UPDATES

സിനിമ

വെള്ളിയാഴ്ചകളിലെ വധശിക്ഷകള്‍

അന്‍വര്‍ അബ്ദുള്ള
 
 
കഴിഞ്ഞ വാരം റിലീസ് ചെയ്ത രണ്ടു സിനിമകളാണ് വി.കെ.പ്രകാശ് സംവിധാനം ചെയ്ത് ജയസൂര്യ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ‘താംക്യൂ’വും മുരളി ഗോപിയും അരുണ്‍ കുമാര്‍ അരവിന്ദും ഒരിക്കല്‍ക്കൂടി ഒന്നിക്കുന്ന ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും’. രണ്ടു സിനിമകളും കൂട്ടുകെട്ടുകളുടെ ആവര്‍ത്തനമാണ്. അതേസമയം തന്നെ, കൂട്ടുകളിലൂടെ ആശയങ്ങളെ ആവര്‍ത്തിക്കാനും അടിച്ചുറപ്പിക്കാനുമുള്ള ശ്രമങ്ങളാണെന്നും പറയാം. രണ്ടു സിനിമകളും വധശിക്ഷയെ ന്യായീകരിക്കുകയും അതിനായി ആഹ്വാനം ചെയ്യുകയും ചെയ്യുന്നു എന്നതിനെ സംഭ്രമത്തോടെയും സാംസ്‌കാരികഭീതിയോടെയും മാത്രമേ കാണാനാകൂ. താംക്യൂ എന്ന സിനിമ ഒരു ബാലികയെ പീഡിപ്പിച്ചതിനു ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിയെ / കുറ്റവാളിയെ ജയിലില്‍നിന്നു ചാടിച്ചുപുറത്തുകൊണ്ടുവന്ന് ജനകീയവിചാരണ നടത്തി അവരാല്‍ വധശിക്ഷയ്ക്കു വിധേയമാക്കുന്ന നായകന്റെ വീരാപദാനകീര്‍ത്തനമാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റാണെങ്കില്‍, നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങളും പൊതുബോധവും കുറ്റവാളിയെന്നു അബോധത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു നേതാവിനെ അയാളുടെ അണികളുടെ മുന്നില്‍വെച്ച്, ഉന്മാദിയായ ഒരുവന്‍, തികച്ചും വൈയക്തികമായ കാരണങ്ങളാല്‍ കുത്തിക്കൊല്ലുന്നതു കാണിച്ചുകൊണ്ട് അവസാനിക്കുന്നു. രണ്ടു സിനിമകളും വലിയവായില്‍ത്തന്നെ വധശിക്ഷയ്ക്കായി ആഹ്വാനം നിര്‍വഹിക്കുന്നുണ്ട്. 
 
 
വലിയ സാമൂഹികപ്രതിബദ്ധത നടിച്ചുകൊണ്ടാണ് താംക്യു എന്ന പടം നിലകൊള്ളുന്നത്. കോമണ്‍മാനെന്ന നായകസ്വത്വം ആണ് ഈ സാമൂഹിക പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്വം. ‘വെനസ് ഡേ’യിലൂടെ നാം കണ്ടതാണിത്. പേരുപോലും ഇല്ലാത്തതും എന്നാല്‍ മുസ്ലിം സ്വത്വത്തിന്റെ ച്ഛായകള്‍ വ്യക്തമായി പേറുന്നതുമായ ഒരു കോമണ്‍ മാനിനെ. നസീറുദ്ദീന്‍ ഷാ എന്ന നടന്‍ ആ വേഷത്തിന് ദേഹം പകരുകയും കൂടി ചെയ്തുകൊണ്ടാണ് അതിന്റെ വിലാസം ആ സിനിമ അക്ഷരാര്‍ത്ഥത്തില്‍ പ്രത്യക്ഷപ്പെടുത്തിയത്. അതേസമയം ആ സിനിമ അത്യന്തം മികച്ച ഒരു ചലച്ചിത്രനിര്‍മിതിയും കൂടിയായിരുന്നു. അതിനാല്‍ അതു മുന്നോട്ടുവച്ച പ്രതിലോമരാഷ്ട്രീയത്തെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വധത്തിന്റെയും തത്വശാസ്ത്രത്തെയും ആരും കാര്യമായി കണ്ടില്ല. 
 
ഇതേ സിനിമ പിന്നീട് കമല്‍ഹാസന്‍ തമിഴില്‍ മൊഴിമാറ്റിയെടുത്തപ്പോള്‍ അതിലെ പേരില്ലാത്ത സാധാരണക്കാരന്റെ, കോമണ്‍ മാനിന്റെ രൂപത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു. മുഗളന്‍ എന്നു പറയാവുന്ന തരത്തിലുളള ദീക്ഷയണിയുകയും കൂടി ചെയ്തുകൊണ്ടാണ് പേരില്ലെങ്കിലും തന്റെ വംശത്ത കഥാപാത്രം അടയാളമാക്കിയത്. അതിനുമുന്‍പ് കമല്‍ഹാസന്‍ ഹിന്ദിയില്‍നിന്ന് ആശയാനുവാദം വാങ്ങിയിട്ടുള്ളത് ഗോവിന്ദ് നിഹലാനിയുടെ ‘ദ്രോഹ്കാല്‍’ എന്ന സിനിമയുടേതായിരുന്നു. തീവ്ര ഇടതുപക്ഷക്കാരുടെ, മാവോയിസ്റ്റുകളുടെ രാഷ്ട്രീയം ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന ആ സിനിമയെ ‘കുരുതിപ്പുനലാ’ക്കിയപ്പോഴും കമല്‍ ഇത്തരം മിഠായിക്കടലാസുകള്‍ വിഷയത്തിനു മീതെ പൊതിഞ്ഞു. 
 
 
സാധാരണക്കാരനായ പൗരന്‍ സ്‌ഫോടനകാലത്തിന്റെ ഇരയാകുന്ന സകലര്‍ക്കും വേണ്ടി പ്രതികരിക്കുന്നത് തീവ്രവാദികളെന്നു സര്‍ക്കാര്‍ ആരോപിക്കുന്നവരെ അങ്ങനെതന്നെ ഉറപ്പിച്ചുകൊണ്ട്, അവരെ കൊന്നൊടുക്കുകയെന്ന നീതിശാസ്ത്രം നടപ്പില്‍വരുത്തിക്കൊണ്ടാണ്. ദയാഹര്‍ജിക്കുപോലും സ്ഥാനമില്ലാത്ത ഒരു ഏകപക്ഷീയവിധിനടപ്പാക്കല്‍. ഈ വിധി നടപ്പാക്കലും വേട്ടയാടലും വധശിക്ഷയും ഈയടുത്തകാലത്ത് പോപ്പുലര്‍ സിനിമകളുടെ സ്ഥിരം പ്രമേയമായി വരുന്നതു കാണാം. അതിനു പുതിയ ഉദാഹരണമാകുകയാണ് വി.കെ.പ്രകാശിന്റെ സിനിമ – താംക്യൂ.
 
അതുപോലെ വേട്ടക്കാരെന്നു പറയാവുന്നവരെ ഇരകളുടെ പക്ഷത്തുനിന്നു വേട്ടയാടുന്ന വിധത്തിലുള്ള പ്രമേയവല്ക്കരണങ്ങള്‍ ധാരാളം വന്നു. റേസ്, കോക്ടെയില്, കന്യാകുമാരി എക്‌സ്പ്രസ് എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. അന്‍വര്‍ എന്ന ചിത്രത്തിലും വെനസ്‌ഡേയെ അനുസ്മരിപ്പിക്കുംവിധം ഇസ്ലാമികതീവ്രവാദികളെന്നു മുദ്രകുത്തപ്പെട്ടവരെ ജയിലില്‍നിന്നു ചാടിച്ചുകൊണ്ടുവന്ന് കൊല്ലുകയാണ്.  ’22 എഫ് കെ’ എന്ന സിനിമയില്‍ തന്നെ ബലാല്‍സംഗം ചെയ്ത ആളെ ടെസ്സ പാമ്പിനെ വിട്ടുകൊല്ലിക്കുന്നു. പണ്ട് പത്മരാജന്റെ ‘കരിമ്പിന്‍പൂവിനക്കരെ’യിലും ഇത്തരമൊരു വധശിക്ഷ നാം കണ്ടതാണ്. ഇത്തരം സിനിമകളെല്ലാം മുന്നോട്ടുവയ്ക്കുന്നത് ജനാധിപത്യപരമായ വധശിക്ഷകളുടെ സാധൂകരണമാണ്. ഇവിടെ കുറ്റവാളിയും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയനുസരിച്ച് ശിക്ഷയനുഭവിച്ചുവരുന്നവനുമായ ഒരാള്‍ക്ക് ആ ശിക്ഷ പോരാ, വധശിക്ഷ തന്നെ വേണമെന്നു ശഠിക്കുന്നൂ, നായകന്‍, അയാളെ, ജനങ്ങളെക്കൊണ്ടു കൊല്ലിക്കുന്നതിലേക്കാണു സിനിമ നീങ്ങുന്നത്. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത, അനിയന്ത്രിതമായ ആള്‍ക്കൂട്ടത്തിന്റെ രോഷപ്രകടനമാണ് വധശിക്ഷയായി പരിണമിക്കുന്നത്. ഇവ ഒരു പ്രത്യേകതരത്തില്‍ തീവ്രവലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ഭാഷ സംസാരിക്കുകയും ചെയ്യുന്നുണ്ട്. തീവ്രവലതുഭാഷയില്‍ സംസാരിക്കുന്ന മലയാളസിനിമയുടെ ആദ്യകാല ഉദാഹരണങ്ങളിലൊന്നായ ‘ധ്രുവ’ത്തിലെ നായകനും അതിവരേണ്യത്തമ്പുരാനുമായിരുന്ന നരസിംഹ മന്നാഡിയാര്‍ ചെയ്തതും സര്‍ക്കാര്‍ പരാജയപ്പെട്ടൊരു വധശിക്ഷ സ്വയം നടത്തിയെടുക്കുകയായിരുന്നു. മമ്മൂട്ടിയെന്ന നടനെ മുസ്ലിം സ്വത്വമായല്ല, സിനിമ ഉല്പാദിപ്പിച്ചൊരു സവര്‍ണ പുരുഷബിംബമായി വേണം കാണാനെന്ന് അക്കാലം എംജി രാധാകൃഷ്ണന്‍ ദംഷ്ട്രയും നെറ്റിക്കണ്ണുകളും തെളിയുമ്പോള്‍ എന്ന പഠനത്തില്‍ പറഞ്ഞു. 
 
 
ചെങ്കല്‍ചൂള എന്നു പേരെടുത്തുപറയുന്ന ഒരു കോളനിയിലെ ജനങ്ങളെക്കൊണ്ടാണ് താംക്യുവിലെ നായകന്‍ വധശിക്ഷ നടത്തിയെടുക്കുന്നത്. ‘ഈനാട്’ മുതല്‍ വെറുതെയും ‘കവര്‍ സ്‌റ്റോറി’ മുതല്‍ മാദ്ധ്യമ സഹായത്തോടെയും ജനങ്ങളുടെ മുന്നിലേക്ക് കുറ്റവാളികളെ എത്തിക്കുന്ന സ്വഭാവം മലയാളസിനിമയില്‍ കാണാം. ഇയാളെ കൊല്ലണോ വേണ്ടയോ എന്ന് നിങ്ങളാണു തീരുമാനിക്കേണ്ടത് എന്ന ഹിതപരിശോധന താംക്യൂ മുന്നോട്ടുവയ്ക്കുന്നതുതന്നെ കാണാം. 
 
ഈ രാജ്യത്ത് ഏതൊരു അജ്ഞാതനും വിദ്ധ്വംസക ഭീഷണിയുയര്‍ത്താം എന്ന പൊതുഭീതിയെ ഊട്ടിയുറപ്പിക്കുന്ന സിനിമ, അതിനു കാരണമായി എടുത്തുകാട്ടുന്നത് പപ്പനാവന്റെ പത്തു ചക്രം അങ്ങു തിരുവന്തോരത്തിരുപ്പുണ്ട് എന്നതാണ്. അതുപോലെതന്നെയാണ് സാമൂഹികതിന്മകളോടുള്ള സിനിമയുടെ രോഷം. തെരുവുമനുഷ്യരുടെ ജീവിതത്തോടു സഹതാപം കാട്ടുന്ന വ്യാജമുഖമാണു പടത്തിന്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ മാടിന്റെയും കോഴീടെയും വേസ്റ്റു കൊണ്ടുത്തള്ളുന്ന പിശാചുക്കളുടെ സംഭാവനയായി പടം രേഖപ്പെടുത്തുന്നു. പച്ചക്കറിക്കു പിന്നെ മാലിന്യമില്ലല്ലോ! പപ്പനാവന്റെ പത്തു ചക്രം മോഷ്ടിക്കാന്‍ അങ്ങ് ഉഗാണ്ടയില്‍ നിന്നാളുവരുമെന്നു പറഞ്ഞാണല്ലോ, പൊതുഖജനാവിലെ പണം അതിനു കാവലൊരുക്കാന്‍ ചെലവഴിക്കപ്പെടുന്നത്. അതേസമയം, തിരുവിതാംകൂര്‍ രാജവംശം ജനങ്ങളെ കൊടുംജീവിതയാതനയിലാഴ്ത്തിയുംകൂടിയാണ് ആ പണം സൃഷ്ടിച്ചതെന്നു ചരിത്രം സൂചനകള്‍ നല്കുന്നു. ആ പണം ഈ കാലത്തിന്റെ ആവശ്യങ്ങള്‍ക്കുതകുന്നില്ലെങ്കില്‍ പിന്നെന്ത് എന്ന ചോദ്യത്തിനും ഉത്തരമില്ല. ഏതായാലും താംക്യുവില്‍ പത്മനാഭസ്വാമിക്ഷേത്രത്തിനു മുന്നിലൂടെ ജയസൂര്യയുടെ പേരില്ലാത്ത കഥാപാത്രം നടക്കുന്ന ഷോട്ടുകളുണ്ട്.
 
 
തൊഴിലാളികളും തൊഴിലാളിസംഘടനകളും ശരിയല്ലെന്നും അവരാണു സമൂഹത്തിലെ തിന്മകളുടെയും കുറ്റകൃത്യങ്ങളുടെയും ഉറവിടമെന്നും സിനിമ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. റേപ്പുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാരെ കുറ്റവാളികളാക്കുന്ന സ്ഥിരം കഥകളുടെ ആവര്‍ത്തനമാണിത്. ഇത്തരം ആളുകളുടെ കുറ്റം പുറത്തുവരുമ്പോള്‍ മാത്രം ആള്‍ക്കൂട്ടം നീതിബോധമുള്ളവരാകുന്നതിനെക്കുറിച്ച് അരുന്ധതി റോയ് എഴുതിയിരുന്നു.
 
കശാപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്ന് രാഷ്ട്രീയത്തിന്റെ കശാപ്പിലേക്കുള്ള പ്രയാണമാണ് ലെഫ്റ്റ് റൈറ്റ് ലെഫറ്റെന്നു വേണമെങ്കില്‍ പറയാം. ഹിംസയുടെ രാഷ്ട്രീയമാണു സിനിമയിലെ പ്രമേയം. കേരളത്തിലെ പ്രധാനപ്പെട്ട ഇടതുപക്ഷത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങളാണ് സിനിമയിലുള്ളത്. ഇന്നത്തെ സിപിഎം പാര്‍ട്ടി സെക്രട്ടറിയെന്നും പ്രതിപക്ഷനേതാവെന്നും തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളാണു സിനിമയിലുള്ളത്. സിനിമയില്‍ വ്യവസ്ഥാപിത ഇടതുപാര്‍ട്ടിയെ കൊലയുടെയും ചോരയുടെയും രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയില്‍ അടയാളപ്പെടുത്തുന്നു. സിനിമയില്‍ പ്രമേയവല്‍ക്കരിച്ചിരിക്കുന്ന ചരിത്രപരവും വര്‍ത്തമാനപരവുമായ സംഗതികളില്‍ സത്യത്തിന്റെ ഭാഗികമായ നിഴലാട്ടമുണ്ടെന്നുതന്നെ ഇതെഴുതുന്നയാള്‍ കരുതുന്നു. എന്നാല്‍, മുഖ്യധാരാ മാദ്ധ്യമങ്ങള്‍, പ്രത്യേകിച്ച്, വലതുപക്ഷമാദ്ധ്യമങ്ങള്‍ സൃഷ്ടിച്ച അനേകം ഏകപക്ഷീയവാര്‍ത്തകളെയും അതിന്റെ ഭാവനാത്മകവും ദുരുദ്ദേശ്യപരവുമായ വിശകലനങ്ങളെയും പിന്‍പറ്റിയാണു രചന നിര്‍വഹിക്കപ്പെട്ടിട്ടുള്ളതെന്നു കാണാം. അവസാനത്തെതും സുപ്രധാനവുമായ പൊളിറ്റിക്കല്‍ ഡിസ്‌കോഴ്‌സിനു സമയം അനുവദിക്കപ്പെട്ട ചെഗുവേര റോയ് പാര്‍ട്ടി സെക്രട്ടറി കൈതേരി സഹദേവനോട് സഖാവിന്റെ മകന്‍ ലണ്ടനിലല്ലേ പഠിക്കുന്നതെന്നും അവിടെ സഖാവും കുടുംബവും പോയി ടൂറടിച്ചില്ലേ എന്നും ചോദിക്കുന്ന നിമിഷം അങ്ങനെയുണ്ടാകുന്നതാണ്. 
ഇവിടെ ചരിത്രത്തെ വളച്ചൊടിച്ചു എന്നതല്ല, ചരിത്രത്തെ ഏകപക്ഷീയമായി അവതരിപ്പിച്ചു എന്നതാണു കുഴപ്പമായിത്തീരുന്നത്. എന്നുമാത്രമല്ല, അവസാനം അത് വധശിക്ഷയിലേക്ക് പരിണമിച്ചെത്തുകയും കൂടി ചെയ്യുമ്പോള്‍, ഏകപക്ഷീയ വാദവും വിചാരണയും വിധിപറച്ചിലും വിധി നടപ്പാക്കലുമായി അതു മാറിത്തീരുന്നുണ്ട്. 
 
 
കൈതേരി സഹദേവനെ വധശിക്ഷയ്ക്കു വിധിക്കാന്‍ കാരണമാകുന്ന വസ്തുതകളായി സിനിമ പറഞ്ഞുവയ്ക്കുന്നത് പല കാരണങ്ങളാണ്. ചെമ്പട ഡാമിന്റെ കരാറുമായി ബന്ധപ്പെട്ട് അഴിമതി നടത്തി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ആശയകലാപം നയിച്ച യുവനിരയെ വെട്ടിയൊതുക്കുകയും ഇല്ലാതാക്കുകയും ചെയ്തു. ആശയഗാംഭീര്യം കൊണ്ട് തന്നെ അതിശയിക്കുമെന്നു തോന്നിച്ച റോയിയെ ശാരീരികമായി തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയും അതിന്റെ കുറ്റം തീവ്രവലതു പാര്‍ട്ടിയുടെ മേല്‍ കെട്ടിവയ്ക്കപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. 
 
ചോരയ്ക്കു ചോര കൊണ്ടു കണക്കെഴുതുന്ന വടക്കന്‍പാട്ടു വീരന്മാരുടെ വീര്യത്തില്‍നിന്നാണ് സഹദേവന്‍ വരുന്നത് എന്നു സൂചന ആദ്യം തന്നെ തരുന്നു. ഒരു തുള്ളിച്ചോരയ്ക്കു പകരം മൂന്നുതുള്ളി ചോര വീഴ്ത്തുമെന്ന് സഹദേവന്റെ അച്ഛന്‍ വെല്ലുവിളിക്കുന്നത് പടത്തിന്റെ ആരംഭത്തിലാണ്. അച്ഛനും അച്ഛന്റെ സഹോദരനും ചോരവീഴ്ത്തിയതു കണ്ടു തഴമ്പിച്ച കണ്ണാണു തന്റേതെന്നും താന്‍ ആരെയും കൊല്ലുമെന്നും നേതാവായ സഹദേവന്‍ പച്ചയ്ക്ക് പറയുന്നുണ്ട്. മറ്റാരുടെയും ജീവന്‍ എടുക്കുകില്ലെന്നുറപ്പു പറയാന്‍ തനിക്കാവില്ലെന്നും അയാള്‍ പറയുന്ന രംഗങ്ങളുണ്ട്. ഹത്യയാണ് ആ നേതാവിന്റെ രാഷ്ട്രീയപ്രായോഗികതയെന്ന് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ട്, പകരം ചെയ്യാന്‍ കഴിയുന്നത് ആ നേതാവിനെത്തന്നെ ഈ സമൂഹത്തില്‍നിന്ന് ഉന്മൂലനം ചെയ്യുകയാണ് എന്ന് സിനിമ തീര്‍പ്പു കല്പിക്കുന്നു. അതിന് ഏര്‍പ്പെടുത്തുന്നതാകട്ടെ, വട്ടന്‍ ജയന്‍ എന്ന പോലീസുകാരനെയും. നേരത്തെതന്നെ, ഒരു കൊലപാതകം നിര്‍വഹിച്ചിട്ടുള്ളയാളാണു ജയന്‍. 
 
താന്‍ സ്‌നേഹിക്കുന്ന സ്ത്രീയെ ശല്യം ചെയ്യുന്ന പുരുഷന്റെ ശല്യം അയാള്‍ ഒഴിവാക്കിക്കൊടുക്കുന്നത് ആ പുരുഷനെ നടുറോഡില്‍ ഓടുന്ന വണ്ടിക്കുമുന്നിലെറിഞ്ഞു ക്രൂരമായി കൊന്നുകൊണ്ടാണ്. ആ കൊലപാതകം ഒരു കൈപ്പിഴയായിരുന്നെങ്കിലും ആ കൈപ്പിഴയില്‍ അയാള്‍ക്ക് വിഷമമൊന്നുമില്ല. തന്റെ മകന്‍ നടത്തിയ ദാരുണമായ കൊലപാതകത്തെക്കുറിച്ച് അറിയുമ്പോള്‍ അയാളുടെ അമ്മ ആദ്യം വിഷമിക്കുന്നെങ്കിലും പിന്നീടു പറയുന്നത്, തന്റെ മകന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ അയാള്‍ കൊലയ്ക്ക്, വധശിക്ഷയ്ക്ക് അര്‍ഹമായി വല്ലതും ചെയ്തിട്ടുതന്നെയാകുമെന്നാണ്. ഈ മാതൃതീര്‍പ്പ്, മറ്റൊരു വിധത്തില്‍ അവസാനത്തെ വധശിക്ഷയ്ക്കുള്ള മുന്‍കൂര്‍ ന്യായമായിത്തീരുന്നു. 
 
ഒരുതരം രാഷ്ട്രീയചിന്താവികാസവുമില്ലാത്ത, വെറുമൊരു മനുഷ്യനാണ് ജയന്‍. പോലീസായിരിക്കെ, ആരെയും അടിച്ച് ഇഞ്ചപ്പരുവമാക്കുന്ന അയാള്‍, കാക്കിയെ കണക്കറ്റു സ്‌നേഹിക്കുന്നു. പീഡകനായിരിക്കുന്നതിന്റെ ഹരം അയാള്‍ അനുഭവിക്കുന്നുണ്ട്. അയാള്‍ ആ അര്‍ത്ഥത്തില്‍ ഒരു മെഷീനാണ്. നിയമം നടപ്പാക്കാന്‍ നിയുക്തനായ യന്ത്രം. അങ്ങനെ നോക്കുമ്പോള്‍ അയാള്‍ വിധി നടപ്പിലാക്കുന്ന ആരാച്ചാരുടെ വേഷത്തിലാണ് നില്ക്കുന്നതെന്നു കാണാന്‍ വിഷമമില്ല. സിനിമയില്‍ രാഷ്ട്രീയചര്‍ച്ചകളിലൊന്നും വരാത്ത ജയന്‍, താന്‍ സ്‌നേഹിക്കുന്നവരുടെ കണ്ണീരിനു കാരണക്കാരനാണ് കൈതേരി സഹദേവന്‍ എന്ന അറിവാണ് വധശിക്ഷാവിധിക്കു പ്രാപ്തി നല്കുന്നത്. അങ്ങനെയാണയാള്‍ കൈതേരി സഹദേവനെ പൊതുമദ്ധ്യത്തില്‍ കുത്തിക്കൊല്ലുന്നത്. അങ്ങനെ ഒരു വട്ടന്റെ കത്തിമുനയിലൊടുങ്ങേണ്ടതാണ് ഈ നേതാവെന്ന് സിനിമ പറഞ്ഞുതീര്‍ക്കുന്നു.
 
മറ്റൊരു കുഴപ്പം പിടിച്ച കാര്യം കൂടി ഇവിടെ തെളിഞ്ഞുവരുന്നു. താംക്യൂവിലായാലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലായാലും വലിയ ആള്‍ക്കൂട്ടത്തിനു മദ്ധ്യത്തിലാണ് വധശിക്ഷ അരങ്ങേറുന്നത്. പരിഷ്‌കൃതാശയങ്ങളില്‍ വധശിക്ഷ കുഴപ്പമായി കാണുന്നു. അതു പോട്ടെന്നു വയ്ക്കാം. അത്യാവശ്യം പരിഷ്‌കൃതരായ ജനത അറവുമൃഗങ്ങളെപ്പോലും രഹസ്യമായും മറ്റ് മൃഗങ്ങളുടെ കണ്ണില്‍പ്പെടാതെയും വൃത്തിയുളള സ്ഥലത്തും അവസാനത്തെ ഒരുതുള്ളി വെള്ളം കൊടുത്തും മറ്റും കശാപ്പിനിരയാക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റവുമാണ്. ഇത് നമ്മുടെ നാട്ടിലും ഇങ്ങനെ തന്നെയാണ്. അങ്ങനെയായിരിക്കെയാണ് താംക്യൂവിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും മറ്റും കാണുന്ന ഈ പരസ്യശിക്ഷാ നടപ്പിലാക്കലുകള്‍. ഇത് സൗദി അറേബ്യ പോലെയുള്ള രാജ്യങ്ങളിലെ കാടന്‍ വധശിക്ഷാ നടപ്പിലാക്കലുകളെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 
 
 
ഏതായാലും തുടര്‍ച്ചയായി നമ്മുടെ ജനപ്രിയസിനിമകളില്‍ വധശിക്ഷ, ജനങ്ങളേറ്റെടുത്തു നടത്തേണ്ട ഒന്നായി അടയാളപ്പെടുത്തപ്പെടുന്നത് ചിന്താപരമായ ഭീകരതയുടെ സൃഷ്ടിയാണെന്നേ പറയാനാകൂ. ഇതാണ് യഥാര്‍ത്ഥത്തിലുള്ള തീവ്രവാദമെന്നുറക്കെപ്പറയുക എന്നതാണ് കാലം ആവശ്യപ്പെടുന്ന സാംസ്‌കാരികദൗത്യം.
 

പൊതുവേ മതഭരണകൂടങ്ങളാണ് പരസ്യമായ വധശിക്ഷകള്‍ക്ക് മുതിരാറുള്ളത്. പ്രാചീനഭരണകൂടങ്ങളിലും അത് പതിവായിരുന്നു. യൂറോപ്പിലും മദ്ധ്യകാലഘട്ടത്തിന്റെ ഇരുളാണ്ട ചരിത്രപഥങ്ങളില്‍ നിന്ന് വധശിക്ഷയും പരസ്യവധശിക്ഷയും കണ്ടെടുക്കാനാകും. അല്ലെങ്കില്‍പ്പിന്നെ ഫാസിസ്റ്റായ ഭരണകൂടങ്ങളാണു വധശിക്ഷയെ ആഘോഷിക്കുകയും അവയുടെ പരസ്യസ്വഭാവത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുള്ളത്. മതമായാലും ഫാസിസമായാലും അതിനെ പരസ്യമായി ചെയ്തുകൊണ്ട് ജനതയെ ഭീതിയിലാഴ്ത്തി കുറ്റകൃത്യങ്ങളെ തടയാനുള്ള ശ്രമം ആണു നടത്തിയിട്ടുള്ളത്. കൂട്ടത്തിലൊരാളെ കൊന്നുകൊണ്ടും അതു പരസ്യമായി കാട്ടിക്കൊണ്ടും ബാക്കിയുള്ളവരെ കടുത്ത ഭീതിയിലും സംഘര്‍ഷത്തിലുമാക്കുന്ന രീതി. ഇതാണ് ഇവിടെ സിനിമകളാഘോഷിക്കുന്നത്. ഇത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലേക്കാള്‍ ഭീകരമാകുന്നു താംക്യൂവില്‍. കാരണം, അവിടെ ആള്‍ക്കൂട്ടത്തെ മുഴുവനും ഭ്രാന്തിലേക്കു നയിച്ചുകൊണ്ടാണ് കൊല നിര്‍വഹിക്കുന്നത്. ഇത്തരം ഭ്രാന്തമായ ആവേശങ്ങളിന്ന് നമ്മുടെ സമൂഹത്തില്‍ കാണാനുണ്ട്. പെരുമ്പാവൂരില്‍ ഒരു ദമ്പതികളെ ആള്‍കൂട്ടം ആക്രമിച്ചത് അടുത്തിടെയാണ്. പോക്കറ്റടിക്കാരനെന്ന് ആരോപിച്ച് ഒരു യാത്രികനെ ആളുകളാക്രമിച്ചു കൊന്നതും സമീപകാലത്ത്. ഡല്‍ഹിയിലെ റേപ്പ് കേസിലെ പ്രതികളെ വധശിക്ഷയ്ക്കു വിധിക്കാന്‍ ജനം പറഞ്ഞിരുന്നു. അവരെ ജനക്കൂട്ടത്തിനു വിട്ടുകൊടുത്തിരുന്നെങ്കില്‍ അതവര്‍ നടപ്പാക്കിയിരുന്നേനേ. 

 

സൌദി അറേബ്യയില്‍ മതഭരണകൂടമായാലും ഇന്ത്യയിലെ ഫാസിസ്റ്റു ശക്തികളായാലും വധശിക്ഷയെ പ്രാകൃതമായ, ആള്‍ക്കൂട്ടോന്മാദമായി ആഘോഷിക്കുമ്പോള്‍ സംഭവിക്കുന്നത് ഒന്നുതന്നെയാണ്. അതു തീവ്രവലതുപക്ഷപ്രത്യയശാസ്ത്രത്തിന്റെ ഭാഗമാകുന്നു. മറ്റൊരു കൌതുകകരമായ കാര്യമുണ്ട്. ഇന്നു പ്രാകൃതമായ വധശിക്ഷകളുള്ള ഇസ്ലാമികരാഷ്ട്രങ്ങളില്‍ അതു നടപ്പാക്കുന്നത് വെള്ളിയാഴ്ചകളിലാണ്. കേരളത്തില്‍ മലയാളസിനിമകളും അതു നടപ്പാക്കുന്നത് വെള്ളിയാഴ്ചകളിലാണ്. വെള്ളിയാഴ്ചകളിലെ ഈ​വധക്രമങ്ങളോട് സാംസ്കാരികൌന്നത്യമാര്‍ജിച്ചവര്‍‍ നിലപാടു വ്യക്തമാക്കേണ്ട സമയമാണിത്. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍