UPDATES

സയന്‍സ്/ടെക്നോളജി

കൈക്കൂലിക്കാര്‍ സൂക്ഷിക്കുക : കണ്ണാടി വരുന്നു

പോള്‍ ആനന്ദ്

 

മുന്നില്‍ വന്ന സുന്ദരിയെ കണ്ടതും അവന്‍ ഒരു ടെര്‍മിനേറ്റര്‍ ചിത്രത്തില്‍ നായകനായി മാറി. അടുത്തു ചെന്ന് പേരു പറഞ്ഞു വിളിച്ചപ്പോള്‍ അവള്‍ക്ക് എവിടെയോ ഒരു പരിചയം പോലെ. വീണ്ടും ഒത്തിരി കാര്യങ്ങള്‍ തന്നെ കുറിച്ചു പറയുന്ന കേട്ടപ്പോള്‍ എവിടെയോ ഒരു ഇഷ്ടം തോന്നി. തന്റെ ഇന്നലത്തെ ബ്ളോഗ് പോസ്റ്റിനെ കുറിച്ചും, എഫ്.ബി സ്റ്റാറ്റസിനെ കുറിച്ചും, ഒക്കെ വാചാലനായപ്പോള് ഒരു തരം ആരാധനയും. ഒരു ഗന്ധര്‍വനെ പോലെ തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനോട് അവള്‍ ചോദിച്ചു, സത്യത്തില്‍ നീ ആരാണ്. അവന്റെ ഉത്തരം അവളെ ഞെട്ടിച്ചു, ഞാന്‍ ഒരു സൈബോര്‍ഗ് ആണ്! പേടിക്കേണ്ട ഒരു ഗൂഗിള്‍ കണ്ണാടി (ഗൂഗിള്‍ ഗ്ളാസ്) ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ആകാം ഒരു സൈബോര്‍ഗ് 🙂 

 
വേഗം കൂടുന്ന ലോകത്തിനു വിവരങ്ങള്‍ തിരയാന്‍ കൈകള്‍ മതിയാകുന്നില്ലെന്ന് തോന്നുന്നു. ഈയിടെ പുറത്തിറങ്ങിയ ഈ കണ്ണാടി ഉപയോഗിച്ചാല്‍ ഒരു ടെര്‍മിനേറ്റര്‍ മൂവീ നായകന്റെ ഭാവം കൈവരും. മുന്നില്‍ കാണുന്നതെന്തും തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍ ഇതിന്റെ ടെക്‌നാളജി വികസിച്ചു കഴിഞ്ഞു. 
 
 
 
2011 ഓഗസ്റ്റില്‍ ഗൂഗിള്‍ പുറത്ത് വിട്ട ന്യൂസ് ലോകത്തെ തന്നെ അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. ഒരു പുതിയ തരം സ്വയം ധരിക്കാവുന്ന കംപ്യൂട്ടര്‍ കണ്ണാടിയുടെ പണിപ്പുരയിലാണ് തങ്ങളെന്നും, 2012-ല്‍ ആര്‍ക്ക് വേണമെങ്കിലും അതു സ്വന്തമാക്കാം എന്നും പറഞ്ഞപ്പോള്‍ ഒരു വിസ്മയമായി പലരും കേട്ടു മറന്നു. ഗൂഗിള്‍ ഡെവെലപ്പര്‍ യോഗത്തില്‍ സെര്‍ജീ ബിന്‍ (ഗൂഗിള്‍ സി.ഇ.ഒ) ഗൂഗിള്‍ കണ്ണാടി ഉപയോഗിച്ച് ഒപ്പിയെടുത്ത ആകാശ ചാട്ടത്തിന്റെ നിമിഷങ്ങള്‍ യൂ ട്യൂബില്‍ തരംഗമായി മാറിയിരുന്നു. ജീവിതത്തിന്റെ സുന്ദര നിമിഷങ്ങളെ എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഈ കണ്ണാടി ഒരു പുതിയ രീതി തന്നെയാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ പോലും ഇനി ഇത്തരം കണ്ണാടികള്‍ നാമറിയാതെ ഒപ്പിയെടുത്തേക്കാം എന്ന ഭയം ഒരുപാട് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഒടുവില്‍ പരിഹാരമെന്ന നിലയില്‍, ക്യാമറ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മുന്നില്‍ ഒരു ചെറിയ ലൈറ്റ് തെളിയും എന്നാക്കി. 2013 അവസാനത്തോടെ പബ്ലിക്കിനുള്ള വേര്‍ഷന്‍ പുറത്തിറങ്ങും എന്നാണ് ഗൂഗിള്‍ പറയുന്നത്. 
 
യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഇത് ഉപകാരപ്രദമാണ്. ഒറ്റയ്ക്ക് ഒരു യാത്ര പോകുമ്പോള്‍ വഴി തെറ്റാതെ, പോയി മടങ്ങി വരാന്‍ വേണ്ട എല്ലാ നിര്‍ദേശങ്ങളും ഇതില്‍ തെളിഞ്ഞു വരും. ഇനി യാത്രയില്‍ ഭാഷ അറിയാതെ വിഷമിക്കേണ്ട കാര്യമില്ല. ഗൂഗിള്‍ കണ്ണാടിയോട് നമ്മുടെ ഭാഷയില്‍ പറയുന്നത് മറുഭാഷയില്‍ ഉടന്‍ തന്നെ മൊഴി മാറ്റി പറയാന്‍ തുടങ്ങും. ശരിക്കും ഒരു വഴികാട്ടി നമ്മുടെ കൂടെ ഉള്ള അനുഭവം ഈ കണ്ണാടി തരുന്നു. 
 
രാവിലെ പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ എല്ലാ പ്രധാന ന്യൂസ് വിവരങ്ങളും കണ്ണാടിയില്‍ മിന്നിമറയുന്നുണ്ടാവും. ആവശ്യമുള്ളത് വായിച്ചു കേള്‍പ്പിക്കുകയും ചെയ്യും ഈ കണ്ണാടി. കാലാവസ്ഥ, സമയം, അന്ന് പോകേണ്ട വിമാനത്തിന്റെ സമയ വിവരങ്ങളും തത്സമയം തെളിഞ്ഞു വരുന്നു. ജോലിത്തിരക്ക് കഴിഞ്ഞു മടങ്ങുന്ന വഴി ഇനി കുറച്ചു ഷോപ്പിംഗ് ഉണ്ടെങ്കില്‍ അതിനും കണ്ണാടി സഹായിക്കും. സാധനങ്ങള്‍ കണ്ണാടിയില്‍ കാണുന്നതിനൊപ്പം തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്നു. വാഹനം മുന്നിലെത്തുമ്പോള്‍ ഇതു കൈകളില്‍ എത്തുന്നു. തിക്കും തിരക്കുമില്ലാതെ ഒരു ഉഗ്രന്‍ ഷോപ്പിംഗ്. 
 
 
 
ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വേദിയിലും ഈ കണ്ണാടി തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന് തയ്യാറെടുക്കുകയാണ്. ഒരു കോഫീ ഷോപ്പില്‍ പോകുമ്പോള്‍, ഒരു മഴയില്‍ ട്രെക്കിംഗ് നടത്തുമ്പോള്‍, ഒരു തോണിയില്‍ കായലില്‍ സഞ്ചരിയ്ക്കുമ്പോള്‍ ഒക്കെ നമ്മുടെ കൂട്ടുകാരിലേയ്ക്ക് ആ വിവരം അപ്പോള് തന്നെ ചിത്രങ്ങള്‍ക്കൊപ്പം പങ്കു വയ്ക്കാന്‍ ഈ കണ്ണാടിയിലൂടെ സാധിക്കും. 
 
ഒരു മുറിയില്‍ ഇരുന്ന കമ്പ്യൂട്ടര്‍ ഇന്ന്‍ കൈകളില്‍ മൊബൈല്‍, ടാബ്ലെറ്റ് രൂപത്തില് കടന്നു വന്ന കാഴ്ച നമ്മള്‍ കണ്ടു. ഇതാ ഈ ദശാബ്ധം സ്വയം ധരിയ്ക്കാവുന്ന ഇത്തരം സാങ്കേതിക വിദ്യകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. 1990- കളില്‍ എം.ഐ.റ്റിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇത്തരം കണ്ണാടികള്‍ വികസിപ്പിച്ചെടുത്തിരുന്നു. ആ കൂട്ടത്തില്‍ നിന്നും ഈയിടെ ഒരാളെ ഗൂഗിള്‍ തങ്ങളുടെ കൂട്ടത്തിലേയ്ക്ക് ചേര്‍ക്കുകയും ചെയ്തു. എന്തും ഉടനെ തന്നെ പകര്‍ത്തുന്ന ചൈനീസ് കോപ്പി ക്യാറ്റ്സ് ബൈതോ കണ്ണാടി (chinese copycat baitho glassഎന്ന പേരില്‍ ഇതും നിര്‍മിക്കുന്നുണ്ട്. 
 
ഒമാപ് ശ്രേണിയിലെ പ്രോസെസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ആധുനിക മൊബൈല്‍ ഫോണിലെ എല്ലാ സൌകര്യങ്ങളും ഇതില്‍ ലഭ്യമാണ്. പാട്ട് കേള്‍ക്കാനും, സിനിമ കാണാനും ഇന്‍റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയാനുമൊക്കെ ഇതും ഉപയോഗിക്കാം. ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ വേണ്ടി പുറത്തിറക്കിയ കണ്ണാടിയുടെ വില 1500 യു എസ് ഡോളര്‍ ആണ്. 
 
പുതുതായ് നിര്‍മിക്കുന്ന ആപ്ളിക്കേഷനുകളില്‍ സിറ്റിസണ്‍ ജേര്‍ണലിസത്തെ സഹായിക്കുന്നവയും ഉണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ അപമര്യാദയായി ആരെങ്കിലും പെരുമാറിയാല്‍, ആരെങ്കിലും കൈക്കൂലി ചോദിക്കുന്ന നിമിഷത്തില്‍, സാമൂഹ്യ പ്രസക്തിയുള്ള വാര്‍ത്താ നിര്‍മാണത്തില്‍ ഒക്കെ ഈ കണ്ണാടി ഉപയോഗിച്ച് ചെറിയ വീഡിയോസ് നിര്‍മിക്കാവുന്നതാണ്. അതു തത്സമയം ലോകമെമ്പാടും എത്തിക്കാന് ഉള്ള സാങ്കേതിക വിദ്യയും ഇതിലുണ്ട്. ചില പ്രത്യേക രീതിയിലുള്ള ചലനങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇനി കൈക്കൂലിക്കാര്‍ സൂക്ഷിക്കുക 🙂
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍