UPDATES

സയന്‍സ്/ടെക്നോളജി

കണക്കില്ലാത്ത വിവരദോഷം

എഡ്വാര്‍ഡ് ഫ്രെങ്കല്‍

 

ഇ.ഒ വില്‍സണ്‍ പ്രമുഖനായ ഹാര്‍വാര്‍ഡ്  ജൈവശാസ്ത്രജ്ഞനും ഏറെ അറിയപ്പെടുന്ന എഴുത്തുകാരനുമാണ്. എനിക്കദ്ദേഹത്തിന്റെ കഴിവുകളിലും നേട്ടങ്ങളിലും അതിയായ ബഹുമാനവുമുണ്ട്. പക്ഷേ, ഈയിടെ അദ്ദേഹം പറഞ്ഞ ഒരു കാര്യത്തോട് എനിക്കു കടുത്ത വിയോജിപ്പാണുള്ളത്. വാള്‍ സ്ട്രീറ്റ് ജേണലില്‍ വില്‍സണ്‍ എഴുതിയ ഒരു ലേഖനത്തില്‍ (Letters to a Young Scientist എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തില്‍ നിന്നും) യുവശാസ്ത്രജ്ഞന്മാരോടുള്ള ഉപദേശം കണക്കിന്/ഗണിതത്തിന് അത്ര പ്രാധാന്യം കൊടുക്കേണ്ട എന്നാണ്. വില്‍സണ്‍ പറയുന്നു,“ഇന്ന് ലോകത്തുള്ള പ്രഗത്ഭരായ മിക്ക ശാസ്ത്രജ്ഞരും കണക്കില്‍ അര്‍ദ്ധസാക്ഷരര്‍ മാത്രമാണ്. ഞാനിത്ര ആധികാരികതയോടെ പറയാന്‍ കാരണം ഞാന്‍ തന്നെ ഇതിന്റെയൊരു വലിയ ഉദാഹരണമായതുകൊണ്ടാണ്.” അദ്ദേഹം ഇത്ര കൂടി പറഞ്ഞിരുന്നെങ്കില്‍ നന്നായേനെ – “പക്ഷേ നിങ്ങള്‍ എന്നെപ്പോലെയാകരുത്, കണക്കിനോടുള്ള ഭയം മാറ്റാന്‍ നിങ്ങളെ സഹായിക്കാനാകുമോ എന്നും ശ്രമിക്കാം.”

 

നിര്‍ഭാഗ്യവശാല്‍, social insect – കളെ കുറിച്ചുള്ള പഠനത്തിലെ ആധികാരികവാക്കായ വില്‍സണ്‍ മറിച്ചൊരു നിലപാടാണെടുത്തത്. ഈ ഭയം ശരിയാണെന്ന് കരുതുക മാത്രമല്ല, മിക്ക ശാസ്ത്രജ്ഞര്‍ക്കും കണക്ക് ആവശ്യമില്ല എന്നു സമര്‍ഥിക്കുകയും ചെയ്യുന്നു അദ്ദേഹം. തന്റെ പരിമിതമായ അനുഭവങ്ങളെ അടിസ്ഥാനമാക്കി വില്‍സണ്‍ ഇത്തരം തെറ്റുകള്‍ പറയുന്നതിന്റെ കാരണം അങ്ങേര്‍ക്ക് കണക്ക് എന്താണെന്നോ, ശാസ്ത്രത്തില്‍ അതിന്റെ പ്രയോഗമെന്താണെന്നോ അറിയില്ലെന്നതാണ്.

ഇ.ഒ വില്‍സണ്‍

കണക്ക് ഒരു ലളിതകലയാണെങ്കില്‍ അത് നിങ്ങളുടെ വീട്ടുമതിലില്‍ ചായം പൂശുന്നതുപോലൊരു  കാര്യമാണെന്ന് വില്‍സണ്‍ പറയുമായിരിക്കും. അതിനൊരാളെ കൂലി കൊടുത്താല്‍ കിട്ടുമെന്നിരിക്കെ പിന്നെ അത് പഠിച്ചെടുക്കാന്‍ സമയം കളയണോ? പക്ഷേ, ചിത്രകല മതിലില്‍ ചായം പൂശലല്ല, അത് മഹാന്മാരായ ചിത്രകാരന്മാരുടെ വിഖ്യാതമായ രചനകളാണ്. അതുപോലെ, വില്‍സണ്‍ പറയുമ്പോലെ കണക്കെന്നാല്‍ വെറും കൂട്ടലും കിഴിക്കലുമല്ല. അത് യാഥാര്‍ഥ്യത്തെ വിശദീകരിക്കാനുള്ള പരികല്പനകളും ആശയങ്ങളും തരികയും, ലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു മനസ്സിലാക്കിത്തരികയും ചെയ്യുന്നു. ഗലീലിയോ പറഞ്ഞപോലെ,“ പ്രകൃതിയുടെ നിയമങ്ങള്‍ ഗണിതത്തിന്റെ ഭാഷയിലാണ് എഴുതിയിരിക്കുന്നത്”. ഗണിതം വസ്തുനിഷ്ഠമായ അറിവിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. അത് നിങ്ങളെ മുന്‍വിധികളില്‍ നിന്നും, മുന്‍ധാരണകളില്‍ നിന്നും സ്വതന്ത്രമാക്കുന്നു. ഭൂമി പരന്നതല്ലെന്ന്, അത് സൂര്യനെ ചുറ്റുകയാണെന്ന്, നമ്മുടെ പ്രപഞ്ചം വക്രമാണെന്നും വികസിക്കുകയാണെന്നും, ഇരുണ്ട ഊര്‍ജം നിറഞ്ഞതാണെന്നും, ത്രിമാനതക്കപ്പുറമുള്ള പരിപ്രേക്ഷ്യങ്ങളുള്ളതെന്നും, എല്ലാം നാം തിരിച്ചറിഞ്ഞത് കണക്കുകളിലൂടെയാണ്. ഗണിതത്തിന്റെ ഭാഷ ഉപയോഗിക്കാതെ നമുക്കെങ്ങിനെയാണ് പ്രപഞ്ചത്തെക്കുറിച്ച് ഒരു ചര്‍ച്ച പോലും തുടങ്ങാനാവുക ?

 

“ഗണിതം നമുക്ക് ഒരു പുതിയ ബോധം നല്കി” എന്ന് ചാള്‍സ് ഡാര്‍വിന്‍ ശരിയായാണ് നിരീക്ഷിച്ചത്. ഇന്നലെകളില്‍ നിഗൂഢവും അമൂര്‍ത്തവുമായിരുന്ന ഗണിത പരികല്‍പനകളാണ് ഇന്നത്തെ കണ്ണഞ്ചിപ്പിക്കുന്ന ശാസ്ത്ര നേട്ടങ്ങളിലേക്ക് നയിച്ചതെന്ന് ചരിത്രം നമ്മോടു പറയുന്നുണ്ട്. വില്‍സന്റെ ഉപദേശം നയിച്ചിരുന്നെങ്കില്‍ ശാസ്ത്രീയ മുന്നേറ്റങ്ങള്‍ കൂമ്പടഞ്ഞുപോയേനെ.

 

 

വില്‍സന്റെ പുതിയ നിരീക്ഷണങ്ങളെയും പുസ്തകത്തെയും റിച്ചാര്‍ഡ് ഡ്വാര്‍ക്കിന്‍സിനെ പോലെ നിരവധിപേര്‍ വിമര്‍ശിച്ചിട്ടുണ്ട്. വില്‍സന്റെ ഗണിത ജ്ഞാനത്തിലാണ് കുഴപ്പമെന്നു പലരും പറയുന്നു. പരിണാമ സിദ്ധാന്തത്തില്‍ ഞാനൊരു വിദഗ്ദ്ധനല്ലാത്തതുകൊണ്ടു ഒരു അഭിപ്രായം പറയാന്‍ എനിക്കാവില്ല, എന്നാലും വില്‍സന്റെ ഈ “മഹാന്മാരായ ശാസ്ത്രജ്ഞര്‍ക്ക്  കണക്കില്‍ അറിവുവേണ്ടെന്ന” സിദ്ധാന്ത വിവാദം കൌതുകകരമാണ്.

 

ഒരു കാര്യം ഉറപ്പാണ്; ഭൌതിക ലോകത്തെക്കുറിച്ചുള്ള നമ്മുടെ പരിപ്രേക്ഷ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വക്രീകരിക്കപ്പെട്ടതാകാം, എന്നാല്‍ ഗണിത സത്യങ്ങള്‍ അങ്ങനെയല്ല. അവ വസ്തുനിഷ്ഠമാണ്, സ്ഥിരമാണ്, അത്യാവശമായ സത്യങ്ങളാണ്. ഒരു ഗണിത സമവാക്യം എല്ലാവര്‍ക്കും എല്ലായിടത്തും ഒരു പോലെയാണ് – അതില്‍ ലിംഗ, മത, വംശ വ്യത്യാസങ്ങളില്ല. ആയിരം വര്‍ഷം കഴിഞ്ഞാലും അതെല്ലാവര്‍ക്കും ഇതുപോലെതന്നെ ആയിരിക്കുകയും ചെയ്യും. വില്‍സന്റെ ഉപദേശം തള്ളിക്കളഞ്ഞേക്കൂ, കാരണം അതൊരു സ്വയം രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ്.  

 
(സ്ളേറ്റ് മാഗസിന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍