UPDATES

കേരളം

വിദ്യാര്‍ഥി സംഘടനകളേ, നിങ്ങളാണ് ശരി

ദിലീപ് മമ്പിള്ളില്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിന് (വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണോ?) ഒരു മറുകുറിപ്പ് എഴുതുക എന്നതാണ് ഉദേശമെങ്കിലും, ഒരു മുന്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാന്‍ കുഴലൂതുന്ന എല്ലാവരോടും കൂടിയുള്ള ഒരു പ്രതികരണം അല്ലെങ്കില്‍ സംവാദം ആയി ഇതിനെ കണക്കാക്കാം.
 
ഞാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ഭൌതികമായി ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല എന്ന കാര്യം മുഖവുരയായി പറഞ്ഞു കൊണ്ട് തുടങ്ങാം. കേരളത്തിലെ ഏറ്റവും പ്രമുഖമായ ഒരു ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ ബിരുദവും, അതിനു മുമ്പ് പ്രശസ്തമായ ഒരു ആര്‍ട്‌സ് കോളേജില്‍ പ്രീഡിഗ്രിയും പഠിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആളാണ് ഞാന്‍.
 
എന്റെ എഞ്ചിനീയറിംഗ് കോളേജ് സംഭാവന നല്കിയ പ്രമുഖര്‍ ഇവരാണ്. ഡോ. കെ രാധാകൃഷ്ണന്‍ (ഐ എസ് ആര്‍ ഓ), ഡോ. ടെസ്സി തോമസ് (ഡി ആര്‍ ഡി ഓ), വി ബി ചെറിയാന്‍, സി ആര്‍ നീലകണ്ഠന്‍ തുടങ്ങി ഇങ്ങു വി ടി ബല്‍റാം എം എല്‍ എ വരെ. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കനപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ ഇനിയുമുണ്ട്; അവരുടെ പേരുകള്‍ സ്ഥലപരിമിതി മൂലം പരാമര്‍ശിക്കുന്നില്ല.
 
കാമ്പസ് രാഷ്ട്രീയം എന്നും സര്‍ഗാത്മകവും സംവേദനാത്മകവും ആയിരിക്കണം, കാമ്പസ് രാഷ്ട്രീയം പൊതുവെ രാഷ്ട്രീയ നേതാക്കളെ സംഭാവന ചെയ്യാനുള്ളതാണ് എന്ന തെറ്റിധാരണ പ്രചരിപ്പിച്ചു കാണുന്നു. തീര്‍ച്ചയായും തെറ്റായ ഒരു ചിന്താഗതിയാണിത്.
 
രാഷ്ട്രീയം എന്നാല്‍ സ്വന്തം പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരം കാണാനുള്ള ജനകീയ പ്രക്രിയയാണ്. ഒരു രാഷ്ട്രത്തിന്റെ പ്രശ്‌ന പരിഹാര പ്രക്രിയ, രാഷ്ട്രീയമാണെന്ന്‍ വേണമെങ്കില്‍ ലളിതമായി പറയാം. ആ രാഷ്ട്രം എന്നത് ഒരു കാമ്പസ് ആകുമ്പോള്‍ അതിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കേണ്ട പ്രക്രിയ കാമ്പസ് രാഷ്ട്രീയം ആകുന്നു. താന്‍ നിലനില്‍ക്കുന്ന സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടപെടുക എന്നതാണ് കാമ്പസ് രാഷ്ട്രീയം ഒരു വിദ്യാര്‍ത്ഥിയെ ആദ്യം പഠിപ്പിക്കുന്നത്. സംഘടിതമായ പരിഹാരം കാണല്‍, കാമ്പസ് രാഷ്ട്രീയത്തിലൂടെ കുറെ വിദ്യാര്‍ഥികളെങ്കിലും പഠിച്ചു. കുറവല്ലാത്ത ഒട്ടനവധി പേര്‍ ജനകീയ പ്രശ്‌നങ്ങളില്‍ നേതൃപാടവം പ്രകടിപ്പിക്കാനും പഠിച്ചു. പിന്നെ വിവിധ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുക, അഭിപ്രായം രേഖപ്പെടുത്തുക, സംവാദങ്ങള്‍ നടത്തി പുതിയ ആശയങ്ങള്‍ മുന്നോട്ടു വക്കുക, പ്രതികരിക്കുക , പ്രതിഷേധിക്കുക എന്നിവയും ഈ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായി നടക്കുന്നുണ്ട്. 
 
 
രാഷ്ട്രീയം ഉള്ള കാമ്പസില്‍ പഠിച്ചവരും, കാമ്പസ് രാഷ്ട്രീയത്തില്‍ ഇടപെട്ടു പഠിച്ചവരും, രാഷ്ട്രീയമില്ലാത്ത കാമ്പസില്‍ പഠിച്ചവരും തമ്മിലെല്ലാം ഗുണപരമായ പല വ്യത്യാസങ്ങള്‍ ഉണ്ടെന്നത് ഒരു അനുഭവം ആണ്. അത് സമഗ്ര പഠനങ്ങള്‍ നടത്തിയാല്‍ തെളിയാവുന്ന വസ്തുതയും ആണ്.
 
പ്രായത്തിന്റെ പക്വത കുറവ് മൂലവും, അസഹിഷ്ണുത മൂലവും, ബാഹ്യ ഇടപെടല്‍ മൂലവും ചില ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായതു പെരുപ്പിച്ചു കാണിക്കുമ്പോള്‍ വസ്തുതകളെയാണ് പലപ്പോഴും നാം മറക്കുന്നത്.
 
സമരം ചെയ്യലിനെ എന്തോ മോശം കാര്യമായി അവതരിപ്പിക്കുന്നത് കുറെ നാളായി കാണാറുണ്ട്. ഇന്നത്തെ ജീവിതത്തില്‍ അനീതിക്കെതിരെ പ്രതികരിക്കാനും സമരം ചെയ്യാനുമുള്ള കഴിവ് അതിജീവനത്തിനുള്ള ഒരു അത്യാവശ്യമായി മാറിക്കഴിഞ്ഞു. സമരം എന്നാല്‍ ജനാധിപത്യപരമല്ല എന്ന് പറയുന്നത് ആരെ സഹായിക്കാനെന്നു ചോദിച്ചാല്‍ അത് നമ്മള്‍ മിണ്ടാതിരുന്നു കാണണം എന്ന ആഗ്രഹം ഉള്ളവര്‍ ആണെന്ന് മാത്രമേ നമുക്ക് പറയാന്‍ കഴിയൂ. അത്, ആരാണ് നമ്മളെ ചൂഷണം ചെയ്യുന്നവര്‍, അവര്‍ തന്നെ. രാഷ്ട്രീയ ബോധം ഇല്ലാതാവണം എന്നാഗ്രഹിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ കൈ അടിക്കുന്നത് ഈ ചൂഷകര്‍ക്ക് വേണ്ടി ആണ്.
 
ഞങ്ങളുടെ കാലഘട്ടത്തിലെ കാമ്പസ് രാഷ്ട്രീയം സാമൂഹ്യ പ്രശ്‌നങ്ങള്‍ കൂടാതെ താഴേ പറയുന്ന വിഷയങ്ങളും കൈകാര്യം ചെയ്തിരുന്നു. 
 
വിദ്യാര്‍ഥികളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടുക: ഫീസുകളുടെ വര്‍ദ്ധന, സൌകര്യങ്ങളുടെ കുറവ്, ഭക്ഷണത്തിന്റെ നിലവാരമില്ലായ്മ, ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ, നല്ല സൌകര്യങ്ങള്‍ കാമ്പസില്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത, സ്വകാര്യ ബസുകാരുടെ പീഡനം എന്ന് വേണ്ട എല്ലാ പ്രശ്‌നങ്ങളിലും ഞങ്ങള്‍ സജീവമായി ഇടപെട്ട് പരിഹാരത്തിന് ശ്രമിച്ചിരുന്നു; ചില സമരങ്ങളില്‍ അക്രമം നടന്നിരുന്നു; പക്ഷേ ഒരിക്കലും പരിധി വിട്ടതായി എനിക്ക് കാണാന്‍ കഴിഞ്ഞില്ല. പിന്നെ ആയിരം സമരങ്ങളില്‍ ഒന്ന് അക്രമത്തിലേക്ക് തിരിയുമ്പോള്‍ മാത്രമാണ് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നു എന്നുള്ളത് വിദ്യാര്‍ത്ഥി സംഘടനകളുടെ മാത്രം പ്രശ്‌നമല്ല.
 
 
സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുക: ചുറ്റുമുള്ള സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സൃഷ്ടിപരമായി ഇടപെടാനുമെല്ലാം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അതിലൊരു കാര്യം; ഞങ്ങള്‍ സ്‌കൂളുകളില്‍ നടത്തിയ സൌജന്യ കംപ്യൂട്ടര്‍ പരിശീലനമാണ്. പിന്നെ നിര്‍മിതി കേന്ദ്രവുമായി സഹകരിച്ചു ചില വീടുകള്‍ക്കു നിര്‍മാണ സഹായവും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരണവും ഒക്കെ ഞങ്ങള്‍ നടത്തിയിരുന്നു. രക്ത ദാനം, ചികിത്സാ സഹായം, ഫീസ് കൊടുക്കാന്‍ സഹായം എന്നിങ്ങനെ ആ പട്ടിക വളരെ നീണ്ടതാണ്
 
കഴിവുകള്‍ വികസിപ്പിക്കുക: എല്ലാ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളിലും സംവാദങ്ങളും, വിദ്യാര്‍ത്ഥികളുടെ സര്‍വോന്മുഖവും സൃഷ്ടിപരവുമായ വികാസത്തിനു വേണ്ടി വിവിധ കലാ, സാംസ്‌കാരിക പരിപാടികളും ഞങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
 
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍: ഈ മേഖലയിലെ പ്രശ്‌നങ്ങളില്‍, വളരെ മൌലികമായ സംവാദങ്ങള്‍ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ ഒരു സഹ പ്രവര്‍ത്തകന് സര്‍വകലാശാലയിലെ അക്കാദമിക് കൌണ്‍സില്‍ അംഗമാകാനും അതുവഴി നിരവധി കാര്യങ്ങളില്‍ ഇടപെടാനും കഴിഞ്ഞിരുന്നു. സ്വയംഭരണാവകാശം സംബന്ധിച്ച ചര്‍ച്ചകള്‍, സ്വാശ്രയ രംഗത്തെ പ്രശ്‌നങ്ങള്‍ എന്നിവ ആദ്യം ചൂണ്ടിക്കാണിക്കപ്പെട്ടത് ഞങ്ങളുടെ പോലത്തെ കാമ്പസുകളില്‍ നിന്നായിരുന്നു. വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണത്തിനെതിരെ ഉറച്ചു ശബ്ദിക്കാന്‍ ഞങ്ങളുടെ തലമുറയ്ക്ക് കഴിഞ്ഞിരുന്നു. 
 
റാഗിംഗ് നിരോധനം: റാഗിംഗ് എന്ന ക്രൂര വിനോദത്തിനെതിരെ, വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു പ്രതിരോധിക്കുക, നിയമം എത്ര ഉണ്ടായാലും ജനകീയ ജാഗ്രത ഒന്ന് കൊണ്ട് മാത്രം ആണ് ഞങ്ങളുടെ കാമ്പസ് റാഗിംഗ് വിമുക്തമായത്. വ്യക്തിപരമായി ശത്രുക്കളെ ഞങ്ങള്‍ സമ്പാദിച്ചു. പക്ഷെ ഞങ്ങളുടെ കാമ്പസില്‍ റാഗിംഗ് എന്ന പേരില്‍ ഒരാള്‍ക്കും അപമാനമേല്‍ക്കേണ്ടി വന്നിട്ടില്ല.
 
വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നത് തടയല്‍: പൂവാലശല്യം എന്നും ഈവ് ടീസിംഗ് എന്നുമൊക്കെ വിളിക്കപ്പെടുന്ന ഈ ശല്യം പല നഗരങ്ങളിലും, നിരവധി ജീവനുകള്‍ എടുത്തിരുന്നു. അതിനെ ഞങ്ങള്‍ ശക്തമായി പ്രതിരോധിച്ചു. പല വ്യക്തികളും ഒരു വൈരാഗ്യം ഈ കാര്യത്തില്‍ ഞങ്ങള്‍ക്ക് നേരെ വെച്ച് പുലര്‍ത്തിയിരുന്നു.
 
വര്‍ഗീയത തടയല്‍: കാമ്പസില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത്, അവരെ മതനിരപേക്ഷതയുടെ കൊടിക്കീഴില്‍ അണിനിരത്താന്‍ കഴിഞ്ഞു. പല തീവ്രവാദി സംഘടനകളും കാമ്പസുകള്‍ അവരുടെ റിക്രൂട്‌മെന്റ്‌റ് കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു എന്ന കാര്യം മറക്കാതിരിക്കുക. കാമ്പസുകളില്‍ വര്‍ഗീയ ചേരിതിരിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമം മത, സാംസ്‌കാരിക സംഘടനകള്‍ നടത്തുണ്ട്. ഇതെല്ലാം പലരും അറിയാതെ പോകുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാവുന്നില്ല
 
 
ജാതീയത ചെറുക്കല്‍: കാമ്പസില്‍ ജാതിരാഷ്ട്രീയം സജീവമാക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം നടന്നിരുന്നു. പലതിനും തീവ്രവാദ ബന്ധങ്ങള്‍ വരെ ഉണ്ടായിരുന്നതായി കേട്ടിരുന്നു. അവയെ എല്ലാം പടിപ്പുറത്ത് നിര്‍ത്തിയപ്പോള്‍ പലരും ഞങ്ങളെ ജനാധിപത്യ വിരുദ്ധര്‍ എന്ന് വിളിച്ചു; പക്ഷെ കാലം ഞങ്ങളാണ് ശരി എന്ന് തെളിയിച്ചു.
 
അധ്യാപകരുടെ പീഡനങ്ങള്‍ തടയല്‍: സെഷണല്‍ മാര്‍ക്കിന്റെ പേരില്‍ നിരന്തരം കൊടിയ പീഡനങ്ങള്‍ അരങ്ങേറുന്ന ഒരു സ്ഥലമാണ് പ്രൊഫഷനല്‍ കോളേജുകള്‍. അധ്യാപകരുടെ സാഡിസ്റ്റ് മന:സ്ഥിതിക്ക് ഇരയായ പലരും ജീവിച്ചിരിപ്പുണ്ട്. ഇതുമൂലമുള്ള ആത്മഹത്യ, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വരെ ഉണ്ടായിട്ടുണ്ട്. ഗവേഷകയെ ശാരീരികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച പ്രൊഫസര്‍ കേരളത്തില്‍ ഉണ്ടായിരുന്നു എന്ന് മറക്കുന്നതും ശരിയല്ലല്ലോ. ഇങ്ങനത്തെ പ്രശ്‌നങ്ങളില്‍ അതിശക്തമായി ഞങ്ങള്‍ പ്രതികരിച്ചിരുന്നു, പലപ്പോഴും ഇങ്ങനത്തെ അധ്യാപകര്‍ക്കും ചെറിയ ശത്രുത അതിനാല്‍ ഉണ്ടായിരുന്നു.
 
ആള്‍ക്കൂട്ട സംസ്‌കാരത്തെ പ്രതിരോധിക്കല്‍: നിരവധി ആള്‍ക്കൂട്ടങ്ങള്‍ ഉള്ള ഒരു കാമ്പസില്‍, ഒരു ഗ്യാംഗ് ഉണ്ടാവാനോ അവര്‍ മറ്റുള്ളവരുമായി ഏറ്റുമുട്ടാനോ ഒക്കെ വളരെയധികം സാധ്യതകളുണ്ട്. ചിലര്‍ അതിനെ ഹോസ്റ്റല്‍ സ്പിരിറ്റ്, ബാച്ച് സ്പിരിറ്റ്, ബ്രാഞ്ച് സ്പിരിറ്റ് എന്നെല്ലാം പേര് വിളിക്കും. അങ്ങനത്തെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കുന്ന സര്‍വ പ്രശ്‌നങ്ങളെയും, വലുതാകാതെ നോക്കാന്‍ പലപ്പോഴും എല്ലാവരുടെയും പ്രാതിനിധ്യം ഉള്ള ഒരു സംഘടനക്ക് കഴിഞ്ഞിരുന്നു.
 
മയക്കുമരുന്ന് മാഫിയകളെ തുരത്തല്‍: കാമ്പസുകളില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘത്തെ ഞങ്ങളുടെ ജാഗ്രത മൂലം തുരത്താന്‍ കഴിഞ്ഞിരുന്നു. ഒരു സംഘട്ടനം അതിന്റെ പേരില്‍ ഉണ്ടായെങ്കിലും, അതൊരു നല്ല കാര്യം തന്നെയായിരുന്നു.
 
വിദേശ സര്‍വകലാശാലകളില്‍ പോകുന്നവരില്‍ നിരവധിപേര്‍ ഇവിടുത്തെ പാരലല്‍ കോളേജുകളുടെ നിലവാരം പോലുമില്ലാത്ത സ്ഥലങ്ങളിലാണ് പഠിക്കുന്നതെന്ന വസ്തുത പലപ്പോഴും മറക്കുന്നതാണെന്ന് ആശ്വസിക്കാം. ലേഖകന്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ പലതും വിദ്യാഭ്യാസ മന്ത്രിയുടെ കടമകള്‍ എന്ന പേരിലുള്ള ഒരു ലേഖനത്തില്‍ വരേണ്ടതായിരുന്നു, അത് തെറ്റിയാണ് ഇവിടെ വന്നതെന്നാണ് എനിക്ക് ഫലിത രൂപത്തില്‍ ചിന്തിക്കാന്‍ തോന്നുന്നത്.
 
സമൂഹത്തിന്റെ ഉത്പാദന പ്രക്രിയയില്‍ എങ്ങനെ പങ്കു വഹിച്ചാലും ഉയര്‍ന്ന രാഷ്ട്രീയ ബോധം ഒരു സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടു തന്നെയാണ്.
 
കൂടുതല്‍ ആളുകള്‍ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നതിന്റെ ഭാഗമായി മാറിനില്ക്കുന്നത് കാരണം കാമ്പസ് രാഷ്ട്രീയത്തിന് മൂല്യ തകര്‍ച്ച ഉണ്ടെന്നത് അംഗീകരിക്കേണ്ട വസ്തുതയാണ്. ഏകാധിപത്യ പ്രവണതകളും, ഗ്യാംഗ് സംസ്‌കാരങ്ങളും, അസഹിഷ്ണുതയും, അക്രമ വാസനയും കൂടിക്കൂടി വരുന്നു. കൂടുതല്‍ ആളുകള്‍ ഇതില്‍ ഇടപെട്ടു മൂല്യത്തകര്‍ച്ച മാറ്റി വളരെ നല്ല, തുടിക്കുന്ന കാമ്പസ് രാഷ്ട്രീയത്തെ ഉണ്ടാക്കുകയാണ് വേണ്ടത്.
 
ഉണര്‍ന്നിരിക്കുന്ന സമൂഹത്തിന്റെ പരിശ്ചേദമാകട്ടെ കാമ്പസുകള്‍
ചില ഒറ്റപ്പെട്ട, ഒഴിവാക്കപ്പെടേണ്ട പ്രശ്‌നങ്ങളുടെ പേരില്‍, സാമൂഹ്യ പ്രതിബദ്ധതയും പൌരബോധവും രാഷ്ട്രീയജ്ഞാനവും പ്രതികരണശേഷിയുമുള്ള ഒരു തലമുറയെ ഉണ്ടാക്കിയെടുക്കാനുള്ള അവസരം കളയരുത് എന്ന് പറഞ്ഞു കൊണ്ട്, കാമ്പസ് രാഷ്ട്രീയം കൂടുതല്‍ നന്നായി, ശരിയായി വേരോടുകയാണ് വേണ്ടതെന്ന്‍ ഊന്നിപ്പറയേണ്ട കാലം തന്നെയാണിത്. നമ്മള്‍ ശരിയാണെന്ന് തെളിയുന്ന കാലം വിദൂരത്തല്ല താനും. 
.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍