UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

യാത്ര

പൊങ്ങ് പോലെ ഒരു ജനത

ഷിബി പീറ്റര്‍
 
 
ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം കൊളംബോയിലേക്ക് തിരിക്കുമ്പോള്‍ പ്രധാനമായും രണ്ട് ഉദ്ദേശങ്ങള്‍ ആയിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഒന്നാമതായി വേള്‍ഡ് സ്റ്റുഡന്റ്‌റ് ക്രിസ്ത്യന്‍ ഫെഡറെഷന്‍ ഏഷ്യ പസഫിക് റീജിയന്റെ മനുഷ്യാവകാശത്തെ സംബന്ധിച്ച ശില്‍പ്പശാലയില്‍ പങ്കെടുക്കുക. രണ്ടാമതായി ഇന്ത്യന്‍ എസ്.സി.എമ്മിനൊപ്പം ശതാബ്ദി പങ്കിടുന്ന ശ്രീലങ്കന്‍ എസ്.സി.എമ്മിന്റെ സെന്റിനറി പരിപാടികളില്‍ ഭാഗഭാക്കാകുക. ഇന്ത്യന്‍ എസ്.സി.എമ്മിന്റെ സെന്റിനറി പരിപാടികള്‍ സമാപിച്ചതിന്റെ പിറ്റേ ദിവസമുള്ള യാത്ര ആലസ്യമുണര്‍ത്തിയെങ്കിലും കുഞ്ഞുന്നാളിലേ മനസ്സില്‍ പതിഞ്ഞ ശ്രീലങ്ക കൗതുകം പൂണ്ട് കണ്ണുകളില്‍ ഉണര്‍ന്നിരുന്നു. 
 
ചെല്ലാനിരപ്പിലെ കുട്ടിക്കാലത്ത്, പള്ളിക്കും വീടിനും കിഴക്കായി തെല്ലകലെ താമസിക്കുന്ന ഞൂഞ്ഞാപ്പന്‍ ഞങ്ങള്‍ക്ക് പ്രിയമുള്ള ഒരാളായിരുന്നു. വെളുത്തു മെലിഞ്ഞ ഞൂഞ്ഞാപ്പന്‍ കറുത്ത്  കുറുകിയ ചെല്ലാനിരപ്പേലെ വെള്ളക്കാരന്‍ ആയിരുന്നു. ദുര്‍ബ്ബലമായ ഞൂഞ്ഞാപ്പന്റെ ശരീരം കാറ്റ് പിടിച്ചപോലെ ഉള്ളിലേക്ക്  കൂടുതല്‍ വളഞ്ഞിരുന്നു. ഇടവിടാതെ മൂക്കിപ്പൊടി വലിക്കുന്ന ഞൂഞ്ഞാപ്പന്റെ വരവ് അറിയിച്ചു കൊണ്ട് ഉറക്കെയുള്ള തുമ്മലുകള്‍ പലപ്പോഴും നേരത്തെ എത്തുമായിരുന്നു. ‘രക്തം തുപ്പി’ എന്ന് പറഞ്ഞുകൊണ്ടാണ് ഞൂഞ്ഞാപ്പന്‍ തുമ്മാറുണ്ടായിരുന്നത്. വേറിട്ട ഒരു തുമ്മലും ഭാഷ്യവും ആയിരുന്നു അത്. പലപ്പോഴും ഞൂഞ്ഞാപ്പന്‍ തുമ്മാന്‍ ആയുന്ന നേരം ചങ്ങാതിമാര്‍ ‘രക്തം തുപ്പി’ എന്ന് വിളിച്ചു പറഞ്ഞ് ഞൂഞ്ഞാപ്പനെ നിഷ്പ്രഭന്‍ ആക്കുമായിരുന്നു. എന്റെ അറിവില്‍ പക്ഷെ ഞൂഞ്ഞാപ്പന്‍ ചോര തുപ്പിയ ചരിത്രമില്ല. ഞൂഞ്ഞാപ്പന്റെ വലതു ചെവിയുടെ തൊട്ട് താഴെയായി ഏതാണ്ട് ഒരു സെന്റീ മീറ്ററോളം നീളത്തില്‍ ജന്മനാ ഉള്ള ഒരു ‘പാലുണ്ണി’ നീണ്ടു നിന്നിരുന്നു. ഞൂഞ്ഞാപ്പനെ പൂര്‍ണ്ണന്‍ ആക്കിയിരുന്നത് ആ പാലുണ്ണിയായിരുന്നു. അതിനെ നാട്ടുകാരും കൂട്ടുകാരും വിളിച്ചിരുന്നത് ‘ശ്രീലങ്ക’ എന്നായിരുന്നു. എന്റെ മനസ്സില്‍ ഒരു രാജ്യം ആദ്യമായി പതിഞ്ഞത് അന്നാണ്. പിന്നീട് ഏറെ നാള്‍ കഴിഞ്ഞ് ശ്രീലങ്കയുടെ ഭൂപടം കണ്ടപ്പോള്‍ ആണ് ഞൂഞ്ഞാപ്പന്റെ മുഖത്തെ പാലുണ്ണിയുടെ ‘രാഷ്ട്രീയ മാനം’ ഞാന്‍ തിരിച്ചറിയുന്നത്. അതോടൊപ്പം ഞൂഞ്ഞാപ്പന്റെ വലത് ചെവി ഇന്ത്യയായിരുന്നു എന്നും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് ആ വലിയ ദ്വീപില്‍ നിന്നും എത്രയോ നിലവിളികള്‍, യുദ്ധത്തിന്റെ ഇരമ്പലുകള്‍ ആണ് തൊട്ട് മുകളിലെ ചെവിയില്‍ പതിഞ്ഞ് കൊണ്ടിരുന്നത് ?
 
 
കൗതുകവും ഓര്‍മ്മകളും ചിറക് വിരിയിച്ചാണ് കൊളംബോ വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. മനോഹരമായ എയര്‍പോര്‍ട്ട്. ക്രിസ്തുമസിന്റെ ആഘോഷങ്ങളിലേക്ക് ചുവട് വയ്ക്കുന്ന പ്രതീതി. നേര്‍ത്ത ക്രിസ്തുമസ് സംഗീതവും മിതമായ അലങ്കാരങ്ങളും. പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ കേരളത്തില്‍ എത്തിയ പോലെ. യൂറോപ്യന്‍ച്ഹായ ഉള്ള ബഹുനില കെട്ടിടങ്ങള്‍ ഒഴിവാക്കിയാല്‍ പുതുമ ഒന്നുമില്ല. കാന്ടിയിലേക്ക് ആയിരുന്നു ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും ഏതാണ്ട് ഒരു മണിക്കൂര്‍ ദൂരം. രാത്രി വളരെ വൈകിയാണ് ഞങ്ങള്‍ താമസ സ്ഥലത്ത് ചെല്ലുന്നത്. വിശപ്പ്  കണ്ണുകളില്‍ എത്തി ഇര തേടി തുടങ്ങിയിരുന്നു. വൈകി എത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ ഞങ്ങള്‍ക്കുള്ള ഭക്ഷണം മാറ്റി വച്ചിരുന്നു. പാത്രത്തിന്റെ മൂടി തുറന്നതും അതുവരെയുള്ള വിശപ്പ് അവിശ്വസനീയമായ ആര്‍ത്തിയായി മാറിപ്പോയി. നല്ല ഒന്നാം തരം ഇടിയപ്പവും കിഴങ്ങ് കറിയും തേങ്ങാ ചമ്മന്തിയും!!! പണ്ടൊക്കെ, നെരങ്ങി തെങ്കര വെട്ടി നടന്നിട്ട് രാത്രി വൈകി വീട്ടിച്ചെല്ലുമ്പോള്‍ മേശപ്പുറത്ത് അമ്മച്ചി അടച്ചു വച്ചിരിക്കുന്ന ചോറും കറീം പോലെ. സ്‌നേഹിതന്‍ ഇന്‍പ എന്റെ മുഖഭാവം കണ്ടിട്ട് ശ്രീലങ്കന്‍ ഭക്ഷണവും കേരളവും തമ്മിലുള്ള ഒരു ചെറുവിവരണം നല്‍കി. ചില കാര്യങ്ങളില്‍ ഒരു എന്‍സൈക്ളോപീഡിയ ആണ് ഇന്‍പ. 
 
മനുഷ്യാവകാശ ശില്‍പ്പശാല തലേദിവസം തന്നെ തുടങ്ങിയിരുന്നു. അതില്‍ പങ്കെടുക്കുന്ന മിക്കവാറും പേരും മുന്‍പ് ബാംഗ്ളൂരില്‍ വന്ന പരിചയവും അടുപ്പവും ഉണ്ട്. അതില്‍ ശ്രീലങ്കന്‍ എസ്.സി.എം പ്രസിഡന്റ് ഇമ്മാനുവേലും ജനറല്‍ സെക്രട്ടറി താരകയും അടുത്ത സുഹൃത്തുക്കള്‍. തുടര്‍ച്ചയായ സെഷനുകള്‍ എനിക്ക് മടുപ്പ് ഉളവാക്കി. ഇടയ്ക്ക് ഇന്‍പയൊടൊപ്പം പുറത്ത് പോയും, നെറ്റിലും സമയം ചെലവഴിച്ചു.
 
 
പിറ്റേന്ന് രാവിലെയാണ് തികച്ചും അപ്രതീക്ഷിതമായി ജാഫ്‌നയിലേക്ക് ഒരു യാത്ര ഉണ്ടെന്ന്ശി ല്‍പ്പശാലയുടെ സംഘാടക സുനിത പറയുന്നത്.
 
ശ്രീലങ്കയിലേക്കുള്ള യാത്ര തീരുമാനിക്കുന്നതിലും എത്രയോ ഇരട്ടി ആവേശവും കൗതുകവും ആണ് ആ വാര്‍ത്ത നല്‍കിയത്. തലേ ആഴ്ചയില്‍ ആരംഭിച്ച ജാഫ്‌ന യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുടെ സമരവും ലങ്കന്‍ പട്ടാളത്തിന്റെ അടിച്ചമര്‍ത്തലും ആ ദിവസങ്ങളില്‍ കലുഷിതമായിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും സേന പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചതും പ്രാദേശിക പത്രങ്ങളില്‍ നിറഞ്ഞിരുന്നു. ജാഫ്‌ന യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കാനും വിദ്യാര്‍ഥികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും പൊതുവില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ വിദേശികള്‍ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തുമെന്ന് ഇമ്മാനുവേല്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധാനന്തര ദേശങ്ങളിലൂടെ സഞ്ചരിക്കാമെന്നും സാഹചര്യം അനുകൂലമെങ്കില്‍ ചില കൂടിക്കാഴ്ചകള്‍ ഏര്‍പ്പാട് ചെയ്യാമെന്നും ഇമ്മാനുവേല്‍ ഉറപ്പ് നല്‍കി. അര്‍ദ്ധ രാത്രിയില്‍ യാത്രക്ക് തയ്യാര്‍ ആകണമെന്ന നിര്‍ദ്ദേശം ലഭിച്ച ഞങ്ങള്‍ വിശ്രമിക്കാനായി മുറിയിലേക്ക്  പൊയി. യുദ്ധത്തിന് മുന്‍പുള്ള ഒരു മൂകത മനസ്സില്‍ തലം കെട്ടി. നാളെ നേരം പുലരുമ്പോള്‍ ചെന്നുചെരുന്നത് കിള്ളിനോച്ചിയിലെക്കാണ് !
 
 
മനസ്സിന്റെ തിരശീലയില്‍ ലങ്കയുടെ റിട്രോസ്‌പെക്ട്ടീവ് ദൃശ്യങ്ങള്‍ തെളിഞ്ഞു. വെടി മുഴക്കങ്ങള്‍, കൂറ്റന്‍ ടാങ്കറുകള്‍, ചിതറിയ ദേഹങ്ങള്‍, പച്ചക്കുപ്പായക്കാര്‍… ഒടുവില്‍ ചേതനയറ്റ പ്രഭാകരനിലേക്ക് ദൃശ്യങ്ങള്‍ സാവധാനം സൂം ചെയ്യുമ്പോള്‍ ശബ്ദങ്ങള്‍ നിലച്ചിരുന്നു. ഞരക്കങ്ങള്‍ ഭീതിയില്‍ വായ മൂടി… നേരിയ ഇലയനക്കങ്ങള്‍ മാത്രം. അര്‍ദ്ധരാത്രിയുടെ വരവായിരുന്നു അത്. ഞങ്ങള്‍ പുറപ്പെടാന്‍ തയ്യാറായി….
 
(തുടരും)
 
 
[കിള്ളിനോച്ചിയിലെയും ജാഫ്നയിലെയും യുദ്ധാനന്തര ജീവിതങ്ങളില്‍ കൂടിയുള്ള യാത്രാനുഭവങ്ങളും
ചരിത്രത്തിനും ഭാവിയ്ക്കും ഇടയില്‍ ഉടഞ്ഞു പോയ മനുഷ്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്കും കാത്തിരിക്കുക…

പൊങ്ങു പോലെ ഒരു ജനത (ഭാഗം രണ്ട് )]

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍