UPDATES

മഴ പോലെ സംഗീതം: രമേശ് നാരായണനുമായി അഭിമുഖം

ആര്‍ദ്ര സംഗീതം പോലെ, ഒരാള്‍….രാഗാലാപം പോലെ ഒരു ജീവിതം.. യാത്രകളില്‍ നിന്ന് യാത്രകളിലേക്ക്…സംഗീതത്തെ നെഞ്ചേറ്റുന്നവരിലേക്ക്… സംഗീതം മതമായ ഇടങ്ങളിലേക്ക്… ഉള്ളിലും ചൂണ്ടിലും വിടരുന്ന സംഗീതവുമായി… പണ്ഡിറ്റ് രമേശ് നാരായണന്‍. ആ സംഗീത യാത്രയുടെ, പിന്നിട്ട പതിറ്റാണ്ടുകളിലേക്ക്, ഇന്നലകളിലേക്ക് ഒരു യാത്ര..

രമേശ് നാരായണന്‍/സിറാജ് ഷാ

സിറാജ് ഷാ: ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കര്‍ണ്ണാട്ടിക് സംഗീത പഠനം. അങ്ങനെ പോയ 20 വര്‍ഷങ്ങള്‍. അതിന് ശേഷം ഹിന്ദുസ്ഥാനിയിലേക്ക് ഒരു ചുവട് മാറ്റം. എന്തായിരുന്നു പ്രേരണ?
രമേശ് നാരായണന്‍: അങ്ങനെ തീരുമാനിച്ചുറപ്പിച്ച ഒന്നായിരുന്നില്ല. അച്ഛനും അമ്മയും കുട്ടിക്കാലം തൊട്ടേ സംഗീതം പഠിപ്പിച്ചു തുടങ്ങി. വീട്ടിലെള്ളവര്‍ക്കെല്ലാമുണ്ടായിരുന്നു കുറച്ചു സംഗീതം. അന്ന് യേശുദാസിന്‍റെ സംഗീതം തേടി പോയി കേള്‍ക്കുമായിരുന്നു. ആകെയുള്ള മാധ്യമം റേഡിയോ ആണ്. പിന്നെ തൊട്ടടുത്ത തിയറ്ററുകളിലെ പാട്ടുകള്‍. കുട്ടിക്കാലത്ത് കേട്ട പാട്ടുകള്‍ ഇന്നും ഓര്‍ക്കുന്നു.

അന്നൊക്കെ വടക്കേ മലബാറില്‍ നിന്ന് വരുന്ന പാട്ടുകാരൊക്കെ വീട്ടിലെത്തും. അപ്പോള്‍ നാട്ടിലെ സംഗീത പ്രേമികളെല്ലാം വന്നു കൂടും. 12-ആം വയസില്‍ ചേട്ടന്‍റെ വക ഗിറ്റാര്‍ കിട്ടിയതോടെ പാട്ട് കെട്ടും പാടിയും നടന്ന ഞാന്‍ കമ്പോസിംഗും തുടങ്ങി. അക്കാലത്താണ് അയല്‍വക്കത്തെ പഠാണി കുടുംബത്തിലെ ഹാരിസ് മാസ്റ്ററുടെ ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് എത്തുന്നത്. വീട്ടില്‍ വിരുന്നെത്തുന്ന സംഗീതജ്ഞരില്‍ നിന്നും ഹാരിസ് മാസ്റ്റര്‍ പടിക്കുന്നതെല്ലാം എനിക്ക് പറഞ്ഞു തന്നു. അച്ഛനും ഹാരിസ് മാസ്റ്ററും ഒരുമിച്ച് പാടുന്നത് എനിക്കുള്ള പാഠങ്ങളായി. ഒപ്പം ചേട്ടന്‍റെ വിളി വന്നു. പൂനയിലേക്ക് പോകാന്‍. ഖാന്‍ സാഹിബ് മുഹമ്മദ് ഹുസൈന്‍റെ കീഴില്‍ സംഗീതം പഠിക്കാന്‍. ഹിന്ദുസ്ഥാനി സംഗീതത്തിലേക്കുള്ള ഒരു തീവണ്ടി യാത്രയായി ആ യാത്ര മാറി.
 


സിറാജ്: സംഗീത വഴിയിലേക്ക് കൈപിടിച്ചാനയിച്ച ആദ്യ ഗുരുവിനെക്കുറിച്ച്, അമ്മയെക്കുറിച്ച്?
രമേശ്: ഇന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു അനുഭവമാണ്. സംഗീതത്തിന്‍റെ അതിരുകളില്ലാത്ത കാഴ്ചകളിലേക്കുള്ള ജാലകമായിരുന്നു എനിക്ക് അമ്മ. അമ്മയുടെ ഗുരു കണ്ണന്‍ ഭാഗവതരില്‍ നിന്ന് സംഗീതം പഠിക്കാനായത് മറക്കാനാവാത്ത അനുഭവം.

സിറാജ്: നീണ്ട യാത്രയ്ക്കും സന്ദേഹങ്ങള്‍ക്കും അപ്പുറം അന്നു പൂനയിലെത്തിയ അനുഭവം?
രമേശ്: വല്ലാത്ത ആവേശത്തോടെയായിരുന്നു ഞാന്‍ ആ യാത്ര നടത്തിയത്. പൂനയിലെ ഭൌജി മന്ദിറില്‍ അവിടത്തെ പൂജാരിക്കൊപ്പം സഹായിയായി താമസം. അങ്ങനെ അവിടയിരുന്ന് പാടി പരിശീലിച്ചു കുറച്ചുകാലം. ആ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചേട്ടന്‍റെ തബലയ്ക്കൊപ്പം ഒരു പാട് പാടിയിട്ടുണ്ട്. ഒരു രാഗം 40 തവണ ആവര്‍ത്തിച്ച് പാടിയുറപ്പിക്കുന്ന സംഗീത സമ്പ്രദായമാണ് ചില്ല. ആ മന്ദിറില്‍ അങ്ങനെ എത്രയെത്ര ചില്ലകള്‍..!

സിറാജ്: പണ്ഡിറ്റ് ജസ് രാജ് എന്ന സംഗീത വിസ്മയത്തിലേക്കെത്തിയത്…
രമേശ്: ഉസ്താദ് അള്ളാ രഖയുടെ ശിഷ്യന്‍ സുനില്‍ പാണ്ഡെ 80കളുടെ തുടക്കത്തില്‍ തബല വായിക്കുകയുണ്ടായി. പാടി തീര്‍ന്നപ്പോള്‍ പാണ്ഡെയുടെ ചോദ്യം: “ജസ്രാജ്ജിയുടെ ശബ്ദത്തോട് സാമ്യമുള്ള നിങ്ങളെന്താണ് അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാത്തത്?”

പാണ്ഡെ ജസരാജ്ജിയുടെ വിലാസവും ഫോണ്‍ നമ്പറും തന്നു. ഞാന്‍ ഗുരുജിയെ വിളിച്ച് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം വരാന്‍ പറഞ്ഞു. അടുത്ത ദിവസം അതിരാവിലെ പൂനയില്‍ നിന്ന് ട്രയിന്‍ കയറി. ദാദറില്‍ ഇറങ്ങി. നീണ്ട പിരിയാന്‍ ഗോവണി കയറി ഗുരുവിന്‍റെ അടുത്തെത്തി. അങ്ങനെയാര്‍ക്കും എളുപ്പം എത്തിപ്പെടാന്‍ പറ്റാത്തയിടത്തേക്ക് ജീവിതം എന്നെ എത്തിച്ചു. പരിചയപ്പെട്ടയുടന്‍ ഗുരുജി പാടാന്‍ പറഞ്ഞു.
 


സിറാജ്: ആ പാട്ടിന് ശേഷം എന്തു സംഭവിച്ചു?
രമേശ്: പാട്ട് കേട്ട് കുറച്ചു നിമിഷങ്ങളുടെ നിശബ്ദത. ഒടുവില്‍, എന്റെ സംഗീതത്തില്‍ അറുപത് ശതമാനം കര്‍ണ്ണാട്ടിക്കും ശേഷിച്ച നാല്‍പ്പത് ശതമാനം ഹിന്ദുസ്ഥാനിയുമാണെന്ന് ഗുരുജി അഭിപ്രായപ്പെട്ടു. അത് കൊണ്ട് കുറച്ച് കാലത്തെ കര്‍ണ്ണാട്ടിക് പരിശീലനം കഴിഞ്ഞ് ആ രംഗത്ത് ശ്രദ്ധേയാനാകാമെന്നും പറഞ്ഞു. ഗുരുജിയിടെ സുഹൃത്ത് ബാലമുരളി കൃഷ്ണയുടെ അടുത്തേക്ക് വിടാമെന്ന വാഗ്ദാനവും തന്നു.

സിറാജ്: ഗുരുജി അങ്ങനെ പറഞ്ഞപ്പോള്‍ എന്തായിരുന്നു മനസില്‍?
രമേശ്: സവായ് സംഗീതോത്സവത്തില്‍ ‘മിയാകി തോടി’ പാടിക്കേട്ട അന്നേ അദ്ദേഹത്തെ ഞാന്‍ ഗുരുവായി മനസാ വരിച്ചിരുന്നു. എനിക്കങ്ങനെ ഉപേക്ഷിച്ച് പോരാന്‍ കഴിയുമായിരുന്നില്ല. സമയമില്ലെന്ന് കൂടി ഗുരു പറഞ്ഞതോടെ ഞാന്‍ വികാരാധീനനായി. ഞാന്‍ പറഞ്ഞു, “എനിക്കീ സംഗീതം മതി. ഇത് മാത്രം….”

അടുത്ത നിമിഷം വന്ന ഒപ്പം നില്‍ക്കമോ എന്ന ചോദ്യത്തിന് ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടി പറഞ്ഞു. തീര്‍ച്ചയായും നില്‍ക്കാമെന്ന്. അങ്ങനെ ഞാന്‍ ഗുരുജിയുടെ ശിഷ്യനായി.
 


സിറാജ്: പിന്നെ സംഭവിച്ചത്…..
രമേശ്: പിന്നെയങ്ങോട്ട് ഒരു പരീക്ഷണ കാലമായിരുന്നു. നീണ്ട രണ്ടു വര്‍ഷങ്ങള്‍ ആ തംബുരുവിന് മുന്നില്‍ ഞാന്‍ വെറുതെയിരുന്നു. ക്ഷമയോടെ കാത്തിരുന്നു. ഗുരുജിക്കൊപ്പം പാടുന്ന ഒരു കാലം വരെ. ഇന്നാ മഹാ സംഗീതജ്ഞന്‍ എന്‍റെ സംഗീതത്തില്‍ പാടാന്‍ ഇഷ്ടമാണെന്ന് പറയുന്നിടം വരെ എത്തി ആ ബന്ധം.

സിറാജ്: ചലചിത്ര സംഗീതത്തിലേക്കുള്ള വരവ്…?
രമേശ്: കെ പി ശശിയുടെ ഇലയും മുള്ളുമാണ് സിനിമാ സംഗീതത്തിന്‍റെ തുടക്കം. പിന്നെ 93ല്‍ പി ടി കുഞ്ഞുമുഹമ്മദിന്‍റെ മഗ്രീബ്. 97ല്‍ പി ടിയുടെ തന്നെ ഗര്‍ഷോം. തുടര്‍ന്ന് കുറെ ചിത്രങ്ങള്‍.

സിറാജ്: 2013ല്‍ എത്തുമ്പോള്‍ രമേശ് നാരായണന്‍റേതായി 96 പാട്ടുകള്‍. പശ്ചാത്തല സംഗീതം വേറെയും. സംഗീതം പകര്‍ന്ന പാട്ടുകളില്‍ പ്രിയപ്പെട്ടത്?
രമേശ്: (സ്വതസിദ്ധമായ ആ ചേര് ചിരിയോടെ) അങ്ങനെയൊന്നും ഓര്‍ക്കാറില്ല. പിന്നെ ഓര്‍ക്കാന്‍ വേണ്ടി ഓര്‍മ്മിക്കാമെന്ന് മാത്രം. എല്ലാ പാട്ടുകളും ഇഷ്ടം.

സിറാജ്: എങ്കിലും ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന വരികള്‍..
രമേശ്: ടി എന്‍ ഗോപകുമാര്‍ എഴുതിയ ‘പിംഗള കേശിനി മൃത്യുമാതാ…’ എന്ന പാട്ട്. മരണം മുന്‍പില്‍ കാണുന്ന ജീവന്‍ മശായിയിലെ ആ കഥാപാത്രത്തെ എനിക്കിഷ്ടമാണ്. (പതിഞ്ഞ ശബ്ദത്തില്‍ പാടുന്നു)

“പിംഗള കേശിനി മൃത്യുമാതാ
മിടിക്കുന്നു നാഡിയില്‍ നിന്‍ ദൃഢ സ്പന്ദനം..
പുണരാന്‍..പുല്‍കാന്‍ നീ വരവായ്..
മര്‍ത്യനെ പുല്‍കാന്‍ നീ വരവായ്”
 


സിറാജ്: എന്താണ് മരണത്തോട് ഇത്ര പ്രണയം?
രമേശ്: മരണത്തെ എനിക്കിഷ്ടമാണ്. മറ്റുള്ളവര്‍ ഭയക്കുന്ന ആ മരണത്തെ. ആശുപത്രിയില്‍ കിടക്കുന്ന സമയത്ത്, അവിടെ നിന്നും വീട്ടിലെത്തി കുട്ടികള്‍ക്കൊപ്പമിരിക്കുമ്പോള്‍ ഞാനറിയാതെ പാടി, “മരണമേ നീ വന്നു പുല്‍കൂ…മരണമേ..” ആ പാട്ടിനു മേലെ ടെലിഫോണ്‍ ബെല്‍ മുഴങ്ങി. അമ്മ മരിച്ചു എന്ന വാര്‍ത്തയായിരുന്നു ആ മണിമുഴക്കം. ഞാനങ്ങനെ നിര്‍വികാരനായിരുന്നു. ശൂന്യമായ്. അങ്ങനെയുണ്ട് അനുഭവങ്ങളില്‍ ചിലത്. മരണത്തില്‍ വിഷാദമരുതെന്ന് പറയുന്ന ഖുര്‍ആന്‍ സൂക്തമാണ് എനിക്കിഷ്ടം. അങ്ങനെയുള്ള പാട്ടുകളും.

സിറാജ്: പ്രിയപ്പെട്ട കീര്‍ത്തനം..
രമേശ്: ഒരു സ്വാതി തിരുനാള്‍ കീര്‍ത്തനമാണത്. ബാഗേശ്വരി രാഗത്തിലുള്ള ഒന്ന്. കീര്‍ത്തനത്തില്‍ ശ്രീകൃഷ്ണന്‍റെ സാമീപ്യം കൊതിച്ച് വിരഹിണി രാധ പറയുന്നു,
“ഞാനേറെ വിഷാദവതിയാണ്.. വിരഹിണിയാണ്..
എനിക്കൊരു പൊട്ടുതൊടാന്‍ പോലുമാവുന്നില്ല..
ഒന്നുമൊന്നും വയ്യെനിക്ക്
ഈ വിരഹത്തില്‍
ഞാനെല്ലാം ത്വജിക്കുന്നു…”

സിറാജ്: പുരസ്കാരങ്ങളിലൂടെയുള്ള യാത്ര തുടങ്ങുന്നത് ഗുരുജി ശിഷ്യന് വാത്സല്യത്തോടെ നല്കിയ ഒരു പുരസ്കാരത്തില്‍ നിന്നാണ്. 94ലെ പണ്ഡിറ്റ് മോട്ടിറാം മണിറാം ഫെസ്റ്റില്‍…
രമേശ്: സംസ്ഥാന പുരസ്കാരങ്ങള്‍ അടക്കം ആവാര്‍ഡുകള്‍ നിരവധി കിട്ടിയിട്ടുണ്ട്. പക്ഷേ, വലിയ പുരസ്കാരങ്ങള്‍ അന്ന് പണ്ഡിറ്റ് മോട്ടിറാം ഫെസ്റ്റിവലില്‍ വച്ച് ഗുരു തന്നതും, പിന്നീട് ഫിലാഡെല്‍ഫിയയില്‍ വച്ച് ഗുരു തന്നെ തന്ന ആചാര്യ വരിഷ്ഠയും. പക്ഷേ ഇതിനുമൊക്കെ എത്രയോ അപ്പുറമാണ് ഗുരുജി എന്നെ ശിഷ്യനായി സ്വീകരിച്ചത്.

സിറാജ്: ലോക റെക്കോഡുകളിട്ട ആ കച്ചേരികളെക്കുറിച്ച് കൂടി..
രമേശ്: അച്ഛനും ഗുരുജിക്കും സമര്‍പ്പിച്ച 30 മണിക്കൂര്‍ കച്ചേരി ലോക റെക്കോഡായി. 1994ല്‍ ഒക്ടോബര്‍ 8നായിരുന്നു അത്. അടുത്തിടെ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട് ആതിഥേയരായ 37 മണിക്കൂര്‍ കച്ചേരി എന്‍റെ തന്നെ പഴയ റെക്കോര്‍ഡ് തിരുത്തുകയുണ്ടായി.
 


സിറാജ്: സംഗീത വഴിയില്‍ കുടുംബം..
രമേശ്: അതേ, ജീവിത സാഖിയായി സംഗീതത്തിനൊപ്പം എന്‍റെ കൂടെ വന്നതാണ് ഹേമയും. ഞങ്ങളുടെ മക്കള്‍ മധുവന്തിയും മധുശ്രീയും എന്നെയും ഹേമയെയും പോലെ സംഗീത വഴിയില്‍ തന്നെ.

സിറാജ്: ഈ സംഗീത യാത്രയില്‍ ഇനി എന്ത്…?
രമേശ്: ഇനി വരാനുള്ളത് എന്‍റെ സ്വപ്നമായ കുറെ ഖയാലുകളാണ്. ഓഡിയോ ആല്‍ബങ്ങള്‍. അത്തരം ഒരു സംഗീത പരമ്പരയുമായി എന്നെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരിലേക്ക് ഞാന്‍ എത്തും. ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും കൃതികളാവും ആ പരമ്പരയിലാദ്യം. അതില്‍, ശങ്കര കൃതിയായ ശിവതാണ്ഡവ സ്തോത്രമൊക്കെ പുതിയ അനുഭവമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍