UPDATES

വിദേശം

ഒഫന്‍സീവ് സൈബര്‍ എഫക്ട്‌സ് ഓപ്പറേഷന്‍സ് അഥവാ അമേരിക്കന്‍ പേടി

റോബര്‍ട്ടോ ഹാരോ ജൂനിയര്‍ & ബാര്‍ട്ടണ്‍ ജെല്‍മാന്‍
 
 
ലോകമാകമാനമുള്ള എതിരാളികളെ മുന്നറിയിപ്പില്ലാതെ ആക്രമിക്കാന്‍ സദാസജ്ജമായ സൈബര്‍ യുദ്ധസന്നാഹം വികസിപ്പിക്കാന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ അമേരിക്കന്‍ സുരക്ഷാമേധാവികള്‍ക്ക് നിര്‍ദേശം നല്കിയിരുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റിന് ലഭിച്ച രഹസ്യരേഖ വ്യക്തമാക്കുന്നു. അമേരിക്കന്‍ ദേശീയ സുരക്ഷാ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കായി കഴിഞ്ഞ ഒക്ടോബറില്‍ ഇഷ്യു ചെയ്ത പ്രസിഡന്‍ഷ്യല്‍ പോളിസി ഡയറക്ടീവ് 20, സൈബര്‍ ആക്രമണങ്ങള്‍ നിയമവിധേയവും നശീകരണം ലഘൂകരിച്ചും ചെയ്യാനുറപ്പിച്ചുള്ള ഒരു കൂട്ടം നടപടിക്രമങ്ങള്‍ അടങ്ങിയതാണ്. ഒഫന്‍സീവ് സൈബര്‍ എഫക്ട്‌സ് ഓപ്പറേഷന്‍സ് (OCEO) എന്നറിയപ്പെടുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്നും ഒരു സൈബര്‍ യുദ്ധം ആസന്നമായിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ വിശ്വസിക്കുന്നു എന്നാണ് ഈ ഡയരക്ടീവിന്റെ ബ്യൂറോക്രാറ്റിക് ഭാഷാന്തരം.
 
‘എതിരാളിക്കോ ലക്ഷ്യത്തിനോ ഒട്ടും മുന്നറിയിപ്പ് നാല്‍കാതെ ചെറുതും വലുതുമായ നാശമുണ്ടാക്കാനും അമേരിക്കന്‍ ദേശീയലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ മുമ്പില്ലാത്ത വിധം അസാധാരണമായ നടപടികള്‍ സ്വീകരിക്കാനും OCEOക്കു കഴിയു’മെന്ന് രേഖ പറയുന്നു.
 
ചൈനീസ് ചാരപ്രവര്‍ത്തനത്തേയും അമേരിക്കന്‍ വ്യാപാര രഹസ്യങ്ങളുടെ മോഷണത്തെയും കുറിച്ച് ഒബാമ ശനിയാഴ്ച ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായുള്ള ഉച്ചകോടിക്കിടെ പരാതിപ്പെടുമെന്നായിരുന്നു വിവരം. എന്നാല്‍ ഈ രേഖ ചോര്‍ന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നതാണ്.  ചൈനയും അമേരിക്കയും ഇപ്പോള്‍ തന്നെ ഒരു സൈബര്‍ പോരാട്ടത്തിലാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. 
 
‘നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത നിശ്ശബ്ദവും മാരകവും അപരിചിതവുമായ ലോകങ്ങളിലൊന്നാണ് സൈബറെ’ന്ന് ഡിഫന്‍സ് സെക്രട്ടറി ചക് ഹേഗല്‍ ഹവായിലെ സൈനികരോടുള്ള പ്രഭാഷണത്തില്‍ പറഞ്ഞതിന് ഏതാനും ദിവസങ്ങള്‍ക്കകമാണ് ഉച്ചകോടി സംഭാഷണങ്ങള്‍ നടന്നത്. ‘ഒരു വന്‍
നാവികസേന കടല്‍ കടന്ന് ഒരു തുറമുഖത്തെത്തുന്നതു പോലെയോ ഒരു വന്‍ കരസേന ഒരതിര്‍ത്തി മുറിച്ചുകടക്കുന്നതുപോലെയോ ഫൈറ്റര്‍ വിമാനങ്ങളിലെ സ്ക്വാഡ്രണ്‍മാരെപ്പോലെയോ അല്ല, വളരെ കഠിനവും അപകടരവുമായ ഒരു ഭീഷണിയാണിത്. ഈ വിഷയത്തേക്കാള്‍ മുന്‍ഗണനയുള്ള ഒന്നും നമ്മുടെ രാജ്യത്തിനില്ല,’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
 
ഇങ്ങനെയൊരു ഡയരക്ടീവുള്ള കാര്യം വാഷിംഗ്ടണ്‍ പോസ്റ്റ് നവംബറില്‍ തന്നെ വെളിച്ചത്തു കൊണ്ടുവന്നിരുന്നു. സൈബര്‍ ഓപ്പറേഷനുകളിലെ പ്രതിരോധവും പ്രത്യാക്രമണവും നിര്‍വചിക്കാനുള്ള അതേവരെയുണ്ടായ ഏറ്റവും വിപുലമായ ശ്രമമാണിതെന്നായിരുന്നു വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചത്. ഈ ഡയരക്ടീവിന്റെ പ്രധാനഭാഗങ്ങളെ സംബന്ധിച്ച ഒരു അണ്‍ക്ളാസ്സിഫൈഡ് അവലോകനം ഒബാമ ഭരണകൂടം പിന്നീട് പുറത്തിറക്കുകയും ചെയ്തു.
 
‘നേരത്തെ ഞങ്ങള്‍ പൊതുജനമധ്യേ സമ്മതിച്ചതുപോലെ, സൈബര്‍ ഓപ്പറേഷന്‍സ് സംബന്ധിച്ച് 2004ല്‍ പുറത്തിറക്കിയ ഒരു ഡയരക്ടീവിനെ പുതുക്കിക്കൊണ്ടുള്ള ഒരു ക്ളാസിഫൈഡ് പ്രസിഡന്‍ഷ്യല്‍ ഡയരക്ടീവില്‍ കഴിഞ്ഞ വര്‍ഷം പ്രസിഡണ്ട് ഒപ്പുവെച്ചു’. നാഷണല്‍ സെക്യൂരിറ്റി കൌണ്‍സില്‍ വക്താവ് കൈറ്റ്‌ലിന്‍ ഹൈഡന്‍ വെള്ളിയാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. സൈബര്‍ സുരക്ഷ ഒരു മുന്തിയ മുന്‍ഗണനയാക്കുന്നതിനായുള്ള ഒരു ശ്രമത്തിന്‍റെ ഭാഗമാണ് ഡയറക്ടീവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ‘സൈബര്‍ ഭീഷണി ഒരുപാട് മാറിക്കഴിഞ്ഞു, കണക്കിലെടുക്കേണ്ട ഒരു പാട് പുതിയ അനുഭവങ്ങള്‍
നമുക്കുണ്ട്,’ ഹൈഡന്‍ പറഞ്ഞു.
 
 
‘സൈബര്‍ ഓപ്പറേഷന്‍സിന്റെ ഉപയോഗത്തിനായുള്ള തത്വങ്ങളെയും പ്രക്രിയകളെയുമാണ് ഈ ഡയരക്ടീവ് വ്യക്തമാക്കുന്നത്. അതുവഴി നമ്മുടെ കയ്യിലുള്ള മറ്റു ദേശീയസുരക്ഷാ ഉപകരണങ്ങളുമായി ഈ സൈബര്‍ ഉപകരണങ്ങള്‍ നന്നായി യോജിച്ചുപോവും. രാജ്യത്തിനകത്തും രാജ്യാന്തരതലത്തിലും നാം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കൊപ്പിച്ചുള്ള ഒരു ഗവണ്മെന്റ് സമീപനരീതിയാണ് ഈ ഡയരക്ടീവ് നല്കുൂന്നതെന്ന് ഹൈഡന്‍ പഖഞ്ഞു. 
 
പതിനെട്ട് പേജുള്ള ഈ അതീവ രഹസ്യരേഖ ‘വളരെ പ്രധാനപ്പെട്ട ഫലങ്ങളുണ്ടാക്കുന്നതിലേക്ക്’ നയിക്കുന്ന സൈബര്‍ ശേഖരണ ഓപ്പറേഷനുകള്‍ക്ക് വേണ്ടിയുള്ള, ദേശീയ സുരക്ഷാരംഗത്ത് സെന്‍സിറ്റീവ് ഒഫന്‍സീവ് സൈബര്‍ ഓപ്പറേഷന്‍സ് എന്നുമറിയപ്പെടുന്ന രീതികളെ വെളിപ്പെടുത്തുന്നു‘. രഹസ്യാത്മകതയുടെ കരിമ്പടത്തിനുള്ളില്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന സൈനിക, ഇന്റലിജന്‍സ് ലോകത്തേക്കുള്ള ഒരു എത്തിനോട്ടമാണ് രേഖ നല്കുന്നത്. പലതും പറഞ്ഞ കൂട്ടത്തില്‍, ഇന്റലിജന്‍സ്, കൗണ്ടര്‍ ഇന്റലിജന്‍സ്, ക്രമസമാധാന ഓപ്പറേഷനുകള്‍ക്കായി ‘ഓണ്‍ലൈന്‍ പ്രച്ഛന്നവേഷങ്ങളെ’ ഗവണ്മെന്റ് വിന്യസിക്കുന്നുണ്ടെന്നും രേഖ സൂചിപ്പിക്കുന്നു.
 
സൈബര്‍ ഓപ്പറേഷനുകള്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയേക്കാമെന്ന് രേഖ സമ്മതിക്കുന്നുണ്ട്. നേര്‍ത്തതും ഗൂഢവുമായ സൈബര്‍ ഓപ്പറേഷനുകള്‍ പോലും, ലക്ഷ്യമിട്ടതിലും കവിഞ്ഞുള്ള ഫലങ്ങളുണ്ടാക്കും’. എമര്‍ജന്‍സി സൈബര്‍ ആക്ഷന്‍’ വേണ്ടിവരുന്ന ഘട്ടങ്ങളിലല്ലാതെ അമേരിക്കക്കകത്ത് സൈബര്‍ ഓപ്പറേഷന്‍സ് നടത്തണമെങ്കില്‍ പ്രസിഡണ്ട് അധികാരപ്പെടുത്തിയിട്ടുവേണമെന്ന് രേഖ പറയുന്നു. ‘എമര്‍ജന്‍സി സൈബര്‍ ഓപ്പറേഷന്‍സിനായി ഡിപ്പാര്‍ട്ട്മെന്‍റിനും ഏജന്‍സിക്കുമുള്ള നടപടിക്രമങ്ങള്‍ ‘ എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന് ലഭിച്ച പതിമൂന്ന് പേജുള്ള ഒരു രഹസ്യരേഖ അറിയപ്പെടുന്നത്. യു.എസ്. ദേശീയ താല്പര്യങ്ങള്‍ക്ക് നേരെയുള്ള ആസന്നഭീഷണികളെ ഒഴിവാക്കുന്നതിനുള്ള അനിവാര്യ നടപടിക്രമങ്ങളാണ് ഈ രേഖയില്‍. 
 
(വാഷിംഗ്ടണ്‍ പോസ്റ്റ്)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍