UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

കേരളം

ഭൂസംരക്ഷണനിയമം അട്ടിമറിക്കുന്നത് ആര്‍ക്ക് വേണ്ടി?

ചരിത്രാതീതകാലംമുതല്‍ തന്നെ ഭൂമിയില്‍ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ഇന്ത്യയില്‍ സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ തന്നെ കൃഷിഭൂമി കര്‍ഷകന് എന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ അത് മറക്കുകയാണുണ്ടായത്. കേരളത്തിലും സ്വാതന്ത്ര്യാനന്തരകാലത്ത് മണ്ണില്‍ പണിയെടുക്കുന്നവന്റെ അവകാശം സ്ഥാപിച്ചുകിട്ടുന്നതിനുള്ള നിരവധി പോരാട്ടങ്ങള്‍ നടക്കുകയുണ്ടായി. ഐക്യകേരള രൂപീകരണത്തിനുശേഷം ആദ്യമായി 1957-ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് കേരളത്തിന്റെ അഭിമാനം സമുദ്രാതിര്‍ത്തികള്‍ക്കപ്പുറത്തെത്തിക്കുന്ന വിധം മണ്ണില്‍ പണിയെടുക്കുന്നവരും കുടികിടപ്പുകാരുമുള്‍പ്പടെ പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനും ക്ഷേമത്തിനും ഭാവി കേരളത്തിന്റെ സാമൂഹ്യനീതിയിലധിഷ്ഠിതമായ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയുമുളള നിയമ നിര്‍മ്മാണങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നടത്തിയത്. ഇതോടെ കേരളത്തില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ക്കാണ് സ്വന്തമായി ഭൂമിയും കിടപ്പാടവും സ്വന്തമാക്കാന്‍ കഴിഞ്ഞത്.
 
അങ്ങനെ ഭൂപ്രഭുക്കളുടെയും ജന്മികളുടെയും കയ്യിലായിരുന്ന ഭൂമി കൃഷിക്കാരുടെ കൈകളിലെത്തിക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ ഉത്പദനോപാധിയായി കൃഷി ചെയ്യുവാനും കുടികിടക്കുവാനും ഉപയോഗിച്ചിരുന്ന ഭൂമി ഇപ്പോള്‍ കള്ളപ്പണക്കാര്‍ക്കും പുത്തന്‍പണക്കാര്‍ക്കും അമിത സമ്പത്തുണ്ടാക്കാനുളള ഉപാധിയായി മാറിയിരിക്കുന്നു. കായലുകളും നിലങ്ങളും നികത്തി ഭൂമിയുടെ ഭൗതിക ഘടനക്കുതന്നെ മാറ്റം വരുത്തിയതോടെ ജീവജാലങ്ങളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയുണ്ടായിരിക്കുന്നു. ഭക്ഷ്യോത്പാദനം മാത്രമല്ല കൃഷിക്കും കുടിക്കുവാനുമുള്ള ജലലഭ്യത പോലും തടസ്സപ്പെടുവാന്‍ ഇത് കാരണമായിരിക്കുന്നു. 
 
ആഗോളവല്‍ക്കരണത്തിന്റെ ഫലമായി പാവപ്പെട്ടവര്‍ എല്ലാ മേഖലകളിലും അന്യവല്‍ക്കരിക്കപ്പെടുന്നു. കൃഷി ചെയ്യുവാനോ തലചായ്ക്കുവാനോ ഇടംനല്‍കാതെ അവര്‍ ഭൂമിയില്‍ നിന്നും പറിച്ചെറിയപ്പെടുന്നു. 1990 കളിലെ  ആഗോളവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനും മുമ്പ് ഗ്രാമീണ ഇന്ത്യയില്‍ ഭൂരഹിതര്‍ 23 ശതമാനം മാത്രമായിരുന്നെങ്കില്‍ 20 വര്‍ഷം പിന്നിടുമ്പോള്‍ അത് 43 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. പാവപ്പെട്ടവന് തലചായ്ക്കാന്‍ ഒരു കുടില്‍ നിര്‍മ്മിക്കാനെങ്കിലും ഒന്നോ രണ്ടോ സെന്റ് ഭൂമി വാങ്ങാന്‍ കഴിയാത്തവിധം ഭൂമാഫിയകള്‍ ഈ മേഖലയാകെ തങ്ങളുടെ അധീനതയിലാക്കിയിട്ടുണ്ട്.
 
 
ഇന്ത്യാക്കാകെ മാതൃകയായി കരുതപ്പെടുന്ന ഇ.എം.എസ്. സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. അത് വന്‍കിട ഭൂഉടമകള്‍ക്കും ഭൂമാഫിയകള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്നത്. ഇതോടെ കേരളത്തില്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതും വിതരണം ചെയ്യുന്നതുമായ നടപടികള്‍ എന്നെന്നേക്കുമായി തടസ്സപ്പെടും. ഭൂരരഹിതരായ പാവങ്ങള്‍ക്ക് ഒരു തുണ്ട് ഭൂമിപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകുകയും ചെയ്യും.
 
തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന വ്യവസ്ഥ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ടൂറിസത്തിനും മറ്റാവശ്യങ്ങള്‍ക്കും എന്ന പേരില്‍ ദുരുപയോഗം ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കും. ഉദാഹരണത്തിന് 52000 ഏക്കര്‍ ഭൂമി കൈവശമുള്ള ഹാരിസണ്‍ മലയാളം കമ്പനിക്ക് 2600 ഏക്കറോളം ഭൂമിയും 50000 ഏക്കര്‍ ഭൂമി കൈവശമുള്ള ടാറ്റായ്ക്ക് 2500 ഏക്കറോളം ഭൂമിയും റിസോര്‍ട്ടുകള്‍ പണിയാന്‍ അനുവാദം നല്‍കാന്‍ കഴിയുന്നതരത്തിലുള്ള നിയമഭേദഗതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. മാത്രമല്ല കേരള ഭൂപരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും നടന്നുവരുന്നു 400ല്‍പരം കേസുകളും ഇല്ലാതാകുന്ന സ്ഥിതിയാണ്.
 
രാജ്യത്ത് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിധത്തില്‍, നമ്മുടെ നെല്‍വയലുകളും തണ്ണീര്‍തടങ്ങളും കണ്ടല്‍കാടുകളും ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി 2008-ല്‍ രൂപം നല്‍കിയ കേരള നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. കേരളത്തില്‍ 2005 വരെ അനധികൃതമായി നികത്തിയതുള്‍പ്പടെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും കരഭൂമിയായി ക്രമപ്പെടുത്തുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ഭൂമാഫിയകളെ സഹായിക്കുവാന്‍ വേണ്ടിയാണെന്നുള്ള ആക്ഷേപം വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്. വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ തന്നെ ക്ഷണിച്ചുവരുത്തുന്നതിനുകാരണമാകുന്ന നിയമഭേദഗതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രാബല്യത്തില്‍വരുത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ യു.ഡി.എഫിനുള്ളിലും മന്ത്രിമാര്‍ തമ്മില്‍പോലും പരസ്പരം കടുത്ത തര്‍ക്കങ്ങളാണ് ഉയര്‍ന്നുകണ്ടത്.
 
പാട്ടവ്യവസ്ഥകള്‍ ലംഘിച്ച് ആയിരക്കണക്കിന് ഏക്കര്‍ റവന്യൂ ഭൂമിയാണ് പാട്ടം നല്‍കാതെയും കരാര്‍ പുതുക്കാതെയും സ്വകാര്യ കമ്പനികളും വ്യക്തികളും കയ്യടക്കിവച്ചിരിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കുന്നതിനോ, പാട്ടക്കുടിശ്ശിക പിരിച്ചെടുക്കുന്നതിനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇപ്രകാരം അനധികൃതമായി കൈവശമുള്ള ഏക്കര്‍ കണക്കിന് ഭൂമിയുള്‍പ്പെടെ വ്യാജ പട്ടയം ചമച്ച് ബാങ്കുകളില്‍ ഈട് നല്‍കി കോടിക്കണക്കിന് രൂപയുടെ വായ്പ തട്ടിയെടുക്കുന്നു. നെല്ലിയാമ്പതിയിലെ വിവാദമായ ചെറുനെല്ലി എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിവാദം ഇതനൊരുദാഹരണം മാത്രമാണ്.
 
 
നമ്മുടെ ഭൂഘടനയിലെ മാറ്റങ്ങള്‍ കാരണമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കുടിവെള്ളത്തെയും രൂക്ഷമായി ബാധിച്ചുതുടങ്ങിയിരുക്കുന്നു. ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള അവിഭാജ്യഘടകമായ ജലം ഒരു പൊതുസ്വത്താണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനം മൂലമുള്ള ജല ദൗര്‍ലഭ്യം ഇന്ന് മാനവരാശിയെ മുഴുവന്‍ ബാധിച്ചിരിക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത വര്‍ദ്ധിച്ചുവരുന്നുവെന്നും ഭാവിയില്‍ വലിയ ദുരന്തം തന്നെയുണ്ടാകുമെന്നും അത് ഭൂമിയില്‍ ജീവനാശത്തിനുതന്നെ കാരണമാകാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഴയെ ആശ്രയിച്ചു നിലകൊള്ളുന്ന ജലസ്രോതസ്സുകളായ കിണറുകള്‍, കുളങ്ങള്‍, നീര്‍ത്തടങ്ങള്‍, പുഴകള്‍ തുടങ്ങിയവയെല്ലാം തന്നെ ആധുനിക ഭൂമാഫിയകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കാടുമുതല്‍ കടല്‍തീരംവരെ ജലസംരക്ഷണം ഉറപ്പുവരുത്തി പരമ്പരാഗത ജലസ്രോതസ്സുകളെ ജനപങ്കാളിത്തത്തോടെ സംരക്ഷിക്കുവാന്‍ 2009-ല്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയും ഏങ്ങുമെത്തിയിട്ടില്ല. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും കൃഷിക്കും വ്യവസായത്തിനും അത്യന്താപേക്ഷിതമായ ജലം ഇന്ന് വില്പന ചരക്കാക്കിമാറ്റിയിരിക്കുന്നു.
 
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനസംഖ്യ ഭൂവിസ്തൃതിയെക്കാള്‍ വളരെ വലുതാണ്. ഒരു കാലത്ത് കാര്‍ഷികോല്‍പാദനത്തില്‍ വന്‍പുരോഗതി കൈവരിച്ചിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി ഭക്ഷ്യോല്‍പാദനം നടത്തുവാന്‍ കഴിയുന്നില്ല. കൃഷിഭൂമി കര്‍ഷകന്റേതായി നിയമംമൂലം സംരക്ഷിക്കുവാന്‍ കഴിഞ്ഞുവെങ്കിലും ഭൂപരിഷ്‌കരണത്തോടൊപ്പം നടപ്പിലാക്കേണ്ട കാര്‍ഷിക പരിഷ്‌കരണങ്ങള്‍ കാര്യമായി നടത്തുവാന്‍ കഴിഞ്ഞിട്ടില്ല.
 
കേന്ദ്രസര്‍ക്കാരുകളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും കാര്‍ഷിക വിരുദ്ധനയങ്ങള്‍ കര്‍ഷകരെ ആ രംഗത്തുനിന്നും തീര്‍ത്തും പിന്നോട്ടടിപ്പിക്കുന്ന സ്ഥിതിയാണുണ്ടായത്. വിത്തിനും വളത്തിനും നല്‍കിയിരുന്ന സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്തതും പ്രകൃതിക്ഷോഭം കാരണമോ മറ്റ് കാരണങ്ങളാലോ കൃഷിനാശം സംഭവിച്ചാല്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നലകാതിരിക്കുകയും ചെയ്യുന്ന നടപടികള്‍ കര്‍ഷകരെ ദുരിതത്തിലാക്കി. ഇത് കര്‍ഷകര്‍ വ്യാപകമായി ആത്മഹത്യ ചെയ്യുന്നതിനുവരെ കാരണമാക്കി. വര്‍ഷങ്ങളായി തരിശിടാന്‍ നിര്‍ബന്ധിതമായ കൃഷിയിടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതമായി. കാര്‍ഷിക മേഖലയിലെ ഈ ദുരന്തത്തെ മുതലെടുത്ത് തടിച്ചുകൊഴുക്കുകയാണ് നമ്മുടെ സംസ്ഥാനത്തെ ഭൂമാഫിയകള്‍.
 
ഈ സാഹചര്യത്തിലാണ് 2013 ജനുവരി ഒന്നിന് പുതുവര്‍ഷ പുലരിയില്‍ ഭൂസംരക്ഷണ പ്രക്ഷോഭത്തിന് വീണ്ടും തുടക്കും കുറിച്ചത്. എല്ലാ ഭൂരഹിതര്‍ക്കും സമയബന്ധിതമായി ഭൂമി വിതരണം ചെയ്യുക, ഭൂവിതരണത്തില്‍ പട്ടികജാതി വിഭാഗത്തിന് മുന്‍ഗണന നല്‍കുക, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് ഒരേക്കര്‍ ഭൂമി നല്‍കുക, ഭൂപരിഷ്‌ക്കരണ നിയമം – അട്ടിമറി ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുക, മുഴുവന്‍ മിച്ച ഭൂമിയും ഭൂരഹിതര്‍ക്ക് കൈമാറുക, ഭൂമാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ഭൂമിക്കുവേണ്ടി നടത്തുന്ന പ്രക്ഷോഭത്തില്‍ പുതിയൊരധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു. കേരള കര്‍ഷകസംഘം, കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളിയൂണിയന്‍, ആദിവാസി ക്ഷേമ സമിതി, പട്ടികജാതി ക്ഷേമസമിതി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഭൂസംരക്ഷണ സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
 
 
സമരം ചെയ്യുന്നവര്‍ക്ക് മാത്രം ഭൂമി ലഭിക്കണമെന്ന താത്പര്യത്തോടെയല്ല ഭൂസമരം നടത്തിയത്. ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് മുഴുവന്‍ രാഷ്ട്രീയ, ജാതി, മത വ്യത്യാസമില്ലാതെ ഭൂമി ലഭിക്കുന്നതിനു വേണ്ടിയാണീ സമരമെന്ന് സമരത്തെ അവഹേളിച്ചവര്‍ക്ക്‌പോലും അംഗീകരിക്കേണ്ടിവന്നു. നിഷ്പക്ഷമതികളായവര്‍ ഈ സമരത്തിന്റെ യാഥാര്‍ത്ഥ്യവും ലക്ഷ്യവും തിരിച്ചറിഞ്ഞുകൊണ്ട് എല്ലാവിധ പിന്തുണയുമായി രംഗത്തുവന്നു. സമരത്തെ പരാജയപ്പെടുത്തുവാന്‍ സര്‍ക്കാരിനോ എതിരാളികള്‍ക്കോ കഴിയുകയില്ലെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടു. പാവപ്പെട്ട ദളിതരെയും ആദിവാസികളെയും തെറ്റിദ്ധരിപ്പിച്ച് ഈ സമരരംഗത്തുനിന്ന് പിന്തിരിപ്പിക്കുവാന്‍ പലരും ശ്രമിച്ചുവെങ്കിലും തങ്ങള്‍ക്കെന്നും ആശ്രയത്തിനും രക്ഷയ്കും ചെങ്കൊടി പ്രസ്ഥാനം മാത്രമെ ഉണ്ടാകുകയുള്ളു എന്ന തിരിച്ചറിവില്‍ വളരെ ആവേശത്തോടെയാണ് ഈ പ്രക്ഷോഭത്തില്‍ അവര്‍ അണി ചേര്‍ന്നത്.
 
സംസ്ഥാനത്ത് 14 കേന്ദ്രങ്ങളിലും ആവേശകരമായിട്ടായിരുന്നു ഭൂസംരക്ഷണ സമരത്തിന് തുടക്കം കുറിച്ചത്. സമരഭൂമിയില്‍ പ്രവേശിച്ച വോളണ്ടിയര്‍മാര്‍ ജയിലറകളിലേക്ക് പോകാന്‍ തയ്യാറാണെന്ന പ്രഖ്യാപനവുമായാണ് മുന്നേറിയത്. എന്നാല്‍ ആദ്യദിവസം തന്നെ യു.ഡി.എഫ്. സര്‍ക്കാരിന് ഈ പോരാട്ടത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. മിച്ചഭൂമിയിലേക്ക് മാര്‍ച്ച് ചെയ്ത സമരഭടന്മാരെ ഒരിടത്തും അറസ്റ്റ് ചെയ്യുവാന്‍ പോലീസ് തയ്യാറായില്ല. വോളണ്ടിയര്‍മാരും അവര്‍ക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളുമായി അനുഗമിച്ച് ആയിരക്കണക്കിന് ബഹുജനങ്ങളും വൈകുന്നേരം വരെ ഈ കേന്ദ്രങ്ങളില്‍ ചെലവഴിക്കുകയായിരുന്നു. പോലീസ് സമരഭടന്മാരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത് സമരത്തിനുമുന്നില്‍ സര്‍ക്കാരിന്റെ കടുത്ത പരാജയമായിട്ടു മാത്രമെ കാണാന്‍ കഴിഞ്ഞിട്ടുള്ളു.
 
ഭൂസമരക്കാരുമായി യാതൊരുവിധ ചര്‍ച്ചയും ഇല്ലെന്നായിരുന്നു തുടക്കത്തില്‍ സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ജനുവരി 11ന് റവന്യൂവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് സമരസമിതി നേതാക്കളുമായി ചര്‍ച്ച ചെയ്യുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജനുവരി 16 ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഭൂസംരക്ഷണസമിതി നേതാക്കള്‍ നടത്തിയ വിശദമായ ചര്‍ച്ചയുടെ ഫലമായി ഭൂപ്രസംരക്ഷണ സമിതിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു. 2013 ഓഗസ്റ്റ് 15നുള്ളില്‍ മിച്ച ഭൂമി വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം താല്ക്കാലികമായി പിന്‍വലിക്കുകയായിരുന്നു.
 
ആഗോളവല്‍ക്കരണത്തിന്റെ ഫലമായി മറ്റുമേഖലകളിലെന്നപോലെ നാം ജീവിക്കുന്ന ഭൂമിപോലും ചൂഷ്ണത്തിനിരയാകുന്നതിലൂടെ ഒരു വന്‍ ദുരന്തമാണ് സംജാതമായിരിക്കുന്നത്. ഭൂസംരക്ഷണത്തിനുവേണ്ടി കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഭാവിയില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കുകൂടി മാതൃകയായി ഉയര്‍ന്നുവരേണ്ടതായുണ്ട്. ഇതില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്നതിനുള്ള ശ്രമകരമായ ഒരു ദൗത്യമാണ് നമുക്ക് ഏറ്റെടുക്കേണ്ടതായിട്ടുളളത്.
 
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍