UPDATES

കേരളം

നോട്ട: പുകയുന്ന വെറുപ്പ്

കെ പി എസ് കല്ലേരി

 

വെറുപ്പുണ്ടെങ്കില്‍ തീര്‍ക്കുകയെന്ന ലക്ഷ്യവുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടയെ (നിഷേധവോട്ട്) രംഗത്തിറക്കിയത്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ ആ ഇഷ്ടക്കേട് പുറത്തറിയിക്കാനുള്ള സംവിധാനമായിരുന്നു നോട്ട. അതുപോലെ തന്നെയായിരുന്നു ആം ആദ്മിയുടേയും വരവ്. വര്‍ഷങ്ങളായി ഇടതു-വലത് മുന്നണികള്‍ പങ്കുവെച്ചു ഭരിക്കുന്നിടത്ത് ഇഷ്ടടക്കേടുണ്ടെങ്കില്‍ മാറാനൊരവസരം. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ രണ്ടിന്‍റെയും പ്രാധാന്യം കേരളം തിരിച്ചറിഞ്ഞെന്നതാണ് ഇവരുടെ വോട്ടുകളുടെ എണ്ണം കേരളത്തോട് പറയുന്നത്. എഎപി 2,56,622 വോട്ടും നോട്ട 2,10,557 വോട്ടുമാണ് നേടിയിരിക്കുന്നത്. സ്വന്തം വോട്ടുകള്‍ കൂടിയെന്നും കുറഞ്ഞെന്നും പറഞ്ഞ് ഇരുട്ടില്‍തപ്പുന്ന ഇവിടുത്തെ മുന്നണികള്‍ ഇത്തവണത്തെ അവലോകന ബിരിയാണി മേളകളില്‍ ഇതും കൂലങ്കഷമായ ചര്‍ച്ചയ്‌ക്കെടുക്കേണ്ടി വരില്ലേ?

 

51,517 വോട്ടുകള്‍ നേടിയ എഎപി സ്ഥാനാര്‍ഥിയായ മാധ്യമപ്രവര്‍ത്തക അനിതാപ്രതാപാണ് ഇക്കൂട്ടത്തില്‍ ഏറ്റവും തിളങ്ങിയത്. എഎപി സ്ഥാനാര്‍ഥി കേരളത്തില്‍ നേടുന്ന ഏറ്റവും കൂടിയ വോട്ടാണ് എറണാകുളത്ത് നേടിയത്. തൃശൂരിലെ എഎപി സ്ഥാനാര്‍ഥി പ്രൊഫ. സാറാജോസഫ് 44,638 വോട്ട് നേടി കരുത്ത് കാട്ടി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സിനിമാ താരം  ഇന്നസെന്‍റ് വിജയിച്ച ചാലക്കുടി മണ്ഡലത്തിലും എഎപി സ്ഥാനാര്‍ഥിയായ കെ.എം നൂറുദ്ദീന്‍ 35,189 വോട്ട്നേടി.

 

കേന്ദ്രമന്ത്രി ഇ. അഹമ്മദ് വിജയിച്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലാണ് നോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. ഇവിടെ 21,829 വോട്ടാണ് നിഷേധവോട്ടായി രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് നോട്ട  നേടിയത് തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലാണ്. ഇവിടെ 3340 വോട്ടാണ് നിഷേധവോട്ടായത്. എല്‍.ഡിഎഫ് സ്ഥാനാര്‍ഥിയായ പി.കെ. ബിജു വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആലത്തൂര്‍ മണ്ഡലത്തില്‍ നോട്ട നേടിയത് 21,417 വോട്ടാണ്. പത്തനംതിട്ട മണ്ഡലത്തില്‍ 16,538 വോട്ടും കോട്ടയം മണ്ഡലത്തില്‍ 14,024 വോട്ടും ഇടുക്കിയില്‍ 12,338 വോട്ടും ആലപ്പുഴയില്‍ 11,338 വോട്ടും പാലക്കാട് മണ്ഡലത്തില്‍ 11,291 വോട്ടും നോട്ട കരസ്ഥമാക്കി.

 

 

വയനാട് മണ്ഡലത്തില്‍ 10,735 വോട്ടും ചാലക്കുടിയില്‍ 10,552 വോട്ടും തൃശൂര്‍ മണ്ഡലത്തില്‍ 10,050 വോട്ടും നിഷേധവോട്ടായി  രേഖപ്പെടുത്തി. എറണാകുളം മണ്ഡലത്തില്‍ 9735 വോട്ടും മാവേലിക്കരയില്‍ 9459 വോട്ടും കൊല്ലത്ത് 7879 വോട്ടും പൊന്നാനിയില്‍ 7494 വോട്ടും കണ്ണൂരില്‍ 7026 വോട്ടും കോഴിക്കോട് 6381 വോട്ടും വടകരയില്‍ 6107 വോട്ടും കാസര്‍ഗോഡ് മണ്ഡലത്തില്‍ 6103 വോട്ടും നോട്ടയ്ക്ക് ലഭിച്ചു.

 

ആം ആദ്മി സ്ഥാനാര്‍ഥിയായി കോട്ടയം മണ്ഡലത്തില്‍ മത്സരിച്ച അനില്‍ ഐക്കര 26,381 വോട്ട് നേടി സാന്നിധ്യമറിയിച്ചു. തിരുവനന്തപുരത്തെ എഎപി സ്ഥാനാര്‍ഥി അജിത് ജോയി 14,113 വോട്ടും കോഴിക്കോട്ടെ എഎപി സ്ഥാനാര്‍ഥി കെ.പി. രതീഷ് 13,934 വോട്ടും ഇടുക്കിയിലെ എഎപി സ്ഥാനാര്‍ഥി സി.വി സുനില്‍ 11,215 വോട്ടും വയനാട്ടിലെ എഎപി സ്ഥാനാര്‍ഥി പി.പി. സഗീര്‍ 10,684 വോട്ടും പൊന്നാനിയിലെ എഎപി സ്ഥാനാര്‍ഥി ഷൈലോക്ക് 9504 വോട്ടും ആലപ്പുഴയില്‍  ഡി. മോഹനന്‍ 9414 വോട്ടും മാവേലിക്കരയിലെ സ്ഥാനാര്‍ഥി എന്‍. സദാനന്ദന്‍ 7753 വോട്ടും വടകരയില്‍ എഎപി സ്ഥാനാര്‍ഥിയായ സിനിമാ സംവിധായകന്‍ അലി അക്ബര്‍ 6245 വോട്ടും നേടി. കണ്ണൂരില്‍ 6106 വോട്ടും കാസര്‍ഗോഡ് 4996 വോട്ടും ആം ആദ്മി സ്ഥാനാര്‍ഥികള്‍ക്ക് നേടാനായി.

 

 

ആലത്തൂര്‍, ഇടുക്കി, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളില്‍ വോട്ടിന്റെ എണ്ണത്തില്‍ നോക്കുമ്പോള്‍ നാലാം സ്ഥാനം നോട്ടയാണ് നേടിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ചാലക്കുടി ലോക്‌സഭാമണ്ഡലങ്ങളില്‍ വോട്ടിംഗ് നിലയില്‍ നാലാംസ്ഥാനം ആം ആദ്മി സ്വന്തമാക്കി. വര്‍ഷങ്ങളായി പ്രായപൂര്‍ത്തി വോട്ടവകാശം ഉണ്ടായിട്ടും വോട്ട്ചെയ്യാന്‍ പോളിങ് ബൂത്തുകളില്‍ എത്താതിരുന്ന പല വോട്ടര്‍മാരും ആദ്യമായി വോട്ട് രേഖപ്പെടുത്തിയതാണ് ഇത്തവണത്തെ പ്രത്യേകത. നിഷേധവോട്ടും (നോട്ട) ആം ആദ്മിയെ പോലുള്ള പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇത്തരക്കാരെ കൂടുതലായി പോളിങ് ബൂത്തുകളിലെത്തിച്ചതിന് കാരണമായിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍