UPDATES

കേരളം

ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മിലെന്ത്?

ധനേഷ് കാര്‍ത്തികേയന്‍
 
 
 
ഉമ്മന്‍ ചാണ്ടിയെന്ന വര്‍ത്തമാനകാല കേരള രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ നേതാവും അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ ശൈലിയും ചോദ്യം ചെയ്യപ്പെടുകയും വിമര്‍ശന വിധേയമാവുകയും ചെയ്യുന്ന ഘട്ടമാണിത്. ഇതര രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം അവതരിപ്പിച്ച് വിജയിപ്പിച്ച ജനപ്രീയ രാഷ്ട്രീയ ശൈലി ഇതുവരെ വിജയകരമായി തന്നെയാണ് മുന്നേറിയത്. ശീലിക്കലും പാലിക്കലും അതികഠിനമായ ഈ പ്രവര്‍ത്തന ശൈലിയാണ് ഉമ്മന്‍ ചാണ്ടിയെ മറ്റു നേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ജനപ്രീതിയുടെ മുഖ്യ ഘടകവും ഈ ശൈലി തന്നെയാണ്.
 
എന്നാല്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഈ ശൈലിയെ വിമര്‍ശന വിധേയമാക്കേണ്ടതിന്റെ അനിവാര്യത ബോദ്ധ്യപ്പെടുത്തുന്നു. അത്തരമൊരു ഗൗരവ സംവാദത്തിനു മുന്‍കൈയ്യടുക്കാന്‍ മലയാള മാദ്ധ്യമങ്ങളും തയ്യാറായിട്ടല്ല. വിവാദങ്ങള്‍ ഭക്ഷിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന മലയാളികളുടെ മനസറിഞ്ഞ് വിഭവസമൃദ്ധമായ സദ്യ വിളമ്പുന്ന തിരക്കിലാണ് മലയാളത്തിലെ ഭൂരിപക്ഷം അച്ചടി ദൃശ്യ മുഖ്യധാരാ മാദ്ധ്യമങ്ങളും. സംവാദങ്ങളേക്കാള്‍ വിവാദങ്ങളെ ഇഷ്ടപ്പെടുന്ന മലയാളിക്ക് സംവാദ സംസ്‌കാരം തുലോം തുച്ഛമാണ്. ഒരു കാലത്ത് ‘മാ’ പ്രസിദ്ധീകരണങ്ങള്‍ എങ്ങനെയാണോ തങ്ങളുടെ ജനപ്രീതിയുടെ ഗ്രാഫ് റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ത്തിയത് അതേ അച്ചില്‍ തന്നെയാണ് ഇപ്പോള്‍ ഭൂരിപക്ഷം മാദ്ധ്യമങ്ങളും വാര്‍ത്തകള്‍ വിളമ്പുന്നത്. 
 
 
 
ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫോണിലേക്കല്ല മുഖ്യമന്ത്രിയുടെ സന്തത സഹചാരികളുടെ ഫോണിലേക്കാണ് സരിത വിളിച്ചതും തിരിച്ചു വിളിച്ചതും. സാധാരണ നിലയില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ വീഴ്ചയായി മാത്രമെ ഇതിനെ പരിഗണിക്കാന്‍ കഴിയൂ. ധാര്‍മ്മികമായി ഇതില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വം ഉണ്ടെന്നു പറയാമെങ്കിലും ഒപ്പമുളളവരുടെ ടെലിഫോണ്‍ വിളിയുടെ പേരില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉയരില്ല. എന്നാല്‍ ഇവിടെ മൊബൈല്‍ ഫോണ്‍ ഉടമസ്ഥരായ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ഒഴിവാക്കിയതു കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ല. കാരണം ഇവരുടെ ഫോണുകള്‍ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയാണ്. തനിക്ക് സ്വന്തമായി ഫോണില്ലെന്നും സമയാസമയങ്ങളില്‍ ഒപ്പമുളളവരുടെ ഫോണാണ് താന്‍ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി തിരുവനന്തപുരത്തുളളപ്പോള്‍ ബന്ധപ്പെടണമെങ്കില്‍ മന്ത്രിമാരടക്കം വിളിക്കുന്നത് ജോപ്പന്റെ ഫോണിലേക്കാണ്. ഈ ഫോണിലേക്കും തിരിച്ചും വരുന്ന കോളുകള്‍ ജോപ്പന് മാത്രമുളളതല്ല, മുഖ്യമന്ത്രിക്കു കൂടിയുളളതാണ്. ജോപ്പന് വേറെ സ്വകാര്യ ഫോണുളളതിനാല്‍ ഈ ഫോണിലേക്ക് വരുന്ന കോളുകള്‍ മുഖ്യമന്ത്രിക്കു തന്നെയുളളതാണെന്നും പറയാം.
 
എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി സ്വന്തമായി ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന ചോദ്യം ഇവിടെയാണ് ഉയരുന്നത്. മാറുന്ന സാങ്കേതിക മാറ്റങ്ങള്‍ക്ക് ഒപ്പം മാറാന്‍ കഴിയാത്ത നേതാക്കള്‍ ആദ്യ ഘട്ടത്തില്‍ മൊബൈല്‍ ഫോണ്‍ അകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് മൊബൈല്‍ ഉപയോഗിക്കുന്നതിന് പ്രത്യേകിച്ച് എന്തെങ്കിലും സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലെന്ന് കേരളത്തിലെ ഏതു സാധാരണക്കാര്‍ക്കും അറിയാം. വിവര സാങ്കേതിക വിദ്യാ മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുന്നയാളല്ല ഉമ്മന്‍ ചാണ്ടി. എതിര്‍ക്കാനും അനുകൂലിക്കാനും ഇല്ലാതെ മാറി നില്‍ക്കുന്ന നേതാക്കളുടെ ഗണത്തിലുമല്ല അദ്ദേഹത്തിന്റെ സ്ഥാനം. സാങ്കേതിക വിദ്യയുടെ ഏറ്റവും ആധുനികമായ മാറ്റങ്ങള്‍ പഠിക്കുകയും അതിനെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന നേതാവും ഭരണാധികാരിയുമാണ് അദ്ദേഹം. സ്വന്തം ഓഫീസില്‍ ക്യാമറ സ്ഥാപിച്ച് അവിടെ നടക്കുന്ന ഓരോ ചലനങ്ങളും അപ്പപ്പോള്‍ ജനങ്ങള്‍ക്ക് കാണാന്‍ അവസരം ഒരുക്കി നല്‍കിയ മുഖ്യമന്ത്രിയാണ് അദ്ദേഹം. മുഖ്യമന്ത്രിയെ കാണാന്‍ ആരു വരുന്നു പോകുന്നു എന്നതടക്കം എല്ലം ജനങ്ങള്‍ക്ക് കാണാനായി ആധുനിക സാങ്കേതിക വിദ്യാ സംവിധാനം പ്രയോജനപ്പെടുത്തി മറ്റു ഭരണാധികാരികള്‍ക്ക് മാതൃക കാട്ടിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യതകള്‍ ഭരണത്തില്‍ ഉപയോഗിക്കുകയും അതിനായി പ്രത്യേക ഉപദേശകനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു മുഖ്യമന്ത്രി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അതില്‍ മറ്റെന്തോ ചിലതുണ്ട്.  ഏത് ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ നിന്നും തൊട്ടടുത്ത് നില്‍ക്കുന്ന ആള്‍ പോലും കേള്‍ക്കാതെ മറുതലയ്ക്കലുളള ആളോട് സംസാരിക്കുന്ന ഉമ്മന്‍ ചാണ്ടി ആരോഗ്യപരമായ കാരണങ്ങളാലോ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളോട് താല്‍പ്പര്യം ഇല്ലാഞ്ഞിട്ടോ അല്ല സ്വന്തമായി ഒരു മൊബൈല്‍ നമ്പര്‍ സൂക്ഷിക്കാത്തത്. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയുടെ ഭാഗമാണ്. 
 
 
ഇവിടെയാണ് ഉമ്മന്‍ ചാണ്ടിയെന്ന കൂര്‍മ്മ ബുദ്ധിക്കാരനായ നേതാവിന്റെ കൗശലം തിരിച്ചറിയേണ്ടത്. കെ. കരുണാകരനെ പോലെ ബുദ്ധിമാനും കൗശലക്കാരനും തന്ത്രജഞനും ജനപ്രീയനുമായ ഒരു കോണ്‍ഗ്രസ് നേതാവും കേരളത്തില്‍ ഇതുവരെ ജീവിച്ചിരിന്നിട്ടില്ല. പാര്‍ട്ടിയേക്കാള്‍ വലുതാണ് കരുണാകരനെന്നും കരുണാകരനാണ് പാര്‍ട്ടിയെന്നും വിശ്വസിച്ചിരുന്ന ആയിരക്കണക്കിന് അണികളും നേതാക്കളും ഉണ്ടായിരുന്നു. നേതാവിന് ഉണ്ടായിരിക്കേണ്ടതെന്ന് വിശ്വസിക്കുന്ന സാമാന്യമായ പ്രത്യേകതകള്‍ ഒന്നുമില്ലാതെ ദേശീയ രാഷ്ട്രീയത്തിന്റെ അമരത്ത് തുടരുന്ന നേതാവാണ് എ.കെ. ആന്റണി. ഇരുവരെയും മുഖ്യമന്ത്രി കസേരയില്‍ നിന്നും താഴെ ഇറക്കിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി കസേരയില്ലെങ്കില്‍ ഉപമുഖ്യമന്ത്രി കസേരയോ കുറഞ്ഞത് ആഭ്യന്തര വകുപ്പോ എങ്കിലും സ്വപ്‌നം കണ്ട രമേശ് ചെന്നിത്തലയെ കുത്തിയൊടിച്ചു മടക്കി പെട്ടിലാക്കിയ ഉമ്മന്‍ ചാണ്ടിയുടെ വിരുത് കേരളം കണ്ടുകഴിഞ്ഞതേയുളളു. 
 
ഓര്‍ത്തഡോക്‌സുകാരനായ ഉമ്മന്‍ ചാണ്ടിയുടെ വളര്‍ച്ചയ്ക്കു ശേഷം എറണാകുളം മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ക്രിസ്ത്യന്‍ മേഖലകളില്‍ നിന്ന് കത്തോലിക്കാ ഇതര വിഭാഗങ്ങളില്‍ നിന്ന് ഒരു ക്രിസ്ത്യന്‍ നേതാവും കോണ്‍ഗ്രസില്‍ വളര്‍ന്നു വന്നിട്ടില്ലെന്നതും അത്ര യാദൃശ്ചികമല്ല. പാര്‍ട്ടിക്കു വേണ്ടി പണം പിരിയ്ക്കുന്നതു മുതല്‍ ആദര്‍ശം നിലനിര്‍ത്തല്‍ വരെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ സര്‍വ്വ മേഖലകളിലും തന്റെ വൈദഗ്ധ്യം തെളിയിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടി.
 
ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായി ഒരു ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നു എന്ന് കരുതുക. സാധാരണ ഗതിയില്‍ ജോപ്പനും തോമസ് കുരുവിളയും സലീംരാജും ജിക്കുമോന്‍ ജേക്കബും ഒക്കെയാവും ഇതിന്റെ കൈവശക്കാര്‍. ഇവര്‍ സരിതയുമായി വിളിച്ചത് ഈ ഫോണില്‍ നിന്നായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്തതിന്റെ ഗുണം. 
 
വരാനുളള വിസ്‌ഫോടനം വരുമോ  
 
സുന്ദരിയായ ഒരു പെണ്ണുവിളിച്ചപ്പോള്‍ സ്റ്റാഫില്‍ ചിലര്‍ ഇത്തിരി പഞ്ചാരയടിച്ചു പോയതിന് മുഖ്യമന്ത്രിയെന്തു പിഴച്ചു എന്ന് ചിന്തിക്കുന്നവരുമുണ്ട്. വിഷയത്തെ അത്തരത്തില്‍ വഴി തിരിച്ചു വിടാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പങ്കിനെ അങ്ങനെ ലഘൂകരിച്ച് കാണാനാവില്ല. 
 
 
എം.ഐ.ഷാനവാസ് പറഞ്ഞതനുസരിച്ച് ബിജു രാധാകൃഷ്ണന്‍ തന്നെ വന്നു കണ്ടിരുന്നു എന്നും കുടുംബ പ്രശ്‌നങ്ങളാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. തന്റെ ഭാര്യ സരിതയും അന്നത്തെ മന്ത്രി കെ.ബി. ഗണേഷ് കുമാറും തമ്മിലുളള വഴിവിട്ട ബന്ധത്തെ കുറിച്ച് പരാതി പറയാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. അതു വിശ്വസിക്കേണ്ട, എന്നാല്‍ ഗണേശിന്റെ പേരു പറഞ്ഞില്ലെങ്കിലും ബിജു പറഞ്ഞത് ശരിയാണെന്ന് എം.ഐ. ഷാനവാസ് സമ്മതിച്ചത് അവിശ്വസിക്കാനാവില്ല.
 
അപ്പോള്‍ മുഖ്യമന്ത്രിയെ ബിജു രാധാകൃഷ്ണന്‍ സ്വകാര്യമായി കണ്ടിട്ടുണ്ട്. സരിതയും ഗണേഷ് കുമാറുമായിട്ടുളള വഴിവിട്ടതോ വിടാത്തതോ ആയ ബന്ധത്തെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ട്. തന്നോടു പറഞ്ഞ ഈ പരാതി ബിജു പരസ്യമായി പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷത്തിനെ കുറിച്ച് മറ്റാരേക്കാളും നന്നായി അറിയുന്ന ആളുമാണ് ഉമ്മന്‍ ചാണ്ടി. അഴിമതി വന്നാല്‍ രക്ഷപെടാം പക്ഷെ പെണ്ണുകേസില്‍ പെട്ടാല്‍ മന്ത്രി പണി പോകുമെന്നതിന് പി.ടി. ചാക്കോ മുതല്‍ തെളിവുകള്‍ വേണ്ടുവോളമുണ്ടു താനും. 
 
കഷ്ടി ഭൂരിപക്ഷത്തില്‍ നില്‍ക്കുന്ന തന്റെ സര്‍ക്കാരിന്റെ ഭാവി തന്നെ അപകടത്തിലാക്കുന്ന വെടിമരുന്നാണ് ബിജു മുഖ്യമന്ത്രിക്കു മുന്നില്‍ തുറന്നിട്ടത്. ഇങ്ങനെയൊരു വിവരം അറിഞ്ഞാല്‍ സ്വാഭാവികമായും ഏതു മുഖ്യമന്ത്രിയും ആദ്യം ചെയ്യുക ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ തന്റെ വിശ്വസ്തരായ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയാണ്. പ്രശ്‌നം എങ്ങനെയും ഒതുക്കി തീര്‍ക്കാന്‍ ഗണേശിന് കര്‍ശന താക്കീതു നല്‍കുയകയും ചെയ്യും. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ബിജു പറഞ്ഞതാണോ ഗണേശന്‍ പറഞ്ഞതാണോ നേര്, ആരാണ് സരിത എസ്. നായര്‍, ആരുമായെല്ലാം ബന്ധമുണ്ട്, ഇതില്‍ ഭരണപക്ഷമെത്ര പ്രതിപക്ഷമെത്ര, ഏതു തരം ബന്ധം, എന്താണു പണി, തുടങ്ങി പഠിച്ച സ്‌കൂളും കോളേജും ഫോട്ടോയും സ്വഭാവവും, പ്രസവവും എന്തിന് സരിതയുടെ ജാതകം വരെ പൊക്കാന്‍ ഇവര്‍ക്ക് ദിവസങ്ങള്‍ മതി. സ്വന്തം ഓഫീസില്‍ നിന്ന് ആരെല്ലാം സരിതയെ വിളിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടാവും. രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളുളള സരിതയുടെ വിവരങ്ങള്‍ അറിയാന്‍ ഇനി സ്‌പെഷ്യല്‍ ബ്രാഞ്ച് വേണമെന്നൊന്നുമില്ല. മ്യൂസിയം എസ്.ഐയോടു ചോദിച്ചാല്‍ പോലും അറിയാം. പൊലീസിലും സ്‌പെഷ്യല്‍ ബ്രാഞ്ചിലും ഉമ്മന്‍ ചാണ്ടിക്ക് വിശ്വസ്തര്‍ ഏറെയുണ്ടുതാനും. കോടിയേരി ഭരിച്ച കാലത്തു പോലും പല വിവരങ്ങളും കോടിയേരി അറിയും മുമ്പേ ഉമ്മന്‍ ചാണ്ടി അറിഞ്ഞിരുന്നു. പാമോയില്‍ കേസില്‍ സി.പി.എം ഔദ്യോഗിക പക്ഷം അഴകൊഴമ്പന്‍ നിലപാടു സ്വീകരിച്ചതും ഇത്തരം പലതും ഉമ്മന്‍ ചാണ്ടിക്ക് അറിവുളളതു കൊണ്ടു കൂടിയാണ്. 
 
സരിതയുടെ വ്യക്തമായ ചിത്രം മാസങ്ങള്‍ക്കു മുമ്പേ ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമായി അറിയാം. തന്റെ ഓഫീസുമായുളള ബന്ധവും അറിയാം. ഇങ്ങനെയൊരാളുമായി ബന്ധം തുടരരുതെന്ന് കര്‍ശന നിര്‍ദ്ദേശം ഉമ്മന്‍ ചാണ്ടി നല്‍കിയിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം ഉമ്മന്‍ ചാണ്ടിക്കു വേണ്ടിയുളള ഫോണ്‍ നമ്പരില്‍ നിന്നെങ്കിലും സ്റ്റാഫ് അംഗങ്ങള്‍ സരിതയെ വിളിക്കുമായിരുന്നില്ല. അപ്പോള്‍ അങ്ങനെയാരു വിലക്ക് നല്‍കാന്‍ കഴിയാത്ത തരത്തില്‍ ഏതോ കുരുക്ക് ഇതിനു പിന്നിലുണ്ട്. സരിതയും ബിജുവും നല്ല ഒന്നാന്തരം തട്ടിപ്പുകാരാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇങ്ങനെയൊരു ബന്ധം തുടരാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായത്. ഇവരെ വലിച്ചു പറിച്ചു കളയാന്‍ കഴിയാത്ത തരത്തില്‍ ഒരു കുടുക്ക് എവിടെയോ ഉണ്ട്. അത് പുറത്തു വരുമോ എന്നാണ് ഇനി അറിയാനുളളത്. അതു വന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കസേര തെറിക്കും. 
 
പിന്നില്‍ക്കുത്ത്
 
രാജിവയ്ക്കണമെന്നൊക്കെ ഞങ്ങള്‍ പുറമെ പറയും, അതുകൊണ്ടൊന്നും രാജിവച്ചു കളയല്ലേയെന്നാവും ഉമ്മന്‍ ചാണ്ടിയോടു പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടാവുക. ചാണ്ടി രാജിവച്ചാല്‍ സര്‍ക്കാര്‍ തകരും. ഇടതു ഭരണം വന്നാല്‍ മുഖ്യമന്ത്രി കസേരയില്‍ നിന്നു വി.എസിനെ ഒഴിവാക്കല്‍ നടക്കില്ലെന്ന് ഏറ്റവും നന്നായി അറിയുക പിണറായിക്ക് തന്നെയാണ്.  
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍