UPDATES

ഇന്‍-ഫോക്കസ്

നികുതിരഹിത രാജ്യങ്ങളിലേക്ക് പണം കടത്തുന്നവരില്‍ മലയാളികളുമെന്ന്‍ രഹസ്യ രേഖകള്‍

ടീം അഴിമുഖം
 
 
ന്യൂഡല്‍ഹി: നികുതിരഹിത (ടാക്‌സ് ഹെവന്‍) രാജ്യങ്ങളില്‍ നിക്ഷേപവും കമ്പനിയുമുള്ളവയില്‍ മൂന്നു മലയാളി പേരുകളുമെന്ന് രഹസ്യരേഖകള്‍.  ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് (ഐ.സി.ഐ.ജെ) ചോര്‍ത്തി പുറത്തു വിട്ട ഒരു ലക്ഷത്തോളം വിലാസത്തിലാണ് ഇവരും ഉള്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വമ്പന്മാരുടേതടക്കം 498 ഇന്ത്യന്‍ വിലാസങ്ങളും പുറത്തു വിട്ടവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഈ നിക്ഷേപങ്ങള്‍ പൂര്‍ണമായി അനധികൃതമാണെന്നോ, ഇവര്‍ നികുതി വെട്ടിച്ചുവെന്നോ അര്‍ഥമാക്കുന്നിലെന്നും ചിലപ്പോള്‍ ബിസിനസ് അടക്കമുള്ള ആവശ്യങ്ങള്‍ക്കായുള്ള പണമിടപാടുകളാകാം ഇവയെന്നും ഐ.സി.ഐ.ജെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 
 
 
ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്, കേമാന്‍ ഐലന്‍ഡ്, കുക്ക് ഐലന്‍ഡ് തുടങ്ങിയ ടാക്‌സ് ഹെവന്‍ രാജ്യങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള രഹസ്യ കമ്പനികള്‍ ട്രസ്റ്റുകള്‍, മറ്റു ഫണ്ടുകള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളാണ് ഐ.സി.ഐ.ജെ പുറത്തു വിട്ടിട്ടുള്ളത്. 58 രാജ്യങ്ങളില്‍ നിന്നുള്ള 112 ജേര്‍ണലിസ്റ്റുകള്‍ ചേര്‍ന്ന് 25 ലക്ഷത്തോളം ഡേറ്റകള്‍ ചോര്‍ത്തിയെടുത്ത് പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇതിനു മുമ്പ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഐ.സി.ഐ.ജെ പുറത്തു വിട്ടത്. വ്യവസായികളായ വിജയ് മല്യ, രവികാന്ത് റൂയിയ, കോണ്‍ഗ്രസ് എം.പി വിവേകാനന്ദ് ഗദ്ദാം തുടങ്ങിയവരുടെ പേരുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇവരുടേത് അനധികൃത നടപടിയാണെന്നതിന് തെളിവുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ നിക്ഷേപമുള്ളവരെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ധനമന്ത്രി പി. ചിദംബരം അന്നു വ്യക്തമാക്കിയിരുന്നു. റിസര്‍വ് ബാങ്ക്, ഫെമ ചട്ടങ്ങള്‍ ലംഘിച്ചിട്ടുള്ള നിക്ഷേപങ്ങളാണ് ഇവയില്‍ പലതുമെന്നും അതിനാല്‍ സര്‍ക്കാര്‍ അന്വേഷിച്ചു വരികയാണെന്നുമാണ് ചിദംബര പറഞ്ഞത്. 
 
 
ഇന്നലെ പുറത്തു വന്ന വിവരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവയില്‍ കൊച്ചിയിലെ വിലാസത്തിലുള്ള തരുണ്‍ തോമസ് കുരിശിങ്കല്‍, അന്ന സന്ധ്യ കുരിശിങ്കല്‍ എന്നീ രണ്ടു പേരുകളും ഉള്‍പ്പെടും. ടാക്‌സ് ഹെവന്‍ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ പേരുകേട്ട Portcullis TrustNet എന്ന കമ്പനിയുടെ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലെ വിവരങ്ങള്‍ക്കുള്ളിലാണ് ഇവരുടെ കൊച്ചിയിലെ വിലാസവും ഇടം പിടിച്ചിരിക്കുന്നത്. കാസര്‍കോഡ് അങ്ങാടിമൊഗര്‍ വിലാസത്തിലുള്ള ജയപ്രകാശ് കമ്പാര്‍ എന്നതാണ് മറ്റൊരു പേര്. സമോവയില്‍ ഗുഡ് ഗോള്‍ഡ് എന്ന കമ്പനിയുടെ ഭാഗമായിട്ടാണ് കമ്പാറിന്റെ പേരും ഇന്നലെ പുറത്തു വന്ന ലിസ്റ്റിലുള്ളത്. എന്നാല്‍ ഇത്തരം നിക്ഷേപകരുടെ വിലാസങ്ങള്‍ മാത്രമേ ഐ.സി.ഐ.ജെ പുറത്തു വിട്ടിട്ടുള്ളൂ. ഇവരുടെ പൌരത്വം, അക്കൌണ്ട് വിവരങ്ങള്‍ തുടങ്ങിയവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. 
 
 
ഇന്ത്യയില്‍ നിന്ന് പുറത്തു വിട്ടിട്ടുള്ള വിലാസങ്ങളില്‍ ഏറ്റവും കൂടുതല്‍ മുംബൈയില്‍ നിന്നാണ്- 194. ഡല്‍ഹിയില്‍ നിന്ന് 113 പേരുടേയും കൊല്‍ക്കത്തയില്‍ നിന്ന് 39 പേരുടേയും ബാംഗ്ലൂരില്‍നിന്ന് 36 പേരുടേയും ഹൈദരാബാദില്‍ നിന്ന് 13 പേരുടേയും ഗുഡ്ഗാവില്‍ നിന്ന് ഒമ്പതു പേരുടേയും അഹമ്മദാബാദില്‍ നിന്ന് ഏഴു പേരുടേയും വിലാസങ്ങള്‍ പുറത്തു വന്നവയില്‍ ഉള്‍പ്പെടും. വിവിധ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയും നികുതി നല്‍കാതെ വന്‍ നിക്ഷേപം പുറം രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വിവരങ്ങള്‍ തങ്ങള്‍ പുറത്തു വിടുന്നതെന്നാണ് ഐ.സി.ഐ.ജെ പറയുന്നത്. അതിനൊപ്പം, ലോകമെമ്പാടും നടക്കുന്ന ക്രിമിനല്‍, മയക്കുമരുന്ന് മാഫിയകള്‍ക്കും ഇതു വളംവയ്ക്കുന്നു. ലോകം മുഴുവന്‍ പടരുന്ന അഴിമതിയെ തടയുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ നീക്കം. ഇത്തരം നികുതിരഹിതത രാജ്യങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പനികളുടേയും മറ്റും വിവരങ്ങള്‍ സുതാര്യമാക്കുക എന്നതു മാത്രമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഐ.സി.ഐ.ജെ വ്യക്തമാക്കുന്നു. കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വാര്‍ത്തകള്‍ ഇന്ത്യയില്‍ എന്നും വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് ഇന്ത്യക്ക് കൈമാറിയ പേര് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കാന്‍ ഉപകരിക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. 
 
ബോഫോഴ്സ് അടക്കം ഏതാനും ദശകങ്ങളായി രാജ്യത്തു നടക്കുന്ന പല വമ്പന്‍ അഴിമതികളിലും പണം കൈമാറ്റം നടന്നിരിക്കുന്നത് ഇത്തരം ടാക്സ് ഹെവന്‍ രാജ്യങ്ങളിലെ നിക്ഷേപങ്ങളിലൂടെയാണ്. ടാക്സ് ഹെവന്‍ രാജ്യങ്ങളില്‍ കമ്പനിയോ ട്രസ്റ്റോ മറ്റെന്തെങ്കിലും നിക്ഷേപങ്ങളോ തുടങ്ങേണ്ടവര്‍ക്ക് നേരിട്ടു ഇടപെടേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഇവിടെ വരുന്ന നിക്ഷേപങ്ങള്‍ക്ക് നികുതി ഇല്ല താനും. ഇന്ത്യയില്‍ ഉള്ള ഒരാള്‍ക്ക് വിദേശത്തു നിന്ന്‍ ഇവിടേക്ക് പണം കൊണ്ടു വരികയാണെങ്കില്‍ നികുതി നല്‍കേണ്ടി വരും. അതിനു പകരം ഇത്തരം ടാക്സ് ഹെവന്‍ രാജ്യങ്ങളില്‍ ഇത് നിക്ഷേപിക്കുകയും തുടര്‍ന്നു ഈ പണം ഉപയോഗിച്ച് ലോകത്തെ മറ്റ് ഭാഗങ്ങളിലുള്ള സംരംഭങ്ങള്‍ക്ക് പണം മുടക്കുകയും ചെയ്യുന്നത് വഴി നികുതി നല്‍കുന്നത് ഒഴിവാക്കാന്‍ പറ്റും. ഇത് പോലെ തന്നെ ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണവും ഇതേ ടാക്സ് ഹെവനുകളില്‍ കൊണ്ടു പോകാന്‍ അന്താരാഷ്ട്ര ബാങ്കുകള്‍ തന്നെ സഹായിച്ച വിവരങ്ങളും ഈയിടെ പുറത്തു വന്നിരുന്നു. പണം നിക്ഷേപിക്കേണ്ടവരില്‍ നിന്നു നേരിട്ടു ശേഖരിച്ച ശേഷം ബാങ്ക് തന്നെ ഇത് സ്വിസ് ബാങ്കുകളുടെ ടാക്സ് ഹെവന്‍ ബ്രാഞ്ചുകളില്‍ എത്തിക്കുകയായിരുന്നു. ലോകത്തെ മുഴുവന്‍ പട്ടിണിയും മാറ്റാന്‍ കഴിയുന്നത്ര പണമാണ് നികുതി വെട്ടിപ്പിലൂടെ രാജ്യങ്ങള്‍ക്ക് നഷ്ടപ്പെടുന്നതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍