UPDATES

കേരളം

മുല്ലപ്പെരിയാറില്‍ പൊളിയുന്നത് ആരുടെ വാദങ്ങള്‍? – സിആര്‍ നീലകണ്ഠന്‍

സി.ആര്‍ നീലകണ്ഠന്‍
 
മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതി വിധി കേരളത്തെ  ഞെട്ടിച്ചുവെന്നും സുപ്രീം കോടതിയിലെ ഏമാന്‍മാര്‍ക്ക് പ്രാഥമികമായ സത്യങ്ങള്‍ പോലും മനസിലാകാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും മറ്റും പല രാഷ്ട്രീയ നേതാക്കളും പറയുന്നതു കേട്ടാല്‍ അതു സത്യമാണെന്ന് പെട്ടെന്ന് നമുക്ക് തോന്നും. ഹരീഷ് സാല്‍വയെപ്പോലുള്ള പ്രമുഖര്‍ വാദിച്ചിട്ടും നമ്മള്‍ തോറ്റു തൊപ്പിയിട്ടതെങ്ങനെയെന്നും ചിലര്‍ അത്ഭുതം കൂറുന്നു. അച്ചടിഭാഷയില്‍ വളരെ ലളിതമായി കാര്യങ്ങള്‍ അവതരിപ്പിച്ച് ജനങ്ങളെ കൈയിലെടുക്കുന്ന ‘പ്രേമചന്ദ്രന്‍ മന്ത്രി’യെപ്പോലുള്ളവര്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണിങ്ങനെ? ഇതിന്റെ കാരണങ്ങള്‍ പലതായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം, ഉദ്യോഗസ്ഥരുടേയും വിദഗ്ധരുടേയും (പ്രത്യേകിച്ച് കേന്ദ്ര വകുപ്പുകളിലെ) പക്ഷപാതിത്ത (തട്ടെ മുതലായവര്‍ ഉദാഹരണങ്ങള്‍), തമിഴ്‌നാടിന്റെ സ്വാധീനം, അഴിമതി…. ഇതിനെല്ലാം പുറമെ സുപ്രീം കോടതി ജഡ്ജിമാരുടെ മനുഷ്യത്വമില്ലായ്മ… കാരണങ്ങള്‍ ഇങ്ങനെ നീളുന്നു. 
 
120 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട്  ഉറപ്പുള്ളതാണെന്ന് സുപ്രീം കോടതി പറയുന്നതെങ്ങനെ? ഇത്ര പഴക്കമുള്ള അണക്കെട്ടുകള്‍ ലോകത്തെത്രയെണ്ണമുണ്ട്? പഴയ സാങ്കേതിക വിദ്യയല്ലേ ഇതിന് ഉപയോഗിച്ചിരിക്കുന്നത്? അണക്കെട്ടില്‍ നിരവധി വിള്ളലുകളുള്ളതായി കണ്ടിട്ടുണ്ടല്ലോ? അണക്കെട്ടിന്റെ തകരാറ്, അതിനുണ്ടാകാവുന്ന തകര്‍ച്ച, ഇടുക്കി ജല സംഭരണിയേയും തകര്‍ത്ത് നാലു ജില്ലകളിലെ 40 ലക്ഷം പേരുടെ ജീവന്‍ കൊണ്ടുപോകാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ടു തന്നെ അത്തരമൊരു വിധി തെറ്റല്ലേ? ഇതെല്ലാം സാധാരണ മനുഷ്യര്‍ക്കുണ്ടാകാവുന്ന  സംശയങ്ങളാണ്. 
 
എന്നാല്‍ ഈ തര്‍ക്കത്തിന്റെ യഥാര്‍ഥ വശങ്ങളും കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളും കോടതിക്കു മുമ്പാകെ വച്ച തെളിവുകളും വച്ചാണല്ലോ വിധിയുണ്ടാവുക. സത്യത്തേക്കാള്‍ തെളിവും നിയമത്തിന്റെ വ്യാഖ്യാനങ്ങളുമാണ് കോടതി വിധി നിര്‍ണയിക്കുന്നത് എന്നതൊരു രഹസ്യമല്ല. കൊലപാതകം ന്യായാധിപന്‍ നേരില്‍ കണ്ടാലും പ്രതി ശിക്ഷിക്കപ്പെടണമെന്നില്ല. അതേ ന്യായാധിപന്‍ സാക്ഷിക്കൂട്ടില്‍ കയറി നിന്ന് മൊഴി കൊടുത്ത്, മൊഴി സംശയരഹിതമായി കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ അയാള്‍ ശിക്ഷിക്കപ്പെടുകയുള്ളൂ. ഈ കേസില്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ഇരുകക്ഷികളും (കേരളവും തമിഴ്‌നാടും) അവതരിപ്പിച്ച തെളിവുകളും വാദങ്ങളും എന്തായിരുന്നു? ആരുടെ പക്ഷത്താണ് ശരിയെന്ന് കണ്ടെത്താന്‍ ഈ തെളിവുകളെയാണോ കോടതി ആശ്രയിച്ചത്? അതിനുമപ്പുറം സ്വാധീനം കോടതിവിധിയില്‍ പ്രതിഫലിക്കുന്നുണ്ടോ? നമുക്കൊന്ന് പരിശോധിക്കാം.
 
110 വര്‍ഷം (2006-ല്‍) പഴക്കമുള്ള ഒരു അണക്കെട്ടിനു താഴെ ജീവിക്കുന്ന ലക്ഷങ്ങളുടെ ജീവന് അടിയന്തര ഭീഷണിയുണ്ടെന്നതാണെല്ലോ കേരളത്തിന്റെ പ്രധാന വാദം. ഇത് കോടതിയെ സമര്‍ഥമായി ബോധ്യപ്പെടുത്താനായോ? ഒറ്റവാക്കില്‍ പറയട്ടെ, ഇല്ല. നമുക്ക് കോടതിയുടെ പക്ഷത്തുനിന്ന് ഒന്നു പരിശോധിക്കാം. അണക്കെട്ടിന് ഭീഷണിയുണ്ടെന്ന കാര്യം എപ്പോഴാണ് കേരളം കോടതിയെ അറിയിച്ചത്? അതെത്രത്തോളമുണ്ടെന്നാണ് അറിയിച്ചത്? ഇതാണ് തുടക്കം. 
 
 
2006 ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍ നിന്ന് ഒരു വിധിയുണ്ടായപ്പോഴാണ് കേരളം ഈ വിഷയത്തില്‍ ‘ഇടപെടാന്‍’ തീരുമാനിച്ചത്. നിലവിലുള്ള 136 അടി ജലനിരപ്പ് (1979-ല്‍ നിശ്ചയിച്ചതനുസരിച്ച് കുറച്ചത്) 142 അടിയാക്കാന്‍ ആയിരുന്നു കോടതി തീരുമാനം. ഈ സമയതതാണ് കേരളം ഡാം സുരക്ഷാ നിയമം എന്നറിയപ്പെടുന്ന നിയമഭേദഗതി തിരക്കിട്ട് പാസാക്കിയത്. അതിനര്‍ഥം 136 അടിവരെ ജലനിരപ്പുണ്ടായാലും ഡാമിനൊരു കുഴപ്പവുമില്ലെന്ന് കേരളം അംഗീകരിക്കുന്നു എന്നല്ലേ? 136 അടിയില്‍ കൂടിയാല്‍ അണക്കെട്ടിന് അപകമാകുമെന്നുമാണ് 2006 മാര്‍ച്ചില്‍ നിയമസഭ പാസാക്കിയ നിയമത്തില്‍ പറയുന്നത് എന്നുമോര്‍ക്കുക. ഫലത്തില്‍ 142 അടിയായി ഉയര്‍ത്തിയതിനെയാണ് കേരളം മറികടക്കാന്‍ ശ്രമിച്ചത്. 136-ല്‍ കൂടിയാല്‍ മാത്രമാണ് അപകടമെന്നു പറയാന്‍ എന്തുതെളിവാണ് കേരളത്തിന്റെ കൈവശമുള്ളത്? ഇപ്പോഴും 136 അടിയായി നിലനിര്‍ത്തണമെന്നാണ് കോടതി പറഞ്ഞിരുന്നതെങ്കില്‍ കേരളം ‘വിജയിക്കു’മായിരുന്നോ? അതെങ്ങനെ 40 ലക്ഷം പേരുടെ സുരക്ഷ ഉറപ്പാക്കും? 
 
സുരക്ഷാ നിയമവും ഒന്നു പരിശോധിച്ചു നോക്കാം. 110 വര്‍ഷം പഴക്കമുള്ള അണക്കെട്ട് കുഴപ്പമാണ് എന്ന് അതുവരെ തോന്നാതിരുന്നത് എന്തുകൊണ്ടാണ്? കോടതിവിധി വരുന്നതിനുമുമ്പ് ആ നിയമം പാസാക്കാന്‍ നാം ചിന്തിക്കാതിരുന്നതാണ് സുപ്രീം കോടതിയെ ഏറെ പ്രകോപിപ്പിച്ചത്. വിധി -അതും രണ്ടു സംസ്ഥാനങ്ങളെ ബാധിക്കുന്ന കേസിലെ വിധി – മറികടക്കാന്‍ ഒരു സംസ്ഥാന നിയമസഭ പെട്ടെന്നൊരു ദിവസം നിയമം ഉണ്ടാക്കിയതു തന്നെ ഭരണഘടനാ വിരുദ്ധമല്ലേ? 2005-ല്‍ അണക്കെട്ടിന് (109 വയസ്) കുഴപ്പമില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം അത് അപകടകരമാകുന്നത് എങ്ങനെ? അങ്ങനെയാണെന്നു കണ്ടെത്തിയ ഏതു പഠനമാണ് നമ്മുടെ മുന്നിലുള്ളത്? (ഈ അണക്കെട്ട് സുരക്ഷാ നിയമത്തിലാകട്ടെ, കേരളത്തിലെ മറ്റൊരു അണക്കെട്ടിനെപ്പറ്റിയും മിണ്ടുന്നുമില്ല.)
 
ഇതിനേക്കാള്‍ വിചിത്രമായിരുന്നു കേരളം ആവശ്യപ്പെട്ട പുതിയ അണക്കെട്ട് എന്ന പ്രശ്‌നപരിഹാരം. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഒരു ഭാഗം മുക്കിക്കൊണ്ട് ഇത്തരമൊരു അണക്കെട്ട് നിര്‍മിക്കാന്‍ എങ്ങനെ പാരിസ്ഥിതികാനുമതി കിട്ടും തുടങ്ങിയ കടമ്പകള്‍ തത്കാലം മറക്കാം. എന്നാലും ലളിതമായ ചില സംശയങ്ങളുണ്ട്. എന്തിനാണ് ഒരു പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന് കേരളം തമിഴ്‌നാടിനോട് പറയുന്നത്? വാസ്തവത്തില്‍ കേരളത്തിന്റെ ഭൂമി പാട്ടത്തിനെടുത്ത് അവര്‍ ഒരു അണക്കെട്ട് നിര്‍മിച്ചിരിക്കുകയല്ലേ? അണക്കെട്ട് അവരുടെ ആവശ്യമാണ്. എന്നാല്‍ കേരളം ഇതു പറഞ്ഞതോടെ നാം പൂര്‍ണ പ്രതിരോധത്തിലായി. ഇപ്പോള്‍ പാട്ടക്കരാറിലുള്ള സ്ഥലത്താവില്ല പുതിയ അണക്കെട്ട് എന്നു തീര്‍ച്ച. അപ്പോള്‍ ഇതിനു നിലവിലുള്ള 999 വര്‍ഷത്തെ കരാര്‍ ബാധകമാകില്ല. പ്രശ്‌നം ലളിതം. പുതിയ കരാറായിരിക്കും പുതിയ അണക്കെട്ടിന്. ഇതു സമ്മതിക്കാന്‍ തമിഴ്‌നാട്ടുകാര്‍ നമ്മെപ്പോലെ മണ്ടന്മാരല്ല. ഇപ്പോള്‍ അവര്‍ക്ക് അനുകൂലമായ, ശേഷിക്കുന്ന 870 വര്‍ഷത്തെ കരാര്‍ ഉപേക്ഷിക്കാന്‍ അവര്‍ തയാറാകുന്നത് എന്തിനാണ്? പുതിയ കരാര്‍ എന്തായാലും ഇതിന്റെ പത്തിലൊന്നു കാലത്തേക്കു പോലുമുണ്ടാകില്ലല്ലോ. ഈ നിര്‍ദേശം തമിഴ്‌നാട് അംഗീകരിക്കില്ലെന്ന് അറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. തമിഴ്‌നാടിന്റെ വാദം മറികടന്ന് പുതിയ അണക്കെട്ട് നിര്‍മിച്ചോളാന്‍ സുപ്രീം കോടതി പറയുമോ? മാത്രവുമല്ല, പുതിയ അണക്കെട്ട് സ്ഥാപിക്കപ്പെടാന്‍ (എത്രയൊക്കെ ഇളവുകള്‍ ആരൊക്കെ നല്‍കിയാലൂം) ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും വേണം. അതായത് അണക്കെട്ട് പൊട്ടുമെന്ന് ഭീതി പരത്തുന്നവര്‍ക്ക് അത്രയും കാലം ആശ്വാസം നല്‍കാന്‍ കഴിയില്ലല്ലോ. ഈ അണക്കെട്ട് തകരില്ലെന്ന് കേരളം തന്നെ ഉറപ്പു നല്‍കുകയല്ലേ ഇതുവഴി ചെയ്യുന്നത്? ഒരു വീട് അല്ലെങ്കില്‍ മതില്‍ തകരാറിലായാല്‍ പുതിയതൊന്ന് നിര്‍മിക്കുന്നതു പോലെയല്ല അണക്കെട്ട് എന്നര്‍ഥം. ചുരുക്കത്തില്‍ 136 അടിയില്‍ പത്തുവര്‍ഷത്തേക്ക് ഈ അണക്കെട്ടിന് ഒരു കുഴപ്പവുമില്ലെന്ന് ഉറപ്പു നല്‍കിയത് തമിഴ്‌നാടല്ല; കേരളമാണ് എന്നര്‍ഥം. ഇവിടെയാണ് രാഷ്ട്രീയ നേതാക്കളുടെ കാപട്യം വെളിവാക്കുന്ന കഥകള്‍ നാം അന്വേഷിക്കേണ്ടത്. 
 
അണക്കെട്ട് ഇത്ര അപകടരമായ അവസ്ഥയിലാണെങ്കില്‍ അതിലെ ജലനിരപ്പ് അപകടരഹിതമാം വിധം 120 അടിയെങ്കിലുമാക്കി കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ലെന്നോര്‍ക്കുക. കാവേരി ജലതര്‍ക്കത്തിനിടയില്‍ കര്‍ണാടകം ഒരു നിര്‍ദേശം വച്ചു. കോടതിയും ട്രിബ്യൂണലും പറയുന്നത്ര ജലം തമിഴ്‌നാടിന് നല്‍കാം. പക്ഷേ അതിന്റെ സംഭരണി തമിഴ്‌നാട്ടിലായിരിക്കണം. എന്നു പറഞ്ഞാല്‍ മുല്ലപ്പരിയാറിലെ ജലനിരപ്പ് താഴ്ത്തിക്കൊണ്ട് താഴെ തമിഴ്‌നാട്ടില്‍ ചെറിയ നിരവധി സംഭരണികള്‍ ഉണ്ടാക്കുക. ചെലവ് വളരെ കുറവും അപകടം തീരെ ഒഴിവാകുന്നതുമായ ഈ നിര്‍ദേശം തമിഴ്‌നാട് അഗീകരിച്ചാലും കേരളം അംഗീകരിക്കില്ലെന്നതാണ് നാമറിയാത്ത ഞെട്ടിക്കുന്ന സത്യം. ജനങ്ങളുടെ ജീവനാണ് പ്രധാനമെങ്കില്‍ ഈ ചര്‍ച്ച നടത്തുകയും ജലനിരപ്പ് 100-120 അടിയാക്കിയാലും അതു താഴേക്കു കൊണ്ടുപോകാന്‍ കനാലാണെല്ലേ നിര്‍മിക്കുകയെന്ന പരിഹാര നിര്‍ദേശം ഇപ്പോഴത്തെ സുപ്രീം കോടതി വിധിയിലുണ്ട്. (ഈ ലേഖകന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രഫ. സി.പി റോയി ഉന്നയിച്ച ടണല്‍ നിര്‍ദേശം അവതരപ്പിക്കുകയും വിധിയില്‍ ആ നിര്‍ദേശം ചര്‍ച്ച ചെയ്യണമെന്ന് സുപ്രീം കോടതി പറയുകയും ചെയ്തിട്ടുണ്ട്.) ഇക്കാര്യം മുഖ്യമന്ത്രിക്കും മുല്ലപ്പെരിയാര്‍  വിദഗ്ധനാായ പ്രേമചന്ദ്രനും അറിയാത്തതാണോ? 
 
ഈ ചോദ്യത്തിന്റെ ഉത്തരം തേടിച്ചെല്ലുമ്പോഴാണ് ഒരു കൊടിയ ജനവഞ്ചനയുടെ ചുരുളഴിയുന്നത്. പുതിയ ഡാം വന്നാലും വന്നില്ലെങ്കിലും ജനസുരക്ഷ ഉറപ്പാക്കാന്‍ ‘തീവ്രശ്രമം’ നടത്തുന്നുവെന്ന് അവകാശപ്പെടുന്ന നേതാക്കള്‍ നടത്തുന്ന കപട നാടകമാണിതെന്നു കാണുക. എന്തിനാണ് മുല്ലപ്പെരിയാര്‍ില്‍ 136 അടി ജലം വേണമെന്ന് കേരളം പറയുന്നത്? അതില്‍ താഴ്ന്നാല്‍ കുമളിയിലെ ടുറിസം – ബോട്ടിംഗ്- തകര്‍ന്നു പോകും. ഒരു ചാനല്‍ ചര്‍ച്ചയില്‍ എന്‍.കെ പ്രേമചന്ദ്രന് ഇതു സമ്മതിക്കേണ്ടി വന്നു. അതിനര്‍ഥം ജനങ്ങളുടെ ജീവനുള്ള ഭീഷണിയേക്കാള്‍ പ്രധാനമാണ് തേക്കടി ടൂറിസം. (തേക്കടി തടാകമെന്ന് നാം പറയുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് എന്നറിയാത്തവര്‍ ചിലരെങ്കിലും ഉണ്ടായേക്കാം). ഇതു കൊണ്ടാണ് 136 അടിവരെ ജലം നിലനിര്‍ത്തിയാല്‍ 999 വര്‍ഷം വരെയും അണക്കെട്ട് നിലനില്‍ക്കുമെന്ന് കേരളം കരുതിയത്- 2006 വരെ. 
 
1979 വരെ 142 അടിയായിരുന്ന ജലനിരപ്പ് താഴ്ത്തി 136 അടിയാക്കിയപ്പോള്‍ അണക്കെട്ടിന്റെ എല്ലാ ഭാഗത്തുമായി കുറെ ഭൂമി പുറത്തുവന്നു. 30 വര്‍ഷം കൊണ്ട് പലയിടത്തും സ്വാഭാവിക വനം വളര്‍ന്നുവന്നു. കേരളത്തിന്റെ വാദങ്ങളിലെ മറ്റൊരു വൈരുദ്ധ്യം കൂടി പറയാം. 136 അടിയില്‍ നിന്ന് 142 അടിയാക്കിയാല്‍ ഈ വനഭൂമി മുങ്ങിപ്പോകും, ജൈവവൈവിധ്യം നശിക്കും എന്നു കേരളം സത്യവാങ്മൂലം നല്‍കി. ഇതേ കേരളം തന്നെ ഏറെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പെരിയാര്‍ കടുവാ സങ്കേതത്തിന്റെ നല്ലൊരു ഭാഗം മുക്കിക്കളയുന്ന പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നും നിര്‍ദേശിക്കുന്നു. ഇതിന്റെ പിന്നിലെ തട്ടിപ്പ് തുറന്നുകാട്ടാന്‍ തമിഴ്‌നാടിന് വളരെ എളുപ്പം കഴിഞ്ഞു. 
 
എന്നാല്‍ 142 അടിയാക്കി ഉയര്‍ത്തുന്നതു കൊണ്ട് യഥാര്‍ഥ നഷ്ടമുണ്ടാകുന്നവരുണ്ട്. അത് കുമളിയിലെ കൈയേറ്റക്കാരാണ്. 30 വര്‍ഷം മുമ്പ് ജലനിരപ്പ് 136 അടിയാക്കിയപ്പോള്‍ കുമളിയില്‍ പുറത്തുവന്ന ഭൂമി കുറെ പ്രമാണിമാര്‍ ഇതിനകം കൈയേറിക്കഴിഞ്ഞു. അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങഴും നടത്തി. പുതിയ സുപ്രീം കോടതി വിധിയോട് പ്രതികരിക്കുമ്പോള്‍ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ അറിയാതെ പറഞ്ഞു പോയി, ജലനിരപ്പ് 142 അടിയായാല്‍ കുമളി പാതിയും മുങ്ങുമെന്ന്. എന്താണ് ഇതിന് അര്‍ഥം? 1979 വരെ ജലത്തിന് അടിയിലായിരുന്ന ഭൂമി കുറെപ്പേരുടെ കൈയിലായിരിക്കുന്നു. ഒരുകാര്യം നിയമപരമായിത്തന്നെ പറയട്ടെ. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിവരെ ഉയര്‍ന്നാലും വെളളം നില്‍ക്കുന്ന (മുങ്ങിപ്പോകുന്ന) ഭൂമി തമിഴ്‌നാടിന്റെ കൈവശമിരിക്കുന്ന പാട്ടഭൂമിയാലാണ് എന്നതാണാ നിയമസത്യം. ഇതു തമിഴ്‌നാടിന് നന്നായി അറിയാം. വെള്ളം ശേഖരിക്കാന്‍ മാത്രമേ അതുപയോഗിക്കാവൂ എന്നതിനാലാണ്, ഇതുവരെ കൈയേറ്റങ്ങളെ കുറിച്ച് അവര്‍ പരാതിപ്പെടാതിരുന്നത്. എന്നാല്‍ സുപ്രീം കോടതി വിധി വന്നതോടെ ജലനിരപ്പ് ഒരൊറ്റ ദിവസമെങ്കിലും 142 അടിയാക്കിയാല്‍ കുമളിയിലെ കൈയേറ്റക്കാര്‍ ഒന്നും മിണ്ടാതെ പുറത്തിറങ്ങേണ്ടി വരും. ഈ കൂട്ടരെ നാം സംരക്ഷിക്കാന്‍ മറ്റൊരു വഴിയുമില്ലെന്നതിനാലാണ് രാഷ്ട്രീയ നേതാക്കള്‍ ഈ നാടകം കളിക്കുന്നത്. ജലം 136 അടിയില്‍ എന്നും നിന്നുകിട്ടിയാല്‍ ഇവിടുത്തെ ടൂറിസം, കൈയേറ്റ ലോബികള്‍ക്ക് സുഖം. ഈ പ്രശ്‌നം പുറത്തുപറയാന്‍ കഴിയാത്തതിനാലാണ് ‘മുല്ലപ്പെരിയാര്‍ ഉടനെ പൊട്ടും’  തുടങ്ങിയ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ രംഗത്തിറക്കി ഗൂഡലക്ഷ്യം നേടാന്‍ ശ്രമിക്കുന്നത്. പെട്ടെന്ന് പൊട്ടുന്ന ഡാം എന്ന വിശ്വാസം ഇവര്‍ക്കാര്‍ക്കുമില്ല. ഉണ്ടായിരുന്നെങ്കില്‍ പുനരധിവാസത്തിനോ ഏറ്റവും കുറഞ്ഞത് ദുരന്തനിവാരണത്തിനോ വേണ്ടി ‘എന്തെങ്കിലും’ ചെയ്യുമായിരുന്നു. 
 
 
ഇതില്‍ നിന്നു നമുക്കൂഹിക്കാം. ഈ അണക്കെട്ടിന് തത്കാലം ഒരു ഭീഷണിയുമില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ ഇത് തുറന്നു പറയാന്‍ ഇവര്‍ക്ക് ധൈര്യമില്ല. മുല്ലപ്പെരിയാറില്‍ അപകട ഭീഷണിയുണ്ടെന്ന് സ്ഥാപിക്കാന്‍ എന്ന പേരില്‍ കേരളം സമര്‍പ്പിച്ച റൂര്‍ക്കി, ദില്ലി ഐ.ഐ.ടി റിപ്പോര്‍ട്ടുകള്‍ എത്രമാത്രം ദുര്‍ബലമാണെന്നറിയാന്‍ സുപ്രീം കോടതി വിധി തന്നെ വായിക്കണം. 6.8 റിച്ചര്‍ സ്‌കെയിലില്‍ ഭൂചലനമുണ്ടായാല്‍ ഇതു തകര്‍ന്നേക്കാം എന്നാണ് റൂര്‍ക്കിയുടെ കണ്ടെത്തല്‍. ഒന്നാമതായി ഈ രണ്ടു പഠനങ്ങളും കേരളം ‘സ്വന്തമായി’ (പണം കൊടുത്ത്) നടത്തിയതാണെന്നത് പോകട്ടെ. 6.8 റിച്ചര്‍ സെ്കയിലില്‍ ഈ പ്രദേശത്തൊരിക്കലും ഭൂചലനമുണ്ടായതായി തെളിവില്ല. ഇനിയുണ്ടാകില്ലെന്ന് പറയാനാകില്ല. എന്നാല്‍ അതുണ്ടായാല്‍ തന്നെ ഇടുക്കി, ചെറുതോണി, കുളമാവ് അടക്കം നിരവധി അണക്കെട്ടുകള്‍ ജില്ലയില്‍ തന്നെയുണ്ട്. അവയൊന്നും തകരില്ലെന്ന് ഉറപ്പ് ആര്‍ക്കുണ്ട്? ആര് പഠനം നടത്തിയിട്ടുണ്ട്? (സാധാരണ ജനങ്ങള്‍ പറയുന്നതു പോലെ എന്തായാലൂം സായിപ്പിന്റെ കാലത്തെ നിര്‍മാണ രീതി- അതിലെ അഴിമതിരാഹിത്യമടക്കം- ഇന്നുണ്ടാകാന്‍ സാധ്യതയുമില്ല.)
 
ഇതുപോലെ ദില്ലി ഐ.ഐ.ടി പറയുന്നത് അത്യധികം ശക്തമായ, (700 മി.മി തോതില്‍) ഒരൊറ്റ ദിവസം മഴപെയ്താല്‍ ഇതു കവിഞ്ഞൊഴുകും എന്നാണ്. കവിഞ്ഞൊഴുകലാണ് ഇത്തരമൊരു (ഗ്രാവിറ്റി) അണക്കെട്ടിന്റെ അന്ത്യം. ചുരുക്കത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളുണ്ടായാല്‍ മാത്രം അണക്കെട്ടിന് അപകടമുണ്ടാകുമെന്നാണ് കേരളം സുപ്രീം കോടതിയില്‍ നല്‍കിയ വിദഗ്ധ പഠനങ്ങള്‍ പോലും പറയുന്നത്. പിന്നാരാണ് 40 ലക്ഷം ജനങ്ങളുടെ ജീവന്‍ ഏതുസമയത്തും നഷ്ടപ്പെടാമെന്ന് സുപ്രീം കോടതിയെ ബേധ്യപ്പെടുത്തിയത്? മറിച്ച് കേന്ദ്ര സര്‍ക്കാരിന്റെയടക്കം വിദഗ്ധരും ഉന്നതാധികാര സമിതിയുമെല്ലാം സമര്‍ഥിച്ചത്, ശക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചത്, അണക്കെട്ടിന് യാതൊരു ഭീഷണിയുമില്ലെന്നാണ്. 
 
എന്നാല്‍ ഈ വിധി നല്‍കുന്ന ‘ഉറപ്പ്’ എത്രമാത്രം വിശ്വസനീയമാണ്? ഒരിക്കലും ഇതിനെ ആശ്രയിച്ച് താഴേത്തട്ടില്‍ ജീവിക്കുന്ന ജനതയ്ക്ക് രാത്രി കിടന്നുറങ്ങാനാകില്ല. അതുകൊണ്ടു തന്നെ അവര്‍ നടത്തുന്ന സമരം ന്യായമാണ്. എന്നാല്‍ അതില്ലാതാക്കാന്‍ ഒരിക്കലും വരാത്ത  പുതിയ അണക്കെട്ട് തുടങ്ങിയ കപട പരിഹാരങ്ങള്‍ പോരാ. 136 അടിയെന്ന ‘മാന്ത്രിക സൂചി’ ആദ്യം ഉപേക്ഷിക്കണം. (ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ വിഷയത്തിന്റെ മറ്റൊരു ആവര്‍ത്തനം തന്നെയാണ് ഇവിടെയും നടക്കുന്നത്. അവിടെ ജനങ്ങള്‍ക്കിടയില്‍ ഇല്ലാത്ത ഭീതി പരത്തി കൈയേറ്റ-പാറമട മാഫിയകള സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ഇവിടെ കുമളിയിലെ കൈയേറ്റക്കാരേയും). പക്ഷേ ഇവിടെ ഭീഷണി സാങ്കല്‍പ്പികമല്ല. ഇതു പരിഹരിക്കാന്‍ രാഷ്ട്രീയമായിത്തന്നെ ശ്രമിക്കണം. ‘തമിഴ്‌നാടിന് നമ്മള്‍ വെള്ളം കൊടുക്കാമെന്നു പറഞ്ഞതാണെല്ലോ’, ‘പിന്നെന്താണ് അവര്‍ക്ക് വേണ്ടത്’ തുടങ്ങിയ വിഡ്ഡിചോദ്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുത്. ഇപ്പോള്‍ അവര്‍ ‘എടുക്കുന്ന’ വെള്ളം നാളെ നാം ‘കൊടുക്കുന്ന’ വെള്ളമായാല്‍ അതിന്റെ പിന്നിലെ ‘ജലതന്ത്രം’ തിരിച്ചറിയാന്‍ തമിഴ്‌നാടിന് കഴിയും, മലയാളിക്ക് മനസിലായില്ലെങ്കിലും. മറിച്ച് നിങ്ങള്‍ക്ക് സ്വന്തം വെള്ളം കൊണ്ടുപോകന്‍ യാതൊരു തടസവും ഉണ്ടാകില്ലെന്നും കരാറിലൊന്നും മാറ്റവും ഉണ്ടാകില്ലെന്നും മറിച്ച് ഭീഷണി ഒഴിവാക്കാന്‍ നിങ്ങള്‍ സംഭരണിയുണ്ടാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കേണ്ടത്. ഇതു രണ്ടുസംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമല്ല, രണ്ടു ജനതകള്‍ തമ്മിലലുള്ള ഐക്യമായി മാറ്റാന്‍ കഴിയുന്നതാണ് ശരിയായ രാഷ്ട്രീയ പരിഹാരം. ഇരുകൂട്ടര്‍ക്കും സമ്മതമാണെങ്കില്‍ നിരവധി പരിഹാര സാധ്യതകളുണ്ട്. 
 
ഇതിനു തമിഴ്‌നാടിനെ പ്രേരിപ്പിക്കുക എളുപ്പമല്ല. പ്രത്യേകിച്ചും പ്രാദേശിക കക്ഷികള്‍ തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന സ്ഥലമാണ് എന്നതും പ്രശ്‌നമാണ്. പ്രശ്‌നം പ്രാദേശിക കക്ഷികളുടേത് മാത്രമല്ല, പ്രധാനമന്ത്രിക്കോ സുപ്രീം കോടതി ജഡ്ജിമാര്‍ക്കോ ഇതു മനസിലാക്കാനോ പരിഹാരം നിര്‍ദേശിക്കാനോ കഴിയില്ലെന്ന് പരാതി പറയുന്ന കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം, സി.പി.ഐ എന്നീ ദേശീയ കക്ഷികളുടെ അഖിലേന്ത്യാ നേതാക്കള്‍ക്ക് ഒരു നിലപാടെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ മറുപടി പറയേണ്ടതല്ലേ? 
 
 
സോണിയാ ഗാന്ധി, നരേന്ദ്ര മോദി, പ്രകാശ് കാരാട്ട്, എ.ബി ബര്‍ദാന്‍ എന്നിവര്‍ ഈ വിഷയത്തില്‍ സ്വന്തം പാര്‍ട്ടികളുടെ രണ്ടു സംസ്ഥാന ഘടകങ്ങളെ വിളിച്ചിരുത്തി ചര്‍ച്ച നടത്താന്‍ തയാറാകുമോ? ഇവിടെയാണ് രാഷ്ട്രീയ കക്ഷികളുടെ രാഷ്ട്രീയ പരാജയം നാം കാണുന്നത്. സുപ്രീം കോടതിയുടെ പുതിയ വിധിയെ ആദ്യം സ്വാഗതം ചെയ്തത് സി.പി.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയാണ്. പിന്നെ വി.എസ് അച്യുതാനന്ദന്‍ എന്തു പറഞ്ഞിട്ടെന്ത് ഫലം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത് പി. ചിദംബരത്തിന് മനസിലാകുന്നില്ല!? 
 
ഇവിടെയാണ് യഥാര്‍ഥ ‘ജനകീയ രാഷ്ട്രീയം’ ഉയര്‍ന്നു വരേണ്ടത്. ഒരു ചെറിയ സമീപന രീതി ഇവിടെ സൂചിപ്പിക്കട്ടെ. കേരളവും തമിഴ്‌നാടും തമ്മില്‍ നിരവധി ജലകൈമാറ്റ കരാറുകളുണ്ട്. പി.എ.പി, നെയ്യാര്‍, ശിരുവാണി… എന്നിങ്ങനെ. ഇവയൊന്നും കഴിഞ്ഞ പതിറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ളവയല്ല. വല്ലാതെ വരള്‍ച്ച വന്നാല്‍ പാലക്കാട്ടെ കര്‍ഷകര്‍ക്ക് കരഞ്ഞ് കുറച്ചു വെള്ളം തമിഴ്‌നാട് തന്നാലായി. കേരളത്തിലെ ഭരണാധികാരികള്‍ക്ക് നട്ടെല്ല് ഉണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ നദീജല കരാറുകള്‍ പുതുക്കുന്നതിന് ചര്‍ച്ചകളാരംഭിക്കണം. ഇതുവഴി തമിഴ്‌നാടിനെ ഒരു മേശക്കു ചുറ്റും കൊണ്ടുവരാനാകും. അതോടൊപ്പം, മുല്ലപ്പെരിയാര്‍ വിഷയവും ചര്‍ച്ചയ്ക്ക് വരുത്തണം. പക്ഷേ, പറഞ്ഞു കേള്‍ക്കുന്നതെല്ലാം ശരിയാണെങ്കില്‍ കേരളത്തിന്റെ വെള്ളം തമിഴ്‌നാടിന്  വിറ്റ് (കള്ളത്തരത്തില്‍) ധാരാളം പണം സമ്പാദിച്ച നിരവധി നേതാക്കള്‍ കേരളത്തിലുണ്ട്. അങ്ങനെയാണെങ്കില്‍ ഇതൊന്നും നടക്കില്ല. ഇതെല്ലാം തുറന്നുകാട്ടാന്‍ ജനകീയ സമരങ്ങള്‍ക്കു കഴിയുമോ? സമരങ്ങളെ തങ്ങളുടെ വരുതിയിലാക്കി തകര്‍ക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ മിടുക്കറിയാം. എങ്കിലും അതിനെയെല്ലാം മറികടന്ന് കേരളത്തില്‍ നിരവധി സമരങ്ങള്‍ വിജയിച്ചിട്ടുണ്ടെന്ന ഒരറിവ് നമുക്കുണ്ടാകണം. പ്ലാച്ചിമടയും വിളപ്പില്‍ശാലയും വളന്തക്കാടും എക്‌സ്പ്രസ് ഹൈവേയുമെല്ലാം…!
 
വാല്‍ക്കഷ്ണം: മുല്ലപ്പെരിയാര്‍ ഭീഷണി ഒഴിവാക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് കേരളം തീരുമാനിച്ചാല്‍ മതി. 50 വര്‍ഷത്തിലധികം പഴക്കമുള്ള അണക്കെട്ടുകള്‍ അടച്ചു പൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കുന്നുണ്ട് ആ റിപ്പോര്‍ട്ട്. പക്ഷേ 40 ലക്ഷം പേര്‍ മരിച്ചാലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടില്ലല്ലോ! 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍