UPDATES

ഇന്ത്യ

വി.എസ് – പിണറായി : അദ്വാനി – മോദി അഥവാ ഒരേ തൂവല്‍പ്പക്ഷികള്‍

ടീം അഴിമുഖം 
 
കമ്മ്യൂണിസ്റ്റുകാരനായ വി. എസ്. അച്യുതാനന്ദനും സംഘപരവാറുകാരനായ എല്‍. കെ. അദ്വാനിയും ഏകദേശം സമപ്രായക്കാരാണെന്ന കാരണത്താല്‍ ഇരുവരെയും ഉപമിക്കുന്നത് കടന്നകൈയ്യാണെന്ന് അറിയാഞ്ഞിട്ടല്ല. ഇരുവരുടെയും പ്രത്യയശാസ്ത്രങ്ങള്‍ മോരും മുതിരയും പോലെ ഒരിക്കലും ചേരാത്തതാണെന്ന് അറിയാഞ്ഞിട്ടുമല്ല. എന്നാലും ഇരുവര്‍ക്കും തമ്മില്‍ എന്തൊക്കെയോ ചില സാമ്യങ്ങള്‍ ഇല്ലേയെന്നൊരു സംശയം. ഒരാള്‍ വിശ്വാസിയും മറ്റയാള്‍ അവിശ്വാസിയുമാണെങ്കിലും ജാതകവശാല്‍ ഇരുവര്‍ക്കും സമാനതകള്‍ ഏറെയാണ്.
 
ഏറെക്കാലം കഷ്ടപ്പെട്ട് പാര്‍ട്ടി കെട്ടിപ്പടുത്ത് അതില്‍ സര്‍വ്വാധികാര്യക്കാരായി വാണരുളിയിരുന്ന ഇരുവരുമിപ്പോള്‍ പണ്ടേ പോലെ പല്ലിന്‍ ശൗര്യം ഫലിക്കാത്ത അവസ്ഥയിലാണ്. പണ്ടിവരൊരു കടിയാല്‍ പല പുലികളെ കണ്ടിച്ചതു കണ്ടറിഞ്ഞവര്‍ ഏറെയുണ്ട്. പല്ലു കൊഴിഞ്ഞ സിംഹങ്ങള്‍ എന്നു സാമാന്യമായി പറയാം. പക്ഷെ ജട ഇനിയും പൂര്‍ണമായും കൊഴിഞ്ഞിട്ടില്ലാത്തതിന്റെ ശൗര്യം കാട്ടുന്നുമുണ്ട്. കുതിച്ചു ചാടി ആനയുടെ മസ്തകത്തിനിട്ട് അടിക്കാനുളള ആരോഗ്യം നഷ്ടപ്പെട്ടെങ്കിലും ഇടയുന്ന കൊമ്പന്മാരുടെ മസ്തകത്തിനിട്ട് എറിയാനുളള ഉന്നം ഇപ്പോഴും ബാക്കിയുണ്ട്. മസ്തകം തകര്‍ന്നില്ലെങ്കിലും വേദന കൊണ്ട് കൊമ്പന്‍ പുളയും. ദൂരെ നിന്നുളള ഏറായതിനാല്‍ കൊമ്പന്റെ കൊമ്പില്‍ കൊരുത്തു തീരുമോയെന്ന പേടിയും വേണ്ട.
 
 
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടും മുമ്പേ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയവരാണ് അദ്വാനിയും വി.എസും. വെളളം കോരിയും വിറകുവെട്ടിയും പാര്‍ട്ടിയുണ്ടാക്കാന്‍ ഏറെ കഷ്ടപ്പെട്ടവരുമാണ്. ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ നിന്ന് വര്‍ദ്ധക്യ കാലത്ത് പുറത്തിറക്കി വിടേണ്ടെങ്കില്‍ കൊച്ചുമക്കള്‍ പറയുന്നതനുസരിച്ച് ജീവിക്കേണ്ട കിളവന്മാരുടെ ഗതികേടിലാണ് ഇരുവരുമിപ്പോള്‍. അപ്പന് അടുപ്പിലുമാവാം എന്ന ന്യായത്തില്‍ ചില തിരിച്ചടികള്‍ കൊച്ചുമക്കള്‍ക്ക് കൊടുക്കാറുമുണ്ട്.
 
നാടു നീളെ രഥം ഉരുട്ടിയും വര്‍ഗീയത പറഞ്ഞും ഹിന്ദു വികാരം ഇളക്കിയും പളളി പൊളിച്ചും തീവ്ര ഹിന്ദുത്വവാദിയെന്ന ചീത്തപ്പേരു കേട്ടും ഏറെ പണിപ്പെട്ടാണ് അദ്വാനി ബി.ജെ.പിയെ വളര്‍ത്തിയത്. രണ്ടു സീറ്റില്‍ നിന്ന് കേന്ദ്ര ഭരണത്തിലേക്ക് എത്തിച്ചെങ്കിലും പ്രധാനമന്ത്രി കസേരയില്‍ ഇരിക്കാനുമായില്ല. പ്രതിഛായ മോശമാണെന്നായിരുന്നു പരാതി. 
 
പുറത്തറിഞ്ഞാല്‍ സി.പിയുടെ പട്ടാളം പിടിച്ച് അകത്തിട്ട് അലക്കി വെളുപ്പിച്ച് ഇഞ്ച പരുവത്തില്‍ പുറത്തേക്കു തളളുന്ന നാളുകളില്‍ ഒളിവിലും തെളിവിലും ഏറെ നാള്‍ പണിപ്പെട്ടാണ് വി.എസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി വളര്‍ത്തിയത്. താത്വികാചാര്യനായ സാക്ഷാല്‍ ഇ.എം.എസിനോടു പോലും പ്രത്യയശാസ്ത്ര പോരു നടത്തി പാര്‍ട്ടിക്കകത്തും പുറത്തും കടുംപിടുത്തക്കാരനെന്നും മൂരാച്ചിയെന്നുമുളള പേരും സ്വന്തമാക്കി. പാര്‍ട്ടിയെ നയിക്കാനൊക്കെ കൊളളാം പക്ഷെ ജനത്തിന്റെ മുന്നില്‍ നിര്‍ത്താന്‍ പറ്റുന്ന ഇനമല്ലെന്നതായിരുന്നു അവസ്ഥ.
 
ജനങ്ങള്‍ക്കിടയിലെ മോശം പ്രതിഛായയില്‍ നിന്നും ജനപ്രിയ പ്രതിഛായയിലേക്കു മാറിയവരാണ് അദ്വാനിയും വി. എസും. ജനപ്രീതിക്കപ്പുറം പാര്‍ട്ടിയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന മേധാവിത്വമായിരുന്നു ഒരുകാലത്ത് ഇരുവരുടെയും ശക്തി. ഈ ശക്തിയില്‍ ഇവര്‍ പാര്‍ട്ടിയില്‍ റോഡ് റോളര്‍ ഉരുട്ടി നടന്നിരുന്നു. പിന്‍ സീറ്റ് ഡ്രൈവിംഗ് വിട്ട് മുന്‍ സീറ്റില്‍ കയറാന്‍ ജനപ്രീതി ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ ഇരുവരും പിന്നീട് ജനപ്രീതി നേടിയെങ്കിലും മറുവശത്ത് പാര്‍ട്ടിയിലെ മേധാവിത്വം ചോര്‍ന്നു പോയതറിഞ്ഞില്ല. ഇപ്പോള്‍ ഈ ജനപ്രീതി കൊണ്ടാണ് ഇരുവരും പാര്‍ട്ടിയിലെ പുത്തന്‍ മേധാവികളെ വെല്ലുവിളിക്കുന്നത്. 
 
  
 
തീവ്ര ഹിന്ദുത്വവാദിയായിരുന്ന അദ്വാനിയിപ്പോള്‍ മതേതരവാദിയും എല്ലാ പാര്‍ട്ടികള്‍ക്കും സ്വീകാര്യനുമാണ്. സൈബര്‍ ലോകത്തെ ഇടതു ബുജികള്‍ പോലും അദ്വാനിയെ പോലെ ഒരു മുതിര്‍ന്ന നേതാവിനെ പാര്‍ട്ടി തളളിയതില്‍ സങ്കടവും രോഷവും പങ്കുവയ്ക്കുന്നു. അദ്വാനിക്കൊരു വി.എസ് ഛായയില്ലേയെന്ന സംശയം വന്നതോടെ ഇട്ട പോസ്റ്റുകള്‍ പിന്‍വലിച്ച് ചിലര്‍ തടിതപ്പുകയും ചെയ്തു. വെട്ടിനിരത്തലുകാരനും വികസന വിരോധിയുമായിരുന്ന വി.എസ് പിന്നീട് കേരളത്തിലെ ഏറ്റവും ജനപ്രീയ നേതാവും പരിസ്ഥിതി സംരക്ഷകനുമായി.  
 
തങ്ങള്‍ വളര്‍ത്തി വലുതാക്കിയ നേതാക്കള്‍ തന്നെയാണ് ഇരുവരെയും വെട്ടാന്‍ വാളുമായി നില്‍ക്കുന്നത്. എതിരാളികളെ തട്ടാന്‍ ശിഷ്യന്മാരെ പണ്ടു പഠിപ്പിച്ച പാഠം ഇപ്പോഴവര്‍ ഗുരുക്കന്മാര്‍ക്കു നേരെ പ്രയോഗിക്കുന്നു. അത്രമാത്രം. അദ്വാനിക്കു നരേന്ദ്ര മോഡിയെന്ന പോല്‍ വി. എസിന് പിണറായി. മോഡിയെ പിന്തുണച്ച് വളര്‍ത്തുന്നതില്‍ മുതല്‍ ഗുജറാത്ത് കലാപകാലത്ത് മുഖ്യമന്ത്രി കസേര ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ വരെ അദ്വാനിയുടെ പങ്ക് വളരെ വലുതായിരുന്നു. ചടയന്‍ ഗോവിന്ദന്‍ മരിച്ചപ്പോള്‍ മറ്റു മുതിര്‍ന്ന നേതാക്കള്‍ പലരെയും മാറ്റി നിര്‍ത്തി മന്ത്രിസ്ഥാനം രാജിവപ്പിച്ച് പിണറായി വിജയനെ സെക്രട്ടറിയാക്കിയത് വി. എസ്സാണ്. ശിഷ്യന്മാര്‍ വളര്‍ന്നതോടെ ഗുരുക്കന്മാരുടെ നെഞ്ചത്തായി ഇരുവരുടെയും ചുവടുകള്‍. മെലിഞ്ഞ ആനകളെ തൊഴുത്തില്‍ കെട്ടാന്‍ നോക്കുന്ന ശിഷ്യന്മാരെ നേരിടാന്‍ തങ്ങളുടെ പഴയ ആനക്കാല പ്രതാപം പോരെന്ന തിരിച്ചറിവുളളതു കൊണ്ട് ഇരുവരും പിടിച്ചു നില്‍ക്കുന്നുവെന്നു മാത്രം. ഒരു ചുവട് പിന്നോട്ട്, രണ്ടു ചുവട് മുന്നോട്ട് എന്നതാണെല്ലോ വിയെസിന്റെ കാര്യത്തില്‍ രാഷ്ട്രീയ കേരളം നിരന്തരം കാണുന്നതും രാജി പിന്‍വലിക്കലിലൂടെ അദ്വാനി തെളിയിക്കുന്നതും. 
 
പിന്നില്‍ക്കുത്ത്. 
പാര്‍ട്ടിയോടുടക്കി സ്ഥാനങ്ങള്‍ രാജി വച്ച അദ്വാനിയുടെ കളിയെന്തായാലും വി. എസ് സ്വീകരിക്കില്ല. രാജി പിന്‍വലിക്കണമെന്ന പ്രമേയം ഉണ്ടാവില്ലെന്നു മാത്രമല്ല രാജി കിട്ടിയാല്‍ രായ്ക്കുരാമാനം കമ്മറ്റി വിളിച്ച് അതംഗീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് മറ്റാരേക്കാളും നന്നായി വി.എസിനറിയാം.           
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍