UPDATES

വിദേശം

പലസ്തീന്‍ ബീജങ്ങള്‍ ഇസ്രായേല്‍ ജയില്‍ ചാടുന്നു

റൂത്ത് എഗ്ലാഷ്, സൂഫിയന്‍ താഹ 
വാഷിങ്ങ്ടണ്‍ പോസ്റ്റ്

സുവാദ് അബു ഫയദും ഭര്‍ത്താവുമായി ശാരീരികബന്ധമുണ്ടായിട്ട് പതിനൊന്നു വര്‍ഷത്തിലേറെയായി. ഇത്രയും നാളായി ഭര്‍ത്താവ് ഇസ്രായേലി ജയിലിലാണ്. എന്നാല്‍ ഈയടുത്ത് അബുഫയദ് അവരുടെ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോടുചേര്‍ത്തു. ഈ കുട്ടിയുടെ ജനനത്തോടെ അസ്വാഭാവികമെങ്കിലും ആളുകള്‍ വര്‍ധിച്ചുവരുന്ന ഒരു സംഘത്തില്‍ അവരും ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പലസ്തീനിയന്‍ തടവുകാരുടെ ബീജം ഇസ്രായേലി ജയിലുകളില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് കൃത്രിമബീജസങ്കലനം വഴി ജനിക്കുന്ന കുട്ടികളില്‍ ഒരാളാണ് ഇവരുടേത്.

അങ്ങേയറ്റം രഹസ്യമായി നടക്കുന്ന ഈ പ്രവര്‍ത്തിയില്‍ രണ്ടുലക്ഷ്യങ്ങളാണ് ഉള്ളത്: ഒന്ന് തടവുകാരുടെ ഭാര്യമാര്‍ക്ക് കുട്ടികളുണ്ടാകാന്‍ സഹായിക്കുക, രണ്ട് പലസ്തീനിയന്‍ ജീവിതത്തിനുമേല്‍ ഇസ്രായേലിനുള്ള നിയന്ത്രണം അല്‍പ്പമെങ്കിലും കുറയ്ക്കാന്‍ കഴിയുക.

ഹൂറിയ എന്ന ഈ കുട്ടിയുടെ അച്ഛനായ സമീര്‍ അബു ഫയദ് തീവ്രവാദപ്രവര്‍ത്തനത്തിന്റെ പേരില്‍ പതിനെട്ടുവര്‍ഷത്തെ തടവ് അനുഭവിക്കുകയാണ്. അല്‍ ആക്സ രക്തസാക്ഷി ബ്രിഗേഡില്‍ അംഗമാണ് അയാള്‍. പലസ്തീനിയന് സംഘടനയായ ഫത്തായുടെ സായുധസേനയാണ് ഇത്. പലസ്തീനിയന്‍ തടവുകാര്‍ക്ക് ബന്ധുക്കളെ അടുത്തുകാണാന്‍ അവകാശമില്ല. ഗ്ലാസ് ഡിവൈഡറുകളുടെ ഇപ്പുറം നിന്ന് വളരെ സൂക്ഷ്മതയോടെ തെരഞ്ഞെടുക്കപ്പെട്ട ബന്ധുക്കള്‍ക്ക് മാത്രമേ ഇവരെ കാണാന്‍ അനുവാദമുള്ളു.
 

എന്നാല്‍ ചെറിയ കുട്ടികള്‍ക്ക് തങ്ങളുടെ ബന്ധുക്കളുമായി അടുത്തുകാണാന്‍ അനുവാദമുണ്ട്. അങ്ങനെയാണ് ഹൂറിയയുടെയും ജനനം. ഹൂറിയ എന്നാല്‍ അറബിയില്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ഥം. അബു ഫയദിന്‍റെ ബീജം ഇവരുടെ മുതിര്‍ന്ന കുട്ടികളില്‍ ഒരാളുടെ കയ്യിലൂടെയാണ് രഹസ്യമായി പുറത്തെത്തിയത് എന്ന് സുവാദ് അബു ഫയദ് പറയുന്നു. ഉടന്‍ തന്നെ അത് റാസാന്‍ മെഡിക്കല്‍ സെന്ററിലെത്തിക്കുകയും അതിനുശേഷം നടന്ന കൃത്രിമബീജസങ്കലനം അവരുടെ ഗര്‍ഭത്തിനുകാരണമാവുകയും ചെയ്തു.  

“ഭര്‍ത്താവു ജയിളിലായിരിക്കുമ്പോള്‍ ഒരു കുട്ടിയെ വളര്‍ത്തുക എളുപ്പമല്ല എന്നെനിക്കറിയാം, എന്നാല്‍ ഇസ്രായേലിന് ഞങ്ങളുടെ മേലുള്ള അധികാരത്തെ ഞങ്ങള്‍ ചെറുക്കുന്നത് ഇങ്ങനെയൊക്കെയാണ്,” അവര്‍ പറയുന്നു.

ഇസ്രായേലിനു ഈ വിവരം അറിയാം എന്നാണ് ഇസ്രായേലി ജയില്‍ അധികാരി ആയ സിവാന്‍ വീട്സ്മാന്‍  പറയുന്നത്.

“ബീജം പുറത്തുകടത്താന്‍ ശ്രമിച്ച ചില തടവുകാരെ ഞങ്ങള്‍ പിടികൂടിയിട്ടുണ്ട്. തടവുകാരുടെ മുറികളിലും അവരുടെ സന്ദര്‍ശകരുടെ ഇടയിലും ഞങ്ങള്‍ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.” അവര്‍ പറയുന്നു.

തടവുകാരുടെ വിഷയം പലസ്തീനിയന്‍ സമൂഹത്തില്‍ ഏറെ പ്രധാനമാണ്. തടവിലായവരെ പലസ്തീന്‍കാര്‍ ധീരരായ സ്വാതന്ത്ര്യ സമരസേനാനികളായാണ് കാണുന്നത്. അവരുടെ കുടുംബങ്ങളെ ആദരവോടെ കാണുന്നുവെന്ന് മാത്രമല്ല അവര്‍ക്ക് എല്ലാമാസവും പലസ്തീനിയന്‍ അധികൃതര്‍ സാമ്പത്തികസഹായവും നല്‍കുന്നുണ്ട്. ഇസ്രയേല്‍ പക്ഷെ ഇസ്രായേലികളുടെ രക്തം കൈകളില്‍ പുരണ്ട തീവ്രവാദികളായാണ് ഇവരെ കാണുന്നത്.
 

“ഇത് വലിയ അനീതിയാണ്”, ഇസ്രായേലി ടെറര്‍ വിക്ടിംസ് അസോസിയേഷന്‍റെ തലവനായ മീര്‍ ഇന്‍ഡോര്‍ ഈ ജനനങ്ങളെപ്പറ്റി പറഞ്ഞു. “ഈ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടവര്‍ ഒരിക്കലും വിവാഹിതരാകില്ല, ജീവിക്കില്ല, എന്നാല്‍ ഈ കൊലപാതകികളാവട്ടെ പുതിയ ജീവിതം തുടങ്ങുന്നു.”

ഇസ്രായേലികള്‍ക്കും പലസ്തീനികള്‍ക്കും ഇടയില്‍ സമാധാനചര്‍ച്ചകള്‍ അസാധ്യമാക്കുന്നതിലെ ഒരു കാരണം ഈ തടവുകാരുടെ പ്രശ്നമാണ്. ഈ മാസം അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. പലസ്തീനിയന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് യുഎന്‍ അംഗീകാരം ലഭിക്കാനുള്ള പലസ്തീനിയന്‍ നടപടികള്‍ ഇസ്രായേലിന് പ്രശ്നമായിരുന്നു.

ഹമാസ് എന്ന എതിര്‍പാര്‍ട്ടിയുമായി ചേര്‍ന്ന് ഒരു ഗവണ്‍മെന്‍റിനുള്ള ചര്‍ച്ചകള്‍ ഫത്ത തുടങ്ങിയതോടെ ഇസ്രയേല്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. അമേരിക്കയും ഇസ്രയേലും തീവ്രവാദസംഘടനയായി കരുതുന്ന ഒന്നാണ് ഹമാസ്.

അടമീര്‍ പാലസ്തീന്‍ പ്രിസണര്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഏതാണ്ട് അയ്യായിരത്തോളം പലസ്തീന്‍കാരാണ് ഇസ്രായേലി ജയിലുകളില്‍ ഉള്ളത്. 2012ല്‍ പലസ്തീനിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ പഠനപ്രകാരം 1967 മുതല്‍ എട്ടുലക്ഷത്തോളം പലസ്തീനിയന്‍ പുരുഷന്മാര്‍ ഇസ്രായേലി ജയിലുകളില്‍ ഒരാഴ്ചയോ അതിലധികമോ ചെലവിട്ടുകഴിഞ്ഞു.

“പലസ്തീനിയന്‍ തടവുകാര്‍ ഇസ്രായേലി ജയിലിനുള്ളില്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നത്”, പലസ്തീന്‍ പ്രിസനേഴ്സ് മിനിസ്റ്റര്‍ ഇസാ കാര്‍ക്ക പറഞ്ഞു. ഭാര്യമാര്‍ക്ക് ഗര്‍ഭം ധരിക്കാനായി ബീജം കടത്തുന്നത് “തടവുകാര്‍ ജയിലിലായിരിക്കുമ്പോഴും ജീവിതത്തെപ്പറ്റി ചിന്തിക്കുന്നു എന്ന സന്ദേശമാണ് പുറത്തുവിടുന്നത്”എന്നും അദ്ദേഹം പറയുന്നു.
 

ഇരുപതുവര്ഷം ജയിലില്‍ കഴിഞ്ഞ എസ്മാത്ത് മന്‍സൂര്‍ പറയുന്നത് തടവുകാര്‍ ജയിലില്‍ എപ്പോഴും കുട്ടികളെപ്പറ്റി സംസാരിക്കാറുണ്ട് എന്നാണ്.

“എങ്ങനെ അത് സാധിക്കും എന്നൊക്കെ തടവുകാര്‍ സംസാരിക്കാറുണ്ടായിരുന്നു. ഇസ്രയേല്‍ ഇത് തടയാന്‍ നോക്കിയാലും ഇതൊക്കെ തുടരും.”, അയാള്‍ പറയുന്നു.

ആരോഗ്യമുള്ള ബീജം പന്ത്രണ്ടുമണിക്കൂര്‍ വരെ ശരീരത്തിനുപുറത്ത് കേടുകൂടാതെ ഇരിക്കും എന്നാണ് റാസന്‍ ക്ലിനിക്കിലെ ഫിസിഷ്യനായ സലേം അബു കൈസറാന്‍ പറയുന്നത്. തടവുകാരുടെ ഭാര്യമാര്‍ക്ക് ചികിത്സ നടത്തിയത് ഇദ്ദേഹമാണ്.

കടത്തിക്കൊണ്ടുവരുന്ന ബീജം മരുന്നുപാത്രങ്ങളിലും പെനകള്‍ക്കുള്ളിലും മിടായിക്കവറുകളിലും ചോക്കലേറ്റ് കട്ടകള്‍ക്കിടയിലും എന്തിന് കയ്യുറയ്ക്കുള്ളില്‍ വരെ ഒളിപ്പിച്ച രീതിയില്‍ എത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍. ക്ലിനിക്കില്‍ എത്തിയാലുടന്‍ സ്ത്രീയുടെ ഒവുലേഷന്‍ കാലം വരെ ബീജം മരവിപ്പിച്ചുസൂക്ഷിക്കും.

ഓഗസ്റ്റ് 2012ലാണ് ഈ രീതിയില്‍ ആദ്യത്തെ കുട്ടി ജനിച്ചത്. ഇന്ന് വെസ്റ്റ്ബാങ്കില്‍ പതിനഞ്ചുസ്ത്രീകള്‍ വിജയകരമായി പ്രസവിച്ചുകഴിഞ്ഞു. ഇനിയും പതിനഞ്ചുഗര്‍ഭിണികള്‍ കൂടിയുണ്ട്. ഗാസയില്‍ ഇതേ ചികിത്സയുള്ള മറ്റൊരു ക്ളിനിക്കില്‍ ഒരു സ്ത്രീ പ്രസവിച്ചു, ആറു സ്ത്രീകള്‍ വരുംമാസങ്ങളില്‍ പ്രസവിക്കും.

ഭര്‍ത്താവ് അടുത്തില്ലാത്തപ്പോള്‍ പ്രസവിക്കുന്നതിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാനായി ക്ലിനിക്കില്‍ എത്തിക്കുന്ന ബീജം സ്ത്രീയുടെയും പുരുഷന്റെയും രണ്ടുബന്ധുക്കള്‍ വീതം കണ്ടുബോധ്യപ്പെടാറുണ്ട് എന്നും ഡോക്ടര്‍ പറയുന്നു. എല്ലാവരും ഈ ബീജം അവരുടെ ഭര്‍ത്താവിന്റെതാണ് എന്ന് സാക്ഷ്യപ്പെടുത്തി ഒരു രേഖയില്‍ ഒപ്പുവയ്ക്കണം.

“ഇത് സ്വീകാര്യമാണെന്ന് ഒരു ഫത്വ പുറപ്പെടുവിക്കാന്‍ ഞങ്ങള്‍ മതനേതാക്കളെ സമ്മതിപ്പിക്കാന്‍ ശ്രമിച്ചുവരികയാണ്.”

വെസ്റ്റ്ബാങ്കില്‍ ഈ ചികിത്സയ്ക്ക് രണ്ടായിരം മുതല്‍ മൂവായിരം ഡോളര്‍ വരെ ചെലവുണ്ടെങ്കിലും തടവുകാരുടെ ഭാര്യമാര്‍ക്ക് മനുഷ്യത്വത്തിന്റെ പേരില്‍ ഈ ചികിത്സ സൌജന്യമായാണ് ചെയ്യുന്നത്.
 

“ഭാര്യമാരുടെ പ്രശ്നങ്ങള്‍ ആളുകള്‍ മനസിലാക്കാറില്ല.”, അയാള്‍ പറയുന്നു, “ഞങ്ങള്‍ പല പലസ്തീനിയന്‍ തടവുകാരെയും കണ്ടിട്ടുണ്ട്, പലരും വിവാഹിതരായതെയുണ്ടാകൂ. ദീര്‍ഘകാലത്തേക്കാണ് അവരുടെ തടവ്‌. അവര്‍ ശിക്ഷ കഴിഞ്ഞ് പുറത്ത് വരുമ്പോഴേയ്ക്കും ഭാര്യമാര്‍ പ്രസവിക്കാനാകാത്തത്ര പ്രായമായിട്ടുണ്ടാകും.”

ഇങ്ങനെയാകുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ ജയിലിലാണെങ്കിലും ഭാര്യമാരുടെ ജീവിതം തുടരും.

ഇസ്രായേലി ഇരകളുടെ വക്കീലായ ഇന്‍ഡോര്‍ പറയുന്നത് ഓരോ തവണ തടവുകാരുടെ കുട്ടിയെപ്പറ്റി വാര്‍ത്ത വരുമ്പോഴും ഇസ്രായേലി ഇരകളുടെ കുടുംബങ്ങള്‍ വേദനിക്കുന്നു എന്നാണ്.

“പലസ്തീനിയന്‍ തടവുകാര്‍ക്ക് പഠിക്കാന്‍ പറ്റും, നല്ല ഭക്ഷണം കിട്ടും, അതിനെല്ലാം പുറമെയാണ് പുതിയ ജീവിതത്തെപ്പറ്റിയുള്ള ഈ കഥ”, അയാള്‍ തുടരുന്നു.

എന്നാല്‍ ഹൂറിയയുടെ അമ്മയ്ക്ക് അവളുടെ ഭാവിയെപ്പറ്റി നല്ല പ്രതീക്ഷയാണ്.

“അവളെ സ്കൂളില്‍ അയക്കണം, അവള്‍ ഒരു വക്കീലായാല്‍ നമ്മുടെ തടവുകാര്‍ക്ക് വേണ്ടി വാദിക്കും. അവളുടെ ജീവിതം ഞങ്ങള്‍ അനുഭവിക്കുന്നതിനെക്കാള്‍ നന്നായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍