UPDATES

അഴിമുഖം ഇംപാക്ട്: ഉന്നതതല അന്വേഷണത്തിന് ആന്‍റണി ഉത്തരവിട്ടു

അഴിമുഖം ടീം 
 
ന്യൂഡല്‍ഹി: കൊച്ചിയില്‍ നടന്ന ആദര്‍ശ് മോഡല്‍ ഫ്‌ളാറ്റ് തട്ടിപ്പില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാനുള്ള ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്റെ 200 കോടി രൂപയുടെ പദ്ധതിയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി കഴിഞ്ഞ ഞായറാഴ്ച (ജൂണ്‍ 2) അഴിമുഖം പുറത്തുകൊണ്ടുവന്നിരുന്നു. (ആദര്‍ശ്  മോഡല്‍ ഫ്ളാറ്റ് കുംഭകോണം കൊച്ചിയിലും – അഴിമുഖം അന്വേഷണം) ഇതിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രി എ.കെ ആന്റണി ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. കൊച്ചിക്കു പുറമെ ഇതേ മാതൃകയില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടന്നിട്ടുള്ള തട്ടിപ്പുകളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. 
 
ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി ആര്‍മി തന്നെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ റിപ്പോര്‍ട്ട് ആര്‍മി ആസ്ഥാനത്തേക്ക് നല്‍കിയെങ്കിലും ഉന്നതതല സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അഴിമുഖം പുറത്തു വിട്ടു. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ വ്യാഴാഴ്ച തന്നെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആന്റണി പുതിയ പ്രതിരോധ സെക്രട്ടറി ആര്‍.കെ മാത്തൂറിന് നിര്‍ദേശം നല്‍കിയിരുന്നതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആരോപണം സംബന്ധിച്ച് ആര്‍മി എന്ത് നിലപാടാണ് സ്വീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികളെന്നാണ് സൂചന. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നത് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിനും സാധ്യതയുണ്ടെന്നാണ് ഉന്നതതല വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. 
 
 
പട്ടാളക്കാര്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനുള്ള ആര്‍മി വെല്‍ഫയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്റെ പദ്ധതിയുടെ മറവില്‍ സ്വകാര്യ ഫ്‌ളാറ്റ് നിര്‍മാണ കമ്പനിയുടെ ഫ്‌ളാറ്റുകള്‍ സേനാംഗങ്ങള്‍ക്കു നല്‍കി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നു. വിപണി വിലയിലും ഉയര്‍ന്ന വില ഈടാക്കി, മതിയായ യാത്രാ സൗകര്യങ്ങളോ ഒന്നുമില്ലാത്ത സ്ഥലത്ത് ഓര്‍ഗനൈസേഷന്റെ ഫ്‌ളാറ്റുകള്‍ എന്നു പ്രചരിപ്പിച്ചായിരുന്നു കച്ചവടം. സ്വകാര്യ കമ്പനിയെ സഹായിക്കുന്നതിനായി ഓര്‍ഗനൈസേഷന്റെ ഫ്‌ളാറ്റ് നിര്‍മാണം വൈകിപ്പിക്കുകയും ഇത് വിവാദമായതോടെ ടെണ്ടര്‍ വിളിക്കുകയും ടെണ്ടര്‍ നടപടികളില്‍ കൃത്രിമം നടത്തി ആരോപണ വിധേയരായ സ്വകാര്യ കമ്പനിക്കു തന്നെ ടെണ്ടര്‍ നല്‍കുകയും ചെയ്തു. കൊച്ചി കേന്ദ്രമായ ശില്‍പ്പ പ്രോജക്ട്‌സ് എന്ന കണ്‍സട്രക്ഷന്‍ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കുന്നതിനായി ടെണ്ടര്‍ നടപടികളില്‍ കൃത്രിമം നടത്തിയതിന്റെ വിവരങ്ങളും ആര്‍മി അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 
 
 
സൈനികരെയും അവരുടെ കുടുംബങ്ങളെയും വഞ്ചിച്ചതിനു പുറമെ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ ഗൂഡാലോചനയാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടാന്‍ ആന്റണിയെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. പ്രതിരോധ സെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്റണിക്ക് മുന്നില്‍ രണ്ടു വഴികളാണുള്ളത്. ഒന്ന്, ആര്‍മി നല്‍കുന്ന വിശദീകരണം തൃപ്തികരമെങ്കില്‍ കേസ് അവസാനിപ്പിക്കാം. അല്ലെങ്കില്‍ സി.ബി.ഐയെക്കൊണ്ട് ക്രിമിനല്‍ അന്വേഷണം ഇക്കാര്യത്തില്‍ ഉത്തരവിടാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനാണ് കൂടുതല്‍ സാധ്യതയെന്നാണ് അറിയുന്നത്. കാരണം, ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടാണ് ആര്‍മി ആസ്ഥാനത്ത് ഇപ്പോഴുള്ളത്. റിപ്പോര്‍ട്ട് ഏതാനും ആഴ്ചകളായി ആര്‍മി ചീഫ് ബിക്രം സിംഗിന്റെ പക്കലുണ്ടെന്നും അറിയുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ആര്‍മി തയാറാകാതിരുന്നതാണ് സംശയാസ്പദം. 
 
കൊച്ചിയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതി മാത്രമല്ല ഇതെന്നാണ് അഴിമുഖത്തിന്റെ പക്കലുള്ള രേഖകള്‍ തെളിയിക്കുന്നത്. കൊച്ചി കോര്‍പറേഷനിലെ ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഓര്‍ഗനൈസേഷനു വേണ്ടി ശില്‍പ്പ കണ്‍സ്ട്രക്ഷന്‍സ് വടുതലയില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ 2011-ലാണ് പട്ടാളക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വില്‍ക്കുന്നത്. എന്നാല്‍ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്വകാര്യ ഫ്‌ളാറ്റ് നിര്‍മാണ കമ്പനികള്‍ ഈടാക്കുന്ന നിരക്കുകളേക്കാള്‍ വന്‍ വിലയ്ക്കാണ് ഈ ഫ്‌ളാറ്റുകള്‍ വിറ്റിട്ടുള്ളതെന്ന് ആര്‍മി അന്വേഷണ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. 
 
 
ഉദാഹരണത്തിന് കലൂരിലെ ഗാലക്‌സി വിന്‍ ഗേറ്റ് 2011നവംബറില്‍ ഫ്‌ളാറ്റുകള്‍ വിറ്റത് ചതുരശ്ര അടിക്ക് 1950 രൂപയ്ക്കാണ്. എന്നാല്‍ വടുതലയിലെ ഓര്‍ഗനൈസേഷന്‍ ഫ്‌ളാറ്റുകള്‍ 'ടേണ്‍ കീ' അടിസ്ഥാനത്തില്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങി നല്‍കിയതാകട്ടെ ചതുരശ്ര അടിക്ക് 2940 രൂപാ എന്ന കണക്കിലാണ്. റെയില്‍വേ ട്രാക്കിന് സമീപത്തായി നിര്‍മിച്ചിരിക്കുന്ന ഈ ഫ്‌ളാറ്റുകളിലാകട്ടെ യാതൊരു വിധത്തിലുള്ള സൗകര്യങ്ങളുമില്ലതാനും. ഓര്‍ഗനൈസേഷന്റെ വടുതല ഫ്‌ളാറ്റുകള്‍ക്ക് ഈടാക്കിയതിലും കുറഞ്ഞ നിരക്കിലാണ് കൊച്ചിയില്‍ സ്വകാര്യ കമ്പനികള്‍ പോലും ഫ്‌ളാറ്റുകള്‍ നല്‍കിയത്. ഉദാഹരണത്തിന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കാക്കനാട്ടുള്ള കാപെല്ലാ പ്രോജക്ടില്‍ ചതുരശ്ര അടിക്ക് 2450 രൂപാ മാത്രമാണ് ഈടാക്കിയത്. ഇതു പരിശോധിക്കുമ്പോഴാണ് ഓര്‍ഗനൈസേഷന്റെ വടുതല പ്രോജക്ടില്‍ നടന്ന തട്ടിപ്പുകള്‍ മനസിലാകുക. അതിലും ഗൗരവമായ മറ്റൊന്ന് ഓര്‍ഗനൈസേഷന്റെ സില്‍വര്‍ സാന്‍ഡ് ഐലന്റ് പദ്ധതിയിലാകട്ടെ വടുതല പ്രോജക്ടിനേക്കാള്‍ കൂടിയ വിലയാണ് ഈടാക്കുന്നത്. 
 
1987-ല്‍ ചെറിയ വിലയ്ക്ക് വാങ്ങിയ ഭൂമിയില്‍ ഇത്രയും കൂടിയ നിരക്കില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതിനു പിന്നിലും അഴിമതിയുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കാരണം വടുതല ഫ്‌ളാറ്റുകള്‍ ശില്‍പ്പ കണ്‍സട്രക്ഷന്‍സില്‍ നിന്നു വാങ്ങിയതിനു പുറമെ സില്‍വര്‍ സാന്‍ഡ് പദ്ധതിയുടെ നിര്‍മാണ കരാറും ശില്‍പ്പയ്ക്കു തന്നെ നല്‍കിയതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍