UPDATES

വിദേശം

അമേരിക്കന്‍ ദരിദ്രരുടെ ആഡംബര അടുക്കളകള്‍

ജോര്‍ദാന്‍ വീസ്മാന്‍ (സ്ലേറ്റ്)

അതെ, ആക്ഷേപഹാസ്യം തന്നെയാണ് തലക്കെട്ടില്‍ ഉദ്ദേശിച്ചിരിക്കുന്നത്. ദാരിദ്ര്യം എന്നത് അങ്ങേയറ്റം കഠിനമായ ഒരു അനുഭവമാണ്. എന്നാല്‍ ഇന്നത്തെ ചെറിയ വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ഹൈഡെഫനിഷന്‍ ടിവികളും ബഡ്ജറ്റ്‌ സ്മാര്‍ട്ട്‌ഫോണുകളും വാങ്ങാന്‍ കഴിയും. സാരാംശം ഇതാണ്: ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറഞ്ഞു വരികയാണ്, എല്ലാവരുടെയും ജീവിതങ്ങള്‍ അല്‍പ്പംകൂടി രസകരമായി വരുന്നു. എന്നാല്‍ ദാരിദ്ര്യത്തില്‍ നിന്ന് ആളുകളെ കരകയറ്റാന്‍ സഹായിക്കുന്ന തരം സൌകര്യങ്ങള്‍, വിദ്യാഭ്യാസം, ശിശുസംരക്ഷണം എന്നിവയ്ക്ക് ചെലവ് ഏറിവരുന്നു. താഴേക്കിടയിലുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക അസ്ഥിരത തരുന്ന പിരിമുറുക്കങ്ങളുമായി സദാ മല്ലിടേണ്ടിവരുന്നു.

കുറച്ച് ഗ്രാഫുകള്‍ കൊണ്ട് ഞാന്‍ കൂടുതല്‍ വിശദീകരിക്കാം. പ്രാഥമികസൌകര്യങ്ങളുടെ കാര്യം നോക്കിയാല്‍ ഇന്നത്തെ ദരിദ്രര്‍ അത്ര മോശം അവസ്ഥയിലാണ് എന്ന് കരുതാനാകില്ല. ഫോക്സ് ന്യൂസ് നിങ്ങളോട് ആവേശപൂര്‍വ്വം പറയും, എല്ലാ ദരിദ്രര്‍ക്കും ഫ്രിഡ്ജ് ഉണ്ടെന്ന്. എസി ഒരു പ്രശ്നമല്ല. ടിവികള്‍ സര്‍വ്വവ്യാപികളാണ്. മറ്റുവീടുകളില്‍ നിന്ന് ദരിദ്രകുടുംബങ്ങള്‍ പിന്നോട്ടുനില്‍ക്കുന്നത് കമ്പ്യൂട്ടര്‍ ഉടമസ്ഥതയില്‍ മാത്രമാണ്.
 

പരമദരിദ്രരായ അമേരിക്കകാര്‍ക്ക് വരെ മികച്ച അടുക്കള സൌകര്യങ്ങളും പല പുത്തന്‍ ഉപകരണങ്ങളും ഉണ്ടെന്ന് നമുക്ക് പറയാം. ഇത് നല്ലത് തന്നെ. എന്നാല്‍ സാധനങ്ങളുടെ കുറവാണ് ഇന്നത്തെ ദരിദ്രര്‍ അനുഭവിക്കുന്ന പ്രശ്നം എന്ന് ആരും പറയുന്നില്ല. പ്രശ്നം സുരക്ഷയില്ലായ്മയാണ്, വാടകയും മറ്റുജീവിതചെലവുകളും ആശുപത്രിചെലവുകള്‍ പോലെയുള്ള അപ്രതീക്ഷിത ചെലവുകളുമാണ് ദരിദ്രരെ അലട്ടുന്നത്. ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്ക്സിന്റെ കണക്ക് പ്രകാരം അമേരിക്കയിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍ അവരുടെ ചെലവുകളുടെ 78 ശതമാനവും താമസം, ഭക്ഷണം, യാത്ര, ആരോഗ്യം എന്നിങ്ങനെയാണ് ചെലവിടുന്നത് എന്നാണ്.
 

ഇവയെല്ലാം ശരാശരി കണക്കുകളാണ്, എന്നാല്‍ എങ്ങനെയാണ് ദരിദ്രര്‍ ജീവിക്കുന്നത് എന്ന് ഒരു ഏകദേശരൂപം ഇതിലൂടെ കിട്ടും. വരവിനേക്കാള്‍ അധികമാണ് അവരുടെ ചെലവ്. അതുകൊണ്ടു തന്നെ അപ്രതീക്ഷിത ചെലവുകള്‍ അവര്‍ക്ക് താങ്ങാനാകാതെ വരുന്നു. ജോലിയില്‍ ഒരു ഷിഫ്റ്റ്‌ നഷ്ടപ്പെടുകയോ പെട്ടെന്ന് അസുഖം വരികയോ ചെയ്‌താല്‍ ഒരു മാസത്തെ വാടകയോ കറന്റ് ബില്ലോ അടയ്ക്കാന്‍ കഴിയാതെവരികയാണ് സംഭവിക്കുക. അവരുടെ കാര്‍ പണിമുടക്കിയാല്‍ നന്നാക്കാന്‍ ഒരുപക്ഷെ അവരുടെ പക്കല്‍ പണം കാണില്ല.
 

തീരെ ദരിദ്രരായത് കൊണ്ട് ടിവിയൊ ഫ്രിഡ്ജോ പോലും ഇല്ലാത്ത ആളുകളുമുണ്ട്‌. പുതിയ ഉടുപ്പുകളും കുട്ടികള്‍ക്ക് പുതിയ സ്കൂള്‍ സാധങ്ങങ്ങളും വാങ്ങാന്‍ കഴിയാത്തവരുണ്ട്‌. എന്നാല്‍ ദരിദ്രരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ദയവുചെയ്ത് അവരുടെ കയ്യില്‍ എന്തൊക്കെ വസ്തുക്കളുണ്ട് എന്ന് നോക്കാതിരിക്കുക. അവരുടെ സുരക്ഷയെപ്പറ്റി ചിന്തിക്കുക.

Jordan Weissmann is Slate‘s senior business and economics correspondent.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍