UPDATES

ഓഫ് ബീറ്റ്

ആരുടേതാണ് മാധ്യമങ്ങള്‍?

തങ്ങളിലേക്ക് പെയ്തിറങ്ങുന്ന സന്ദേശങ്ങള്‍, എത്ര തന്നെ വിചിത്രവും അസാധാരണവും ആയിക്കോട്ടെ. അവയെ ചെറുത്തു നില്‍ക്കാവുന്ന കൃത്യതയാര്‍ന്ന ദിശാ ബോധം ഒരിക്കലും ഒരു പൊതുസമൂഹത്തിനും അവകാശപ്പെടാനില്ല. അറിഞ്ഞോ അറിയാതെയോ അവരെ തഴുകി കടന്നു പോകുന്ന സന്ദേശങ്ങള്‍, പിന്നീട് കൃത്യതയുള്ള അജണ്ടകളായി മാറുന്നു. പൊതു സമൂഹം അവയെ സാംശീകരിക്കുന്നിടത്തേക്ക് വരെ കാര്യങ്ങള്‍ നീളാം. മാസ് കമ്യൂണിക്കേഷനില്‍ ഇങ്ങനത്തെ ഒരു ചതിക്കുഴി ഉള്ളത് തിരിച്ചറിയാന്‍ കഴിയുന്നതിനു മുന്‍പേ ഒരു സാമൂഹിക കൃത്രിമത്വം അഥവാ മാസ് മാനിപ്പുലേഷന് സമൂഹം ഇരയാകുന്നു. 
 
വസ്തുനിഷ്ഠ റിപ്പോര്‍ട്ടിംഗ് എന്ന പേരില്‍ തുടങ്ങി നിര്‍ണായക വാഴ്ത്തലുകളിലൂടെ, ഏച്ചു കെട്ടിയ ആഘോഷങ്ങളിലും ഒരു ദൃശ്യചിന്ത അടക്കം സംഘടിച്ച് വിപണന സുഖം തേടുമ്പോള്‍, സമകാലികത്തില്‍  ‘പോസ്’ പോലും തോന്നിപ്പിക്കാതെ ഒരു സൂം ഔട്ടും യു ടേണും ഇപ്പോള്‍ ആഫ്റ്റര്‍ പാര്‍ട്ടിയും ഒരു ഉളുപ്പുമില്ലാതെ കൊണ്ടാടാന്‍ വേറെ ആര്‍ക്കു കഴിയും. ഐ.പി.എല്ലും ശ്രീശാന്തനും അന്നും ഇന്നും എപ്പോഴും മാധ്യമങ്ങള്‍ക്ക് പ്രിയങ്കരവും ആകുന്നതിനു പിന്നിലും ഇവയെല്ലാം ഒത്തു ചേരുമ്പോള്‍ ഉണ്ടാകുന്ന പ്ളേ തിംഗ്‌സ് തന്നെ. കാമത്തിന്റേയും ചിയറിന്റേയും മാധ്യമ വാണീജ്യവത്ക്കരണം. 
 
 
അടുക്കളയിലും അമ്പലത്തിലും മാധ്യമ പട പുറകെ വന്നപ്പോള്‍ തോന്നിയ സന്തോഷം ഹോട്ടല്‍ ഇടനാഴിയിലെ സി.സി. ടി.വി ദൃശ്യങ്ങളുടെ ആഘോഷവേളയില്‍ പൊലിഞ്ഞത് അനിവാര്യമായ വൈരുദ്ധ്യമായി വിലയിരുത്താമെങ്കിലും, എല്ലാത്തിലും ഒരു കാര്‍ണിവല്‍ മൂഡ് നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിന്റെ വ്യാജ അഭിമാന മിഥ്യയായി ശ്രീശാന്തിനെ പൊക്കിക്കൊണ്ടു നടന്നവര്‍, ഇതര കായിക ഇനങ്ങള്‍ക്കും താരങ്ങള്‍ക്കും എപ്പോഴും പിന്നില്‍ മാത്രം സ്ഥാനം കൊടുത്തു. അപഗ്രഥന, താരതമ്യ വിലയിരുത്തലുകള്‍ക്ക് പേരു കേട്ട കേരളത്തിലെ മാധ്യമങ്ങളില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ തിങ്ങി നിറഞ്ഞ് അന്തര്‍ദേശീയ മീറ്റുകള്‍ക്ക് വരെ പോകുന്ന ക്രിക്കറ്റ് ഇതര കായിക താരങ്ങളെ വച്ച് ശ്രീ ലീലകള്‍ ചേര്‍ത്ത് വായിച്ചില്ല. സ്വന്തം മൂക്കിനു താഴെ കൊച്ചി പട്ടണത്തില്‍ ആയിട്ടു കൂടി ശ്രീ വാങ്ങിക്കൂട്ടിയ ആഡംബര വീടുകളുടേയും വാഹനങ്ങളുടേയും കണക്കു നിരത്തിയില്ല. വിശകലനം ചെയ്തില്ല. ഇപ്പോള്‍ പയ്യന്റെ കാമിനിമാരുടെ എണ്ണക്കൊഴുപ്പില്‍ പോലും പരസ്പരം മത്സരിക്കുന്നു. മനോരമ ശ്രീശാന്തിലെ ‘ശ്രീ’യെ വ്യത്യസ്തമായ ലേ ഔട്ടിലുടെ ആകര്‍ഷകകമാക്കിയാണ് വാര്‍ത്ത നിരത്തിയത്. പേരില്‍ മാത്രമുള്ള ‘ശ്രീ’യും ‘ശാന്ത’തയും പല മാധ്യമങ്ങളും വ്യംഗ്യാര്‍തഥ രൂപേണെ അവതരിപ്പിച്ചു. 
 
സ്പിരിറ്റ് അപ്പാടെ ചോര്‍ന്നു പോയ വെറും കളിയായി ക്രിക്കറ്റ് മാറിയിട്ടുണ്ടോയെന്ന് കഴിഞ്ഞ ദിവസം സി.എന്‍.എന്‍- ഐ.ബി.എന്‍ രാജ്യവ്യാപകമായി ഒരു സര്‍വെ നടത്തി. പങ്കെടുത്ത 90 ശതമാനം പേരും ഐ.പി.എല്ലില്‍ വിശ്വാസം നഷ്ടപ്പെട്ടതായി പറഞ്ഞപ്പോള്‍ 60 ശതമാനം പേര്‍ ഐ.പി.എല്‍ ഉണ്ടെങ്കില്‍ ഇനിയും കാണുമെന്നാണ് അഭിപ്രായപ്പെട്ടത്. വിശ്വാസം നഷ്ടപ്പെട്ട ഒരു കാര്യം പിന്തുടരാന്‍ ഈ നാട്ടിലെ 60 ശതമാനം ആളുകളെ സജ്ജരാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നു എന്നത് തന്നെ നേരത്തെ പറഞ്ഞ മാസ് മാനിപുലേഷന്റെ ഫലസമാപ്തിയാണ്. 
 
 
മായക്കാഴ്ചകളുടെ അദൃശ്യ ആസ്വാദന തലത്തെ കണ്ടറിഞ്ഞ് എപ്പോഴും ഉദ്ദീപിപ്പിച്ചുകൊണ്ടിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. സ്ഥായീഭാവം എപ്പോഴും ഇതായിരിക്കെ സുസ്ഥിര പാരിസ്ഥിതിക നിലപാടുകള്‍ പേരിനു വേണ്ടി മാത്രം വന്നു പോകുന്നുമുണ്ട്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പച്ചപ്പ് കലര്‍ന്ന ലേ ഔട്ട്- നൊപ്പം ‘കണ്ടുവോ പരല്‍ മീനുകളെയും പച്ചത്തവളകളെയും’ എന്ന് മനോരമ ചോദിച്ചപ്പോള്‍ ‘മാമ്പഴങ്ങള്‍ തന്‍ ഭിന്നമാം സ്വാദും വയലിന്‍ കച്ചി പുകമണവും സ്വര്‍ഗത്തിലേക്കുയരു വെണ്‍മുത്തപ്പന്‍ താടി തന്‍ ചാഞ്ചാട്ടവും’ ഗൃഹാതുരത്വം തന്നു. വൈലോപ്പിള്ളിക്കൊപ്പം മഴവെള്ള സംഭരണവും മാലിന്യ നിര്‍മാര്‍ജന പ്രചാരക പ്രവര്‍ത്തനങ്ങളും വേനലിലും വ്യാധി നേരത്തും മാത്രമേ ഓര്‍ക്കാറുള്ളൂ, സര്‍ക്കാരും സര്‍ക്കാരിനെ ഓര്‍മിപ്പിക്കേണ്ട മാധ്യമങ്ങളും.
 
മലയാളം ശ്രേഷ്ഠഭാഷയയായി. ഭാഷയെ ശ്രേഷ്ഠമായി മുന്നോട്ടു കൊണ്ടു പോകാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്ന്, അതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിലെ ‘നേര്‍ക്കുനേര്‍’ പരിപാടിയില്‍ പി.ജി സുരേഷ് കുമാര്‍ ആവശ്യപ്പെടുന്നതു കണ്ടു. ഭാഷയെ വളര്‍ത്താന്‍ ഒരു കാലത്ത് അച്ചടി മാധ്യമങ്ങള്‍ വലിയ പങ്കു വഹിച്ചിരുന്നു.  ‘മാ’ പ്രസിദ്ധീകരണങ്ങള്‍ പോലും ആ കടമ നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്. ഇന്ന് സമൂഹത്തിലെ ദൃശ്യ മാധ്യമങ്ങള്‍ക്കുള്ള സ്വാധീനം ഭാഷാ പ്രയോഗത്തിന്റെറ കാര്യത്തില്‍ വിപരീതമായി വന്നു ഭവിച്ചു. ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്താ വിഭാഗത്തെ മാറ്റി നിര്‍ത്തിയാല്‍ ഉയര്‍ത്തിക്കൊണ്ടു വന്ന്, ഏകദേശം സ്ഥാപിതവത്ക്കരിച്ചിരിക്കുന്നത് രഞ്ജിനി ഹരിദാസിന്റെ ഭാഷാ അവതരണ രീതിയാണ്. നല്ല മലയാളം പറയാന്‍ (നല്ല ഇംഗ്ലീഷ്, നല്ല ഹിന്ദി…കൂട്ടിക്കലര്‍ത്തല്‍ ഇല്ലാതെ) പറ്റുന്ന അവതാരകരെ നിയമിക്കാന്‍ എല്ലാ ചാനലുകളും ശ്രമിച്ചാല്‍ തന്നെ ഒരു സര്‍വകലാശാലയുടേയും സഹായമില്ലാതെ അമ്മ മലയാളം കൂടുതല്‍ ശ്രേഷ്ഠമാകും. 
 
രണ്ടു ദിവസം കൊണ്ട് എന്തു സംഭവിക്കാം?
 
രണ്ടു വര്‍ഷം മുന്‍പ് ഒരു സെമിനാറില്‍ ദി ഹിന്ദുവിന്റെ റൂറല്‍ അഫയേഴ്‌സ് എഡിറ്റര്‍ ശ്രീ സായിനാഥ് ചോദിച്ച ചോദ്യം ഇതാണ്. ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ പല മിഥ്യാ ധാരണകളെയും കടപുഴക്കുന്നു. രണ്ടു ദിവസത്തിനുള്ളില്‍ നമ്മുടെ രാജ്യത്ത് 92 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു, 600 കര്‍ഷകര്‍ ആത്മഹത്യാ ശ്രമം നടത്തുന്നു, 4300 പേര്‍ കാര്‍ഷിക വൃത്തി ഉപേക്ഷിക്കുന്നു. രാജ്യത്ത് കര്‍ഷക ആത്മഹത്യ കൊണ്ട് കുപ്രസിദ്ധി നേടിയ വിദര്‍ഭയില്‍ പോയിട്ടുള്ള പത്രപ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ ദില്ലിയിലേയും മുംബൈയിലേയും ഫാഷന്‍ ഷോകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്താറുണ്ട് എന്ന് എവിടെയോ വായിച്ചു. കാര്‍ഷിക സമ്പദ് ഘടനയില്‍ അടിസ്ഥാനമായ ഒരു രാജ്യത്തെ മാധ്യമങ്ങള്‍ പരിഗണന നിശ്ചയിക്കുന്നത് സ്‌പെകുലേറ്റീവ് ഇകോണമി, മാധ്യമം, കെട്ടുകാഴ്ചകള്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയ സംജ്ഞകളിലൂടെയാകുന്നു. 
 
 
മറ്റു പലതിന്റേയും കൂടെ കേരളത്തില്‍ രാഷ്ട്രീയ അജണ്ട വിപണനവും മാധ്യമങ്ങള്‍ തുടരുന്നുണ്ട്. ഇടതുപക്ഷ സാന്നിധ്യം കൂടുതല്‍ ഉള്ളതു കൊണ്ടാവാം വര്‍ഗ താത്പര്യം സാമൂഹിക ഇടപെടലുകളില്‍ കുറച്ചു കൂടി സ്പഷ്ടമാകുന്നത്. ശിശുമരണ നിരക്കുള്‍പ്പെടെ പ്രധാനപ്പെട്ട മാനവിക സൂചികകളില്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കാന്‍ പാകത്തിന് നില്‍ക്കുന്ന കേരളത്തിലെ അട്ടപ്പാടിയില്‍ 16 മാസത്തിനിടയ്ക്ക് 51-ഓളം കൂട്ടികള്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചു. ടി.പി വധത്തിന്റെ വാര്‍ഷികം, ചെന്നിത്തലയുടെ കേരള യാത്ര, മന്ത്രി പദം, ശ്രീശാന്ത്… എല്ലാം കഴിഞ്ഞിട്ട് വേണ്ടേ ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍.    
 
ബോളിവുഡ് നടി ജിയാ ഖാന്‍ മുംബൈയില്‍ ആത്മഹത്യ ചെയ്തു. കാര്യകാരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത് കോളമെഴുതി എല്ലാവരും. പ്രണയ നൈരാശ്യത്തിനാണ് കൂടുതല്‍ വക്താക്കള്‍. ഇനി കുറച്ചു ദിവസങ്ങളോളം അതു തുടരും. പല അസ്ഥികൂടങ്ങളും പുറത്തിട്ട് അലക്കപ്പെടും. മുംബൈയില്‍ നിന്നും അധികം ദൂരെയല്ല വിദര്‍ഭ പ്രദേശം. ദിവസക്കണക്കിന് കര്‍ഷക ആത്മഹത്യ നടക്കുന്ന സ്ഥലം. മെഡല്‍ പട്ടിക പോലെ, ഇതുവരെ ഇത്ര പേര് എന്ന് പറയാന്‍ മാത്രമേ അവര്‍ക്കായി അച്ചു നിരത്തപ്പെടുന്നുള്ളൂ. ജിയയും വിദര്‍ഭയും അട്ടപ്പാടിയും മാനിപ്പുലേഷന്റെ പ്രതീകങ്ങള്‍ മാത്രമായി മാറുന്നത് അങ്ങനെയാണ്, കൊഴുപ്പിക്കലിന്റേയും തമസ്‌കരണത്തിന്റേയും രീതിയില്‍.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍