ങളും ഉടലെടുക്കാറുണ്ട്. ഒരു വിദ്യാര്‍ഥിയുടെ ഷൂസ് കാണാതാവുന്നു, മറ്റൊരു വിദ്യാര്‍ഥി സ്‌കൂളില്‍ വരുന്നത് നിറുത്തി മാനസികപിരിമുറുക്കം നിമിത്തം ഒറ്റപ്പെടുന്നു. ‘ക്ലാസിലെ പ്രശ്‌നങ്ങള്‍ ഞാന്‍ അറിയാതെ പോകുന്ന ഒരു സമയമുണ്ടായിരുന്നു’, തന്റെ യഥാര്‍ത്ഥ ജീവിതത്തിലെ അധ്യാപന അനുഭവങ്ങള്‍ ഓര്‍മിച്ചുകൊണ്ട് ഒട്ടോതാകെ പറഞ്ഞു. ‘ചിലപ്പോഴൊക്കെ ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തിക്കൊണ്ട് കുട്ടികളോട് മാപ്പ് ചോദിച്ചിട്ടുണ്ട്.’ 

 

അദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. ‘അവരുടെ ജനനശേഷം ഒരു സാധാരണ പിതാവിന് ചെയ്യാന്‍ കഴിയുന്നതോന്നും എനിക്ക് സാധിക്കാത്തതില്‍ എനിക്ക് വേദന തോന്നി. അവരെ കുളിപ്പിക്കാനോ ഡയപ്പര്‍ മാറ്റാനോ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ എന്റെ മകന്‍ എന്നെ വളരെയധികം സഹായിക്കുന്നുണ്ട്.’, അദ്ദേഹം പറഞ്ഞു. ‘സ്‌കൂളില്‍ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ എന്റെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയും എനിക്ക് വളരെയൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ എന്റെ കൂടെ സമയം ചെലവഴിച്ചതിലൂടെ അവര്‍ മറ്റുള്ളവരോട് വളരെ സൌമ്യമായി ഇടപെടാന്‍ പഠിച്ചു എന്നെനിക്ക് തോന്നി.’ 

 

സിനിമയുടെ പ്രിവ്യൂ കണ്ടു താന്‍ ആകൃഷ്ടനായതായി ഒട്ടോതാകെ പറഞ്ഞു. ‘സിനിമയുടെ ശക്തി ഞാന്‍ പുതുതായി തിരിച്ചറിഞ്ഞു’- അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ സ്വത്വത്തെ ബഹുമാനിക്കുന്നതിന്റെ പ്രാധാന്യമാണ് താന്‍ നോവലിലും സിനിമയിലും പ്രാധാന്യത്തോടെ പറയാന്‍ ശ്രമിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. ‘നമ്മള്‍ എല്ലാവരും വ്യത്യസ്തരാണ്, നല്ലവരുമാണ് എന്ന് ഞാന്‍ പറയും. യഥാര്‍ത്ഥത്തില്‍ നമ്മള്‍ മറ്റുള്ളവരോടും നമ്മോടുതന്നെയും പൂര്‍ണരായിരിക്കാന്‍ ആവശ്യപ്പെടുകയും അതിന്റെ ഫലമായി വിലക്കുകള്‍ നിറഞ്ഞ ജീവിതം നയിക്കുകയും ചെയ്യുന്നു. നമുക്കെല്ലാം ബലവും ദൌര്‍ബല്യങ്ങളുമുണ്ട്. നമ്മള്‍ നമ്മളായിരിക്കുകയാണ് വേണ്ടത്. നിങ്ങള്‍ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരിക്കാന്‍ കഴിയും. അതാണ് ശരി’- ഒട്ടോതാകെ പറഞ്ഞു. ‘ഈ സിനിമ കാണുന്നവര്‍ അവനവനെ സ്‌നേഹിച്ചു തുടങ്ങുമെന്നാണ് എന്റെ പ്രതീക്ഷ.’

 

(യോമിയൂറി ഷിംബുണ്‍) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍