UPDATES

സിനിമ

പൃഥ്വിരാജ് ബോളിവുഡിലെ ഔറംഗസേബ് ആകുന്ന വിധം

അന്‍വര്‍ അബ്ദുള്ള 

 

(കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ബോളിവുഡിലെ മലയാളി – മധു മുതല്‍ പൃഥ്വിരാജ് വരെ എന്ന ലേഖനത്തിന്റെ തുടര്‍ച്ച)
 
പൃഥ്വിരാജ് ഇതിനുമുന്‍പ് തെക്കുനിന്നുപോയവരാരും സൃഷ്ടിക്കാത്ത ഒരു ഇടം ഒരുക്കാന്‍ സാദ്ധ്യതകള്‍ തേടുന്നത് സിനിമാബന്ധിതമെങ്കിലും നേരിട്ട് നോക്കിയാല്‍ സിനിമേതരമായ ചില സഹചര്യങ്ങള്‍ കൂടി മുതലെടുത്തുകൊണ്ടാണ്. കമല്‍, രജനി മുതല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ വരെയുള്ളവരുടെ കാര്യത്തില്‍ മാത്രമല്ല, ഈയടുത്ത് ബോളിവുഡിലേക്കു സ്വയം വിക്ഷേപിച്ച സൂര്യ, വിക്രം എന്നിവരുടെ കാര്യത്തിലും ഇല്ലാതിരുന്ന ചില സാഹചര്യങ്ങള്‍ പൃഥ്വി സ്വയം നിര്‍മിച്ചെടുത്തിട്ടുണ്ട്. വിക്രമിന്റെയും മാധവന്റെയുമൊക്കെ കാര്യത്തില്‍, അല്ലെങ്കില്‍ കമലിന്റെ മുതലുള്ള കാര്യത്തില്‍ ഇവയില്‍ ചിലത് ഭാഗികമായ സ്വഭാവവും മറ്റുള്ളവരുടെ കാര്യത്തില്‍ പൂര്‍ണമായും അഭാവവുമായവയാണ്. കമലിനു മുതല്‍ വിക്രമിനു വരെ ഭാഗികമായി സ്വഭാവമായിരുന്നതിനപ്പുറം, അവര്‍ക്ക് അഭാവമായിരുന്ന ചിലതെങ്കിലും കൂടി പൃഥ്വിക്ക് സ്വഭാവമായിട്ടും വരുന്നുണ്ട്. 
 
ഭാഗികമായി എന്നുദ്ദേശിച്ചതില്‍ മീശയുടെ കാര്യം പ്രധാനമാണ്. പൃഥ്വിരാജ് എന്ന നടന്‍ മറ്റേതൊരു മലയാളനടനെയും പുരുഷനെയും (തെന്നിന്ത്യനെന്നു തന്നെ പറയാം) പോലെ മേല്‍മീശയോടുകൂടി തിരശ്ശീലയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയൊരാളാണ്. ആദ്യ ചിത്രമായ നന്ദനത്തില്‍ കുറ്റിമീശയും കുറ്റിത്താടിയുമുള്ള വിമതഭാവത്തിലാണ് അയാളെത്തിയത്. എന്നാല്‍, പിന്നീട്, ബോളിവുഡ് മോഹത്തിലേക്ക് താന്‍ മാറുമ്പോള്‍ ഈ തെന്നിന്ത്യന്‍ മുഖഭാവം മാറ്റാനും പൃഥ്വി ആദ്യമായാശ്രയിച്ച് ഈ മേല്‍മീശരോമങ്ങളുടെ നിരാകരണമാണ്. ദീപന്‍ എന്ന സംവിധായകന്‍ ഒരുക്കിയ ‘പുതിയമുഖ’മെന്ന ചിത്രത്തില്‍. തന്റെ പുതിയ മുഖമൊരുക്കാന്‍, അതിനെ ആദ്യമായി മലയാളികളുടെയെങ്കിലും മുന്നില്‍ വ്യവസ്ഥപ്പെടുത്താനും അംഗീകൃതമാക്കാനും പൃഥ്വി വളരെയധികം കരുതിയാണു നീങ്ങിയത്. അതിനുമുന്‍പുള്ള നായകശരീരങ്ങള്‍, താരരൂപങ്ങള്‍ മലയാളിക്കു പരിചിതമല്ലാത്ത ഈ മീശരഹിതരൂപങ്ങളെ എക്കാലവും തിരസ്‌കരിച്ചിരുന്നു. പ്രേംനസീറെന്ന സ്‌ത്രൈണഭാവശീലനായ നായകന്‍ അപൂര്‍വമായി മേല്‍മീശയില്ലാതെ പ്രത്യക്ഷപ്പെട്ടിട്ടുണ്. സത്യത്തില്‍ നിത്യജീവിതത്തില്‍ മേല്‍മീശ വേണ്ടെന്നു വയ്ക്കുക പതിവാക്കിയിരുന്ന നസീര്‍ കൃത്രിമമായ മേല്‍മീശയോടെയാണ് സിനിമയില്‍ എപ്പോഴും കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരബിംബങ്ങള്‍ കൂറ്റന്‍ ഔന്നത്യം പ്രാപിച്ച മമ്മൂട്ടി- ലാല്‍ യുഗത്തില്‍ മീശ വളരെ നിര്‍ണായകമായി വരുന്നതു കാണാം. മമ്മൂട്ടി ആദ്യമായി മീശയെടുത്തഭിനയിക്കുന്നത് ‘ഒന്നു ചിരിക്കൂ’ എന്ന പി.ജി.വിശ്വംഭരന്‍ പടത്തിലാണ്. ഒരു യുവതിയെ ഇംപ്രസ് ചെയ്യിക്കാനാണ് അതിലെ കഥാപാത്രം മീശയെടുക്കുന്നത്. ചിത്രം പരാജയപ്പെട്ടു. മോഹന്‍ലാല്‍ ആദ്യമായി മീശയെടുക്കുന്നത് ‘രംഗ’ത്തിനുവേണ്ടിയാണ്. ചിത്രത്തില്‍ കാമുകിയെ കാക്കാന്‍ അറിയാത്ത ദുര്‍ബബല പുരുഷനായിരുന്നു ലാല്‍. പിന്നീട് ‘പഞ്ചാഗ്നി’ക്കുവേണ്ടിയും ലാല്‍ മീശയെടുത്തെങ്കിലും അതും സ്‌ത്രൈണശക്തിയെ അടയാളപ്പെടുത്തുന്നതും നായകനു ദുര്‍ബലസ്ഥാനം നല്കുന്നതുമായ സിനിമയായിരുന്നു. പിന്നീട് ‘വാനപ്രസ്ഥ’ത്തില്‍ അദ്ദേഹം മീശയെടുത്തു. അവിടെ സ്‌ത്രൈണതയുള്ള, ദുര്‍ബലനായ, സ്ത്രീയാല്‍ തള്ളിപ്പറയപ്പെടുന്ന നിസ്സഹായ പുരുഷവേഷമായിരുന്നു ലാലിന്. ഇവയില്‍ നായകന് തീര്‍ത്തും അപ്രസക്തഭാഗമുള്ള പഞ്ചാഗ്നിയൊഴിച്ചുള്ള ചിത്രങ്ങള്‍ ജനം തള്ളിക്കളഞ്ഞവയാണ്. 
 
 
മീശയില്ലാതെ മമ്മൂട്ടി പിന്നീട് കേരള കഫേയിലെ ‘പുറംകാഴ്ചകള്‍’ എന്ന സിനിമയില്‍ വന്നെങ്കിലും അതിനെ മമ്മൂട്ടിച്ചിത്രമെന്നു പറയാനാവില്ല. ഹിന്ദിയില്‍ അഭിനയിച്ചപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും മീശ വെടിഞ്ഞിരുന്നില്ല. ത്രിയാത്രി, ധര്‍ത്തീപുത്ര, ഏക് ദിന്‍ അഞ്ജാനേ മേം, സൗ ഛൂട്ട് ഏക് സച്ച് എന്നീ സിനിമകളില്‍ അദ്ദേഹം മീശയുള്ള നായകനായി. ‘ഡോ.അംബേദ്കറി’ല്‍ മീശയില്ലാതെ പ്രത്യക്ഷപ്പെട്ടെങ്കിലും അത് ഇന്ത്യന്‍ ദേശീയതയിലെത്തന്നെ ഏറ്റവും വിമതമായ മുഖഭാവവും മുഖ്യധാരാ സിനിമാ സാംസ്‌കാരികതയെ പ്രതിരോധിക്കുന്ന സിനിമാപ്രവര്‍ത്തന പങ്കാളിത്തവുമായിരുന്നു. 
മോഹന്‍ലാല്‍ കമ്പനി, ആഗ്, തേസ് എന്നീ ഹിന്ദിസിനിമകളില്‍ മേല്‍മീശയുള്ള ആളായി പ്രത്യക്ഷപ്പെട്ടു. രജനി ഏതാണ്ട് മുഴുവന്‍ ഹിന്ദിസിനിമകളിലും മേല്‍മീശയുള്ള, തെക്കന്‍ പുരുഷലക്ഷണത്തിലാണു വന്നിട്ടുള്ളത്. കമല്‍ സ്വയം മീശയൊഴിവാക്കിയ പുരുഷനാണ്. എന്നാല്‍, ഹിന്ദിയില്‍ അദ്ദേഹം അവതരിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട മൂന്നു സിനിമകളിലും (ഏക് ദൂജേ കേലിയേ, സാദ്മ, സാഗര്‍) മീശയുള്ള തെക്കന്‍ മുഖം തന്നെയായിരുന്നു. രണ്ടിലും കാല്പനിക വിഡ്ഢിത്തം നിറഞ്ഞ, പൗരുഷം കുറഞ്ഞ കഥാപാത്രങ്ങളായി നില്‍ക്കുകയും സാഗറില്‍ മീശയില്ലാത്ത ഋഷി കപൂറിനു മുന്നില്‍ അപകര്‍ഷത്തോടെ നില്ക്കുകയും ചെയ്യുന്ന കഥാപാത്രവുമായിരുന്നു. സാദ്മയിലും പരാജയപ്പെടുന്ന വിഡ്ഢിക്കാമുകന്‍ ആയി. പിന്നീട് കമലിന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തുന്ന പില്‍ക്കാലചിത്രങ്ങള്‍ ‘അപ്പു രാജ’യും ‘ചാച്ചി 420’യും പുരുഷലക്ഷണങ്ങളെന്നു സിനിമ നായകത്വങ്ങളായി കല്പിക്കുന്നവയെ തിരസ്‌കരിക്കുന്നവയും സ്‌ത്രൈണസത്തയ്ക്കു പ്രാധാന്യം നല്കുന്നവയും തമിഴില്‍നിന്നുള്ള റീമേക്കുകളുമായിരുന്നു. 
 
ഈയടുത്ത് തെന്നിന്ത്യയില്‍നിന്നു ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ച സൂര്യയും വിക്രമും തെന്നിന്ത്യന്‍ (തമിഴന്‍ – ദ്രാവിഡന്‍) രൂപഭാവങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് വിജയം വരിച്ചവരാണ്. ‘സിങ്ക’ത്തിലെ സൂര്യയുടെ കാമുകത്തമില്ലാത്ത മേല്‍മീശ വ്യക്തമായ തെളിവാണ്. അതേസമയം വിക്രം ചിലപ്പോള്‍ തന്റെ മേല്‍മീശരൂപത്തെ അതിജീവിച്ച് വന്‍വിജയങ്ങളെ ആശ്ളേഷിച്ചിട്ടുള്ളതുകാണാം. അന്നിയനാണ് ഒരുദാഹരണം. ആ സിനിമയിലെ ഒരു ബ്രാഹ്മണ കഥാപാത്രമായെത്തുന്ന വിക്രമിന് മീശ ആവശ്യമില്ല. ബ്രാഹ്മണിക്കലായ, സവര്‍ണഹൈന്ദവമായ സാമൂഹികക്രമവും ശിക്ഷാരീതികളും നീതിസാരവും പുലര്‍ന്നുകാണാന്‍ കൊതിക്കുന്ന അമ്പിയുടെ അന്നിയഭാവങ്ങളായിരുന്നു സിനിമ പറഞ്ഞത്. കമലും തന്റെ വരേണ്യതയുടെ അടയാളമായി മുഖത്തെ മാറ്റിത്തീര്‍ക്കുന്നുണ്ട് പൊതുജീവിതത്തിലെ മേല്‍മീശരഹിതമുഖത്തിലൂടെ. ഇതുതന്നെയാണ് പൃഥ്വിരാജ് വളരെ ബുദ്ധിപരമായി, ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. മലയാളിക്ക്, തെക്കനു ഉള്‍ക്കൊള്ളാനാകാതിരുന്നു മേല്‍മീശയില്ലാത്ത പുരുഷനെന്ന ഭാവത്തെ ഇവിടെത്തന്നെ അംഗീകരിപ്പിച്ചുകൊണ്ട് തന്റെ സഹജസ്വത്വം ഇതാണെന്നു സ്ഥാപിക്കുക ലക്ഷ്യത്തിലേക്കുള്ള ഒന്നാമത്തെ പടവായി അദ്ദേഹം കണ്ടു. 
 
 
‘പുതിയ മുഖ’ത്തില്‍ നാം കാണുന്നത്, ഒരു ബ്രാഹ്മണകഥാപാത്രത്തെയാണ്. അതുകൊണ്ടു കൂടിയാണ് അയാള്‍ക്ക് മേല്‍മീശ ആവശ്യമില്ലാതാകുന്നത്. സാമൂഹികപരിഷ്‌കരണങ്ങളിലെ ഇരട്ടത്താപ്പുകൊണ്ട് അവസരങ്ങളും തുല്യനീതിയും നഷ്ടപ്പെട്ടുപോയവന്‍ എന്ന മട്ടിലാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യലിസ്റ്റ് ആശയങ്ങളുടെ നിര്‍വഹണത്തിലെ പാകപ്പിഴകള്‍ മുതലെടുത്തു സാമ്പത്തികാഭിവൃദ്ധി നേടിയ ഇതരസമുദായസ്ഥരുമായി മത്സരത്തിലേര്‍പ്പെടണമെങ്കില്‍, തന്റെ ബ്രാഹ്മണിക്കല്‍ മൂല്യങ്ങളും വാസനകളും മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞാണ് ഈ കഥാപാത്രം നായകോദയം സ്ഥാപിക്കുന്നത്. 
 
സത്യത്തില്‍ ‘പുതിയ മുഖം’ മുന്നോട്ടുവയ്ക്കുന്നത് വളരെ പഴഞ്ചനായ ഒരു കഥാവസ്തുവെയാണ്. അഗ്രഹാരക്കുളന്തൈ, അപ്പാവി, അടിവാങ്കിറവന്‍, ഒടുക്കം, കായം താങ്കാമല്‍ തിരുപ്പി അടിപ്പവന്‍… ഇതേ കഥ മുന്നോട്ടുവച്ച നിരവധി സിനിമകളുണ്ട്. അവസാനം ശംഭുവെന്ന സിനിമയും ഇതേകഥയുമായി രൂപപ്പെട്ടെങ്കിലും അതു പെട്ടിയിലിരുന്നുപോയി. അപ്പോഴാണ് ‘പുതിയ മുഖം’ വന്ന് വിജയം വരിക്കുന്നത്. അക്രമത്തിന്, ഹിംസാത്മകതയ്ക്കു സ്വീകരിച്ച, സാങ്കേതികസൂക്ഷ്മതയും പുതുമയും ആയിരുന്നു ആ സിനിമയ്ക്കു സ്വീകാര്യത നേടിക്കൊടുത്തത് എന്നത് മറക്കാനാവില്ല. ഈ സിനിമയ്ക്കായി ആദ്യം കരാര്‍ ചെയ്യാന്‍ ശ്രമിച്ചത് മലയാളത്തിലെ യുവസംവിധായകരിലെ ‘ബിഗ് എ’ ആയ ചെറുപ്പക്കാരനെയായിരുന്നത്രേ. എന്നാല്‍, ഈ പഴഞ്ചന്‍ മൃദംഗം – ഇടിക്കട്ട മാറ്റര്‍ റീലോഡഡ് ആക്കാന്‍ ആശാന്‍ മടിച്ചപ്പോഴാണത്രേ, ‘ലീഡര്‍’ എന്നൊരു പടമെടുത്തു പൊളിഞ്ഞുനിന്ന ദീപനെ ഈ പടത്തിന്റെ ഡയറക്ടറായി അപ്പോയിന്റു ചെയ്തതത്രേ. ശരിക്കും പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഒരു ആസൂത്രിതബിംബനിര്‍മിതിയുല്പന്നമായിരുന്നു ‘പുതിയ മുഖം’. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായിട്ടാകാം പിന്നീട് അതേ സംവിധായകന്റെ ഹീറോ ആകാന്‍ പൃഥ്വി തയാറാകുന്നത്. ആ സിനിമയിലും സിനിമയിലെ ഡ്യൂപ് അല്ല താന്‍ നായകനാണ് എന്ന് വെളിപ്പെടുത്താനും ബോളിവുഡിന്റെ രീതിശാസ്ത്രവും ബോളിവുഡ് നായികയുടെ നായകനാകുന്ന സ്ഥിതിസ്ഥാപനം സാദ്ധ്യമാക്കാനും പൃഥ്വിരാജ് ഈ അവസരമുപയോഗിക്കുകയും ചെയ്തു.
 
ഇങ്ങനെ വരേണ്യമായ രീതിയില്‍ തന്റെ മീശരഹിതരൂപത്തെ മാതൃചലച്ചിത്രവ്യവസായ ഇടത്തില്‍ത്തന്നെ ആദ്യമേ സ്ഥാപിച്ചുകൊണ്ടാണ് പൃഥ്വിരാജ് ബോളിവുഡിലേക്കുള്ള പ്രയാണത്തിനു ടിക്കറ്റെടുക്കുന്നത്. അടുത്ത ഘട്ടം, ശരീരത്തിന്റെ പുഷ്‌ടിപ്പെടുത്തലാണ്. സിക്‌സ് പാക്ക് ശരീരമുള്ള ആദ്യത്തെ മലയാളിനടനാകുന്ന നിലയിലേക്കു പൃഥി മാറി. രണ്ടു സിനിമകള്‍ പ്രത്യേകം നോക്കേണ്ടതുണ്ട്. ഒന്ന് ‘ചോക്കലേറ്റ്’, രണ്ടാമത്തേത് ‘ലോലിപ്പോപ്പ്’. ഏതാണ്ട് ഒരേ ടീമിന്റെ സിനിമകളാണ് ഇവരണ്ടും. ‘ചോക്കലേറ്റി’ല്‍ ഒരു വനിതാകോളജില്‍ പഠിക്കാനിടവരുന്ന ഏകപുരുഷവിദ്യാര്‍ത്ഥിയായെത്തി അവരെ മുഴുവന്‍ മര്യാദ പഠിപ്പിക്കുന്നവനാകുന്ന പൃഥ്വി, ഈ ചിത്രത്തിലാണ് പെറ്റിക്കോട്ടിട്ട് അഭിനയിച്ചത്. തൊട്ടുപിന്നാലെ തന്നെയെത്തിയ ‘ലോലിപ്പോപ്പ്’ എന്ന ചിത്രത്തിലൂടെ ആദ്യമായി സിക്‌സ് പാക്ക് ബോഡി അദ്ദേഹം അവതരിപ്പിച്ചു. താനൊരു ചോക്കലേറ്റ് – ലോലിപോപ്പ് നായകനല്ലെന്നു സ്ഥാപിക്കുകയും കൂടിയായിരുന്നു അദ്ദേഹം. 
 
 
ഇങ്ങനെ മേല്‍മീശയെന്നത് പൃഥ്വിരാജ് തന്റെ ശരീരത്തിന്റെ ഭാഗമല്ലാതാക്കിമാറ്റി. പിന്നീടുള്ള മലയാളസിനിമയില്‍ ആവശ്യമെങ്കില്‍ കൃത്രിമ മേല്‍മീശയണിയുന്ന വിധത്തിലാക്കി തന്റെ രീതി. അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ്, മുംബൈ പോലീസ് എന്നീ സിനിമകളിലും അദ്ദേഹം മീശയില്ലാത്തതും ഉള്ളതുമായ കഥാപാത്രങ്ങളായി ഇരട്ടവ്യക്തിത്വം കാട്ടി. നാടുവാഴികള്‍ എന്ന പഴയ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മലയാളി ആണത്തത്തെ സിംഹാസനമെന്ന സിനിമയില്‍ മീശയില്ലാരൂപമാക്കി വിവര്‍ത്തനം ചെയ്തു. 
 
മലയാളത്തിലെ മറ്റു പ്രധാനനായകതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തികച്ചും മലയാളിത്തമുള്ള മുഖങ്ങളും മീശയില്ലെങ്കില്‍ മലയാളിയുടെ സ്ഥിരം ബോധത്തില്‍ ചേരാത്തവരുമായിരുന്നു. എന്നാല്‍, പൃഥ്വിരാജ് മീശയില്ലാത്ത മലയാളിയുവാവു തന്നെയായി. വൈദേശികമായ സ്വാധീനങ്ങളും ആംഗലേയവും യൂറോപ്യനുമായ ശൈലികളും ചേര്‍ന്നിണങ്ങിയ ഒരു ലോകമലയാളിയുടെ രൂപഭാവഹാവാദികളുടെ അംബാസിഡറായി അദ്ദേഹത്തിനു മാറാന്‍ മെല്ലെ സാധിച്ചു. 
 
ഈ മേല്‍മീശയുടെ സാംഗത്യം അദ്ദേഹത്തിന്റെ ‘ഔറംഗസേബ്’ എന്ന സിനിമയില്‍ പ്രധാനമാണ്. ഒപ്പം അഭിനയിക്കുന്ന മിക്കവാറും എല്ലാ താരങ്ങളും നടന്മാരും മേല്‍മീശയണിഞ്ഞാണ് അതില്‍ അഭിനയിക്കുന്നത്. അര്‍ജുന്‍ കപൂര്‍ മുതല്‍ ജാക്കി ഷ്രോഫ് വരെ. മീശയില്ലാത്ത നായകനായി സ്വപ്‌നകാമുകനായി അമര്‍ന്നാടിയ ഋഷി കപൂര്‍ പോലും മീശവച്ചയാളായി ആ സിനിമയില്‍ അഭിനയിക്കുന്നു. അങ്ങനെ മീശക്കാരുടെ നടുവിലെ മീശയില്ലാത്ത വ്യക്തിത്വമായും ആര്യനെന്ന പേരിലും പൃഥ്വി ആ ചിത്രത്തില്‍ ഒരു വ്യത്യസ്തസാന്നിദ്ധ്യമാകുന്നത് നിസ്സാരമല്ല. ഉത്തരേന്ത്യന്‍ ഗ്രാമീണപുരുഷന്മാര്‍ മീശയില്ലാത്തവരല്ല മെട്രോ നഗരങ്ങളിലാണ് മീശയില്ലായ്മ ചരിത്രപരമായി പുരുഷത്വത്തിന്റെയും യൗവ്വനത്തിന്റെയും സംസ്‌കാരത്തിന്റെയും പരിഷ്‌കാരത്തിന്റെയും ഭാഗമാകുന്നത്. മുഗള്‍ ഭരണാധിപന്മാര്‍ മീശയണിയുന്നവരായിരുന്നു. പിന്നീട്, മുസ്ലിംകളുടെ സാംസ്‌കാരികൗന്നത്യഭാവത്തെ ഹിന്ദുക്കള്‍ വരേണ്യമായി അതിജീവിച്ചത് ഉറുദുവിനെതിരെ ആംഗലേയം കലര്‍ന്ന ഹിന്ദിയെ അവരോധിച്ചുകൊണ്ടും മീശയ്‌ക്കെതിരെ മീശയില്ലാത്ത യൂറോപ്യന്‍ ശരീരതയെ പകരം വെച്ചുകൊണ്ടുമാണ്. ഇന്നത്തെ കാലത്തേക്കെത്തുമ്പോള്‍ ഈ മീശയ്ക്ക് വംശീയവും സാമുദായികവും മതരാഷ്ട്രീയപരവുമായ മറ്റ് അര്‍ത്ഥങ്ങളും കൈവരുന്നു. മേല്‍മീശയില്ലാതെ താടിവയ്ക്കുന്ന കാബുളി മതാചാരനിഷ്ഠതയുടെ മുഖത്തെയും ഇവിടെ പരിഗണിക്കണം. മേല്‍മീശ വടിക്കുകയും കീഴ്ചുണ്ടിനു താഴെ അല്പം രോമം നിര്‍ത്തുകയും ചെയ്യുന്ന പുതിയ പരിഷ്‌കാരം ഫാഷന്‍ മാത്രമാണോ വിനിമയം ചെയ്യുന്നതെന്നും ആലോചിക്കേണ്ടിവരും. 
 
 
 
മറ്റൊന്ന് പൃഥ്വിരാജിന്റെ പേരാണ്. പൃഥ്വിരാജ് എന്നത് ബോളിവുഡിലെ ആദ്യത്തെ താരത്തിന്റെയും താരവ്യവസ്ഥയില്‍ കുടുംബവാഴ്ച സ്ഥാപിച്ച കാരണവരുമായ പൃഥ്വിരാജ് കപൂറിന്റെ പേര്. ഈ പേര് ചില്ലറ ഗുണമൊന്നുമല്ല, നിശ്ചയമായും പൃഥ്വിരാജിനു നല്കുന്നത്. കപൂര്‍ കുടുംബത്തിന്റെ ഈ കാരണവനാമം പൃഥ്വി തിയറ്റഴ്‌സിലൂടെ ഇന്നും നിലനില്ക്കുന്നതാണ്. ഔറംഗസേബില്‍ ഒപ്പം അഭിനയിക്കുന്നത് പൃഥ്വിരാജ് കപൂറിന്റെ പൗത്രനും രാജ് കപൂറിന്റെ പുത്രനുമായ ഋഷി കപൂറും. മമ്മൂട്ടിയുടെ ആദ്യകച്ചവട ബോളിവുഡ് ചിത്രത്തിലും അതിഥിതാരമായി ഋഷി കപൂറുണ്ടായിരുന്നു (നായികയായിരുന്ന നഗ്മ പിന്നീട് തെന്നിന്ത്യന്‍ താരമായി. ജയപ്രദ മലയാളത്തിലും അഭിനയിച്ചിട്ടുള്ള തെന്നിന്ത്യന്‍ താരം, ഫറ പിന്നീട് മലയാളത്തില്‍ ഹൈജാക്ക് എന്ന സിനിമയില്‍ അഭിനയിച്ചു). 
 
സാധാരണ ബോളിവുഡില്‍ നായകത്വം ആര്‍ജിക്കുന്നവര്‍ക്ക് ഏതെങ്കിലും കുടുംബത്തിന്റെ പിന്തുണ നാമവിശേഷണമായിത്തന്നെ ഉണ്ടാകാറുണ്ട്. കപൂര്‍ എന്ന പേര്. അല്ലെങ്കില്‍ ബച്ചന്‍ എന്ന പേര്. ഖാന്‍ എന്ന നവാബ് സ്ഥാനം എന്നിങ്ങനെ. എന്നാല്‍, പൃഥ്വിരാജിന് അതില്ല. പൃഥ്വിരാജ് സുകുമാരനെന്ന പേരിലാണ് അദ്ദേഹം ബോളിവുഡിലും തന്റെ പേര് ശീര്‍ഷകങ്ങളില്‍ വയ്ക്കുന്നത്. സുകുമാരന്‍ തനി തെന്നിന്ത്യന്‍ പേരാണെങ്കിലും സുകുമാര്‍ എന്ന മട്ടിലതിനു ഉത്തരേന്ത്യത്തമാകാം. പിന്നെ, ഒരു വാല് പ്രധാനമാണുതാനും. മോഹന്‍ലാല്‍ എന്ന പേര് തനി ഉത്തരേന്ത്യന്‍ പേരായിരുന്നിട്ടും മോഹന്‍ലാല്‍ എന്ന രൂപത്തിന് ആ സാദ്ധ്യത ഉപയോഗപ്പെടുത്താന്‍ പോന്ന ഉത്തരേന്ത്യത്തം ഉണ്ടായിരുന്നില്ല. അഥവാ, ഉണ്ടായിരുന്നെങ്കിലും അതുപയോഗപ്പെടുത്താന്‍ ലാല്‍ തുനിഞ്ഞില്ല. ലാലിന്റെ രൂപം തനിമലയാളിത്തം നിറഞ്ഞതായി നമുക്കു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ പേരു പോലെതന്നെ ലാലിന് തികഞ്ഞ ഉത്തരേന്ത്യന്‍ ഭാവമുണ്ടെന്നതാണു യാഥാര്‍ത്ഥ്യം. കപൂര്‍ കുടുംബത്തിലെ നടന്മാരില്‍ ചെറുപ്പംതൊട്ടേ മീശ വയ്ക്കുന്ന ഒരാളാണ് രണ്‍ധീര്‍ കപൂര്‍. രണ്‍ധീര്‍ കപൂറെന്ന നടനുമായി അപാരമായ രൂപസാദൃശ്യമാണ് മോഹന്‍ലാലിനുള്ളത്. എന്നാല്‍, ഈ സാദ്ധ്യത തന്റെ ചെറുപ്പകാലത്ത് ലാല്‍ ഉപയോഗപ്പെടുത്തിയതേയില്ല. ബോളിവുഡിലെ മിക്ക നടന്മാരും തങ്ങളുടെ ഗ്രാമീണമായ പേരുകള്‍ സ്‌ക്രീന്‍ സാദ്ധ്യതകള്‍ക്കു വിഘാതമാകുമെന്നു കണ്ട് നാഗരികമായ നാമങ്ങള്‍ സ്വീകരിച്ചവരാണ്. ദിലീപ് കുമാര്‍ മുതല്‍ അക്ഷയ് കുമാര്‍ വരെയുള്ളവരുടെ കഥ വ്യത്യസ്തമല്ല. 
 
 
പൃഥ്വിരാജിന്റെ ബോളിവുഡ് സ്വീകാര്യതയ്ക്കു പിന്നില്‍ അയാളുടെ ശരീരത്തിന്റെ പഞ്ചാബി ലക്ഷണങ്ങളാണെന്ന് ഇന്ത്യാവിഷന്‍ ടെലിവിഷന്റെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ ജോണി എം എല്‍ എഴുതിയിരുന്നു. അങ്ങനൊരു പഞ്ചാബി ഗോത്രമഹിമയോടുള്ള പ്രതിപത്തി ബോളിവുഡിന്റെ താരനിര്‍മാണചരിത്രത്തില്‍ ആരോപിക്കാനാകുമോ എന്ന കാര്യത്തില്‍ പുനരാലോചന വേണമെന്നു തോന്നുന്നു. ഒരുകാര്യം ശരിയാണ്. പഞ്ചാബി സമൂഹത്തിന്റെ ക്രയശേഷിയുമായി വര്‍ത്തമാനകാല ബോളിവുഡിന്റെ വിശ്വസീകാര്യതയ്ക്കും ലോകവിപണിക്കും കാര്യമായ ബന്ധമുണ്ട്. ലോകമൊട്ടാകെയും വിശേഷിച്ച് സമ്പന്ന യൂറോപ്യന്‍, ഓസ്‌ട്രേലിയന്‍, അമേരിക്കന്‍ നാടുകളിലെയും പഞ്ചാബി സമ്പന്നരുടെ വ്യാപകവും ബഹുലവുമായ സാന്നിദ്ധ്യം, പുതിയ ആഗോള ചലച്ചിത്രവിപണിയില്‍ ബോളിവുഡിന്റെ വന്‍കുതിപ്പിന് നിദാനമായ കാര്യമാണ്. അതുകൊണ്ടാണ് അക്ഷയ് കുമാര്‍, സണ്ണി ഡിയോള്‍ തുടങ്ങിയവര്‍ നിരന്തരമായി സിക്കുവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഇതുപോലെതന്നെ, തെന്നിന്ത്യന്‍ പ്രേക്ഷകരുടെ, വിശേഷിച്ച് തമിഴ് പ്രേക്ഷകരുടെ വമ്പിച്ച മറുനാടന്‍ സാന്നിദ്ധ്യം തെന്നിന്ത്യന്‍ സിനിമയുടെ ആഗോളവിപണിയെ നിയന്ത്രിക്കുന്നുണ്ട്. മലേഷ്യന്‍ രാജ്യങ്ങളിലും ശ്രീലങ്കയിലും ജപ്പാനിലും കാനഡയിലും ഒക്കെ ഇതു വളരെ പ്രധാനമായി സ്ഥിതി ചെയ്യുന്നു. എംജിയാറിന്റെ കാലം മുതലുണ്ടായിരുന്ന ഈ ആത്മബന്ധം ഇപ്പോള്‍ പുതിയ വിപണിയില്‍ സാമ്പത്തിക സമവാക്യങ്ങളുടെ അടിസ്ഥാനശിലയുമാകുന്നുണ്ട്. ഇങ്ങനെയെല്ലാമുള്ള ഇടത്ത്, കാലത്ത്, പൃഥ്വിരാജ് എന്ന നടന്‍ വെറുമൊരു മലയാളനടനല്ല, ശരിക്കും തെന്നിന്ത്യന്‍ നടനാണ്. തമിഴകത്തിന് അയാള്‍ അപരിചതനല്ല. എന്നാല്‍ കുറേക്കാലമായി തമിഴിനെ പൂര്‍ണമായും കൈയൊഴിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. ലോകവിപണിയില്‍ തന്റെ തമിഴകസ്വത്വം സ്ഥാപിക്കാന്‍ ‘മൊഴി’, ‘ശത്തം പോടാതെ’ തുടങ്ങിയ സിനിമകളിലൂടെ സാധിച്ചതിന്റെ പരമകാഷ്ഠയായിരുന്നു മണിരത്തിനത്തിന്റെ ‘രാവണ’നിലെ വേഷം. ആ വേഷത്തില്‍ നായികയായി ബോളിവുഡിലെ താരറാണി ഐശ്യര്യാ റായിയെ ലഭിച്ചതും ബോളിവുഡിലേക്കുള്ള പ്രവേശത്തിന് സാധുതയേറ്റി. രാവണന്റെ വിദേശലോഞ്ചിങ്ങിന്റെ വേദിയില്‍ വിസ്‌ഫോടാത്മകമായ ശാരീരികഭാഷയോടെ ഇംഗ്ളീഷില്‍ പൃഥ്വി അറഞ്ഞുതുള്ളിയതും പിന്നീട്, സൈനിക് സ്‌കൂളിലെ വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍, തനിക്കു ബോളിവുഡില്‍ അഭിനയിക്കുമ്പോഴുള്ള ഭാഷാപരമായ പ്രയാസരാഹിത്യത്തെക്കുറിച്ചും വാര്‍ത്തകള്‍ ഉയര്‍ത്തിവിടാന്‍ പൃഥ്വിരാജിന്റെ മാര്‍ക്കറ്റിംഗ് ബുദ്ധി സാഹചര്യം കണ്ടെത്തി. സൈനികപശ്ചാത്തലത്തില്‍ കൊച്ചിയില്‍ കഴിഞ്ഞ തനിക്ക് ഹിന്ദിയില്‍ അപാരമായ വഴക്കമുണ്ടെന്ന് അസിനും നിരന്തരം വാര്‍ത്തകളില്‍ പറഞ്ഞിരുന്നത് ശ്രദ്ധിക്കുക.
 
 
ഇങ്ങനെയെല്ലാമുള്ള അവസ്ഥകള്‍ക്കപ്പുറം, ആഗോളീകൃതഗ്രാമമെന്ന നിലയില്‍, ഇന്ത്യയിലെ പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ക്ക് രൂപത്തിലും ചലനത്തിലും ശാരീരികവും വാചികവുമായ ഭാഷയിലും വിനിമയരീതികളിലും ഉള്ള ഏകതയും മറ്റു മുന്‍കാല തെന്നിന്ത്യന്‍ നായകന്മാരില്‍നിന്നു വിഭിന്നമായി പൃഥ്വിക്കു തന്റെ രൂപത്തെയും സ്വത്വത്തെയും അടയാളപ്പെടുത്താന്‍ വഴി തുറന്നു. ഇതിനൊക്കെ പുറമേ, ഏറ്റവും പ്രധാനമായ കാര്യം, സുപ്രിയ മേനോന്‍ എന്ന ഭാര്യയാണ്. ബോളിവുഡിന്റെ തലസ്ഥാനമായ മുംബൈയില്‍ ബിബിസിയുടെ ജേണലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന, സിനിമയും സിനിമാക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുപ്രിയാ മേനോന്റെ സാന്നിദ്ധ്യവും അവരുടെ ബന്ധങ്ങളും തീര്‍ച്ചയായും പൃഥ്വിരാജിന്റെ നീക്കങ്ങളിലെ പ്രഫഷണലിസത്തെ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ ലോകവിപണിയിലെ തമിഴകഘടകത്തിന്റെ സ്വാധീനശക്തി നന്നായി മനസ്സിലാക്കുന്നതുകൊണ്ടാണ് മുന്‍പൊരിക്കലുമില്ലാതിരുന്ന വിധത്തില്‍ ബോളിവുഡ് തമിഴിനെ, തെന്നിന്ത്യയെ മാറോടു ചേര്‍ക്കുന്നത്. മഹ്മൂദ് മുതല്‍ മിഥുന്‍ ചക്രോബര്‍ത്തി (അഗ്നീപഥിലെ കൃഷ്ണന്‍ നായര്‍ എംഎ) വരെ അവതരിപ്പിച്ച മദ്രാസിവാല, അല്ലെങ്കില്‍ മലയാളി എന്ന സങ്കല്പത്തില്‍ വ്യത്യസ്തമായ വിധത്തില്‍ പുതിയൊരു തമിഴന്‍ അവിടെ സ്ഥാനം പിടിക്കുന്നു. അതിന്റെ അങ്ങേയറ്റമായിരുന്നു ഷാരുഖ് ഖാന്റെ ‘റാ വണ്‍’ എന്ന സിനിമ. ‘റബ്ബനേ ബനാ ദീ ജോഡി’യില്‍ പഞ്ചാബിയായെത്തിയ ആ പരീക്ഷണം നിര്‍വഹിച്ച ഷാരുഖ് ‘റാ വണ്ണി’ല്‍ അസ്സല്‍ തമിഴനായിട്ടെത്തി. അതില്‍ രജനീകാന്ത് തന്റെ ചിട്ടി എന്ന റോബോട്ട് കഥാപാത്രമായി എത്തി. അയ്യാ എന്ന പേരില്‍ത്തന്നെ സിനിമയുണ്ടായി. അതില്‍ തെന്നിന്ത്യന്‍ താരശരീരമായി പൃഥ്വിരാജ് അവതരിച്ചു. അതിനെ ബ്ളാക്ക് സല്‍മാന്‍ ഖാന്‍ എന്നു വിളിക്കാന്‍ അവിടത്തെ മാദ്ധ്യമങ്ങള്‍ മത്സരിച്ചു. ‘സിങ്ക’മെന്ന പടത്തില്‍ അജയ് ദേവഗണ്‍ ഗുജറാത്തിയെന്നു തോന്നിച്ചെങ്കിലും പടത്തിന്റെ അന്തരീക്ഷത്തിനു തെക്കേയിന്ത്യന്‍ ഛായ പ്രത്യക്ഷമായിരുന്നു. അജയ് ദേവഗണ്‍ തന്നെ ‘സണ്‍ ഓഫ് സര്‍ദാരി’ല്‍ സര്‍ദാറായി പഞ്ചാബി വിപണിയെയും തഴുകുന്നതു കാണാം. 
 
ഇങ്ങനെയൊക്കെ വിപണിയുടെ സമവാക്യങ്ങളെയും സൂത്രവാക്യങ്ങളെയും സാമ്പത്തികാസൂത്രണങ്ങളെയുമൊക്കെ തഴുകിനില്‍ക്കുന്ന മാര്‍ക്കറ്റിംഗ് പ്രഫഷനിലിസം നിറഞ്ഞ ഒരു സ്ഥലത്ത് കൃത്യമായ കരുനീക്കങ്ങളുമായി നില്‍ക്കുന്ന ഒരു സാന്നിദ്ധ്യമാണ് പൃഥ്വിരാജ്. സെല്‍ഫ് മാര്‍ക്കറ്റിംഗിന്റെ സാദ്ധ്യതകള്‍ അദ്ദേഹവും ടീമും നന്നായി ഉപയോഗിക്കുന്നു. ‘അയ്യാ’ എന്ന ചിത്രത്തെപ്പറ്റി ഖാലിദ് മഹ്മൂദ് അടക്കമുള്ള പ്രമുഖര്‍ എഴുതുന്നു. അദ്ദേഹം ‘അയ്യാ’യെക്കുറിച്ചല്ല, പൃഥ്വിരാജിനെക്കുറിച്ചാണ് എഴുതുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ‘അയ്യാ’ വന്‍പരാജയമേറ്റു വാങ്ങുമ്പോഴും പൃഥ്വിരാജ് ശ്രദ്ധിക്കപ്പെട്ടു എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍. 
 
രണ്ടാമത്തെ സിനിമയായ ‘ഔറംഗസേബ്’ അതിന്റെ ആദ്യവാരാന്ത്യത്തില്‍ത്തന്നെ സാമ്പത്തികവിജയം നേടുന്ന കാര്യം സംശയമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെ മറിച്ചുകൊണ്ടും മറച്ചുകൊണ്ടും ചിത്രം വന്‍വിജയമാണെന്ന റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കപ്പെട്ടില്ലേ എന്നു സംശയിക്കണം. ഒപ്പംതന്നെ, പൃഥ്വിരാജ് അമിതാഭ് ബച്ചനോടൊപ്പം, പൃഥ്വിരാജ് ഷാരുഖ് ഖാനോടൊപ്പം എന്നിങ്ങനെയുള്ള നിരവധി വാര്‍ത്തകളെ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും ആരൊക്കെയോ മുന്നിട്ടുനില്‍ക്കുന്നു. പണ്ട്, ഐശ്വര്യാ റായി തന്റെ മേധാവിത്വം ബോളിവുഡില്‍ സ്ഥാപിച്ചത്, ഇംഗ്ളീഷ് ചിത്രങ്ങളില്‍ നിന്ന് കണ്ടമാനം ഓഫറുകള്‍ വരുന്നു എന്ന വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു. ഐശ്വര്യാ റായിയെ ബോണ്ട് ഗേളാകാന്‍ സമീപിച്ചുവെന്നും ബിക്കിനി ഇട്ടുകൊണ്ട് അഭിനയിക്കാനും ചുണ്ടോടു ചുണ്ടു ചേര്‍ത്തുള്ള ചുംബനരരംഗത്തില്‍ പ്രത്യക്ഷപ്പെടാനുമുള്ള ആവശ്യങ്ങളോട് യേസ് പറയാനുള്ള മടികൊണ്ട് ആഷ് ആ ഓഫറുകളില്‍ നിന്നു പിന്മാറുകയായിരുന്നു എന്നും വാര്‍ത്തവന്നു. ‘താല്‍’ എന്ന പടത്തില്‍ അക്ഷയ് ഖന്നയുമായും ‘ധൂം 2’ എന്ന പടത്തില്‍ ഹൃത്വിക് റോഷനുമായും ‘ക്യോം ഹോ ഗയാ നാ’ എന്ന പടത്തില്‍ വിവേക് ഒബ്‌റോയിയുമായും അധരചുംബനം നടത്തുകയും ‘ആ അബ് ലൗട്ട് ചലേ’ എന്ന ആരംഭകാല സിനിമയില്‍ത്തന്നെ ബിക്കിനിയില്‍ അഭിനയിക്കുകയും ചെയ്തയാളാണ് ഐശ്വര്യാ റായ് എന്നിരിക്കെയായിരുന്നു ഈ വ്യാജപ്രചാരണങ്ങള്‍. ഇതേ രീതിയിലാണ് പൃഥ്വിരാജ് മാര്‍ക്കറ്റിംഗിനായി വാര്‍ത്തകള്‍ സൃഷ്ടിച്ചതും സൃഷ്ടിക്കുന്നതും. മാര്‍ക്കറ്റിംഗ് ഒരു മോശം കാര്യമായി കാണാനാവില്ല. എന്നാല്‍, അവിടെ അസത്യങ്ങളെ ബോധപൂര്‍വം സൃഷ്ടിച്ച് അതിനെ സത്യമാക്കിമാറ്റുന്ന ജാലവിദ്യ വളരെ കൗതുകകരമാണ്. 
 
 
സൂര്യയ്‌ക്കോ വിക്രമിനോ ഒന്നും തങ്ങളുടെ വ്യവസായം വിട്ട് മറ്റൊരു വ്യവസായത്തിനായി വന്‍ശ്രമം നടത്തേണ്ട ആവശ്യമില്ല. തമിഴ് സിനിമ ബോളിവുഡിനോട് ഒട്ടും ആധമര്‍ണ്യമുള്ള വ്യവസായമല്ല. എന്നാല്‍, മലയാളത്തിന്റെ അവസ്ഥ അങ്ങനെയല്ല. നമുക്ക് നമ്മള്‍ ഇന്നും കൊതുമ്പുവള്ളവും ബോളിവുഡ് ടൈറ്റാനിക്കുമാണ്. അതുകൊണ്ടാണ് പൃഥ്വിരാജിന് സ്വന്തം ഇന്‍ഡസ്ട്രിയില്‍ നിന്ന് അവധിയെടുത്തും ബോളിവുഡില്‍ ശ്രമിക്കാന്‍ ആഗ്രഹമുണ്ടാകുന്നത്. ‘രാഞ്ചാനാ’ എന്ന പടത്തിലൂടെ ബോളിവുഡില്‍ കയറാന്‍ ശ്രമിക്കുന്ന ധനുഷ് തനിക്ക് ഒരു ഉത്തരേന്ത്യന്‍ ആകൃതിയില്ലെന്നറിയുന്നവനാണ്. എന്നാല്‍, തമിഴകത്തുതന്നെ നായകനോ താരമോ ആകാന്‍ പോന്ന രൂപലാവണ്യം തനിക്കില്ലെന്ന തിരിച്ചറിവോടെയായിരുന്നു വേറിട്ട ആക്ടിംഗ് ശൈലിയും വേറിട്ട പടങ്ങളുമായി ധനുഷ് വന്നതും വിജയിച്ചതും. രാഞ്ചാന ഒരു പരീക്ഷണം മാത്രമാണ് എന്ന ധനുഷ് പറയുന്നുണ്ട്. ദേശീയപുരസ്‌കാരലബ്ധിയും ഒപ്പം കൊലവെറി എന്ന സംസ്‌കാരസങ്കലിതഗാനം നേടിയ വൈറല്‍ വിജയവും ആ പരീക്ഷണത്തിനു തറയായി വര്‍ത്തിക്കുമ്പോള്‍, ഒരു സാദ്ധ്യത അവിടെയുമുണ്ട്. പൃഥ്വിരാജില്‍ നിന്നു വേറിട്ടതാണെങ്കിലും ധനുഷും ആസൂത്രിതനീക്കമാണു നടത്തുന്നതെന്നു ചുരുക്കം. 
 
ഇങ്ങനെ, പേര്, രൂപം, മാര്‍ക്കറ്റിംഗ് രീതികള്‍, ഉദ്ദേശ്യം, ലക്ഷ്യം, അതിനായുള്ള ആസൂത്രണം, ആഗോളവിപണിയിലെ ഇന്ത്യന്‍ സിനിമ, വിശേഷിച്ച് തമിഴകപ്രതിനിധാനങ്ങളുള്ള സിനിമ അതുമല്ലെങ്കില്‍ ബഹുവിധ ദേശീയസങ്കലനങ്ങളുള്ള സിനിമ നേടുന്ന സ്വീകാര്യതയും അതില്‍ തന്റെ സ്ഥാനം സൃഷ്ടിക്കാന്‍ താന്‍ നടത്തിയ മുന്‍കാലപ്രവര്‍ത്തനങ്ങളും എന്നിങ്ങനെ പല ചേരുവകളും ചേര്‍ന്നാണ് പൃഥ്വിരാജ് എന്ന ബോളിവുഡ് നടനെ (അങ്ങനൊന്ന് ആസന്നഭാവിയില്‍ ഉണ്ടായാല്‍) രൂപപ്പെടുത്തുന്നത് എന്നതാണു സത്യം. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍