UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ഭരണകൂടം ഒളിഞ്ഞു നോക്കുമ്പോള്‍

ക്രൈഗ് ടിംബര്‍ഗ്

യുദ്ധത്തിന് കൊടുക്കേണ്ടി വന്ന വിലയെന്നായിരുന്നു സര്‍ക്കാര്‍ നടത്തുന്ന ചാരപ്രവൃത്തികളെ സെപ്റ്റംബര്‍ 11-ന് ശേഷം വിശേഷിക്കപ്പെട്ടിരുന്നത്. ഒരു ഡഡനോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീകരതക്കെതിരെയുള്ള യുദ്ധം പിന്‍വാങ്ങുന്ന ലക്ഷണം കാട്ടിക്കൊണ്ടിരിക്കുന്നു, പക്ഷെ അതിനായി സൃഷ്ടിക്കപ്പെട്ട ചാരസംവിധാനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നു. എന്നുമാത്രമല്ല, അവ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നു. 


വ്യക്തിഗതവിവരങ്ങളുടെ വിസ്ഫോടനം സാധ്യമാക്കിയ ഒരു വന്‍ സാങ്കേതികമാറ്റത്തിന്റെ കാലത്തായിരുന്നു അമേരിക്ക യുദ്ധസന്നാഹത്തിലേര്‍പ്പെട്ടത് എന്നതായിരുന്നു അതിനു കാരണം. മുമ്പെങ്ങുമില്ലാത്ത വിധം ഈ വിവരങ്ങളെ കുഴിച്ചെടുക്കാനും തരംതിരിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവുകള്‍ സര്‍ക്കാരും സ്വകാര്യസാമ്പത്തിക സ്ഥാപനങ്ങളും വികസിപ്പിച്ചെടുക്കുയും ചെയ്തു. ആ അധികാരം, കരുത്ത് വിട്ടുകൊടുക്കാനുള്ള യാതൊരു ലക്ഷണവും അവര്‍ കാണിക്കുന്നുമില്ല.

നാമെവിടേക്കു പോകുന്നു, എവിടെ ജീവിക്കുന്നു, നമ്മെ കാണാനെങ്ങനെ, നാം വാങ്ങുന്നതെന്ത്, തിന്നുന്നതെന്ത്, ഏതൊക്കെ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു – ഒരു പക്ഷെ നമ്മെ മോണിറ്റര്‍ ചെയ്യാനുള്ള സൈറ്റുകളും – നമ്മുടെ വ്യക്തിബന്ധങ്ങളുടെ നെറ്റ് വര്‍ക്കില്‍ ആരൊക്കെ…നിയമത്തിന്റെ കാഴ്ചപ്പാടില്‍ നോക്കിയാല്‍, നാമകപ്പെട്ടിരിക്കുന്ന ഓണ്‍ലൈന്‍ ലോകത്ത് നാം നല്‍കുന്ന ഈ വിവരങ്ങള്‍ ദുരുപയോഗപ്പെടുത്താനായി നാം സമ്മതിച്ചു കൊടുത്തിരിക്കുന്നവയാണ്; അയക്കുന്ന ഓരോ ഈ-മെയിലിനൊപ്പവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോക്കൊപ്പവും ക്രെഡിറ്റ് കാര്‍ഡില്‍ വാങ്ങുന്ന ഓരോ സഞ്ചി പലചരക്കിനുമൊപ്പം. എന്നാല്‍ ഈ വിവരങ്ങള്‍ പ്രമുഖ ടെക്നോളജി കമ്പനികളുടെ സഹായത്തോടെ ഉദാരമായി നിര്‍വചിക്കപ്പെട്ട ഭീകരതാന്വേഷണത്തിനായി  നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിക്ക് മതിവരുമവോളം ഉപയോഗിക്കാമെന്നുള്ള കാര്യം വളരെക്കുറച്ചു പേര്‍ക്കേ അറിയൂ.

 


“സെപ്റ്റംബര്‍ 11നു മുമ്പ് ചെയ്തതിനേക്കാളും കൂടുതല്‍ കാര്യങ്ങള്‍ ഗവണ്‍മെന്റിന് ഇന്ന് ചെയ്യാനാവും. ഈ സാഹചര്യത്തെ പിറകോട്ടാക്കാന്‍ ഒബാമ ഭരണകൂടം ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് തന്നെ പറയാം. ഇനി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അത് ഈ സാഹചര്യത്തെ പ്രോത്സാഹിപ്പിക്കാനാണ്”, ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ നിയമ പ്രൊഫസറും നത്തിംഗ് ടു ഹൈഡിന്റെ കര്‍ത്താവുമായ ഡാനിയല്‍ സൊലോവ് പറയുന്നു.

വെള്ളിയാഴ്ച പ്രസിഡണ്ട് ബരാക്ക് ഒബാമ ഈ പരിപാടിയെ ശക്തമായി ന്യായീകരിച്ചു. അമേരിക്കന്‍ പൗരന്‍മാരുടെയും രാജ്യത്തെ മറ്റുള്ളവരുടെയും നേര്‍ക്കുള്ള അനാവശ്യമായ ചാരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള സുരക്ഷാമാര്‍ഗങ്ങള്‍ കൂടിയുള്ളതാണ് ഈ പരിപാടിയെന്നും, സ്വകാര്യതയും സുരക്ഷയുമായും ബന്ധപ്പെട്ട ആശങ്കകളെ സന്തുലിതമായി ഇത് സമീപിക്കുന്നുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വാദം. പ്രസിഡന്റിന് നല്‍കുന്ന ദൈനംദിന ബ്രീഫിംഗിലെ ഇന്റലിജന്‍സ് വിവരങ്ങളുടെ പ്രധാന ഉറവിടം തന്നെ പ്രിസം എന്നറിയപ്പെടുന്ന എന്‍.എസ്.എയുടെ രഹസ്യപരിപാടിയിലൂടെ ആര്‍ജിക്കുന്ന വിവരങ്ങളാണെന്ന് രേഖകള്‍ തെളിയിക്കുന്നു.

എങ്കില്‍പ്പോലും ഗവണ്‍മെന്റ് രേഖകളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റും ഗാര്‍ഡിയനും ഈയാഴ്ച പുറത്തുവിട്ട വാര്‍ത്തകളിലെ പ്രിസത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ മുതിര്‍ന്ന പൗരാവകാശപ്രവര്‍ത്തകരെ അമ്പരപ്പിച്ചു. ഗവണ്‍മെന്റ് ചാരപ്രവര്‍ത്തനത്തിന്റെ വര്‍ധിതവീര്യത്തെക്കുറിച്ച് അവര്‍ ഏറെക്കാലമായി താക്കീത് നല്‍കുന്നുണ്ടെങ്കില്‍ പോലും അതിത്രത്തോളം വ്യാപകമായിരുന്നെന്ന് അവര്‍ കരുതിയിരുന്നില്ല.

 


“യു.എസ്. വ്യക്തികളില്‍ നിന്ന് ഇത്രയധികം വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നുണ്ടെന്ന വസ്തുത അമ്പരപ്പിക്കുന്നതാണ്. ദുരുപയോഗത്തെ തടയുന്ന സംവിധാനം (ചെക്ക്സ് ആന്റ് ബാലന്‍സ്) തന്നെ തകര്‍ന്നു എന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ തോന്നല്‍,” ഇലക്ട്രോണിക് പ്രൈവസി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രസിഡന്റ് മാര്‍ക് റോട്ടന്‍ബര്‍ഗ് പറയുന്നു.

പരസ്പര സമ്പര്‍ക്കത്തോളം തന്നെ പഴക്കമുള്ള ഒന്നാണ് ഒളിച്ചുകേള്‍ക്കുകയെന്നുള്ളത്. സാങ്കേതികതയുടെ ഓരോ മുന്നേറ്റത്തെയും അധികാരികള്‍ ചതിവിലൂടെയാണ് സമീപിച്ചത്. പോലീസ് നേരിട്ട് ടെലിഫോണ്‍ ടാപ്പ് ചെയ്തപ്പോള്‍ കാര്യങ്ങള്‍ മറ്റൊരു വിധത്തിലായിരുന്നു. പക്ഷെ ഇമെയിലിന്റെയും
സെല്‍ഫോണുകളുടെയും സ്കൈപ് പോലുള്ള  എന്‍ക്രിപ്റ്റഡ് വോയിസ്-വീഡിയോ സര്‍വീസുകളുടെയും വരവോടെ അത് സങ്കീര്‍ണമായി വന്നു. സമ്പര്‍ക്കത്തിന്റെ കാര്യത്തിലുള്ള ഗവണ്‍മെന്റ് ഇടപെടലിനെ സംബന്ധിച്ച നിയമനിര്‍ദേശങ്ങള്‍ വളരെ മെല്ലെയാണ് പരിണമിച്ചുവന്നത്. പല പ്രധാനപ്പെട്ട നിയമങ്ങളും കീഴ്വഴക്കങ്ങളും  പഴയ മോഡല്‍ ടെലിഫോണുകള്‍ സാധാരണമായിരുന്ന കാലത്തോളം പഴക്കമുള്ളതാണ്. തേഡ് പാര്‍ട്ടി ഡോക്ട്രിന്‍ സ്ഥാപിച്ച സുപ്രീം കോടതിയുടെ 1976ലെ ഒരു തീരുമാനമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ബാങ്കോ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറോ പോലുള്ള ഒരു തേഡ് പാര്‍ട്ടിക്ക് വിവരങ്ങള്‍ കൈമാറുന്ന ഒരു വ്യക്തിക്കും ആ വിവരങ്ങള്‍ പിന്നീട് ഗവണ്മെന്റുമായി പങ്കുവെക്കുന്നതിനെ എതിര്‍ക്കാന്‍ അവകാശമില്ലെന്നതായിരുന്നു ഈ നിയമത്തിന്റെ സാരം.

വ്യക്തിഗതവിവരങ്ങളുടെ ഒരു വന്‍സഞ്ചയത്തിലേക്ക് ഗവണ്‍മെന്റിന്റെ പ്രവേശനമാര്‍ഗം തുറന്ന ഒരു നിയമത്താക്കോല്‍ ആയിരുന്നു അത്. വാഷിംഗ്ടണ്‍ പോസ്റ്റിന് ലഭിച്ച എന്‍.എസ്.എയുടെ പ്രെസന്റേഷന്‍ പ്രകാരം ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആപ്പിള്‍, എ.ഒ.എല്‍, മറ്റ് നാല് ടെക്നോളജി കമ്പനികള്‍ എന്നിവയുടെ സെര്‍വറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ഗവണ്‍മെന്റിന് ന്യായീകരണം നല്‍കിയത് ഈ നിയമമാണ്. (തങ്ങളുടെ സര്‍വറിലേക്ക് എന്‍.എസ്.എയ്ക്ക് നേരിട്ടുള്ള പ്രവേശനമാര്‍ഗം ഉണ്ടെന്നുള്ളത് ഇവയിലെ മിക്കവാറും കമ്പനികള്‍ നിഷേധിക്കുന്നു).

യുദ്ധകാലത്തുപോലും സുരക്ഷാ ആശങ്കകളേക്കാള്‍ പ്രാധാന്യത്തോടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യം സന്തുലിതമായി പോവണമെന്ന് വാദിക്കുന്ന പൗരാവകാശ പ്രവര്‍ത്തകരെ മറികടന്ന്, സെപ്റ്റംബര്‍ 11-നു ശേഷമുള്ള അടിയന്തിരസാഹചര്യത്തില്‍, വിവരങ്ങളിലേക്ക് കൂടുതല്‍ പ്രാപ്യത നേടാനായി ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

 


ബുഷ് ഭരണകൂടത്തിന്റെ വാറണ്ടില്ലാ ഫോണ്‍ചോര്‍ത്തലിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെയും, തീവ്രവാദപ്രവര്‍ത്തനങ്ങളെ മോണിറ്റര്‍ ചെയ്യാന്‍ ആരംഭിച്ച, എന്നാല്‍ അനാവശ്യമായി സ്വകാര്യതാലംഘനം നടത്തുന്ന ചാരവൃത്തിയെന്നതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്ത പെന്റഗണിന്റെ ടോട്ടല്‍ ഇന്‍ഫര്‍മേഷന്‍ അവയെര്‍നസ്  പരിപാടിയുടെയും പശ്ചാത്തലത്തില്‍  ഗവണ്‍മെന്റിന്റെ ഈ അതിക്രമത്തിനുനേരെ വ്യാപകമായ ചില പ്രതിഷേധങ്ങളുണ്ടായി.

അതേ വിമര്‍ശനമാണ് എന്‍.എസ്.എയുടെ ചാരപ്പരിപാടിക്കെതിരെ ഈയാഴ്ച ഉയര്‍ന്നത്. രഹസ്യമായ ഒരു ഫോറിന്‍ ഇന്റലിജന്‍സ് സര്‍വെയിലന്‍സ് കോടതി അംഗീകരിച്ചതാണെങ്കില്‍ കൂടി, നിയമത്തെയും യുക്തിരഹിതമായ പരിശോധനയെ ഈ നടപടികള്‍ ലംഘിക്കുന്നുണ്ടെന്ന് ചില നിയമവിദഗ്ധര്‍ പറയുന്നു.


ഭീകരതവാദത്തോട് പൊരുതാന്‍ ആവശ്യമാണെന്ന് തങ്ങള്‍ പറയുന്ന അധികാരത്തെ സംബന്ധിച്ച എല്ലാ രാഷ്ട്രീയയുദ്ധങ്ങളും സെപ്റ്റംബര്‍ പതിനൊന്നിനുശേഷം ഗവണ്‍മെന്റ് ജയിച്ചു. കമ്പ്യൂട്ടറിന്റെ കരുത്ത് കൂടുന്ന മുറയ്ക്ക് നിയമത്തിന്റെ കൈകാര്യകര്‍ത്താക്കളും വ്യാപിച്ചു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ സേവനങ്ങള്‍ അത്രയധികം ജനകീയമായി. ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ സദാപ്രസരിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ ധാരാളം അമേരിക്കക്കാര്‍  ഉപയാഗിക്കാന്‍ തുടങ്ങി.

ഇതിനിടയില്‍ കമ്പനികളും ഗവണ്‍മെന്റ് ഏജന്‍സികളും വിവരങ്ങള്‍ ക്ളൌഡ് സെര്‍വറുകളിലേക്ക് മാറ്റി സൂക്ഷിക്കാന്‍ തുടങ്ങി. വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍.എസ്.എ ഉപയോഗപ്പെടുത്തുന്നതെന്ന് രേഖകള്‍ പറയുന്ന അതേ കമ്പനികളുടെ സെര്‍വറുകളില്‍ തന്നെയാണ് ഇവ മിക്കവാറും നടക്കുന്നത്.

വിവരങ്ങള്‍ പങ്കുവെക്കുന്നതിനെക്കുറിച്ച് ചില ഉപയോക്താക്കള്‍ക്കുള്ള രോഷം, ഗവണ്‍മെന്റും ബിസിനസ്സും തമ്മിലുള്ള ഇടക്കിടെയുള്ള പൊട്ടിത്തെറി കാണുമ്പോള്‍ വര്‍ധിക്കുകയേയുള്ളൂവെന്ന് മുന്‍ എ.ഒ.എല്‍ പ്രൈവസി ഉദ്യോഗസ്ഥനും ഇന്റസ്ട്രി പിന്തുണയുള്ള ഫ്യൂച്ചര്‍ ഓഫ് പ്രൈവസി ഫോറം എന്ന തിങ്ക് ടാങ്കിന്റെ ഡയറക്ടറുമായ ജൂള്‍സ് പോളോനെറ്റ്സ്കി പറയുന്നു.

സ്വകാര്യത തേഞ്ഞുമാഞ്ഞുപോവുന്നതില്‍ ജനങ്ങള്‍ക്കും വലിയ പരാതിയില്ലാതായി തീര്‍ന്നിരിക്കുന്നതായി ചില ആക്ടിവിസ്റ്റുകള്‍ പറയുന്നു. പ്രൈവസി സെറ്റിംഗ്സില്‍ ഫേസ്ബുക്ക് വരുത്തിയ മാറ്റത്തിലും സ്ട്രീറ്റ് വ്യൂ പരിപാടിയിലൂടെ ഗൂഗിള്‍ യൂസര്‍ ഡാറ്റ വാരിയെടുക്കുന്നതിലുമുള്ള പ്രതിഷേധം തുടക്കത്തിലെ പ്രചാരണത്തിനുശേഷം ഏറെക്കഴിയുന്നതിന് മുമ്പ് തന്നെ കെട്ടടങ്ങി.

എന്‍.എസ്.എയുടെ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ആരും ഒരു വിലയും ഒടുക്കേണ്ടതില്ലെന്ന് വാള്‍സ്ട്രീറ്റ് പന്തയം വെക്കുന്നുണ്ടിപ്പോള്‍. ഈ ന്യൂസ് റിപ്പോര്‍ട്ടുകള്‍ വന്നശേഷമുള്ള കാര്യങ്ങള്‍ നോക്കുക; ഇതുമായി ബന്ധപ്പെട്ട ഒരൊറ്റ കമ്പനിയുടെയും ഓഹരി വിലയും താണിട്ടില്ല. 

 

വാഷിംഗ്ടണ്‍ പോസ്റ്റ്

(വിവര്‍ത്തനം : മുഹമ്മദ് അഫ്സല്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍