UPDATES

വിദേശം

ഇറാന്‍ ജനാധിപത്യം ഒരടി മുന്നോട്ട്

പ്രമോദ് പുഴങ്കര

 

ഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്റെ ഫലത്തെ ഇറാനിലെ പരമോന്നത നേതാവ് അയതൊള്ള അലി ഖമേനിയും, അമേരിക്കയും ഏതാണ്ട് ഒരേ ഭാഷയിലാണ് സ്വാഗതം ചെയ്തത് എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന ഫലശ്രുതി എന്നു പറയാം. തെരഞ്ഞെടുപ്പില്‍ പരിഷ്കരണവാദികളുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥി ഹസന്‍ റൌഹാനി പകുതിയിലേറെ വോട്ടുകള്‍ നേടി വിജയിച്ചത് ഇറാന്റെ ആഭ്യന്തര, വിദേശ രാഷ്ട്രീയ ഭൂമികയില്‍ വിപ്ളവകരമായ ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ലെങ്കിലും അത് ജനങ്ങളുടെ ഉയര്‍ന്നുവരുന്ന ജനാധിപത്യാഭിനിവേശത്തിന്റെ ശക്തമായ സൂചനയാണ് നല്‍കുന്നത്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് അലി ഖമേനി, റൌഹാനിയുടെ വിജയത്തെ ഇറാനിലെ  വ്യവസ്ഥയുടെ വിജയമെന്ന രീതിയില്‍ അവതരിപ്പിച്ചത്. അമേരിക്കയാകട്ടെ, ഇതിനെ ഇറാനിലെ ജനങ്ങളുടെ വിജയമാക്കിയാണ് അവതരിപ്പിച്ചത്. ജനങ്ങളുടെയും, പരിഷ്കരണവാദികളുടെയും വിജയത്തെ ഇരുകൂട്ടരും വ്യത്യസ്ത കാരണങ്ങളാല്‍ ആണെങ്കിലും സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്.

 

 

ഖമേനിക്ക് ആശങ്കയ്ക്ക് കാരണങ്ങളുണ്ട്. പ്രത്യക്ഷത്തില്‍, മിതവാദിയായ റൌഹാനി ഖമേനിയുടെയും, പുരോഹിതസഭയായ ഗാര്‍ഡിയന്‍ കൌണ്‍സിലിന്റെയും തീട്ടൂരങ്ങളെ ഉല്ലംഘിക്കും എന്ന ഭീതിക്ക്  അടിസ്ഥാനമില്ല. എന്നാല്‍, റൌഹാനിയുടെ വിജയത്തെ ഇത്രയും ശക്തമാക്കിയ പൊതുജനവികാരത്തിന്റെ ഇരമ്പമാണ് ഖമേനിയെ അസ്വസ്ഥനാക്കുക. അമേരിക്കക്കാകട്ടെ, ഇറാനിലെ ജനാധിപത്യവും, തെരഞ്ഞെടുപ്പും വെറും പൊള്ളത്തരമാണെന്ന് പ്രചരിപ്പിക്കുന്നതിനുള്ള ഒരവസരമാണ് നഷ്ടമായത്.

 

ജൂണ്‍ 14-നു നടന്ന തെരഞ്ഞെടുപ്പിലേക്ക് പരമോന്നത  പുരോഹിത സഭയായ ഗാര്‍ഡിയന്‍ കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ച സ്ഥാനാര്‍ത്ഥികള്‍ മാത്രമാണു മത്സരിച്ചത്. മുന്‍ പ്രസിഡണ്ട് അക്ബര്‍ ഹാഷെമീ രഫ്സഞ്ചാനിയെയും, സ്ഥാനമൊഴിയാന്‍ പോകുന്ന പ്രസിഡണ്ട്  അഹ്മദിനെജാദിന്റെ വിശ്വസ്ത സ്ഥാനാര്‍ത്ഥി  എസ്ഫാന്തിയര്‍ റഹീം മഷെയിയും ഗാര്‍ഡിയന്‍ കൌണ്‍സില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കിയവരാണ്.  മത്സരരംഗത്തുണ്ടായിരുന്ന ഏതാണ്ടെല്ലാവരും തന്നെ ഗാര്‍ഡിയന്‍ കൌണ്‍സിലിന്റെ അടുത്ത ആളുകളായിരുന്നു.

 

 

എന്നാല്‍ കൂട്ടത്തില്‍ പരിഷ്കരണവാദി എന്നു ശരിക്കും വിളിക്കാവുന്ന മൊഹമ്മദ് റെസ അരേഫിനെ മത്സരത്തില്‍നിന്നും പിന്‍വലിപ്പിച്ച മുന്‍പ്രസിഡന്‍റ് മുഹമ്മദ് ഖതാമിയുടെയും, മറ്റൊരു മുന്‍പ്രസിഡന്‍റ് രഫ്സഞ്ചാനിയുടെയും പിന്തുണ, മിതവാദിയായ റൌഹാനിക്ക് പരിഷ്കരണവാദികളുടെയും, മദ്ധ്യവാദികളുടെയും പിന്തുണ ഒരുമിച്ചുകിട്ടാന്‍ ഇടയാക്കി.

 

ഇറാനിലെ പൌരോഹിത്യ നേതൃത്വമാകട്ടെ 2009-ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പൊതുജന പ്രക്ഷോഭം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗരൂകരായിരുന്നു എന്നുവേണം കരുതാന്‍. 2009-ല്‍ അഹ്മദി നെജാദ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വന്‍തോതില്‍ ക്രമക്കേടുകള്‍ നടന്നെന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥികളായ മിര്‍ ഹുസൈന്‍ മൌസാവിയുടെയും, മെഹ്ദി കരൌബിയുടെയും നേതൃത്വത്തില്‍ തുടങ്ങിയ പ്രക്ഷോഭം ‘ഹരിത മുന്നേറ്റം’ എന്ന പേരില്‍ ഇറാനില്‍ പടര്‍ന്നപ്പോള്‍  ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് ഭരണകൂടം അടിച്ചമര്‍ത്തിയത്. മൌസാവിയും, കരൌബിയും അറബ് വസന്തത്തെ  തുടര്‍ന്ന് കലാപത്തിന് വട്ടം കൂട്ടി എന്നാരോപിക്കപ്പെട്ട്  ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.

 

അധികാരമേല്‍ക്കുന്ന റൌഹാനിക്ക് ഇറാനിലെ ജനങ്ങളുടെ വലിയ പ്രതീക്ഷകളെയാണ് നേരിടേണ്ടിവരിക. ഇറാനിലെ ജനസംഖ്യയുടെ 60 ശതമാനത്തോളം 30 വയസ്സിന് താഴെയുള്ള യുവാക്കളാണെന്നതും, തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാനഘടകം അവരായിരുന്നു എന്നതും റൌഹാനിയുടെ മേലുള്ള സമ്മര്‍ദങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. തെരഞ്ഞെടുപ്പുകാലത്ത് ഈ വികാരം പിടിച്ചെടുത്ത റൌഹാനി സാധാരണയായി ഇറാനില്‍ അവഗണിക്കപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യം, രാഷ്ട്രീയ തടവുകാരുടെ മോചനം, വംശീയ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍, മാധ്യമ സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ സജീവമായി ചര്‍ച്ചചെയ്തു. ഹരിത മുന്നേറ്റത്തിന്റെ മുദ്രാവാക്യങ്ങള്‍ തന്റെ പൊതുയോഗങ്ങളില്‍ ഉയര്‍ന്നപ്പോള്‍ റൌഹാനി തടഞ്ഞതുമില്ല.


Illustration by Touka Neyestani, International Campaign for Human Rights in Iran

 

എന്നാല്‍ ഇത്തരം പ്രതീക്ഷകള്‍ നടപ്പിലാക്കാവുന്ന ഒരു രാഷ്ട്രീയ അധികാരം റൌഹാനിക്ക്  പുരോഹിതന്മാര്‍ നല്‍കാന്‍ ഇടയില്ല. തെരഞ്ഞെടുപ്പുവിജയത്തിന് ശേഷം റൌഹാനി ആദ്യം നടത്തിയ പത്രസമ്മേളനം ഇടയ്ക്കുവെച്ച് അവസാനിപ്പിക്കേണ്ടി വന്നത് ‘മൌസാവിയാണ് യഥാര്‍ത്ഥ പ്രസിഡണ്ട്’ എന്നുപറഞ്ഞു ഒരു യുവാവ് മുദ്രാവാക്യം ഉയര്‍ത്തിയതോടെയാണ്. റൌഹാനിക്ക് വോട്ട് ചെയ്തവര്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി എന്നാണിത് കാണിക്കുന്നത്.

 

തളര്‍ന്നുകിടക്കുന്ന സമ്പദ് രംഗമാണ് ഇറാന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഉപരോധത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാന വരുമാനസ്രോതസ്സായ എണ്ണ കയറ്റുമതിയില്‍ ഏതാണ്ട് 45 ശതമാനത്തിന്റെ കുറവാണ് വന്നത്. തൊഴിലില്ലായമ 12 ശതമാനത്തിന് മുകളിലാണ്. പണപ്പെരുപ്പം ഔദ്യോഗിക കണക്കുകളനുസരിച്ചുതന്നെ 32.3 ശതമാനമാണ്. മൊത്ത ആഭ്യന്തര ഉത്പാദനം ഋണാത്മക വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഏതൊരു ശ്രമവും ആണവ പദ്ധതിയുടെ പേരില്‍ അമേരിക്കയും, യൂറോപ്പ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ അവസാനിപ്പിക്കുന്നതിലൂടെ മാത്രമേ ലക്ഷ്യം കാണൂ. ആണവ  ചര്‍ച്ചകളില്‍ കടുപ്പിടുത്തം ഉണ്ടാകില്ലെന്ന് റൌഹാനി സൂചന നല്‍കിയിട്ടുണ്ടെങ്കിലും, കടുംപിടുത്തം അമേരിക്ക എത്രമാത്രം കയ്യൊഴിയും എന്നത് ആണവപദ്ധതിയെ മാത്രമല്ല, മേഖലയിലെ രാഷ്ട്രീയ, സൈനിക മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള അമേരിക്കയുടെ തന്ത്രങ്ങളെ ആശ്രയിച്ചിരിക്കും.

 

മേഖലയിലെ ഇറാന്റെ നേതൃത്വ താല്പര്യങ്ങളും നിര്‍ണായകമാണ്. ഇറാഖിലെ ഷിയാ സര്‍ക്കാര്‍ അമേരിക്കയുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി ഇറാനുമായി സൌഹൃദം ശക്തമാക്കിയത് ഇറാന്റെ സുരക്ഷയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡണ്ട് ബഷര്‍-അല്‍-ആസാദ് സര്‍ക്കാരിന് നല്‍കുന്ന സജീവ പിന്തുണ, അവിടെ ഇടപെടാന്‍ തയ്യാറായി നില്‍ക്കുന്ന അമേരിക്കയെ ഇറാനെതിരെ ഒന്നുകൂടി തിരിയാന്‍ പ്രേരിപ്പിച്ചേക്കും. അമേരിക്കയിലെ ഇറാന്‍ വിരുദ്ധ, യുദ്ധ വ്യാപാരി കൂട്ടുകെട്ടു ആണവ നിലയങ്ങള്‍ക്കുമേല്‍ വ്യോമാക്രമണം നടത്തുമെന്ന ഇസ്രയേല്‍ ഭീഷണിയെ ഊതിക്കത്തിക്കാന്‍ ശ്രമിക്കുകയാണ്. ഹിസ്ബുള്‍ പോരാളികള്‍ക്കുള്ള ഇറാന്‍ സഹായവും ഇസ്രയേല്‍ ആക്രമണഭീഷണിക്ക്  കാരണമായി പറയുന്നു.

 

എന്തായാലും, ഇറാന്‍ ജനാധിപത്യം കര്‍ശനമായ മതശാസനകളുടെയും  പൌരാവകാശ ലംഘനങ്ങളുടെയും, കടുംകെട്ടുകളിലൂടെയാണെങ്കിലും മുന്നോട്ടുതന്നെയാണ് പോകുന്നത്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും, 20-ആം നൂറ്റാണ്ടിന്റെ പകുതിയിലുമായി ലോകത്താകെ വ്യാപിച്ച കൊളോണിയല്‍ വിരുദ്ധദേശീയതയുടെ ഉറച്ച പ്രതിഫലനങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്ന ഒരു രാജ്യമാണ് ഇറാന്‍. അത്തരം പുരോഗമന ദേശീയതയുടെ വക്താവായിരുന്ന അന്നത്തെ പ്രധാനമന്ത്രി മൊഹമ്മദ് മൊസ്സാദേ എണ്ണ ഉത്പാദനം ദേശസാത്കരിക്കാനുള്ള തീരുമാനമെടുത്തതോടെയാണ് അതുവരെ ഇറാനെ ചൂഷണം ചെയ്യുന്നതിന്റെ ഗുണഭോക്താക്കളായ അമേരിക്കയും, ബ്രിട്ടനും ചേര്‍ന്ന് നടത്തിയ അട്ടിമറിയില്‍ മൊസ്സാദേ തടവിലാക്കപ്പെട്ടതും, പഴയ രാജാവ് ഷായുടെ പാവ ഭരണകൂടം വന്നതും. ഷായുടെ ദല്ലാള്‍ ഭരണകൂടത്തിനെതിരെ മതേതര ശക്തികളും, തീവ്ര ഇടതു സംഘങ്ങളും, ഇസ്ളാമിക രാഷ്ട്രീയവും എല്ലാം നടത്തിയ സമരത്തിന്റെ വിജയത്തെ ഇസ്ളാമിക പൌരോഹിത്യം ഒറ്റയ്ക്ക് റാഞ്ചുകയായിരുന്നു.  തുടര്‍ന്ന് എല്ലാ തരത്തിലുള്ള മതേതര മുന്നേറ്റങ്ങളെയും, ഇസ്ളാമിക ഭരണകൂടം അടിച്ചമര്‍ത്തി. കൊളോണിയല്‍ നിഴലില്‍ വന്ന പടിഞ്ഞാറന്‍ ആധുനികതയെ നിരാകരിക്കാനുള്ള ശ്രമം മറ്റെല്ലാ ഏഷ്യന്‍ നാഗരികതകളിലെയും പോലെ ഇറാനിലും ശക്തമായിരുന്നു. ഇത് ഇസ്ളാമിക ഭരണത്തിന് ഇന്നും കുറച്ചൊക്കെ ജനസമ്മതി കൊടുക്കുന്നുണ്ടെങ്കിലും, അത് ജനാധിപത്യ നിഷേധത്തിന്റെയും, സ്ത്രീകളുടെയും, ന്യൂനപക്ഷങ്ങളുടെയും അവകാശ നിഷേധങ്ങളിലേക്കും വളര്‍ന്നത് ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതിന്റെ തെളിവ് കൂടിയാണ് ചെറുമിതവാദത്തെ പോലും ആവേശത്തോടെ പുണര്‍ന്ന ഈ തെരഞ്ഞെടുപ്പ്. അതുതന്നെയാണ് റൌഹാനി നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍