UPDATES

ഓഫ് ബീറ്റ്

ദിക്‌ലാകെ കിനാരാ മുഝെ മല്ലാഹ് നെ ലൂട്ടാ…

എ. റശീദുദ്ദീന്‍
 
വര: ഷാരോണ്‍ റാണി
 
 
കാലിച്ചാക്ക് വ്യാപാരികളുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു മാര്‍ക്കറ്റുണ്ട് വടകരയില്‍. ഇപ്പോഴത്തെ റെയില്‍വേ മേല്‍പ്പാലം പാളത്തിനപ്പുറത്ത്  തായങ്ങാടിയിലേക്ക് ഇറങ്ങുന്നിടത്താണിത്. നാഷണല്‍ ഹൈവേയും റെയില്‍ ഗതാഗതവും കരുത്താര്‍ജിച്ച് കാലപ്രവാഹത്തില്‍ അതിന്റെ പൊലിമ ഇല്ലാതായെങ്കിലും മലബാറിലെ പാണ്ടികശാലകളുടെയും കൊപ്ര വ്യാപാരത്തിന്റെയും കൈത്താങ്ങായി നില്‍ക്കുന്നത് ഇന്നും ഈ മാര്‍ക്കറ്റാണ്. മാര്‍ക്കറ്റിന്റെ തുടക്കത്തില്‍ സുബൈര്‍ ഹാജിയുടെ ചാക്കുകടയുടെ നേരെ മുമ്പിലാണ് ഇന്ന് വോയ്‌സ് ഓഫ് വടകര. എവറസ്റ്റ് മ്യൂസിക് ക്ളബ്ബ് എന്ന പേരിലായിരുന്നു ഈ ക്ളബ്ബിന്റെ തുടക്കം. അന്നത് മനാറുല്‍ ഉലൂം മദ്രസയുടെ അടുത്താണ്. ചെറിയ ഒരു ഇടവേളയില്‍ ‘രാഗസുധ’ എന്ന പേരിലും ഈ ക്ളബ്ബ് അറിയപ്പെട്ടിരുന്നു. എന്റെ മൂത്തമ്മയുടെ വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണാനാവുന്ന ദൂരമേ ഇങ്ങോട്ടുള്ളൂ. ഗണ്ണി മാര്‍ക്കറ്റിലേക്കുള്ള ലോറികളുടെ നീണ്ട നിരകള്‍ക്കിടയിലൂടെ ഊളിയിട്ടാണ് ഞാനും ശഫീഖും ഈ ക്ളബ്ബില്‍ പാട്ടുകേള്‍ക്കാനെത്തുന്നത്. ആവയുടെ കൂടെ ഇശാ നമസ്‌കരിക്കാന്‍ പോയാല്‍ പള്ളിയില്‍ നിന്നിറങ്ങി നേരെ പാട്ടുകേള്‍ക്കാന്‍ പോകാം. സുബ്ഹിക്ക് എഴുന്നേറ്റ് മൂത്താപ്പാന്റെ കൂടെ പള്ളിയില്‍ പോയാല്‍ ഡീലക്‌സ് ഹോട്ടലില്‍ നിന്ന് അലീസയും ചായയും കിട്ടും. താഴത്തങ്ങാടിയുടെ പ്രലോഭനങ്ങളായിരുന്നു ഈ പാട്ടും അലീസയും. 
 
 
പഴയ ചാക്കുകള്‍ തുന്നിയടുക്കുന്നവരുടെയും ഏറ്റിക്കൊണ്ടു പോകുന്നവരുടെയും ബഹളമാണ് വഴിയിലുടനീളം. റോഡുകളുടെ ഗന്ധം പോലും പഴയ ചാക്കുകളുടേത്. ഹുസന്‍ കാസന്‍ ദാദയുടെ പാണ്ടികശാലക്കു മുകളില്‍ കാലത്തിന്റെ ഓര്‍മ്മക്കുറിപ്പ് പോലെ 1940 എന്നെഴുതി വെച്ചിരിക്കുന്നു. ദാദ കറാച്ചിയിലേക്കു പോയി. ഗുജറാത്തികളായ കാക്കു സേട്ടും രതന്‍ജി സേട്ടും വടകരയില്‍ തുടര്‍ന്നു. ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള താഴngaadi ഭ്രമം ഒരുപക്ഷേ ആ കാലപ്രവാഹത്തോടൊപ്പം ബാക്കിയായതാവണം. പകലന്തിയോളം നീളുന്ന അധ്വാനത്തിന്റെ സമാപ്തിയില്‍ സേട്ടുമാരുടെ ആശീര്‍വാദത്തോടെ ക്ളബ്ബിലെ വിളക്കുകള്‍ തെളിഞ്ഞു. സാക്ഷാല്‍ ബാബുരാജ് പോലും ഇവിടത്തെ രാത്രിസദിരിന് മാറ്റുകൂട്ടാനെത്തിയ കാലമുണ്ടായിരുന്നു. വടകരയുടെ രണ്ട് സ്വന്തം കവികള്‍, പി.ടി അബ്ദുര്‍ റഹിമാനും വി.ടി കുമാരന്‍ മാസ്റ്ററും അവരോടൊപ്പം സംഗീത ചക്രവര്‍ത്തി ചാന്ദ്പാഷയും അപൂര്‍വ്വമായി എത്തുന്ന എരഞ്ഞോളി മൂസക്കയും കൊഴുപ്പിച്ച മഹ്ഫിലുകള്‍. താഴത്തങ്ങാടിയിലെ തൊഴിലാളികളാണ് അവിടത്തെ പാട്ടുകാരിലും ആസ്വാദകരിലും ഏറിയ പങ്ക്. ജീവിതത്തിന്റെ കീറച്ചാക്കുകള്‍ തുന്നിയെടുക്കുന്നതിനിടയില്‍ സംഗീതം അവര്‍ക്ക് സ്വാന്തനമായി. എവറസ്റ്റ് ക്ളബ്ബിലെ ഈ ഗാനരേഖ ഒരുവേള സിലോണ്‍ റേഡിയോ നടത്തിവന്ന ‘ബിനാക്കാ ഗീത്മാല’യോളം കിടപിടിച്ചു. പാട്ടിന്റെ നാള്‍വഴിയെ കുറിച്ച ചര്‍ച്ചകളില്‍ അമീന്‍ സായാനിയെ അമ്പരപ്പിക്കാന്‍ കഴിയുന്ന ചാക്കുകുത്തികളും താഴത്തങ്ങാടിയിലുണ്ടായിരുന്നു.  
 

                                                                                                                        വലിയ ജമാഅത് പള്ളി തായങ്ങാടി
 
 
ഏറ്റവുമൊടുവില്‍ കാണുമ്പോഴും ചെറുകുഞ്ഞി തങ്ങള്‍ അവിടെ ഹാര്‍മോണിയം പിടിക്കുന്നുണ്ടായിരുന്നു. കാറ്റിന്റെ കൈവേഗമാണ് അദ്ദേഹത്തിന്റെ വിരലുകള്‍ക്കെന്നാണ് കുട്ടിക്കാലത്ത് തോന്നിയിരുന്നത്. തബലക്കു പുറകില്‍ ഉമ്മര്‍ട്ടിക്ക. ഇദ്ദേഹത്തിന്റെ മകന്‍ താജുന്നീന്‍ വടകര പില്‍ക്കാലത്ത് അറിയപ്പെടുന്ന ഗായകനായി മാറി. മുഹമ്മദ് റഫിയും തലത്തും കിശോറും ലതയും മുകേഷും മന്നാദായും നിറയുന്ന ശബ്ദ ലോകം. പാട്ടു പാടുന്നവരില്‍ പ്രധാനി മൂസക്കയാണ്. പക്ഷെ 60കളിലെയും 70കളിലെയും ‘ഗോള്‍ഡന്‍ മെലഡീസ്’ പാടാനറിയുന്ന ഏതൊരാള്‍ക്കും സ്വാഗതം. അല്ലാത്തവര്‍ക്ക് വെറുതെ കേള്‍വിക്കാരാവാം. ചാഹൂംഗ മേം തുഝെയും ചാന്ദ് ആംഹേ ഭരേയും സാരംഗാ തേരീ യാദും ഫിര്‍ വൊഹീ ശാമും സിന്ദഗീ ദേനെവാലെയുമൊക്കെയാണ് ഗായകരുടെ നാവിന്‍ തുമ്പത്ത്. കവിഞ്ഞാല്‍ ഒരു ‘ക്യാഹുവാ തേരാവാദാ’. ഒരു തലമുറയുടെ യൗവനത്തെ പ്രണയോദാരമാക്കിയ അനശ്വരഗാനങ്ങള്‍. ഈ പരമ്പരയിലെ അവസാനത്തെ ഗായകനായിരുന്ന മഹീന്ദ്ര കപൂറിന് ഒറ്റപ്പെട്ട ആരാധകരുണ്ട്. ദോ കലിയാം എന്ന ചിത്രത്തില്‍ മാലാ സിന്‍ഹയും ബിശ്വജിത്തും അഭിനയിച്ച് അനശ്വരമാക്കിയ യുഗ്മഗാനമില്ലേ? ‘തുമാരീ നസര്‍ ക്യൂം ഖഫാ ഹോഗയേ…’ അതല്ലെങ്കില്‍ ‘തും അഗര്‍ സാഥ് ദേനെ കാ വാദാ കരോ’ ഇതൊക്കെ വല്ലപ്പോഴും ഒന്നു പാടിക്കേട്ടെങ്കിലായി. 1980കള്‍ക്കിപ്പുറത്തെ പാട്ടുകളില്‍ ഒന്നുപോലുമില്ല ഗണ്ണി മാര്‍ക്കറ്റിന്റെ ആസ്വാദനലോകത്ത് വരവുവെച്ചതായി. കുന്നത്തുനാടിനും ഏറനാട്ടിനുമിടയില്‍ ജീവിക്കുന്നവരുടെ ആത്മാവില്‍ സംഗീതം അലിഞ്ഞു ചേരണമെന്നത് പ്രകൃതി നിയമമായിരുന്നു. ഫുട്‌ബോളും വോളിബോളും മാത്രമാണ് അവര്‍ക്കിടയില്‍ വ്യത്യാസപ്പെട്ടത്. വടകരയിലെ താഴത്തങ്ങാടിയില്‍ മാത്രമല്ല മാനാഞ്ചിറയുടെ പടവുകളിലും കുറ്റിച്ചിറയിലെ ‘അക’ങ്ങളിലും തലശ്ശേരിയിലെ കല്യാണ വീടുകളിലും കൊയിലാണ്ടിയിലെ ചായപ്പീടികകളിലും വെള്ളയില്‍ കടപ്പുറത്തെ കാറ്റില്‍ പോലും സംഗീതമുണ്ടായിരുന്നു.  
 
 
ഓരോ പാട്ടിനുമുണ്ട് കേള്‍ക്കുന്നവരുമായി ബന്ധപ്പെട്ട മൃദുസ്പന്ദനങ്ങള്‍. 90കളുടെ അവസാന പകുതിയില്‍ ഞാനും സുഹൃത്ത് സലീല്‍ കോളക്കോടനും ബാംഗ്ളൂരിലൂടെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നു. അന്ന് സലീല്‍ കല്യാണം കഴിച്ചിരുന്നോ എന്നു ചോദിച്ചാല്‍ ഉണ്ട്, പക്ഷെ ഇല്ല എന്ന അവസ്ഥയാണ്. നിക്കാഹ് കഴിഞ്ഞ് റഷീദയുടെ കൂടെ ഒരു ദിവസം കോഴിക്കോട് എവിടെയോ കക്ഷി തങ്ങിയിരുന്നു. വെറുതെ കുറെ കൊച്ചു വര്‍ത്തമാനം പറയാന്‍! ഞാനത് വിശ്വസിച്ചില്ല. വര്‍ത്തമാനം പറഞ്ഞു പിരിയാനായിആരും ഹോട്ടലില്‍ മുറിയെടുക്കില്ല എന്നായി തര്‍ക്കം. പക്ഷെ അവന്‍ വളരെ സീരിയസ്സായിരുന്നു. ആ നേരത്ത് ഓര്‍മ്മയിലെത്തിയത് മുഹമ്മദ് റഫിയുടെ ഒരു പാട്ടാണ്. ‘ചൂലേനെ ദൊ നാസുഖ് ഹോട്ടോം കൊ’ എന്ന പ്രണയഗാനം. യൗവനത്തിന്റെ വര്‍ണാഭമായ സമയം നീയിങ്ങനെ നാണിച്ച് നശിപ്പിക്കരുതെന്ന് അര്‍ഥമാക്കുന്ന ഒരു വരിയുണ്ട്, അതിന്റെ അനുപല്ലവിയില്‍. ‘ശര്‍മ്മാകെ ന യൂംഹി ഖോദേനാ, രംഗീന്‍ ജവാനീ കീ ഘടിയാം…’ അറിയാവുന്ന ഈണത്തില്‍ ഓട്ടോറിക്ഷയുടെ കടകടാരവത്തെ മറികടന്ന് ഞാനത് മൂളി. 
 
 
 
ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഏതാണ്ട് 60 – 65 വയസ് പ്രായമുണ്ട്. ഇന്ത്യന്‍ നഗരജീവിതത്തിന്റെ അനിവാര്യതയായ ആലംബഹീനത. ആ പ്രായത്തിലും അയാള്‍ അധ്വാനിക്കുകയാണ്. തൂവെള്ള നിറമുള്ള തല പുറകിലേക്ക് ഒന്നു വെട്ടിത്തിരിഞ്ഞു നോക്കി. ആ പാട്ട് മുഴുവന്‍ അറിയുമോ? കലാസിപ്പാളയത്തു നിന്നും ബെന്‍സണ്‍ ടൗണിലേക്കാണ് ഞങ്ങളുടെ യാത്ര. അയാള്‍ പാട്ട് ആസ്വദിക്കുകയാണ്. ‘ആപ് കാ ആവാസ് ബഹുത്ത് അഛാ ഹൈ’ റഫി സാഹിബിനെ പാടാനറിയുന്നത് വലിയൊരു ഭാഗ്യമാണ്. അദ്ദേഹം എന്നെ പ്രശംസിച്ചു. റഫിയെ എന്നല്ല എനിക്ക് ആരെയും പാടാനറിയില്ല. ഇങ്ങനെയൊക്കെ അവരെ അപമാനിക്കാനറിയാം എന്നല്ലാതെ. അതല്ല ഭായ് സാഹബ്. താങ്കള്‍ക്കു പാടാനറിയാം. ഇന്നത്തെ ചെറുപ്പക്കാര്‍ ഈ പാട്ടുകളൊക്കെ പാടുന്നത് പോലും അല്‍ഭുതമാണ്. 67ല്‍ ഇറങ്ങിയ സിനിമയാണത്. കാജല്‍. നിങ്ങളെ പോലെ ഞാനും യുവാവായിരുന്ന കാലമാണത്… അല്‍പ്പസമയത്തേക്ക് എന്റെ ഓര്‍മ്മകളെ താങ്കള്‍ പുറകിലേക്കു കൊണ്ടുപോയി. അതിന് സമ്മാനമായി കൂലിയില്‍ പത്തുരൂപയുടെ കുറവുണ്ട്… നേരത്തെ പറഞ്ഞുറപ്പിച്ച കൂലിയില്‍ നിന്ന് അയാളതു കുറച്ചു വാങ്ങി. 
 
 
ചില പാട്ടുകള്‍ മനസ്സില്‍ കോറിവരക്കുന്ന കല്‍ച്ചിത്രങ്ങളാണ്. ഒരിക്കലും മാഞ്ഞുപോകാത്തവ. കാഠ്മണ്ഡുവിലെ രതിക്ഷേത്രത്തിലേക്കു കയറുന്ന ഇടനാഴിക്കു സമീപത്തിരുന്ന് തബലയുടെ കുറ്റി ഇടത്തേ കൈകൊണ്ട് വായിച്ച് അന്ധനായ ഒരു ഗായകന്‍ പാടിയ ‘ആജാ… തുഝ്‌കോ പുകാരേ മേരാ പ്യാര്‍’ എന്ന ഗാനത്തിന് ആ പാട്ട് പാടാനാവുന്ന ഏറ്റവും ഉചിതമായ പശ്ചാത്തലഭംഗിയുണ്ടായിരുന്നു. പ്രണയം രതിയല്ലെന്ന് അവിടെയെത്തുന്നവരെ അയാള്‍ തിരുത്താന്‍ ശ്രമിക്കുന്നതു പോലെ. അയാളുടെ സ്വരമാധുരിയില്‍ ലയിച്ച എനിക്കന്ന് കൂട്ടംതെറ്റി മേയേണ്ടി വന്നു. ബീഹാറിലെ സമസ്തിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും തീവണ്ടിയില്‍ ഹാര്‍മോണിയവുമായി കയറിയ മറ്റൊരു യാചകന്‍. മുഹമ്മദ് റഫിയുടെ ‘ദില്‍ ജോ ന കഹ് സകാ’ എന്ന പാട്ടാണ് അയാള്‍ പാടിക്കൊണ്ടിരുന്നത്. റഫിക്കു ശേഷം സോനു നിഗമും മറ്റും ഇത് അസ്സലായി പാടിയിട്ടുണ്ട്. മിക്ക ഗായകരും തങ്ങളുടെ പ്രതിഭ തെളിയിക്കാന്‍ തെരഞ്ഞെടുക്കുന്ന ഗാനവുമാണിത്. പക്ഷെ സാധാരണക്കാരനായ ഒരാള്‍ അത്രക്കു വൃത്തിയായി ഈ പാട്ടുപാടുന്നത് ഞാന്‍ കേട്ടിട്ടില്ല. തീവണ്ടിയിലും മറ്റും അത്രയെളുപ്പം പാടി ഫലിപ്പിക്കാവുന്ന ഗാനവുമല്ല അത്. എന്നിട്ടും അയാള്‍ സൂക്ഷ്മമായ സ്വരസ്ഥാനങ്ങള്‍ കൊണ്ട് അതിശിയിപ്പിച്ചു.
 
 
ഈ പാട്ടുകളില്‍ പലതും മലബാറിന്റെ നിത്യജീവിതത്തിലുണ്ട്. ഭാഷയറിയില്ലെങ്കിലും തലമുറകളുടെ നാവിന്‍ തുമ്പത്ത് അവ തത്തിക്കളിച്ചു കൊണ്ടേയിരിക്കുന്നു. ഏതോ ഒരു വ്യാഴാഴ്ച രാത്രിയില്‍ ചെറിയകുഞ്ഞി തങ്ങളും സംഘവും തൊണ്ട പൊട്ടി പാടുകയാണ്. മഹ്ബൂബ് ഖാന്‍ സംവിധാനം ചെയ്ത സണ്‍ ഓഫ് ഇന്ത്യയിലെ ‘ദില്‍ തോട്‌നെ വാലെ’ എന്ന ഗാനം. ലതയുടെയും റഫിയുടെയും ശബ്ദത്തിന്റെ ഉഛസ്ഥായി അതേ സ്‌കെയിലില്‍ അനുകരിച്ച് പാട്ടിന്റെ ഗോവണികളില്‍ എവിടെയും കാലിടറാതെയുള്ള രാഗസഞ്ചാരം. അടുത്തതായി പാടുന്നത് ‘ബൈജുഭാവ്‌രയിലെ അകേലീ മത് ജൈഓ രാധേ ജമുനാ കിനാരെ…’ സംഗീതത്തിന്റെ ഒന്നാന്തരം പാല്‍പ്പായസങ്ങളാണ് ഈ രണ്ടു കോമ്പോസിഷനുകളും. കുഞ്ഞി തങ്ങള്‍ സുഗന്ധം പുരട്ടി എടുത്തുവീശിയ ആ പട്ടുറുമാല്‍ കൂട്ടിപ്പിടിച്ചാണ് റഫിയെയും ലതയെയും ഞാന്‍ എന്നും ആസ്വദിച്ചത്. സംഗീതലോകത്തേക്കുള്ള ചവിട്ടുപടികളായിരുന്നു ക്ളബ്ബിന്റെ ഇളകിയാടിയ ഏണിപ്പടികള്‍. 
 
 
മൂടിപ്പുതച്ച സാരിയുമായി പാര്‍ലമെന്റിന്റെ ഇടനാഴിയിലൂടെ നടന്നുപോയ ആ സംഗീത ചക്രവര്‍ത്തിനിയെ വര്‍ഷങ്ങള്‍ക്കു ശേഷം ആദരവോടെ അടുത്തുനിന്നു കണ്ടു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമെന്ന നിലയില്‍ ലതാജി അന്ന് രാജ്യസഭയില്‍ വരാറുണ്ടായിരുന്നു. അവര്‍ നടന്നു പോയ വഴിയിലൂടെ ഒരു വിഡ്ഡിയെ പോലെ പുറകെ നടന്നു. എന്തെങ്കിലുമൊരു സഹായം അവര്‍ക്കു വേണ്ടിവന്നെങ്കിലോ എന്ന് മനപ്പായസമുണ്ട്. അവരുടെ നടത്തയിലും ചിരിയിലും വിനയത്തിലുമൊക്കെ സംഗീതത്തിന്റെ കുഞ്ഞു ഗമകങ്ങളുണ്ടായിരുന്നത് അല്‍ഭുതത്തോടെ നോക്കിക്കണ്ടു. കുഞ്ഞിത്തങ്ങളുടെ ‘ദില്‍ തോഡ്‌നെ വാലെ’ എന്നെ അത്രക്കു തകര്‍ത്തു കളഞ്ഞിരുന്നു. ദിവസങ്ങളോളം മനസ്സില്‍ തങ്ങിനിന്ന ഈണം. ‘ബേചെയ്ന്‍ ഉഥര്‍ തൂഹൈ, തൊ മജ്ബൂര് ഇഥര്‍ ഹം…’ എന്ന വരികളിലേക്കു കടക്കുമ്പോള്‍ വസൂരിക്കുത്തുകള്‍ വീണ അദ്ദേഹത്തിന്റെ മുഖത്ത് കമല്‍ജിത്തിന്റെ അതേ പാരവശ്യം. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ഉടുത്തതിന് കമല്‍ജിത്തിനെ ഹോട്ടലിലെ സപ്ളയര്‍മാര്‍ തള്ളി പുറത്തേക്കിടുകയായിരുന്നല്ലോ. പക്ഷെ പാട്ടിന്റെ പത്രാസുകാലത്തെ ഏറ്റുപിടിച്ചവരെയാണ് എവറസ്റ്റ് ക്ളബ്ബില്‍ നിന്ന് പിടിച്ചു പുറത്താക്കുന്നത്. കമല്‍ജിത്തിന്റെ വേഷത്തിലുള്ള യഥാര്‍ഥ മനുഷ്യരുടെയിടയില്‍ അത്തരം പാട്ടുകള്‍ കേള്‍ക്കാന്‍ ആര്‍ക്കും നേരവുമുണ്ടായിരുന്നില്ല. 
 
 
 
 
കാട്ടിലെ പാട്ട് 
 
റഫിയും ലതയും ചേര്‍ന്നു പാടിയ ദില്‍ തോഡ്‌നെ വാലെയുടെ പശ്ചാത്തലം അന്വേഷിച്ചു കണ്ടെത്താന്‍ ഈയിടെ ഒരു കാരണമുണ്ടായി. ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ വിഹരിക്കുന്ന ഒരു കൊടും കാട്ടില്‍ വെച്ച് ഈ പാട്ട് വീണ്ടും കേള്‍ക്കുകയാണ്. ദേശാഭിമാനി ബ്യൂറോ ചീഫ് വി.ബി. പരമേശ്വരന്‍, മറാത്തി പത്രമായ ‘സകാല്‍’ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആനന്ദ് ഭഗയ്കര്‍ എന്നിവര്‍ ഒപ്പമുണ്ട്. പേരു പറയാതെ ഞാന്‍ മാറ്റിവെക്കുന്ന ഒരു മലയാളി സുഹൃത്തുമുണ്ട് കൂടെ. രാഷ്ട്രീയക്കാരന്റെ ആര്‍ത്തിയെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സഭ്യേതരമായ ഒളിക്യാമറാ ദൃശ്യത്തിലൂടെ അനശ്വരമാക്കിയ ദിലീപ്‌സിംഗ് ജുദേവിന്റെ നാട്ടില്‍ നിന്ന് രാഷ്ട്രീയ കുതന്ത്രങ്ങളുടെ ആശാനായ അജിത് ജോഗി മല്‍സരിക്കുന്ന മര്‍വാഹിയിലേക്ക് യാത്ര പോവുകയാണ് ഞങ്ങള്‍. ‘പൈസാ ഖുദാ നഹീം ഹൈ, ഖുദാ കീ കസം ഖുദാ സെ കം ബീ നഹീം ഹൈ’ (പണം ദൈവമല്ല, എന്നാല്‍ ദൈവത്താണെ സത്യം, ദൈവത്തേക്കാള്‍ ഒട്ടും കുറഞ്ഞതുമല്ല) എന്ന് വെറും ഒറ്റ ലക്ഷത്തിന്റെ ‘നക്കാപ്പിച്ച’ കൈക്കൂലിയെ ചുംബിച്ചും കണ്ണില്‍ വെച്ചും ജുദേവ് പറയുന്ന രംഗം മനംപിരട്ടലോടെ കണ്ട ശതകോടി ഇന്ത്യക്കാരുടെ പ്രതിനിധികളായി കടുവാത്തലുകളും കാട്ടുപോത്തിന്‍ തലകളും സ്റ്റഫു ചെയ്ത അദ്ദേഹത്തിന്റെ വീട്ടില്‍ ഞങ്ങള്‍ സന്ദര്‍ശനത്തിനെത്തി. 
 
 
ജുദേവിനെ ബി.ജെ.പിക്ക് ആവശ്യമുണ്ടായിരുന്നതു കൊണ്ട് മാധ്യമങ്ങള്‍ ആ വാക്കുകളുടെ അല്‍പ്പത്തം മറന്നു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിക്കപ്പെട്ട ആദിവാസികളെ ഹിന്ദുമതത്തിലേക്ക് വി.എച്ച്.പി ‘തിരികെ’ മതംമാറ്റം നടത്തുമ്പോള്‍ പൊതുവേദിയില്‍ ദിലീപ്‌സിംഗ് ജുദേവ് അവരുടെ കാലുകഴുകി വെള്ളം കുടിക്കുമായിരുന്നു. ആ ‘പുണ്യകര്‍മ്മം’ ചെയ്യുന്ന ഒരാള്‍ പൊതുഖജനാവില്‍ നിന്ന് അല്‍പ്പം കട്ടെങ്കില്‍ തന്നെ അതില്‍ വലിയ കുഴപ്പമില്ല എന്നായിരുന്നു ജഷന്‍പൂരിന്റെ മനശ്ശാസ്ത്രം. വോട്ടുവരുന്ന ഏത് വഴിയും രാഷ്ട്രീയത്തില്‍ പുണ്യകര്‍മ്മമായിരുന്നല്ലോ. അതുകൊണ്ട് ദിലീപ്‌സിംഗ് ജുദേവ് വീണ്ടും വീണ്ടും തെരഞ്ഞെടുപ്പുകള്‍ നേരിടുകയും ജയിക്കുകയും ചെയ്തു. 
 
 
ഇന്ത്യയിലെ ഹിന്ദുക്കളുടെ വികാരവും വേദനകളും ആരും കണക്കിലെടുക്കുന്നില്ല എന്ന സുഹൃത്തിന്റെ നിരീക്ഷണവും അതിന് ഭഗയ്കര്‍ നല്‍കിയ മറുപടിയുമായിരുന്നു യാത്രയിലെ മുഖ്യ ചര്‍ച്ച. മുസ്‌ലിംകള്‍ ഇക്കാര്യത്തില്‍ തികച്ചും പ്രതിലോമകരമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. പാര്‍ലമെന്റിനു നേര്‍ക്കു പോലും ആ്രകമണം നടന്നു. പക്ഷെ എന്തുകൊണ്ട് പാകിസ്ഥാനുമായുള്ള ബന്ധം ഇനി ആവശ്യമില്ലെന്ന് പറയാന്‍ മുസ്‌ലിംകള്‍ തയാറാവുന്നില്ല? ഹിന്ദുക്കളെ വേദനിപ്പിക്കുന്ന പാകിസ്ഥാന്റെ പ്രവൃത്തികളില്‍ മുസ്‌ലിംകള്‍ ഒരിക്കലും പരസ്യമായി അഭിപ്രായം പറയാത്തതെന്ത്? അതാണ് ബി.ജെ.പിയെ പോലുള്ള സംഘടനകള്‍ക്ക് ആശയപരമായി അടിത്തറയൊരുക്കുന്നത്. കമ്മ്യൂണിസ്റ്റുകാരനായ പരമേശ്വരനും മതമൗലികവാദിയായ ഞാനും ഇതേ കുറിച്ച് പറയുന്ന കാര്യങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമാണെന്നാണ് അവന്‍ ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്നത്. 
 
 
മറാത്താ സംസ്‌കാരത്തിന്റെ തനിമയില്‍ നിന്നു കൊണ്ട് ഭഗയ്കര്‍ ഈ നിലപാടുകളെ ചോദ്യം ചെയ്തു. ‘ഒരു രാജ്യം എന്ന നിലയില്‍ പാകിസ്ഥാനുമായി ഇന്ത്യക്കുള്ള പ്രശ്‌നങ്ങളില്‍ ഇവിടത്തെ പൗരന്‍മാര്‍ മാത്രമായ മുസ്‌ലിംകള്‍ ഒരു മതസമൂഹം എന്ന നിലയില്‍ നിലപാട് വ്യക്തമാക്കുകയും മറ്റൊരു മതസമൂഹമായ ഹിന്ദുക്കള്‍ അക്കാര്യത്തില്‍ അനുകൂലമായോ പ്രതികൂലമായോ വിധിയെഴുതുകയും ചെയ്യണമെന്ന കാഴ്ചപ്പാടില്‍ തന്നെ പ്രശ്‌നമില്ലേ? പാകിസ്ഥാന്റെ പ്രവൃത്തികളില്‍ ഹിന്ദുക്കള്‍ക്കു മാത്രമാണോ വേദന? എല്ലാ പൗരന്‍മാര്‍ക്കുമില്ലേ?’ മുസ്‌ലിംകളും ഹിന്ദുക്കളും ഇപ്പോഴും രണ്ട് രാജ്യങ്ങള്‍ ആണെന്നും ഭൂരിപക്ഷമായ ഹിന്ദുക്കളുടേതു മാത്രമാണ് ഇന്ത്യയെന്നുമല്ലേ അതിന്നര്‍ഥം? അതോടെ മതേതര റിപ്പബ്ളിക് എന്നു പറയുന്നതിന്റെ പ്രസക്തി ഇല്ലാതാവും. ഗവണ്‍മെന്റുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ജനങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കേണ്ട  കാര്യമെന്ത്? പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളിലും മുസ്‌ലിംകള്‍ അഭിപ്രായം പറഞ്ഞേ തീരൂ എന്ന വാശി എന്തിനാണ്? ആ വാശിയിലുമില്ലേ പ്രശ്‌നം? പറയില്ലെന്ന മുസ്‌ലിംകളുടെ വാശിയിലുമുണ്ട് ഇതേ കുഴപ്പം’ അദ്ദേഹം ചൂണ്ടിക്കാട്ടി. 
 
 
 
മുസ്‌ലിംകളുടെ ഇത്തരം നിലപാടുകള്‍ ശുദ്ധ അസംബന്ധങ്ങളാണ്. ചില കാര്യങ്ങളില്‍ അവര്‍ക്കു നിലപാടെടുക്കാവുന്നതേ ഉള്ളൂ. ഞാന്‍ ഭഗയ്ക്കറെ അനുകൂലിച്ചു. പക്ഷെ ഭൂരിപക്ഷം മുസ്‌ലിംകളും പാക്കിസ്ഥാന്‍ പക്ഷപാതികളാണെന്നത് ഒരു തെറ്റിദ്ധാരണയല്ലേ? ചില പൊതുധാരണകള്‍ ചൂണ്ടിക്കാട്ടിയാണ് സുഹൃത്ത്  പ്രശ്‌നത്തെ സമീപിച്ചത്. ക്രിക്കറ്റ് മല്‍സരത്തില്‍ പോലും ഇന്ത്യയെ പിന്തുണക്കാന്‍ എന്തുകൊണ്ട് മുസ്‌ലിംകള്‍ക്കു കഴിയുന്നില്ല? തര്‍ക്കം മുറുകുകയാണ്. ആ സാമാന്യവല്‍ക്കരണത്തെ എനിക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. പാകിസ്ഥാന്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നതും പാകിസ്ഥാനെ ഇഷ്ടപ്പെടുന്നതും രണ്ടല്ലേ സുഹൃത്തേ? വസീം അക്രത്തിന്റെ ആരാധകര്‍ക്ക് പാകിസ്ഥാനില്‍ പൗരത്വം നല്‍കാമെന്ന് പറഞ്ഞാല്‍ എത്ര പേര്‍ പോകും? പാകിസ്ഥാന്‍ ക്രിക്കറ്റിനെയെന്നല്ല ഏതു ക്രിക്കറ്റിനെയും കളിയുടെ നിലവാരം നോക്കി ഇഷ്ടപ്പെടാനും പെടാതിരിക്കാനും ആര്‍ക്കും അവകാശമുണ്ടാവണമെന്നാണ് എന്റെ പക്ഷം. വെസ്റ്റിന്‍ഡീസിനെയോ ഇംഗ്ളണ്ടിനെയോ ഞാന്‍ കയ്യടിക്കുന്നതു പോലെയേ അതാകാവൂ. ഒരു കാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഏറ്റവും വെറുക്കപ്പെട്ടവരായിരുന്നു. എന്നുവെച്ച് ഡാരന്‍ ഗഫിനെ കയ്യടിക്കാതിരിക്കുന്നതെങ്ങനെ? പാകിസ്ഥാന്റെ കാര്യത്തില്‍ രാജ്യ്രേദാഹത്തിന് വഴിയൊരുക്കുന്ന വാദമാണതെന്ന് സുഹൃത്ത് .
 
 
അംബികാപൂരിലേക്കുള്ള വഴിയില്‍ കാടിന് കുറുകെയുള്ള ചെമ്മണ്‍പാതയിലൂടെ പോയാല്‍ 45 കിലോമീറ്ററോളം ദൂരത്തിന്റെ കുറവുണ്ട്. സമയം ആറ് മണിയോടടുക്കുന്നു. പ്രദേശത്തിന്റെ ചിത്രം ശരിക്കറിയാവുന്ന ഡ്രൈവര്‍ക്ക് ഈ ഏര്‍പ്പാടില്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. വെറുമൊരു കാടല്ല അത്. നിറയെ മാവോയിസ്റ്റുകളാണ്. ജീവനില്‍ കൊതിയുള്ള ആരും ഈ നേരത്ത് അതിലേ പോകില്ല. അവന്‍ സാഷ്ടാംഗം പറഞ്ഞെങ്കിലും ഞങ്ങള്‍ കൂട്ടാക്കിയില്ല. മാവോയിസ്റ്റുകളെ നേരില്‍ കണ്ടാല്‍ ‘ഒരു സ്‌റ്റോറി കാച്ചിക്കളയാം’ എന്ന മട്ടിലായിരുന്നു ഇരിപ്പ്. ദല്‍ഹിയില്‍ നിന്നും വന്ന ഈ ‘ശുജായി’കളുടെ വിവരക്കേടില്‍ സഹതപിച്ച് ചെമ്മണ്‍ പാതയിലൂടെ അയാള്‍ മനസ്സില്ലാ മനസ്സോടെ വണ്ടിയുരുട്ടി തുടങ്ങി. ആദിവാസി ഗ്രാമങ്ങളാണ് വഴിയിലുടനീളം. വിശ്വഹിന്ദുപരിഷത്തിന്റെ ഇന്ത്യയിലെ ശക്തി കേന്ദ്രങ്ങളിലൊന്നായാണ് ജഷന്‍പൂര്‍ – അംബികാപൂര്‍ മേഖല അറിയപ്പെടുന്നത്. ‘മതം മാറിയ’ ആദിവാസികളെ ഹിന്ദുമതത്തിലേക്ക് ‘തിരികെ കൊണ്ടുവരുന്ന’ ‘ഗര്‍വാപസി അഭിയാന്‍’ ഏറ്റവുമധികം ശക്തിയോടെ നടക്കുന്ന പ്രദേശം. 
 
 
മധ്യവര്‍ഗത്തില്‍ പെട്ട ഏതൊരു സാധാരണക്കാരന്‍റേതില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല ഞങ്ങളുടെ ഡ്രൈവര്‍ക്ക് മാവോയിസ്റ്റുകളെ കുറിച്ചുള്ള അറിവ്. റായ്പൂരില്‍ ടാക്സി ഡ്രൈവറായി വണ്ടിയോട്ടുന്ന അവന് ഇ്രതയേ ഇതെ കുറിച്ച് അറിയുകയുള്ളുവെങ്കില്‍ ദല്‍ഹിയിലെ ബാബുമാരുടെ കാര്യത്തില്‍ കുറ്റം പറയുന്നതില്‍ അര്‍ഥമുണ്ടായിരുന്നില്ല. മാവോയിസ്റ്റുകള്‍ കൊള്ളക്കാരില്‍ നിന്നും ഒട്ടും ഭേദമല്ലെന്നാണ് ചങ്ങാതി വിശ്വസിച്ചത്. ടാക്‌സി ഡ്രൈവര്‍മാരെ അവര്‍ തട്ടിക്കൊണ്ടു പോയതിനെ കുറിച്ച കഥകള്‍ അവന്‍ പറയാന്‍ തുടങ്ങി.  ‘എന്റെ റശീദ്, നിനക്കിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ? മാവോയിസ്റ്റുകളുടെ പിടിയിലകപ്പെട്ട് തന്നെ വേണോ അവരെ കുറിച്ച സ്‌റ്റോറി ചെയ്യാന്‍? ശുദ്ധ മണ്ടത്തമല്ലേ നീ ചെയ്യുന്നത്? നമ്മെള കെട്ടിയിട്ട് വിലപേശാനല്ലേ അവര്‍ ഒരുമ്പെടുക’? സുഹൃത്തിന് ദേഷ്യം വരുന്നുണ്ടായിരുന്നു. ‘അങ്ങനെയൊരു മാവോയിസ്റ്റ് ഒരിക്കലും ഉണ്ടാവില്ല. അവര്‍ പോരാളികളാണ്. തങ്ങള്‍ക്കു പറയാനുള്ളത് സമൂഹത്തോടു പറയാനുള്ള അവസരം കിട്ടുമ്പോള്‍ അവരെന്തിന് നിന്നെ വധിക്കണം?’ എന്റെ ചോദ്യം അവനെ അരിശം പിടിപ്പിച്ചു. പരമേശ്വരന്‍ കുറെക്കൂടി യുക്തിസഹമായ രീതിയില്‍ വിഷയം വിശദീകരിച്ചു. പോലിസുകാരെ അവര്‍ വധിക്കുന്നതിന് കാരണമുണ്ട്. ഏതോ നിലയില്‍ അവര്‍ പരസ്പരം പോരാടുകയാണ്. പക്ഷെ മാധ്യമ പ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ ടാര്‍ജറ്റ് ചെയ്യുന്നതിന് എന്ത് തെളിവാണുള്ളത്? 
 
 
 
വണ്ടി കാട്ടിലൂടെയാണ് പോകുന്നതെന്ന് ഇതിനിടെ ഡ്രൈവര്‍ മുതലാളിയെ വിളിച്ചറിയിച്ചു. തിരിച്ചു പോവാനുള്ള ദൂരം കൂടുതലായതു കൊണ്ട് ഇനി മുന്നോട്ടു തന്നെ പോയ്‌കൊള്ളാന്‍ അയാളുടെ നിര്‍ദ്ദേശം. ‘വിവരവും വിദ്യാഭ്യാസവുമില്ലാത്ത കാടന്‍മാര്‍ക്ക് എന്ത് പത്രക്കാരനും പോലിസുകാരനും? നല്ല വണ്ടിയില്‍ യാത്ര ചെയ്യുന്ന, കയ്യില്‍ കാശുള്ള, ക്യാമറയും ലാപ്‌ടോപ്പുമുള്ള നമ്മെ അവര്‍ കൊള്ളയടിക്കുകയാണ് ചെയ്യുക’ ഡ്രൈവര്‍ സുഹൃത്തിന്റെ അഭിപ്രായം ഏറ്റുപിടിച്ചു. ‘ഇവന്‍ ഒരു മണ്ടനാണ്’ പരമേശ്വരന്‍ സംസാരം മലയാളത്തിലേക്കു മാറ്റി. നീ കണ്ടില്ലേ കുന്‍കുരിയിലെ ആ പള്ളിയെ കുറിച്ച് ചങ്ങാതി പറഞ്ഞ വിവരം? ഏഷ്യയിലെ ഏറ്റവും വലിയ ചര്‍ച്ചാണ് അതത്രേ! അത്യാവശ്യം കൊള്ളാവുന്ന ഒരു ചര്‍ച്ച് എന്നല്ലാതെ കേരളത്തില്‍ അതിനേക്കാള്‍ വലിപ്പമുള്ള എത്രയെത്ര ചര്‍ച്ചുകളുണ്ട്? പത്രം വായിക്കുന്ന ശീലമില്ലാത്ത ഇവന്‍മാര്‍ കേട്ടുകേള്‍വികള്‍ പറഞ്ഞുപരത്തി നിന്നെ ഭയപ്പെടുത്തുകയാണ്… 
 
 
പൊടിപിടിച്ച നിരത്തുകളിലൂടെ ഓടുമ്പോള്‍ കുലുങ്ങിയാടി വശംകെടുന്നതു മാത്രമാണ് ആ യാ്ത്രയുടെ ഏക പ്രയാസം. വഴിയിലെ വീടുകള്‍ ക്രമേണ ഇല്ലാതായി. കാട് മാത്രമാണ് ബാക്കി. വീണ്ടും വീണ്ടും വളഞ്ഞുതിരിഞ്ഞ് അകത്തേക്ക് കയറിപ്പോകുന്ന കാട്. ഒടുവില്‍ ഞങ്ങളുടെ റോഡ് ഏതോ പുഴക്കരയില്‍ പൂര്‍ണമായി അവസാനിച്ചു. പാലമില്ല. വെളിച്ചവുമില്ല. പുഴയിലേക്ക് വണ്ടികള്‍ ഇറങ്ങിപ്പോയതിന്റെ പാടുകള്‍ കാണുന്നുണ്ട്. പക്ഷെ ആഴം കുറഞ്ഞ വഴി എവിടെയെന്ന് ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ കാണാനാവുമായിരുന്നില്ല. കണെ്ണത്താ ദൂരത്ത് അക്കരെ ഒരു ബള്‍ബിന്റെ വെളിച്ചവും എന്തോ ചില ശബ്ദങ്ങളും കേള്‍ക്കുന്നുണ്ട്. പുഴക്ക് അ്രതയും വീതിയുണ്ടാകുമോ? ശരി, ഒരു കാര്യം ചെയ്യാം. ആരെങ്കിലും മുമ്പെ നടക്കാം. വാഹനത്തിന് ഇറങ്ങിക്കയറാവുന്ന വഴി കണ്ടുപിടിച്ച് നമുക്കു കയറിപ്പോകാം. 
 
 
നീന്താന്‍ അറിയുന്ന ആളെന്ന നിലക്ക് സ്വാഭാവികമായും ആ ജോലി എന്ടേതായിരുന്നു. എവിടെയെങ്കിലും പുഴയില്‍ കുഴികള്‍ ഉണ്ടെങ്കിലോ? ഞാന്‍ മുന്നില്‍ നടന്നു. പുറകെ ഞങ്ങളുടെ വാഹനവും. പരമേശ്വരന്‍ ഇതിനിടെ എനിക്കൊപ്പം ഇറങ്ങി. ഇടക്കിടെ മണല്‍തിട്ടകളും വെള്ളച്ചാലുകളും ഇറങ്ങിക്കയറി ആ വെളിച്ചത്തെ ലക്ഷ്യം വെച്ച് ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. ക്രമേണ ഞങ്ങള്‍ക്ക് ആ ശബ്ദം തിരിച്ചറിയാമെന്നായി. അക്കരെയുള്ള പമ്പ്ഹൗസില്‍ ആരോ ടേപ്പ് റിക്കാര്‍ഡറില്‍ പാട്ടുവെച്ചതായിരുന്നു അത്. 
 
 
ഗണ്ണിമാര്‍ക്കറ്റിലെ പഴംചാക്കുകള്‍ക്കിടയിലൂടെയാണ് ഞാന്‍ നടക്കുന്നതെന്ന് ഒരു നിമിഷം തോന്നിപ്പോയി. വര്‍ഷങ്ങള്‍ക്കു മുമ്പെ ചെറിയ കുഞ്ഞി തങ്ങള്‍ തൊണ്ടപൊട്ടി പാടിയ ആ പഴയ പാട്ട്. അതിന്റെ രണ്ടാമത്തെ അനുപല്ലവിയാണ് കാറ്റിലൂടെ ഒലിച്ചെത്തുന്നത്. ‘ദികലാകെ കിനാരാ മുഝെ, മല്ലാഹ് നെ ലൂട്ടാ… കശ്തീ ബീ ഗയീ ഹാഥ് സെ, പത്‌വാര് ബീ ഛൂട്ടാ’ (മറുകര കാണിച്ച് തുഴക്കാരന്‍ എന്നെ കൊള്ളയടിച്ചു. തോണി കയ്യില്‍ നിന്നു വിട്ടും പോയി, പങ്കയും). ഞങ്ങള്‍ക്ക് ചിരി അടക്കാനായില്ല. ഒരു രംഗബോധവുമില്ലാത്ത ഏതോ കോമാളിയാണ് ഇപ്പോള്‍ ആ പാട്ട് വെച്ചിരിക്കുന്നത്. 
 
 
വണ്ടിക്കകത്ത് ഭഗയ്ക്കര്‍ അലറിച്ചിരിക്കുന്നു. തുമീം ഹൈക്യാ മല്ല? (നീയാണോ തുഴക്കാരന്‍?) എന്തുവാടേ ചിരി? സുഹൃത്തിന്റെ ചോദ്യം. ആ പാട്ടിന്റെ അര്‍ഥം അവന് മനസ്സിലായിരുന്നില്ല. പമ്പ്ഹൗസിനകത്ത് കയറി ഞങ്ങള്‍ക്കു പോകേണ്ട വഴിയേതെന്ന് അന്വേഷിച്ച് വീണ്ടും നല്ല റോഡുകളിലൂടെ അംബികാപൂരിലേക്ക്. അതുപോലൊരു ടൗണില്‍ ഒരിക്കലും സങ്കല്‍പ്പിക്കാനാവാത്ത ഹോട്ടലും അതിനകത്തെ അ്രപതീക്ഷിതമായ വൃത്തിയും സൗകര്യങ്ങളും ആ യാത്രയിലെ അല്‍ഭുതമായി. പക്ഷെ ‘ദില്‍ തോഡ്‌നെ വാല’യുടെ തിരയിളക്കം മനസിനകത്ത് ഇപ്പോഴും തുടരുന്നു. 
 
 
 
(അടുത്തു തന്നെ പുറത്തിറങ്ങുന്ന “പെഷവറിന്റെ ജാലികപ്പഴുതിലൂടെ” എന്ന പുസ്തകത്തില്‍ നിന്ന്)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍