UPDATES

കേരളം

സര്‍ക്കാര്‍ ഞങ്ങളെ കൊന്നു തിന്നട്ടെ; അട്ടപ്പാടിയില്‍ നിന്നുള്ള നേര്‍സാക്ഷ്യങ്ങള്‍

ഓലമേഞ്ഞ് ചാണകം മെഴുകിയ ഒരാള്‍ക്കു നിവര്‍ന്നു നില്‍ക്കാനുള്ള ഉയരമില്ലാത്ത ഊരിലെ 136 ആം നമ്പര്‍ അംഗണവാടിയില്‍ 25 ഓളം കുട്ടികള്‍ പഠിക്കുന്നു

Avatar

കെ ജി ബാലു

ചിത്രങ്ങള്‍: ലൈജു യേഷ്

മണ്ണാര്‍കാടുനിന്ന് എട്ടോളം ഹെയര്‍പിന്‍ വളവുകള്‍ കയറി, സൈലന്റ്‌വാലി ബഫര്‍ സോണും കടന്ന്, ഹിന്ദുമതവുമായി ആദിവാസികളെ കൂട്ടിക്കെട്ടുന്ന, 1664 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന മല്ലീശ്വരന്‍ മുടി ചുറ്റി അട്ടപ്പാടിയിലെയിത്തിയാല്‍ നിങ്ങള്‍ക്ക് ആദിവാസികളെ കാണാന്‍ കഴിയില്ല. മറിച്ച് നിങ്ങള്‍കാണുന്നത്, ജാതീയമായും മതപരമായും തരംതിരിഞ്ഞ് ജീവിക്കുന്ന മലയാളി കുടിയേറ്റ ശരീരങ്ങളെയായിരിക്കും. വീണ്ടും മുന്നോട്ടു പോയെന്നിരിക്കട്ടെ, നിങ്ങള്‍ കാണുന്നത് ഊരുകളായി തിരിഞ്ഞ് തമിഴ് സംസാരിക്കുന്ന കുടിയേറ്റ ജനതയെ ആയിരിക്കും. ഒടുക്കം ആദിവാസികളെ അന്വേഷിച്ച് നിങ്ങള്‍ തോട്ടങ്ങളിലേക്കോ വിജനമായ കുന്നിന്‍മുകളിലെ ഒറ്റപെട്ട ഊരുകളിലേക്കോ, കാടിനു നടുവിലെ ഊരുകളിലേക്കോ പോകണം. അവിടെ നിങ്ങളെ കാത്തിരിക്കുന്നത് ആരോഗ്യമുള്ള ആദിവാസി ശരീരങ്ങളായിരിക്കില്ല. മറിച്ച് ആദിയിലെന്നോ പൂര്‍വ്വ പിതാക്കള്‍ കഴിച്ച കാട്ടുകിഴങ്ങുകളുടെ ബലത്തില്‍ ദിവസങ്ങള്‍ തള്ളി നീക്കുന്ന ശരീരങ്ങളെയായിരിക്കും. ഉപേക്ഷിക്കപ്പെട്ട വൃദ്ധര്‍, കളിക്കാന്‍ പോയിട്ട് നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത കുട്ടികള്‍, പ്രായത്തില്‍ കുറഞ്ഞ ശരീരവളര്‍ച്ചയുള്ള അമ്മമാര്‍. കാഴ്ചകള്‍ സുന്ദരമല്ല, പലപ്പോഴും. ഇനി ചില ഊരനുഭവങ്ങളിലേക്ക്.

വെള്ളകുളം ഊര്. (ഷോളയൂര്‍ പഞ്ചായത്ത്)
മലയാളം, തമിഴ്, കന്നട, തെലുങ്ക് വാക്കുകള്‍ ഇടകലര്‍ത്തിയുള്ള ഭാഷ. തമിഴ്‌നാട് – കേരളാ അതിര്‍ത്തിയായ ആനക്കട്ടിയില്‍ നിന്ന് ഏതാണ്ട് 30 കിലോ മീറ്റര്‍ ദൂരം. തൊഴിലാളികളെ കൊണ്ടുപോകുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്ന സ്വകാര്യ ജീപ്പുകളാണ് ഏകവാഹന സൗകര്യം. ഊരിലേക്കു പോകുന്നവഴിയില്‍ തന്നെ കൈയേറ്റങ്ങള്‍ കാണാം. വര്‍ണ്ണ ഭൂമിയെന്ന പേരില്‍ ബോര്‍ഡുവച്ച് ജൈവകൃഷിക്കായി വെട്ടിയൊതുക്കിയ ഏതാണ്ട് നൂറ്റമ്പതേക്കറോളം കുന്നിന്‍ ചരിവ്. ഊരിലേക്കുള്ള യാത്രയില്‍ പകുതി ദൂരവും മൊട്ടക്കുന്നുകള്‍. നല്ല വളക്കൂറുള്ള കറുത്ത മണ്ണ് പഴയ കാടിന്റെ പ്രതാപം കാണിക്കുന്നു. 
ഊരില്‍ 107 വീടുകളിലായി 120 ഇരുള കുടുംബങ്ങള്‍ താമസിക്കുന്നു. എഴുപതു കുട്ടികള്‍ പഠിക്കുന്നു. നാലു ശിശു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആറു വീടുകള്‍ക്കു മാത്രമാണ് വൈദ്യുതിയുള്ളത്. വീടുകളിലേക്ക് വൈദ്യുതിയെത്തിക്കാന്‍ കെഎസ്ഇബി ജീവനക്കാര്‍ ആവശ്യപ്പെട്ടത് അയ്യായിരം രൂപ. എല്‍ഡിഎഫ് ഭരണകാലത്ത് പാലക്കാട് സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് മന്ത്രി എ.കെ.ബാലന്റെ കാര്‍മികത്വത്തില്‍ ഊരുവരെ പോസ്റ്റുവലിച്ച് വൈദ്യുതി എത്തിച്ചു. ഊരിലെ കുടികള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെ. 8 കോടിയുടെ ജലനിധി പദ്ധതിയടക്കം പല പദ്ധതികളിലായി നിരവധി പൈപ്പുകളുണ്ടെങ്കിലും വെള്ളത്തിന് ഊരിനടുത്തുള്ള ഓലിയാണ് (നീരുറവയില്‍ പൈപ്പിട്ട് ഊരിനു സമീപത്തെത്തിച്ചത്) 120 കുടുംബങ്ങള്‍ക്കുള്ള ഏക ആശ്രയം. ഊരില്‍ ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്, പക്ഷേ പലര്‍ക്കും അതിന്റെ ഉപയോഗമറിയില്ല.
 
വെള്ളഗിരിയാണ് ഇപ്പോഴത്തെ ഊരു മൂപ്പന്‍. ഊരു മൂപ്പന്‍ നികുതിയടച്ചിട്ട് 30 കൊല്ലമായി. കാര്‍ഷികാവശ്യത്തിന് ലോണെടുത്തതാണ്. പട്ടയം ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. സര്‍ക്കാര്‍ ലോണെഴുതി തള്ളിയിട്ടു വര്‍ഷങ്ങളായി. പട്ടയം തിരിച്ചു ചോദിച്ച് ബാങ്കില്‍ ചെന്നാല്‍ നാളെ വരാന്‍ പറയും. അല്ലെങ്കില്‍ മറ്റെന്തങ്കിലും കാരണം. കുറേ നടന്നു. മടുത്തപ്പോള്‍ ബാങ്കില്‍ പോക്കു നിര്‍ത്തി. 15 വര്‍ഷമായി ഊര് കൃഷി ചെയ്തിട്ട്. പലതായിരുന്നു കാരണങ്ങള്‍. വെള്ളം, പണം… ഊരിലെത്തുന്നതിനു മുമ്പ് ഏതാണ്ട് അര കിലോമീറ്ററിനുള്ളില്‍ കത്തിയമര്‍ന്ന ഒരു വീട് കാണാം. മൂപ്പന്റെ പെങ്ങള്‍ പളനിയമ്മയുടെ മകന്‍ മരുതന്റെ വീടാണ്. ഊരു ഭൂമിയിലുണ്ടായ അനധികൃത കൈയേറ്റം എതിര്‍ത്തതിനെ തുടര്‍ന്ന് ആരോ കൊന്ന് വീട്ടിലിട്ട് കത്തിക്കുകയായിരുന്നു. ഇന്നും തെളിയാത്ത മറ്റൊരു അസ്വാഭാവിക മരണം.
 
ഊരുമൂപ്പന്റെ ഭാര്യ കുപ്പമ്മയ്ക്ക് പറയാനുണ്ടായിരുന്നത് സമൃദ്ധമായ കുട്ടിക്കാലത്തെ കുറിച്ചായിരുന്നു. ചോളം, റാഗി, ചാമ, തുവര, അമര, മുതിര, മത്തങ്ങ, മുളക്, മല്ലി, തിന, നെല്ല്, വെണ്ട, പയര്‍ തുടങ്ങി ഒരു ഊരിലേക്ക് വേണ്ടതു മുഴുവന്‍ ഊരുകാരൊന്നിച്ചാണ് കൃഷിചെയ്യുന്നത്. ഒരു തവണ മാത്രമാണ് ഒരിടത്ത് കൃഷി ചെയ്യുന്നത്. പിന്നീടത് ബണ്ഡാരിയാണ് സൂക്ഷിക്കുക. ഏതാണ്ട് മൂന്നു വര്‍ഷം വരെ ഈ വിളവ് സൂക്ഷിക്കും. അതുകൊണ്ടു തന്നെ പട്ടിണിയുണ്ടായിരുന്നില്ല. ഉപ്പു മാത്രമാണ് പുറത്തുനിന്നും വാങ്ങിയിരുന്നത്. അന്ന് ഊരിനുചുറ്റും കാടുണ്ടായിരുന്നു. ഇന്നു കാടുമില്ല വെള്ളവുമില്ല. ഊരുകാരിലും പ്രഷറും ഷുഗറും സാധാരണ രോഗമാണിന്ന്. അതിനു കാരണമായി കുപ്പമ്മ കാണുന്നത് സര്‍ക്കാര്‍ റേഷനാണ്. പലപ്പോഴും കഞ്ഞിവെക്കാന്‍ കൊള്ളാത്ത അരിയായിരിക്കും. അതു വെച്ചുകഴിച്ചാലും ഉണര്‍വുണ്ടാകില്ലെന്നും അവര്‍ പരാതിപ്പെട്ടു.
 
നഞ്ചികാളി ഭരണാധികാരികളോടുള്ള എതിര്‍പ്പ് മറച്ചുവച്ചില്ല. റോഡുണ്ട്, എന്നാല്‍ വണ്ടികളൊന്നും വരാത്തതു കൊണ്ട് ഉദ്യോഗസ്ഥരാരും എത്താറില്ല. മന്ത്രി ജയലക്ഷ്മി അഗളിയില്‍ വന്നപ്പോള്‍ പതിനഞ്ച് ജീപ്പാണ് രാവിലെ ഊരിലെത്തിയത്. അന്ന് പണിക്കുപോലും പോകാതെ ഊരിലെല്ലാവരും മന്ത്രിയുടെ പരിപാടിക്കു പോയി. പ്രസംഗവും പാക്കേജ് പ്രഖ്യാപനവും കഴിഞ്ഞ് മന്ത്രി പോയപ്പോള്‍ എല്ലാവരെയും ഊരില്‍ തിരിച്ചെത്തിച്ചു. മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ മാത്രം ഊരിലെത്തിയില്ല.
അരിവാള്‍ രോഗത്തെ തുടര്‍ന്ന് നാലാം ക്ളാസില്‍ പഠനം നിര്‍ത്തിയ പപ്പയെ പോലെ രോഗബാധിതരായ കുട്ടികളും, വാര്‍ദ്ധക്യത്തിലെ അവഗണന ജീവിച്ചു തീര്‍ക്കുന്ന ഏതാനും മുത്തശ്ശിമാരുമാണ് അവിടെ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ കൂലിപ്പണിക്കായി തമിഴ്‌നാട്ടിലേക്കും സ്ത്രീകളും സ്‌കൂളവധിക്കു ഊരിലെത്തിയ കുട്ടികളും ചൂല്‍ പുല്ലു പറിക്കാനായി കാട്ടിലേക്കും പോയിരുന്നു. ഒരു പിടി ചൂല്‍പുല്ലിന് രണ്ടുരൂപ കിട്ടും. അഹാഡ്‌സ് പണിത കോണ്‍ക്രീറ്റു വീടുകളില്‍ പകലിരുന്നാല്‍ രാത്രി ഉറങ്ങാന്‍ പറ്റാത്തതു കൊണ്ട് പകല്‍ ഊരിലാരും ഉണ്ടാകാറില്ലെന്ന് നഞ്ചക്കാളി പറഞ്ഞു. കുടിലാണെങ്കില്‍ എങ്ങനെയെങ്കിലും കെട്ടിമേയാമായിരുന്നു. ഈ കോണ്‍ക്രീറ്റ് ഞങ്ങളെന്തു ചെയ്യും. മഴ നനയാം അകത്തും പുറത്തും. സര്‍ക്കാര് കെട്ടിത്തന്നതല്ലേ. നഞ്ചക്കാളി നിശബ്ദനായി.
പാലൂര്‍ ഊര്
കോട്ടത്തറയില്‍ നിന്ന് ഏതാണ്ട് 25 കിലോ മീറ്റര്‍ ദൂരം. പാലൂര്‍ ഊരില്‍ രണ്ടു കുട്ടികള്‍ മരിച്ചു. രാജന്റെ ഏഴുവയസുള്ള മകനെ പനിയായിട്ടാണ് ആശുപത്രിയിലെത്തിച്ചത്. മൂന്നാം ദിവസം കുട്ടി മരിച്ചു. പോഷകാഹാരകൂറവുമൂലമാണെന്ന് ഡോക്ടര്‍മാര്‍. ഊരില്‍ നിന്ന് ഏതാണ്ട് അഞ്ചു കിലോമീറ്റര്‍ മാറി കുടുംബസ്വത്തില്‍ കുടില്‍ കെട്ടി താമസിക്കുന്ന രാജന്റെ അനിയന്‍ കൃഷ്ണന്‍ (25) – സുമതി (22) ദമ്പതികളുടെ മകന്‍ രണ്ടര വയസ്സുള്ള ശ്യാം. കോട്ടത്തറ ആശുപത്രിയില്‍ രോഗനിര്‍ണയം സാദ്ധ്യമാകാതെ അവിടെ നിന്നും എപ്രില്‍ 29 ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്. മെയ് 17 ന് കുട്ടി മരിക്കുന്നു. ക്ഷയരോഗം തലച്ചോറിനെ ബാധിച്ചാണ് കുട്ടി മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍.  ടിബിയും അനീമിയയും കുട്ടിക്കുണ്ടായിരുന്നതായി കൃഷ്ണന്‍. കൃഷ്ണനും സുമതിയും പ്ളസ് ടു വരെ പഠിച്ചിട്ടുണ്ട്.
 
1990-കളുടെ ആദ്യമാണ് ഈ ഊരില്‍ ജില്ലാ-ബ്ളോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ വീടുകള്‍ പണിതത്. പല വീടുകളും പിന്നീടിതുവരെ നന്നാക്കിയിട്ടില്ല. വൈദ്യുതിയും വെളളവും പലര്‍ക്കും ഇല്ല. വീട് നന്നാക്കാനായി പഞ്ചായത്തംഗത്തിന്റെ ഒപ്പു വാങ്ങിക്കാന്‍ പോയപ്പോള്‍ അവരുടെ വീട്ടില്‍ കൂലിയില്ലാതെ പണിയെടുത്താലെ ഒപ്പിട്ടു തരൂവെന്ന് പറഞ്ഞതിനാല്‍ തന്റെ കുടി ഇപ്പോഴും മഴയത്ത് ചോരുകയാണെന്ന പരാതിയായിരുന്നു രംഗി ചൊറിയാന്. ഊരിലെ മറ്റൊരംഗമായ ഭീമനും ( ഇദ്ദേഹമാണ് ഊരിലെ ബണ്ഡാരി – ആദിവാസി സംസ്‌കാര പ്രകാരം ഭക്ഷണവസ്തുക്കള്‍ സൂക്ഷിക്കാന്‍ ബാധ്യതയുള്ളയാള്‍) പറയാനുണ്ടായിരുന്നത് മറ്റൊന്നല്ല. പാര്‍ട്ടിനോക്കിയാണ് വാര്‍ഡംഗം വീടും മറ്റ് ആനുകൂല്യങ്ങളും ഒപ്പിട്ടുതരുന്നത്. സ്വന്തമായി വീടില്ലാത്തവരും ചോരാത്ത മൂന്നോളം കോണ്‍ക്രീറ്റ് വീടുകളുള്ള കുടുംബങ്ങളും ഈ ഊരിലുണ്ട്. എപിഎല്‍ റേഷന്‍ കാര്‍ഡുള്ളവരും ഊരിലുണ്ട്. പല വീടുകളിലും വൈദ്യുതിയില്ല. 2,21,000 രൂപ ചെലവഴിച്ച് അഹാഡ്‌സ് നിര്‍മ്മിച്ച കുടിവെളള പദ്ധതിയുടെ ടാങ്കും പൈപ്പുമുണ്ട്. വെള്ളത്തിന് ഊരിന് താഴെയുള്ള തോടുതന്നെ ശരണം.
നെല്ലിപ്പതി ഊര് 
ഷോളയൂര്‍ പഞ്ചായത്തിലെ ഊരില്‍ രണ്ടരയേക്കര്‍ ഊരു ഭൂമിക്കു പുറമേ സ്വകാര്യവ്യക്തി നല്‍കിയ ഒരേക്കര്‍ ഭൂമിയിലുമായി 95 വീടുകളാണുള്ളത്. മൂന്നു മുറികള്‍. ഉയരക്കുറവു കാരണം പകല്‍ ചൂടുകൂടുതലായതിനാല്‍ വീടിനകത്തേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാണ്. 
ഇവിടെ നാല് കുട്ടികള്‍ മരിച്ചു. മരുതന്‍ – പൊന്നമ്മ (25) ദമ്പതികളുടെ ഇരട്ട കുട്ടികള്‍. രണ്ടാമത്തെ പ്രസവമായിരുന്നു. ആദ്യ കുട്ടി നാലില്‍ പഠിക്കുന്നു. മരുതന്‍ കൂലിപ്പണിക്കായി പോയിരുന്നു. കോട്ടത്തറ ജി.ടി.എസ്. ഹോസ്പിറ്റലില്‍ വച്ച് മാസം തികയാതെയുള്ള പ്രസവം. കുട്ടികള്‍ക്ക് തൂക്കക്കുറവുണ്ടായിരുന്നു. സ്വന്തമായി ഭൂമിയില്ല. കൃഷിയും. ഊരു ഭൂമിയില്‍ താമസം. രണ്ടരയേക്കറാണ് കുടുംബസ്വത്ത്. അതിന് നാല് അവകാശികള്‍. ഭാഗം വെപ്പ് കഴിഞ്ഞിട്ടില്ല. നാലുമാസമായി വല്ലപ്പോഴുമാണ് പണിയുളളത്. എപിഎല്‍ കാര്‍ഡായിരുന്നു. ഇപ്പോഴാണ് ബിപിഎല്ലാക്കിയത്. പക്ഷേ റേഷന്‍ കിട്ടുന്ന അളവ് എപിഎല്‍ തന്നെ. പലപ്പോഴും ചോറ് വെക്കാന്‍ കൊള്ളാത്ത അരിയാണ്. അംഗണവാടി വഴിയുള്ള പോഷകാഹാരം വല്ലപ്പോഴുമാണ് കിട്ടിയിരുന്നത്. ദിവസം രണ്ടു നേരം മാത്രം ഭക്ഷണം. ഇതാണ് പൊന്നമ്മയുടെ വീട്ടിലെ സ്ഥിതി. 
നെല്ലിപ്പതി ഊരിലെ മിക്ക വീടുകളുടെയും അവസ്ഥ ഇതുതന്നെയാണെന്ന് ഊരിലെ വെള്ളഗിരി (30) പറഞ്ഞു. കുടുംബശ്രീ വഴി പണം കടം കിട്ടുമെങ്കിലും തിരിച്ചടവ് ഭയന്ന് കടമെടുക്കാറില്ല. എന്നാല്‍ ആഴ്ച്ചയില്‍ 30 രൂപവച്ച് അടക്കുന്നുണ്ട്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഈ പണം ഒന്നിച്ച് തിരിച്ചുകിട്ടും. പലരുടെ പട്ടയങ്ങള്‍ കാലങ്ങളായി പണയത്തിലാണ്. ലോണെഴുതി തള്ളിയിട്ടും പട്ടയങ്ങള്‍ തിരിച്ചു കിട്ടിയിട്ടില്ല. നെല്ലിപ്പതി – അഗളി പഞ്ചായത്തിലേക്കായി നടപ്പാക്കിയ 8 കോടിയുടെ ജലനിധി പദ്ധതിയും ബ്ളോക്ക് – പഞ്ചായത്ത് തല ജലപദ്ധതികള്‍ അടക്കം മുന്നു പൈപ്പുകള്‍ ഊരിലുണ്ട് ഒന്നിലും വെള്ളം മാത്രമില്ല.
 
മുരുകന്‍ – രാമി ദമ്പതികള്‍. ഏഴാം മാസത്തില്‍ പ്രസവത്തെ തുടര്‍ന്ന് കുട്ടി മരിച്ചു. പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍. മുരുകന് തമിഴ്‌നാട്ടിലെ ഏസ്റ്റേറ്റുകളില്‍ കൂലിപ്പണി. 300 -350 രൂപ ദിവസകൂലി. പാരമ്പര്യ ഭൂമി ആറ് ഏക്കര്‍. ആറ് അവകാശികള്‍. ഭാഗംവെപ്പ് കഴിഞ്ഞിട്ടില്ല. വെള്ളമില്ലാത്തതുകൊണ്ട് കൃഷിയില്ല.
 
റുഖിയ (നെല്ലിപ്പതിയൂരിലെ അംഗണവാടി ടീച്ചര്‍). 4000 രൂപയാണ് അംഗണവാടി ടീച്ചറുടെ ശമ്പളം, ഹെല്‍പ്പര്‍ക്ക് 2500 രൂപയും. ഈ പൈസയില്‍ നിന്നുവേണം കുട്ടികളുടെയും ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാരത്തിനുള്ള പണം കണ്ടെത്താന്‍. മുട്ടയും പാലും പഴവുമാണ് പ്രധാനമായും കൊടുക്കുന്നത്. അംഗണവാടിയില്‍ 19 കുട്ടികളുണ്ട്. മൂന്നു ഗര്‍ഭിണികള്‍, നാല് മുലയൂട്ടുന്ന അമ്മമാര്‍. ഇവര്‍ക്കെല്ലാവര്‍ക്കും ഇന്നത്തെ വിലയ്ക്ക് സര്‍ക്കാര്‍ പറഞ്ഞ അളവില്‍ രണ്ടു ദിവസം പോഷകാഹാരം കൊടുക്കാന്‍ ഒരുമാസം തരുന്ന ശമ്പളം തന്നെ തികയില്ല. ചെലവാകുന്ന പണത്തിന്റെ ബില്ല് നല്‍കിയാല്‍ പണം തിരിച്ചുകിട്ടും. പക്ഷേ അതുപലപ്പോഴും വളരെ വൈകും. നാലുമാസത്തെ ബില്ല് മാറിയത് അടുത്ത കാലത്താണ്. അതും കുട്ടികളുടെ മരണം വാര്‍ത്തയായപ്പോള്‍.
ഭൂതയാര്‍ ഊര്
എടവാണിയൂരിലേക്കു പേകുന്ന വഴിയാണ് ഭൂതയാര്‍, മേലെ ഭൂതയാര്‍ ഊരുകള്‍. ഊരുകാര്‍ തൊഴിലുറപ്പ് ജോലിയിലായിരുന്നു. 164 രൂപ ദിവസക്കൂലി. കൂലികൂട്ടിയെന്നു പറയുന്നു. ഇതുവരെയ്ക്കും കിട്ടിയിട്ടില്ല. 52 പേര്‍ ജോലിചെയ്യുന്നു. വര്‍ഷത്തില്‍ ആറോ ഏഴോ ദിവസമേ പണിയുണ്ടാകൂ. ആ പണം കിട്ടാന്‍ അഞ്ചാറ് മാസമെടുക്കും. അതിനുതന്നെ മൂന്നാല് തവണ പത്ത്മുപ്പത് കിലോമീറ്റര്‍ നടക്കണമെന്ന് ഊരുകാരനായ ബച്ചന്‍. ജനകീയാസൂത്രണം വഴി ലഭിച്ച ആടുകളെല്ലാം രോഗം വന്ന് ചത്തു. മൃഗഡോക്ടറുടെ അടുത്തെത്തെണമെങ്കില്‍ പത്ത് നാല്‍പത്തു കിലോമീറ്റര്‍ നടക്കണം. ഡോക്ടറെ ഊരിലോട്ട് വിളിച്ചാല്‍ കൊണ്ടുവരാനും തിരിച്ചുകൊണ്ടാക്കാനും ജീപ്പ് വിടണം. കൂടാതെ 500 രൂപ കൈക്കൂലിയും കൊടുക്കണം. പോകുമ്പോള്‍ ഡോക്ടര്‍ ആശുപത്രിയില്‍ ഉണ്ടാകണമെന്നുമില്ല. മൂന്നോ നാലോ തവണ ഇങ്ങനെ നടക്കണം. എന്നാലെ ഡോക്ടറെ ഒന്നു കാണാന്‍ പോലും കിട്ടുകയൂള്ളൂ. ബച്ചന്‍ പറഞ്ഞത് ശരിയായിരുന്നു. പ്രവര്‍ത്തി ദിവസമായിട്ടും ഞങ്ങള്‍ രാവിലെ ഊരിലേക്കു പോകമ്പോഴും വൈകീട്ട് തിരിച്ചിറങ്ങിയപ്പോഴും പൂതൂര്‍ മൃഗാശുപത്രി അടഞ്ഞു കിടക്കുകയായിരുന്നു.
ചെമ്പോട്ടക്കാട് ഫിലിപ്പ് എന്നയാളിന്റെ ഏസ്റ്റേറ്റിലേക്ക് പഞ്ചായത്ത് പാലം പണിയാന്‍ തീരുമാനിച്ച് സ്ഥലം ആളക്കാന്‍ വന്നപ്പോള്‍ ഊരുകാര്‍ തടഞ്ഞു. വര്‍ഷങ്ങളായി ഊരുകാര്‍ക്കായി പാലം പണിയെണമെന്ന ആവശ്യം നിലനില്‍ക്കുമ്പോഴാണ് പഞ്ചായത്ത് നടപടി. ഒടുവില്‍ തഹസില്‍ദാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഊരുകാര്‍ ആവശ്യപ്പെട്ട പാലം നിര്‍മ്മിക്കാന്‍ തഹസില്‍ദാര്‍ സമ്മതം മൂളുന്നു.  എന്നാല്‍ തങ്ങളുടെ ആവശ്യം യാഥാര്‍ഥ്യമാകില്ലെന്ന് ഊരിലെ പളനി പറഞ്ഞു. ഒരു പാലം നിര്‍മ്മിക്കാനുള്ള പണം മാത്രമേ പഞ്ചായത്ത് ബജറ്റിലൊള്ളൂ. പിന്നെ പതിവുപോലെ ആദിവാസികളെ പറ്റിക്കാമെന്നാണ് അധികൃതരുടെ ആലോചന. എന്നാല്‍ ഇത്തവണ അതു നടക്കില്ലെന്ന പഴനിയുടെ വാക്കുകളില്‍ ഉറപ്പുണ്ടായിരുന്നു. ഊരിലേക്കു പാലം വന്നില്ലെങ്കില്‍, നൂറിലേറെ ജനസംഖ്യയുള്ള ഊരുകാരെല്ലാവരും സ്വകാര്യ വ്യക്തിക്കുവേണ്ടിയുള്ള പാലത്തിന്റെ പണി തടസപ്പെടുത്തുമെന്നും പളനി പറഞ്ഞു. 
എടവാണിയൂര് 
കോട്ടത്തറയില്‍ നിന്ന് എടവാണിവരെ 30 കിലോമീറ്റര്‍. ഉത്തംപാടിവരെ ജീപ്പുവരും. പിന്നീടുള്ള പത്ത് പതിനഞ്ച് കിലോമീറ്റര്‍ കാട്ടില്‍ കൂടി നടക്കണം. ഇതിനിടെ വരഗാറിനെ അഞ്ച് തവണ മുറിച്ചുകടക്കണം. പാറക്കല്ലുകള്‍ കാരണം മഴക്കാലത്ത് ആറ് മുറിച്ചുകടക്കുക അസാധ്യമാണ്. മഴക്കാലങ്ങളില്‍ താത്കാലികമായി മുളകൊണ്ട് കെട്ടിയ പാലത്തിലൂടെ നടന്ന് പലരും വീഴുന്നതും പതിവാണ്. 1993 ലാണ് ആദ്യമായി ഊരില്‍ 19 വീടുകള്‍ പണിയുന്നത്. ഇവ പിന്നീടിതുവരെയും നന്നാക്കിയിട്ടില്ല. പിന്നീട് 35 വീടുകള്‍ 2012 ല്‍ ഇ.എം.എസ് ഭവനപദ്ധതി പ്രകാരം പണിതു. എന്നാല്‍ പുതിയ വീടുകളെല്ലാം മഴക്കാലത്ത് ചോര്‍ന്നൊലിക്കും. 80 തോളം കുടുംബങ്ങള്‍ താമസിക്കുന്നു. 180 തോളം ഊരുനിവാസികള്‍.
ഓലമേഞ്ഞ് ചാണകം മെഴുകിയ ഒരാള്‍ക്കു നിവര്‍ന്നു നില്‍ക്കാനുള്ള ഉയരമില്ലാത്ത ഊരിലെ 136 ആം നമ്പര്‍ അംഗണവാടിയില്‍ 25 ഓളം കുട്ടികള്‍ പഠിക്കുന്നു. ഞങ്ങള്‍ പോകുപ്പോള്‍ അംഗണവാടി ടീച്ചര്‍ മെഡിക്കല്‍ ക്യാമ്പിന് പോയതിനാല്‍ കുട്ടികള്‍ താഴെ പുഴയില്‍ കുളിക്കുന്നു. ചെറിയ കുട്ടികളും ഒന്നു രണ്ടു മുതിര്‍ന്നവരും അംഗണവാടിയിലുണ്ടായിരുന്നു. ആറു വയസിനു താഴെ 13 കുട്ടികളടക്കം 25 കുട്ടികള്‍ പഠിക്കുന്നു. കുട്ടികളുടെ മരണം തുടര്‍ച്ചയായി പത്രവാര്‍ത്തയായപ്പോള്‍ മെയ് 10 ന് ആദ്യമായും അവസാനമായും എടവാണിയൂരിലെ അംഗണവാടിയിലേക്ക് പാലും മുട്ടയും എത്തി. കുട്ടികള്‍ക്ക് റേഷനരിയുടെ കഞ്ഞിയും പയറുമാണ് ഭക്ഷണം.
 
2013 എപ്രില്‍ 16ന് കോട്ടത്തറ ജി.ടി.എസ്. ആശുപത്രിയില്‍ വച്ച് മാസം തികയാതുള്ള പ്രസവത്തെ തുടര്‍ന്ന് നാഗന്‍ – മീനാക്ഷി (26) യുടെ മകനാണ് എടവാണിയൂരില്‍ മരിച്ചത്. കുട്ടിയുടെ ഹൃദയത്തിന് വളര്‍ച്ചയുണ്ടായിരുന്നില്ലെന്നാണ് മരണ കാരണമായി ഡോക്ടര്‍മാര്‍ പറഞ്ഞത്. ഞങ്ങളെത്തുമ്പോള്‍ നാഗനുവേണ്ടി ഊരുകാര്‍ കാടുവെട്ടിതെളിക്കുകയായിരുന്നു. തൊഴിലുറപ്പു പദ്ധതി പ്രകാരമാണ് പണി. 164 രൂപ കൂലി. ആണുങ്ങളും പെണ്ണുങ്ങളുമടക്കം 24 പേരു പണിയെടുക്കുന്നു. അഹാഡ്‌സില്‍ വാച്ചറായിരുന്ന നാഗന് അഹാഡ്‌സ് പൂട്ടിയതോടെ ജോലി നഷ്ടമായിരുന്നു. മറ്റ് വരുമാനമൊന്നുമില്ല. മീനാക്ഷിയുടെ ആദ്യ പ്രസവത്തിലെ കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെ മകന്‍ സുനിലിന് ഇപ്പോള്‍ 5 വയസ്സ്. മൂന്നാം പ്രസവത്തിലെ കുട്ടിയാണ് 16 ആം തിയ്യതി മരിച്ചത്. പ്രസവത്തിന് മുമ്പ് മൂന്നു തവണ ആശുപത്രിയില്‍ പോയപ്പോഴും ഡോക്ടര്‍ ഗുളിക കൊടുത്ത് മടക്കി അയക്കുകയായിരുന്നു. ഏപ്രില്‍ 16ന് പുലര്‍ച്ചെ വേദനകൂടുതലായതിനെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയിലാക്കാനായി പോയ നാഗന് നേരിടേണ്ടി വന്നത് ദുരിതങ്ങളെയായിരുന്നു. ഭാര്യയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യിക്കാനായി അയാള്‍ക്ക് പുലര്‍ച്ചെ ഒരുമണിക്ക് മീനാക്ഷിയെ കോട്ടത്തറ ബസ് സ്റ്റാന്റില്‍ ബന്ധുക്കളോടൊപ്പം നിര്‍ത്തി ആശാ വര്‍ക്കര്‍ മനീഷിനെ കാണാന്‍ പുതൂര്‍ പിഎച്ച്എസി വരെ ഓടേണ്ടിവന്നു. മനീഷിന്റെ ആവശ്യപ്രകാരമാണ് ഡോക്ടര്‍ മീനാക്ഷിയെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായത്. പുലര്‍ച്ചെ രണ്ടു മണിയോടെ പ്രസവിച്ച മീനാക്ഷിക്കു പക്ഷേ കുഞ്ഞിനെ കിട്ടിയില്ല. ഗര്‍ഭകാലത്ത് ഡോക്ടര്‍ പോഷകാഹാരം നിര്‍ദ്ദേശിച്ചിരുന്നു.  നാഗന്റെയും മീനാക്ഷിയുടെയും അനുഭവത്തിനു സമാനമായിരുന്നു മറ്റ് അച്ഛനമ്മമാരുടെ കാര്യവും.
19 കുറുംബ ഊരുകളിലേക്കായി കുറുംബ പാക്കേജ് സര്‍വേ എന്നപേരില്‍ രണ്ടു കോടി ചെലവില്‍ സര്‍ക്കാര്‍ എടവാണിയൂരില്‍ നടത്തിയ സര്‍വേക്കായി ഒരുദിവസം രണ്ടുപേര് വന്നതല്ലാതെ സര്‍വേയെക്കുറിച്ച് പിന്നെയൊരു വിവരവുമുണ്ടായിരുന്നില്ലെന്ന് തൊഴുലുറപ്പു ജോലിചെയ്യുകയായിരുന്ന രാമചന്ദ്രന്‍ പറഞ്ഞു. പല പേരുകളില്‍ പലര്‍ വരുന്നു. പോകുന്നു. ഊരിലെ ദാരിദ്രത്തിനുമാത്രം മാറ്റമില്ല. അദ്ദേഹത്തിന്റെത് വൈകാരികമായ പ്രതികരണമായിരുന്നു. ഊരില്‍ മിക്കവര്‍ക്കും റേഷന്‍ കാര്‍ഡ് എപിഎല്ലാണ്. രണ്ടു രൂപയ്ക്ക് ഒരു മാസം 10 കിലോ അരികിട്ടും. അര ലിറ്റര്‍ മണ്ണെണ്ണയും. ബിപിഎല്‍ ആക്കാമെന്ന് വാഗ്ദാനമുണ്ട്. ആധാര്‍ കാര്‍ഡ് വിതരണം നടന്നു. 
വരഗാറിന്റെ കൈവഴിയായ പുഴയ്ക്ക് നായ്ക്കടവിന് മേലെ നിലഗിരി മലകളില്‍ തമിഴ്‌നാട് ഡാം പണിതതോടെ പുഴയിലെ നീരൊഴുക്ക് കുറഞ്ഞു. അതുകൊണ്ട് മഴക്കാലത്തുമാത്രമേ കൃഷിയൊള്ളൂ. സ്വന്തം ഊരില്‍ പോലും വര്‍ക്കുചെയ്യാതെ റിപ്പോര്‍ട്ടു കൊടുക്കുന്ന പ്രമോട്ടര്‍മാരെക്കുറിച്ചും കൈകൂലി കൊടുക്കാതെ ഒന്നും ചെയ്തു തരാത്ത സര്‍ക്കാരുദ്ധ്യോഗസ്ഥരെക്കുറിച്ചും അവര്‍ക്ക് പരാതി മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. കാടിനുള്ളിലുള്ള ഈ ഊരില്‍ നിന്ന് രണ്ട് അദ്ധ്യാപകരുണ്ട്. മാണിക്യന്‍ (കോട്ടത്തറ എല്‍.പി. സ്കൂള്‍), മുരുകന്‍ (ആനവായ് സ്കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നു). ഊരില്‍ നിന്നു തിരിച്ചിറങ്ങുമ്പോള്‍ ഞങ്ങള്‍ മുരുകനെ കണ്ടിരുന്നു. ജോലിയോട് ആത്മാര്‍ഥതയില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഊരിലെ ദുരന്തത്തിനു കാരണമെന്ന് അഭിപ്രയമാണ് മുരുകന്. എടവാണിയൂരില്‍ നിന്നും 25 കിലോമീറ്റര്‍ നടന്നാല്‍ സ്വര്‍ണഗദ്ദയൂര്. ഇവിടെ നിന്നും മാസത്തിലൊരു തവണയാണ് അത്യാവശ്യ സാധനങ്ങള്‍ വാങ്ങിക്കാനായി പലരും നാട്ടിലിറങ്ങുന്നത്.  ഊരുകാര്‍ നാട്ടിലേക്കിറങ്ങുന്നത് മാസത്തിലൊരിക്കല്‍, അപ്പോ പി്‌ന്നെ സര്‍ക്കാറ് ഊരിലേക്കു പോകുമോ. സ്വര്‍ണഗദ്ദയൂരിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പളനിയുടെ മറുപടിയിങ്ങനെയായിരുന്നു. രോഗം വന്നാല്‍…, രോഗം വന്നാല്‍ എന്താ ചെയ്യാ. മരിക്കാ അത്രന്നേ. ഭൂതയൂരിലെ പഴനിക്കും വെള്ളക്കുള്ളത്തെ പളനിയമ്മയ്ക്കും ഒരേ മറുപടി.
മറ്റ് വിവരങ്ങള്‍
– അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍, അഗളി പഞ്ചായത്തുകള്‍ ഭരിക്കുന്നത് യുഡിഎഫ്. 
– പഞ്ചായത്തുകള്‍ കഴിഞ്ഞ വര്‍ഷം പട്ടികവര്‍ഗക്ഷേമത്തിനായി ചെലവഴിച്ച തുക 40 ശതമാനത്തില്‍ താഴെ. 
– യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യു.എന്‍.ഐ.സി.ഇ.എഫ്.) ന്റെ 2012 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 61.4 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവു നേരിടുന്നു. ലോകത്തില്‍ 2.3 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരിക്കുമ്പോള്‍ 130 ലക്ഷം കുട്ടികള്‍ ജീവിതകാലം മുഴുവനും ശാരീരിക ബലഹീനതകള്‍ അനുഭവിക്കേണ്ടി വരുന്നു.
– ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം 2013 മാര്‍ച്ച് 21 വരെയുള്ള കാലയളവില്‍ കേരളത്തില്‍ പോഷകാഹാരക്കുറവുമൂലം ആറ് വയസിനുതാഴെയുള്ള മരിക്കുന്ന കുട്ടികളുടെ ശരാശരി 27 നും 39 നും ഇടയിലാണ്. അതിലും കൂടുതലാണ് അട്ടപ്പാടിയിലെ നിരക്ക്.
-അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്തില്‍ 2011 ലെ സെന്‍സെക്‌സ് പ്രകാരം 27121 ആദിവാസികളും (41%) 41703 വന്തവാസികളും (59%) താമസിക്കുന്നു. പുതൂര്‍, അഗളി, ഷേളയാര്‍ എന്നീ മൂന്നു പഞ്ചായത്തുകളിലായി 187 ആദിവാസി ഊരുകള്‍. കുറുമ്പ (പ്രക്തന ഗോത്രമായ ഇവരുടെ ഊരുകള്‍ വനത്തോടു ചേര്‍ന്നോ വനത്തിനുള്ളിലോ ആണ്), മുഡുഗ, ഇരുള, കുറുമ്പര്‍ എന്നീ മൂന്നു ആദിവാസി വിഭാഗങ്ങളാണ് ഇവിടുള്ളത്.
ഊരുകള്‍
അഗളി പഞ്ചായത്ത് : ഇരുള – 55, മുഡുഗ – 18
പുതൂര്‍ പഞ്ചായത്ത് : ഇരുള – 43, മുഡുഗ – 5, കുറുമ്പര്‍  – 19   
ഷോളയൂര്‍ പഞ്ചായത്ത് : ഇരുള – 46, മുഡുഗ – 1
ആകെ: 187
അട്ടപ്പാടിയിലെ ജനസംഖ്യ
മൊത്തം ജനസംഖ്യ     ആദിവാസി                വന്തവാസി
1951 ല്‍ 11,300         10,200 (90%)          11,100 (9.74%)
1961 ല്‍ 21,461          12,972 (60.45%)       8,459  (39,55%)
1971 ല്‍ 39,183          16,536 (42.21%)      22,647 (57.79%)
1981 ല്‍ 62,246          20,659 (33.19%)      41,857 (66.81%)
1991 ല്‍ 62,033          24,228 (39.06%)      37,805 (60.94%)
2001 ല്‍ 67,672          28,711  (42 %)         34,171  (51%)
2011 ല്‍ 68,824           27121  (41%)          41,703  (59%)
അവലംബം: സെന്‍സസ് റിപ്പോര്‍ട്ട് 1991, 2001, 2011., ഐസിഡിഎസ് സര്‍വേ റിപ്പോര്‍ട്ട് 2002.
Avatar

കെ ജി ബാലു

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍