UPDATES

കേരളം

ചിരിപ്പിക്കാനൊരു ഓപ്പറേഷന്‍ കുബേര

സാജു കൊമ്പന്‍

ഈ അടുത്ത് വയനാട്ടില്‍ പോയപ്പോള്‍ അവിടത്തെ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ പറഞ്ഞതാണിത്. ഇവിടെ ചില സ്ത്രീകള്‍ കുടുംബശ്രീയില്‍ നിന്ന് ലോണെടുത്ത് വട്ടി പലിശയ്ക്ക് കടം കൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതില്‍ എത്രമാത്രം വസ്തുതയുണ്ടെന്ന് എനിക്കാന്വേഷിക്കാന്‍ പറ്റിയില്ല. സ്ത്രീകള്‍ പണം കൈകാര്യം ചെയ്യാന്‍ തുടങ്ങിയതില്‍ പുരുഷന്മാര്‍ക്കുള്ള അസൂയപ്പുറത്ത് പറഞ്ഞതാണോ എന്നും അറിയില്ല. എങ്കിലും നാട്ടിന്‍ പുറങ്ങളില്‍ 1000വും 2000വുമൊക്കെയായി കടം നല്‍കുന്ന അയല്‍പക്ക ബന്ധങ്ങള്‍ അവസാനിച്ചെന്നും അല്പസ്വല്പം പലിശയൊക്കെ വാങ്ങി കടം കൊടുക്കുന്നതില്‍ തെറ്റില്ലെന്നുമുള്ള തോന്നല്‍ പടര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഈടോ ഒപ്പിട്ട ബ്ലാങ്ക് പേപ്പറോ ഒന്നുമില്ലാതെ എല്ലാ ദിവസവും തമ്മില്‍ കാണുന്നവര്‍ എന്ന ഒറ്റ ഗ്യാരണ്ടിയിലാണ് ഈ കടം കൊടുപ്പ്. കടം വാങ്ങിക്കുന്നവന് ആരുടെയെങ്കിലും ഓശാരം പറ്റി എന്ന അഭിമാന ക്ഷതമില്ലാത്തത് കൊണ്ട് തന്നെ മാന്യമായ പണമിടപാടായിട്ടാണ് ഇതിനെ എല്ലാവരും കാണുന്നത്.

യഥാര്‍ഥത്തില്‍ ഇതിലെ സാമ്പത്തിക ക്രമക്കേടല്ല എന്നെ ഞെട്ടിച്ചത്. ഈ മനസികാവസ്ഥയാണ്. ഒരു വേലിക്ക് ഇരുപുറവും താമസിക്കുന്ന രണ്ടു പേര്‍ തമ്മില്‍ അയല്‍വക്ക ബന്ധത്തിനപ്പുറം കടം കൊടുക്കുന്നയാളും വാങ്ങിക്കുന്നയാളും എന്ന തരത്തിലേക്ക് ബന്ധം ചുരുങ്ങുന്നു എന്നതാണ് ഇതിന്‍റെ പരിണത ഫലം. എന്നെങ്കിലും അടവ് തെറ്റിയാല്‍ തുടങ്ങുകയായി നിലത്തില്‍ പോരും തെറിവിളിയും. പിന്നെ മധ്യസ്ഥമായി ഒത്തുതീര്‍പ്പായി അല്ലെങ്കില്‍ കയ്യാങ്കളിയും പോലീസ് കേസുമായി മാറും ഈ കടം കൊടുപ്പ്. എങ്ങനെയാണ് ഒരു നാടിന്‍റെ ക്രമസമാധാനം തകരാറിലാവുന്നത് എന്നതിന്‍റെ ഒരു ക്ലാസിക്കല്‍ എക്സാമ്പിള്‍.

 

തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതോടെ കൊള്ളപ്പലിശ സംഘത്തിന്‍റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരിക്കല്‍ കൂടി മാധ്യമങ്ങളുടെയും പോലീസിന്‍റെയും ശ്രദ്ധയില്‍ എത്തിയിരിക്കുന്നു. എല്ലാവരും പ്രതീക്ഷിക്കുന്ന ആദ്യ ദിവസ കോലാഹലങ്ങള്‍ ആരംഭിച്ചു. മാധ്യമങ്ങള്‍ ബ്ലേഡ് മാഫിയാ കഥകള്‍ക്കായി അച്ച് നിരത്തി. അവരുടെ രാഷ്ട്രീയ-പോലീസ് ബന്ധങ്ങള്‍ തെളിഞ്ഞു വന്നു. മുന്പ് സമാന സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തവരുടെ കഥകള്‍ കണ്ണീരൊലിപ്പിച്ചു. സാമൂഹ്യ നിരീക്ഷകരെയും പോലീസ് മേധാവികളെയും രാഷ്ട്രീയ നേതാക്കളെയും വിളിച്ച് ചാനലുകള്‍ രാചര്‍ച്ചകള്‍ സംഘടിപ്പിച്ചു.

പോലീസിനും ആവേശത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. ഓപ്പറേഷന്‍ കുബേര എന്ന് ഓമനപ്പേരിട്ട് അവര്‍ ഷൈലോക്ക്മാരെ തേടിയിറങ്ങി. 1035 കേന്ദ്രങ്ങള്‍ റെയ്ഡ്  ചെയ്തു. 75 പേരെ അകത്താക്കി. 50 ലക്ഷം രൂപയും ഈടായി വാങ്ങി വെച്ച രേഖകളും പിടിച്ചെടുത്തു. ഇവരെ കേരള പണമിടപാട് നിയമ പ്രകാരം മാത്രമല്ല ഗുണ്ടാ നിയമം ഉപയോഗിച്ചും ഇവരെ അകത്താക്കും എന്നാണ് പോലീസിന്‍റെ ഭീഷണി.
 

ഇത് കേട്ട പൊതുജനം ചിരിച്ചു. മറ്റൊന്നുമല്ല ഇതുപോലുള്ള മലപ്പുറം കത്തി പ്രയോഗം അവരെത്ര കണ്ടതാണ്. സ്കൂള്‍ ബസുകള്‍ ഓടുന്നത് എല്ലാ നിയമങ്ങളും പാലിച്ചിട്ടാണൊ എന്ന് പരിശോധിക്കപ്പെടുന്നത് അപകടമുണ്ടായി കുഞ്ഞുങ്ങള്‍ മരണപ്പെടുമ്പോഴാണ്. വ്യാജ സിദ്ധന്‍മാര്‍ നാട്ടില്‍ തട്ടിപ്പ് നടത്തി വിലസുന്നത് പോലീസ് അറിയുന്നത് ഏതെങ്കിലുമൊരുത്തന്‍ വല്ല കന്നം തിരിവും കാണിക്കുമ്പോഴാണ്. സന്തോഷ് മാധവന്‍ അറസ്റ്റിലായപ്പോള്‍ ഉണ്ടായ ഒച്ചപ്പാടുകള്‍ ഓര്‍ക്കുക. ശബരിനാഥും സരിത നായരുമൊക്കെ ഏതെങ്കിലും കാരണത്താല്‍ വെളിച്ചപ്പെടുമ്പോള്‍ മാത്രമേ നമ്മുടെ ഭരണകൂടവും പോലീസും ഇവരെയൊക്കെ കാണാറുള്ളൂ.

ഇന്നിപ്പോള്‍ മരണം നടന്ന് രണ്ടാം ദിനമായി. മാധ്യമങ്ങള്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളിലും അടുത്ത സര്‍ക്കാര്‍ ആരുടേതായിരിക്കുമെന്ന കവടി നിരത്തലിലും മുഴുകി കഴിഞ്ഞു. രണ്ട് ദിവസം കഴിഞ്ഞാല്‍ പൊതു തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ പൂര്‍ണ്ണമായും പൊതു സമൂഹവും മാധ്യമങ്ങളുടെയും ശ്രദ്ധ അതിലേക്കാവും. ഇതിനിടയില്‍ എത്ര കഴുത്തറപ്പന്‍മാര്‍ പിടിക്കപ്പെട്ടു, എത്ര കേസ് രജിസ്റ്റര്‍ ചെയ്തു എന്നൊക്കെ ആരന്വേഷിക്കാന്‍. മാസങ്ങള്‍ കഴിഞ്ഞ് ഒരു വിവരവകാശ ചോദ്യത്തിലൂടെ പുറത്ത് വരുന്ന വിവരങ്ങളായി ഇതെല്ലാം മാറും. അപ്പോഴേക്കും ചൂടുള്ള മറ്റേതെങ്കിലും പ്രശ്നത്തിന്‍റെ പിന്നാലെ ആയിരിക്കും പോലീസും മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ടികളും പൊതു സമൂഹവും.
 

നിയമം നടപ്പിലാക്കാന്‍ രക്തസാക്ഷികള്‍ വേണ്ടി വരുന്നത് ഭരിക്കുന്ന ഗവണ്‍മെന്‍റിന്റെ കഴിവ് കേടിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. നിയമം കര്‍ക്കശമാക്കുന്നതിനൊപ്പം ബാങ്കിംഗ് സംബന്ധിച്ച ചില നടപടി പരിഷ്ക്കാരങ്ങളാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. സഹകരണ മേഖല ശക്തമായ ചില വടക്കന്‍ ജില്ലകളില്‍ കൊള്ളപ്പലിശ വ്യാപകമല്ല എന്ന ഉദാഹരണം അവര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ കുടുംബശ്രീ മുതല്‍ സാമുദായിക സംഘടനകള്‍ വരെ നടത്തിവരുന്ന മൈക്രോ ഫിനാന്‍സ് യൂണിറ്റുകള്‍ സജീവമാകുന്നതും ഈ കൊള്ളപ്പലിശ വ്യാപനത്തെ തടയുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ മലയാളികളുടെ ആവിശ്യങ്ങള്‍ ഇത്തരം ചെറു സാമ്പത്തിക സംവിധാനങ്ങള്‍ക്കൊണ്ട് മാത്രം പരിഹരിക്കാന്‍ പറ്റുന്നതല്ല എന്നതാണ് യഥാര്‍ഥ്യം. കോടികള്‍ കടം വാങ്ങി ഷെയര്‍ മാര്‍ക്കറ്റിലും മണി ചെയിന്‍ സംഘങ്ങളുടെ കയ്യിലും ഇരട്ടിപ്പിക്കാന്‍ കൊടുക്കുന്ന മനസികാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ നിയമംകൊണ്ട് മാത്രം സാധിക്കില്ല. അതിനു വേണ്ടത് മനശാസ്ത്ര ചികിത്സ തന്നെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍