UPDATES

അച്ചടക്കം സുധീരന്റെ മാത്രം കുത്തകയല്ല

ജോസഫ് വര്‍ഗീസ്

വി എം സുധീരന്‍ എന്താണ് കരുതിയിരിക്കുന്നത്? അതോ അര നൂറ്റാണ്ടിന്റെ രാഷ്ട്രീയ ജീവിതം സുധീരനെ ഒരു ചുക്കും പഠിപ്പിച്ചിട്ടില്ലെന്നാണോ? ഇരിക്കുന്ന കസേരയുടെ വലിപ്പത്തെക്കുറിച്ചുള്ള ധാരണയും സാമാന്യ വിവരവും ഉണ്ടായിരുന്നെങ്കില്‍ ഇതുപോലൊരു അബദ്ധം സുധീരന്‍ കാണിക്കില്ലായിരുന്നു. ഇന്നുവരെ അധികാര കേന്ദ്രങ്ങളോട് കലഹിച്ചേ സുധീരന് പരിചയമുള്ളൂ. നിര്‍ണായക സ്ഥാനങ്ങളിലിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചു ശീലമില്ല. പണ്ട് കലഹം കരുണാകരനോട് ആയിരുന്നെങ്കില്‍ പിന്നീടത്‌ ഉമ്മന്‍ ചാണ്ടിയോടായി എന്ന് മാത്രം. 

ഭരണകര്‍ത്താക്കള്‍ക്കു 'പ്രായോഗികത' എന്നത് ഒഴിവാക്കാനാവാത്ത ബാധ്യതയാവുമ്പോള്‍ ആദര്‍ശത്തിന്റെ വക്താക്കള്‍ക്കു 'സ്വയം നിര്‍മിതിക്ക്' അതിനെക്കാള്‍ നല്ലൊരു അവസരമില്ലെന്നത് സത്യം. അത് തന്നെയാണ് 418 ബാറുകളുടെ ലൈസെന്‍സ് പുതുക്കല്‍ പ്രശ്നത്തില്‍ സുധീരന്‍ എടുത്തു പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. ടി. എന്‍ പ്രതാപന്‍, പന്തളം സുധാകരന്‍, അജയ് തറയില്‍ തുടങ്ങി താരതമ്യേന ദുര്‍ബലരായ കളിക്കാരാണ് കളത്തില്‍ ഒപ്പമുള്ളതെങ്കില്‍പോലും ജനപക്ഷതിന്റെയും, ആദര്‍ശത്തിന്റെയും മികവാര്‍ന്ന മുഖവുമായ് സുധീരനങ്ങനെ വിളങ്ങുകയായിരുന്നു.
 


പാര്‍ടി-സര്‍ക്കാര്‍ ഏകോപന സമിതിയില്‍ ഒരാള്‍പോലും ബാര്‍ അടച്ചിടണമെന്ന നിലപാടുകാരല്ല. ആദര്‍ശത്തിന്റെ കാര്യത്തില്‍ സുധീരന്റെ അനുജനായ വി ഡി സതീശന്‍ പോലും സുധീരനെതിരെ പോര്‍മുഖം തുറന്നിരിക്കുന്നു. പണ്ട് തൃശ്ശൂരില്‍ ബാറുകാരുടെ തണലില്‍ ജീവിച്ചിരുന്ന ഒരു സുധീരനുണ്ടായിരുന്നു എന്നുവരെ വ്യംഗ്യാര്‍ഥത്തില്‍ പറഞ്ഞു കളഞ്ഞു സതീശന്‍. 

സുധീരന്‍ കള്ളിനെതിരെ നില്‍ക്കുമ്പോള്‍ താന്‍ കള്ളുകാരുടെ പക്ഷത്തായിപ്പോയെന്നു തോന്നിയ ഉമ്മന്‍ ചാണ്ടിയാവട്ടെ സമ്പൂര്‍ണ മദ്യ നിരോധനം പ്രഖ്യാപിച്ചു കളയുമെന്ന്  മാലോകരേ ഭീഷണിപ്പെടുത്തുന്നു. ഇതിനൊക്കെയിടയില്‍ എക്സൈസ് മന്ത്രി കെ ബാബു പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ നാട്ടുകാരെ നോക്കി ഇളിഭ്യച്ചിരി ചിരിക്കുന്നു. വൈകിട്ട് രണ്ടെണ്ണം അടിക്കുന്നവന്മാര്‍ വരെ സുധീരന് പിന്തുണ പ്രഖ്യാപിച്ചതോടെ കേരളമാകെ സുധീര തരംഗം. സര്‍വ ലോക തൊഴിലാളി ദിനത്തില്‍ വിപ്ലവ പാര്‍ടി തിരുവനന്തപുരത്ത് ബാര്‍ തൊഴിലാളികളുടെ സമരം കൂടി നടത്തിയപ്പോള്‍ സംഗതി സമ്പൂര്‍ണം.
 


ഇതിനിടയിലെക്കാണ് അശനിപാതം പോലെ ഷാനിമോള്‍ ഉസ്മാന്‍ കടന്നു വന്നത്. കെ സി വേണുഗോപാലും ഷുക്കൂറും അഴിഞ്ഞാടുന്ന ആലപ്പുഴയിലെ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ നിലനില്‍പ്പിനായി പോരാടുന്ന കോണ്‍ഗ്രസുകാരിയാണ് ഷാനിമോള്‍. തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിനുപോലും വിളിക്കാതിരിക്കുകയും തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഷാനിമോള്‍ സഹകരിച്ചില്ലെന്ന് ഷുക്കൂര്‍ കെ പി സി സി ക്ക് റിപ്പോര്‍ട്ട്‌ നല്‍കുകയും  ചെയ്താല്‍  നല്ല നാലെണ്ണം പറയാതെന്തു ചെയ്യും? സി പി എമ്മിന്റെ സരിതാക്രമണം രൂക്ഷമായപ്പോള്‍ ഒരു ഘട്ടത്തില്‍ സാക്ഷാല്‍ സരിത തന്നെ വേണുഗോപാലിന് വേണ്ടി പ്രചരണത്തിന് എത്തുമെന്ന് തോന്നിച്ച നാളുകളെക്കുറിച്ച് ഷാനിമോളെക്കൊണ്ട് പറയിപ്പിച്ചതിന്റെ ഉത്തരവാദിത്വം സത്യത്തില്‍ ഷുക്കൂറിന് തന്നെയാണ്.

അധ്യക്ഷനെന്ന നിലയില്‍ സുധീരന്, ഷാനിമോളുടെ പ്രസംഗം തടയാം. പക്ഷെ യോഗം ഉപസംഹരിക്കുമ്പോള്‍ എട്ടു തവണ പേരെടുത്തു പറഞ്ഞ് ആക്ഷേപിക്കാന്‍ അവകാശമില്ല. കാരണം ഒരു പതിറ്റാണ്ടായി പാര്‍ടിക്കകത്തും പുറത്തും ഒരുപോലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെയും പാര്‍ടിയെയും വിമര്‍ശിക്കുകയും അത് മാധ്യമങ്ങളില്‍ വരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നയാളാണ് സുധീരന്‍. കെ പി സി സി യോഗത്തില്‍ ഷാനിമോളില്‍ തുടങ്ങി ഷാനിമോളില്‍ അവസാനിക്കുമായിരുന്ന സരിതാപരാമര്‍ശത്തില്‍ ക്ഷുഭിതനാവുകയും പൊട്ടിത്തെറിക്കുകയും ചെയ്തതിലൂടെ തരംതാഴ്ന്നത് സുധീരന്‍ തന്നെയാണ്. കാരണം അത്രയ്ക്ക് ഭീകരമായ അച്ചടക്കം താങ്ങാന്‍ കോണ്‍ഗ്രസ്സിനു കെല്‍പ്പില്ല എന്നത് തന്നെ. ഷാനിമോളെക്കൊണ്ട് സുധീരനൊരു തുറന്ന കത്തെഴുതിച്ചത് ബാറ് മൊതലാളിമാരാണെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. ബാറ് മൊതലാളിമാര്‍ തന്നെ വണ്ടി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു എന്നായിരുന്നു സുധീരന്‍ പറഞ്ഞതെങ്കില്‍ അത് സത്യമാണെന്ന് ജനം നൂറു ശതമാനം വിശ്വസിച്ചേനെ.
 

 

എന്തായാലും കോണ്‍ഗ്രസില്‍ ഒരു ഇല അനങ്ങിയാല്‍ പോലും പ്രതികരിക്കുമെന്നത് സുധീരന്റെ ദുര്‍വാശിയാണ്. അതിനൊന്നും  നില്‍ക്കാതിരിക്കുന്നതാണ് സുധീരനും കോണ്‍ഗ്രസിനും നല്ലത്. തെരഞ്ഞെടുപ്പു കാലത്ത് ജസ്റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദിനെതിരെ പ്രകടനം നടത്തിയ വാര്‍ത്താ പ്രേമികളായ യൂത്ത് കോണ്‍ഗ്രസുകാരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാന്‍ കല്‍പ്പന കൊടുത്തതിനു പകരം, ഇടുക്കി ബിഷപ്പും, അച്ചന്മാരും കോണ്‍ഗ്രസിന്‌ വോട്ട് ചെയ്തില്ലെന്ന പരാതി ആലഞ്ചേരി പിതാവിന് കൊടുത്ത യൂത്ത് നേതാവിനെ പാര്‍ടി ആപ്പീസില്‍ വിളിച്ചു വരുത്തി വള്ളിചൂരലിനു നല്ല പെട കൊടുക്കുകയാണ് വി എം ചെയ്യേണ്ടത്. അത്രയൊക്കെ ചെയ്യാനുള്ള ഇടമേ കോണ്‍ഗ്രസ്സില്‍ ഉള്ളൂ. അതിനപ്പുറമൊന്നും ചെയ്യാനുള്ള ബലമില്ല ഈ പാര്‍ട്ടിക്ക്. ഒരുപാട് വളച്ചാല്‍ ഒടിഞ്ഞു പോകുമെന്ന പാഠം അറിയാത്തയാള്‍ ആയിരിക്കില്ലല്ലോ സുധീരനും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍