UPDATES

സിനിമ

കൊന്നത് പിണറായിയെ തന്നെ

സംഗീത് വി.എ
 
 
രാഷ്ട്രീയം പ്രമേയമായി വന്ന നിരവധി ചിത്രങ്ങളുണ്ട് മലയാളത്തില്‍. അതാതുകാലത്തെ ബലാബലങ്ങളിലും സമവാക്യങ്ങളിലും പക്ഷംചേരുകയായിരുന്നു ഓരോ ചിത്രവും. ചരിത്രത്തെ പുതിയ രീതിയില്‍ വ്യാഖ്യാനിച്ചും, യഥാതഥമെന്ന രൂപത്തില്‍ വ്യാജ ചരിത്രം നിര്‍മ്മിച്ചും ഇവയോരോന്നും വിവാദങ്ങളും ചര്‍ച്ചകളും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. കച്ചവടം നന്നായാല്‍ മതി. കഥയല്ലെ, കഥയില്‍ ചോദ്യമില്ലല്ലൊ എന്നിങ്ങനെ ഓരോ തരത്തില്‍ അവയൊക്കെ ന്യായീകരിക്കപ്പെട്ടിട്ടുമുണ്ട്. അക്കൂട്ടത്തിലേക്കാണ് മുരളീഗോപിയുടെ രചനയില്‍ അരുണ്‍ കുമാര്‍ അരവിവിന്ദ് സംവിധാനം ചെയ്ത ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ കടന്നുവരുന്നത്.
 
ആഖ്യാനത്തിലും അവതരണത്തിലും ശരാശരി മലയാള സിനിമയുടെ നിലവാരം മാത്രം പുലര്‍ത്തുന്ന ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ പ്രമേയപരമായി സവിശേഷമായ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. ഏതൊരു രാഷ്ട്രീയ ചിത്രത്തേയും പോലെ പ്രമേയം തന്നെയാണിതില്‍ താരം. സിനിമയുടെ രാഷ്ട്രീയ ശരീരമാണത്. 1969- ലെ ഒരു കൊലപാതത്തിന്റെ ദൃശ്യങ്ങളില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് സിനിമയില്‍ പ്രധാന കഥാപാത്രമായി വരുന്ന കൈതേരി സഹദേവന്റെ ഇളയച്ഛനാണ് കൊല്ലപ്പെടുന്നത്. മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായ വട്ട് ജയന്റേയും ചെഗുവേര റോയിയുടേയും ബാല്ല്യകാലവും ഇത്തരത്തില്‍ അവതരിപ്പിക്കപ്പെടുന്നു. മൂന്ന് പേരേയും പരിചയപ്പെടുത്തുന്നത് ഒരു സ്ത്രീ ശബ്ദത്തിന്റെ വോയിസ് ഓവറിലൂടെയാണ്. മലയാളത്തില്‍ അനേകം സിനിമകളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ് ഈ അവതരണ മാതൃക. ടൈറ്റിലുകള്‍ക്ക് ശേഷം നേരിട്ട് കഥ പറഞ്ഞു പോകാനുള്ള സൗകര്യത്തിനാകും അരുണ്‍കുമാറും കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇത് തന്നെ  തെരഞ്ഞെടുത്തത്. ഛായാഗ്രഹണത്തിലും പശ്ചാത്തല സംഗീതത്തിലും പുതുമകളേതുമില്ല. സംവിധായകന്‍ തന്നെ എഡിറ്ററായതിനാലാകണം കത്രിക വക്കേണ്ട പല സീനുകളും സ്‌ക്രീനിലെത്തി. അരുണിനും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്.
 
 
കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന്റെ ദിശാമാറ്റത്തേയും അതിലെ നേതാക്കളേയും ചുറ്റിപ്പറ്റിയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ കഥ വികസിക്കുന്നത്. മുന്‍പ് സൂചിപ്പിച്ച മൂന്ന് കഥാപാത്രങ്ങളും അതിന്റെ ഭാഗമായി കടന്നുവരുന്നു. തിരുവനന്തപുരം നഗരത്തില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായ വട്ട് ജയന്‍ പണക്കൊതിയനായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്തിനുമേതിനും കൈക്കൂലി വാങ്ങുന്ന പ്രകൃതമാണയാളുടേത്. ചികിത്സിക്കാന്‍ പണമില്ലാതിരുന്നതിനാല്‍ ബാല്യത്തില്‍ സഹോദരി മരിച്ചതിനേത്തുടര്‍ന്നാണ് ജയന്‍ ഇങ്ങനെ പണക്കൊതിയനായതെന്ന് അയാളുടെ അമ്മ ന്യായീകരിക്കുന്നുണ്ട്. കൈക്കൂലിക്കാരനാണെങ്കിലും നന്‍മയുള്ളവനായി സ്‌ക്രീനില്‍ വളര്‍ന്ന് നായക രൂപത്തിലാണ് ജയന്‍ നില്‍ക്കുന്നത്.
 
ആദര്‍ശധീരനായ കമ്മ്യൂണിസ്റ്റുകാരനാണ് ചെഗുവേര റോയി (മുരളീഗോപി). വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലത്ത് നേരിട്ട ഒരു ആക്രമണത്തില്‍പ്പെട്ട് ഒരു വശം തളര്‍ന്ന നിലയിലാണദ്ദേഹം. പാര്‍ട്ടിയിലെ വിമത സ്വരങ്ങളെ പ്രതിനിധീകരിക്കുന്ന റോയി ഇപ്പോഴത്തെ നേതൃത്വത്തില്‍ നിന്നും അകന്ന് നഴ്‌സറി സ്‌കൂള്‍ അധ്യാപകനായി ജീവിതം കഴിച്ചു കൂട്ടുകയാണ്. റോയിയെ സിനിമയില്‍ കാണുമ്പോള്‍ സൈമണ്‍ ബ്രിട്ടോയെ ഓര്‍മ്മ വരുന്നവരെ തെറ്റ് പറയാനാകില്ല. ഒരു കോളേജ് ക്യാമ്പസില്‍ വച്ചാണ് റോയിക്കും കുത്തേല്‍ക്കുന്നത്. ഒരുവശം തളര്‍ന്നെങ്കിലും സഖാവിനോടുള്ള പ്രണയം കൈവിടാതെയാണ് അനിത(ലെന) ജീവിതത്തില്‍ ഒപ്പം ചെരുന്നത്. 
 
 
സിനിമയുടെ തുടക്കത്തില്‍ ഇളയച്ഛന്റെ രാഷ്ട്രീയ കൊലപാതകത്തിന് മുന്‍പില്‍ നിസ്സഹായനായി നില്‍ക്കുന്ന ബാലനായ സഹദേവന്‍, പിന്നീട് ഉഗ്രനായ പാര്‍ട്ടി സെക്രട്ടറി കൈതേരി സഹദേവനാകുന്നു (ഹരീഷ് പേരടി). പിണറായി വിജയന്റെ രൂപഭാവങ്ങളും സംസാര ശൈലിയും അനുകരിക്കുക വഴി കൈതേരി സഹദേവന്‍ ആരാണെന്ന് സിനിമ നിസ്സംശയം പ്രേക്ഷകരോട് പറയുന്നണ്ട്. ചെമ്പട ഡാമിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കനേഡിയന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ വഴി മൂന്നരക്കോടിയുടെ അഴിമതി നടത്തിയ നേതാവായി കൈതേരി അവതരിപ്പിക്കപ്പെടുന്നു. മകന്‍ വിദേശത്താണ് പഠിക്കുന്നത്. ഡല്‍ഹിയിലെ കേരളാ ഹൗസിന്റെ ഗോവണിപ്പടിയില്‍ വച്ച് ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ ശകാരിക്കുന്ന പിണറായി വിജയന്റെ വീഡിയോ, വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന മലയാളികള്‍ മറക്കാനിടയില്ല. ഇതിന് സമാനമെന്നോണം മാധ്യമ പ്രവര്‍ത്തകരോട് ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നതായ ഒരു രംഗത്തില്‍ കൈതേരി സഹദേവനെ പ്രതിഷ്ഠിക്കുന്ന സംവിധായകന്‍ ലളിത യുക്തികള്‍ കൊണ്ട് ചരിത്രത്തെ പൂരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടിയില്‍ കൈതേരിയുടെ എതിരാളി പ്രതിപക്ഷ നേതാവായ എസ്.ആര്‍ ആണ്. വി.എസ് അച്ചുതാനന്ദനെ ടെലിവിഷന്‍ മിമിക്രി താരങ്ങള്‍ അവതരിപ്പിക്കുന്നതു പോലെ വെളുത്ത ജൂബയും മുണ്ടുമാണ് എസ്.ആറിന്റെ വേഷം. സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം ഇയാള്‍ വി. എസ്. തന്നെ. 
 
എല്ലാ പ്രതിലോമ സംഭവങ്ങളുടേയും കാരണക്കാരന്‍ എന്ന നിലയിലുള്ള വില്ലന്‍ രൂപമാണ് കൈതേരി സഹദേവന് സിനിമ നല്‍കുന്നത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ചിലര്‍ (ശ്രീജിത്ത് രവിയുടേയും സുധീര്‍ കരമനയുടേയും കഥാപാത്രങ്ങള്‍) വിമതപ്രവര്‍ത്തനത്തിനായി തുടങ്ങിയ പത്രത്തിലൂടെയാണ് കൈതേരിക്കെതിരായ അഴിമതി വാര്‍ത്ത പുറത്തുവരുന്നത്. സൂക്ഷ്മ നോട്ടത്തില്‍ ഇവര്‍ക്ക് പ്രൊഫ. സുധീഷുമായും വി.എസിന്റെ സ്റ്റാഫിലുണ്ടായിരുന്ന കെ.എം ഷാജഹാനുമായും സാദൃശ്യം കാണാന്‍ കഴിയും. വാര്‍ത്ത പുറത്താക്കുന്ന രണ്ടു പേരേയും കൈതേരിയുടെ ഗുണ്ടകള്‍ കൊലപ്പെടുത്തുകയാണ്. യഥാര്‍ത്ഥ ചരിത്രത്തിലെ വ്യക്തികളുടെ രൂപങ്ങള്‍ സൃഷ്ടിച്ച ശേഷം അവയോട് തന്റെ ഇഷ്ടത്തിന് രൂപപ്പെടുത്തിയെടുത്ത പാഠം ചേര്‍ത്തുവക്കുകയാണിവിടെ. ഇതുവഴി മിഥ്യായാഥാര്‍ത്ഥ്യത്തിലേക്ക് പ്രേക്ഷകനെ കൊണ്ടു പോകാനാണ് തിരക്കഥാകൃത്തിന്റെ ശ്രമം. ചെമ്പട അഴിമതി എന്ന പേരില്‍ സിനിമയില്‍ കാണുന്നത് ലാവ്‌ലിന്‍ അഴിമതി തന്നെയാണ്. അതിന്റെ വിവരങ്ങള്‍ പുറത്തുവന്നത് സി.എ.ജി. റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ്. അത് വാര്‍ത്തയാക്കിയവരാരും കൊല്ലപ്പെട്ടിട്ടുമില്ല.  കൈതേരി എന്ന പേരില്‍ പിണറായി വിജയന്റെ ബിംബം സൃഷ്ടിച്ച ശേഷം അതിനെ അപമാനിച്ച്, അസഹിഷ്ണുതയുടെ വിങ്ങല്‍ തീര്‍ക്കുന്ന മുരളീഗോപിയുടെ വികൃത ഭാവന ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. സൈമണ്‍ ബ്രിട്ടോയോട് സാദൃശ്യമുള്ള ചെഗുവേര റോയിയെ കുത്താന്‍ ആളെ വിട്ടത് കൈതേരിയാണ്. വട്ട് ജയനെന്ന ക്രിമിനല്‍ പോലീസുകാരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സമ്മേളനത്തിന്റെ പൊതു വേദിയില്‍ കയറി കൈതേരിയെ കുത്തിക്കൊല്ലുന്നിടത്താണ് സിനിമ തീരുന്നത്. അത്തരം ചാവേറുകളാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് മറുപടിയെന്നാണ് മുരളിയും അരുണും കരുതുന്നത്. ഒസാമ ബിന്‍ ലാദന്‍ പിടിക്കപ്പെടും മുന്‍പ് അമേരിക്കയില്‍ പ്രചാരം നേടിയ വീഡിയോ ഗെയിമിനെ ഓര്‍മ്മിപ്പിക്കുകയാണ് ഈ സിനിമ. ഗെയിമില്‍ ലാദനെ പിടിക്കാനുള്ള ഓട്ടമായിരുന്നു പ്രധാന ഐറ്റം. ഒടുവില്‍ വെടിവച്ച് കൊല്ലുന്നവന്‍ വിജയിക്കുന്നു. നേരിട്ട് കൊല്ലാന്‍ പറ്റാത്ത കാലത്ത് അസഹിഷ്ണുതയുടെ വിങ്ങല്‍ മാറ്റാന്‍ന്‍ ഒരു വെര്‍ച്വല്‍ കൊലപാതകം. ആള്‍ക്കൂട്ടത്തിന്റെ കവലച്ചര്‍ച്ചകളിലും തെരുവ് മുദ്രാവാക്യങ്ങളിലും മുരളിഗോപി ശോഭിക്കും. അതിലപ്പുറം രാഷ്ട്രീയത്തെ വിശകലനം ചെയ്യാനോ ഏതെങ്കിലും പക്ഷം ചേരാനോ തങ്ങള്‍ക്ക് കഴിവില്ലെന്ന് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തെളിയിക്കുന്നുണ്ട്. 
 
 
കൈതേരി സഹദേവനെതിരെ പാര്‍ട്ടിയില്‍ പട നയിക്കുന്ന എസ്.ആറും കുഴപ്പക്കാരന്‍ തന്നെ. കുട്ടന്റേയും മുട്ടന്റേയും ഇടയില്‍ നിന്ന് ചോര കുടിക്കുന്ന തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനാണയാള്‍. അഴിമതി വാര്‍ത്തയെ ഉപയോഗപ്പെടുത്തുകയും അതേത്തുടര്‍ന്ന് കൊല്ലപ്പെടുന്നവരെ നിഷ്ഠൂരം അവഗണിക്കുകയുമാണയാള്‍. തന്റെ രാഷ്ട്രീയനേട്ടം മാത്രമാണ് എസ്.ആര്‍. ലക്ഷ്യമിടുന്നത്.
 
കമ്മ്യൂണിസ്റ്റ് നേതാക്കളെയെല്ലാം (ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത ചെഗുവേര റോയി ഒഴികെ) ഗുണ്ടാ നേതാക്കളും അവസരവാദികളും അഴിമതി വീരന്‍മാരുമായാണ് സിനിമ ചിത്രീകരിക്കുന്നത്. അത്തരമൊരു ചിത്രത്തില്‍ കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പി. നേതാക്കളും എങ്ങനെയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. സിനിമയുടെ ഉള്‍സാരം കണ്ടെടുക്കാന്‍ അതാവശ്യവുമാണ്. അഴിമതി വാര്‍ത്ത പുറത്തു വന്നതിനേത്തുടര്‍ന്ന് കൈതേരിക്കെതിരെ ഒരു സംഘം സമരം നടത്തുന്ന ഭാഗത്താണ് കോണ്‍ഗ്രസുകാരേക്കുറിച്ചുള്ള തിരക്കഥാകൃത്തിന്റെ നിലപാട് വ്യക്തമാകുന്നത്. കെ.എസ്.യുക്കാരെ അനുസ്മരിപ്പിക്കുന്ന വിധം ഖദര്‍ വേഷത്തിലാണ് സമരക്കാര്‍ വരുന്നത്. മുദ്രാവാക്യം വിളിച്ചെത്തുന്ന അവര്‍ക്ക് നേരെ കാറു നിര്‍ത്തി, മുണ്ടു മടക്കിക്കുത്തി കൈതേരി ഇറങ്ങിച്ചെല്ലുന്നു. പൂജ്യങ്ങള്‍ക്ക് എണ്ണമില്ലാത്തത്രയും തുകയുടെ അഴിമതിയാണ് നിങ്ങളുടെ നേതാക്കള്‍ നടത്തിയിട്ടുള്ളതെന്നും അവിടെച്ചെന്ന് സമരം ചെയ്താല്‍ മതിയെന്നും കൈതേരി ആക്രോശിക്കുന്നു. ഇതിനിടയില്‍ ഉമ്മന്‍ചാണ്ടി മുതല്‍ ശശി തരൂര്‍ വരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ രൂപങ്ങള്‍ ഫ്ളക്സ് ബോര്‍ഡ് രൂപത്തില്‍ കാണിക്കുന്നുണ്ട്. ഭീകര രൂപിയായ കൈതേരിയുടെ ഉഗ്രശാസനത്തില്‍ സമരക്കാര്‍ നിഷ്പ്രഭരാകുന്നു. (എന്തൊരു ഭാവന!) അഴിമതി ആരോപണത്തിനെതിരെ ബി.ജെ.പിക്കാര്‍ എന്ന് തോന്നുന്ന ആരും സമരം നയിക്കുന്നതായി സിനിമയില്‍ കാണുന്നില്ല. തിരക്കഥാകൃത്തിന്റെ ബി.ജെപി.യോടുള്ള അവഗണനയാകില്ല അതിന് കാരണം. പൂജ്യങ്ങള്‍ക്ക് എണ്ണമില്ലാത്തയത്രയും തുകയുടെ അഴിമതി ആരോപണങ്ങള്‍ ബി.ജെ.പിക്കാരും നേരിട്ടിട്ടുണ്ട്. ഗഡ്കരി മുതല്‍ കര്‍ണാടകയിലെ യെഡ്യുരപ്പയും (തല്‍കാലം പുറത്താണെങ്കിലും) റെഡ്ഡി സഹോദരന്‍മാരുമൊക്കെ ഫ്‌ളെക്‌സില്‍ വക്കേണ്ടതായും വരും.
 
 
സിനിമക്ക് സംഘപരിവാര്‍ പക്ഷം ആരോപിക്കുന്നവര്‍ നിരവധിയാണ്. മുരളീകൃഷ്ണനും അരുണിനുമെതിരെ മുന്‍ സിനിമയിലും (ഈ അടുത്ത കാലത്ത്) സമാനമായ ആരോപണം ഉണ്ടായിട്ടുണ്ട്. നായകനെ തല്ലാനെത്തുന്ന ഗുണ്ടകളെ, ശാഖയില്‍ പരിശീലനം നടത്തുന്ന ആര്‍.എസ്.എസുകാരാണ് രക്ഷിക്കുന്നത്. നിത്യവും കിഴക്കേക്കോട്ടയില്‍ താന്‍ കാണുന്ന രംഗം എന്ന നിലയിലാണ് ആര്‍.എസ്.എസ് ശാഖയെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്ന് മുരളീകൃഷ്ണന്‍ അന്ന് പറഞ്ഞിരുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ സംഘപരിവാര രാഷ്ട്രീയം ശരിയാണെന്നതിന്റെ പ്രകടമായ സൂചനകളൊന്നും കാണാനാകില്ല. അവരേക്കുറിച്ച് ശരിയും ദോഷവും പറയുന്നില്ല. ബാക്കിയുള്ളവരെല്ലാം മോശക്കാര്‍ എന്നു മാത്രം പറഞ്ഞുവക്കുന്നു. അപ്പോള്‍പ്പിന്നെ… എന്ന അര്‍ദ്ധോക്തി ആവശ്യമുള്ളവര്‍ പൂരിപ്പിച്ചു കൊള്ളട്ടെ. പതിറ്റാണ്ടുകളായി എ.ബി.വി.പി അടക്കിവാഴുന്ന തിരുവനന്തപുരത്തെ ഒരു കോളേജ്. എം.ജി കോളേജ്  എന്ന് തോന്നും. അവിടെ കൊടിയുയര്‍ത്താന്‍ ചെന്ന ചെഗുവേര റോയിയെ ബി.ബി.വി.പി. ക്കാര്‍ (എ.ബി.വി.പി. ക്കാരുടെ കുങ്കുമക്കുറി, മുണ്ട്, ശരീര ഭാഷയുള്ള ഒരു സംഘം) ഭീഷണിപ്പെടുത്തുന്നുണ്ട്. ഈ ജനാധിപത്യ വിരുദ്ധ സമീപനം ചിത്രീകരിക്കുക വഴി എ.ബി.വി.പിയെ ഞങ്ങള്‍ കുറ്റപ്പെടുത്തിയിട്ടുണ്ടല്ലൊ എന്ന് മുരളീഗോപിക്ക് പറഞ്ഞ്‌ നില്‍ക്കാനാകും. പക്ഷേ ഒരു ബോംബ് പൊട്ടുന്നതിന്റെ ശബ്ദം കേള്‍ക്കുന്നതോടെ അവര്‍ ചിതറിയോടുന്നു. അത്രക്ക്  സാധുക്കളാണ് ബി.ബി.വി.പി.ക്കാര്‍ എന്നാണ് തിരക്കഥാകൃത്തിന്റെ നിലപാട്.
 
മാതാ അമൃതാനന്ദമയീ ആശ്രമവും അതിന്റെ ആശുപത്രിയും സിനിമയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരത്തോട് തിരക്കഥാകൃത്തിന് അനുഭാവമാണുള്ളത്. ആശുപത്രി മാനേജ്‌മെന്റ് ആത്മീയതയുടെ പേര് പറഞ്ഞ് നഴ്‌സുമാരെ ചുഷണം ചെയ്യുകയാണ് എന്ന് സിനിമ പറയുന്നു. ഈ സംഭവം സിനിമയില്‍ ഉള്‍പ്പെടുത്തുക വഴി ഞങ്ങള്‍ സംഘപരിവാര്‍ പക്ഷത്തല്ല എന്ന് ചിലരെയെങ്കിലും വിശ്വസിപ്പിക്കാന്‍ അരുണിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ടാകും. എന്നാല്‍ ഇടപ്പള്ളിയിലെ ആശുപത്രിയില്‍ യാഥാര്‍ത്ഥ സമരത്തോടനുബന്ധിച്ച് നടന്ന ചില കാര്യങ്ങള്‍ തിരക്കഥാകൃത്ത് മറന്നുപോകുന്നു. സംഘപരിവാര്‍ ഗുണ്ടകള്‍ സമര നേതാക്കളെ ചര്‍ച്ചക്ക് വിളിച്ച ശേഷം മര്‍ദ്ദിച്ച് കാലും കൈയും ഒടിച്ച സംഭവം കേരളം മറന്നിട്ടില്ല. സിനിമ ആ ഭാഗത്തേക്ക് കണ്ണയക്കുന്നില്ല. 
 
 
 
കേരള രാഷ്ട്രീയത്തിലെ സമകാലീന സംഭവങ്ങളേയും അതില്‍ ഉള്‍പ്പെട്ട വ്യക്തികളേയും പ്രമേയമാക്കുക വഴി ഒരു ചരിത്രാഖ്യാനത്തിന്റെ മേലങ്കി എടുത്തണിയുന്നുണ്ട് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. തങ്ങള്‍ക്ക് ആവശ്യമുള്ളതു മാത്രം കാണുകയും മറ്റുള്ള സംഭവങ്ങള്‍ തിരസ്‌കരിക്കുകയും ചെയ്ത് നിര്‍മ്മിച്ച പാഠത്തെ യഥാര്‍ത്ഥ ചരിത്രമാണെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇത് അവതരിപ്പിക്കുന്നു. 2013 ലെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ‘അര്‍ഗോ’ ഇത്തരമൊരു വ്യാജ ചരിത്ര നിര്‍മ്മിതിക്ക് ഉദാഹരണമാണ്. 1979-ലെ ഇറാനിയന്‍ വിപ്ളവ കാലത്ത് ടെഹ്‌റാനിലെ യു.എസ്. എംബസിയില്‍ നിന്നും 6 നയതന്ത്ര ഉദ്യോഗസ്ഥര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിന്റെ ഉദ്വേഗജനകമായ കഥയാണത്. സി.ഐ.എ ഏജന്റുമാരാണ് ചിത്രത്തില്‍ രക്ഷപെടല്‍ സാധ്യമാക്കുന്നത്. യഥാര്‍ത്ഥ ചരിത്രത്തില്‍ യു.എസ്.എസ്.ആര്‍ ചാരന്‍മാരാണ് 6 പേരേയും രക്ഷിക്കുന്നത്. ഇക്കാലത്തിന്റെ അമേരിക്കന്‍ – ഇറാനിയന്‍ ദ്വന്ദ്വ രാഷ്ട്രീയത്തില്‍ ചരിത്രപരമായ (സിനിമാറ്റിക്കും) ഒരു തിരുത്തല്‍. ദേശീയതയെ തൊണ്ട തൊടാതെ വിഴുങ്ങുന്ന അമേരിക്കക്കാര്‍ക്ക് സന്തോഷത്തിന് ഇതൊക്കെ മതി. പക്ഷേ കേരളീയര്‍ അ്ങ്ങനെയാകും എന്ന് കരുതുക വയ്യ. ഇതെഴുതുന്നയാള്‍ പിണറായി പക്ഷക്കാരനല്ല. സി.പി.എം. അനുഭാവിയുമല്ല. പക്ഷേ ചരിത്രത്തെ തോന്നുംപടി ദുര്‍വ്യാഖ്യാനം ചെയ്യുന്ന രാക്ഷസമാര്‍ഗങ്ങള്‍ ദഹിക്കുന്നില്ല.
 
രാഷ്ട്രീയത്തെ ആള്‍ക്കൂട്ടത്തിന്റെ മന:സ്ഥിതിയില്‍ വ്യാഖ്യാനിക്കുന്ന ചിലരുണ്ട്. എല്ലാ രാഷ്ട്രീയക്കാരും കാപട്യത്തിന്റെ മാതൃകകള്‍ ആണെന്ന് വിശ്വസിക്കുന്ന അരാഷ്ട്രീയവാദമാണ് ഇവരുടെ പൊതു സ്വഭാവം. ഇവരുടെ തത്വശാസ്ത്രം മുരളീഗോപിയെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. അതിനൊപ്പം സംഘപരിവാറിനേയും ഹൈന്ദവരാഷ്ട്രീയത്തേയും വെറുതെ വിടുന്ന ഉദാരത കൂടിയാകുമ്പോള്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പൂര്‍ണമാകുന്നു. അച്ഛന്‍ തട്ടിന്‍പുറത്തില്ലെന്ന് പറയുന്ന കുട്ടിയേപ്പോലെ, സംഘപരിവാരത്തിന്റെ പ്രിയങ്കരനായിരുന്ന ഭരത് ഗോപിയുടെ കുട്ടിയായ മുരളി ചരിത്രബോധമുള്ള പ്രേക്ഷകര്‍ക്കു മുന്നില്‍ സ്വയം വെളിപ്പെടുന്നു. രാഷ്ട്രീയം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത ഒരാളുടെ നിഷ്‌കളങ്കതയാണ് ചിത്രത്തിന്റെ പ്രമേയത്തെ ഉടനീളം നയിക്കുന്നത്. അതിന് കാവിയുടെ മേമ്പൊടിയുണ്ടെന്ന് മാത്രം. സിനിമക്ക് കേരള രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്ന് അരുണ്‍കുമാറും മൂരളീഗോപിയും പലവുരു ആവര്‍ത്തിച്ചു കഴിഞ്ഞു. ഒരു ജനതയുടെ രാഷ്ട്രീയ ചരിത്രത്തെയും അവര്‍ ജീവിച്ച കാലത്തിന്റെ നേതൃത്വത്തേയും വികലമായി അവതരിപ്പിച്ച ശേഷം അതുമായി തങ്ങളുടെ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങാന്‍ ആവിഷ്‌കാരത്തിന്റെ ഉദാത്ത സ്വാതന്ത്ര്യം ഇവരെ അനുവദിക്കുന്നുണ്ടോ? അച്ചടിച്ചതും അവിഷ്‌കരിച്ചതും കേട്ടുകേള്‍വിപോലും ചരിത്ര രചനയുടെ ഉപകരണങ്ങളാണെന്ന് കരുതപ്പെടുന്ന പുതിയ കാലത്ത് ഈ ചോദ്യം പ്രസക്തമാണ്.  
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍