UPDATES

ഇന്ത്യ

ശ്രീശാന്തും ദാവൂദും : ഒരു നീരജ് കുമാര്‍ തിരക്കഥ

ടീം അഴിമുഖം 
 
 
1992 ഡിസംബര്‍ ആറ്. ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യയില്‍ അഞ്ഞൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നു. സ്വതന്ത്ര ഇന്ത്യയുടെ അസ്തിത്വത്തെ രണ്ടായി പകുത്ത ഈ നടപടിയെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗത്തും വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ബോംബെ (ഇന്നത്തെ മുംബൈ)യിലായിരുന്നു സ്ഥിര അതീവ രൂക്ഷം. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പ്രതികാരം വീട്ടേണ്ടത് മുസ്ലീങ്ങള്‍ ആണെന്ന പൊതുധാരണ ശരിവയ്ക്കുന്ന രീതിയില്‍ തന്നെയായിരുന്നു തുടക്കം. പക്ഷേ, ബോംബെ ശിവസേനയുടെ ശക്തികേന്ദ്രമാണ്- അന്നും ഇന്നും. മണിക്കുറുകള്‍ക്കുള്ളില്‍ ഇത് അതിഭയാനകമായ മുസ്ലീം വിരുദ്ധ അക്രമമായി മാറി, പോലീസിന്റെയും മറ്റ് അധികാര കേന്ദ്രങ്ങളുടേയും മൗന സമ്മതത്തോടു കൂടിത്തന്നെ. പതിയെ കലാപം ഒന്നടങ്ങടങ്ങി. എന്നാല്‍ പകരം വീട്ടേണ്ടതുണ്ടെന്ന പ്രചരണം ബോംബെയിലെ മുസ്ലീം ഭൂരിപക്ഷ ചേരികളില്‍ ശക്തമായി. ഇതിന്റെ അനന്തര ഫലമായിരുന്നു 1993-ലെ ബോംബെ സ്‌ഫോടന പരമ്പര. മാര്‍ച്ച് 12-ന് ഉച്ചയ്ക്ക് ഒന്നര മണി മുതല്‍ തുടങ്ങിയ സ്‌ഫോടനം അവസാനിക്കുമ്പോള്‍ സമയം 3.40. 257 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 700-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. 
 
മണിക്കൂറുകള്‍ക്കുള്ളില്‍ ബോംബേ പോലീസ് കേസിന് തുമ്പുണ്ടാക്കിയെങ്കിലും സംഭവങ്ങളുടെ വ്യാപ്തി കണക്കാക്കി കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. അന്ന് കേസന്വേഷിച്ച സി.ബി.ഐ ടീമിലെ ഒരു പ്രധാന ഉദ്യോഗസ്ഥനായിരുന്നു നീരജ് കുമാര്‍. ബിഹാര്‍ സ്വദേശിയും കേന്ദ്ര ഭരണ പ്രദേശ(യൂണിയന്‍ ടെറിറ്ററി) കേഡര്‍ 1976 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ചെറുപ്പക്കാരന്‍. ഇപ്പോള്‍ ഡല്‍ഹി പോലീസ് കമ്മീഷണറായ നീരജ് കുമാര്‍ ദേശീയ ശ്രദ്ധയിലേക്ക് ആദ്യം വരുന്നത് അങ്ങനെയാണ്. 2002-ല്‍ സി.ബി.ഐ വിട്ട് ഡല്‍ഹി പോലീസിലെത്തിയ നീരജ് കുമാര്‍ പിന്നീട് പ്രശസ്തനാകുന്നത് എന്‍.ഡി.എ ഭരണകാലത്ത് ഡല്‍ഹി നിരത്തുകളില്‍ നടത്തിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെയാണ്. ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലിന്റെ ജോയിന്റ കമ്മീഷണറായിരുന്നു അന്ന് നീരജ് കുമാര്‍. രാജ്യം ഭീകരവാദികളുടെ പിടിയിലാണെന്നും അവരെ ഇല്ലായ്മ ചെയ്യുകയാണ്  തന്റെ കുട്ടികള്‍ള്‍ ചെയ്യുന്നതെന്നുമുള്ള കഥകള്‍ ഡല്‍ഹി പത്രക്കാര്‍ക്ക് ആദ്യമായി വിവരിച്ചു നല്‍കുന്നത് നീരജ് കുമാറായിരുന്നു. 
 
നീരജ് കുമാര്‍
 
ഈ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പലതും പിന്നീട് വിവാദമാകുകയും മാധ്യമങ്ങള്‍ പോലീസിന്റെ നടപടികള്‍ പുറത്തു കൊണ്ടു വരികയും ചെയ്തിട്ടും നീരജ് കുമാറിന് ഇളക്കം തട്ടിയില്ല. എന്‍.ഡി.എ ഭരണത്തിലെ ഉന്നതരുടെ ഉറ്റ തോഴനായിരുന്നു അദ്ദേഹം. 
 
തന്റെ കരിയറില്‍ നിന്ന് നീരജ് കുമാര്‍ പഠിച്ച കുറെയധികം കാര്യങ്ങളുണ്ട്. താക്കോല്‍ സ്ഥാനങ്ങളില്‍ വേണ്ടപ്പെട്ടവര്‍ ഉണ്ടായിരിക്കണമെന്നും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും ഉന്നതര്‍ പരസ്പര ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും ഉള്ളതാണ് ഒന്ന്. ഇത് ആഗോള യാഥാര്‍ഥ്യം തന്നെയാണു താനും. എന്നാല്‍ ഇതിനപ്പുറത്ത് നീരജ് കുമാര്‍ എന്ന ബുദ്ധിമാനായ പോലീസ് ഉദ്യോഗസ്ഥന്‍ പഠിച്ചതും പ്രാവര്‍ത്തികമാക്കുന്നതുമായ ചില കാര്യങ്ങളുണ്ട്. അതിന്റെ ഏറ്റവും ഇങ്ങേറ്റത്തെ ഉദാഹരണമായിരിക്കും മലയാളിയായ ശ്രീശാന്തിനെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം MCOCA അടിച്ചേല്‍പ്പിച്ചത്. 
 
ബോംബെ സ്‌ഫോടനാന്വേഷണവും ഡല്‍ഹിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും നീരജ് കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ വളര്‍ച്ചയ്ക്ക് വളമാക്കിയത് വളരെ എളുപ്പത്തിലായിരുന്നു. ഭീകരവാദവും അധോലോക ബന്ധവും ആര്‍ക്കെതിരെ വേണമെങ്കിലും ആരോപിക്കാവുന്നതും എളുപ്പത്തില്‍ ആര്‍ക്കും അതില്‍ നിന്ന് ഊരിപ്പോരാന്‍ പറ്റില്ല എന്നതുമാണ് അതില്‍ ഒന്ന്. ഈ രണ്ട് ആരോപണങ്ങളും ചുമത്തിയാല്‍ വേണ്ടത്ര തെളിവില്ലെങ്കില്‍ പോലും കോടതി വരെ പോലീസിനെ വിശ്വസിക്കുന്ന സാഹചര്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ നേരിടുന്നവര്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുമെന്ന സാമാന്യ മന:ശാസ്ത്രം ഏറ്റവും നന്നായി അറിയാവുന്നത് പോലീസിനും അല്ലെങ്കില്‍ നമ്മുടെ ഭരണകൂടത്തിനും തന്നയാണ്. അതിന്റെ ഒരു കാരണമെന്നത് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീവ്രവാദ ആക്രമണങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത് സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള പേടിയും അരക്ഷിതത്വ ബോധവും നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ വളരെ ഭംഗിയായി മുതലെടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന്റെ ഉദാഹരണം കുടിയാണ് ശ്രീശാന്ത് അടക്കമുള്ളവര്‍ക്ക് എതിരെ MCOCA ചുമത്തിയത്. 
 

രാജീവ് ശുക്ള
 
തിങ്കളാഴ്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനയ് കുമാര്‍ ഖന്ന ഡല്‍ഹി പോലീസിന്റെ മുഖത്തു നോക്കി ഒരു കാര്യം വ്യക്തമാക്കി. ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെ MCOCA ചുമത്തുന്നതിന് യാതൊരു ന്യായീകരണവും താന്‍ കാണുന്നില്ല. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങി കുറെ പേരുകള്‍ പറയുന്നതല്ലാതെ ഇതൊന്നും സാധൂകരിക്കാനുള്ള തെളിവുകള്‍ എവിടെയെന്നും ജഡ്ജി പോലീസിനോട് ചോദിച്ചു. തുടര്‍ന്ന് 19 പേര്‍ക്കും ജാമ്യവും നല്‍കി. ഇവിടെയാണ് മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്. വിവാദങ്ങള്‍ ഉണ്ടായതിനു ശേഷം ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കേന്ദ്ര മന്ത്രി കൂടിയായ രാജീവ് ശുക്ല രാജി വച്ചിരുന്നു. രാജീവ് ശുക്ലയുടെ കുടുംബം നടത്തുന്ന ബി.എ.ജി ഗ്രൂപ്പിലെ അഞ്ചു കമ്പനികളുടെ ഡയറക്ടറാണ് നീരജ് കുമാറിന്റെ മകള്‍ അങ്കിതാ കുമാര്‍. അപ്പോള്‍ ശുക്ല – നീരജ് കുമാര്‍ കൂട്ടുകെട്ടിന് പഴക്കമേറെയുണ്ടെന്ന് വ്യക്തം. ഐ.പി.എല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് MCOCA ചുമത്തപ്പെട്ടതിനു പിന്നിലും പഴക്കമേറിയ ഈ കൂട്ടുകെട്ടുണ്ടെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. 
 
ക്രിക്കറ്റിനെയും ശ്രീശാന്തിനെയുമൊക്കെ സ്‌നേഹിക്കുന്നവര്‍ തന്നെ വാതുവയ്പ് സംഭവം പുറത്തു വന്നതോടെ അവര്‍ക്കെതിരെ തിരിഞ്ഞു. എന്നാല്‍ ഇവര്‍ക്കെതിരെ MCOCA ചുമത്തിയതോടെ കാര്യങ്ങള്‍ കുറെയൊക്കെ മാറി മറിഞ്ഞു. ഡല്‍ഹി പോലീസിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാന്‍ മാധ്യമങ്ങള്‍ തയാറായി. എന്നാല്‍ എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നത് ആലോചിക്കേണ്ടത്. ശ്രീശാന്ത് അടക്കമുള്ളവരുടെ താരപരിവേഷം, ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതുരുടെ പങ്ക്, ഇതൊക്കെകൊണ്ടുണ്ടായ മാധ്യമ ശ്രദ്ധ- ഈ കാര്യങ്ങളൊക്കെ ഇവരെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ സമൂഹം അറിയാതെ, മാധ്യമങ്ങളറിയാതെ, പുറം ലോകം കാണാതെ MCOCA അടക്കമുളള കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് എത്ര പേരാണ് നമ്മുടെ ജയിലുകളില്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഡല്‍ഹി പോലീസ് MCOCA ചുമത്തിയിട്ടുള്ള കേസുകളില്‍ ഒന്നു പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. 
 
 
പോലീസ് സംവിധാനം പരിഷ്‌കരിക്കണമെന്നത് സര്‍ക്കാരിന്റെ ഏറെക്കാലമായുള്ള അജണ്ടയിലുള്ള കാര്യമാണ്. ഇപ്പോള്‍ കേന്ദ്ര മന്ത്രിയായ എം. വീരപ്പമൊയ്‌ലി അധ്യക്ഷനായ രണ്ടാം ഭരണ പരിഷ്‌കരണ കമ്മീഷന്‍ ഇക്കാര്യത്തില്‍ വിശദമായ നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. പോലീസിനുള്ള പരിശീലന പരിപാടികള്‍, ജനങ്ങളോടുള്ള ഇടപെടല്‍, പ്രവര്‍ത്തനങ്ങളിലെ സുതാര്യത, പോലീസ് – രാഷ്ട്രീയ ബന്ധം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളെ പരാമര്‍ശിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് എങ്ങുമെത്തിയില്ല. ഇതിനിടെയാണ് സുപ്രീം കോടതി പോലീസ് സംവിധാനം പരിഷ്‌കരിക്കുന്നതു സംബന്ധിച്ച നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇത് നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും ഭാഗികമായ ശ്രമങ്ങള്‍ നടന്നിരുന്നു എന്നു മാത്രം. ഇപ്പോള്‍ കോടതിയും ഇക്കാര്യം മിണ്ടുന്നില്ല. ആണ്ടിലും സംക്രാന്തിക്കും ഡല്‍ഹിയില്‍ നടക്കുന്ന മുഖ്യമന്ത്രിമാരുടേയും ആഭ്യന്തര മന്ത്രിമാരുടേയും യോഗത്തില്‍ മാത്രമാണ് ഇപ്പോള്‍ പോലീസ് പരിഷ്‌കരണം. ആരും പോലീസ് പരിഷ്‌കരണത്തിന് എതിരല്ല, പക്ഷേ കൃത്യമായ പരിപാടികള്‍ ഇല്ലെന്നു മാത്രം. അതുകൊണ്ട് MCOCA ഉള്‍പ്പെടെയുള്ള കരി നിയമങ്ങള്‍ ഇനിയും ചുമത്തപ്പെടും, നിരപരാധികള്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ തുടര്‍ന്നും കൊല്ലപ്പെടും. നീരജ് കുമാറുകള്‍ ഇനിയും രാഷ്ട്രീയ മേലാളന്മാരുടെ പ്രിയപ്പെട്ട ഓഫീസര്‍മാരായി തുടരും. 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍