UPDATES

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

ബ്ളാക്ക് ലെറ്റേഴ്സ്

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

ഓരോലച്ചൂട്ടു വെളിച്ചത്തോളം വരില്ല ഒരു പ്രഭാതവും പകലും

ഒരു രാത്രിയുടെ പകുതിക്കപ്പുറം വെച്ചാണ് ഈ കുറിപ്പ് എഴുതുന്നത്. അച്ചാച്ചനെ കുറിച്ചുള്ള കുറിപ്പ്. ലോകത്തിന്റെ ഒരു പാതി ഉറങ്ങുമ്പോള്‍ മറ്റൊരു പാതിയിലെ പകലില്‍ എവിടെയെങ്കിലും അച്ചാച്ചന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നു വിശ്വസിക്കുന്നതില്‍ അത്ര വലിയ തെറ്റുണ്ടെന്നും തോന്നുന്നില്ല. അച്ചാച്ചന്‍ മരിച്ചു എന്ന് വിശ്വസിക്കാനേ തോന്നുന്നില്ല. എപ്പഴാ മരിച്ചതെന്ന്‍ ഓര്‍മയും കിട്ടുന്നില്ല. ഒരു രണ്ടോ മൂന്നോ വര്‍ഷം മുമ്പ് വിദേശത്തായിരിക്കുമ്പോള്‍ ഒരു ഫോണ്‍കോളില്‍ ആണ് അച്ചാച്ചന്റെ മരണവിവരം അറിയുന്നത്. അത് കേട്ട് കുറെനേരം പുറത്തേക്കും നോക്കി ഇരുന്നു. അത്യധികം സങ്കടം വരുമ്പോ ചെലപ്പോ മനുഷ്യന്മാര് ഐസ് പോലെ മരവിക്കും എന്ന് തോന്നുന്നു. കുറച്ചു കഴിഞ്ഞ് അതൊക്കെ അലിഞ്ഞലിഞ്ഞു ‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന അവസാന വാചകത്തിലേക്ക് എത്തുമെന്നും തോന്നുന്നു. ദളിതര്‍ ആയാല്‍ അങ്ങനെ എത്തിയേ പറ്റൂ. അച്ചാച്ചനും പോയി. പണ്ടൊക്കെ അച്ചാച്ചന്‍ വീട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് തരുന്ന മുഷിഞ്ഞ ഒറ്റ നോട്ടിന്റെ ചുളിവുകളുടെ ഓര്‍മ്മകള്‍ മാത്രം ഈ രാത്രിയുടെ പകുതിയിലും വിട്ടു പോകുന്നില്ലല്ലോ ഈശ്വരാ…
 
അച്ചാച്ചന്‍ രണ്ടാം ക്ലാസ് വരെയോ മൂന്നാം ക്ലാസ് വരെയോ പഠിച്ചിട്ടുള്ളു എന്നാണ് എന്റെ അറിവ്. പെരിങ്ങീല്‍ എന്ന ദേശത്ത് ഒരു കൂരകെട്ടി മീനാക്ഷി എന്നാ അച്ചമ്മയെയും കൂട്ടി താമസിക്കുമ്പോള്‍ അവര്‍ ജീവിക്കാന്‍ വേണ്ടി മാത്രം ആയിരുന്നില്ല, പൊരുതി ജീവിക്കാന്‍ തന്നെ ആയിരുന്നു. ജന്മികള്‍ക്ക് വേണ്ടി കൃഷി ചെയ്യാന്‍ ഒരു അടിമദേശം പോലെയാണ് പേരിങ്ങീലേക്ക് പുലയരെ കൊണ്ട് താമസിപ്പിച്ചത്. ദ്വീപ് പോലെ ഉള്ള പെരിങ്ങീലില്‍ വയലില്‍ മഴക്കാലത്തും പ്രളയകാലത്തും വെള്ളം കേറുന്നത് കൊണ്ട് തന്നെ വയലില്‍ ഒരു ‘കോമ്മ’ പോലെ മണ്ണ് കൂന കൂട്ടിയാണ് അതിന്റെ മുകളില്‍ അച്ചാച്ചനും അച്ചമ്മയും ഒരു കുടില്‍ കെട്ടി താമസിച്ചത്. എന്റെ അച്ഛന് മുമ്പുണ്ടായ കുട്ടി മരിച്ചതു കൊണ്ട് തന്നെ അച്ഛന്‍ മൂത്ത ആളും ആയി. അവരുടെ ഒന്നോ രണ്ടോ മക്കള്‍ മരിച്ചു എന്നാണ് ഞാന്‍ കേട്ട അറിവ്. അങ്ങനെ അവര്‍ ആറ് മക്കളും ആ കുടിലിലാണ് ജീവിച്ചു വളര്‍ന്നത്. അച്ഛന്‍ ഒരു വിധം പഠിച്ചു; ഒരു ഗവണ്‍മെന്‍റ് ജോലി ആയി.
 
 
പലയിടങ്ങളില്‍ ആയി താമസിച്ച അച്ഛന്റെ അടുത്തേക്ക് അച്ഛനെ കാണാന്‍ അച്ചാച്ചന്‍ വരുമായിരുന്നു. വരുമ്പോള്‍ ഒക്കെ അച്ഛന്‍ എന്തെങ്കിലും പൈസ കൊടുക്കും. അത് തന്റെ അവകാശം ആണെന്ന് വിചാരിച്ചു ചോദിക്കാന്‍ തന്നെയാണ് വരിക. അച്ചാച്ചന്‍ പണ്ട് അച്ഛന് കത്തെഴുതുന്നത് ഞങ്ങള്‍ക്ക് ബൈ ഹാര്‍ട്ട് ആയിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെന്നും ആര്‍ക്കെങ്കിലും അസുഖം ആണെന്നും ഒക്കെ പറഞ്ഞ്, ‘കുറച്ചു പൈസ നീ അയച്ചു തരണം’ എന്ന് പറഞ്ഞാണ് കത്ത് ചുരുക്കുക. ചിലപ്പോള്‍ വീട്ടില്‍ വരുമ്പോള്‍ അച്ചാച്ചന്‍ ഞങ്ങള്‍ക്ക് ഒരു രൂപ നോട്ട് ചുളുങ്ങിയത് തരും. മുട്ടായി വാങ്ങിച്ചോ എന്നൊക്കെ പറഞ്ഞു. 
 
ലോകത്തിലെ തന്നെ ഏറ്റവും നല്ല നെല്ല് കൃഷി ചെയ്യുന്ന സ്ഥലം ആണ് കണ്ണൂര്‍ ജില്ലയിലെ ഏഴോം എന്ന പ്രദേശത്തെ പെരിങ്ങീല്‍ എന്ന സ്ഥലം. അവിടത്തെ കൃഷിക്കാരില്‍ ഏറ്റവും മുതിര്‍ന്ന ആള്‍ ആയിരുന്നു അച്ചാച്ചന്‍. ഞാനും എന്റെ അച്ഛനും തമ്മില്‍ വളരെ അത്യാവശ്യത്തിനു മാത്രമേ സംസാരിക്കാറുള്ളൂ. അന്നും ഇന്നും. പക്ഷെ ഒരിക്കല്‍ ഞാനും അച്ഛനും കൂടി പെരിങ്ങീല്‍ എന്ന ആ ദേശത്ത് ചെന്നപ്പോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞു, ‘ഇത്രയും നല്ല ചോറും മീന്‍ കറിയും അച്ഛന്റെ ഈ പെരിങ്ങീലില്‍ അല്ലാതെ വേറെ എവിടേം കിട്ടില്ല, അക്കാര്യത്തില്‍ ഈ നാടിനെ സമ്മതിച്ചു’. പിന്നീടൊരിക്കല്‍ കുറെക്കാലം കഴിഞ്ഞ് അവിടെ നിന്ന് ആഹാരം കഴിച്ച എന്റെ അനിയന്മാരും സുഹൃത്തുക്കളും വിദ്യാര്‍ഥികളുമായ ആദിലും നവാസും ഒക്കെ പറയും, ‘ഇക്കാ… നിങ്ങടെ പെരിങ്ങീലെ ചോറ്… തകര്‍ത്തു…’ അച്ചാച്ചന്‍ ആണ് ഈ നെല്‍ കൃഷിയുടെ നേതാവ്. മുസ്ലിം ജന്മിമാരുടെ അടുത്ത് നിന്നോ തീയ മുതലാളിമാരുടെ കയ്യില്‍ നിന്നോ പാടം പാട്ടത്തിനെടുത്തോ അല്ലെങ്കില്‍ സ്വന്തമായുള്ള കുറച്ചു സ്ഥലത്തോ  ആണ് കൃഷി ചെയ്യുക. ഒരു വര്‍ഷത്തേക്കുള്ള നെല്ല് മുഴുവന്‍ കൃഷി ചെയ്‌തെടുക്കും. കറിക്കാണെങ്കില്‍ പുഴയില്‍ നിന്നുള്ള വിവിധതരം മീനുകള്‍, ഞണ്ടുകള്‍ അങ്ങനെ. അതൊക്കെ വരട്ടിയും മുളകിട്ടും ഒക്കെ വെക്കും. ഞങ്ങളൊക്കെ പോയാല്‍ മരിച്ചു കഴിക്കും. ഹിന്ദു പത്രത്തിലൊക്കെ ജോലി ചെയ്യുന്നവര്‍ക്ക് അവിടത്തെ കാന്റീനില്‍ കിട്ടാത്ത ചില വലിയ ഭാഗ്യങ്ങള്‍. ബ്രാഹ്മണരേക്കാള്‍, വെജിറ്റെറിയന്‍സിനെക്കാള്‍ എത്ര മനോഹരം ആയാണ് പെരിങ്ങീലില്‍ ഉള്ളവര്‍ ജീവിക്കുക, ചിലപ്പോഴൊക്കെ.
 
 
രാവിലെ തന്നെ അച്ചാച്ചന്‍ പണിക്കിറങ്ങും. കൈപ്പാട് കിളക്കല്‍ ആണ് ജോലി. അത് പൊട്ട പോലെ കൂട്ടി അവിടെ നെല്ല് കൃഷി ചെയ്യും. എണ്‍പതു വയസ്സായാലും കിളക്കുന്ന അച്ചാച്ചന്റെ തൊലി കറുത്തു തിളങ്ങും, മസിലുകള്‍ ഒക്കെ തിര പോലെ ഇളകും. ഇടയ്ക്കു ഒരു ബീഡി വലിക്കും. പിന്നെ വിത്തിടല്‍ ആയി. ഞാറു നടല്‍ ആയി. മൂരല്‍ ആയി. പിന്നെ നെല്ല് സംഭരണം ആയി. കുത്തിക്കൊണ്ടുവന്ന്‍ അരി ആക്കല്‍ ആയി. നല്ല ദോശയും ചോറും ഒക്കെ ഉണ്ടാക്കി തിന്നല്‍ ആയി. അതിനും മീതെ അടുത്ത വര്‍ഷത്തെ കൃഷിക്ക് വേണ്ടി നെല്ലും സംഭരിച്ചു വെക്കും അച്ചാച്ചന്‍. നെല്ല് വിത്ത് ആക്കുന്നത് ഒരു ഗോള രൂപത്തില്‍ കച്ചി കെട്ടി അതിനകത്ത് നെല്ല് സംഭരിച്ചു വെച്ചാണ്. ഒരു കൊല്ലം അതങ്ങനെ കിടക്കും. അതിലെങ്ങാനും തൊട്ടാല്‍ അച്ചാച്ചന്‍ ചീത്ത വിളിക്കും. 
 
അച്ചാച്ചന്റെ ആദ്യത്തെ പേര് വട്ട്യന്‍ എന്നായിരുന്നു. അച്ചാച്ചന്റെ അത്ര തന്നെ പ്രായമില്ലാത്ത ജന്മിമാരും പീടികക്കാരും അവരുടെ മക്കള്‍ പോലും ‘വട്ട്യന്‍’ എന്ന പേര് തന്നെ വിളിക്കുന്നത് ഞാനും കേട്ടിട്ടുണ്ട്. വിദ്യാഭ്യാസവും പിന്നെ ‘ഇടതുപക്ഷ വിദ്യാഭ്യാസവും’ കിട്ടിയ എന്റെ അമ്മയുടെ കുടുംബത്തിന്റെ ചില കോണുകളില്‍ നിന്നും പലപ്പോഴും ചെറുപ്പത്തില്‍ ‘വട്ട്യന്‍’ എന്ന പേര് ഒരു ഇരട്ടപ്പേരായി എനിക്കും ഒക്കെ ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. പിന്നീട് അച്ചാച്ചന്‍ ആ പേര് മാറ്റി ‘വാസു’ എന്നാക്കി. അപ്പോള്‍ പിന്നെ വന്ന പേര് ‘വാസു വട്ട്യന്‍’ എന്നായിരുന്നു. ഞാന്‍ മുമ്പ് എഴുതിയതു  പോലെ ഗണേശേട്ടനെ പോലെ അച്ചാച്ചനും എന്നെ സിനിമക്ക് കൊണ്ടുപോകുമായിരുന്നു. 1991-ലോ മറ്റോ പഴയങ്ങാടി പ്രതിഭ ടാക്കീസില്‍ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമ കാണിച്ച് തരാം എന്ന് അച്ചാച്ചന്‍ എന്നോട് പറഞ്ഞു. എന്റെ നിരന്തരമായ നിര്‍ബന്ധപ്രകാരമാണിത്. ഒരാഴ്ചയോളം കാത്തിരുന്നു. പക്ഷെ അച്ചാച്ചന്റെ കൃഷിപ്പണി തീരുന്നില്ല. അവസാനം ഒരു ദിവസം ഉച്ചക്ക് രണ്ടു മണിയോടെ ഒരു  പണിതീര്‍ത്ത് ഞാനും അച്ചാച്ചനും കൂടി ഒരു മാറ്റ്‌നിക്കു വേണ്ടി ബസ് പിടിക്കാന്‍ കൊട്ടിലയിലെക്ക് ഓടി.എന്ത് ചെയ്യാന്‍; പഴയങ്ങാടിയിലേക്കുള്ള ബസ് പോയി. ഇന്‍ ഹരിഹര്‍ നഗര്‍ മോഹം അവിടെ പൊലിഞ്ഞു. അതോടെ ലക്ഷ്യം ‘തളിപറമ്പ ക്ലാസ്സിക് ടാക്കീസ്’ ആയി. നേരെ തളിപ്പറമ്പിലേക്ക് ബസ് കേറി ഞങ്ങള്‍ രണ്ടാളും കൂടി തളിപ്പറമ്പ് ക്ലാസ്സിക് എന്ന ടാക്കീസില്‍ കയറി ‘കണ്‍കെട്ട്’ എന്ന സിനിമ കണ്ട് അരിശം തീര്‍ത്തു. കയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ട് സെക്കന്റ് ക്ലാസ്സ് ടിക്കറ്റ് ആണ് എടുത്തത്. അച്ചാച്ചന്‍ നല്ല സുഖമായിട്ടുറങ്ങി. ഞാന്‍ പടം മുഴുവന്‍ കണ്ടു തീര്‍ത്തൂ.
 
 
പിന്നീട് വര്‍ഷങ്ങള്‍ക്കും ശേഷം ഞങ്ങള്‍ പെരിങ്ങീല്‍ ജീവിതങ്ങളുടെ ഓര്‍മ്മകള്‍  ഷൂട്ട് ചെയ്യാന്‍ അവിടേക്ക്‌ പോയി. ഇതിനിടയില്‍ വല്ലപ്പോഴും ഒരിക്കല്‍ മാത്രമേ അങ്ങോട്ട് പോകുകയുള്ളൂ. വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ അച്ചാച്ചന്‍ ഇങ്ങോട്ടും വരും. അന്ന് തന്നെ മുഷിഞ്ഞ ഒരു രൂപയുടെ അത്ര എത്തില്ലെങ്കിലും എന്തെങ്കിലും ഒക്കെ അച്ചച്ചാനു തിരിച്ചു കൊടുക്കും. ഞങ്ങള്‍ അങ്ങനെ അച്ചാച്ചന്റെ മുന്നില്‍  ക്യാമറ വെച്ചു. അച്ചാച്ചനു തീരെ വയ്യായിരുന്നു. ജീവിതത്തിന്റെ അവസാന കാലഘട്ടങ്ങളിലേക്ക് എത്തി തുടങ്ങിയിരുന്നു. അസുഖങ്ങള്‍ക്കൊ ന്നും ഒരു കുറവും ഇല്ല. ക്യാമറയുടെ മുന്നില് കുറെ ചോദ്യങ്ങള്‍ ചോദിച്ചപ്പോ അച്ചാച്ചന്‍ ഇത്രയേ പറഞ്ഞുള്ളൂ. ‘ഞങ്ങള്… പണ്ട് അമ്പലത്തിന്റെ അരികിലൂടെ വഴി നടന്നു പോകുമ്പോ വലിയ വടി എടുത്തു ഞങ്ങളെ അടിച്ച് ഓടിച്ചിട്ടുണ്ട്… തീയന്മാര്…’ ഇത്ര മാത്രേ പറഞ്ഞുള്ളൂ. കൂടുതല്‍ പറയാനൊന്നും അച്ചച്ചാണ് വയ്യ. ഞങ്ങള്‍  അത് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാതെ ഞങ്ങളുടെ ഡോക്യുമെന്ററിയില്‍ ചേര്‍ത്തു. അച്ചാച്ചന്റെ രണ്ടാമത്തെ മകന്‍ കൃഷ്ണന്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു. ‘ഏഴോം  ഗ്രാമത്തിലെ കര്‍ഷക അവാര്‍ഡ് ഒക്കെ കിട്ടിയിട്ടുണ്ട് അച്ചാച്ചനു’. നെല്ല് മൂര്‍ന്നു ചോറ് വെച്ചു ഒരുപാട് പേര്‍ക്ക് വിളമ്പിയ ചെറിയ മനുഷ്യന്‍. ഒരു കാറ്റില്‍ തകരാത്ത ഒരു കുടിലില്‍, ഉള്ളില്‍ ജീവിതവും സംസ്‌കാരവും ഉണ്ടാക്കിയ വലിയ മനുഷ്യന്‍. പിന്നീടെപ്പോഴോ ഒരു കോളേജില്‍ പഠിപ്പിക്കുമ്പോള്‍ ഒരു പൊതു വേദിയില്‍ വെച്ചു ആ കോളേജിന്റെ മാനേജര്‍  ഇങ്ങനെ പ്രസംഗിക്കുന്നത് കേട്ടൂ. ‘ഇപ്പോഴൊക്കെ കൃഷിപ്പണിക്ക് ആളെ കിട്ടാനുണ്ടോ’? മറുപടി ഇങ്ങനെയാണ് മനസ്സില് വന്നത്. ‘എടോ… കോപ്പേ… എന്റെ അച്ചാച്ചനെ പോലുള്ളവര്‍ കൃഷിപ്പണി ചെയ്തത് കൊണ്ടാണ് നീയൊക്കെ അന്ന് വെട്ടി വിഴുങ്ങിയത്… അച്ചാച്ചനൊക്കെ കൃഷിപ്പണി എടുത്ത് അന്നം തന്നത് കൊണ്ടാണ് ഞാനൊക്കെ ഇവിടെ ഒരു കോളേജില്‍ താല്കാലിക അദ്ധ്യാപകന്‍ എങ്കിലും ആയത്. നൂറ്റാണ്ട് മുഴുവന്‍ തനിക്കൊക്കെ ഒണ്ടാക്കി തരല്‍ അല്ല ഒരു ഞങ്ങളുടെ ജോലി’. ഉറക്കെ പറഞ്ഞില്ലെങ്കിലും മനസ്സില് ഇങ്ങനെ തന്നെ അലറി വിളിച്ചു.
 
നേരം പുലരാറായി. ഇനി ഉറങ്ങിയില്ലെങ്കില്‍ അടുത്ത ഒരു ദിവസത്തെ ജോലി നടക്കില്ല.  കിഴക്ക് വെള്ള കീറി. പ്രഭാതം ആയി. അച്ചാച്ചന്‍ ചിലപ്പോഴൊക്കെ തോണിയില്‍ കൊണ്ട് പോകും. ഞണ്ട് പിടിക്കാന്‍ കൂടെ കൊണ്ട് പോകും. കൊട്ടിലയിലെ കടയില്‍ പറ്റു തീര്‍ക്കാത്തത് കൊണ്ട് കടക്കാരന്‍ ചീത്ത പറയുന്നിടത്തും കൊണ്ടു പോകും. സിനിമക്ക് കൊണ്ട് പോകും. അച്ചനോട് നല്ല കലമ്പ്  കൂടും. വൈകുന്നേരം കൊട്ടിലയിലെ കള്ള് ഷാപ്പില്‍ കുടിക്കാന്‍ പോകും. എന്നിട്ട് തിരിച്ചു വരും. പെരിങ്ങീലിലെ ചതുപ്പ് നിറഞ്ഞ ചളിവരമ്പിലൂടെ നടക്കും. ഒരു ഓല ചൂട്ടും കത്തിച്ചു വെച്ചു കൊണ്ട്. വീട്ടില് ഒരു കുടുംബം മുഴുവന്‍ മണ്ണെണ്ണ വിളക്കും കത്തിച്ചു വച്ച് അച്ചാച്ചന്റെ വരവും കാത്തിരിക്കും. അതിനു ശേഷം ആയിരക്കണക്കിനു പ്രഭാതങ്ങളും പകലും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരിക്കലും അതൊന്നും അച്ചാച്ചന്‍ കത്തിച്ച ചൂട്ടുവെളിച്ചത്തോളം പ്രകാശം പരത്തിയിട്ടില്ല.  
 
 

 

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍