UPDATES

കേരളം

ബേബി നസ്രാണിയെ തോല്പിച്ച പ്രേമന്‍ നായര്‍

”നന്ദി, നന്ദി, പരകോടി നന്ദി, പിണറായിയുടെ പരനാറിക്കു പരകോടി നന്ദി”.  കൊല്ലത്തു വിജയിച്ച പ്രേമചന്ദ്രന്‍ ഉളളാലേ വിളിച്ച മുദ്രാവാക്യം ഇതാവും. പ്രേമചന്ദ്രനും ആര്‍.എസ്.പിക്കും ഒരു പോലെ അഗ്‌നി പരീക്ഷണമായിരുന്ന കൊല്ലം മല്‍സരത്തില്‍ ഉജ്ജല വിജയം നേടാന്‍ സഹായിച്ചതിന് ഒന്നാമതും രണ്ടാമതും നന്ദി പറയേണ്ടത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോടു മാത്രമാണ്. 
 
കാരണം ഒന്ന്
വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ ചിലര്‍ ദേഷ്യം വരുമ്പോള്‍ കാലു മടക്കി അടിക്കാറുണ്ട്. അടി കൊണ്ട് അതൊന്നു മോങ്ങുന്നതല്ലാതെ വീടു വിട്ടു പോവുകയോ തിരിച്ചു കടിക്കുകയോ ചെയ്യാറില്ല. അതിനുളള ത്രാണി പാവം ജീവിക്കില്ലാത്തതു കൊണ്ടു കൂടിയാണിത്. സി.പി.എമ്മിന്റെ ആട്ടും തുപ്പും സഹിച്ച് കഴിയാനല്ലാതെ പുറത്തു വന്ന് വെല്ലുവിളിക്കാനുളള ശേഷിയൊന്നും പിളര്‍ന്ന് പിളര്‍ന്ന് ഒരു പരുവമായി പോയ ആര്‍.എസ്.പിക്ക് ഉണ്ടായിരുന്നില്ല. 
 
അണികളെന്നു പറയാനിപ്പോള്‍ കാര്യമായി ആരുമില്ലെങ്കിലും മഹാരഥന്മാര്‍ പലരും നയിച്ച നല്ല തഴമ്പുളള പാര്‍ട്ടിയാണ്. കൊല്ലം സീറ്റ് ആര്‍.എസ്.പിയില്‍ നിന്നെടുത്ത കാലം മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം അത് വീറോടെ തിരിച്ചു ചോദിക്കും. ഇന്നിതിനൊരു തീര്‍പ്പുണ്ടാക്കിയേ അടങ്ങൂ എന്ന വാശിയില്‍ എ.കെ.ജി സെന്ററിന്റെ പടി കയറി ചെല്ലും. ഇപ്പോ പറ്റില്ലെന്ന് സി.പി.എം മറുപടി കൊടുക്കും. അതോടെ അക്കാര്യത്തില്‍ തീര്‍പ്പായെന്ന് പ്രഖ്യാപിച്ചു മടങ്ങും. ഇതായിരുന്നു പതിവ്. 
 
ചോദ്യവും ഉത്തരവും ഇക്കുറിയും കിട്ടി. സ്വരം അല്‍പ്പം കടുപ്പിച്ചു ചോദിച്ചു. ഉളള നിയമസഭാ സീറ്റു കൂടി എടുക്കണോ എന്ന് തിരിച്ചു ചോദിച്ചതോടെ വാലും ചുരുട്ടി മടങ്ങി. തോല്‍ക്കുമെന്ന് ഉറപ്പുളള പത്തനംതിട്ടയെങ്കിലും നല്‍കിക്കൂടേയെന്നായി. പിണറായി കോണുകൊണ്ടൊരു ചിരി ചിരിച്ചു തളളി. പതിവു പോലെ അടിയും കൊണ്ട് മോങ്ങി മടങ്ങി. എന്തായാലും പീലിപ്പോസ് തോമസിനേക്കാള്‍ കൊളളാവുന്ന ഇടതന്‍ തന്നെയാണ് പ്രേമചന്ദ്രന്‍. പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ടും ജയിച്ച ആന്റോ ആന്റണിയുടെ ഭൂരിപക്ഷവും കണക്കാക്കിയാല്‍ പ്രേമചന്ദ്രന്‍ അവിടെ വിജയിക്കില്ലായിരുന്നു എന്നൊന്നും ഉറപ്പിക്കാനും ആവില്ല. 
 
ചാണക്യ ബുദ്ധിയില്‍ പിണറായിയെ വെല്ലുന്ന മുഖ്യന്‍ ഉമ്മന്‍ ചാണ്ടി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മൂന്നാംപക്കം ആര്‍. എസ്.പി ഇടതു പാളയം വിട്ട് യു.ഡി.എഫ് പാളയത്തിലെത്തി. പരിഹസിച്ച് തളളാതെ മാന്യമായി സംസാരിക്കാനെങ്കിലും പിണറായി തയ്യാറായിരുന്നെങ്കില്‍ ആര്‍.എസ്.പി മുന്നണി വിടില്ലായിരുന്നു. ദേശീയ തലത്തില്‍ ഇടത് ഐക്യവും അതില്‍ ആര്‍.എസ്.പി വഹിക്കേണ്ട ചരിത്രപരമായ പങ്കും ചേര്‍ത്ത് ഒന്ന് പൊക്കി പറഞ്ഞാലും മതിയായിരുന്നു. പ്രേമനേയും അസീസിനെയും രാമകൃഷ്ണ പിളളയേയും വെവ്വറെ കണ്ട് സഖാവല്ലേ നമ്മുടെ സ്വന്തം ആളെന്ന് ചോദിച്ചാലും മതിയായിരുന്നു. മുന്നണി വിടുമെന്നൊക്കെ പറഞ്ഞെങ്കിലും ബംഗാളിലെ സി.പി.എമ്മിനെ ഉപയോഗിച്ച് അവിടുത്തെ ആര്‍.എസ്.പിയെ വിരട്ടി അവര്‍ വഴി കേരള ആര്‍.എസ്.പിയെ വിരട്ടിയൊതുക്കാം എന്നൊക്കെ കരുതിയ വല്യേട്ടന് ഇത്തണ തെറ്റി. ആര്‍.എസ്.പി – കോണ്‍ഗ്രസ് ചര്‍ച്ചയും മറുകണ്ടം ചാട്ടവും മുന്‍കൂട്ടി തിരിച്ചറിയാന്‍ പോലും സാക്ഷാല്‍ പിണറായിക്കും കൂട്ടര്‍ക്കും  കഴിഞ്ഞില്ല. മുഖ്യമന്ത്രിയായിരുന്ന വി.എസിന്റെ ഓഫീസിലും വീട്ടിലും വരെ ചാരന്മാരെ നിയോഗിക്കാന്‍ കാട്ടിയ ശ്രദ്ധ ഇവിടെയന്തേ ഉണ്ടായില്ലേ? സെല്‍വരാജു പോയതും ഇതുപോലെ ചാനലുകണ്ടാണ് പിണറായിയും കൂട്ടരും അറിഞ്ഞത്.
 
 
ഒരു സീറ്റും നല്‍കിയിരുന്നില്ലെങ്കിലും സി.പി.എം മാന്യമായി പെരുമാറിയിരുന്നെങ്കില്‍ ആര്‍.എസ്.പി മുന്നണി വിടില്ലായിരുന്നു. ലോക്‌സഭയില്‍ പാര്‍ട്ടിയുടെ ഒരു പ്രതിനിധി പോലും ജയിക്കില്ലായിരുന്നു. ബംഗാളില്‍ നിന്ന് മല്‍സരിച്ചവരെല്ലാം തോറ്റു. യു.ഡി.എഫ് പക്ഷത്താണെങ്കിലും ഇപ്പോള്‍ പാര്‍ട്ടിക്കു പറയാന്‍ ഒരു എം.പിയെങ്കിലും ഉണ്ട്. 
 
കാരണം രണ്ട്
ഗതികേടു കൊണ്ടും ചവിട്ടിത്തേക്കലിന്റെ പരകോടിയില്‍ എത്തിയതുകൊണ്ടും പിന്നെ മറ്റു പലതും കണ്ടു കൊണ്ടുമാണ് ആര്‍.എസ്.പി കേരള നേതൃത്വം മറുകണ്ടം ചാടിയതെങ്കിലും ആര്‍. എസ്.പി ഇടതു മുന്നണിയെ വഞ്ചിച്ചെന്നൊരു തോന്നല്‍ സൃഷ്ടിക്കാന്‍ സി.പി.എമ്മിനും സി.പി.ഐക്കും കഴിഞ്ഞിരുന്നു. പൊതു സ്വീകാര്യനും ദേശീയനും സര്‍വ്വോപരി കലാകാരനും ബുദ്ധിജീവിയും ‘പ്രാക്കുളം ചേ’യുമായ എം.എ ബേബിയുടെ വിജയം ഇടത് പാളയം ഉറപ്പിച്ചതാണ്. പ്രചരണത്തിന് എത്തിയ വി.എസിന്റെ കാല്‍ പരസ്യമായി തൊട്ടു നമസ്‌കരിച്ച ബേബി, കൊല്ലത്തെ ഇനിയും മരിക്കാത്ത വി.എസ് പക്ഷക്കാരുടെ മനസും പിടിച്ചു. പോരാട്ടം പതിയെ കടുത്തു വന്നെങ്കിലും നേരിയ മേല്‍ക്കൈ ബേബിക്കു തന്നെയായിരുന്നു. മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം പരിഗണിച്ചാലും അതില്‍ നിന്ന് ആര്‍.എസ്.പി വോട്ടു കുറച്ചാലും ബേബിക്കു ജയിക്കാം. 
 
പ്രേമനും കൂട്ടരും ആകെ അങ്കലാപ്പില്‍ നില്‍ക്കുന്ന ഈ ഘട്ടത്തിലാണ് പിണറായി വിജയന്‍ പ്രചരണത്തിന് എത്തുന്നത്. അടുത്ത കാലത്തായി പി.ബിയില്‍ പിണറായിക്കു വേണ്ടി പഴയ പോലെ ഊക്കോടെ വാദിക്കാത്തതിന്റെ ചില ചൊരുക്കൊക്കെ ഉണ്ടെങ്കിലും എന്തെങ്കിലും അപകടം ബേബിയും മണത്തില്ല. വി.എസ് ഇറങ്ങി, അതുകൊണ്ട് ബേബി ജയിക്കും എന്ന മട്ടിലുളള ചില വിലയിരുത്തലുകള്‍ വന്നെങ്കിലും പിണറായി ക്ഷമിക്കുമെന്ന് ബേബി കരുതി. 
 
നല്ലൊന്നാന്തരം പണിയല്ലേ പിണറായി കൊടുത്തത്. പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് മൂന്നു വട്ടം വീതം മൂന്നു വേദികളില്‍ തുടര്‍ച്ചയായി വിളിച്ചു. കേട്ടിരുന്ന പാര്‍ട്ടി അണികള്‍ ആവേശഭരിതരായി കൈയ്യടിച്ചു. വേദിയില്‍ ഇതു കേട്ടിരുന്ന കൊല്ലത്തെ മുതിര്‍ന്ന നേതാക്കളാരും പിണറായിയോട് ഇതു പാടില്ലെന്ന് പറഞ്ഞില്ല. സംഭവം വിവാദമായി. പരനാറി പ്രയോഗം തിരിഞ്ഞടിക്കുമെന്ന് സമാന്യ ബുദ്ധിയുളള എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. പോളയത്തോട്ടെ ജില്ലാ കമ്മറ്റി ആഫീസില്‍ വന്ന് ജില്ലാ സെക്രട്ടറിക്കു മുന്നില്‍ ബേബി പൊട്ടിത്തെറിച്ചെന്നും പിണറായിയെ തിരുത്താന്‍ ത്രാണിയില്ലാത്ത സെക്രട്ടറി മൗനം പാലിച്ചപ്പോള്‍ പിണറായിക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു നേതാവ് അടുത്തിരുന്ന് ഊറിച്ചിരിച്ചതായും പറയപ്പെടുന്നു. 
 
പ്രേമചന്ദ്രന്റെ പേരു പറഞ്ഞില്ലെന്നും അയാള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ താനെന്തു ചെയ്യാനാ എന്നൊക്കെ വിശദീകരിച്ച പിണറായി താന്‍ ഉദ്ദേശിച്ചത് പ്രേമചന്ദ്രനെ തന്നെയെന്ന് ആവര്‍ത്തിച്ചുറപ്പിച്ചു. ആര്‍.എസ്.പിയുടെ പേരില്‍ ലഭിക്കുന്നതിനേക്കാള്‍ മാന്യനായ ഇടത് നേതാവെന്ന പ്രതിഛായയില്‍ വോട്ടു ലഭിക്കുന്ന നേതാവാണ് പ്രേമചന്ദ്രന്‍. ധാര്‍ഷ്ട്യക്കാരായ ഇടതന്മാര്‍ക്കിടയില്‍ സൗമ്യനും ശാന്തനും മാന്യനുമായ നേതാവെന്നതാണ് പ്രേമചന്ദ്രന്റെ പ്രതിഛായ. ചാനല്‍ ചര്‍ച്ചകളില്‍ പോലും മാന്യത കൈവിട്ട് ഒരു വാക്കു പോലും പറയാത്ത പ്രേമചന്ദ്രന്‍ പരനാറിയാണെന്ന് പറഞ്ഞാല്‍ അത് അപ്പാടെ വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരാരും കൊല്ലത്തില്ല.
 
 
നൂറു ശതമാനം വോട്ടുറപ്പായ പാര്‍ട്ടിക്കാര്‍ക്ക് ആവേശം നല്‍കാന്‍ പരനാറി പ്രയോഗത്തിന് കഴിഞ്ഞേക്കാം. എന്നാല്‍ പാര്‍ട്ടിക്കു പുറത്തു നില്‍ക്കുന്നവരില്‍ ബേബിക്ക് വോട്ടു ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നവരുടെ മനസു കൂടി മടുപ്പിക്കുന്നതാണ് ഈ പ്രയോഗമെന്ന് തിരിച്ചറിയാത്ത ആളല്ല പിണറായി വിജയന്‍. ഇടതായാലും വലതായാലും കഴിഞ്ഞ കുറേക്കാലമായി നായര്‍ സമുദായാംഗങ്ങള്‍ മാത്രം വിജയിക്കുന്ന മണ്ഡലമാണ്. അവിടെയാണ് ഒരു നായരെ പരനാറിയെന്ന് നായരല്ലാത്ത പിണറായി വിളിച്ചത്. ഇതു പ്രേമചന്ദ്രനെ വിളിച്ചതല്ല, സര്‍വ്വ നായന്മാരെയും ഉദ്ദേശിച്ച് വിളിച്ചതാണെന്നും അതിനു പകരം വീട്ടണമെന്നും രഹസ്യ പ്രചരണം നടന്നു. അങ്ങനെ കുറേ നായന്മാര്‍ക്കിടയിലെങ്കിലും ബേബി നസ്രാണിയായി. മതവും ജാതിയും ഇല്ലെന്നൊക്കെ പറയുമെങ്കിലും കെട്ടിയതും ഒരു നസ്രാണിയെ തന്നെയല്ലേയെന്നു വരെ പ്രചരണം ഉണ്ടായി. എറണാകുളത്തും ചാലക്കുടിയിലും പത്തനംതിട്ടയിലും കോട്ടയത്തും അടക്കം നസ്രാണികള്‍ക്കല്ലേ സി.പി.എം സീറ്റു കൊടുത്തത് എന്നു വരെ ചര്‍ച്ചയായി. ഇതൊക്കെ പോരാഞ്ഞിട്ടാണ് ടീവിയില്‍ സീരിയല്‍ കാണുംപോലെ സ്ഥിരമായി പ്രേമചന്ദ്രന്റെ ചര്‍ച്ചകള്‍ കേട്ട് ആരാധികമാരായിപ്പോയ പാവം സ്ത്രീകള്‍ക്കും പിണറായിയുടെ പരനാറി വിളി അത്ര സഹിച്ചില്ല. പ്രേമചന്ദ്രന്റെ വിജയം ഉറപ്പാക്കാന്‍ ഇതില്‍പരം എന്തു സഹായമാണ് പിണറായി ചെയ്തു കൊടുക്കേണ്ടത്. 
 
പോരാട്ടത്തില്‍ ആരു ജയിച്ചാലും ഭൂരിപക്ഷം നേരിയതാവുമെന്ന വിലയിരുത്തല്‍ അട്ടിമറിച്ച് വമ്പിച്ച വിജയം നേടാന്‍ പ്രമേചന്ദ്രനെ സഹായിച്ചത് പ്രചരണത്തിന്റെ അവസാന നിമിഷത്തില്‍ പിണറായി നടത്തിയ പരനാറി പ്രയോഗമാകും.    
 
പിന്നില്‍ക്കുത്ത്: പോകുന്ന പോക്കില്‍ ഒരു ചവിട്ടുകൂടി കൊടുക്കുന്ന പോലെ, പരനാറി എന്നു വിളിച്ച് തെരഞ്ഞെടുപ്പ് തോല്‍പ്പിച്ചതും പോരാഞ്ഞു ബേബി സഖാവ് അടുത്ത തെരഞ്ഞെടുപ്പിലും ക്ലച്ച് പിടിക്കരുത് എന്നു കരുതിയാവണം ഇപ്പോ പിന്നാലേ വന്നിരിക്കുന്ന ‘ചെറ്റ’ വിളി. ഒരുമിച്ചു പി.ബിക്കു പോകുമ്പോള്‍ വിമാനത്തില്‍ നിന്നു കൂടി തള്ളിയിടാതിരുന്നാല്‍ മതിയാരുന്നു. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍