UPDATES

ഇന്ത്യ

ജയ, മായാ, മമത, പവാര്‍, പട്നായിക്ക്..പൊന്‍മുട്ടയിടുന്ന താറാവുകള്‍

ടീം അഴിമുഖം

സാമുദായിക ശക്തികളെ പിന്തുണയ്ക്കില്ലെന്നാണ് പ്രാദേശിക രാജാക്കന്‍മാരായ ജയയും മായയും മമതയും പവാറും പട്‌നായിക്കുമൊക്കെ പറയുന്നത്. ഇവരുടെ തന്നെ ചരിത്രമെടുത്താല്‍ ഇവര്‍ പലപ്പോഴും ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നിട്ടുള്ളവരാണ് എന്നു കാണാം. രണ്ടു ദിവസത്തിനകം വരുന്ന തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞാല്‍ ഇവരൊക്കെ പറഞ്ഞതു മാറ്റിപ്പറയുന്നത് നാം കാണേണ്ടി വരും. അതിനുള്ള കാരണങ്ങള്‍ ഇനി പറയുന്നവയാണ്.

പ്രാദേശിക പാര്‍ട്ടികളുടെ ഉദയം ഇങ്ങനെയാണ്. കോണ്‍ഗ്രസിനോടുള്ള വൈര്യമാണ് ഇത്തരം പല പാര്‍ട്ടികളുടേയും രൂപീകരണത്തിന് പിന്നില്‍. അവരെ സഹായിച്ചവരാകട്ടെ അതാത് മേഖലകളിലെ പണച്ചാക്കുകളും. ഉദാഹരണത്തിന് ഡി.എം.കെ- ഇന്ത്യയില്‍ നിരീശ്വരവാദം അടിസ്ഥാന ആശയമാക്കിയിട്ടുള്ള ഏക പാര്‍ട്ടിയാണ്. ബ്രാഹ്മണ വിരുദ്ധ പോരാട്ടങ്ങളിലൂടെയാണ് ഡി.എം.കെ ചുവടുറപ്പിക്കുന്നത്. പക്ഷേ, ഒരു ഹിന്ദു പാര്‍ട്ടിയായ ബി.ജെ.പിയുമായി കൂട്ടുചേരാന്‍ 1990-കളുടെ മധ്യത്തില്‍ ഡി.എം.കെയ്ക്ക് യാതൊരുളുപ്പമുണ്ടായില്ല. ഇതിനൊരു പ്രധാന കാരണം ഡി.എം.കെയുടെ പിന്നിലെ സാമ്പത്തിക ശക്തിയായ മാരന്‍ ഗ്രൂപ്പാണ്. ഒരു ചെറിയ കോണ്‍ഗ്രസ് വിരുദ്ധ മാധ്യമ ഗ്രൂപ്പായിരുന്ന മാരനും കൂട്ടരും ഇന്ന് കോടികളുടെ ആസ്തിയുള്ള മാധ്യമ ശൃംഖലയും സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സിന്റെ നിര്‍ണായക ഓഹരി ഉടമകളുമാണ്. അതായത്, ഡി.എം.കെ വളര്‍ന്നതോടൊപ്പം മാരനും വളര്‍ന്നു എന്നു ചുരുക്കം. തമിഴ്‌നാട് മാത്രമല്ല ഇന്ന് മാരന്‍ ഗ്രൂപ്പിന് ബിസിനസ് താത്പര്യങ്ങളുള്ളത്. ദക്ഷിണേന്ത്യ മുഴുവനും ഇന്ത്യയുടെ പല ഭാഗങ്ങളിലും ബിസിനസ് താത്പര്യങ്ങളുള്ളതു കൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരിനെ പിണക്കാന്‍ മാരനാവില്ല, അതുകൊണ്ടു തന്നെ ഡി.എം.കെയ്ക്കും. കരുണാനിധിയുടെ മോദി സ്തുതി ഇതുമായി ചേര്‍ത്തു വായിക്കേണ്ടതാണ്.
 

ഇന്ന് ഇന്ത്യയിലെ പ്രധാന 50 കമ്പനികളുടെ കാര്യമെടുക്കാം. സെമിനാര്‍ മാസികയില്‍ ഗീതാ പിരമല്‍ നടത്തിയ ഒരു പഠനം പറയുന്നത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട 50 കമ്പനികളില്‍ കഴിഞ്ഞ അരനൂറ്റാണ്ടു കാലവും സ്ഥാനം പിടിച്ചിട്ടുള്ളത് കേവലം 11 കമ്പനികള്‍ മാത്രമാണ്. ടാറ്റ, ബിര്‍ള, ഗോയങ്ക, ബജാജ്, മഹീന്ദ്ര, ഥാപ്പര്‍, ജയിന്‍ (ടൈംസ്), സിംഘാനിയ, വാഡിയ, ടി.വി.എസ്, അമാല്‍ഗമേഷന്‍സ് ഇവയാണവ. 50 വര്‍ഷം മുമ്പ് അത്ര പ്രമുഖരല്ലാതിരുന്ന അംബാനി, മല്യ, എസ്സാര്‍, ഗോദ്‌റേജ്, അപ്പോളോ, മുരുഗപ്പ, എം.ആര്‍.എഫ് തുടങ്ങിയവ 1990-കളോടെ പ്രമുഖ സ്ഥാനങ്ങളിലെത്തി. ഇതിനു ശേഷം ബിഗ്-50-ലെത്തിയവരാണ് വേദാന്ത, ജിന്‍ഡാല്‍, അദാനി, ഭാരതി, ഇന്‍ഫോസിസ് തുടങ്ങിയവ. ഇപ്പോള്‍ ഈ ഗ്രൂപ്പിലുള്ള 33 കമ്പനികളും 90-കള്‍ക്കു ശേഷം ഈ ലിസ്റ്റില്‍ സ്ഥാനം പിടിച്ചവയാണ്. ജെ.പി, ജി.എം.ആര്‍, ജി.വി.കെ, ലാന്‍കോ, ടൊറന്‍ഡ്, മാരന്‍ എന്നിവയും 90-കള്‍ക്കു ശേഷം ശക്തി പ്രാപിച്ചവരാണ്.
 

30 വര്‍ഷം മുമ്പ് കേവലം പ്രാദേശിക കമ്പനികളായിരുന്ന ഇവ 1991-നുശേഷം വന്‍കിട കോര്‍പറേറ്റുകളുമായി മത്സരിക്കുകയും മുന്നണി സര്‍ക്കാരുകളില്‍ അതാത് പ്രാദേശിക പാര്‍ട്ടികളില്‍ തങ്ങള്‍ക്കുള്ള സ്വാധീനം മുതലെടുത്ത് വന്‍ ബിസിനസുകള്‍ കൈക്കലാക്കുകയും ചെയ്തു. 20 വര്‍ഷം കൊണ്ട് തങ്ങള്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യം നിലനിര്‍ത്താന്‍ ഈ കമ്പനികള്‍ക്ക് പ്രാദേശിക കക്ഷികളുടെ സഹായം തുടര്‍ന്നും ആവശ്യമാണ്. അതുകൊണ്ടു തന്നെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു സ്ഥിതിയെ മുതലെടുത്ത് കേന്ദ്ര സര്‍ക്കാരിനെ ഏതുവിധേനെയും പിന്തുണയ്ക്കാന്‍ ഈ പ്രാദേശിക പാര്‍ട്ടികളുടെ മേല്‍ ഈ വന്‍കിട കമ്പനികള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം ചെറുതല്ല. അതുകൊണ്ടു തന്നെ അടിസ്ഥാനപരമായി മതേതരവാദികളായ ടി.ഡി.പി, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, തൃണമൂല്‍, ബി.ജെ.ഡി, എന്‍.സി.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും ബി.ജെ.പിയെ തങ്ങളുടെ  ബിസിനസ് താത്പര്യത്തിന്റെ പേരില്‍ സംരക്ഷിക്കേണ്ടി വരിക തന്നെ ചെയ്യും. അതിനി കോണ്‍ഗ്രസായാലും ഫലം ഇതുതന്നെ.
 

അതുകൊണ്ടു തന്നെ, ഇന്ത്യ കണ്ട ഏറ്റവും വലിയ ‘ധ്രുവീകരണ വിദഗ്ധനാ’യ മോദിക്ക് കേവല ഭൂരിപക്ഷം ഉണ്ടാക്കുക എന്നത് നിമിഷങ്ങളുടെ ‘അധ്വാനം’ മാത്രമായിരിക്കും. ആരും ബി.ജെ.പിയുമായി കൂട്ടുകൂടില്ലെന്ന് കരുതിയിരുന്നപ്പോഴും തമിഴ്‌നാട്ടിലും ആന്ധ്രയിലും ബിഹാറിലുമൊക്കെ ചെറുകക്ഷികളുമായി കൂട്ടുചേരാന്‍ മോദിക്ക് കഴിയുന്നതും ഈയൊരു കോര്‍പറേറ്റ് പിന്തുണ ഉള്ളതുകൊണ്ടു തന്നെയാണ്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഏറെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നപ്പോഴും ബി.ജെ.പിക്കൊപ്പം ചേരാന്‍ ചന്ദ്രബാബു നായിഡുവിനെ പ്രേരിപ്പിച്ചത് ഈയടുത്ത കാലത്ത് ആന്ധ്രയില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുള്ള ചില പ്രമുഖ കമ്പനികളുടെ സമ്മര്‍ദ്ദം തന്നെയാണെന്നാണ് ഡല്‍ഹിയിലെ കേള്‍വിയും.

ചുരുക്കിപ്പറഞ്ഞാല്‍, സാധാരണ ജനങ്ങള്‍ക്ക്, അവര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യാനുണ്ടായ കാരണങ്ങളായ വിലക്കയറ്റം, അഴിമതി, കാര്‍ഷിക രംഗത്തെ തകര്‍ച്ച, തൊഴിലില്ലായ്മ എന്നിവയൊക്കെ തുടരും എന്നു തന്നെയാണ് അര്‍ഥം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍