UPDATES

സോറി, യുവർ ഓണർ

“No, no, we are not satisfied, and we will not be satisfied until justice rolls down like waters, and righteousness like a mighty stream.”
Martin Luther King, Jr.

കെ ജെ ജേക്കബ് 

പൊന്നുതമ്പുരാന്മാർ കല്ലേപ്പിളർക്കുന്ന കൽപനകളെഴുതുന്ന കാലം കഴിഞ്ഞു. ഇപ്പോൾ ന്യായാധിപന്മാരാണ് ആ പണി ചെയ്യുന്നത്. തങ്ങൾക്കു മുൻപിൽ വരുന്ന തർക്കങ്ങളിൽ നിയമത്തിന്റെയും നീതിബോധത്തിന്റെയും പിൻബലത്തിൽ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഓരോ വിധിന്യായവും അവർ എഴുതുന്നത് എന്നാണ് നമ്മുടെ വിശ്വാസം. അങ്ങുദൂരെയുള്ള ചെങ്കൽക്കെട്ടിടത്തിലിരുന്നു കുറച്ചുപേർ എടുക്കുന്ന തീരുമാനം രാജ്യത്തിന്‌ മുഴുവൻ ബാധകമാകുന്നതും നിയമ നിർമ്മാണ-നിർവ്വാഹക വിഭാഗങ്ങൾക്ക് മേൽ ജുഡീഷ്യൽ റിവ്യൂ എന്ന തത്വം അംഗീക്കരിക്കപ്പെടുന്നതും അതുകൊണ്ടുതന്നെ. 

മുല്ലപ്പെരിയാർ ഡാമിന്റെ പേരിൽ കേരളവും തമിഴ്നാടും തമ്മിലുള്ള കേസിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തലവനായുള്ള അഞ്ചംഗ ബഞ്ച് കേരളത്തിന്റെ നെഞ്ച് പിളർക്കുന്ന ഒരു വിധി എഴുതിയിരിക്കുകയാണ്. ഈ വിധിയിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്.

1. മഹാരാജാവും തമിഴ്നാടും തമ്മിൽ ഒപ്പുവച്ച കാക്കത്തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് വർഷത്തേക്കുള്ള കരാർ വളരെ നിയമ സാധുതയുള്ളതാണ്.
2. പെരിയാർ അന്തർ സംസ്ഥാന നദിയാണ്. 
3. വേറെ ഡാം പണിയാം എന്ന ഓഫർ കൈയിൽ വച്ചാൽ മതി. തമിഴ്നാട് സമ്മതിച്ചാൽ ആലോചിക്കാം.
4. ഡാം സുരക്ഷ നിയമത്തിന്റെ മുല്ലപ്പെരിയാറിനെ ബന്ധപ്പെട്ടുള്ള ഭാഗം ഭരണഘടനയ്ക്ക് വിരുദ്ധമാണ്. 
5. ഡാം സുരക്ഷിതമാണ്.
6. അങ്ങിനെ അല്ലെന്നുള്ള കേരളത്തിന്റെ യാതൊരു സാധുതയുമില്ലത്ത ഭയം നിമിത്തം ഒരു മൂന്നംഗ സമിതി സുരക്ഷ പരിശോധിക്കണം. 

ഇതിൽ, ഡാം സുരക്ഷിതമല്ല എന്ന വാദം കേരളം കുറെക്കാലമായി ഉന്നയിക്കുന്നതാണ്. ഇടുക്കിയിൽ വെള്ളം കിട്ടുന്നില്ല എന്ന് കണ്ടപ്പോൾ സാക്ഷാൽ ലീഡർ കരുണാകരൻ ഇറക്കിയ ഒരു നമ്പരായിരുന്നു അതെന്നു കുബുദ്ധികൾ പറയും. സംസ്ഥാനം കൈയിൽനിന്ന് കാശുമുടക്കി  നിയമിച്ച പല കമ്മിറ്റികളും ഡാം ഇപ്പോൾ വീഴും എന്ന മട്ടിൽ റിപ്പോർട്ട്‌ കൊടുത്ത് കിട്ടിയ കാശിനു നന്ദി കാണിച്ചിട്ടുണ്ട്. പി ജെ ജോസഫ് അതോർത്തു ഉറങ്ങാതിരുന്നിട്ടുണ്ട്. എന്നാൽ വിചിത്രമെന്നു പറയട്ടെ, സുപ്രീം കോടതി നിയമിച്ച വിദഗ്ധസമിതി, കേരളത്തിലെ അംഗമടക്കം, ഈ വാദം തള്ളിയിരുന്നു. സ്വതന്ത്രമായ മറ്റു റിപ്പോർട്ടുകൾ ഇല്ലാത്തതുമൂലം കോടതിയുടെ കണ്ടെത്തൽ അംഗീകരിക്കാനാണ് എനിക്ക് താൽപ്പര്യം.

ഇനി കാര്യത്തിലേയ്ക്ക് കടക്കാം. തിരുവിതാംകൂർ മഹാരാജാവും തമിഴ്നാടിനുവേണ്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റും തമ്മിൽ 1886-ൽ ഒപ്പുവച്ച 999 വർഷത്തെ കരാർ നിയമസാധുതയുള്ളതാണെന്ന കണ്ടെത്തൽ എന്നെ ശരിക്കും ഞെട്ടിച്ചു. കാരണം ആ കണ്ടെത്തൽ സമർത്ഥിക്കാൻ സുപ്രീം കോടതി ഉപയോഗിച്ച ന്യായങ്ങൾ എത്ര ആലോചിച്ചിട്ടും എന്റെ പഴ ബുദ്ധിയ്ക്ക് പിടികിട്ടുന്നില്ല. ഉള്ളത് പറഞ്ഞാൽ അവ ഏകപക്ഷീയവും ആർബിട്രറിയും ആയാണ് എനിക്ക് തോന്നിയത്. 

എന്താണ് ബഹുമാനപ്പെട്ട കോടതിയുടെ ന്യായം? 

ഇന്ത്യയിൽനിന്ന് പോകുമ്പോൾ നമ്മുടെ രാജാവിനെപ്പോലെ കാലിലെ മണ്‍തരികൂടെ തട്ടിക്കളഞ്ഞിട്ടു വേണം പോകാൻ എന്ന്  ബ്രിട്ടീഷുകാർ നിശ്ചയിച്ചിരുന്നു. പിന്നെ കേസും കൂട്ടവുമായി നടക്കാൻ വയ്യ. അതിനായി, ഇന്ത്യയ്ക്ക് സ്വാതന്ത്യം നൽകാൻ കൊണ്ടുവന്ന ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിൽ ഒരു വകുപ്പ് എഴുതിച്ചേർത്തു. സെക്ഷൻ 7. അത് പ്രകാരം അന്നുവരെ ബ്രിട്ടീഷ് ചക്രവർത്തി നാട്ടുരാജാക്കന്മാരുമായുണ്ടാക്കിയ എല്ലാ കരാറുകളും (പദപ്രയോഗം ശ്രദ്ധിക്കണം: എല്ലാ കരാറുകളും: all treaties and agreements in force at the date ) അസാധുവായി പ്രഖ്യാപിച്ചു. ചില്ലറ വകുപ്പുകളിൽ ഒഴിവു കൊടുത്തു; കാരണം ട്രെയിൻ ഓടണം, ഫോണ്‍ വിളിക്കണം എന്നിങ്ങനെ കുറച്ചു സാങ്കേതിക പരിപാടികൾ. നിയമത്തിൽ പ്രത്യേകം പറയുകയും ചെയ്തു: customs, transit and communications, posts and telegraphs, or other like matters…) 
(പാര:44)  

അതായത് സാധാരണ നാം മനസ്സിലാകുന്ന വിധത്തിൽ, എല്ലാ കരാറും അസാധുവാകും, മുല്ലപ്പെരിയാർ കരാർ അടക്കം. പക്ഷെ കോടതിയ്ക്ക് അത് എന്തുകൊണ്ടോ സമ്മതമല്ല; പകരം ഒരു പുതിയ വ്യവസ്ഥ സ്വന്തമായി അവതരിപ്പിക്കുന്നു: 
 “In our opinion, the word “all” is not intended to cover the agreements which are not political in nature.” 

അതായത് ‘എല്ലാം’ എന്ന് പറഞ്ഞാൽ ‘എല്ലാമല്ല’. ‘പൊളിറ്റിക്കൽ’ എന്ന വകുപ്പിൽ വരുന്ന കരാറുകൾ മാത്രമേ ‘എല്ലാം’ വകുപ്പിൽ വരൂ, അസാധുവാകൂ. മുല്ലപ്പെരിയാർ കരാർ ആ ഗണത്തിൽ വരില്ല എന്നും, അത് ഒരു സാധാരണ കരാർ ആണെന്നും കോടതി പണ്ടേ കണ്ടെത്തിയിരുന്നു പോലും. 

അപ്പോൾ കരാർ സാധുവാണ്‌!

ഇനി എന്താണ് ഈ ‘പൊളിറ്റിക്കൽ’? വിധിയിൽ പ്രത്യേകിച്ചു നിർവ്വചനം ഒന്നും തരുന്നില്ല! 

നിയമം വ്യാഖ്യാനിക്കുക എന്നത് കോടതിയുടെ അവകാശമാണ്, ജോലിയുമാണ്. പക്ഷെ നിയമം കൃത്യമായി വ്യവസ്ഥ ചെയ്യുന്ന കാര്യങ്ങളിൽ സ്വന്തം വിശദീകരണം നൽകാൻ കോടതിയ്ക്ക് അവകാശമുണ്ടോ? 1947-ലെ നിയമത്തിൽ ഇല്ലാത്ത “പൊളിറ്റിക്കൽ” എന്ന ഒരു സംജ്ഞ സ്വന്തമായി അവതരിപ്പിച്ചു, അതിനെ സ്വന്തമായി നിർവ്വചിച്ചു, ആ നിർവ്വചനത്തിന്റെ കീഴിൽ 1886-ലെ കരാർ വരുമോ വരില്ലയോ എന്ന് വ്യാഖ്യാനിച്ചും ആണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. അത് നിയമപരമായി ശരിയാണോ? 

ഒന്നും പുരിയലേ, യുവർ ഓണർ!  

അത്ഭുതങ്ങൾ അവിടെയും അവസാനിക്കുന്നില്ല. 

മുൻപ് ചില ‘സാങ്കേതിക കാര്യങ്ങൾ’ പറഞ്ഞില്ലേ.  ടെലഗ്രാഫ്, കസ്റ്റംസ്…? ആ വിഷയങ്ങളിലുള്ള കരാറുകൾ അസാധുവാകാനുള്ള വ്യവസ്ഥകളും 1947-ലെ നിയമത്തിൽ പറഞ്ഞിട്ടുണ്ട്. “ഞാൻ അത്തരം കരാറുകളെ മൊഴി ചൊല്ലുന്നു” എന്ന് സ്ഥലത്തെ ഭരണാധികാരി ഉത്തരവിറക്കിയാൽ അവയും അസാധുവാകും. (… the provisions in question are denounced by the ruler of the Indian State ).  

ഇത് വായിച്ചിട്ടുണ്ടായിരുന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമ വർമ്മയും അദ്ദേഹത്തിന്റെ  ദിവാൻ സർ സി പി യും വേണ്ടപോലെ ചെയ്തു. എല്ലാ കരാറുകളും റദ്ദാക്കിയതായി പറഞ്ഞ് ഒരുത്തരവിറക്കി. ബുദ്ധിമാനായിരുന്ന സി പി അവിടെയും നിർത്തിയില്ല, വൈസ്റോയിയെക്കണ്ട് ഇക്കാര്യം, മുല്ലപ്പെരിയാർ കരാറിന്റെ കാര്യം പ്രത്യേകമായും,  പറഞ്ഞു. 1947- ൽ നടന്ന ഈ കാര്യങ്ങൾ ജഡ്ജ്മെന്റിന്റെ ആദ്യഭാഗത്ത് കോടതി തന്നെ ലിസ്റ്റ് ചെയ്യുന്നുണ്ട്. അവ ഇപ്രകാരമാണ്: 

On 18.07.1947, a bulletin was issued by the Maharaja of Travancore State denouncing all agreements. (പാര: 42.1) 
On 22.07.1947, the Dewan of Travancore is said to have stated in his notes submitted to the Maharaja that in his discussion with the Viceroy, he had unequivocally denounced the 1886 Lease Agreement and that the Viceroy had accepted the good sense underlying the denouncement. (പാര: 42.2)

അതായത്, എല്ലാ കരാറുകളും ഉപേക്ഷിക്കുന്നു എന്ന് മഹാരാജാവ് പറഞ്ഞിരുന്നു എന്നും, 1886-ലെ കരാർ ഉപേക്ഷിക്കുന്നു എന്ന കാര്യം വൈസ്രോയിയോട് പ്രത്യേകം പറഞ്ഞിരുന്നു, അദ്ദേഹം അത് അംഗീകരിച്ചു എന്ന് ദിവാന്റെ നോട്ടിൽ പറയുന്നു എന്നും കോടതി അംഗീകരിക്കുന്നു.  

ഇത് പറഞ്ഞ കോടതി വിധിയിൽ എന്താണ് പറയുന്നത് എന്നു നോക്കൂ: 
“We do not think that the bulletin issued on 18.07.1947 clearly or finally denounced the 1886 Lease Agreement.”(പാര: 50) 

നടന്നു എന്ന് കോടതി തന്നെ അംഗീകരിച്ച ഒരു സംഭവത്തെ വിധിന്യായത്തിൽ കോടതി തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു!  

എന്ന സാർ ഇത്?

എന്നിട്ടും തീർന്നില്ല.

1947-ലെ നിയമം പ്രാബല്യത്തിലാകുന്നതിനു മുൻപാണ് മൊഴി ചൊല്ലൽ നടന്നത്. അതുകൊണ്ട് കരാര് ഒരു കാരണവശാലും അസാധു ആകില്ല എന്നായി കോടതി! 

അതായത് ഉത്തമാ, 
കരാർ പൊളിറ്റിക്കൽ ആണെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല, അതുകൊണ്ട് അസാധുവല്ല എന്ന് ആദ്യം പറഞ്ഞു.
മഹാരാജാവ് കരാറിനെ മൊഴി ചൊല്ലിയത് വേണ്ടത്ത്ര ഉറക്കെയാണെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. അതുകൊണ്ട് അസാധുവല്ല എന്ന് പിന്നെ പറഞ്ഞു.
മഹാരാജാവ് പറഞ്ഞത് വേണ്ട സമയത്തല്ല, അതുകൊണ്ട് അസാധുവല്ല എന്ന് പിന്നേം പറഞ്ഞു.

യുവർ ഓണർ, നിങ്ങൾ കൂടുതൽ വിശദീകരിക്കുന്നുണ്ടോ എന്നൊരു സംശയം. 

വിദേശികളും രാജാക്കന്മാരും ദിവാന്മാരും മന്ത്രിമാരും ജഡ്ജിമാരും ഒക്കെ കേരളത്തിന്റെ കേസെടുക്കുമ്പോൾ, കാര്യങ്ങൾ തീരുമാനിക്കുമ്പോൾ സ്വന്തം ഭാഗം ന്യായീകരിക്കാൻ മലയാളികൾ ഇനി എന്ത് ചെയ്യണം?

നീതി വെള്ളം പോലെയും ന്യായം കുതിച്ചൊഴുകുന്ന പുഴപോലെയുമാകുന്ന നാളിനുവേണ്ടി നാമെത്ര നാൾ കാത്തിരിക്കണം?  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍