UPDATES

സയന്‍സ്/ടെക്നോളജി

സൌരോര്‍ജ വിമാനത്തെ കുറ്റപ്പെടുത്താന്‍ വരട്ടെ

മൈക്കല്‍ എ. ഫ്‌ലെച്ചര്‍
രാവും പകലും സൌരോര്‍ജ്ജംകൊണ്ടു മാത്രം പറക്കുന്ന സൗരവിമാനം അതിന്റെ ആദ്യ രാജ്യാന്തര യാത്ര ശനിയാഴ്ച പൂര്‍ത്തിയാക്കിരിക്കുന്നു. ഭൂഖണ്ഡങ്ങള്‍ കടന്നുള്ള യാത്ര ജൂലൈ ആറിന് രാത്രി 11.09 – നാണ് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അവസാനിപ്പിച്ചത്. 
രണ്ടാം ലോക മഹായുദ്ധ കാലത്തെ മോഫേറ്റ് ഫെഡറല്‍ വ്യോമ താവളത്തില്‍നിന്നും കഴിഞ്ഞ മെയ് മാസമാദ്യം യാത്ര തുടങ്ങിയതാണ് സോളാര്‍ ഇംപള്‍സ് (Solar Impulse) എന്നു പേരിട്ട ഈ വിമാനം. വേഗത, മണിക്കൂറില്‍ 43 മൈല്‍. ഇത് വികസിപ്പിച്ചെടുത്തവര്‍ പറയുന്നത് മാലിന്യ മുക്തമായ യാത്രയുടെ സാധ്യതയെ കുറിച്ചാണ്.
കനം തീരെ കുറഞ്ഞ കാര്‍ബണ്‍ഫൈബര്‍ ഉപയോഗിച്ചാണ് ഇതിന്റെ ചട്ടക്കൂട് ഉണ്ടാക്കിയിരിക്കുന്നത്. ഭാരം 3,500 പൌണ്ട്. ഒരു ചെറിയ കാറിന്റെ ഭാരം. ഇതിന്റെ ചിറകുകളുടെ നീളം ഒരു ബോയിങ് 747വിമാനത്തിന്റെ അത്രയും വരും. വണ്ണം തീരെ കുറഞ്ഞ രീതിയിലാണ് ശരീര രൂപഘടന. ഒരു വലിയ, രാക്ഷസന്‍ തുമ്പിയെപ്പോലൊരു വിമാനം.
ചിറകുകള്‍ക്ക് മുകളില്‍ പിടിപ്പിച്ചിട്ടുള്ള 12,000 സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് സൌരോര്‍ജ്ജം ശേഖരിക്കുന്നത്. മണിക്കൂറില്‍ 500 മൈല്‍ പിന്നിടുന്ന വമ്പന്‍ ചരക്ക് വിമാനങ്ങള്‍ സഞ്ചരിക്കുന്ന ഉയരത്തിന്  താഴെ, അതായത് ഒരു 28,000 അടി ഉയരത്തില്‍ ഇത് പറക്കും. വിമാനം അതിനു മുകളില്‍ പോയാല്‍ ഉടനെ വൈമാനികന് ജാഗ്രതാ നിര്‍ദേശം ലഭ്യമാകും.
ഇതൊക്കെയായാലും സോളാര്‍ ഇംപള്‍സിന്റെ ഇപ്പോഴത്തെ രൂപത്തില്‍, അത് 1927ല്‍ ചാള്‍സ് ലിണ്ട്‌ബെര്‍ഗ് അറ്റ്‌ലാന്റിക് സമുദ്രത്തിന് കുറുകെ പറത്തിയ സെയിന്റ് ലൂയിസ് വിമാനത്തെക്കാള്‍ കൂടുതലായി വാണിജ്യ ഗതാഗതത്തിന് ഉപയുക്തമല്ല.
വിമാനം അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിട്ടിട്ടില്ല. ഞായറാഴ്ച വെളുപ്പിനെ അവസാനിപ്പിക്കേണ്ടിയിരുന്ന യാത്ര വിമാനത്തിന്റെ ചിറകില്‍ ചെറിയൊരു ‘കീറല്‍’ കണ്ടെത്തിയതോടെ ശനിയാഴ്ച തന്നെ അവസാനിപ്പിക്കുകയായിരുന്നു. 10 കുതിരശക്തിയുടെയാണ് എഞ്ചിന്‍. ഏതാണ്ട് റൈറ്റ് സഹോദരന്മാരുടെ ആദ്യവിമാനത്തിന്റെ അതേ ശക്തി. നല്ല കാറ്റുള്ളപ്പോള്‍ നിലത്തുനിന്നു പൊങ്ങാനോ, ഇറങ്ങാനോ പറ്റില്ല. മേഘങ്ങള്‍ക്കിടയില്‍പ്പെട്ടാലും യാത്ര എളുപ്പമല്ല. വൈമാനികന്‍ ഒരു പാരച്യൂട്ടും ധരിച്ച് ഒരു കുടുസ്സ് സീറ്റില്‍ ഒതുങ്ങണം. 
എന്നുവെച്ച് ആധുനിക സൌകര്യങ്ങള്‍ ഇല്ലെന്നല്ല. കോക്പിറ്റ് കടുത്ത ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കും. വിമാനത്തിന്റെ നിര്‍മ്മാതാക്കളും വൈമാനികരുമായ പഴയ പോര്‍വിമാന വൈമാനികന്‍ ബോഷ്‌ബെര്‍ഗും, മനശാസ്ത്രജ്ഞന്‍ ബെര്‍ട്രാണ്ട് പിക്കാര്‍ഡും ദീര്‍ഘ യാത്രയില്‍ ധ്യാനവുമൊക്കെ പരീക്ഷിക്കുന്നു. മറ്റ് പ്രാഥമിക കൃത്യങ്ങള്‍ക്ക് ഒഴിഞ്ഞ വെള്ളക്കുപ്പികള്‍ ഉപയോഗിയ്ക്കുന്ന ഇവര്‍, യാത്രയുടെ കുറച്ചുദിവസം മുമ്പ് തന്നെ നാരുകള്‍ കൂടുതലുള്ള ഭക്ഷണം ഒഴിവാക്കിയിരുന്നു.
അല്ലെങ്കിലും സുഖയാത്രയല്ല പദ്ധതിയുടെ ലക്ഷ്യം. ‘ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍, പ്രത്യേകിച്ചും സൌരോര്‍ജം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തകയാണ് കാര്യം’, എന്നു സ്മിത് സോണിയന്‍ നാഷണല്‍ എയര്‍ ആന്റ് സ്‌പേസ് മ്യുസിയം എയറോനോട്ടിക്‌സ് വിഭാഗം അദ്ധ്യക്ഷന്‍ ബോബ് വാണ്ടര്‍  ലിന്‍ഡണ്‍ പറയുന്നു. ഭൂപട നിര്‍മ്മിതിക്കും മറ്റും ഇത് ആളില്ലാ വിമാനമായി ഉപയോഗിക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള വാണിജ്യ ഉപയോഗം ഇപ്പോള്‍ ആലോചിക്കാവുന്നതല്ല.
എന്നാല്‍ ഇത്തരം തടസ്സങ്ങളൊന്നും ഇതിന്റെ നിര്‍മ്മാതാക്കളുടെ ആവേശം കുറക്കുന്നില്ല.
55 – കാരനായ പിക്കാര്‍ഡ് ആണ് ഈ ആശയവുമായി ആദ്യം മുന്നോട്ട് വന്നത്. 1999 – ല്‍ ബ്രയാന്‍ ജോണ്‍സ് എന്ന സഹവൈമാനികനുമൊത്തു ബലൂണില്‍ നിര്‍ത്താതെ ലോകം ചുറ്റിയതിന് അന്താരാഷ്ട്ര പ്രശസ്തി നേടിയ കക്ഷിയാണ് പിക്കാര്‍ഡ്. അന്ന് 8200 ടണ്‍ ഇന്ധനവുമായി യാത്ര തുടങ്ങി, തിരിച്ചെത്തുമ്പോള്‍ ബാക്കിയുണ്ടായത് 88 പൌണ്ട്. ഇതോടെ ഫോസില്‍ ഇന്ധനം ഉപയോഗിക്കാതെ ഒരിക്കല്‍ കൂടി ലോകം ചുറ്റാന്‍ പിക്കാര്‍ഡ് തീരുമാനിച്ചു.
തന്റെ ആശയവുമായി അദ്ദേഹം സ്വിസ് സാങ്കേതിക വിദ്യാ കേന്ദ്രത്തെ സമീപിച്ചു. ബോഷ്‌ബെര്‍ഗാണ് സാധ്യതാ പഠനം നടത്തിയത്. സാമ്പ്രദായിക വിമാന നിര്‍മ്മാതാക്കള്‍ അസാധ്യമെന്ന് പറഞ്ഞതോടെ ഇരുവരും തല്‍പരരായ 80 പേരുടെ ഒരു സംഘമുണ്ടാക്കി പണി തുടങ്ങി.
മൊത്തത്തില്‍, പദ്ധതി ചെലവ് 140 ദശലക്ഷം ഡോളറായി. ഇതുവരെയും വിമാനത്തിന്റെ പ്രകടനം തൃപ്തികരമാണ്. സൌരവിമാനത്തിന്റെ ആദ്യ രാത്രി യാത്ര ബോഷ്‌ബെര്‍ഗാണ് നടത്തിയത്, 2010 – ല്‍. സ്വിറ്റ്‌സര്‍ലന്റിന് മുകളില്‍ തുടര്‍ച്ചയായി 26 മണിക്കൂര്‍. 2011ല്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നും ബെല്‍ജിയത്തിലേക്കും, പിന്നെ ഫ്രാന്‍സിലേക്കും. കഴിഞ്ഞ വേനലില്‍ മെഡിറ്ററേനിയന്‍ കടന്ന്  സ്‌പെയിനില്‍ നിന്നും മൊറോക്കോയിലേക്കും വിമാനം പറന്നു.
അമേരിക്കയിലെ ആദ്യ പറക്കലിനായി ഒരു 747 ചരക്ക് വിമാനത്തില്‍ എത്തിച്ച സോളാര്‍ ഇംപള്‍സിനെ  കാണാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. 2015ല്‍ നടത്താനിരിക്കുന്ന ഒരു ഉലകം ചുറ്റല്‍ പര്യടനത്തിന്റെ മുന്നോടിയാണ് ഇപ്പോഴത്തെ അമേരിക്കന്‍ സന്ദര്‍ശനം. അന്നത്തേക്ക് വിമാനം ഒന്നുകൂടി പരിഷ്‌ക്കരിക്കും. പുതിയ പതിപ്പ് അടുത്ത വര്‍ഷം തന്നെ തയ്യാറാകും എന്നു കരുതുന്നു.
തങ്ങളുടെ സൌരവിമാനം ആളും ചരക്കും കേറ്റി അങ്ങനെ പാറിപ്പറക്കുന്ന കാലം അടുത്തൊന്നും വരില്ലെന്ന് അറിയാമെങ്കിലും, ഇതിലൂടെ വ്യോമഗതാഗത രംഗത്തെ ഊര്‍ജവിനിയോഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നുതന്നെ ബോഷ്‌ബെര്‍ഗും, പിക്കാര്‍ഡും കരുതുന്നു. വിദൂരഭാവിയില്‍ എന്തും സാധ്യമാണെന്ന് തന്നെയാണ് അവരുടെ വിശ്വാസം.
‘റൈറ്റ് സഹോദരന്മാരുടെ വിമാനത്തിന്റെ പരിമിതികളെക്കുറിച്ച് ആളുകള്‍ എളുപ്പം മറക്കുകയാണ്. ചാള്‍സ് ലിണ്ട്‌ബെര്‍ഗിന്റെയും, ചക് യീഗറിന്റെയും വിമാനങ്ങളോ? അവയെല്ലാം വളരെ പരിമിതമായ രീതിയിലുള്ളതായിരുന്നു,’ പിക്കാര്‍ഡോ ഓര്‍മ്മിപ്പിക്കുന്നു. ‘അന്നത്തെ കാലത്ത് ചെയ്യാനാവുന്നതിന്റെ പരമാവധിയായിരുന്നു അവ. അപ്പോള്‍, സൌര വിമാനത്തെ വിമര്‍ശിക്കുന്നവര്‍, അന്ന് റൈറ്റ് സഹോദരന്മാരെ നോക്കി, ‘ഇതിനൊന്നും ഒരു ഭാവിയുമില്ല’ എന്നു പറഞ്ഞവരുടെ പുതിയ പതിപ്പാണ്.’

 

വാഷിങ്ങ്ടണ്‍ പോസ്റ്റ്

വാഷിങ്ങ്ടണ്‍ പോസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍