UPDATES

ഇന്ത്യ

മരിച്ചവരെ കുറിച്ച് കുറ്റം പറയുമ്പോള്‍

ഡി. ശ്രീജിത്ത്
 
 
 
ഇന്ന് ശ്രീശാന്തിനെ കുറിച്ച് സംസാരിക്കണമെന്നാണ് വയ്പ്പ്. പക്ഷേ നാട്ടുനടപ്പുകള്‍ തെറ്റിച്ച്, മരിച്ചയാള്‍ക്കാരെ കുറിച്ച് ലേശം കുറ്റം പറയാന്‍ തോന്നുന്നു.
 
വിഭക്ത മധ്യപ്രദേശില്‍ 40 പാര്‍ലമെന്റ് സീറ്റുകള്‍ ഉണ്ടായിരുന്നു. ഈ 40 സീറ്റുകളും പൂണ്ടടക്കം പിടിച്ച് ജയിക്കുക എന്നത് ശീലമായിരുന്നു കോണ്‍ഗ്രസിന്. 1952 മുതല്‍ 2004 വരെയുള്ള അരനൂറ്റാണ്ടിലേറെ കാലത്ത് രണ്ടേ രണ്ടു തവണയാണ് കോണ്‍ഗ്രസ് ഇതര ഭരണ കൂടം ഇവിടെ ജയിച്ചു കയറിയത്. ആദ്യമായി കോണ്‍ഗ്രസിനെ ഇവിടെ തോല്പ്പി്ക്കാന്‍ ഇന്ദിരാഗാന്ധി വേണ്ടി വന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജ്യം (അതില്‍ കേരളം പെടില്ലല്ലോ) കോണ്‍ഗ്രസിനെ പിന്തള്ളിയപ്പോള്‍ മധ്യപ്രദേശും ഒപ്പം കൂടി. 77 ജൂണ്‍ മുതല്‍ 80 ഫെബ്രുവരി വരെയുള്ള കഷ്ടി മൂന്ന് വര്‍ഷം ജനതാ പാര്‍ട്ടി സംസ്ഥാനം ഭരിച്ചു. പിന്നെ നവഹൈന്ദവതയുടെ ആഘോഷം രാജ്യം ഏറ്റെടുത്തപ്പോഴാണ് മധ്യപ്രദേശിന് മനം മാറ്റം ഉണ്ടായത്. 1990 മാര്‍ച്ച് മുതല്‍ ബാബ്റി പള്ളിയുടെ തകര്‍ക്കല്‍ വരെയുള്ള കാലം ബി.ജെ.പി സംസ്ഥാനം ഭരിച്ചു. രണ്ടര വര്‍ഷത്തോളം. അഥവാ 52 വര്‍ഷത്തിനുള്ളില്‍ കഷ്ടി അഞ്ചു വര്‍ഷമായിരുന്നു 2004 വരെ കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളുടെ ഭരണം. 
 
ഈ അവസ്ഥയില്‍ നിന്ന് കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ബി.ജെ.പിയുടെ സമ്പൂര്‍ണ്ണ ആധിപത്യത്തിലേയ്ക്ക്, രണ്ടായി മാറിയ പഴയ മധ്യപ്രദേശിനെ വിട്ടുനല്കിയത് എങ്ങനെ എന്നുള്ളതിനിന്റെ ഒരു ഉദാഹരണത്തിന് വിദ്യാചരണ്‍ ശുക്ള എന്ന വി.സി.ശുക്ളയുടെ ജീവിതം മാത്രം പരിശോധിച്ചാല്‍ മതി. മധ്യപ്രദേശിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന രവിശങ്കര്‍ ശുക്ളയുടെ മകന്‍. രണ്ട് വട്ടം മുഖ്യമന്ത്രിയായിരുന്ന ശ്യാമചരണ്‍ ശുക്ളയുടെ അനുജന്‍. അടിയന്തരാവസ്ഥ കാലത്ത് സെന്‍സര്‍ഷിപ്പിന്റെ ചുക്കാന്‍ പിടിച്ച ഇന്ദിരാഗാന്ധിയുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍. ഇന്ദിര പ്രധാനമന്ത്രിയായ കാലം മുതല്‍ കേന്ദ്രമന്ത്രിസഭയിലെ അവിഭാജ്യഘടകം. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം മുതല്‍ ഭരിക്കാത്ത പ്രധാന വകുപ്പുകളില്ല. കോണ്‍ഗ്രസിനോട് പിണങ്ങി വി.പി.സിങ്ങിന്ടെ സര്‍ക്കാരിലും ചന്ദ്രശേഖര്‍ സര്‍ക്കാരിലും മന്ത്രിയായി. വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി നരസിംഹറാവുവിനൊപ്പം രാജ്യത്തെ പിളര്‍ക്കുന്നതില്‍ പങ്കാളിയായി. പക്ഷേ സ്വന്തം നാടിനോടോ ജനതയോടോ ഒരു കാലത്തും ഒരുത്തരവാദിത്തവും ഉണ്ടായിരുന്നില്ല. 
 
 
 
വിഭജനശേഷം ഛത്തീസ്ഗഡിന്റെ തലസ്ഥാനമായി തീര്‍ന്ന റായ്പൂരാണ് ശുക്ളമാരുടെ സ്വദേശം. ഛത്തീസ്ഗഢിലെ മഹാസമുന്തിലെ വിഖ്യാതനായ കളക്ടര്‍ പിന്നീട് രാഷ്ട്രീയക്കാരനായി മുഖ്യമന്ത്രി പദം വരെ എത്തുന്ന ഘട്ടം വരെ ഇവരല്ലാതെ ഈ ദേശത്ത് കോണ്ഗ്രസിനൊരു നേതാവില്ലായിരുന്നു. ആദിവാസികളെ മനുഷ്യരായി കാണാത്ത, ദളിതരെ അടിമകളായി കണക്കാക്കുന്ന മനോഭാവം ശുക്ളമാര്‍ക്ക് സ്വാതന്ത്ര്യത്തിന് അരനൂറ്റാണ്ടിന് ശേഷവും കൈമോശം വന്നില്ല. ജനങ്ങളെ ഒരിക്കലും അവര്‍ നേരിട്ട് കണ്ടില്ല. അനുചരന്മാര്‍ വോട്ട് ആവശ്യപ്പെട്ടു. ഭരണവും ജനാധിപത്യ പ്രക്രിയയും എല്ലാം പണത്തിന്റേയും പ്രതാപത്തിന്റെയേും പച്ചയില്‍ നടത്തി. ഛത്തീസ്ഗഢ് രൂപവത്കരിച്ചപ്പോള്‍ അജിത് ജോഗി എന്ന ആദിവാസി ബ്യൂറോക്രാറ്റിനെ മുഖ്യമന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് വി.സി ശുക്ള വീണ്ടും കോണ്‍ഗ്രസ് വിട്ടു. ബി.ജെ.പിയായി മാറാന്‍ ശുക്ളയ്ക്ക് ബുദ്ധിമുട്ടേതുമുണ്ടായില്ല. അനുയായികള്‍ കൈപ്പത്തിക്ക് പകരം താമരയുടെ പടം വരച്ചു, അത്രതന്നെ. മഹാസമുന്തില്‍ നിന്നു തന്നെ ജോഗിയോട് ഏറ്റുമുട്ടാന്‍ ബി.ജെ.പി വി.സി. ശുക്ളയെ നിയോഗിച്ചു.
 
2004-ല്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി റായ്പൂരിലെത്തിയപ്പോള്‍ ആദ്യം കാണാന്‍ നിശ്ചയിച്ചതും ഈ ഫ്യൂഡല്‍ രാഷ്ട്രീയ നേതാവിനെ തന്നെ. കേരളത്തിലെ തിരഞ്ഞെടുപ്പ് മാത്രം കണ്ട് ശീലമുള്ളതുകൊണ്ട് റായ്പൂരിലെ ഫാം ഹൗസില്‍ വെളുപ്പിന് അഞ്ചര കഴിഞ്ഞപ്പോഴേയെത്തി. നേതാവ് പള്ളിയുറക്കത്തില്‍ നിന്നുണര്‍ന്നതായി വിവരം ലഭിച്ചത് എട്ടു മണിക്ക് ശേഷം. അടിമകളായ അനുചരര്‍ക്ക് അദ്ദേഹത്തെ ദര്‍ശിക്കാന്‍ അനുമതി ലഭിച്ചത് പത്തുമണിക്ക് ശേഷം. 12 മണിയോടെ അദ്ദേഹം പുറത്തേയ്ക്കിങ്ങി വന്നു. ഒരുമണിയോടെ പത്തുമിനുട്ട് ഗീര്‍വാണം പറഞ്ഞു. ഛത്തീസ്ഗഢ് പ്രദേശത്തേയും അവിഭക്ത മധ്യപ്രദേശിനെയും പുരോഗതിയില്‍ നിന്ന് പുരോഗതിയിലേയ്ക്ക് നയിക്കാന്‍ ശുക്ളമാര്‍ വഹിച്ച ത്യാഗങ്ങളുടെ കഥ. ഒന്നരയ്ക്ക് ഭക്ഷണം കഴിച്ച് അദ്ദേഹം വീണ്ടും പള്ളിയറയില്‍ പ്രവേശിച്ചു. ആറുമണിയോടെ വെയിലൊന്ന് ആറിയപ്പോള്‍ ഹെലികോപ്റ്ററില്‍ ഒരു ചെറിയ കറക്കം. എട്ടുമണിയോടെ തിരിച്ച് ക്ഷീണിതനായി കൊട്ടാരത്തില്‍. ആ തിരഞ്ഞെടുപ്പും വി.സി.ശുക്ള ജയിച്ചേനെ. മഹാസമുന്തിലെ രാപകലില്ലാത്ത പ്രചരണത്തിനിടെ അപകടമുണ്ടായി അജിത് ജോഗി പകുതി തളര്‍ന്ന് സഹതാപ അനുതാപങ്ങള്‍ക്ക് വിധേയനായില്ലായിരുന്നുവെങ്കില്‍. 
 
മഹേന്ദ്ര കര്‍മ
 
 
തുടര്‍ന്നുള്ള ഒന്‍പതു വര്‍ഷത്തോളം എന്തുകൊണ്ട് ബി.ജെ.പി ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നു എന്നതിന് ഇവരെ ചൂണ്ടിക്കാണിച്ചാല്‍ മതി. രമണ്‍ സിങ്ങോ ശിവ് രാജ് സിങ് ചൗഹാനോ ഒന്നും ചെയ്തിട്ടില്ല, കോണ്‍ഗ്രസിന്റെ ഭരണത്തിന്റെ സ്മരണ മതി ബി.ജെ.പിക്ക് ഇനിയുമൊരു പത്തുവര്‍ഷം കൂടി ഭരിക്കാന്‍. രാജഭരണം മാറിയത് പോലും അറിയാതെ അരനൂറ്റാണ്ട് ഇവരെ പിന്തുണച്ചു പോന്ന ജനതയ്ക്ക് കോണ്‍ഗ്രസ് നല്കിയ ഉപകാരത്തിന്റെ സ്മരണ. ഛത്തീസ്ഗഢിന്റെ വനപ്രദേശങ്ങള്‍ ആദിവാസികളുടെയും അന്നന്നത്തെ അന്നത്തിന് വകതേടി സര്‍ക്കാര്‍ ജോലിക്കാരായ പരദേശി സി.ആര്‍.പി.എഫുകാരുടേയും ചോരവീണ് നനയുമ്പോള്‍ ഓര്‍ക്കുക, ഇതിനൊരു ചരിത്രമുണ്ടെന്ന്. മഹേന്ദ്ര കര്‍മ്മയെ എണ്‍പതിലേറെ വെടിയുണ്ടകള്‍ കൊണ്ടൊരു അരിപ്പയാക്കി മാറ്റി അതിനുമുകളില്‍ ആനന്ദനൃത്തമാടിയ മാവോവാദികള്‍ക്ക് സല്‍വാ ജുഢൂമിന്റെ ഉത്തരവാദിയോട് പ്രതികാര നിര്‍വഹണം നടത്തിയെന്ന സംതൃപ്തി മാത്രമായിരിക്കണം ലക്ഷ്യം. പക്ഷേ മനോഹരവും സമ്പന്നവും വൈവിധ്യവുമാര്‍ന്ന ഒരു ആദിവാസി ഊരിനെ പുരോഗമനാശയങ്ങളുടെ വെളിച്ചമൊന്നും കടന്നുചെല്ലാത്ത ഒരു പിന്നാക്ക പ്രദേശമായി നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഒരു ഫ്യൂഡല്‍ രാഷ്ട്രീയ രാജാവിന്റെ അന്ത്യം കൂടി അതിനൊപ്പം നിര്‍വഹിക്കപ്പെട്ടു. 
 
ഗുഡ്ഗാവിലെ ആസ്പത്രിയുടെ ഹൈടെക്ക് വിദ്യകള്‍ക്ക് വി.സി. ശുക്ളയുടെ മരണത്തെ തടുത്തു നിര്‍ത്താനായില്ല. നീണ്ട 84 വര്‍ഷങ്ങളില്‍ ഭൂരിഭാഗവും രാജ്യഭരണത്തിന്റെ ഭാഗവാക്കായിരുന്ന നേതാവിന്റെ മരണമാണ്. പക്ഷേ ഒരു ദേശത്തിനെ ഇരുട്ടില്‍ തടഞ്ഞു വച്ച നേതാവെന്ന നിലയില്‍, രാജ്യത്തെ ഏറ്റവും വിലയേറിയ മണ്ണും പ്രകൃതിയും ചരിത്രവുമുള്ള ഒരു ഭൂപ്രദേശത്തെ സവര്‍ണ്ണ ഹൈന്ദവ ഭരണസേനയുടെ പരീക്ഷണത്തിനും ചോരപ്പുഴകളില്‍ വാഗ്ദത്ത ഭൂമി പണിയുന്ന നവ നക്‌സലുകളുടെ ബദല്‍ ഭരണ പരീക്ഷണങ്ങള്‍ക്കും ബഹുരാഷ്ട്ര കുത്തകകളുടെ അന്തമില്ലാത്ത ചൂഷണത്തിനും ഇടനിലക്കാരുടെ കൊടുംകൊള്ളയ്ക്കും ആഭ്യന്തരയുദ്ധത്തിന് ദാഹിക്കുന്ന ആയുധക്കച്ചവടക്കാര്‍ക്കും വിട്ടുനല്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറ്റി നിര്‍ത്തി വിദ്യാചരണ്‍ ശുക്ളയെ സ്മരിക്കുക വയ്യ. ഈ പ്രദേശത്തെ ഏതു കോണ്‍ഗ്രസുകാരുടെ മരണശേഷവും ഈ അവസാനവാചകങ്ങള്‍ പറയാവുന്നതാണ്. 
 
(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍