UPDATES

കേരളം

കേരളത്തിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച 5 കാര്യങ്ങള്‍

സാജു കൊമ്പന്‍

കേരളത്തെ സംബന്ധിച്ച എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ നിങ്ങള്‍ക്ക് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. എങ്ങനെയായാലും ആ വിശ്വാസത്തിന്‍റെ ആയുസ്സിന് ഇനി മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളൂ. എല്ലാക്കാലത്തെയും പോലെ ഇടത്-വലത് മൂന്നണികളുടെ ബലാബലം എന്ന രീതിയില്‍ മാത്രം വിലയിരുത്തപ്പെട്ടിരുന്ന കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ നാളത്തെ ഫലം പുറത്ത് വരുന്നതോടെ അങ്ങനെ കാണാന്‍ പറ്റുമോ എന്നാണ് ഉയരാന്‍ പോകുന്ന പ്രധാന ചോദ്യം. ഉറപ്പായും സീറ്റിന്‍റെ എണ്ണത്തിന്‍റെ കാര്യത്തില്‍ ആ ബാലബലത്തില്‍ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും നേടുന്ന വോട്ടുകളുടെ ശതമാന കണക്കില്‍ അത് ദൂര വ്യാപകമായ ഫലം തന്നെ ഉണ്ടാക്കും. അങ്ങനെ നിര്‍ണ്ണയിച്ചേക്കാവുന്ന 5 കാര്യങ്ങളെ പരിശോധിക്കുകയാണ് ഇവിടെ.

1. ശിഥിലീകൃതമാകുന്ന വോട്ടിംഗ് പാറ്റേണ്‍
നേരത്തെ രണ്ട് മുന്നണികളിലായി വേര്‍പിരിഞ്ഞു നിന്നിരുന്ന സമ്മദിദായകരില്‍ നിന്ന് അടര്‍ന്ന് മാറി ഒരു ചെറിയ ശതമാനം വോട്ടര്‍മാര്‍ തങ്ങളുടെ നിലപാട് സ്വതന്ത്രമായി പ്രഖ്യാപിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്. ആം ആദ്മി, ആര്‍ എം പി, എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ടി, യുണൈറ്റെഡ് നഴ്സസ് അസോസിയേഷന്‍ തുടങ്ങി പ്രത്യേക മേഖലകളില്‍ സ്വാധീനമുള്ള പാര്‍ടികളും സംഘടനകളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കടന്നു വന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. വലിയ തരംഗങ്ങളില്ലെങ്കില്‍ രണ്ടു മുന്നണികളും തമ്മില്‍ വോട്ട് ശതമാനത്തില്‍ നേരിയ വ്യത്യാസം മാത്രമുള്ള കേരളത്തില്‍ ചില മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തെ ഈ ചെറു കക്ഷികളുടെ രംഗപ്രവേശം അട്ടിമറിച്ചെക്കാം.
 

2. പരിസ്ഥിതി മുഖ്യ വിഷയമായ തെരഞ്ഞെടുപ്പ്
അനുകൂലമായാലും എതിരായാലും പരിസ്ഥിതി വിഷയം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായ തെരഞ്ഞെടുപ്പാണ് ഈ കഴിഞ്ഞത്. ഇടുക്കി, വയനാട് മണ്ഡലങ്ങള്‍ പൂര്‍ണ്ണമായും കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട മണ്ഡലങ്ങള്‍ ഭാഗികമായും ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ പേരിലുള്ള ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് സാക്ഷിയായി. ഇടതു വേഷത്തിലാണെങ്കിലും ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതിനെതിരെ സമരം ചെയ്യുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ പ്രമുഖ സ്ഥാനാര്‍ഥിയായി വന്നു. പത്തനംതിട്ടയില്‍ ആറന്മുള വിമാനത്താവളത്തിനെതിരെ കോണ്‍ഗ്രസില്‍ നിലപാടെടുത്ത പീലിപ്പോസ് തോമസ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായതും വിമാനത്താവളത്തെ അനുകൂലിക്കുന്ന നിലവിലുള്ള എം പി ആന്‍റോ ആന്‍റണി തന്നെ യു ഡി എഫ് സ്ഥാനാര്‍ഥിയായി വന്നതും ആറന്മുള വിഷയത്തെ സജീവ തെരെഞ്ഞെടുപ്പ് വിഷയമാക്കി. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആം ആദ്മിയുടെ സ്ഥാനാര്‍ഥിയായെത്തിയതും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ പലപ്പോഴും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത ബഹുജന പ്രക്ഷോഭങ്ങള്‍ പൊതുസമൂഹത്തിന്‍റെ മുന്‍പിലേക്ക് കൊണ്ടു വരാനുള്ള മാധ്യമമായി തെരഞ്ഞെടുപ്പ് മാറി എന്നതിന് തെളിവായി. നഴ്സുമാരുടെ പ്രക്ഷോഭവും അവരുയര്‍ത്തുന്ന ആവിശ്യങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാനും തങ്ങളുടെ ശക്തി തെളിയിക്കാനും ഉള്ള മാധ്യമമായി യുണൈറ്റെഡ് നഴ്സസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിനെ സമീപിച്ചത് അവരുടെ നേതാവ് ജാസ്മിന്‍ഷായെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു കൊണ്ടാണ്.
 

3. സിപിഎമ്മില്‍ നിന്ന് വിഘടിച്ചവരുടെ പോരാട്ടം
ആര്‍ എം പി ഉള്‍പ്പെടെ സിപിഎമ്മില്‍ നിന്ന് പല കാലങ്ങളിലായി പിരിഞ്ഞ് പോയവര്‍ തെരെഞ്ഞെടുപ്പ് പ്ലാറ്റ്ഫോമില്‍ ഒന്നിച്ചു എന്നതായിരുന്നു ഈ തെരഞ്ഞെടുപ്പിന്‍റെ മറ്റൊരു സവിശേഷത. ഈ ഒത്തുചേരല്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും അത് ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ ഒറ്റ തിരിഞ്ഞ് നടക്കുന്ന പ്രതിഭാസം മാത്രമായിരുന്നു. എന്നാല്‍ ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തോടെ സി പി എം വിമതരുടെ ബ്ലോക് കൂടുതല്‍ ശക്തിപ്പെടുകയും ആര്‍ എം പിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിലെ സജീവ സാന്നിധ്യമാവുകയും ചെയ്തു. പൊതുസമൂഹത്തെ ഇളക്കാന്‍ പറ്റിയില്ലെങ്കിലും വടകര, കോഴിക്കോട്, തൃശൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഇടതു സ്ഥാനാര്‍ഥികളുടെ പ്രതീക്ഷകളില്‍ ചെറുതായെങ്കിലും കരിനിഴല്‍ വീഴ്ത്താന്‍ ഇവര്‍ക്ക് സാധിച്ചേക്കാം. കാരണം ഇവര്‍ ലക്ഷ്യമിടുന്നത് നേതൃത്വത്തിന്‍റെ പോക്കില്‍ അസംതൃപ്തരായ സി പി എം അണികളുടെയും അനുഭാവികളുടെയും വോട്ടുകളാണ്.

4. ആപ്പിന്‍റെ സ്വാധീനം
ഇന്ത്യയൊട്ടാകെ അപ്പിന്റെ പ്രഭാവം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും കേരളത്തില്‍ അത് വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട് എന്ന് പറയാന്‍ പറ്റില്ല. പക്ഷേ നഗര മണ്ഡലങ്ങളായ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പൊതുവേ തെരഞ്ഞെടുപ്പിനോട് അഭിമുഖ്യം കാണിക്കാതിരുന്ന വിഭാഗങ്ങള്‍ക്കിടയില്‍ ഒരു ചോയിസായി ആപ് മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ടു മണ്ഡലങ്ങളിലും ആപ് സമാഹരിക്കുന്ന വോട്ട് പ്രമുഖ സ്ഥാനാര്‍ഥികളുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കൂടാതെ സംസ്ഥാനമൊട്ടാകെ ആപ്പിന് ലഭിക്കുന്ന വോട്ട് വരും കാലത്തേക്കുള്ള ചൂണ്ടുപലകയാകും എന്ന കാര്യത്തില്‍ സംശയമില്ല.
 

5. ദളിത് പ്രസ്ഥാനങ്ങളുടെ അസാന്നിധ്യം
മുത്തങ്ങ, ചെങ്ങറ, അരിപ്പ ഭൂ സമരങ്ങളിലൂടെ കേരളത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമായ ആദിവാസി-ദളിത് സംഘടനകള്‍ പൂര്‍ണ്ണമായും അപ്രസക്തമായതാണ് ഈ തെരഞ്ഞെടുപ്പില്‍ ദൃശ്യമായ മറ്റൊരു പ്രത്യേകത. സി കെ ജാനു, ളാഹ ഗോപാലന്‍, ശ്രീരാമന്‍ കൊയ്യോന്‍, കെ കെ കോച്ച് തുടങ്ങി പല നേതാക്കളുടെ കീഴിലായി ചിതറിക്കിടക്കുകയാണ് ദളിത് പ്രസ്ഥാനം. ഇതിനിടയില്‍ പുലയര്‍ മഹാ സഭയിലൂടെ കായല്‍ സമ്മേളന ശതാബ്ദിയില്‍ പങ്കെടുത്തുകൊണ്ട് നുഴഞ്ഞു കയറാന്‍ ബി ജെ പിയും മോഡിയും ശ്രമിക്കുന്നതും നമ്മള്‍ കണ്ടു. ഡി എച്ച് ആര്‍ എമ്മിന്‍റെ സാന്നിധ്യം ആറ്റിങ്ങല്‍ മണ്ഡലത്തിലുണ്ടെങ്കിലും അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ തെരഞ്ഞെടുപ്പില്‍ ആദിവാസി-ദളിത് സംഘടനകള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍