UPDATES

സയന്‍സ്/ടെക്നോളജി

ഭക്ഷണമോ? പ്രിന്റ് ചെയൂ!

അമൃത ജയകുമാര്‍ 
 
 
ചൊവ്വയിലേയ്ക്കു റോബോട്ടുകളെ അയയ്ക്കണോ? നാസ റെഡി. എന്നാല്‍ മനുഷ്യരെ അയയ്ക്കണമെങ്കില്‍ സംഗതി നിസാരമല്ല. ഒരു വര്‍ഷത്തോളം നീളുന്ന ദൗത്യത്തിനുള്ള ഭക്ഷണമാണ് പ്രധാന വെല്ലുവിളി. അതുകൊണ്ട്, ഓര്‍ഡര്‍ അനുസരിച്ചു ഭക്ഷണം പ്രിന്റ് ചെയ്യുന്ന ത്രി ഡി പ്രിന്ററുകള്‍ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണത്തിനു പണമിറക്കുകയാണു നാസ.
 
സ്റ്റാര്‍ ട്രെക്കിലെ ഫുഡ് റെപ്ളിക്കേറ്റര്‍ മറക്കാറായിട്ടില്ലല്ലോ, ഏതാണ്ട് അതുപോലെയൊന്ന്. ബഹിരാകാശ യാത്രികര്‍ക്കു കഴിക്കാനുതകിയ, മണവും രുചിയും പോഷകഗുണവുമുള്ള ഭക്ഷണം പ്രിന്റ് ചെയ്‌തെടുക്കാന്‍ വേണ്ട യന്ത്രമാണ് ഉണ്ടാവേണ്ടത്. ബഹിരാകാശത്ത് ഒരു പിസ്സ പാര്‍ട്ടി മാത്രമല്ല, ഗവേഷണ ഫലമായി ഭൂമുഖത്തെ വിശപ്പിനു പരിഹാരം തന്നെ കണ്ടെത്തിക്കൂടെന്നില്ലെന്ന് നാസ പ്രത്യാശിക്കുന്നു. 
 
 
 
ആവശ്യമുള്ള ഭക്ഷണപദാര്‍ഥത്തിന്റെ ഡിജിറ്റല്‍ റെസിപ്പി നല്‍കുക, അതിന്റെ അടിസ്ഥാനത്തില്‍ രുചിയും നിറവും ഗുണവുമുള്ള ഭക്ഷണം പ്രിന്റ് ചെയ്‌തെടുക്കുക – സാങ്കേതികവിദ്യ ഇത്രയേയുള്ളൂ! 
 
വാഷിങ്ടണില്‍ അടുത്ത കാലത്തു ചേര്‍ന്ന ‘മനുഷ്യന്‍ ചൊവ്വയിലേയ്ക്ക് ഉച്ചകോടി’യിലാണു നാസ പുതിയ പദ്ധതിയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയത്. എസ്എംആര്‍സി എന്‍ജിനീയറും പദ്ധതി മേധാവിയുമായ അഞ്ജന്‍ കോണ്‍ട്രാക്ടര്‍ ആശയത്തിന്റെ ഉത്ഭവം വെളിപ്പെടുത്തിഃ ഭാര്യയ്ക്കു ചോക്ളേറ്റ് ഉണ്ടാക്കി നാല്‍കാന്‍ താന്‍ ത്രീ ഡി പ്രിന്റര്‍ ഉപയോഗിച്ചിട്ടുണ്ട്.  ഭക്ഷണം തയാറാക്കാന്‍ അത് എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ?
 
ഒരു സ്‌പേസ് ഫുഡ് പ്രിന്റര്‍ ഇപ്പോള്‍ നിലവിലില്ല. ആശയത്തില്‍ നിന്ന്‍ ഈ സങ്കല്‍പ്പത്തെ വാസ്തവത്തിലെത്തിക്കാന്‍ നാസയുടെ സാമ്പത്തിക സഹായത്തോടെയാണു ഗവേഷണം.
 
നിലവിലുള്ള സ്‌പേസ് ഫുഡിനു ചൊവ്വാ ദൗത്യത്തിന് ആവശ്യമായ ഗുണഗണങ്ങളില്ലെന്ന് നാസ വക്താവ് ഡേവിഡ് സ്റ്റെയിറ്റ്‌സ് പറഞ്ഞു. സഞ്ചാരികള്‍ പാക്ക് ചെയ്ത ഭക്ഷണവുമായാണ് ഇപ്പോള്‍ യാത്ര പുറപ്പെടുന്നത്. സൈനികര്‍ ഉപയോഗിക്കും വിധമുള്ള മീല്‍സ് റെഡി ടു ഈറ്റ് (എംആര്‍ഇ). കൂടുതല്‍ കാലം നിലനില്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ കൂടുതല്‍ സംസ്‌കരിക്കുന്നതു കൊണ്ട് രുചിയും ഗുണവും കുറെയേറെ നഷ്ടപ്പെട്ടു പോകും. കിട്ടുന്നതു കഴിച്ചു വയര്‍ നിറയ്ക്കുകയെന്നല്ലാതെ ഇഷ്ടമുള്ളതു കഴിക്കാനുള്ള സ്വാതന്ത്ര്യമില്ല. ഒരു ഇടുക്കു മുറിയല്‍ രുചിയില്ലാത്ത ഭക്ഷണം കഴിച്ച് ഒരു വര്‍ഷത്തോളം രണ്ടോ മൂന്നോ പേര്‍ ബഹിരാകാശത്തു കഴിഞ്ഞു കൂടേണ്ടി വരുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കുക.
 
 
 
എസ്എംആര്‍സി പാവം പിസ്സയില്‍ തൊട്ടു തുടങ്ങാനാണ് പദ്ധതിയിടുന്നത്. ഡിജിറ്റല്‍ രൂപരേഖയുടെ അടിസ്ഥാനത്തില്‍ ലക്ഷക്കണക്കിനു പാളികള്‍ പാകി ഒരു സാധാരണ, ത്രിമാന പിസ്സ.
 
പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുമടക്കം ആവശ്യമായ ഭക്ഷണത്തിനു വേണ്ടതെല്ലാം പൊടി രൂപത്തില്‍ കാട്ഡ്രിജുകളിലാക്കി സൂക്ഷിച്ചാണു പ്രിന്റര്‍ അച്ചടിക്കു തയാറാക്കുക. സഞ്ചാരി ഓര്‍ഡര്‍ കൊടുത്താല്‍ ആവശ്യമായ ഘടകങ്ങളെല്ലാം മിക്‌സിങ് ചേംബറിലേയ്ക്കു പോകും. വെള്ളവും എണ്ണയും ചേര്‍ത്തു സംയോജിപ്പിക്കും. ഈ മിക്‌സ്ചര്‍ ചൂടാക്കിയ പ്രതലത്തിലേയ്ക്കു സ്‌പ്രേ ചെയ്യുന്നതാണ് അടുത്ത പടി. പാളികളായി സ്‌പ്രേ ചെയ്തു തയാറാക്കുന്ന ഭക്ഷണം അടുപ്പില്‍ നിന്നു പുറത്തെത്തുമ്പോള്‍ എല്ലാ ഗുണഗണങ്ങളോടെയും റെഡി.
 
ആദ്യ പരീക്ഷണത്തിനു പിസ്സ തന്നെ തിരഞ്ഞെടുത്തതിനു കാരണമുണ്ടായിരുന്നു. നവ സാങ്കേതികവിദ്യ പ്രയോഗിക്കാന്‍ പറ്റിയ രൂപഭാവങ്ങളാണിതിന്. കട്ടിയുള്ള കീഴ്ഭാഗം, മൃദുലമായ ഉള്ളറ, മാംസളമായ മുകള്‍ത്തട്ട്.
 
 
ഗൃഹാതുരത്വം അനുഭവിക്കുന്ന സഞ്ചാരികള്‍ക്ക് അമ്മ തയാറാക്കിയ ഒരു പ്രത്യേക വിഭവം രുചിക്കുക പോലുമാവാം. ഭൂമിയില്‍ നിന്ന്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സൗകര്യം പ്രിന്ററിലുണ്ട്.
 
പ്രിയ പുത്രിക്കോ പുത്രനോ വേണ്ടി അമ്മ സ്‌പെഷല്‍ കുക്കിക്കുള്ള രുചിക്കൂട്ട് കംപ്യൂട്ടറില്‍ തയാര്‍ ചെയ്യുന്നു. അതു ബഹിരാകാശത്തെ സ്‌പേസ് ഷട്ടിലിലേയ്ക്ക് അയയ്ക്കുന്നു. മകനോ മകളോ അതു ക്രിസ്മസ് ദിവസം പ്രിന്റ് ചെയ്‌തെടുത്തു സ്‌നേഹാതുരതയോടെ കഴിക്കുന്നു – കോണ്‍ട്രാക്ടര്‍ തന്റെ സ്വപ്നം വെളിപ്പെടുത്തുന്നു.
 
ബഹിരാകാശ വാഹനത്തിലെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഈ സാങ്കേതികവിദ്യ നാസയെ മോഹിപ്പിക്കുന്നു. ഇതേ വിദ്യ ഉപയോഗിച്ച് ഉപകരണങ്ങള്‍ പ്രിന്റ് ചെയ്‌തെടുക്കാനാവുമെന്നതും പ്രതീക്ഷ നല്കുന്നു. 
 
ത്രീ ഡി പ്രിന്റര്‍ ഉപയോഗിച്ചു ഭക്ഷണമെന്ന ആശയം രണ്ടു വര്‍ഷം മുന്‍പും രൂപപ്പെട്ടതാണ്. ഒരു സിറിഞ്ചിലൂടെ പേസ്റ്റ് രൂപത്തില്‍ അടിസ്ഥാന ഘടകങ്ങള്‍ കടത്തിവിട്ട ഭക്ഷണമുണ്ടാക്കുന്ന വിദ്യ 2011-ല്‍ കോര്‍നല്‍ സര്‍വകലാശാല പരീക്ഷിച്ചതാണ്. പ്രോട്ടീന്‍ ഘടകരൂപങ്ങളായി ആല്‍ഗയ്ക്കും പുല്ലിനും പുറമെ കീടങ്ങളെ വരെ ഉപയോഗിക്കാനാവുമെന്ന്‍ ഡച്ച് റിസര്‍ച്ച് കമ്പനി ടിഎന്‍ഒയും അഭിപ്രായപ്പെട്ടിരുന്നു.
 
നാസയുടെ സാമ്പത്തിക സഹായത്തോടെ ഗവേഷണം നടത്തുന്നതിന്റ ആത്യന്തിക ലക്ഷ്യം വിശപ്പിനു പരിഹാരം കാണുകയാണെന്ന് എസ്എംആര്‍സി പറഞ്ഞു. പ്രിന്റു ചെയ്‌തെടുക്കുന്നതു ഭക്ഷണ വിതരണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ശേഖരിച്ചു വയ്ക്കാനും വിതരണം ചെയ്യാനും പോഷകഗുണം വര്‍ധിപ്പിക്കാനും എളുപ്പമാകും. സൈനികാവശ്യങ്ങള്‍ക്കു ഭക്ഷണമെത്തിക്കാനും വളരെയെളുപ്പമാകും. 
 
എന്നാല്‍ ലോകം നേരിടുന്ന പോഷക പ്രശ്‌നങ്ങള്‍ക്കു പുതിയ സാങ്കേതികവിദ്യ പരിഹാരം കാണുമെന്ന പ്രചാരണത്തിനെതിരെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പട്ടിണിക്കു പരിഹാരമുണ്ടാക്കാന്‍ മാന്ത്രികവിദ്യകളില്ല – ഓക്‌സ്ഫാം അമേരിക്കയിലെ ഭക്ഷ്യസുരക്ഷാ ഡയറക്ടര്‍ ഗാവെയ്ന്‍ ക്രിപ്‌കെ പറയുന്നു. സാങ്കേതികവിദ്യയ്ക്കു പിന്നിലെ ആശയത്തെ സ്വാഗതം ചെയ്യുന്നു, എന്നാല്‍, അതു പ്രശ്‌നങ്ങള്‍ക്കെല്ലാം ഉടന്‍ ശാശ്വതപരിഹാരം കാണുമെന്ന്‍ കരുത്തേണ്ടതില്ല. ഉടനുണ്ടാവേണ്ടത് കൂടുതല്‍ ട്രാക്ടറുകളും വിത്തിനങ്ങളുമാണ് – ക്രിപ്‌കെ ഓര്‍മിപ്പിക്കുന്നു 
 
 
(വാഷിങ്ടണ്‍ പോസ്റ്റ് )
 
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍