UPDATES

ഇന്ത്യ

കള്ളപ്പണത്തിന്റെ വോട്ടെടുപ്പ് വഴികള്‍

രമാ ലക്ഷ്മി (വാഷിങ്ങ്ടണ്‍ പോസ്റ്റ്)

നല്ല ചൂടുള്ള ഒരു ഉച്ചസമയത്ത് പോലീസ് ഓഫീസറായ ഹര്മീത് സിംഗ് ലുധിയാനയിലെ ഒരു ട്രാഫിക് ക്രോസിംഗ് വഴി കടന്നുപോകുന്ന വണ്ടികളെല്ലാം പരിശോധിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇലക്ഷന്‍ കാലമാണ്, അയാള്‍ പണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.കഴിഞ്ഞ രണ്ടുമാസത്തിനിടെ അധികൃതര്‍ 45മില്യന്‍ ഡോളറുകള്‍ അനധികൃത പ്രചാരണഫണ്ടായി കണ്ടെത്തിയിട്ടുണ്ട്. ശവവണ്ടികളിലും ആംബുലന്‍സുകളിലും ചോറുപൊതികളിലും ബസുകളില്‍ കണ്ട ബാഗുകളിലും ഒക്കെ സംശയാസ്പദമായ രീതിയില്‍ പണത്തിന്റെ കെട്ടുകള്‍ കണ്ടെത്തിയിരുന്നു.

അതുകൊണ്ടു ഒരു ചുവന്ന ആഡംബര എസ്യുവിയില്‍ പേടിച്ചരണ്ട നാലുചെറുപ്പക്കാരെ കണ്ടപ്പോള്‍ സിംഗ് റെഡിയായിരുന്നു. അയാള്‍ ഡാഷ്ബോര്‍ഡിലും ഡിക്കിയിലും ബാക്ക്സീറ്റിന്റെ അടിയിലും നോക്കി. അവിടെ അയാള്‍ രണ്ടു വലിയ ബാഗ് നിറയെ 33,000 ഡോളര്‍ പണമായി കണ്ടെത്തി. ബാങ്കിലേയ്ക്ക് അവരുടെ പണം നിക്ഷേപിക്കാന്‍ പോവുകയാണ് എന്നൊക്കെ അവര്‍ വാദിക്കാന്‍ ശ്രമിച്ചുവെങ്കിലും സിംഗ് അത് വിശ്വസിച്ചില്ല.വണ്ടിയുടെ വിന്‍ഡ്ഷീല്‍ഡില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്നവുമുണ്ടായിരുന്നു, സിംഗ് ഓര്‍ക്കുന്നു.

ദശാബ്ദങ്ങളായി ഇന്ത്യയിലെ സ്ഥാനാര്‍ഥികളില്‍ പലരും മദ്യവും പണവും മറ്റുസമ്മാനങ്ങളും നല്‍കിയാണ്‌ വോട്ടുകള്‍ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഈ തവണത്തെ ചൂടുപിടിച്ച ഇലക്ഷന്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഇലക്ഷനാണ്. പ്രചാരണകാലത്തെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്താന്‍ ഗവണ്‍മെന്‍റ് മുന്‍പില്ലാത്ത രീതിയില്‍ ശ്രദ്ധ കാണിക്കുന്നുണ്ട്.

“കള്ളപ്പണം കണ്ടെടുക്കാന്‍ പ്രത്യേക അന്വേഷണസംഘങ്ങളുണ്ട്‌, അവര്‍ ഹൈവേകളിലും ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും ഫാംഹൌസുകളിലും മിന്നല്‍പരിശോധനകള്‍ നടത്തുന്നു. കഴിഞ്ഞ ഇലക്ഷനെക്കാള്‍ 31 ശതമാനം കൂടുതല്‍ കള്ളപ്പണം പിടിച്ചെടുത്തുവെന്നാണ് ഇലക്ഷന്‍കമ്മീഷന്‍ പറയുന്നത്. അന്ന് കള്ളപ്പണം പിടിക്കാന്‍ ഇതുപോലെയുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നില്ല.

പണം പിടിച്ചെടുക്കുന്നത് കൂടാതെ തങ്ങള്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി സ്ഥാനാര്‍ഥികള്‍ ചെലവിടുന്ന പണം എത്രയാണെന്നും അവര്‍ അന്വേഷിക്കുന്നുണ്ട്. ഇന്ത്യ മുഴുവന്‍ ഈ സംഘം ഒരു റാലിയിലും മീറ്റിങ്ങിലും കസേരകളും ചായക്കപ്പുകളും ഉച്ചഭാഷിണികളും പൂമാലകളും ചെലവായതിന്‍റെ കണക്കെടുക്കുന്നുണ്ട്.

ഇലക്ഷനില്‍ പണത്തിന്റെ സ്വാധീനശക്തി ഇല്ലാതാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അത് ജനാധിപത്യത്തെ അമര്‍ച്ചചെയ്യുന്നു. അനധികൃതകള്ളപ്പണം ചില സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ എതിര്‍ സ്ഥാനാര്‍ഥികളുടെ മേല്‍ മേല്‍ക്കൈ നല്‍കുന്നുണ്ട്”, ഇലക്ഷന്‍ കമ്മീഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോനിട്ടറിംഗ് ഓഫീസിന്‍റെ തലവനായ പി കെ ദാസ് പറയുന്നു. ഈ ഓഫീസാണ് അന്വേഷണസംഘത്തെയും പോലീസ് ഓഫീസര്‍മാരെയും ലിക്കര്‍ ഇന്‍സ്പക്ടര്‍മാരെയും ടാക്സ് ഓഫീസര്‍മാരെയും നിയന്ത്രിക്കുന്നത്.

ഇലക്ഷന്‍ നിയമപ്രകാരം പാര്‍ലമെന്‍റിലേക്ക് മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിയും 116,000 ഡോളറില്‍ കൂടുതല്‍ പണം പ്രചാരണത്തിനു ചെലവിടാന്‍ പാടില്ല. എന്നാല്‍ ഒരു തവണ തന്നെ ബാംഗ്ലൂരില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് യാത്ര ചെയ്ത ഒരു ചെറുപ്പക്കാരന്റെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്തത് 1.3 മില്യന്‍ ഡോളറാണ്. ഒരു ആഭരണക്കടയ്ക്കുവേണ്ടിയാണ് താന്‍ പണം കടത്തിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. എന്നാല്‍ ആ ആഭരണക്കടയുടമ ഒളിവിലാണ് എന്നാണ് ഹൈദരാബാദിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ സിവി ആനന്ദ് അറിയിച്ചത്.

ഇന്ത്യയില്‍ പ്രചാരണകാലത്ത് കൂടുതല്‍ സംഖ്യയില്‍ പണം കയ്യില്‍ വയ്ക്കുന്നത് കുറ്റകരമാണ്. അല്ലെങ്കില്‍ പണം കൈവശമുള്ളയാളിന് കൃത്യമായ രേഖകള്‍ ഉണ്ടാവണം. ഇന്ത്യന്‍ സ്ഥാനാര്‍ഥികള്‍ സ്ഥിരമായി അവരുടെ പരസ്യ-യാത്രാചെലവുകള്‍ കുറച്ചാണ് കണക്കില്‍ കാണിക്കാറുള്ളത്. അത് മാത്രമല്ല വോട്ടര്‍മാര്‍ക്ക് പണവും ഒപ്പം ടിവി, മിക്സി, സാരി എന്നിവയൊക്കെ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചും നിയമം തെറ്റിക്കാറുണ്ട്‌. 

ഇലക്ഷന്‍ നിയമങ്ങളും പരിശോധനകളും അത്ര ഊര്‍ജിതമല്ലായിരുന്നത് കൊണ്ട് അവര്‍ രക്ഷപെട്ടിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് സാമ്പത്തികനിയമങ്ങള്‍ ലംഘിച്ചതിന് ഇലക്ഷന്‍ കമ്മീഷന് സ്ഥാനാര്‍ഥികളെ അയോഗ്യരാക്കാന്‍ അധികാരമുണ്ടെങ്കിലും ഇതിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ ശിക്ഷിക്കപ്പെട്ടത് വളരെ കുറച്ചുമാത്രമാണ്.

2010ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ രൂപീകരിക്കപ്പെട്ട ഈ അന്വേഷണസംഘങ്ങള്‍ പറയുന്നത് ഇതുവരെയുള്ള അവരുടെ ശ്രമങ്ങള്‍ വിജയകരമായിരുന്നുവെന്നാണ്. സ്ഥാനാര്‍ഥികളുടെ മനസ്സില്‍ പേടി ജനിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് ദാസ് പറയുന്നത്.

എന്നാല്‍ സ്ഥാനാര്‍ഥികളും കൂടുതല്‍ വിദഗ്ധരായി മാറിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഈയടുത്ത് ഒരു രാഷ്ട്രീയപാര്‍ട്ടി വോട്ടര്‍മാര്‍ക്ക് സമ്മാനമായി കൊടുത്തത് പേനകളാണ്, അതില്‍ ആയിരം രൂപയുടെ നോട്ട് ചുരുട്ടിവെച്ചിരുന്നുവെന്ന് മാത്രം. തമിഴ്നാട്ടില്‍ തന്നെ പണം കൊണ്ടുനടക്കുന്നത് ഒഴിവാക്കാനായി വോട്ടര്‍മാര്‍ക്ക് നല്‍കുന്നത് ട്രെയിന്‍ടിക്കറ്റുകളും മറ്റുമാണ്.

മധ്യവര്‍ഗ്ഗ ഇന്ത്യക്കാര്‍ ഇലക്ഷന്‍ കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്ന ആവശ്യമുന്നയിച്ചുതുടങ്ങിയപ്പോഴാണ് അനധികൃത പ്രചാരണസംഖ്യയ്ക്കെതിരെയുള്ള നീക്കം തുടങ്ങിയത്. ഇന്ത്യയില്‍ ഇലക്ഷന്‍കാലത്ത് സംഭവിക്കുന്ന ഒരു പ്രധാനപ്രശ്നം അഴിമതിയാണ്. കൂട്ടുഗവണ്‍മെന്‍റുകള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി ക്ലീന്‍ ഭരണത്തിന്റെ റെക്കോര്‍ഡുമായി പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന ബിജെപിയുടെ നരേന്ദ്രമോഡിയുടെ മുന്നില്‍ തോല്‍ക്കുമെന്നാണ് അഭിപ്രായവോട്ടെടുപ്പുകള്‍ പറയുന്നത്.

പല സ്ഥാനാര്‍ഥികളും ലാവിഷായ പ്രചാരണത്തിനായി സ്വന്തം പണം തന്നെയാണ് ഉപയോഗിക്കുന്നത്. ഇത്തവണത്തെ പാര്‍ലമെന്‍ന്ററി സ്ഥാനാര്‍ഥികളില്‍ കാല്‍ഭാഗമെങ്കിലും കോടീശ്വരന്‍മാരാണ്. അഞ്ചില്‍ ഒരാളെങ്കിലും ക്രിമിനല്‍ കേസുകള്‍ ഉള്ളയാളാണ്. ഇന്ത്യയില്‍ ഇതത്ര അസ്വാഭാവികമല്ല. ഇത്തരം ക്രിമിനലുകളെ ജയിപ്പിക്കുന്നതിന് ഗ്രാമത്തലവന്മാര്‍ വോട്ടര്‍മാരെ നിര്‍ബന്ധിക്കാറുണ്ട്, വോട്ടിന് അവര്‍ക്ക് ചിലപ്പോഴൊക്കെ പണവും കിട്ടാറുണ്ട്. അന്വേഷണസംഘത്തിന്റെ ശ്രമങ്ങള്‍ ഉണ്ടായിട്ടും ഈ പണത്തിന്റെ ഒഴുക്ക് തടയാന്‍ വന്‍തടസങ്ങളാണ് ഉള്ളത്.

ഗ്രാമീണ ഇന്ത്യയില്‍ ചെക്കുകളുടെയും ക്രെഡിറ്റ് കാര്‍ഡുകളുടെയും ഉപയോഗം വളരെകുറവാണ്, ഇപ്പോഴും പണമിടപടുകളാണ് അവിടെ പ്രധാനം. ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോവുകയാണ് എന്നും മറ്റും പറഞ്ഞുകൊണ്ട് തടിതപ്പുന്ന ആളുകളെ സ്ഥിരം കാണാമെന്ന് ദാസ്‌ പറയുന്നു.

മറ്റൊരു പ്രശ്നം പണം ചെലവിടുന്നതില്‍ പരിധിയുള്ളത് സ്ഥാനാര്‍ഥിക്കാണ്, പാര്‍ട്ടിക്കല്ല എന്നതാണ്. പാര്‍ട്ടികള്‍ അവരുടെ ചെലവു കണക്കുകള്‍ ബോധിപ്പിക്കേണ്ട അവസ്ഥ വരുന്നില്ല എന്നതും ഒരു പ്രശ്നമാണ് എന്ന് ഡെമോക്രാറ്റിക് റിഫോംസ്  അസോസിയേഷന്‍ അംഗമായ ജഗ്ദീപ് ചോക്കാര്‍ പറയുന്നു. “ആരാണ് ഈ നിയമങ്ങള്‍ മാറ്റുക? രാഷ്ട്രീയക്കാരോ? ഇവ മാറ്റുന്നത് അവര്‍ക്ക് ഇഷ്ടപ്പെടുമോ?”, അദ്ദേഹം ചോദിക്കുന്നു. “സത്യത്തില്‍ ജയിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളെപ്പറ്റി അവര്‍ തീരെ നാണമില്ലാതെ സമ്മതിച്ചുവരുന്ന അവസ്ഥയെത്തിയിരിക്കുകയാണ്.”. 

കള്ളപ്പണം പിടിച്ചെടുക്കുന്നതിന്റെ പലരും സ്വാഗതം ചെയ്യുന്നുണ്ട്. “കള്ളപ്പണം പിടിച്ചെടുക്കുന്നത് നല്ലതാണ്”, ലുധിയാനയില്‍ കണ്‍സ്ട്രക്ഷന്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന രോഹിത് കുമാര്‍ പറയുന്നു. “എന്നാല്‍ ഇത് മഞ്ഞുമലയുടെ അറ്റം മാത്രമല്ലെ എന്നാണ് എന്റെ സംശയം.” 

ഇലക്ഷന്‍ ചെലവുപരിശോധിക്കുന്നതും കുറച്ചു കടന്നുപോകുന്നുവെന്നാണ് ചില രാഷ്ട്രീയക്കാര്‍ കരുതുന്നത്. ഉദാഹരണത്തിനു ഈയടുത്ത് ഇലക്ഷന്‍ ലഡ്ഡുവിനെപ്പറ്റിയുണ്ടായ വിവാദം. പഞാബില്‍ സ്ഥാനാര്‍ഥിയുടെ തൂക്കത്തില്‍ ലഡ്ഡു എടുക്കുകയും അത് ഗ്രാമത്തിലുള്ളവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു ഇലക്ഷന്‍ പതിവുണ്ട്. എന്നാല്‍ ഇത്തവണ അന്വേഷണസംഘം വന്നു ഓരോ ലഡ്ഡുവും എണ്ണി അതിന്റെ വിലവിവരം രേഖപ്പെടുത്തി. ശിരോമണി അകാലിദള്‍ പാര്‍ട്ടിഅംഗങ്ങള്‍ പറയുന്നത് ഒരേ ലഡ്ഡു തന്നെയാണ് ഓരോ ഗ്രാമത്തിലും കാണിക്കുന്നത് എന്നാണ്. ഇതിനുബദലായി ലഡ്ഡു അപ്പോള്‍ തന്നെ ആളുകള്‍ തിന്നുന്നതിന്റെ വീഡിയോയാണ് അന്വേഷണസംഘം കൊണ്ടുവന്നത്.

“ഇലക്ഷന്‍ കമ്മീഷന്‍ ഇത്തിരി കടന്നു പോകുന്നുണ്ട്, ഇത് ശരിക്കും കഷ്ടമാണ്.”, ശിരോമണി അകാലിദളിന്റെ യുവജനവിഭാഗം തലവനായ പരമ്പന്‍സ് റൊമാന പറയുന്നു.

എന്നാല്‍ ഇതോടെ സ്ഥാനാര്‍ഥിയുടെ തൂക്കത്തില്‍ ലഡ്ഡു വിതരണം ചെയ്യുന്ന രീതി എന്തായാലും സ്ഥാനാര്‍ഥികള്‍ തന്നെ നിറുത്തി എന്നാണ് അധികൃതര്‍ പറയുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍