UPDATES

ഇന്ത്യ

മൂന്നു ഖണ്ഡികയില്‍ തീരുമോ അദ്വാനി?

അഴിമുഖം ടീം
 
 
ചരിത്രപരമായ ഒരു പ്രതിസന്ധിയിലാണ് ബി.ജെ.പി. തണുത്തു കിടന്നിരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ചിരിക്കുകയാണ് ലാല്‍ കൃഷ്ണ അദ്വാനി എന്ന 85-കാരന്റെ രാജി. മൂന്നു പാരഗ്രാഫുകള്‍ കൊണ്ട് അദ്ദേഹം ബി.ജെ.പി എന്ന തന്റെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞിരിക്കുന്നു. അദ്വാനി തള്ളിപ്പറഞ്ഞാലും ഇല്ലെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ബി.ജെ.പിയുടെ ആയുസ് എത്രനാള്‍ എന്നതു കൂടി പരിശോധിക്കേണ്ടതുണ്ട് ആര്‍.എസ്.എസ് പിടിമുറുക്കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. 
 
‘ആലുലേതു, സൂലുലേതു, കൊടുക്കു പേര് സോമലിംഗം’ – വീടുമില്ല, കുടുംബവുമില്ല, പക്ഷേ ഉണ്ടാകാന്‍ സാധ്യതയുള്ള മകന്റെ പേര് സോമലിംഗം – സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അവസരത്തിലും അനവസരത്തിലുമൊക്കെ പ്രയോഗിക്കുന്ന ഒരു തെലുങ്കു പഴഞ്ചൊല്ലാണിത്. ഈ അവസ്ഥയിലാണ് ബി.ജെ.പി. 90-കളിലെ ശക്തിയൊന്നും ഇന്ന് ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിക്കില്ല. നിരന്തരമായ ഗ്രൂപ്പു പോരുകള്‍ക്കിടയില്‍ നിന്നും പുറത്തു വന്ന് യു.പി.എ സര്‍ക്കാരിനെതിരെ ഒരു തെരഞ്ഞെടുപ്പ് തന്ത്രം മെനയാന്‍ കെല്പുള്ള ഒരു നേതൃത്വം ഇന്ന് ബി.ജെ.പിക്കില്ല. അതുകൊണ്ടാണ് അണികള്‍ക്കിടയിലെ താരം നരേന്ദ്ര ദാമോദര്‍ദാസ് മോദിക്ക് 2014-ലെ എല്ലാ ചുമതലകളും നല്‍കിയിരിക്കുന്നത്. 2014 മാത്രമല്ല, ഈ വര്‍ഷം അവസാനം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുടേയും ‘പണി’ മോദിക്കു തന്നെയാകും. 
 
ബി.ജെ.പിയുടെ ഈ കരുതലില്ലാത്ത സമീപനത്തിന് തിരിച്ചടികള്‍ തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി സ്ഥാപകന്‍ ലാല്‍ കൃഷ്ണ അദ്വാനി എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും രാജി വച്ചിരിക്കുന്നു. പാര്‍ട്ടിയുടെ വഴി പിഴച്ച പോക്കില്‍ മനം നൊന്താണ് രാജി.  പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് വ്യക്തിപരമായ അജണ്ടകള്‍ക്കാണ് പ്രാധാന്യം – പ്രസിഡന്റ് രാജ്‌നാഥ് സിംഗിനയച്ച കത്തില്‍ അദ്വാനി പറയുന്നു. 
 
അദ്വാനിയുടെ വ്യക്തിപരമായ താത്പര്യങ്ങളാണ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് പരിതപിച്ചിരുന്ന ഡോ. മുരളി മനോഹര്‍ ജോഷിയെ പോലുള്ളവര്‍ പോലും പനാജിയിലെ സമ്മേളനത്തില്‍ അദ്വാനിയുടെ വാക്കുകള്‍ക്ക് പാര്‍ട്ടി ചെവി കൊടുക്കണമെന്ന് പറഞ്ഞിരുന്നു. സുഷമ സ്വരാജും അതൃപ്തിയിലാണ്. ബി.ജെ.പിയില്‍ നടക്കാനിരിക്കുന്ന ഒരു ചെയിന്‍ റിയാക്ഷക്ഷന്റെ തുടക്കമായിരിക്കും ഇത്. 
 
 
 
എന്തായിരിക്കും അദ്വാനിയെ ഇതിന് പ്രേരിപ്പിച്ചത്? ആരാണ് നരേന്ദ്ര മോദി? അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ പറയുന്നത് ഒരു ബാല്യ വിവാഹമാണ് മോദിയെ സംഘപരിവാറിലേക്ക് എത്തിക്കുന്നത് എന്നാണ്. ഹാരപ്പന്‍ പുരാവസ്തു മേഖലയായ വാദ് നഗറിലാണ് മോദിയുടെ ജനനം. 1950-ല്‍. കുട്ടിക്കാലത്തെപ്പോഴോ യശോദാ ബെന്‍ (ഇപ്പോഴൊരു റിട്ട. സ്‌കൂള്‍ അധ്യാപിക) എന്ന സ്ത്രീയെ വിവാഹം കഴിച്ചു. കൗമാരത്തിലെത്തിയപ്പോള്‍ ഭാര്യയെ വീട്ടിലേക്ക് കൊണ്ടു വരാന്‍ മോദിയുടെ മാതാപിതാക്കള്‍ നിര്‍ബന്ധം തുടങ്ങി. 
 
ദരിദ്ര കുടുംബം. അച്ഛന്‍ റെയില്‍വേ സ്‌റ്റേഷനരികില്‍ നടത്തിയിരുന്ന ഒരു ചായക്കടയാണ് ഏക വരുമാനം. മോദി ഭാര്യയെ കൊണ്ടു വന്നാല്‍ വീട്ടില്‍ അതൊരു സഹായമാകുമായിരുന്നു എന്നായിരുന്നു മാതാപിതാക്കള്‍ക്ക്. പക്ഷേ മോദിയുടെ വിചാരങ്ങള്‍ വേറെയായിരുന്നു. 
 
എട്ടാം വയസില്‍ ബാലശാഖയില്‍ നിന്നു തുടങ്ങുന്നു മോദിയും ‘സംഘ‘വും തമ്മിലുള്ള ബന്ധം. തീര്‍ച്ചയായും അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ആര്‍.എസ്.എസ് ആഴത്തില്‍ സ്വാധീനം ചെലുത്തി. ഒരു സാധാരണ കുടുംബ ജീവിതം മോദി ഒരിക്കലും ആഗ്രഹിച്ചില്ല. ഭാര്യയെ കൊണ്ടു വരാന്‍ വീട്ടില്‍ നിന്നുമുണ്ടായ സമ്മര്‍ദ്ദം ആ 17-കാരന് താങ്ങാവുന്നതിലുമധികമായിരുന്നു. 
 
മോദി വീടു വിട്ടു. 
 
അഹമ്മദാബാദിലെത്തി. അമ്മാവന്‍ ഉണ്ടവിടെ. സംഘത്തിന്റെ സജീവ പ്രവര്‍ത്തകന്‍. അദ്ദേഹമായിരുന്നു ആദ്യ ആശ്രയം. താമസിയാതെ മോദി ആര്‍.എസ്.എസ് പ്രചാരകനായി. ഗുജറാത്ത് ആസ്ഥാനത്തില്‍ താമസം. അവിടെയാണ് മോദി തന്റെ രാഷ്ട്രീയ ഗുരുവിനെ കണ്ടെത്തുന്നത്. 
 
ലക്ഷ്മണ്‍ റാവു ഇനാംദാര്‍ എന്ന മഹാരാഷ്ട്ര ബ്രാഹ്മണനായിരുന്നു അന്ന് ആര്‍.എസ്.എസിന്റെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല.  വക്കീല്‍ സാബ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ മാനസ പുത്രനായിരുന്നു മോദി. ഒരു പിന്നോക്ക സമുദായക്കാരന്‍ എന്ന ഐഡന്റിറ്റി മോദിയെ സഹായിച്ചു. ബ്രാഹ്മണരുടെ മാത്രം സംഘടനയെന്ന ഇമേജ് മാറ്റാന്‍ ആര്‍.എസ്.എസ് ശ്രമിച്ചിരുന്ന കാലവുമായിരുന്നു ഇത്. 
 
ആദ്യം കിട്ടിയ ചുമതല എ.ബി.വി.പിയുടേതായിരുന്നു. കാര്യമായൊന്നും ചെയ്യാന്‍ മോദിക്ക് കഴിഞ്ഞില്ല. വിദ്യാര്‍ഥികള്‍ മോദിയെ അവരിലൊരാളായി കാണാന്‍ തയാറായില്ല. മോദി വിട്ടുകൊടുത്തില്ല. പ്രൈവറ്റായി ബി.എ എഴുതിയെടുത്തി. പൊളിറ്റിക്കല്‍ സയന്‍സില്‍. എം.എയും പൂര്‍ത്തിയാക്കി എന്നു പറയപ്പെടുന്നു.
 
അങ്ങനെയിരിക്കെയാണ് 1980-കളുടെ തുടക്കത്തില്‍ ബി.ജെ.പി രൂപീകരിക്കപ്പെടുന്നത്. 1987-ല്‍ ആര്‍.എസ്.എസ് മോദിയെ ബി.ജെ.പിക്കു വിട്ടു കൊടുത്തു. ഗുജറാത്ത് സംസ്ഥാനത്തിന്റെ സംഘടനാ ചുമതലകളും. ജനറല്‍ സെക്രട്ടറി. പിന്നീടുള്ളത് ചരിത്രമാണ്. 
 
 
 
 
യാത്രകളുടെ ആശാനാണ് മോദിയും.
 
എല്‍.കെ അദ്വാനിയുടെ സോമനാഥ് – അയോധ്യാ യാത്രയുടെ സംസ്ഥാന ചുമതല മോദിക്കായിരുന്നു. വളരെ ഭംഗിയായി അദ്ദേഹമത് ചെയ്തു. എല്ലാ അര്‍ഥത്തിലും. രഥയാത്രയ്ക്കിടയിലെ കലാപങ്ങള്‍ ആരും മറന്നിട്ടില്ലല്ലോ! അങ്ങനെ മോദിയുടെ ഈ സംഘടനാ വൈഭവം അദ്വാനിയുടെ ശ്രദ്ധയിലുമെത്തി. 
 
തുടര്‍ന്ന് മുരളി മനോഹര്‍ ജോഷി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ യാത്രയിലും മോദി ആദ്യാവസാനക്കാരനായിരുന്നു. ജോഷി എത്തും മുമ്പേ എല്ലാ യാത്രാ കേന്ദ്രങ്ങളിലും അണികളുടെ ഉദ്‌ബോധനവും ഉത്തേജനവുമൊക്കെ മോദിയുടെ ചുമതലയിലായിരുന്നു. യാത്രയിലുടനീളം ഇതും മോദി ഭംഗിയാക്കി. 
 
അങ്ങനെ കേന്ദ്ര നേതൃത്വത്തിന്റെ പ്രീതപാത്രമായി മോദി. അന്നത്തെ നേതാക്കളായിരുന്ന കേശുഭായി പട്ടേലിനേയും ശങ്കര്‍ സിംഗ് വഗേലയേയും (രണ്ടു പേരും ഇന്ന് പാര്‍ട്ടിയിലില്ല) പുറന്തള്ളി മുഖ്യമന്ത്രി പദത്തിലെത്താന്‍ വരെ മോദിയെ സഹായിച്ചത് അദ്വാനിയുടേയും മറ്റും അകമഴിഞ്ഞ പിന്തുണ തന്നെ. 
 
2002-ലെ വംശീയ ലഹള മോദിയെ ‘ഹിന്ദു ഹൃദയ സാമ്രാട്ട്’ എന്ന പദത്തിലെത്തിച്ചു. നിഷ്‌ക്രിയമായ പോലീസ് 3,000-ത്തോളം മുസ്ലീങ്ങള്‍ കൊല്ലപ്പെടുന്നത് നോക്കി നിന്നു. മോദി പറഞ്ഞ ന്യൂട്ടണ്‍ തിയറി ആയിരുന്നു വംശഹത്യയുടെ ബട്ടണ്‍. അതിനൊന്നും ഒരു മാപ്പു പറയാന്‍ പോലും മോദി തയാറായിട്ടില്ല. കൊല്ലം 11 കഴിഞ്ഞു. ഇപ്പോള്‍ ലഹളയൊന്നുമില്ലല്ലോ എന്നാണ് അദ്ദേഹം പറയുക. 
 
സാമൂഹിക ശാസ്ത്രജ്ഞനായ ശിവ് വിശ്വനാഥനൊക്കെ പറയുന്നത് കൃത്യമായ ഫാസിസ്റ്റ് സ്വഭാവങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന ഒരാളാണ് മോദി എന്നാണ്. താന്‍ തന്നെ ശരി എന്ന ഒരേ വികാരം.
 
ഈയിടെ ധനമന്ത്രി പി. ചിദംബരത്തിന്റെ അമ്മ മരിച്ചപ്പോള്‍ ചാനലുകള്‍ അറിയുന്നതിനു മുമ്പു തന്നെ മോദി തന്റെ അനുശോചനം ട്വിറ്ററിലുടെ അറിയിച്ചു. ഞാന്‍ തന്നെ നിങ്ങളുടെയൊക്കെ സന്ദേശവാഹകന്‍ എന്ന ഭാവം. 
 
 
 
ഗോവയിലേക്ക് വരാം. 
 
പനാജിയില്‍ നടന്ന ബി.ജെ.പി സമ്മേളനം മോദിക്ക് 2014-ന്റെ പ്രചരണ ചുമതല കൊടുത്തിരിക്കുന്നു. പ്രത്യേകിച്ച് ചര്‍ച്ചകളൊന്നും നടക്കാതെ തന്നെ. പലരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അത് അദ്വാനിയുടെ രാജി വരെത്തെിക്കുകയും ചെയ്തു. മോദിയെ സ്ഥാനമേല്‍പ്പിക്കുന്നതിലല്ല, മതിയായ ചര്‍ച്ചകള്‍ കൂടാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനോടാണ് എതിര്‍പ്പ് കൂടുതല്‍. 
 
വൈബ്രന്റ് ആയ ഒരു ആന്തരിക ജനാധിപത്യം അവകാശപ്പെട്ടിരുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. വാജ്‌പേയിയുടെ പ്രതാപത്തിനു ശേഷം അദ്വാനി കാര്യങ്ങള്‍ ഏറ്റെടുത്തു തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. അദ്ദേഹം സ്വന്തം ആളുകളെ (മോദി അടക്കം) താക്കോല്‍ സ്ഥാനങ്ങളില്‍ വച്ചു . ചര്‍ച്ചകളും സംവാദങ്ങളും പ്രവര്‍ത്തനങ്ങളും കുറഞ്ഞു. 2004-ലെ തെരഞ്ഞെടുപ്പ് തന്നെ ഉദാഹരണം. ഭരണത്തില്‍ തിരിച്ചു വരുമെന്ന കാര്യത്തില്‍ യാതൊരു ആശങ്കയും ഉണ്ടായിരുന്നില്ല ബി.ജെ.പിക്ക്. 2004 കഴിഞ്ഞു, 2009-ഉം കഴിഞ്ഞു. 
 
ഇനി 2014-ല്‍ മോദി എന്ന ഒറ്റയാള്‍ പാര്‍ട്ടിക്ക് നല്ല ഗതി വരുത്തുമെന്ന് ഡല്‍ഹിയിലെ മടിയന്മാരായ അദ്വാനി ശിഷ്യന്മാര്‍ (ശിഷ്യകള്‍ കുറവാണെല്ലോ) കരുതുന്നു. 
 
 
പ്രായം 85 ആയെങ്കിലും തന്റെ തെറ്റുകള്‍ അദ്വാനി മനസിലാക്കിയിരിക്കുന്നു. കൂട്ടായ ചര്‍ച്ചകളുടേയും പ്രവര്‍ത്തനങ്ങളുടേയും പ്രാധാന്യം അദ്ദേഹം ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്നു. എന്‍.ഡി.എ പോരാ, എന്‍.ഡി.എ പ്ളസ് തന്നെ വേണം അധികാരത്തിലെത്താന്‍ എന്ന് അദ്ദേഹത്തിന് അറിയാം. അതിന് കൂടുതല്‍ സഖ്യകക്ഷികളെ കണ്ടെത്തണം. 
 
ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കു നേര്‍ നില്‍ക്കുന്ന ഗുജറാത്ത്, രാജസ്ഥാന്‍, മധ്യ പ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 135 സീറ്റുകളാണ് ലോക്‌സഭയിലേക്കുള്ളത്. ഇവിടെ മോദി ഒരു നിര്‍ണായക സ്വാധീനമാണെന്ന് കരുതാം. പക്ഷേ എത്ര സീറ്റു കിട്ടും? കര്‍ണാടകയില്‍ കാര്യങ്ങള്‍ എല്ലാം കുഴപ്പത്തിലാണ്. മറ്റു സംസ്ഥാനങ്ങളിലും കടുത്ത മത്സരം തന്നെയുണ്ടാകും. ദിഗ്‌വിജയ് സിംഗിനെപ്പോലെയുള്ള നേതാക്കള്‍ ഇത്തവണ കോണ്‍ഗ്രസിനു വേണ്ടി മധ്യപ്രദേശില്‍ പടനയിക്കാനുള്ള ഒരുക്കത്തിലുമാണ്. 
 
പിന്നീടുള്ള 168 സീറ്റുകളില്‍ – ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് – മോദി വന്‍ സ്വാധീനമുണ്ടാക്കാനുള്ള സാധ്യത കുറവാണ്. ബിഹാറിലും ഉത്തര്‍ പ്രദേശിലും ജാതി-മത സമവാക്യങ്ങള്‍ വളരെ പ്രധാനമാണ്. പണ്ട് 1998-ല്‍ 56 സീറ്റ് ഉത്തര്‍ പ്രദേശില്‍ കിട്ടിയപ്പോള്‍ ഒ.ബി.സി + സവര്‍ണര്‍ എന്ന ഫോര്‍മുലയാണ് ബി.ജെ.പി ഉപയോഗിച്ചത്. കല്യാണ്‍ സിംഗ് + എ.ബി വാജ്‌പേയി = 56. പക്ഷേ ഇന്ന് മോദി എന്ന ഗുജറാത്തിലെ ഒ.ബ.സി, യു.പിയിലെ പിന്നോക്കക്കാരേയും സവര്‍ണരേയും മോഹിപ്പിക്കുന്നുണ്ടോയെന്ന് കണ്ടറിയണം. പ്രത്യേകിച്ച് മുലായം സിംഗ് യാദവ് പ്രധാനമന്ത്രി കുപ്പായം തയ്പിച്ച് തയാറായിരിക്കുമ്പോള്‍. 
 
ബിഹാറിലും സ്ഥിതി വ്യത്യസ്തമല്ല. സ്വന്തം യാദവ് ലാലു പ്രസാദ് തിരിച്ചു വരികയാണ്. നിതീഷ് ചാഞ്ചാട്ടം തുടങ്ങിക്കഴിഞ്ഞു. മുസ്ലീം വോട്ടുകള്‍ ബി.ജെ.പിക്ക് പ്രതികൂലമായാലും ഹിന്ദു വോട്ടുകള്‍ അനുകൂലമാകണമെന്നില്ല. 
 
 
മഹാരാഷ്ട്രയിലും ബി.ജെ.പി – ശിവസേന സഖ്യത്തിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. ഇനി വാര്‍ത്തകളില്‍ വരുന്നതു പോലെ മോദി ഉത്തര്‍ പ്രദേശില്‍ നിന്ന് മത്സരിച്ചാലും കാര്യങ്ങള്‍ എളുപ്പമാകില്ല എന്നര്‍ഥം. 
 
പിന്നെയുള്ളത് ആന്ധ്രാ പ്രദേശ്, ബംഗാള്‍, തമിഴ്‌നാട്, അസം, കേരളം എന്നിവടങ്ങളിലെ 160-ഓളം സീറ്റുകളാണ്. ഇവിടെയൊന്നും മരുന്നിനു പോലും ഒരു സീറ്റ് സാധ്യതയില്ല.
 
അതുകൊണ്ട് 180 സീറ്റുകള്‍ എന്ന ബി.ജെ.പി മോഹം ഏറെ അകലെയാണ്. തെലുങ്കു ദേശം, അണ്ണാ ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ എന്‍.ഡി.എയിലേക്ക് തിരിച്ചു വരുമെന്നാണ് ബി.ജെ.പി കരുതുന്നത്. തെരഞ്ഞെടുപ്പിന് മുമ്പേതായാലും അതിനൊരു സാധ്യതയില്ല. ഒറ്റയ്ക്ക് മത്സരിച്ച് പരമാവധി സീറ്റ് നേടി 2014-ല്‍ വിലപേശാന്‍ തയാറായി നില്‍ക്കുകയാണ് ഇത്തരം പാര്‍ട്ടികള്‍.
 
അപ്പോള്‍ മോദിയ ഉയര്‍ത്തിക്കാട്ടുന്നതുകൊണ്ട് നഷ്ടം ബി.ജെ.പിക്കാവും എന്നു ചുരുക്കം. 
 
ഒന്നാമത് പുതിയ കൂട്ടുകക്ഷികളെ കിട്ടാനുള്ള സാധ്യത കുറയും. രണ്ടാമത് സ്വന്തം പാര്‍ട്ടി നേതൃത്വത്തിലെ തമ്മിലടി മൂര്‍ച്ഛിക്കും. ആര്‍.എസ്.എസിന്റെ മൈക്രോ മാനേജ്‌മെന്റിനെതിരെ കലാപം തുടങ്ങും. 
 
ആത്യന്തികമായി കോണ്‍ഗ്രസ് വിരോധം മുതലെടുത്ത് ജോഷിയും വാജ്‌പേയിയും അദ്വാനിയുമെക്കെ ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ടിയാണ് ബി.ജെ.പി. ഹിന്ദുത്വ വാദികള്‍ മാത്രമല്ല, സുഷമ സ്വരാജിനേയും യശ്വന്ത് സിന്‍ഹയേയും പോലുള്ള പഴയ സോഷ്യലിസ്റ്റുകളും ബി.ജെ.പിയിലുണ്ട്. ഇവരെയൊക്കെ ഒന്നിച്ചു കൊണ്ടു പോകാന്‍ അദ്വാനിയെപ്പോലൊരാള്‍ തന്നെ വേണ്ടി വരും. മോദിക്ക് തന്നില്‍ മാത്രമാണ് പ്രിയം. ഈ ഒരു തിരിച്ചറിവാണ് അദ്വാനിയുടെ രാജിയില്‍ കലാശിച്ചതും.
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍