UPDATES

വിദേശം

ബര്‍മയുടെ ഉടഞ്ഞ വിഗ്രഹം

എലെന്‍ ബോര്‍ക്

 

വര്‍ഷങ്ങള്‍ക്ക് മുമ്പ്, ആങ് സാന്‍ സൂകിയുടെ സുദീര്‍ഘമായ വീടുതടങ്കല്‍കാലത്തെ ഒരു ചെറിയ ഇടവേളയില്‍ ഞാനും ഒരു സുഹൃത്തും കൂടി റംഗൂണിലുള്ള തടാകക്കരയിലെ വസതിയില്‍പോയി അവരെ കണ്ടിരുന്നു. 1990-കളുടെ അവസാനകാലമാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയും അതിന്റെ വംശീയ സഖ്യകക്ഷികളും സൈനിക ‘ജുണ്ട’ ഭരണകൂടത്തിനെതിരെ ഒരു തകര്‍പ്പന്‍ വിജയം നേടിയിട്ടു 10 വര്‍ഷത്തിലേറെയായിരുന്നില്ല. ഞങ്ങളുടെ കൂടിക്കാഴ്ച്ച കഴിഞ്ഞു ഏറെനാള്‍ ആകും മുമ്പേ പട്ടാളമേധാവികള്‍ സൂകിയുടെ പുറംലോകബന്ധം വീണ്ടും വിച്ഛേദിച്ചു. പിന്നേയും ഒരു ദശാബ്ദമെടുത്തു സൂകി സ്വതന്ത്രയാകാന്‍.

 

സൂകിയെ കേന്ദ്രീകരിച്ചുള്ള അമേരിക്കന്‍ നയത്തോട് എന്റെയത്ര ആഭിമുഖ്യമുണ്ടായിരുന്നില്ല എന്റെ സുഹൃത്തിന്. എന്തായാലും, ജനാധിപത്യം മറ്റൊരുകൂട്ടം പ്രശ്നങ്ങള്‍ കൊണ്ടുവരുമെന്നാണ് അയാള്‍ പറഞ്ഞത്. “ആ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ,”സൂകി മറുപടി നല്കി.

 

 

ഇപ്പോള്‍ അവരാ പ്രശ്നങ്ങള്‍ നേരിടുകയാണ്- ആ പ്രശ്നങ്ങളോടുള്ള അവരുടെ സമീപനം, പ്രത്യേകിച്ചും, മുസ്ലീം വിരുദ്ധ സംഘര്‍ഷങ്ങളോട്, അവരുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുക മാത്രമല്ല, ബര്‍മയുടെ നിലവിലെ രാഷ്ട്രീയ പരിഷ്ക്കാരങ്ങളുടെ ഭാവിയെക്കുറിച്ചും പുറംലോകത്ത് ആശങ്ക ഉയര്‍ത്തിയിരിക്കുന്നു.

 

ഒരു വര്‍ഷം മുമ്പ് റാഖിന്‍ (അരാക്കാന്‍) സംസ്ഥാനത്തെ രോഹിങ്ഗ്യാ മുസ്ലീങ്ങള്‍ക്കുനേരെ വന്‍തോതില്‍ കലാപവും, കൊലപാതകങ്ങളും നടന്നിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ട മൂന്നുപേര്‍ ബുദ്ധമതക്കാരിയായ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തെ തുടര്‍ന്നായിരുന്നു ഇത്. പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ഈ കലാപത്തിനുശേഷം ഒക്ടോബറില്‍ വളരെയേറെ ആസൂത്രിതമായ ഒരു പ്രചാരണം ആരംഭിച്ചെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നു. അന്ന് മുതല്‍ക്ക് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ബര്‍മയില്‍ വ്യാപിച്ചു. ദീര്‍ഘനാളായി അവഗണിക്കപ്പെടുന്ന രോഹിങ്ഗ്യകള്‍  മാത്രമല്ല, താരതമ്യേന  സുരക്ഷിതരും, ബര്‍മയുടെ സാമൂഹ്യജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നവരുമായ മുസ്ലീങ്ങളും ഇക്കുറി ആക്രമണത്തിനിരയായി. സെന്‍ട്രല്‍ ബര്‍മയിലെ മെയ്കിറ്റിലയില്‍ നടന്ന വംശഹത്യയില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടെന്നും ആക്രമിസംഘങ്ങള്‍ വീടുകളും പള്ളികളും തകര്‍ത്തെന്നും ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

മുസ്ലീങ്ങള്‍ക്കും, മറ്റ് വംശീയ ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികള്‍ എടുക്കണമെന്ന് ബര്‍മ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പ്രസ്താവന ജൂണ്‍ 20-നു ആങ് സാന്‍ സൂകിയെ പോലെ നോബല്‍ സമ്മാന ജേതാക്കളായ 12 പേര്‍ പുറപ്പെടുവിച്ചു.

 

 

ബുദ്ധമതത്തിന്റെ അഹിംസയുടെയും സഹാനുഭൂതിയുടെയും സ്വാധീനം ഏറെയുണ്ടെന്ന് കരുതുന്ന ബര്‍മ ഇത്തരം അസഹിഷ്ണുതക്കും, വംശീയ വൈരത്തിനും വേദിയാകുന്നത് അമ്പരപ്പോടെയേ കാണാനാകൂ. എന്നാല്‍ ഇവിടെ മുസ്ലീം വിരുദ്ധ  വികാരം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്നാണ് നിരീക്ഷകര്‍  കരുതുന്നത്. “ബുദ്ധമത സന്യാസികള്‍ക്ക് നല്കിയ പിന്തുണയുടേയും, രാജ്യത്തിന്റെ ശക്തിയുടെ അടിസ്ഥാനം ബൌദ്ധ സമൂഹത്തിന്റെ നന്മയാണെന്നുള്ള ഒരു ലോകവീക്ഷണത്തിന്റേയും അടിത്തറയിലാണ്  ബുദ്ധമത രാജാക്കന്മാര്‍ തങ്ങളുടെ ഭരണത്തിനു സാധുത നല്കിയിരുന്നത്,” ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകന്‍ മാത്യൂ ജെ വാല്‍റ്റന്‍ എഴുതുന്നു. “അതുകൊണ്ട് ബുദ്ധമതത്തിനെതിരായ ഭീഷണി രാജ്യത്തിനെതിരായ ഭീഷണിയായി കണക്കാക്കുകയാണ്.”

 

യൂഗോസ്ലാവ്യക്കും, ഇറാഖിനും ശേഷം ദീര്‍ഘനാളായി അടിച്ചമര്‍ത്തിയ മത,വംശീയ സംഘര്‍ഷങ്ങള്‍ ജനാധിപത്യ പരിവര്‍ത്തനത്തെ തടസ്സപ്പെടുത്തിയാല്‍ നാം അത്ഭുതപ്പെടുന്നില്ല. എന്നാല്‍ ഇത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നു എന്നത് മാത്രമല്ല പ്രശ്നം, അത് സഹജമായൊരു മാനുഷിക പ്രതിഭാസമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഇന്തോനേഷ്യയില്‍, അന്നത്തെ പ്രസിഡണ്ട് സുഹാര്‍ത്തോക്ക് പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍, രാജ്യത്തെ വംശീയ, വിഭാഗീയ ചേരിതിരിവുകള്‍ ഒരു ജനാധിപത്യ പരിവര്‍ത്തനത്തേക്കാള്‍ സുഹാര്‍ത്തോയുടെ ഏകാധിപത്യത്തെ സ്വീകാര്യമാക്കുന്നു എന്നു പറഞ്ഞവര്‍ ധാരാളമാണ്. എന്തായാലും, പലരും പ്രവചിച്ചപ്പോലുള്ള രക്തച്ചൊരിച്ചിലും, അസ്ഥിരതയും ഇന്തോനേഷ്യയിലുണ്ടായില്ല എന്നത് മറ്റൊരു കാര്യം.

 


                                                                        @Christopher Martin

യു വിരാതു എന്ന മണ്ഡാലായ് ആസ്ഥാനമാക്കിയ തീവ്രവാദിയായൊരു ബുദ്ധ സന്യാസിയാണ് മുസ്ലീം വിരുദ്ധ പ്രചാരണങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്നത്. മുസ്ലീം വിരുദ്ധ നിയമങ്ങള്‍ക്കായുള്ള വംശവെറി നിറഞ്ഞ പ്രഘോഷണങ്ങളും, മുസ്ലീം വ്യാപാരികളെ ബഹിഷ്ക്കരിക്കാന്‍ ആവശ്യപ്പെടുന്ന ‘969 മുന്നേറ്റം’ എന്ന പരിപാടിയുമായുള്ള സഖ്യവുമാണ് ഇയാളെ പൊടുന്നനെ പൊതുശ്രദ്ധയിലേക്കെത്തിച്ചത്. 969 എന്നത് ബുദ്ധമതത്തിന്റെ പ്രധാന ഘടകങ്ങളെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ചില ഏഷ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിന്റെ ചുരുക്കപ്പേരായി കണക്കാക്കുന്ന 786-നുള്ള പ്രതീകാത്മമാകമായൊരു വെല്ലുവിളികൂടിയാണ് ഇതെന്ന് വാല്‍റ്റന്‍ ചൂണ്ടിക്കാണിക്കുന്നു.

 

ഇതിനോടുള്ള പ്രമുഖ ജനാധിപത്യമുന്നേറ്റ നേതാക്കളുടെ പ്രതികരണം ദുര്‍ബ്ബലവും പലപ്പോളും തീര്‍ത്തൂം മോശവുമായിരുന്നു. വിദേശങ്ങളില്‍, മനുഷ്യാവകാശത്തെക്കുറിച്ചും, ബര്‍മാ സൈന്യത്തോടുള്ള തന്റെ ആരാധനയെക്കുറിച്ചുമാണ് ആങ് സാന്‍ സൂകി സംസാരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ബര്‍മ സന്ദര്‍ശിച്ചപ്പോള്‍ ഇതിനെക്കുറിച്ചുള്ള അമ്പരപ്പ് 30-കാരനായ ഒരു സാമൂഹ്യപ്രവര്‍ത്തകനോട് ഞാന്‍ പറഞ്ഞു. പകരം അയാള്‍ പറഞ്ഞത് രോഹിങ്ഗ്യകളെക്കുറിച്ച് തനിക്കും മോശം കാര്യങ്ങളാണ് പറയാനുള്ളതെന്നാണ് (ഞാനാ ചര്‍ച്ച തുടര്‍ന്നില്ല). ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടിനെതിരെ ‘88-ലെ തലമുറയിലെ വിദ്യാര്‍ഥി സംഘം’ രംഗത്തുവന്നു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എത്രയോ കാലം അവരെ പിന്തുണച്ചു എന്നത് മറ്റൊരു കാര്യം. റിപ്പോര്‍ട് രാജ്യത്തെ അപമാനിക്കുന്നതാണെന്നാണ് അക്കൂട്ടത്തിലെ മീന്‍ സിയ എന്ന പ്രവര്‍ത്തകന്‍ പറഞ്ഞത്. തനിക്ക് കൂടുതല്‍ സഹിഷ്ണുതയോടെയുള്ള സമീപനമാണെങ്കിലും യു വിരാതുവിന്റെ മതപദവിയെ താന്‍ ബഹുമാനിക്കുന്നു എന്നാണ് മറ്റൊരു പ്രവര്‍ത്തകന്‍ പറയുന്നത്. ആങ് സാന്‍ സൂകിയും സഹപ്രവര്‍ത്തകരും മുഖം തിരിച്ചെങ്കിലും, ചില സന്യാസിമാര്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. “ഇത്തരം മത,വംശീയ, വാണിജ്യ സംഘര്‍ഷങ്ങളെ ഞാന്‍ തീര്‍ത്തൂം തള്ളിക്കളയുന്നു” എന്നാണ് ഏറെ ബഹുമാനിതനായ സന്യാസി സിതാഗു സയ്ദോവ് പ്രഖ്യാപിച്ചത്. “മറ്റ് മതങ്ങളും ഇത്തരം ആശയങ്ങള്‍ പിന്തുടരുന്നവയാണെന്നും, ഒരു ദൈവവും ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിന് പറഞ്ഞിട്ടില്ലെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു,”എന്ന് സൈനിക ഭരണകൂടത്തിനെതിരെ 2007-ല്‍ സന്യാസിമാര്‍ നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന അഷിന്‍ ഇഷാരിയ പറയുന്നു. അഭയാര്‍ത്ഥികളായ മുസ്ലീങ്ങള്‍ക്ക് അഭയവും സംരക്ഷണം  നല്‍കുന്ന ഒരു വിഭാഗം സന്യാസിമാരുടേയും, ബൌദ്ധവിഹാരങ്ങളുടെയും ശൃംഖലയിലെ കണ്ണിയാണ് ഇഷാരിയ. അടുത്തിടെ കൂടിയ ഒരു സന്യാസി സംഗമം സംഘര്‍ഷത്തെ തള്ളിക്കളയുകയും, മിശ്ര വിവാഹങ്ങളെ നിരോധിക്കണമെന്ന യു വിരാതുവിന്റെ ആവശ്യത്തെ  നിരാകരിക്കുകയും ചെയ്തിരുന്നു.

 

 

ജനാധിപത്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും  തുടക്കത്തിലുള്ള ആവേശവും, ഉന്‍മാദവുമെല്ലാം സൈനികഭരണത്തിങ്കീഴില്‍ അടിച്ചമര്‍ത്തിയ പ്രശ്നങ്ങള്‍ പുറത്തുവരുന്നതോടെ, നിരാശക്കും, മടുപ്പിനും വഴിമാറും. ബര്‍മയിലെ തടവറയില്‍നിന്നും പുറത്തുവന്ന ഒരു രാഷ്ട്രീയതടവുകാരന്‍ തന്റെ നിലനില്‍പ്പിനാവശ്യമായ വ്യക്തത വീണ്ടെടുക്കാന്‍ കുറച്ചുദിവസത്തേക്ക് തടവറയിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിച്ചു എന്നു എവിടെയോ വായിച്ചതായി ഞാനോര്‍ക്കുന്നു.

 

പോരാട്ടത്തിന്റെ നാളുകളില്‍ ലോകത്തെങ്ങുമുള്ള മനുഷ്യാവകാശ പോരാളികളുടെ പേരിലുള്ള പുരസ്കാരങ്ങള്‍ ആങ് സാന്‍ സൂകിക്ക് ലഭിക്കുകയുണ്ടായി; സഖറോവ് പുരസ്കാരം, വാലെന്‍ബെര്‍ഗ് പുരസ്കാരം, ഗാന്ധി പുരസ്കാരം എന്നിങ്ങനെ. 1991-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും കിട്ടി; അവര്‍ക്കത്  ഓസ്ലോയില്‍ പോയിവാങ്ങാന്‍ അന്ന് കഴിഞ്ഞില്ലെങ്കിലും. പിന്നെ അത് സ്വീകരിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷം ഹൃദയസ്പൃക്കായി സംസാരിച്ചപ്പോള്‍ ‘മനുഷ്യരാശിയുടെ ഏകത്വത്തെക്കുറിച്ചും’ തന്റെ ഏകാന്ത തടവിനെ മറികടക്കാന്‍ ‘തീയണഞ്ഞാലുള്ള തണുപ്പുപോലുള്ള’ ശാന്തിയെക്കുറിച്ചുള്ള ബര്‍മയുടെ സങ്കല്‍പ്പത്തെ ഉപയോഗപ്പെടുത്തിയത്തിനെക്കുറിച്ചുമെല്ലാം അവര്‍ വാചാലയായി. 

 

സമാനമായൊരു പ്രസംഗം അവര്‍ വീണ്ടും നടത്തുന്നത് കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. തന്റെ രാഷ്ട്രീയ സാഹചര്യത്തിന്റെ യാഥാര്‍ഥ്യം  മറ്റ് പലതും ആവശ്യപ്പെടുന്നതായി അവര്‍ കണക്കുകൂട്ടിയേക്കും. എന്നാല്‍ മറിച്ചാണ് വസ്തുതയെന്ന് ഞാന്‍ കരുതുന്നു.

 

ഇന്ന് ബര്‍മക്ക് സഹിഷ്ണുതക്കുള്ള ഒരു സമ്മാനമാണ് ആവശ്യം. അത്തരമൊരു സമ്മാനം ഉണ്ടെങ്കില്‍, ആങ് സാന്‍ സൂകി അതിനു പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍പ്പോലും വരില്ലെന്നറിയുന്നത് എത്ര വേദനാജനകമാണ്. 

 

(ഫോറിന്‍ പോളിസി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍