UPDATES

ഇന്ത്യ

അത് റാവുവല്ല, രാജീവ് ഗാന്ധി: വിവാദമുയര്‍ത്തി പുതിയ പുസ്തകം

ജോയി ജേക്കബ് 
 
മന്‍മോഹന്‍ സിംഗ് ഒടുവില്‍ പടിയിറങ്ങുകയാണ്. പുറമെ ശാന്തമെങ്കിലും പ്രക്ഷുബ്ദമായ രാഷ്ട്രീയ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. ഒന്നു തിരിഞ്ഞു നോക്കിയാല്‍ ഒരു ചോദ്യം അവശേഷിക്കുന്നു. 1991-ല്‍ മന്‍മോഹന്‍ സിംഗിനെ ആരാണ് ധനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്? രാജ്യത്തിന്റെ സാമ്പത്തിക മേഖല പരിഷ്‌കരിക്കുന്നതിന് പി.വി നരസിംഹ റാവുവിന് ഒരാളെ വേണ്ടിയിരുന്നുവെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ഐ.ജി പട്ടേലായിരുന്നു റാവുവിന്റെ മനസിലുണ്ടായിരുന്നത് എന്നും പട്ടേല്‍ നിഷേധിച്ചതോടെ നിയോഗം മന്‍മോഹന്‍ സിംഗിനാവുകയായിരുന്നു എന്നുമാണ് നാം കേട്ടുപരിചയിച്ച കാര്യങ്ങള്‍.  
 
എന്നാല്‍ 1991 മുതല്‍ നിലവിലുള്ള ഈ ധാരണ ശരിയല്ലെന്നാണ് ഒരു പുതിയ പുസ്തകം പറയുന്നത്. റാവു അല്ല, രാജീവ് ഗാന്ധിയാണ് മന്‍മോഹന്‍ സിംഗിനെ  കണ്ടെത്തിയത് എന്ന് രാജീവ് – സോണിയാ ഗാന്ധിമാരുടെ അടുത്ത സഹായിയായിരുന്ന ആര്‍.ഡി പ്രധാന്‍ തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നു. സാമ്പത്തിക വിദഗ്ദ്ധനില്‍ നിന്നും ധനമന്ത്രിയായും ഒടുവില്‍ പ്രധാനമന്ത്രിയായും മാറിയ മന്‍മോഹന്‍ സിംഗിനെ കുറിച്ച്  My years with Rajiv and Sonia എന്ന പുസ്തകത്തിലാണ് പ്രധാന്‍ വിവരിക്കുന്നത്. പട്ടേല്‍ ധനമന്ത്രിസ്ഥാനം വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍ മന്‍മോഹന്‍ സിംഗായിരുന്നു രാജീവ് കണ്ടെത്തിയ രണ്ടാമനെന്ന് പ്രധാന്‍ അവകാശപ്പെടുന്നു. എസ്. ചന്ദ്രശേഖര്‍ മന്ത്രിസഭ വീണതിനു ശേഷം 1991-ല്‍ താന്‍ അധികാരത്തില്‍ തിരിച്ചു വരുമെന്ന് രാജീവിന് ഉറപ്പായിരുന്നു. അതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ പട്ടേലിലേക്കും മന്‍മോഹന്‍ സിംഗിലേക്കും രാജീവ് ഗാന്ധി എത്തിച്ചേര്‍ന്നത്. 
 
 
മന്‍മോഹന്‍ സിംഗിനെ കൊണ്ടുവന്നതിനു പിന്നില്‍ റാവുവാണെന്ന കാര്യം ഇന്നുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ രാജീവ് കൊല്ലപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ സഹായികള്‍ പട്ടേലിന്റേയും സിംഗിന്റേയും കാര്യം റാവുവിനെ അറിയിക്കുകയായിരുന്നുവെന്നും റാവു ഇത് സ്വീകരിക്കുകയായിരുന്നുവെന്നും ഈ പുസ്തകത്തില്‍ പ്രധാന്‍ പറയുന്നു. അക്കാലത്ത് രാജീവ് ഗാന്ധിയുടെ വലംകൈയായിരുന്ന എം.എല്‍ ഫോത്തേദാറും സംഘവുമാണ് രാജീവ് ഗാന്ധി ഇക്കാര്യം ആലോചിച്ചിരുന്നുവെന്ന് റാവുവിനോട് പറഞ്ഞതെന്നും പ്രധാന്‍ അവകാശപ്പെടുന്നുണ്ട്. 
 
ഡോ. ഐ.ജി പട്ടേല്‍ ധനമന്ത്രി സ്ഥാനത്തേക്ക് വരുന്നില്ലെങ്കില്‍ ഡോ. സിംഗിന്റെ പേര് രാജീവ് ഗാന്ധി തീരുമാനിച്ചിരുന്നുവെന്ന് 1991 ജൂണ്‍ 20-ന് താന്‍ നരസിംഹ റാവുവിനോട് പറഞ്ഞിരുന്നുവെന്നും പ്രധാന്‍ ഈ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘ആര്‍.ജി (രാജീവ് ഗാന്ധി) യുടെ നിര്‍ദേശം പി.വി (റാവു) അപ്പോള്‍ തന്നെ അംഗീകരിച്ചത് ഞങ്ങള്‍ക്ക് ഏറെ സന്തോഷമായി’യെന്ന് പ്രധാന്‍ പറയുന്നു. 
 
ഡോ. സിംഗ് ധനമന്ത്രി സ്ഥാനം ഏറ്റെടുത്തിനു ശേഷം 24 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെ ഇത്തരത്തിലൊരു അവകാശവാദം ആരും ഉന്നയിച്ചിട്ടുമില്ല. എല്ലാത്തിന്റേയും ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള ഗാന്ധി കുടുംബ വിധേയരുടെ ഒരു ശ്രമമാണോ ഇതിനു പിന്നിലും? പ്രധാനെ ‘കണ്ടെത്തുന്നതും’ ആഭ്യന്തര സെക്രട്ടറിയായി നിയമിക്കുന്നതും രാജീവ് ഗാന്ധിയാണ്. 10-ജന്‍പഥില്‍ അദ്ദേഹത്തിനുള്ള സ്വാധീനത്തെ കുറിച്ചും ആര്‍ക്കും സംശയമില്ല. പ്രധാന്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ഗാന്ധി കുടുംബത്തിന്റെ ‘ഇന്നര്‍ സര്‍ക്കിളി’ല്‍ അംഗമാവുകയും ചെയ്തു. എന്നാല്‍ മിക്ക കാര്യങ്ങളിലും അത്യൂത്സാഹത്തോടെ ഗാന്ധി കുടുംബത്തിന് ക്രെഡിറ്റ് നല്‍കാന്‍ മത്സരിക്കുന്ന കോണ്‍ഗ്രസുകാര്‍ എന്തുകൊണ്ടാണ് ഡോ. സിംഗിന്റെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് ഗാന്ധി കുടുംബത്തിന് നല്‍കാന്‍ ഇത്രകാലവും മടിച്ചത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. 
 
 
അതുപോലെ, ഡോ. സിംഗിനോട് ഗാന്ധി കുടുംബത്തിന് എന്നും ഒരു ‘സോഫ്റ്റ് കോര്‍ണര്‍’ ഉണ്ടായിരുന്നുവെന്നും ഈ പുസ്തകം പറയുന്നുണ്ട്. എന്നാല്‍ അതിനൊന്നുമുള്ള തെളിവുകള്‍ ഇതിലില്ല. എന്നാല്‍ ഒരുകാര്യം ഓര്‍ക്കേണ്ടതുണ്ട്. 1996-ല്‍ പാര്‍ട്ടി പരാജയപ്പെട്ടപ്പോഴും അന്ന് റാവുവിന്റെ വിശ്വസ്തനായിരുന്ന മന്‍മോഹന്‍ സിംഗിനെ സോണിയാ ഗാന്ധി ഉപേക്ഷിച്ചില്ല എന്നത് പ്രധാനമാണ്. റാവു വിസ്മൃതിയിലേക്ക് പോയി. സീതാറാം കേസരിയെയാണെങ്കില്‍ നാണംകെട്ട രീതിയില്‍ പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഡോ. സിംഗ് സോണിയയ്ക്ക് ഒപ്പം നില്‍ക്കുകയും അവരുടെ വിശ്വാസം പിടിച്ചു പറ്റുകയും ചെയ്തു. 
 
1999-ല്‍ എ.ബി വാജ്‌പേയി സര്‍ക്കാര്‍ വീണപ്പോള്‍ ‘രാജ്യത്തെ നയിക്കാന്‍ സോണിയയ്ക്ക് അത്ര വലിയ താത്പര്യമുണ്ടായിരുന്നി’ല്ലെന്നും കോണ്‍ഗ്രസില്‍ നിന്ന് മറ്റാരെങ്കിലും പ്രധാനമന്ത്രിയാകണമെന്നായിരുന്നു സോണിയാ ഗാന്ധിയുടെ ആഗ്രഹമെന്നും പുസ്തകം അവകാശപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രധാന് നേരിട്ടറിവില്ലെങ്കിലും അദ്ദേഹം ഇക്കാര്യം പറയുന്നത് പത്രപ്രവര്‍ത്തകനായ വീര്‍ സാംഘ്‌വിയെ ഉദ്ധരിച്ചാണ്. അതായത്, അന്നത്തെ രാഷ്ട്രപതി കെ.ആര്‍ നാരായണനോട് സോണിയാ ഗാന്ധി പറഞ്ഞത് ഡോ. സിംഗ് രാജ്യത്തെ നയിക്കും എന്നായിരുന്നുവത്രെ. 
 
ഡോ. സിംഗിന്റെ കാര്യത്തില്‍ സോണിയാ ഗാന്ധി തന്റെ ഭര്‍ത്താവ് രാജീവിനെ പിന്തുടരുകയായിരുന്നോ? തന്റെ ഭര്‍ത്താവ് കണ്ടെത്തിയ ഡോ. സിംഗിന് സോണിയാ ഗാന്ധിയെ സ്വാധീനിക്കാന്‍ കഴിഞ്ഞോ? ഇക്കാര്യത്തിലൊന്നും പുസ്തകം വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നില്ല. ഇക്കാര്യത്തില്‍ ഗാന്ധിമാര്‍ ഇതുവരെയൊന്നും പരസ്യമായി പറഞ്ഞിട്ടില്ല. വ്യക്തിപരമായ കാര്യങ്ങള്‍ വളരെ കുറച്ചു മാത്രം പറയുന്ന ഡോ. സിംഗും ഇക്കാര്യത്തില്‍ മനസു തുറന്നിട്ടില്ല.
 
 
അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു. ഡോ. സിംഗിനെ ഉപയോഗിച്ച് റാവു നടപ്പാക്കിയതായിരുന്നോ അന്നത്തെ സാമ്പത്തിക പരിഷ്‌കരണം? അതോ അത് രാജീവ് ഗാന്ധിയുടേതായിരുന്നോ? പട്ടേല്‍ നിരസിക്കുകയാണെങ്കില്‍ ഡോ. സിംഗിലേക്ക് രാജീവ് (അല്ലെങ്കില്‍ റാവു) എത്തിയത് എങ്ങനെയാണ്? പട്ടേല്‍ ഈ പദവി സ്വീകരിക്കില്ലെന്നും അതുകൊണ്ട് മറ്റൊരാളെ കൂടി കണ്ടെത്തേണ്ടതുണ്ടെന്നും രാജീവിനും റാവുവിനും ഒരു മുന്‍കൂര്‍ തോന്നല്‍ ഉണ്ടായിരുന്നോ? ഇക്കാര്യത്തില്‍ രാജീവ് (അല്ലെങ്കില്‍ റാവു) എന്തായിരുന്നു ചിന്തിച്ചത്? 
 
ഈ ചോദ്യങ്ങളൊന്നും ഇനിയും ഉത്തരമില്ലാത്തവയായി അവശേഷിക്കാന്‍ പാടില്ല, പ്രത്യേകിച്ച് രാജ്യം ഒരു നിര്‍ണായകമായ മാറ്റത്തിന്റെ അരികിലെത്തി നില്‍ക്കുമ്പോള്‍. ഇടതുപക്ഷം ആരോപിക്കുന്നതു പോലെ ഇന്ത്യയുടെ ധനമന്ത്രിയെ നിശ്ചയിച്ചത് വിദേശത്തു നിന്നായിരുന്നോ? എന്തായാലും രാജീവും റാവുവും ഇന്നില്ല. എന്നാല്‍ ഇവരുടെ സഹായികള്‍ക്ക് എങ്കിലും ചിലത് പറയാന്‍ പറ്റിയേക്കും. എത്ര വലിയ രഹസ്യങ്ങളും ഒരുനാള്‍ പുറത്തുവരും എന്നാണെല്ലോ.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍