UPDATES

അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍ക്ക് സംഭവിക്കുന്നത്

എം.ബി രാജേഷ് 
 
 
പാലക്കാട് ജില്ലയിലെ അട്ടപ്പാടി കേരളത്തിലെ പ്രധാനപ്പെട്ട ആദിവാസി മേഖലകളിലൊന്നാണ്. ആലപ്പുഴ ജില്ലയോളം വലുപ്പമുള്ള അട്ടപ്പാടി മേഖല മണ്ണാര്‍ക്കാട് താലൂക്കിന്റെ ഭാഗമാണ്. അട്ടപ്പാടി കഴിഞ്ഞ ഏതാനും മാസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് നവജാത ശിശുക്കളുടെ അനുദിനമെന്നോണം സംഭവിച്ചു കൊണ്ടിരിക്കുന്ന മരണങ്ങളുടെ പേരിലാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 43 നവജാതശിശുക്കളാണ് അട്ടപ്പാടിയില്‍ മരിച്ചത്. ഇത് അട്ടപ്പാടിയുടെ എന്നല്ല കേരളത്തിന്റെ തന്നെ ചരിത്രത്തില്‍ അപൂര്‍വ്വമായ സംഭവമാണ്. ഈ കൂട്ട ശിശുമരണം പോഷകാഹാരക്കുറവുമൂലമാണെന്ന വസ്തുത ഇപ്പോള്‍ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.  
 
രാജ്യത്ത് പോഷകാഹാരക്കുറവു മൂലമുള്ള ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും കേരളം അതില്‍ നിന്ന് വേറിട്ട് നിന്നിരുന്നു. കേരളത്തിന്റെ, വികസിതരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മാനവവികസന സൂചികയുടെ ഏറ്റവും സവിശേഷ ഘടകങ്ങളിലൊന്ന് കുറഞ്ഞ ശിശു മരണനിരക്കായിരുന്നു. പോഷകാഹാരക്കുറവ് ഇവിടെ കേട്ടുകേള്‍വി പോലും ഇല്ലാത്തതായിരുന്നു. എന്നാല്‍ സ്ഥിതിഗതികളില്‍ ആശങ്കയുളവാക്കും വിധം മാറ്റം വന്നിരിക്കുന്നു എന്നതിന്റെ സൂചനയാണ് അട്ടപ്പാടി നല്‍കുന്നത്. അട്ടപ്പാടി ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതാനാവില്ല. അട്ടപ്പാടിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇവിടെ നമുക്ക് പരിശോധിക്കാം.
 
 
ശിശുമരണം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ ലേഖകന്‍ ഏപ്രില്‍ 14ന് വിഷുദിനത്തില്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് മനസ്സിലായത് ആ സന്ദര്‍ശനത്തിലൂടെയാണ്. കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അട്ടപ്പാടിയില്‍ കാണാന്‍ കഴിഞ്ഞത് വ്യാപകമായ പോഷകാഹാരക്കുറവും ഗര്‍ഭിണികളിലേയും കുട്ടികളിലേയും വിളര്‍ച്ചയും മാതൃ-ശിശു സംരക്ഷണ പദ്ധതി നടത്തിപ്പിന്റെ നീതീകരിക്കാനാവാത്ത വീഴ്ചകളും സര്‍ക്കാര്‍ സംവിധാനത്തിന്റെ തികഞ്ഞ നിരുത്തരവാദിത്തവുമായിരുന്നു. അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചും അടിയന്തിര പരിഹാരം എന്ന നിലയില്‍ പത്ത് നടപടികള്‍ നിര്‍ദ്ദേശിച്ചു കൊണ്ടും മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയുണ്ടായി. അതോടൊപ്പം ഡി.വൈ.എഫ്.ഐ, സി.പി.ഐ.(എം) എന്നിവയുടെ നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളിലായി ഏതാണ്ട് 40 ടണ്‍ അരിയും 5 ടണ്‍ പയറും സമാഹരിച്ച് ഊരുകളില്‍ വിതരണം ചെയ്തു. അതിനുശേഷം വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍, ജില്ലയിലേയും സമീപ ജില്ലകളിലേയും പ്രധാന ആശുപത്രികളുടെ സഹകരണത്തോടെ ഏഴ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. സി.പി.ഐ(എം) നിയോഗിച്ചതനുസരിച്ച് പ്രമുഖ ജനകീയ ആരോഗ്യപ്രവര്‍ത്തകനും കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍മാരുമായ ഡോ.ബി. ഇക്ബാലിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പ്രത്യേക പഠനം നടത്തുകയും ചെയ്തു. പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. സംഘത്തിന്റെ കണ്ടെത്തലുകള്‍ വളരെ ഗൗരവമുള്ളതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍ ഗുരുതരമായ പോഷണ വൈകല്യങ്ങളും വിളര്‍ച്ചയും കണ്ടതായി വിദഗ്ദ്ധ സംഘം ചൂണ്ടിക്കാട്ടുന്നു. കാലം തികയാത്ത പ്രസവം, തൂക്കം കുറഞ്ഞ നവജാത ശിശുക്കള്‍ എന്നിവയാണ് ശിശുമരണത്തിന് മുഖ്യകാരണം. നവജാത ശിശുക്കളില്‍ മിക്കവരുടെയും തൂക്കം 600 മുതല്‍ 800 ഗ്രാം വരെ മാത്രമാണ്. സന്നദ്ധ സംഘടനയായ 'തമ്പി'ന് വേണ്ടി കുട്ടികളെ പരിശോധിച്ച ഡോ. ജി. സത്യന്‍ പറഞ്ഞത് അദ്ദേഹം മെയ് 19 ന് പരിശോധിച്ച 100 കുട്ടികളില്‍ എല്ലാവരും പോഷണ വൈകല്യങ്ങള്‍ ഉള്ളവരാണെന്നാണ്. മൂന്നു മുതല്‍ 6 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കും പോഷകാഹാരം ഉറപ്പ് വരുത്തേണ്ട അംഗന്‍വാടികള്‍ മിക്കവയും പ്രവര്‍ത്തന രഹിതമാണ്. യൂണിസെഫിന്റേത് ഉള്‍പ്പെടെയുള്ള മറ്റ് പഠന സംഘങ്ങളുടെ കണ്ടെത്തലുകളും വ്യത്യസ്തമല്ല.   
 
 
അട്ടപ്പാടിയിലെ ദുരന്തത്തിന് കാരണങ്ങള്‍ ഏറെയാണ്. ആദിവാസികളുടെ ആവാസവ്യവസ്ഥ തകര്‍ന്നതും പരമ്പരാഗത കൃഷിരീതി ഇല്ലാതായതും ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിക്കുകയും പട്ടിണിയിലേക്കും വറുതിയിലേക്കും ആദിവാസികുടുംബങ്ങളെ വലിച്ചെറിയുകയും ചെയ്തു. സാമൂഹിക  മേഖലകളില്‍ നിന്നുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്മാറ്റം പൊതുജനാരോഗ്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തി. പൊതുവിതരണ സമ്പ്രദായം പരിമിതപ്പെടുത്തിയത് വലിയൊരു വിഭാഗം ആദിവാസി വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷയെ ബാധിച്ചു. അട്ടപ്പാടിയിലെ 2066 ആദിവാസി കുടുംബങ്ങള്‍ എ.പി.എല്‍. പട്ടികയിലാണ് എന്നത് എത്ര വിരോധാഭാസമാണ്. അംഗന്‍വാടികളിലൂടെ നേരത്തേ വിതരണം ചെയ്തിരുന്ന മുട്ട, പാല്‍, പഴം എന്നിവ ചെലവുകള്‍ വെട്ടിചുരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഒന്നര വര്‍ഷം മുമ്പ് നിര്‍ത്തലാക്കി. വിതരണം ചെയ്തിരുന്ന പോഷകാഹാര കിറ്റുകളുടെ എണ്ണം പകുതിയായി വെട്ടിക്കുറച്ചു. ഐ.ജി.എം.എസ്.വൈ പ്രകാരം ഗര്‍ഭിണികള്‍ക്ക് മൂന്ന് ഗഡുക്കളായി വിതരണം ചെയ്യുന്ന 4000 രൂപയുടെ സഹായം അട്ടപ്പാടിയില്‍ മിക്കവര്‍ക്കും ലഭിച്ചിട്ടില്ല. കൗമാര പ്രായക്കാര്‍ക്കുള്ള പോഷകാഹാര പദ്ധതിയായ 'സഫല' അട്ടപ്പാടിയില്‍ നടപ്പാക്കിയിട്ടേയില്ല. മുന്‍ ഗവണ്മെന്റ് ആരംഭിച്ച മികച്ച സൗകര്യങ്ങളുള്ള കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റെയും അഭാവം മൂലം പ്രയോജന രഹിതമാണ്. ഇതിനു പുറമേ കള്ളവാറ്റ്, കഞ്ചാവ്കൃഷി, അനധികൃത മദ്യവില്‍പ്പന എന്നിവ തടയുന്നതില്‍ ഉണ്ടായിട്ടുള്ള വീഴ്ച കൂടി ആയപ്പോള്‍ ദുരന്തത്തിന്റെ ആഘാതം കൂടി.
  

                                                                                                                           photo: Laiju Y
 
വളരെ നിരുത്തരവാദപരവും ഉദാസ്സീനവുമായ സമീപനം സ്വീകരിച്ച സര്‍ക്കാര്‍ അട്ടപ്പാടിയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചത്. പോഷകാഹാരം ലഭിക്കാത്തതല്ല ശിശുക്കള്‍ക്ക് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കഴിയാത്തത് മൂലമാണ് ശിശുമരണം എന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ ആദ്യ റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ ഈ ലേഖകന്‍ പ്രശ്‌നം ഉന്നയിക്കുകയും കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ സ്ഥിതി അത്രക്ക് ഗുരുതരമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതിനാല്‍ കേന്ദ്ര സംഘത്തെ അയക്കുന്നില്ലെന്നായിരുന്നു മറുപടി. എന്നാല്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയായതോടെ വാദങ്ങള്‍ പൊളിഞ്ഞ സംസ്ഥാന സര്‍ക്കാരിന് നില്‍ക്കക്കള്ളിയില്ലാതായി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ മന്ത്രിമാര്‍ അട്ടപ്പാടിയില്‍ വന്നു. ഗുരുതരമായ വീഴ്ചകളുണ്ടായി എന്ന് ജനങ്ങള്‍ക്ക് മുന്നില്‍ മന്ത്രിമാര്‍ക്ക് തുറന്ന് സമ്മതിക്കേണ്ടിയും വന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പരിഹാര നടപടി എന്ന നിലയില്‍ ഒരു പാക്കേജ് പ്രഖ്യാപിച്ചു. ഈ ലേഖകന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ മുന്നോട്ട് വച്ച 10 നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു. എന്നാല്‍ പാക്കേജ് പ്രഖ്യാപിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും നിര്‍ദ്ദേശങ്ങളില്‍ മിക്കവയും നടപ്പാക്കപ്പെട്ടിട്ടില്ല. മുട്ട, പാല്‍, പഴം എന്നിവയുടെ വിതരണം പുനരാരംഭിക്കാന്‍ ഫണ്ട് അനുവദിക്കുന്നതിന് പകരം അംഗന്‍വാടി ടീച്ചര്‍മാരോട് സ്വന്തം കൈയില്‍ നിന്ന് പണമെടുത്ത് ഇവ വാങ്ങി നല്‍കാന്‍ ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്! അംഗന്‍വാടി ടീച്ചര്‍മാര്‍ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവരാണെന്ന് ഓര്‍മ്മിക്കണം. എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും നടപടികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. ബി.പി.എല്‍ നിരക്കില്‍ റേഷന്‍ നല്‍കാനുള്ള വിഹിതം റേഷന്‍കടകള്‍ക്ക് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച് നല്‍കിയിട്ടുമില്ല. ശിശുമരണം വിവാദമായപ്പോള്‍ ഏതാനും ഡോക്ടര്‍മാരെ നിയോഗിച്ചെങ്കിലും അവര്‍ തിരിച്ചു പോകാന്‍ ഒരുങ്ങുന്നതായാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്തകള്‍. 20,000 രൂപ അധിക അലവന്‍സ് നല്‍കി ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും പ്രവര്‍ത്തനം കടലാസ്സില്‍ മാത്രമാണ്.  
 
ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നത് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചാ വിഷയമായി തീരുകയും യൂണിസെഫ് സംഘമുള്‍പ്പെടെ അട്ടപ്പാടിയില്‍ എത്തുകയും ചെയ്തിട്ടും മുഖ്യമന്ത്രി ഇതുവരെ അവിടം സന്ദര്‍ശിക്കാന്‍ സന്നദ്ധനായില്ല എന്നത് സര്‍ക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നു. ഒടുവില്‍ പ്രതിഷേധം ശക്തമാകുകയും കേന്ദ്രമന്ത്രിമാര്‍ അട്ടപ്പാടിയില്‍ എത്തുകയും ചെയ്യുമെന്ന് അറിയിച്ചതോടെയാണ്  ജൂണ്‍-6ന് അട്ടപ്പാടി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാവുന്നത്. ശിശുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് 'അതിവേഗം ബഹുദൂരം' മുദ്രാവാക്യമായി അംഗീകരിച്ച മുഖ്യമന്ത്രി അട്ടപ്പാടിയിലെത്തുന്നതെന്ന് ഓര്‍ക്കണം.    
 
 
അട്ടപ്പാടിയിലെ കൂട്ട ശിശുമരണത്തിന് അറുതി വരുത്താന്‍ ദീര്‍ഘകാല അടിസ്ഥാനത്തിലും അടിയന്തിരമായും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് തിരിച്ചുകൊടുക്കുകയും അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥയും കൃഷി രീതിയും തനത് ഭക്ഷണരീതിയും പുനരുജ്ജീവിപ്പിക്കുക എന്നതും വളരെ പ്രധാനമാണ്. ആദിവാസി ക്ഷേമ പദ്ധതികളുടെ കുറ്റമറ്റ നടത്തിപ്പ് ഉറപ്പാക്കാനുള്ള സംവിധാനം ഉണ്ടാകണം. അംഗന്‍വാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ഉപകേന്ദ്രങ്ങള്‍, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവയുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിലൂടെ മാതൃ-ശിശു സംരക്ഷണവും പൊതുജനാരോഗ്യവും ഉറപ്പ് വരുത്തണം. ശുദ്ധജലം ലഭ്യമാക്കുക എന്നത് അടിയന്തിര പ്രാധാന്യമുള്ള കാര്യമാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്യുന്ന നിലയില്‍ വര്‍ഷത്തില്‍ നൂറു ദിവസം തൊഴില്‍ ഉറപ്പാക്കുകയും തൊഴില്‍ നല്‍കാതിരുന്നാല്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണം. എല്ലാ ആദിവാസികളെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും റേഷന്‍ കടകളിലൂടെയും അംഗന്‍വാടികളിലൂടെയും ആദിവാസികളുടെ തനത് ഭക്ഷ്യവസ്തുക്കള്‍ കൂടി വിതരണം ചെയ്യുകയും വേണം. ആദിവാസി വനാവകാശനിയമം ഉപയോഗിച്ച് ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണം. മനുഷ്യ വികസന സൂചികയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം നേട്ടം കൈവരിച്ച കേരളത്തിന് അട്ടപ്പാടിയിലെ പോഷകാഹാര കുറവ് മൂലമുള്ള കൂട്ടശിശുമരണം നാണക്കേടാണ്. പോഷകാഹാര കുറവ് മൂലം കുട്ടകള്‍ മരിക്കുന്നത് ദേശീയ അപമാനമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ കുറച്ച് നാള്‍ മുമ്പാണ് പറഞ്ഞത്. മാനവവികസന സൂചികയിലും ജീവിത ഗുണമേന്മയിലും എന്നും ഇന്ത്യക്ക് മുമ്പിലായിരുന്ന കേരളത്തിന്റെ നേട്ടങ്ങള്‍ വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ്. അട്ടപ്പാടി ഒരു ആപത് സൂചനയാണ്.
 
കേരള നിയമസഭയില്‍ അവതരിപ്പിച്ച ഒരു സി.എ.ജി. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് 2011 – 12 വര്‍ഷത്തില്‍ പോഷകാഹാരക്കുറവ് മൂലം സംസ്ഥാനത്ത് 110 ശിശുമരണം സംഭവിച്ചു എന്നാണ്. ഉദാരവല്‍ക്കരണ നയങ്ങളും സാമൂഹ്യ ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റവുമാണ് യഥാര്‍ത്ഥ പ്രശ്‌നം. അത് സൃഷ്ടിക്കുന്ന ദുരന്തത്തിന് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരും അധ:സ്ഥിതരുമായ ആദിവാസി വിഭാഗം എളുപ്പത്തില്‍ ഇരയാകുന്നു. തിരുത്തല്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഇത് അട്ടപ്പാടിയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കില്ല. ഡോ. ഇക്ബാല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയതു പോലെ അട്ടപ്പാടിയിലെ ആദിവാസിസമൂഹം നിശ്ശബ്ദമായ വംശഹത്യക്ക് വിധേയരായി തീരുകയാണ്. ഈ നിശ്ശബ്ദ വംശഹത്യ ചെറുക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയോടെയും നിതാന്ത ജാഗ്രതയോടെയും ഇടപെട്ടാല്‍ മാത്രമേ ഈ അസാധാരണ സ്ഥിതിവിശേഷത്തെ നേരിടാനാവൂ. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍