UPDATES

ഇന്ത്യ

ഗരീബി ഹഠാവോയില്‍ നിന്ന്‍ അബ് കി ബാര്‍ മോദിയിലേക്ക്

സന്തോഷ് കെ. ജോയി

 

ബാലറ്റുകള്‍ ഇപ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ സുരക്ഷിതമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പഴയകാലത്തെ ഇലക്ഷനുകളില്‍ നിന്നുള്ള ചില പ്രധാനമാറ്റങ്ങള്‍ വിശകലനം ചെയ്യാന്‍ പറ്റിയ സമയമാണിത്. 2014 പ്രചാരണകാലത്ത് നാം കണ്ട വലിയൊരു മാറ്റം മുദ്രാവാക്യങ്ങളും വോളന്റിയറിങ്ങും മള്‍ട്ടിനാഷണല്‍ കമ്പനികളുടെ പബ്ലിക് റിലേഷന്‍സ് പരിപാടികളായതും പണം കൊടുത്ത് നിറുത്തിയ ജോലിക്കാര്‍ കേഡര്‍മാരായി എത്തിത്തുടങ്ങിയതുമാണ്.

 

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഗതിതന്നെ മാറ്റിയതില്‍ മുദ്രാവാക്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 1971ലെ തെരഞ്ഞെടുപ്പില്‍ നെഹ്‌റു പാരമ്പര്യത്തിന്റെ പിന്‍ബലമില്ലാതെ പ്രധാനമന്ത്രിയാകാന്‍ ഇന്ദിരാഗാന്ധിയെ സഹായിച്ചത് ഒരു ഒറ്റവരി മുദ്രാവാക്യമാണ്. “ഗരീബി ഹഠാവോ”, ദാരിദ്ര്യം ഇല്ലാതാക്കൂ എന്ന്. കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ഈ രണ്ടുവാക്കുകള്‍ പാര്‍ട്ടികേഡര്‍മാര്‍ വീടുവീടാന്തരം കയറിയിറങ്ങി നേരില്‍ പറയുകയും പോസ്റര്‍ അടിക്കുകയും ചെയ്തു. ഇന്ദിരയെ അധികാരം തിരിച്ചുപിടിക്കാന്‍ ഈ മുദ്രാവാക്യം കുറച്ചൊന്നുമല്ല സഹായിച്ചത്. വളരെ ലളിതവും പ്രതീക്ഷതരുന്നതുമായ ഒരു മുദ്രാവാക്യമായതാണ് അതിന്റെ ഗുണമെന്ന് നിരീക്ഷകര്‍ പറയുന്നു. കേഡറിലുള്ളവര്‍ തന്നെ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഈ മുദ്രാവാക്യം വിജയിപ്പിക്കാന്‍ യാതൊരു കൃത്രിമ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയില്ല. “ഇന്ദിരാ ഹഠാവോ” എന്ന പ്രതിപക്ഷത്തിന്റെ നെഗറ്റീവ് പ്രചാരണത്തിന്റെ കടകവിരുദ്ധമായിരുന്നു ഇത് എന്നതും മുദ്രാവാക്യത്തിന്റെ ശക്തി കൂട്ടി. 

 

 

ചില വാക്കുകള്‍ വോട്ടര്‍മാരുടെ ഭാവനയെ ആകര്‍ഷിക്കുകയും ചിലവ എത്ര മികച്ചതാണെങ്കിലും വോട്ടറെ ആകര്‍ഷിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന് മനസിലാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുനോക്കി. അത്തരത്തില്‍ തോറ്റുപോയ ഒരു മുദ്രാവാക്യം വളരെ വിലയേറിയ “ഇന്ത്യ ഷൈനിംഗ്” ആണ്. അതിനുവേണ്ടി ധാരാളം പണവും അധ്വാനവും ചെലവായി എങ്കിലും പ്രചാരണം വിജയം കണ്ടില്ല. മുദ്രാവാക്യങ്ങളില്‍ കേഡറിന്റെ മാനസികാവസ്ഥയാണ് പ്രതിഫലിക്കേണ്ടത്, അല്ലാതെ മാര്‍ക്കറ്റിന്റെയൊ നേതാക്കളുടെയോ താല്‍പ്പര്യങ്ങളല്ല വിളിച്ച്പറയേണ്ടത് എന്നാണ് അതിനര്‍ത്ഥം.

 

ഇന്ത്യാ ഷൈനിംഗ് പരസ്യങ്ങളെ എതിരിടാന്‍ കോണ്‍ഗ്രസ് ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചത് 2004ലെ “കോണ്‍ഗ്രസ് കാ ഹാഥ് ഗരീബോം കെ സാഥ്” എന്ന മുദ്രാവാക്യമാണ്. കോണ്‍ഗ്രസിന്റെ ചിഹ്നം കൂടിയായ കൈ ദരിദ്രരുടെ കൂടെയാണ് എന്നാണ് അര്‍ഥം. നിയോലിബറല്‍ ചൂടില്‍ വലഞ്ഞ മനുഷ്യര്‍ ഇന്ത്യാ ഷൈനിംഗ് പരസ്യങ്ങളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞിരുന്നു. നഗര-ഗ്രാമവാസികളായ ദരിദ്രരാണ് കോണ്‍ഗ്രസിനെ എട്ടുവര്‍ഷത്തിനുശേഷം വീണ്ടും അധികാരത്തിലെത്തിച്ചത്.

 

മായാവതിയും കാന്‍ഷിറാമും ഉത്തര്‍പ്രദേശില്‍ ബിഎസ്പി വളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ കേഡറിന് വേണ്ടിയിരുന്നത് ദളിത്‌ വിഭാഗങ്ങള്‍ മറ്റുശക്തികളെ എതിരിട്ട് ഒരു വന്‍ശക്തിയായി ഒരുമിച്ചുനില്‍ക്കുമെന്ന ബോധ്യമായിരുന്നു. അവരുടെ മുദ്രാവാക്യമായ “തിലക്, തരാസു ഓര്‍ തല്‍വാര്‍ – ജൂത്തെ മാരോ ഇന്‍കോ ചാര്‍” അര്‍ത്ഥമാക്കിയത്, എല്ലാ മേല്‍ജാതിക്കാരെയും ഉപേക്ഷിക്കൂ എന്നാണ്. വെറുപ്പിന്റെയും അക്രമത്തിന്റെയും ഭാഷയുള്ളതുകൊണ്ട് ബിഎസ്പി ഈ മുദ്രാവാക്യം ഔദ്യോഗികമായി സ്വീകരിച്ചില്ല. എങ്കിലും കേഡറില്‍ ഈ മുദ്രാവാക്യം തീപോലെയാണ് പടര്‍ന്നത്. ബിഎസ്പി ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വരാന്‍ ഇത് സഹായകമായിരുന്നു. അധികാരത്തില്‍ എത്തിക്കഴിഞ്ഞപ്പോള്‍ മായാവതിക്കു തന്റെ ദളിത്‌ വോട്ട്ബാങ്കിനൊപ്പം മേല്‍ജാതി പിന്തുണയും വേണമെന്നു മനസിലായി. അവരുടെ ആഗ്രഹങ്ങള്‍ പുതിയ മുദ്രാവാക്യത്തിലും കാണാം. “ഹാഥി നഹി ഗണേഷ് ഹൈ, ബ്രഹ്മാവിഷ്ണുമഹേഷ്‌ ഹൈ”. ബിഎസ്പിയുടെ ചിഹ്നമായ ആന എല്ലാ ദൈവങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും എല്ലാവരും അവരോടൊപ്പം ചേരണം എന്നുമാണ് മുദ്രാവാക്യത്തിന്റെ സാരാംശം.

 

 

ബിജെപിയുടെ ആദ്യകാലത്ത് അത് ഹിന്ദിമേഖലയിലെ ഒരു ചെറിയ ശക്തി മാത്രമായിരുന്നപ്പോള്‍ അവരുടെ കേഡര്‍ പറഞ്ഞത് ഇങ്ങനെയാണ്, “അടല്‍, അദ്വാനി കമല്‍ നിഷാന്‍- മാംഗ് രഹാ ഹേ ഹിന്ദുസ്ഥാന്‍”. രാജ്യത്തിന് അടല്‍ ബിഹാരി വാജ്പേയിയെയും എല്‍കെ അദ്വാനിയെയും ബിജെപിയുടെ താമരയുമാണ്‌ ആവശ്യം എന്നായിരുന്നു അര്‍ഥം.

 

ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഹൈറെസല്യൂഷന്‍ പരസ്യങ്ങളും വാക്കുകള്‍ കൊണ്ടുള്ള കളികളും കൊണ്ട് പ്രചാരണത്തിന്റെ പള്‍സ് നിയന്ത്രിക്കാനാകില്ല. രാഷ്ട്രീയക്കാര്‍ക്ക് അവരുടെ ആശയങ്ങള്‍ വോട്ടര്‍മാരോട് പറയാനുള്ള ഉപകരണങ്ങളായാണ് പലപ്പോഴും മുദ്രാവാക്യങ്ങളെ കാണാറുള്ളത്. എന്നാല്‍ മുദ്രാവാക്യങ്ങളെ കേഡറുകളുടെയും രാജ്യത്തിന്റെയും വികാരത്തിന്റെ പ്രതിഫലനമായി ആരും കാണാറില്ല.

 

പ്രാദേശികപാര്‍ട്ടികള്‍ മുദ്രാവാക്യങ്ങളും വോളന്റിയര്‍മാരെയും ക്രിയാത്മകമായി ഉപയോഗിക്കുന്നത് ഇപ്പോഴും കാണാം. തൃണമൂല്‍ കോണ്‍ഗ്രസ് അവരുടെ “മാ, മതി, മാനുഷ്” (അമ്മ, മാതൃരാജ്യം, മനുഷ്യര്‍) എന്ന 2011ലെ മുദ്രാവാക്യവും അവരുടെ സാംസ്കാരികപ്രവര്‍ത്തകരും ചിത്രകാരും ഉള്‍പ്പെടുന്ന വലിയ ടീമുകളും ഒരു ഉദാഹരണമാണ്. മമതാ ബാനര്‍ജി അധികാരത്തില്‍ വന്ന ശേഷവും സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളുമൊക്കെ അവരുടെ ടീമിന്റെ ഭാഗമായി നിന്നു എന്നതും പ്രധാനമാണ്. കേരളത്തില്‍ പ്രത്യേകിച്ച് ഇടതുപക്ഷകേഡറുകളില്‍ മുദ്രാവാക്യങ്ങള്‍ രചിക്കാനും ഭംഗിയായി എഴുതാനും കഴിയുന്ന പ്രമുഖരായ ആളുകളുണ്ട്.

 

 

ഈ തെരഞ്ഞെടുപ്പില്‍ “അബ് കി ബാര്‍ മോദി സര്‍ക്കാര്‍” എന്നും “ഹര്‍ ഹാഥ് ശക്തി, ഹര്‍ ഹാഥ് തരാക്കി” എന്നും ഉള്ള പ്രധാനമുദ്രാവാക്യങ്ങള്‍ നിര്‍മ്മിച്ചതും പ്രചരിപ്പിച്ചതും മള്‍ട്ടിനാഷണല്‍ പിആര്‍ ഏജന്‍സികളാണ്. ഇത് പ്രചരിപ്പിക്കാനായി നൂറുകണക്കിന് ആളുകള്‍ ശമ്പളത്തോടെ ജോലിചെയ്യുന്നു. ഇവയൊക്കെ പ്രയോജനം ചെയ്തോ എന്നറിയണമെങ്കില്‍ ഫലം പുറത്തുവരണം. മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന ഈ പ്രചാരണത്തിനിടയിലും പ്രതീക്ഷ ജനിപ്പിക്കുന്നത് പുതിയ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയാണ്. വോളന്റിയറിസവും കേഡര്‍ മോബിലൈസേഷന്‍ ടെക്നിക്കുകളും അവര്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. കോളനികളില്‍ ഒരു ചെറിയ കൂട്ടം ഗായകര്‍ നടത്തുന്ന പ്രഭാതഭേരി മുതല്‍ കൈയ്യെഴുത്ത് നോട്ടീസുകള്‍ വരെ അവര്‍ക്കുണ്ട്. ഇതൊക്കെ ചെയ്യാനായി ജോലി ഉപേക്ഷിക്കാന്‍ വരെ ആളുകള്‍ തയ്യാറായി എന്നതൊരു ആശ്വാസമാണ്. എന്നാല്‍ അതും ഫലം കാണുന്നോ എന്നറിയാന്‍ റിസള്‍ട്ട് അറിയുന്നതുവരെ കാക്കേണ്ടിവരും.

 

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സന്തോഷ് കെ. ജോയ് ഇപ്പോള്‍ ഡല്‍ഹിയില്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ പ്രോഗ്രാം ആന്‍ഡ് റിസേര്‍ച്ച് ഓഫീസറാണ്)

 

സന്തോഷിന്റെ മറ്റൊരു ലേഖനം: ട്രിസ്കാഡെകഫോബിയ മോദിയെ വീഴ്ത്തുമോ? 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍