UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

നടുവൊടിഞ്ഞ രൂപ

വളരെ പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യന്‍ രൂപ ഇപ്പോള്‍. രൂപയുടെ മൂല്യത്തകര്‍ച്ച എന്തുകൊണ്ട് എന്ന ചോദ്യം വ്യാപകമായി ഉയരുന്നുമുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകരുന്നത് കൊണ്ട് എന്നതാണ് ഇതിനുള്ള ശരിയായ ഉത്തരം. രുപയുടെ മൂല്യത്തകര്‍ച്ചയും സമ്പദ് വ്യവസ്ഥയും പരസ്പരപൂരകങ്ങളാണ്. സമ്പദ്‌വ്യവസ്ഥ തകരുമ്പോള്‍ രൂപയും രൂപ തകരുമ്പോള്‍ സമ്പദ്‌വ്യവസ്ഥയും തകരുമെന്നത് കേവല സാമ്പത്തിക നിയമമാണ്. ആ തകര്‍ച്ച സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും എന്നത് കൊണ്ടുതന്നെ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും പരിഹാരം കാണേണ്ടതുമായ വിഷയവുമാണ്. 
 
ഇന്ത്യയുടെ വ്യാപാര കമ്മി അനുദിനം വര്‍ധിച്ചു വരുന്നു എന്നതാണ് അടിസ്ഥാന പ്രശ്‌നം. അതായത്, ഇറക്കുമതി വല്ലാതെ കൂടുന്നു. കയറ്റുമതി വര്‍ധിക്കുന്നുമില്ല കയറ്റുമതി നടക്കുമ്പോള്‍ ഡോളര്‍ ഇങ്ങോട്ട് വരും. ഇറക്കുമതി ചെയ്യുമ്പോള്‍ ഡോളര്‍ വിദേശത്തേക്ക് പോകും. ഇവ തമ്മിലുള്ള വ്യത്യാസമാണെല്ലോ വ്യാപാര കമ്മി. ഇത് കൂടുന്തോറും ഡോളറിന്റെ ഡിമാന്‍ഡും വര്‍ധിക്കും എന്നതിനാല്‍ രൂപയുടെ മൂല്യം കുറയും. രൂപയുടെ മൂല്യം തകരുന്നതോടെ ഇറക്കുമതി ചെലവ് വീണ്ടും വര്‍ധിക്കും എന്നതിനാല്‍ പ്രശ്‌നം ചാക്രികമായി തുടരും. സമ്പദ്‌വ്യവസ്ഥ പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് നീങ്ങും. 
 
 
നിയന്ത്രണങ്ങള്‍ ഒഴിവാക്കിയും ചുങ്കം കുറച്ചും ഇറക്കുമതി യഥേഷ്ടം വര്‍ധിപ്പക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ്. ഇറക്കുമതി കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കുന്ന നെഹ്‌റുവിയന്‍ നയമാണ് ഇവിടെ സര്‍ക്കാര്‍ അട്ടിമറിച്ചത്. അടിസ്ഥാനപരമായി ഈ നയംമാറ്റമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയിലേക്ക് നയിച്ചത്. ഈ അവസ്ഥയില്‍ മൂല്യം ഇനിയും ഇടിയാനാണ് സാധ്യത. ഇറക്കുമതി വര്‍ധിപ്പിക്കുന്നത് കയറ്റുമതി കൂട്ടാനാണെന്ന വാദം പാടേ തകരുന്നതായാണ് നമുക്ക് കാണാന്‍ കഴിയുന്നതും. 
 
കയറ്റുമതി വര്‍ധിക്കുന്ന മേഖലകള്‍ എല്ലാം തകരുകയുമാണ്. ഉദാഹരണത്തിന് കാര്‍ഷിക മേഖല. രാജ്യത്ത് ഏറ്റവുമധികം ജനങ്ങള്‍ ആശ്രയിക്കുന്ന കാര്‍ഷിക മേഖലയെ തകര്‍ത്തു നിലം പരിശാക്കിയത് ദുരിതങ്ങളുടെ നയം അഥവാ നവലിബറല്‍ നയങ്ങളാണ്. സബ്‌സിഡി ഇല്ലാതാക്കിയും അവധി വ്യാപാരം പ്രഖ്യാപിച്ചും പൊതുവിതരണം തകര്‍ത്തും കാര്‍ഷിക ഉത്പന്നത്തിന്റെ ഇറക്കുമതി വര്‍ധിപ്പിച്ചും കാര്‍ഷിക മേഖലയുടെ ചരമക്കുറിപ്പ് എഴൂതുകയായിരുന്നു. നിലവിലുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ പരമ്പരാഗത വ്യവസായത്തില്‍ കയറ്റുമതി വര്‍ധനയ്ക്ക് സാധ്യതയുമില്ല. WTO പ്രകാരം 75 ശതമാനം ചുങ്കം കുറച്ചതുകൊണ്ട് ഇറക്കുമതി നിരവധി മടങ്ങ് വര്‍ധിച്ചു. സ്വര്‍ണം വരെ അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്നു. ഭരണവര്‍ഗത്തിന്റെ ഈ നിലപാടില്‍ കാതലായ മാറ്റം വരാതെ രുപയുടെ മൂല്യം ഉയരില്ല. മുമ്പ് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില നിയന്ത്രിച്ചിരുന്നതും നിശ്ചയിച്ചിരുന്നും സര്‍ക്കാരായിരുന്നു. അതുകൊണ്ട് അമിതമായ വിലക്കയറ്റം ഉണ്ടാവാറില്ല എന്ന് മാത്രമല്ല പണപ്പെരുപ്പത്തിനും പരിധിയുണ്ടായിരുന്നു. പക്ഷേ 1991ല്‍ ദുരിതങ്ങളുടെ നയം കടന്നുവന്നതോടെ ചിത്രം ആകെ മാറി. 
 
 
ഈ നയത്തിന്റെ ഭാഗമായി ഇറക്കുമതി ചെലവ് മാത്രമല്ല ഇറക്കുമതി ഉത്പന്നത്തിന്റെ വിലയും വര്‍ധിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന വിഭവങ്ങളില്‍ ഒന്ന് എണ്ണയാണ്. ഡീസല്‍, പെട്രോള്‍ വില തീരുമാനിക്കുന്നത് കമ്പനികളാണ്. നെഹ്‌റുവിയന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായിരുന്ന ഓയില്‍ പൂള്‍ അക്കൗണ്ട് പൂര്‍ണമായും എടുത്തുകളഞ്ഞു. സര്‍ക്കാരിനു നിയന്ത്രണം ഇല്ലാത്ത മേഖലയായി അത് മാറി. ഇതു പണപ്പെരുപ്പം രുക്ഷമാക്കാന്‍ ഇടയാക്കി. പണപ്പെരുപ്പത്തിന്റെ വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കി. 
 
അമേരിക്കന്‍ ഡോളറിന്റെ മൂല്യം മെച്ചപ്പെട്ടതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായതെന്ന വാദം ബാലിശമാണ്. ഡോളറിന്റെ വില ഇടിഞ്ഞ സമയത്ത് അമേരിക്കന്‍ ഭരണകൂടം യഥാവിധി ഇടപെട്ട് ഡോളറിന്റെ മൂല്യം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. അവരെ സംബന്ധിച്ച് അത് ശരിയായ ദിശയിലുള്ള ഇടപെടലാണ്. പക്ഷേ അത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കും എന്ന് തിരിച്ചറിഞ്ഞ് കൃത്യമായി ഇടപെടുക എന്നതാണ് ഇന്ത്യന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ചെയ്യേണ്ടത്. നമ്മുടെ രാജ്യത്ത് 30,000 കോടി ഡോളര്‍ വിദേശ നാണയ കരുതല്‍ ശേഖരമുണ്ട്. എന്നിട്ടും റിസര്‍വ് ബാങ്കിന് യാഥാര്‍ഥ്യ ബോധത്തോടെ ഇടപെടാന്‍ കഴിയുന്നില്ല. കാരണം, നാണയ ശേഖരം ഊഹക്കച്ചവട കമ്പോളത്തഇല്‍ നിന്ന് ശേഖരിക്കപ്പെട്ടതിനാല്‍ അതിനെ ദിശാബോധത്തോടെ ദീര്‍ഘകാല പരിപ്രേക്ഷ്യത്തിലൂടെ ഉപയോഗിക്കാന്‍ കഴിയില്ല. രുപയുടെ മൂല്യത്തകര്‍ച്ചയും അനുബന്ധ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇപ്പോഴുള്ള സാമ്പത്തിക നയങ്ങള്‍ തിരുത്തുക എന്നത് മാത്രമാണ് പോംവഴി. 
 
1991-നു ശേഷം രൂപയുടെ മൂല്യ ചിം്ര- രൂപയും ഡോളറും (റഫറന്‍സ്- നവലിബറല്‍ അഥവാ ദുരിതങ്ങളുടെ നയം – പ്രഫ. സി. രവീന്ദ്രനാഥ്)
 
വര്‍ഷം  ഡോളര്‍ രൂപ
1947    1 അമേരിക്കന്‍ ഡോളര്‍ 1 രൂപ (അന്ന് ഇന്ത്യക്ക് വിദേശകടം ഉണ്ടായിരുന്നു)
1951    1 ഡോളര്‍  4.80 രൂപ (ഇന്ത്യ അതിന്റെ പഞ്ചവത്സര പദ്ധതികള്‍ ആരംഭിക്കുന്നു. സമ്പദ്‌വ്യവസ്ഥ ദുര്‍ബലമായി വളരുന്നു. 
1975    1 ഡോളര്‍ 12.36 രൂപ
1985    1970-കളില്‍ എണ്ണവില ഉയരുകയും ആഭ്യന്തര മൊത്ത വരുമാനം കുറയുകയും ചെയ്തു.   
1991    1 ഡോളര്‍ 17.90 രൂപ
1993    1 ഡോളര്‍ 31.37 രൂപ (വിനിമയ നിരക്ക് വിപണിയുടെ സ്വാതന്ത്ര്യത്തിന് വിട്ടു കൊടുതതു. ഭരണകൂടം ചെയ്ത ഏറ്റവും വലിയ തെറ്റ്)
2008    1 ഡോളര്‍ 49 രൂപ
2013  
 
1 ഡോളര്‍  68 രൂപ (ഇറക്കുമതി കൂടി, കയറ്റുമതി കുറഞ്ഞു)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍