UPDATES

ഇന്ത്യ

ബോയിങ് സി-17 എത്തുമ്പോള്‍

ടീം അഴിമുഖം
 

ഇന്ത്യയുടെ ആയുധവ്യാപാര ബന്ധങ്ങളുടെ സമവാക്യങ്ങള്‍ മാറുകയാണ്. കുറച്ചുദിവസങ്ങള്‍ക്കുളില്‍ ഇന്ത്യയുടെ  ഏറ്റവും വലിയ സൈനിക വിമാനം ബോയിങ് സി-17 എന്ന അമേരിക്കന്‍ നിര്‍മ്മിത വിമാനമാകും. ദീര്‍ഘകാലമായി ആയുധസന്നാഹങ്ങള്‍ക്ക് റഷ്യയെ മാത്രം ആശ്രയിക്കുന്ന പതിവില്‍ നിന്നുള്ള പ്രതീകാത്മകമായ മാറ്റം കൂടിയാണ് ഇത്. ലോകത്തെങ്ങുനിന്നും, പ്രത്യേകിച്ചും അമേരിക്കയില്‍നിന്നും ഇന്ത്യ ആയുധങ്ങളും സൈനികോപകരണങ്ങളും വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഇതുവരേക്കും, റഷ്യന്‍ നിര്‍മ്മിത ഇല്യൂസ്യന്‍-76 ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ സൈനിക വിമാനം.

 

ലോകത്തിലെ ദുര്‍ഘട പ്രദേശങ്ങളിലെവിടേക്കും, രാജ്യത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സൈനികരും, ടാങ്കുകളും അടക്കം, എല്ലാ സൈനിക സന്നാഹങ്ങളും എത്തിക്കാന്‍ ശേഷിയുള്ള ഒരു സജ്ജമായ സൈന്യത്തെ കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

 

 

ജൂണ്‍ 11-നു കാലിഫോര്‍ണിയയിലെ എഡ്വാര്‍ഡ്സ് വ്യോമതാവളത്തില്‍  നടന്ന ലളിതമായ ഒരു ചടങ്ങില്‍ വെച്ചാണ് ഇന്ത്യ അതിന്റെ ആദ്യ സി-17 വിമാനം സ്വന്തമാക്കിയ ചടങ്ങ് നടന്നത്. എയര്‍ വൈസ് ചീഫ് മാര്‍ഷല്‍ എസ് ആര്‍ കെ നായരുടെ നേതൃത്വത്തിലുള്ള ഒരു ഇന്ത്യന്‍ സംഘം വിമാനം ഇന്ത്യയിലേക്ക്  പറത്തി.  “സി-17 വരുന്നതോടെ ഇന്ത്യന്‍ വ്യോമസേനക്ക്  ലോകത്തിലെ ഏറ്റവും മികച്ച മാനവികസഹായ, തന്ത്രപരവുമായ ശേഷികള്‍ സ്വന്തമാകും”, നായര്‍ പറഞ്ഞു. “ഇന്ത്യന്‍ വ്യോമസേന സി-17 പറപ്പിക്കുന്ന ആ ദിവസത്തിനായി നാം കാത്തിരിക്കുകയായിരുന്നു.” ഈ വര്‍ഷം നാലും, 2014-ല്‍ അഞ്ചും സി-17 വിമാനങ്ങള്‍ കൂടി ബോയിങ് ഇന്ത്യന്‍ വ്യോമസേനക്ക് നല്കും.

 

“സമാധാന ദൌത്യം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, താത്ക്കാലിക – വ്യോമ താവളങ്ങളില്‍ നിന്നുള്ള സൈനിക നീക്കങ്ങള്‍ എന്നിങ്ങനെ വിവിധ ദൌത്യങ്ങള്‍ക്ക് രാഷ്ട്രങ്ങള്‍ സി-17 ഉപയോഗിക്കുന്നു”, ബോയിങ് വൈസ് പ്രസിഡന്‍റ് ടോമി ഡന്‍ഹ്യൂ പറഞ്ഞു.

 

അമേരിക്കന്‍ വ്യോമസേന ഏതാണ്ട് 250-ഓളം സി-17 വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ആസ്ട്രേലിയ, കാനഡ, ഖത്തര്‍, യു എ ഇ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും ഈ വിമാനം സ്വന്തമാക്കിയവരാണ്.

 

റഷ്യന്‍ നിര്‍മ്മിത ഇല്യൂസ്യന്‍ -76 ആയിരുന്നു ഇതുവരെ ഇന്ത്യയുടെ കയ്യിലുള്ള ഏറ്റവും വലിയ സൈനിക വിമാനം. 46.59 മീറ്റര്‍ നീളമുള്ള ഇതിന് 50,000 കിലോഗ്രാം ഭാരം വഹിക്കാനാകും. എന്നാല്‍ 53 മീറ്റര്‍  നീളമുള്ള സി-17-നു 77,000 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ഇരുവിമാനങ്ങള്‍ക്കും, ടാങ്കുകളെയും, നൂറുകണക്കിനു സൈനികരെയും, വിദൂര പ്രദേശങ്ങളിലേക്ക് എത്തിക്കാന്‍ കഴിയും.

 

10 സി-17-വിമാനങ്ങള്‍ വാങ്ങാനും, കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി സ്വന്തമാക്കിയ ഇല്യൂസ്യന്‍ -76-നൊപ്പം ഇവ ഉപയോഗിക്കാനുമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പരിപാടി. അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ ഇല്യൂസ്യന്‍ -76 സേവനം വ്യോമസേന അവസാനിപ്പിക്കും. വിദൂര ദുര്‍ഘട പ്രദേശങ്ങളിലെ ചെറിയ വിമാനതാവളങ്ങളില്‍ നിന്നുപോലും ഉപയോഗിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളാണ് ഇവ രണ്ടും.

 

ലോകത്തെ മറ്റ് രാജ്യങ്ങളുമായും ഇന്ത്യ ആയുധവ്യാപാര ചര്‍ച്ചകള്‍ നടത്തിവരികയാണ്. 126 പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിന് ഒരു ഫ്രഞ്ച് കമ്പനിയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇന്ത്യയുടെ കൈവശമുള്ള ഏറ്റവും ആധുനികമായ നിരീക്ഷണ സംവിധാനങ്ങള്‍ ഇസ്രയേലില്‍ നിന്നും വാങ്ങിയതാണ്. അമേരിക്കന്‍ നിര്‍മ്മിത സി-130ജെ വിമാനം നിലവില്‍ ഉപയോഗിക്കുന്നുണ്ട്. മുംബൈയില്‍ ഫ്രഞ്ച് മുങ്ങിക്കപ്പലിന്റെ നിര്‍മ്മാണജോലികള്‍ പുരോഗമിക്കുന്നു. മാത്രമല്ല, ഇന്ത്യയിലെ സ്വകാര്യ മേഖലയുടെ പങ്കാളിത്തവും പ്രതിരോധ രംഗത്ത്  സാവധാനം കടന്നുവരുന്നു. ഇന്ത്യ ഇനിയും ഒരു ‘സോവിയറ്റ് സൈന്യം’ അല്ല എന്നര്‍ത്ഥം.

 

അതേസമയം, വിദേശ നിര്‍മ്മാതാക്കളോടുള്ള ഇന്ത്യയുടെ അമിത ആശ്രിതത്വം വെളിച്ചത്തുകൊണ്ടുവരുന്ന ചില പ്രശ്നങ്ങളുമുണ്ട്. തങ്ങള്‍ക്കാവശ്യമായ സൈനികോപകരണങ്ങളുടെ 70 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകളനുസരിച്ച് ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ലോകത്തില്‍ ഒന്നാം സ്ഥാനത്താണ്. ഒട്ടും അഭിമാനിക്കാവുന്ന ഒരു ഒന്നാം സ്ഥാനമല്ല അത്.

 

ഇത്തരമൊരു അവസ്ഥയുടെ ദോഷങ്ങള്‍ നിരവധിയാണ്. ഏറ്റവും പ്രധാനം, സാധാരണ സമൂഹത്തിനു കൂടി ഗുണകരമാകുന്ന തരത്തിലുള്ള ശാസ്ത്രീയ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളെ അത് പരിമിതപ്പെടുത്തുന്നു എന്നതാണ്. ഇന്‍റര്‍നെറ്റ് മുതല്‍ അര്‍ബുദ രോഗ ചികിത്സയില്‍ വരെയുള്ള പല മികച്ച കണ്ടുപിടിത്തങ്ങളും സൈനിക ഗവേഷണങ്ങളുടെ ഫലമാണ് എന്നത് ഒരു രഹസ്യമല്ല.

യുദ്ധം പോലുള്ള ഒരു നിര്‍ണ്ണായക പ്രതിസന്ധിയില്‍ വില്‍പ്പനക്കാര്‍ നിങ്ങളെ മുള്‍മുനയില്‍ നിര്‍ത്തൂം എന്നതാണ്  മറ്റൊരു പ്രശ്നം. വന്‍തോതിലുള്ള ഇറക്കുമതി സര്‍ക്കാര്‍ തീരുമാനങ്ങളെ വരെ സ്വാധീനിക്കാന്‍ കഴിവുള്ള നിരവധി ഇടനിലക്കാരെയും സൃഷ്ടിച്ചിരിക്കുന്നു. മറ്റൊരുവിധത്തിലായിരുന്നെങ്കില്‍, ഇന്ത്യയില്‍ സൃഷ്ടിക്കാന്‍ കഴിയുമായിരുന്ന ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണ് ഇറക്കുമതി മൂലം നഷ്ടമാകുന്നത്. ചില നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഓരോ 1 ബില്ല്യണ്‍ ഡോളര്‍ (ഏതാണ്ട് 5500 കോടി രൂപ ) സൈനിക ഇറക്കുമതിക്കും ഏതാണ്ട് 20,000 ഉയര്‍ന്നതരം ജോലികള്‍ സൃഷ്ടിക്കാനാകും. ഓരോ ഉയര്‍ന്ന ജോലിയും 2-3 ചെറുകിട തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.

 

പ്രതിരോധമന്ത്രി എ.കെ ആന്‍റണി ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടുണ്ട്.  ആഭ്യന്തര ആയുധ സമാഹരണത്തിനുള്ള ധീരമായ ശ്രമങ്ങള്‍ക്ക് അദ്ദേഹം തുടക്കമിടുന്നു. ഇന്ത്യക്കകത്ത് നിന്നുള്ള സൈനിക വ്യാപാരത്തിന് മുന്‍ഗണന നല്‍കുന്ന ഒരു നടപടിക്രമം അദ്ദേഹം ഈയിടെ നടപ്പാക്കി. ഇടനിലക്കാരെക്കുറിച്ചുള്ള ഏതൊരു ആരോപണവും അന്വേഷണത്തിന് വിടുന്ന കാര്യത്തിലും ആന്‍റണി വിട്ടുവീഴ്ച്ച കാണിക്കുന്നില്ല. ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയേറെ പരാതികള്‍ അന്വേഷണത്തിനു വിട്ട മറ്റൊരു മന്ത്രി ഉണ്ടാകില്ല. 600-ല്‍ എത്തി നില്ക്കുന്നു നിലവിലെ എണ്ണം!

 

 

പക്ഷേ, ഒരു മന്ത്രി മാത്രം വിചാരിച്ചാല്‍ ഒരു ദേശീയ മാറ്റം ഉണ്ടാക്കാനാകില്ല. വന്‍തോതിലുള്ള സൈനിക ഇറക്കുമതിയുടെ ചതിക്കുഴികളെക്കുറിച്ച് ഇന്ത്യ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആഭ്യന്തരമായി സൈനിക – വ്യവസായ സമുച്ചയങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  ഒരു രാഷ്ട്രീയ അഭിപ്രായ സമന്വയം ഉണ്ടാകേണ്ടതുണ്ട്. ടാറ്റ, ബിര്‍ല, അംബാനി എന്നിവരടക്കമുള്ള സ്വകാര്യ സംരംഭകര്‍ ഇന്ത്യക്കാവശ്യമുള്ള നിര്‍ണായക സൈനിക ആയുധ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു സാഹചര്യം ഉണ്ടാകണം.

 

ആധുനിക വ്യോമയാന ചരിത്രം നൂറാണ്ട് തികച്ചിട്ടും ഇന്ത്യക്ക് സ്വന്തമായി ഒരു നല്ല വിമാനം രൂപകല്‍പന ചെയ്യാനായിട്ടില്ല എന്നത് ലജ്ജാകരമാണ്. സ്വന്തം പോര്‍വിമാനവും, ടാങ്കും, മറ്റ് നിരവധി സൈനിക സന്നാഹങ്ങളും നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ എങ്ങുമെത്താതെ പോയത് നാണക്കേടാണ്. സൈനിക രംഗത്ത് രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ഒരു ദേശീയ മാര്‍ഗരേഖ രൂപപ്പെടുത്തേണ്ട കാലമായി. അത്തരമൊരു ദൌത്യത്തില്‍ നാം വിജയിക്കുംവരെ ഇന്ത്യയുടെ വലിയ വിമാനം അമേരിക്കയുടെയോ, റഷ്യയുടെയോ ആയിരിയ്ക്കും. എന്തായാലും ഇന്ത്യയുടെ  ആകില്ല.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍