UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ആഫ്രിക്കയുടെ കൊക്കാ-കോളനിവത്ക്കരണം

പണ്ട് നമ്മുടെ നാട്ടിന്‍പുറത്ത് സ്‌കൂളുകളുടെ മുന്‍പിലൊക്കെ ചെറിയ പീടികകളുണ്ടായിരുന്നു. ഗ്യാസ് മിട്ടായിയും ലൗലോലിക്ക ഉപ്പിലിട്ടതും ശീമനെല്ലി ഉപ്പിലിട്ടതും സോഡാ നാരങ്ങ വെള്ളവും ഒക്കെ കിട്ടുന്ന ചെറിയൊരു പീടിക. അത് പോലെയുള്ള ചെറിയ ചെറിയ ഒരുപാടു പീടികകള്‍ ദാര്‍ എസ് സലാമില്‍ കാണാം. പക്ഷെ ചുമ്മന്ന നിറത്തില്‍ കൊക്കാ കോള എന്നെഴുതിയിട്ടുണ്ടാകും എല്ലായിടത്തും. ഏത് ഉള്‍ഗ്രാമത്തില്‍ ചെന്നാലും കോള കിട്ടും. കോളയില്ലത്തൊരു ജീവിതമില്ല. വെള്ളം നിറയ്ക്കാന്‍ നിരത്തി വെച്ചിരിക്കുന്ന വലിയ മഞ്ഞ കന്നാസുകളും  ചുമന്ന നിറത്തിലുള്ള കോള കടകളും ഇല്ലാത്ത ഒരു ഗ്രാമവും ടാന്‍സാനിയയില്‍ ഇല്ല. മറ്റുള്ള രാജ്യങ്ങളിലെ കാഴ്ചകളും വ്യത്യസ്തമല്ല.
 
ഇവിടെ ഒരു ചൊല്ല് തന്നെയുണ്ട്; കോളയും ചിപ്‌സും കൊടുത്താല്‍ അവര്‍ ജീവന്‍ തന്നെ നല്കുമെന്ന്. അത്രമാത്രം ദൈനംദിന ജീവിതത്തെ കൊക്കാ കോള സ്വാധീനിച്ചു കഴിഞ്ഞു. 
 
ഒരു ജനതയുടെ അസ്തിത്വം തകര്‍ക്കാന്‍ ആദ്യപടി അവരുടെ സംസ്‌കാരത്തെ ഇകഴ്ത്തിക്കാണിക്കുക എന്നുള്ളതാണ്. ക്രിസ്ത്യന്‍ മതപ്രചാരകര്‍ അതിന് അടിസ്ഥാനമിട്ടു കഴിഞ്ഞു. നൂറ്റാണ്ടുകളുടെ ചൂഷണത്തിനും പാശ്ചാത്യ മാധ്യമങ്ങള്‍ പടച്ചുവിടുന്ന മാരക രോഗ കഥകള്‍ക്കും തകര്‍ത്തു കളയാന്‍ കഴിയാത്ത ഈ നാടിന്റെ പ്രതിരോധശേഷിയും ആത്മവിശ്വാസത്തെയും ആണ് ‘കൊക്കാ കോളനിവല്ക്കരണം’ പൂര്‍ണമായി ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്.
 
 
കിഴങ്ങ് വര്‍ഗങ്ങളും പയര്‍ വര്‍ഗങ്ങളും ഇല വര്‍ഗങ്ങളും നിറഞ്ഞ ഭക്ഷണ ശൈലിയെ ടിന്‍ ഫുഡും ഫാസ്റ്റ് ഫുഡും കീഴ്‌പ്പെടുത്തി കൊണ്ടിരിക്കുന്നു. മാസങ്ങള്‍ക്കുള്ളില്‍ പൊന്തി വരുന്ന കൂറ്റന്‍ പാശ്ചാത്യ ഭക്ഷ്യ ശൃംഖലകള്‍- മേരിബ്രൌണും മക്ഡൊണാള്‍ഡ്സും പലതും നമ്മോടു വിളിച്ചു പറയുന്നുണ്ട്.
 
കുഞ്ഞുങ്ങള്‍ക്ക് കുവരകും മറ്റു നാടന്‍ ഭക്ഷണങ്ങളും നല്കിയിരുന്ന സ്ഥാനത്ത് ഇപോ ടിന്‍ ഫുഡുകളാണ് കൊടുക്കുന്നത്. വികസിത രാജ്യങ്ങള്‍ ഇവ ഉപേക്ഷിക്കുമ്പോള്‍ ഇവിടെ എങ്ങനെ കുറഞ്ഞ വിലയ്ക്ക് ഇവ ലഭ്യമാകുന്നു? ജനിതക മാറ്റം വന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ വില കുറച്ചു വില്ക്കുകയായിരിക്കുമോ ഇവിടെ?
 
ഇവിടെ ലഭ്യമാകുന്ന അലോപ്പതി മരുന്നുകള്‍ മിക്കവയും കുറഞ്ഞ നിലവാരത്തില്‍ ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ നിന്ന് നിര്‍മിച്ച് വലിയ വിലയില്‍ വില്കുകയാണെന്നു ആ മേഖലയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് ഒരിക്കല്‍ പറയുകയുണ്ടായി. വികസിത രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും ചവറു കൂനയയി മാറുകയാണോ ആഫ്രിക്കയിലെ രാജ്യങ്ങള്‍. സഹായമായി ഇവിടെയെത്തുന്നതെല്ലാം പാഴ് വസ്തുക്കളാണോ ഇവിടുത്തെ മാരകരോഗങ്ങള്‍ക്ക് കാരണം? സ്വയസിദ്ധമായ ശാരീരിക പ്രതിരോധശേഷി ഇവ തകര്‍ക്കുകയാണോ? കറുപ്പ് നിറത്തിന് അപകര്‍ഷതാബോധം അടിച്ചേല്‍പ്പിച്ചു സൌന്ദര്യ വര്‍ധക വസ്തുകളുടെ കൂറ്റന്‍ ഉപഭോഗ ശൃംഖല കെട്ടിയുണ്ടാക്കുന്നവര്‍ ലക്ഷ്യമിടുന്നത് എന്താണ്? 
 
 
മരുഭുമിയില്‍ പോലും മണ്ണിനനുസരിച്ച് ജീവിക്കാന്‍ കഴിയുന്നവരാണ് ഇവിടുത്തെ മനുഷ്യര്‍; നമീബിയയിലെ പല ഗോത്ര വര്‍ഗങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. അതിജീവനത്തിന്റെ ഈ സമവാക്യങ്ങള്‍ ഇല്ലാതാക്കുന്നത് ആര്‍ക്കു വേണ്ടിയാണ്? 
 
വിക്ടോറിയ ശുദ്ധജല തടാകം കൊക്കാ കോള കമ്പനിയുടെ കയ്യിലാണ്. പ്ലാച്ചിമടയുടെ ദുരന്തം നേരിട്ടറിയാവുന്ന നമുക്ക് വിക്ടോറിയ കൊക്കാ കോള കീഴ്‌പെടുത്തിയാല്‍ ഉണ്ടാകാവുന്ന അപകടത്തിന്റെ വ്യാപ്തി നമുക്ക് ഊഹിക്കവുന്നതേ ഉള്ളു. ശുദ്ധജലക്ഷാമം ശക്തമായ ഈ നാട്ടില്‍ സ്വന്തം മണ്ണിലെ കുടിവെള്ളം പൈസ കൊടുത്തു വാങ്ങിച്ചുപോലും കുടിക്കാന്‍ കഴിയാത്ത അവസ്ഥ.
 
സംഗീതം ഈ നാടിന്റെ ജീവനാണ്. സംഗീതം ഇല്ലാതെ ആഘോഷമില്ല; എന്തിനു മരണം പോലുമില്ല. എന്നാല്‍ അതും ആഫ്രിക്കയ്ക്ക് നഷ്ടപ്പെടുകയാണ്. കോക്ക് സ്റ്റുഡിയോയിലൂടെ തനത് ശൈലികളുടെ നശീകരണം തുടങ്ങി കഴിഞ്ഞു. സ്വന്തമായുണ്ടായിരുന്ന പലതും വേരറുക്കപെട്ട ഈ നാട്ടില്‍ സംഗീതത്തിന് പ്രതിഷേധത്തിന്റെ സ്വരമാണ്. ‘വികസന’ങ്ങള്‍ക്ക് വേണ്ടി കാടുകള്‍ വെട്ടിത്തെളിച്ച് തുടങ്ങിയിട്ടുണ്ട്. മണ്ണിനെ സ്‌നേഹിക്കുന്ന മനുഷ്യന്റെ, ഭൂമാഫിയയെ കുറിച്ചുള്ള  അറിവില്ലായ്മ ചൂഷണം ചെയ്താണ് ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ഏറെയും. ഉള്‍ഗ്രാമങ്ങളില്‍ കൃഷിയും മത്സ്യബന്ധനവുമായി കഴിഞ്ഞിരുന്ന മനുഷ്യരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഭൂമി കൈക്കലാക്കി അവരെ ഭുരഹിതരും ദരിദ്രരുമാക്കി നഗരത്തിന്റെ തെരുവുകളില്‍ എത്തിക്കുന്ന വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. 
 
 
കൊക്കാ കോള കടന്നു ചെല്ലാത്ത ഗ്രാമങ്ങള്‍ ഇല്ല. ഗ്രാമങ്ങള്‍ കോള കീഴ്‌പെടുത്തുമ്പോള്‍ നഷ്ടമാകുന്നത് മാലിന്യം കലരാത്ത മണ്ണും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരുമാണ്. കൊക്കാ കോള ഇവിടെ നടത്തുന്നത് ഭക്ഷണത്തിലൂടെ, കുടിവെള്ളത്തിലൂടെ, സംഗീതത്തിലൂടെയുള്ള കോളനിവല്‍ക്കരണമാണ്.  
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍