UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കേരളം

ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ത്തു; ഹം…!

ജനിച്ച കാലം മുതലേ കോഴിക്കോട് നഗരവും പ്രദേശവും ആയിരുന്നു വിളയാട്ട് ഭൂമി എന്നത് കൊണ്ട് ഗ്രാമത്തില്‍ പോയി കുറച്ച് കാലം താമസിക്കുക എന്നത് ഒരു വലിയ ആഗ്രഹമായിരുന്നു. ആകെ അറിയാവുന്ന ഒരു ഗ്രാമം കണ്ണൂരിലുള്ള പഴയങ്ങാടി എന്ന ഉപ്പയുടെ നാടാണ്. അവിടെയാണെങ്കില്‍ പെണ്‍കുട്ടികളെ എങ്ങനെ അടക്കിയും ഒതുക്കിയും വളര്‍ത്താം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് എടുക്കാത്ത ആരും ഇല്ല. അത് കൊണ്ട് എനിക്ക് അനുഭവിക്കേണ്ട ഗ്രാമത്തിന്റെ സുഖം അവിടെ കിട്ടാനുണ്ടായിരുന്നില്ല. കോളേജിലെ അവസാന സെമസ്റ്റര്‍ സമയത്താണ് കമ്മ്യൂണിറ്റി ഡിവലപ്‌മെന്റ് പേപ്പറിന്റെ ഭാഗമായിട്ട് ഒരു വില്ലേജ് വിസിറ്റ് ഒത്തു വന്നത്. ആദ്യമായി വീട്ടുകാരുടെയും കുടുംബക്കാരുടെയും മേല്‍നോട്ടവും ഒളിച്ചു നോട്ടവും ഇല്ലാതെ ഗ്രാമീണ ജീവിതം പരിപൂര്‍ണ്ണമായി ആസ്വദിക്കാന്‍ കിട്ടിയ അവസരം എന്റെ മോന്തമ്മല്‍ ഒരു പന്തം കൊളുത്തി പടയോട്ടം നടത്തി. എന്നെ വിടണോ വേണ്ടേ എന്നുള്ള ചര്‍ച്ച വീട്ടില്‍ ഉയര്‍ന്നപ്പൊഴെ ‘കമ്പല്‍സറി’ ‘ഇന്റെര്‍ണല്‍ മാര്‍ക്‌സ്’ ‘കോഴ്‌സ് കമ്പ്ളീഷന്‍ സെര്‍ട്ടിഫിക്കറ്റ്’ എന്നിങ്ങനെ രണ്ടു മൂന്നു മുഴുത്ത ഇംഗ്ളീഷ് പദങ്ങള്‍ എടുത്തിട്ടു എല്ലാരേം കാച്ചി സൈഡ് ആക്കി, ഞാന്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. എന്റെ ‘ഗ്രാമീണ അര്‍മ്മാദ ലിസ്റ്റില്‍’ ചെയ്തു പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്ന ചില കാര്യങ്ങള്‍ ഞാന്‍ നമ്പരിട്ടു എഴുതി വെച്ചു: 
 
1. അതിരാവിലെ എഴുന്നേറ്റ് പുഴയില്‍ ഒരു നീരാട്ട്. 
2. സെറ്റും മുണ്ടും ഉടുത്ത് അമ്പലത്തിന്റെ റൗണ്ട് അടിച്ച്, കയ്യ് അട്ടിക്ക് വെച്ച് പ്രസാദം വാങ്ങി തുളസിക്കതിര്‍ മുടിയില്‍ തിരുകി കുണുങ്ങി കുണുങ്ങി ഒരു നടപ്പ്. 
3. ഏതെങ്കിലും വീട്ടില്‍ കേറി മാങ്ങ കട്ട് തിന്നല്‍. 
4. ഒരു അമ്പലത്തിലെ ഉത്സവത്തില്‍ പങ്കെടുക്കണം. 
5. രാത്രി പേടി കൂടാതെ ഇറങ്ങി നടക്കുക. 
 
 
പോകാനുള്ള ദിവസം അടുക്കും തോറും എനിക്ക് ബഹുത് ഖുശി കൂടി വരികയാണ്, വീട്ടിലുള്ളവര്‍ക്ക് ബഹുത് ടെന്‍ഷനും. അവിടെ ആരുടെ കൂടെയാ താമസം? അവിടെ മൊബൈലിനു റേഞ്ച് ഉണ്ടോ? എത്ര മണിക്ക് നിങ്ങള്‍ തിരിച്ചു വീട്ടില് വരും? ആരുടെയൊക്കെ ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ നിന്നെ കിട്ടും? എത്ര ആണ്‍കുട്ടികളുണ്ട് കൂടെ? കൂടെ വരുന്ന മാഷിനു എത്ര വയസ്സായി? എത്ര ടീച്ചര്‍മാര്‍ ഉണ്ട്? അവരുടെ നമ്പര്‍ വാങ്ങിയോ? തിന്നാന്‍ എന്താണ് കിട്ടുക?; എന്നിങ്ങനെ ദിവസവും ഓരോ ഇന്റര്‍വ്യൂ റൌണ്ട് കാണും വീട്ടില്‍. ബാക്കിയുള്ള കാര്യങ്ങളിലൊന്നും വലിയ റോള്‍ ഇല്ലെങ്കിലും ഭക്ഷണ കാര്യത്തില്‍ മലബാറിനെ കഴിഞ്ഞേ ആര്‍ക്കും എന്തും റോള്‍ ഉള്ളൂ. മലബാറില്‍ അല്ലാതെ ലോകത്ത് മറ്റ് ഒരു സ്ഥലത്തും ഭക്ഷണം കിട്ടാനില്ല എന്നൊരു വിചാരം മലബാറിലെ പല സ്ത്രീകളിലും കാണാം. രണ്ടു ദിവസത്തില്‍ കൂടുതല്‍ നാട് വിട്ടു നില്‍ക്കേണ്ടി വന്നാല്‍ എന്റെ മകന്‍/മകള്‍ പട്ടിണി കിടന്നു വെള്ളം മാത്രം കുടിച്ചു മരിക്കുമല്ലോ എന്നോര്‍ത്ത് നെഞ്ചുംകൂട് തകരുന്ന ഉമ്മമ്മാരുടെ വിളനിലയമാണ് മലബാര്‍. അത് കൊണ്ട് തന്നെ ഗ്രാമങ്ങളില്‍ ഒരാഴ്ചയിലധികം രാപാര്‍ക്കാന്‍ പോകുന്ന എനിക്ക് കൊണ്ട് പോകാന്‍ ചെമ്മീന്‍ അച്ചാര്‍, കോഴിയട, ഇറച്ചി പത്തിരി, ബീഫ് ഉണക്കി പൊരിച്ചത്, നെയ്യിടാത്ത ചപ്പാത്തി, കിരീക്ക് എന്നിങ്ങനെ പലതും പൊതിഞ്ഞു തന്നു. എത്തിയ ദിവസം തിന്നേണ്ടത്, രണ്ടു ദിവസം വരെ കേടാകത്തത്, ഒരാഴ്ച്ച നില്ക്കുന്നത് എന്നിങ്ങനെ തരം തിരിച്ചാണ് പാക്കിംഗ്. 
 
വയനാട്ടിലെ എള്ളുമന്ദം എന്ന ഗ്രാമമായിരുന്നു ഞങ്ങളുടെ ലക്ഷ്യ സ്ഥാനം. ജൂണിലെ മഴ തുടങ്ങുന്നതിനു മുന്നോടിയായി അവിടെയുള്ള മരാതി പുഴയുടെ കുറുകെ മണല്‍ ചാക്ക് കൊണ്ട് ഒരു കൊച്ചു ബണ്ട് കെട്ടുക, അടുത്തുള്ള പഞ്ചായത്ത് സന്ദര്‍ശനം, കുറിച്യരുടെ ഊരില്‍ ഒരു ദിവസം എന്നിങ്ങനെ അദ്ധ്യാപകര്‍ക്കും ഉണ്ട് ഒരു ലിസ്റ്റ്. ഞങ്ങളെ എല്ലാവരെയും ഗ്രൂപ്പ് തിരിച്ച് പല പല വീടുകളിലാണ് താമസിക്കാനുള്ള സൗകര്യം ചെയ്തിരിക്കുന്നത്. അതില്‍ എനിക്കും മറ്റു അഞ്ചു പേര്‍ക്കും അവിടുത്തെ ട്രൈബല്‍ ഡിവലെപ്‌മെന്റ് ഓഫീസറുടെ വീട്ടിലായിരുന്നു കിടക്കാനുള്ള സൌകര്യം ഏര്‍പ്പാടാക്കിയത്. 
 
 
സുന്ദരമായ ഒരു കൊച്ചു രണ്ടു നില വീട്. മുറ്റത്ത് നെല്ലും മുളകും ഒക്കെ ഉണക്കാന്‍ ഇട്ടിട്ടുണ്ട്. അഞ്ചാറു കോഴികള്‍ ചിക്കി പരത്തി നടക്കുന്നുണ്ട്. തുണി ഉണക്കാനിട്ട അയ താങ്ങി നിര്‍ത്താന്‍ വെച്ച ഓല മടലിലെ അവസാന ഓല കടിച്ചു വലിക്കുന്ന ഒരു ആട്ടിങ്കുട്ടി, അതിനെ പിടിച്ചു വലിക്കുന്ന ഒരു സ്ത്രീ. അവരായിരുന്നു ടി ഡി ഓയുടെ ഭാര്യ. ഇന്ന് ഞാന്‍ അവരുടെ പേരോര്‍ക്കുന്നില്ല, എളുപ്പത്തിനു സാവിത്രിയമ്മ എന്ന് വിളിക്കാം. അവരെ കാണുമ്പോള്‍ ആര്‍ക്കായാലും ഒരു തറവാട്ടിലമ്മയെ ഓര്‍മ്മ വരും. ഈ സിനിമയില്‍ ഒക്കെ കാണുന്ന പോലെ തുളസിക്കതിര്‍ കെട്ടി പിടിച്ചു നില്ക്കുന്ന തുമ്പ് കെട്ടിയ മുടി, ചന്ദനക്കുറി, കുങ്കുമം, വെളുത്തു നീണ്ട കയ്യില്‍ സ്വര്‍ണ്ണത്തിന്റെ ഒറ്റ വള, അയഞ്ഞ ബ്ളൌസും നേര്യേതും. വീടിനകത്ത് കയറുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്നത് അവിടെയാകെ നിറഞ്ഞു നില്കുന്ന ചന്ദനത്തിരിയുടെയും പൂജാമുരിയുടെയും ഗന്ധമാണ്. വീട് മുഴുവനും ദൈവങ്ങളുടെ ചിത്രവും അവരുടെ മകന്റെ ചിത്രങ്ങളുമാണ്. ഒരു സുന്ദരനായ യുവാവാണ് മകന്‍, ഇരുപതോ ഇരുപത്തഞ്ചോ വയസ്സ് കാണും. അമ്മിയും പുകയടുപ്പും തൊടിയിലെ കറിവേപ്പിലയും കാന്താരി മുളകും, കിണറ്റിലേക്ക് തുറക്കുന്ന ഒരു കൊച്ചു ജനാലയും ഉള്ള ഒരു സുന്ദരന്‍ അടുക്കള. എനിക്കാകെ മൊത്തം വല്ലാതെ ഇഷ്ടമായി സെറ്റ് അപ്പ്. ഞങ്ങള്‍ വരുന്നത് പ്രമാണിച്ച് സ്‌പെഷല്‍ അവല്‍ വിളയിച്ചതും കട്ടന്‍ കാപ്പിയും സാവിത്രിയമ്മ തയ്യാറാക്കി വെച്ചിരുന്നു. കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് മകനും (ഇപ്പോള്‍ 35 വയസ്സിനോടടുത്ത് പ്രായമായി, ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ തടിച്ച്) പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയും വന്നത്. വലിയ വര്‍ത്താനക്കാരിയായ മരുമകളെ നമുക്കൊക്കെ വല്ലാതെ പിടിച്ചു. ഞങ്ങള്‍ക്കുള്ള മുറി കാണിച്ചു തന്നത് ആ ചേച്ചി ആയിരുന്നു. 
 
മുകളിലത്തെ നിലയില്‍; റബ്ബര്‍ ഷീറ്റിന്റെ മണം തിങ്ങി നിറയുന്ന ഒരു കൊച്ചു മുറി. തൊടിയിലേക്ക് തുറക്കുന്ന രണ്ടു ജനാലകളും, അതിനോട് ചേര്‍ന്നുള്ള ഒരു കൊച്ചു കട്ടിലും, മേശയും. കട്ടിലില്‍ ഒരാള്‍ക്കേ കഷ്ടിച്ചു കിടക്കാനാകൂ, ആ കിടക്കുന്ന ആള്‍ ഞാന്‍ ആയിരിക്കും എന്ന് എല്ലാവരുടെയും മനസ്സിലെ പൂതി വളരെ വ്യക്തമായി കാണാം. 
 
‘ആര്‍ക്കെങ്കിലും കുളിക്കണമെങ്കില്‍ നാണിയമ്മ പൊഴക്കല്‍ പോണ്ട്.’ എന്ന് ചേച്ചി പറഞ്ഞപ്പോള്‍ എല്ലാരും ചാടി ഇറങ്ങി. സോപ്പ്, തോര്‍ത്ത്, മാറാനുള്ള വേഷം, പിന്നെ മറയ്ക്കു വേണ്ടി രണ്ടു ബെഡ്ഷീറ്റ് ഒക്കെയായി ഒരു ജാഥ തന്നെ പുറപെട്ടു. പുഴക്കരയില്‍ എത്തി വസ്ത്രാക്ഷേപത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉള്ള സ്ത്രീകളെ കണ്ടപ്പോള്‍ എനിക്ക് ഒടുക്കത്തെ നാണ്‍ വന്നു. വന്ന സ്ഥിതിക്ക് കുളിക്കാതെ പോകാനും വയ്യ, വസ്ത്രം മാറി ഇറങ്ങാനും മടി അവസാനം ഞാനൊരു ബുദ്ധി പ്രയോഗിച്ചു. കൊണ്ട് വന്ന ബെഡ്ഷീറ്റ് ചുറ്റി പുതച്ച് കുളിക്കാന്‍ ഇറങ്ങി. നന്നായി സോപ്പൊക്കെ തേച്ച് ബെഡ്ഷീറ്റ് വെളുപ്പിച്ചു എന്നല്ലാതെ എന്റെ മേല്‍ ഒരു തുള്ളി പോലും സോപ്പ് പതിഞ്ഞില്ല. സ്ത്രീകളുടെ ശരീരത്തെ കുറിച്ച് യാതൊരു പ്രാധാന്യവും കൊടുക്കാത്ത ഒരു സെറ്റ് അപ്പ് ഞാന്‍ ആദ്യമായി കാണുകയായിരുന്നു. ആരും അന്തം വിട്ടു നോക്കുന്നില്ല, ഒളിഞ്ഞു നോക്കാനുള്ള ഇടമിലാത്ത സ്ഥലം ആയതിനാല്‍ ആരും അതിനും മെനക്കെടുന്നില്ല എന്നാണു തോന്നുന്നത്. ഇടയ്ക്കിടെ മുന്നിലുള്ള വഴിയിലൂടെ വല്ല ആണുങ്ങളും പോകുമ്പോള്‍ യാതൊരു സങ്കോചമോ ‘ഞരമ്പ്’ എന്ന് ഓമനയായി വിളിക്കുന്നു ഗോഷ്ടികളോ പ്രകടമായിരുന്നില്ല. ചിലപ്പോഴൊക്കെ, ‘വിശ്വേട്ടാ, പോസ്ടാഫീസിലെ ബുക്കും കൊണ്ട് വാസന്തിയോടു ഒന്ന് വരാന്‍ പറയണേ. എനിക്കൊരു കാര്യം നോക്കാനാ…’ എന്ന് തുടങ്ങി നാട്ടുകാര്യങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും നമ്മള് 5 പേര് മാത്രം എരുമകളെ പോലെ വെള്ളത്തില്‍ മുങ്ങി ഒളിച്ചു നിന്ന്. ‘ഇതൊക്കെ എന്ത്?’ എന്ന ഭാവത്തില്‍ അവരുടെ നിത്യ ജീവിതത്തിന്റെ ഒരു സാധാരണ ഏടായി ഇതും. 
 
 
രാത്രി കട്ടിലില്‍ ആര് കിടക്കും എന്നത് അടിച്ചു തീര്‍ക്കാം എന്നായിരുന്നു എന്റെ തീരുമാനം. എനിക്കെങ്ങനെയെങ്കിലും കട്ടിലില്‍ കിടക്കണം… എന്നാല്‍ ഡെമോക്രസിയില്‍ വിശ്വാസമുള്ള ചില തെണ്ടികള്‍ തുണ്ട് കടലാസില്‍ പേരെഴുതി എന്നെ സൈഡ് ആക്കി കളഞ്ഞു. ആദ്യത്തെ പേര് വീണത് ശബീന എന്ന കൂട്ടുകാരിയുടെതായിരുന്നു. അവള് നല്ല പതുപതുത്ത കിടക്കയില്‍, ജനാലയൊക്കെ തുറന്നിട്ട് ആകാശവും നോക്കി കിടന്നു സൊറ പറയുമ്പോള്‍ എനിക്ക് തലയിലൂടെ ‘സുഖമാണീ നിലാവ് എന്ത് സുഖമാണീ സന്ധ്യ…’ എന്ന ബാക്‌ഗ്രൌണ്ട് മ്യൂസിക് കളിക്കുകയായിരുന്നു. സംസാരവും കുശുമ്പും കുന്നായ്മയും പറഞ്ഞു പറഞ്ഞു ഓരോരുത്തരായി ഉറങ്ങി പോയിട്ട് അധിക സമയം ഒന്നും ആയി കാണില്ല; ശബീനയുടെ ‘ഇന്റള്ളോ’ എന്ന് നീട്ടിയ ഒരു കരച്ചിലും ഞങ്ങളെയൊക്കെ ചവിട്ടി ആരോ പാഞ്ഞു പോകുന്നതും ഒരുമിച്ചായിരുന്നു. മയങ്ങി വന്ന എല്ലാരും ചാടി എഴുന്നേറ്റ് ലൈറ്റ് ഇട്ടു നോക്കുമ്പോള്‍ വാതില്‍ക്കല്‍ ഇരുന്നു കരയുന്ന ശബീന. എന്താണ് എന്താണ് എന്ന് നാല് പേരും ആവര്‍ത്തിച്ചും, പല സ്വരഭേദങ്ങളിലും ചോദിച്ചിട്ടും ശബീന ഒന്നും മിണ്ടുന്നില്ല, ഇരുന്നു കരയുകയാണ്. ഒന്നാം നിലയിലെ ജനാലയിലൂടെ ഡിങ്കനൊ മായാവിയോ വിചാരിച്ചാലേ തോണ്ടാനോ തൊടാനോ ഒക്കൂ എന്നറിഞ്ഞിട്ടും ‘ആരെങ്കിലും ജനാലയിലൂടെ കയ്യിട്ടോ?’ എന്ന് ചോദിച്ചു നോക്കി. കരയുന്നതിനിടയില്‍ അവള് അല്ല എന്ന് തല കുലുക്കി. വെള്ളമൊക്കെ ഒഴിച്ചു കൊടുത്തു പുറം തടവി, അവളോടുമ്പോള്‍ കിട്ടിയ ചവിട്ടും താങ്ങി ഞങ്ങള്‍ ഇരുന്നു. അവസാനം അവള് വിക്കി വിക്കി പറഞ്ഞു ‘ഞാന്‍ എന്തൊക്കെയോ വല്ലാത്ത സ്വപ്നങ്ങള്‍ കണ്ടു.’ എന്താ കണ്ടത് എന്ന് ചോദിച്ചപ്പോള്‍ പിന്നേം കരയാന്‍ തുടങ്ങി. അവസാനം ഉറക്കമാണ് ഏറ്റവും വലുത് എന്ന് മനസ്സിലാക്കി അവളെ സമാധാനിപ്പിച്ചു ഒരു വിധം കിടത്തി എല്ലാരും ഉറക്കത്തിലേക്ക് വീണ്ടും തെന്നി. 
 
പിറ്റേ ദിവസം ജോലി കഴിഞ്ഞു പുഴക്കരയിലിരുന്നു ചായയും കപ്പ പുഴുങ്ങിയതും വെട്ടി വിഴുങ്ങുമ്പോള്‍ ഈ കാര്യം വീണ്ടും പറയാന്‍ നോക്കിയപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു. എന്നിട്ട് പറഞ്ഞു ‘അതിനെ പറ്റി ഇനി ഒന്നും പറയണ്ട, പ്ളീസ്.’ അന്ന് വൈകുന്നേരം അടുത്തുള്ള ആദിവാസി ഊരിലെ അമ്പലത്തില്‍ തെയ്യം ഉണ്ടെന്നു കേട്ടപ്പോള്‍ എല്ലാരും പോകാന്‍ സമ്മതം വാങ്ങി. ഞാന്‍ ആണെങ്കില്‍ ഫുള്‍ ത്രില്ലില്‍… ജീവിതത്തില്‍ അന്നേ വരെ ഒരു അമ്പലത്തില്‍ പോകാനുള്ള ചാന്‍സ് കിട്ടീട്ടില്ല ഇതാണെങ്കില്‍ അമ്പലം പ്ളസ് ഉത്സവം പ്ളസ് തെയ്യം ആണ്. ഒരു പ്ളേറ്റ് ലഡ്ഡു! 
 
 
ഒരു സ്‌പെഷല്‍ എഫെക്റ്റ്‌സിനു വേണ്ടി ഞാന്‍ സെറ്റു സാരിയും മുല്ലപ്പൂവും ഒക്കെ വെച്ചാണ് തെയ്യം കാണാന്‍ പുറപ്പെട്ടത്. ഊരില്‍ ഞങ്ങളൊക്കെ വിരുന്നുകാരായത് കൊണ്ട് മൂപ്പന്റെ കൂടെ ഒരു കൊച്ചു പന്തലില്‍ ആണ് ഇരിക്കുന്നത്. ഞാന്‍ തിക്കിത്തിരക്കി രണ്ടു മൂന്നു കാലൊക്കെ ചവിട്ടി ഞെരിച്ച്, കിട്ടിയ പ്രാക്കൊക്കെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു മുന്നില്‍ തന്നെ ഇടം പിടിച്ചു. ആര് കണ്ടില്ലെങ്കിലും എനിക്ക് എല്ലാം സ്പഷ്ടവും വ്യക്തവുമായി കാണണം, വേണമെങ്കില്‍ തെയ്യം എന്നേം കണ്ടോട്ടെ. അങ്ങനെ ആചാരങ്ങള്‍ തുടങ്ങി തെയ്യം വന്നു, അവിടെ കൂട്ടിയിട്ട കനലിലൂടെ നടക്കുന്നു , കയ്യിലെ പന്തം നക്കുന്നു, നിവേദ്യമായി ഭക്തര്‍ കള്ള് കൊണ്ടുപോയി കൊടുക്കുന്നു, ചെണ്ട മേളം കൊഴുക്കുന്നു ആകെ മൊത്തം നല്ല രസമായി വരുന്നു. പിന്നെ തെയ്യം ഓടാന്‍ തുടങ്ങി, മുന്നോട്ടും പിന്നോട്ടും. ഒരു വല്ലാത്ത ശബ്ദവും പുറപ്പെടുവിക്കുന്നുണ്ട്. എനിക്കാണെങ്കില്‍ പണ്ട് മുതലേ ശിവരാത്രി സമയത്ത് വീട്ടില് വരുന്ന പുലിക്കളി, വെളിച്ചപ്പാട് എന്നിവരെ നല്ല പേടിയാ. ആ പേടി ചെറുതായി ഇവിടെയും തല പൊക്കി നിക്കുന്നുണ്ട്. രണ്ടു മൂന്നു പ്രാവശ്യം തെയ്യം ഞങ്ങള്‍ ഇരിക്കുന്ന പന്തലിന്റെ അടുത്തൂടെ ഓടി. ഏറ്റവും മുന്നില്‍ ഇരുന്ന എനിക്ക് പുറകില്‍ ഉള്ളവര് ബഹുമാന സൂചകമായി എഴുന്നേറ്റു നിന്നത് കണ്ടില്ല. തെയ്യം നോക്കുമ്പോള്‍ ഒരു നരുന്ത് തമ്പുരാട്ടി ഈ ഞാന്‍ അഹങ്കാരത്തില്‍ ഇരിക്കുകയാണ്, ദൈവം അടുത്തൂടെ പോയിട്ടും ഒന്ന് എണീറ്റ് നില്ക്കാനുള്ള സാമാന്യ മര്യാദ പോലും കാണിക്കാതെ. തെയ്യത്തിനു വന്ന ദേഷ്യം ഊഹിക്കാവുന്നതെ ഉള്ളൂ. ഞാന്‍ നോക്കുമ്പോള്‍ പന്തവും പിടിച്ച തെയ്യം അലറി വിളിച്ചു കൊണ്ട് എന്റെ നേരെ ഓടി വരുന്നു, പിറകെ കുറച്ച് പേരെന്തോ പറയുന്നുമുണ്ട്. ആ ചുവന്ന ചുട്ടി കുത്തിയ മുഖവും, ഉണ്ട പിച്ചള കണ്ണും, പല്ലും കൊണ്ട് തെയ്യം വന്നു എന്റെ മേലേക്ക് ചാടി വീണത് എനിക്ക് നേരിയ ഓര്‍മ്മയുണ്ട്; പിന്നെ സ്ഥലകാല ബോധം വന്നു നോക്കുമ്പോള്‍ ഞാന്‍ ഒരു ഇടവഴിയില്‍ നില്‍ക്കുകയാണ്. കൂടെ രണ്ടു മൂന്നു പേരുമുണ്ട്, എന്തൊക്കെയോ ചോദിക്കുന്നു. രണ്ടു സ്ത്രീകള്‍ എന്നേ അവരുടെ വീട്ടില് കൊണ്ട് പോയി കാപ്പി ഇട്ടു തന്നു. ‘എന്നാലും മോളെ ഈ സാരിയും ഉടുത്ത് എങ്ങനെയാ ആ വേലി പൊറത്തൂടെ ഇത്രെയും താഴ്ചയുള്ള ഇടവഴിയിലേക്ക് ചാടിയത്?’ എനിക്കാണെങ്കില്‍ ചാടിയതും ഓര്‍മ്മയില്ല, ഓടിയതും ഓര്‍മ്മയില്ല, ഞാന്‍ ആ തെയ്യത്തിന്റെ കയ്യില്‍ നിന്നും എങ്ങനെ രക്ഷപെട്ടു എന്നും ഓര്‍മ്മയില്ല. 
 
അന്ന് രാത്രി, എന്റെ പേടികുടി കണക്കിലെടുത്ത് എനിക്ക് കട്ടില്‍ അനുവദിച്ചു തന്നിരുന്നു. ചെറുതായി പനിയും ഉണ്ടോ എന്ന് ബാക്കിയുള്ളവര്‍ക്ക് സംശയം ഉണ്ടായിരുന്നെങ്കിലും ഞാന്‍ സമ്മതിച്ചു കൊടുത്തില്ല. പേടിച്ചു പനിക്കുക എന്നത് സില്ലി അല്ലെ? അന്ന് രാത്രി ഞാന്‍ തെയ്യവും മരണവും രക്തവും എന്തൊക്കയോ കൂടി കുഴഞ്ഞ ഒരു സ്വപ്നം കണ്ടു പേടിച്ചു ഞെട്ടി. തൊട്ടു താഴെ കിടന്നിരുന്ന സ്മിത നോക്കുമ്പോള്‍ ഞാന്‍ പിച്ചും പേയും പറയുന്നു, പൊള്ളുന്ന പനിയും. കൊണ്ടുവന്ന പാരസിറ്റമോളും കഴിച്ചു കിടന്നു. ഒരു പാട് നേരം ഉറക്കം വരാതെ കിടന്നതിനു ശേഷം എപ്പോഴോ ഞാന്‍ ഉറങ്ങി. പിറ്റെന്ന് ഉണരുമ്പോള്‍ ബാക്കി എല്ലാരും പോയിരുന്നു, പനിയും. താഴെ ചെന്നപ്പോള്‍ സാവിത്രിയമ്മ ചുക്ക് കാപ്പിയും ബ്രെഡും തന്നു. അതും തിന്നിരിക്കുമ്പോള്‍ ചുവരില്‍ തൂക്കിയിട്ട മകന്റെ ഫോട്ടോ നോക്കി ഞാന്‍ പറഞ്ഞു ‘ഇത് സൂരജ് ചേട്ടന് എത്ര വയസ്സുള്ളപ്പോള്‍ എടുത്തതാ?’
 
 
‘സൂരജോ? ഇതെന്റെ ഇളയ മകനാ പ്രവീണ്‍.’ സാവിത്രിയമ്മയുടെ തൊണ്ടയും കണ്ണും ഇടറി. ‘എനിക്കവനെ ലാളിച്ചു കൊതി തീര്‍ന്നിരുന്നില്ല. ദൈവം വിളിച്ചു കുഞ്ഞൂനെ’. 
ഞാനാണെങ്കില്‍ മിഴിച്ചു ഇരിക്കുകയാ. എന്താണ് പറയേണ്ടത് എന്നറിയാതെ. അടുക്കളയില്‍ കൈസഹായത്തിനു നില്ക്കുന്ന ഒരു തള്ളയും കണ്ണോപ്പുന്നുണ്ട്. പിന്നീട് ചേച്ചിയെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ‘അറിയാഞ്ഞിട്ടാ ചേച്ചീ. ഞങ്ങളെല്ലാം വിചാരിച്ചത് അത് സൂരജേട്ടന്‍ ആണെന്നാ, അതോണ്ടാ ഞാന്‍ ചോദിച്ചത്.’ 
‘അമ്മക്ക് ഏറ്റവും കാര്യം കുഞ്ഞൂനെ ആയിരുന്നു. പനി പിഴച്ചു പെട്ടന്നാ മരിച്ചത്. ആരും പ്രതീക്ഷിച്ചിലായിരുന്നു. അമ്മയാണെങ്കില്‍ ശരീരം ദഹിപ്പിക്കാന്‍ പോലും വിട്ടില്ല, വീട്ടു മുറ്റത്ത് കുഴിച്ചിടുകയാ അവസാനം ചെയ്തത്. ഇപ്പോഴും ഫോട്ടോയില്‍ മാല വരെ ചാര്‍ത്തില്ല. മരിച്ചു എന്ന് പറയുന്നത് പോലും സഹിക്കില്ല അമ്മ.’ 
 
അന്ന് രാത്രി എല്ലാരും വരുന്ന മുമ്പേ ഞാന്‍ ഉറക്കമായിരുന്നു. അന്ന് കട്ടിലില്‍ കിടക്കേണ്ട ഊഴം ധന്യയുടെത് ആയിരുന്നത് കൊണ്ടും, ദിവസം മുഴുവന്‍ കട്ടിലില്‍ കിടന്നു അര്‍മ്മാദിച്ചതു കൊണ്ടും ഞാന്‍ അന്ന് താഴെ പായ വിരിച്ചാണ് കിടന്നത്. രാത്രി ഒരു ഒന്നോ രണ്ടോ മണിയായി കാണണം. എന്റെ ജീവിതത്തില്‍ അന്നോളമോ ഇന്നോളമോ കേള്‍ക്കാത്ത ഒരു വല്ലാത്ത അപസ്വരം – ഒരു ഹൈ പിച്ച് അലര്‍ച്ച – ഞാന്‍ കേട്ടു. ആ കേട്ടത് വിശദീകരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ആരുടെയെങ്കില്‍ നഖം പിഴുതെടുക്കുകയോ ജീവനോടെ അവരെ അറുക്കുകയോ ചെയ്യുകയാണെങ്കില്‍ ഇങ്ങനെയായിരിക്കണം ആ കരച്ചില്‍. നടുങ്ങി, രക്തം ഉറഞ്ഞു പോയി എനിക്ക്. എന്റെ അടുത്ത് കിടക്കുന്ന സ്മിത എന്നെ ശക്തമായി കെട്ടി പിടിച്ചു, ശ്വാസം വലിക്കാന്‍ കഴിയാത്തത്ര മുറുക്കത്തില്‍. ആരും അനങ്ങിയില്ല. ആരും മൂളുക പോലും ചെയ്തില്ല. എന്നാല്‍ എല്ലാരുടെയും ശ്വാസഗതിയും, ഹൃദയമിടിപ്പും എനിക്ക് കേള്‍ക്കാം. കുറെ നേരം എന്ത് സംഭവിക്കും എന്ന ആധിയില്‍ കിടന്നതിനു ശേഷം എപ്പോഴോ ഉറങ്ങി. രാവിലെയായി, ഇതേ കുറിച്ച് ആരും ഒന്നും ചോദിക്കുന്നോ പറയുന്നോ ഇല്ല. പനി കാരണം എനിക്ക് തോന്നിയതാകുമോ എന്ന് എനിക്കൊരു സംശയം തോന്നിയത് കൊണ്ട് ഞാനും ഒന്നും മിണ്ടിയില്ല. 
 
അന്ന് വൈകുന്നേരം പുഴക്കരയില്‍ ഇരിക്കുമ്പോള്‍, അടുത്ത വീട്ടില്‍ താമസിച്ചിരുന്ന കുട്ടികളില്‍ ഒരാള്‍ ഞങ്ങളോട് ചോദിച്ചു ‘എന്തായിരുന്നു ഇന്നലെ അവിടെ? കള്ളന്‍ വല്ലോം കേറിയോ?’ അപ്പോഴാണ് ഓരോരുത്തരായി ‘നീയും കേട്ടിരുന്നോ?’ എന്ന് ചോദിക്കുന്നത്. അതേ വീട്ടിലെ പലരും കേട്ടിരുന്നില്ല, എന്നാല്‍ അടുത്ത വീട്ടിലെ ചിലര്‍ കേട്ടിരുന്നു. ഞങ്ങള്‍ അഞ്ചു പേരില്‍ ധന്യ ഒഴികെ എല്ലാരും കേട്ടിരുന്നു. ഞങ്ങളുടെ റൂമിലെ തന്നെ ആരോ ആണ് ആ ശബ്ദം പുറപ്പെടുവിച്ചത് എന്ന് ഉറപ്പായിരുന്നു. ബാക്കി നാല് പേരും കേട്ടത് കാരണം, അത് ധന്യ ആയിരിക്കണം എന്ന് ഞങ്ങള്‍ വിശ്വസിച്ചു. തൊട്ടടുത്ത മുറിയില്‍ കിടന്ന ചേട്ടനും ചേച്ചിയും കേട്ടിരുന്നില്ല. അവിടെ ആകെ ഇതായി ചര്‍ച്ചാ വിഷയം. കാരണങ്ങളും, സാധ്യതകളും ചര്‍ച്ച ചെയ്യുമ്പോള്‍, ഞങ്ങളുടെ കൂടെ മണ്ണ് കൊത്താന്‍ വരുന്ന ബിജു എന്ന പയ്യന്‍ പറയുന്നു ‘അന്നേ നാട്ടുകാര് മുഴുവന്‍ പറഞ്ഞതാ ദഹിപ്പിക്കാനുള്ള ശവം മാമൂലനുസരിച്ച് ദഹിപ്പിക്കാന്‍. ആ മുറ്റത്ത് തന്നെ കുഴിച്ചിട്ടാല്‍ ഇതല്ല വേറെ പലതും കാണേണ്ടി വരും പെങ്ങളെ. നിങ്ങള്‍ കുഞ്ഞൂന്റെ മുറിയിലല്ലേ താമസോം?’ 
 
അന്ന് മുതല്‍ എല്ലാരും നടുമുറിയിലായി കിടപ്പ്. റബ്ബറിന്റെ മണം കാരണം ശ്വാസം മുട്ടുന്നു എന്നായിരുന്നു ആ വീട്ടുകാര്‍ക്ക് ഞങ്ങള്‍ കൊടുത്ത വിശദീകരണം. 
 
പ്രേതത്തിലോ ഭൂതത്തിലോ വിശ്വാസമില്ലാത്ത അഞ്ചു പേര്‍. ആ വീട്ടില്‍ ഒരു മരണം നടന്നു എന്ന് പോലും അറിയാത്ത അഞ്ചു പേര്. എന്താണ് നടന്നത് എന്ന് ഇന്നും ഒരു സംശയം ഇല്ലാതില്ല. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍