UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

നിങ്ങള്‍ നിരീക്ഷണത്തിലാണ് – എപ്പോഴും

ബാര്‍ട്ടണ്‍ ഗെല്‍മാന്‍, സാറാ പൊയ്ട്രാസ്

 

പ്രമുഖരായ ഒന്‍പത് യു.എസ് ഇന്‍റര്‍നെറ്റ്  കമ്പനികളുടെ കേന്ദ്ര സര്‍വറുകളില്‍ നിന്നും നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയും എഫ് ബി ഐയും നേരിട്ടു വിവരങ്ങള്‍ ചോര്‍ത്തുകയാണെന്ന് വെളിപ്പെടുത്തല്‍. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച രഹസ്യ രേഖകള്‍ പുറത്തു വിട്ടത്. സംഭാഷണങ്ങള്‍, ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, ഇ-മെയിലുകള്‍, രേഖകള്‍, വിദേശത്തേക്കുള്ള ഫോണ്‍വിളികളുടെ ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ എന്നിവയെല്ലാം ചോര്‍ത്തിയതില്‍ ഉള്‍പ്പെടുന്നു എന്നു വ്യക്തമാക്കുന്ന രഹസ്യ രേഖകളാണ് പുറത്തായത്. 

 

പ്രിസം (PRISM)എന്നു ചുരുക്കപ്പേരിട്ട ഈ രഹസ്യപദ്ധതിയുടെ വിവരങ്ങള്‍ ഇതുവരെ പരസ്യമായിരുന്നില്ല. ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിത്. ഗൂഗിളും, ഫെയ്സ്ബുക്കും പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലുള്ള ലക്ഷക്കണക്കിനാളുകളുടെ, എണ്ണിയാലൊടുങ്ങാത്ത വിവരങ്ങളാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഇവര്‍ ശേഖരിച്ചിക്കുന്നത്.

എന്‍.എസ്.എ ഇത് ശേഖരിക്കുന്നതും അസാധാരണമായ രീതിയിലാണ്. രഹസ്യ രേഖയില്‍ പറയുന്നു: “യു.എസ് സേവനദാതാക്കളായ മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫെയ്സ്ബുക്, പാല്‍ടാക്, എഓഎല്‍, സ്കൈപ്, യുട്യൂബ്, ആപ്പിള്‍ എന്നിവയില്‍ നിന്നും നേരിട്ടു വിവരങ്ങള്‍ ശേഖരിക്കുന്നു.” എന്‍.എസ്.എ സ്ഥാപിച്ച ഒരു സിസ്റ്റത്തിലൂടെ ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സിയും (GCHQ) ഇതേ ഇന്‍റര്‍നെറ്റ് സേവന ദാതാക്കളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയതായി ലണ്ടനില്‍നിന്നുള്ള ഗാര്‍ഡിയന്‍ പത്രം വെള്ളിയാഴ്ച്ച റിപ്പോര്‍ട് ചെയ്തിരുന്നു. ഇത്തരം വിവരങ്ങള്‍ ലഭിക്കാന്‍ ബ്രിട്ടനില്‍ സാധാരണ നിലക്ക് ആവശ്യമുള്ള നടപടിക്രമങ്ങളെ ഒഴിവാക്കാന്‍ പ്രിസം, ജി‌സി‌എച്ച്‌ക്യൂ  വിനെ സഹായിച്ചു.

 


                                                                                                                                                          washington post

 

2007-ല്‍ മാധ്യമ വെളിപ്പെടുത്തലുകളും, നിയമ നടപടികളും, കോടതിയും എല്ലാം കൂടി വാറന്‍റ് കൂടാതെയുള്ള ആഭ്യന്തര നിരീക്ഷണം പിന്‍വലിക്കാന്‍ അന്നത്തെ പ്രസിഡണ്ട് ജോര്‍ജ് ബുഷിനെ നിര്‍ബന്ധിതനാക്കിയതിനെത്തുടര്‍ന്നാണ് പുതിയൊരു പദ്ധതിക്ക് രൂപം കൊടുക്കുന്നത്. ഇതിന് കളമൊരുക്കിക്കൊടുത്തുകൊണ്ട് 2007-ല്‍ കോണ്‍ഗ്രസ്സ്, പ്രൊട്ടക്റ്റ് അമേരിക്ക ആക്ട് അംഗീകരിച്ചു. 2008-ലെ ഫിസ ഭേദഗതികള്‍, രഹസ്യ വിവര ശേഖരണത്തിന് യു. എസുമായി സഹകരിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് പരിരക്ഷയും നല്കി. മൈക്രോസോഫ്റ്റ് ആയിരുന്നു ആദ്യ പങ്കാളി. സ്വകാര്യതയെയും, നിരീക്ഷണത്തെയും കുറിച്ചുള്ള ദേശീയ സംവാദത്തിന്റെ മൂക്കിനു താഴെ 6 വര്‍ഷം രഹസ്യമായി വിവര ശേഖരണം നിര്‍ബാധം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം അവസാനം കോണ്‍ഗ്രസ്സിലെ വിമര്‍ശകര്‍ ഫിസ ഭേദഗതി നിയമത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രിസമിനെക്കുറിച്ച് അറിയാമായിരുന്ന അംഗങ്ങള്‍  രഹസ്യം സൂക്ഷിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.

 

വിദേശ രാജ്യങ്ങളില്‍ നിന്നും അകത്തേക്കും പുറത്തേക്കുമുള്ളതാണെങ്കില്‍ കൂടി യു. എസ് സര്‍വറുകളില്‍ക്കൂടി  പോകുന്ന വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു കോടതി അംഗീകാരം നല്‍കിയിരുന്നത്. പിന്നീട് ഇതില്‍ 2004 മുതല്‍ 2007 വരെ കോടതിയെക്കൊണ്ടുതന്നെ നിര്‍ണ്ണായക മാറ്റങ്ങള്‍ സര്‍ക്കാര്‍ വരുത്തിച്ചു. അതുവരെ, വിവരങ്ങള്‍ ശേഖരിക്കുന്നത് ദാതാവും സ്വീകര്‍ത്താവും ഭീകരവാദമോ, ചാരപ്പണിയോ ആയി ബന്ധപ്പെട്ടതായിരിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു. പുതിയ നാല് ഉത്തരവുകളിലൂടെ കോടതി ഇതില്‍ സര്‍ക്കാരിനുകൂലമായ മാറ്റങ്ങള്‍ വരുത്തി; ഈ ഉത്തരവുകളാകട്ടെ പുറത്തുവിട്ടിട്ടുമില്ല. 

 

വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ നാഷണല്‍ ഇന്‍റലിജന്‍സ്  ഡയറക്ടര്‍ ജെയിംസ് ആര്‍ ക്ളാപ്പര്‍ പറഞ്ഞത്, നിയമാനുസൃതമായ ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അപലപനീയവും, അമേരിക്കന്‍  പൌരന്മാരുടെ സുരക്ഷക്ക്  ഭീഷണിയുമാണെന്നാണ്. വാഷിംഗ്ടണ്‍ പോസ്റ്റും, ഗാര്‍ഡിയനും പ്രിസത്തെക്കുറിച്ച് നല്കിയ വിവരങ്ങള്‍ പലതും പിശകുകകളാണെന്നും ക്ളാപ്പര്‍ പറയുന്നു. “രഹസ്യമാണെങ്കില്‍ പോലും, സര്‍ക്കാരിനു പറയാനുള്ളത് മാത്രം കേട്ട്, ഒരു അഭിപ്രായവും പരസ്യമാക്കാത്ത കോടതിയാണിത്. ഇതൊരിക്കലും സര്‍ക്കാരിന് മേല്‍ ഫലപ്രദമായ നിയന്ത്രണമാകുന്നില്ല,” അമേരിക്കന്‍ പൌരാവകാശ സംഘടനയുടെ ഉപ നിയമ ഡയറക്ടര്‍, ജമീല്‍ ജാഫര്‍ അഭിപ്രായപ്പെട്ടു.

 

ഇരു പത്രങ്ങളും പല കമ്പനികളോടും ബന്ധപ്പെട്ടെങ്കിലും അവര്‍ പറയുന്നത് തങ്ങള്‍ക്കീ പദ്ധതിയെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ്. സര്‍ക്കാരിന് തങ്ങളുടെ സെര്‍വറുകളില്‍ നേരിട്ടുള്ള ഇടപെടല്‍ അനുവദിച്ചിരുന്നില്ലെന്നും ചില പ്രത്യേക വിവരങ്ങള്‍ക്കുള്ള ആവശ്യം മാത്രമേ അംഗീകരിച്ചുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.

 


                                                                                                                                                           washington post

 

പ്രിസത്തിന്റെ സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഏറ്റവും നിഗൂഡമായ രഹസ്യമായാണ് എന്‍.എസ്.എ സൂക്ഷിച്ചിരുന്നത്. കാരണം വിവരങ്ങള്‍ പുറത്തായാല്‍ കമ്പനികള്‍ പിന്‍മാറുമോ എന്ന ഭീതി അവര്‍ക്കുണ്ടായിരുന്നു. പ്രിസത്തിന്റെ 98 ശതമാനം വിവരങ്ങളും, യാഹൂ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവയില്‍ നിന്നായിരുന്നു എന്നും ഈ സ്രോതസ്സുകളെ അപായപ്പെടുത്തരുതെന്നും രേഖയില്‍ പറയുന്നു.

 

പ്രിസം മുഖേന ലഭിച്ച വിവരങ്ങള്‍ പ്രസിഡന്‍റിനുള്ള ദൈനംദിന വിവരം ധരിപ്പിക്കലിന്റെ മുഖ്യ ഭാഗമായി മാറിയതായും രേഖകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഏഴ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളില്‍ ഒന്നു വീതം പ്രിസം രേഖകളായി മാറി. കോടിക്കണക്കിനു വിനിമയ വിവരങ്ങള്‍ എടുക്കുന്നതിന്റെ കൂട്ടത്തില്‍ ഇതിന് ലഭിച്ച പ്രാധാന്യം കാണേണ്ടതാണ്. എന്‍.എസ്.എയുടെ നിയമപരമായ ചുമതല വിദേശ രഹസ്യ വിവര ശേഖരണമാണെന്നിരിക്കെ, അമേരിക്കന്‍ മണ്ണില്‍ അമേരിക്കന്‍ കമ്പനികള്‍ സേവനദാതാക്കളായ, ലക്ഷക്കണക്കിനു അമേരിക്കക്കാരുടെ അക്കൌണ്ടുകളാണ് അവര്‍ ചോര്‍ത്തിയത്.

 

പ്രിസത്തിന്റെ നടത്തിപ്പിന് സേവന ദാതാക്കളിലെ ആഗോള ഭീമന്‍മാര്‍ – മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫെയ്സ്ബുക്, പാല്‍ടാക്, എഓഎല്‍, സ്കൈപ്, യുട്യൂബ്, ആപ്പിള്‍ – ഉള്‍പ്പെട്ടിരുന്നു എന്ന്  രേഖകള്‍ കാണിക്കുന്നു. അറബ് വസന്തത്തിന്റെയും സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെയും കാലത്ത് മറ്റുള്ള കമ്പനികളെ അപേക്ഷിച്ച് ചെറുതെങ്കിലും, പാല്‍ടാക് രഹസ്യാന്വേഷണ താല്പര്യമുള്ള ഗണ്യമായ വിവരങ്ങള്‍ കൈമാറിയിരുന്നതായി കാണാം.

 


                                                                                                                                                           washington post

 

സത്യത്തില്‍ 1970-കള്‍ മുതല്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നൂറോളം യു.എസ് കമ്പനികളുടെ തുടര്‍ച്ചയാണ് പ്രിസം എന്ന് പറയാം. BLARNEY എന്ന മറ്റൊരു ഇന്‍റര്‍നെറ്റ് വിവര ശേഖരണ ദൌത്യവും പ്രിസത്തിന് സമാന്തരമായി പ്രവര്‍ത്തിക്കുന്നുണ്ട്.

 

പക്ഷേ, 2001 സെപ്റ്റംബര്‍ 11-ലെ അല്‍-ഖ്വെയ്ദ  ആക്രമണത്തിനുശേഷം പ്രസിഡണ്ട് ബുഷ് പുറപ്പെടുവിച്ച  വാറണ്ട് രഹിത നിരീക്ഷണത്തിനുള്ള ഉത്തരവിനോടു ഏറെ സാമ്യം പുലര്‍ത്തുന്നതാണ് പ്രിസം. ഇപ്പോഴത്തെ പ്രസിഡണ്ട് ഒബാമയുടെ ഭരണത്തിനു കീഴിലാണ് പദ്ധതി ഭീമാകാരരൂപം കൈക്കൊണ്ടത്. ബുഷിന്റെ നടപടിയെ അന്ന്‍ സ്ഥാനാര്‍ഥിയായിരുന്ന ഒബാമ വലിയ തോതില്‍ വിമര്‍ശിച്ചിരുന്നു എന്നുകൂടി ഇപ്പോള്‍ ഓര്‍ക്കാവുന്നതാണ്. വ്യക്തി കേന്ദ്രീകൃത നിരീക്ഷണങ്ങളോടുള്ള എതിര്‍പ്പില്‍ നിന്നും, നിരീക്ഷണ നിയമങ്ങളും, പ്രയോഗവും വന്‍ തോതിലുള്ള വിവരശേഖരണ സമ്പ്രദായത്തിലേക്ക് എങ്ങനെ ചുവടുമാറ്റി എന്നും ഇത് കാണിക്കുന്നുണ്ട്.

 

പ്രിസം ലക്ഷ്യം വെക്കുന്നത് വിദേശ പൌരന്മാരെ മാത്രമാണെന്നും, ഒരുപാട് നടപടിക്രമങ്ങള്‍ ഇതിനുണ്ടെന്നും, യു.എസ് പൌരന്മാരുടെ വിവരങ്ങള്‍ ഏറ്റവും കുറച്ചുമാത്രമേ ശേഖരിക്കാനിടയുള്ളൂ എന്നും മറ്റും ഒബാമ സര്‍ക്കാര്‍ ഉറപ്പ് നല്കുന്നുണ്ട്. ഒരു കമ്പനിയുടെ വിവരശേഖരത്തില്‍ നിന്നും എന്‍.എസ്. എ-ക്കു എന്തു വേണമെങ്കിലും എടുക്കാമെങ്കിലും മുഴുവന്‍ എടുക്കാന്‍ അവര്‍ ശ്രമിക്കാറില്ലെന്നത് വാസ്തവം തന്നെ.

 

വിദേശ ബന്ധമുള്ള വിവരങ്ങളാണ് അധികവും ശേഖരിക്കുന്നതെങ്കിലും, അമേരിക്കക്കാരുടെ വിവരങ്ങള്‍ എടുക്കുന്നതിലും ഏജന്‍സി വലിയ കുഴപ്പം കാണുന്നില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന് ലഭിച്ച എന്‍.എസ്.എയുടെ പരിശീലന മാര്‍ഗരേഖകള്‍ കാണിക്കുന്നു. എന്‍.എസ്.എ അവര്‍ അവകാശപ്പെടുന്ന രീതിയില്‍ ഈ പദ്ധതി നടത്തുമ്പോള്‍ പോലും ‘സാന്ദര്‍ഭികമായി’ എന്ന വിശേഷണത്തോടെ അമേരിക്കക്കാരുടെ വിവരങ്ങളും ശേഖരിക്കാറുണ്ട്.

 

നിയമപരിരക്ഷക്ക് പകരമായി യാഹൂവും, എഓഎല്‍-ഉം പോലുള്ള കമ്പനികള്‍ തങ്ങളുടെ സെര്‍വറുകള്‍ എഫ് ബി ഐ-യുടെ വിവര ശേഖരണ സാങ്കേതികവിദ്യാ വിഭാഗത്തിന്  തുറന്നു കൊടുക്കാനുള്ള ഒരു നിര്‍ദേശം അറ്റോര്‍ണി ജനറലില്‍ നിന്നും ദേശീയ രഹസ്യവിഭാഗം ഡയറക്ടറില്‍ നിന്നും സ്വീകരിക്കുന്നു. 2008-ല്‍ ഇതിന് തയ്യാറാകാത്ത കമ്പനികളെ‘അനുസരിപ്പിക്കാന്‍’ അവരെ നിര്‍ബന്ധിക്കാനുള്ള ഉത്തരവിറക്കാന്‍  കോണ്‍ഗ്രസ്സ് നിയമ വകുപ്പിന് അനുമതി നല്കി.

 


                                                                                                                                                     washington post

 

സര്‍ക്കാര്‍ പദ്ധതിയില്‍ പങ്കാളിയാകുന്നതിന് കമ്പനികള്‍ കുറെയൊക്കെ എതിര്‍പ്പ് കാണിച്ചിരുന്നു. ഒരു പരസ്യ യുദ്ധത്തിന് ഇത്തരമൊരു രഹസ്യ പദ്ധതിയുടെ പേരില്‍ കമ്പനിയൊ സര്‍ക്കാരോ മുതിരുകയുമില്ല. ആപ്പിള്‍ ഇങ്ങനെ വിമുഖത പ്രകടിപ്പിച്ചു മാറിനിന്നതാണ്. അതും 5 വര്‍ഷത്തോളം. കാരണങ്ങള്‍ അവ്യക്തമാണ്. 2007-മെയില്‍ മൈക്രോസോഫ്റ്റ് പ്രിസത്തിന്റെ ആദ്യ കോര്‍പ്പറേറ്റ് പങ്കാളിയായതിന് ശേഷമാണിത്. തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ കടുത്ത വാശി കാണിക്കുന്ന ട്വിറ്റര്‍ ഇപ്പോളും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല.

 

സര്‍ക്കാരിന് സര്‍വറുകള്‍ തുറന്നു കൊടുത്തു എന്ന് മറ്റ് കമ്പനികളെപ്പോലെ ഗൂഗിളും നിഷേധിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ പിന്‍വാതില്‍ വഴി സര്‍ക്കാരിന് നല്‍കിയില്ല എന്ന് തന്നെയാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. നിയമപ്രകാരമുള്ള ഉത്തരവനുസരിച്ച് മാത്രമേ തങ്ങള്‍ വിവരങ്ങള്‍ നല്‍കിയിട്ടുള്ളൂ എന്നും, സ്വയം സന്നദ്ധമായി ഒരിയ്ക്കലും ഇതില്‍ പങ്കാളികളല്ലെന്നും മൈക്രോസോഫ്റ്റ് പ്രസ്താവനയിറക്കി. സമാനമായ കുറിപ്പു തന്നെയാണ് യാഹൂവും പുറത്തിറക്കിയത്.

 

വിപണി ഗവേഷകരെപ്പോലെ, എന്നാല്‍ അതിലേറെ തുറന്ന ലഭ്യതയോടെ ഉപയോക്താക്കളുടെ സകല വിവരങ്ങളും പ്രിസം വിശകലന വിദഗ്ധര്‍ക്കു ആവശ്യമെങ്കില്‍ ലഭ്യമാണ്. ഇതാണ് പൌരാവകാശ പ്രവര്‍ത്തകരെയും, സാധാരണ ഉപയോക്താക്കളെയും ഒരുപോലെ ആകുലപ്പെടുത്തുന്നത്.

 

ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ടു പങ്കാളിയായ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍, ഇവയുടെ ഭീകരതയും, ജനാധിപത്യ വിരുദ്ധ സാധ്യതകളും മനസ്സിലാക്കിയാണ് പ്രിസം പദ്ധതിയുടെയും മറ്റ് ബന്ധപ്പെട്ട രേഖകളും വാഷിംഗ്ടണ്‍  പോസ്റ്റിന് കൈമാറിയത്. ഇത് സ്വകാര്യതയിലേക്കുള്ള ഭീതിദമായ കടന്നുകയറ്റമാണെന്ന് അദ്ദേഹം കരുതുന്നു. “നിങ്ങള്‍ ടൈപ് ചെയ്യുമ്പോള്‍ തന്നെ നിങ്ങളുടെ ആശയങ്ങള്‍ രൂപപ്പെടുന്നത് അക്ഷരാര്‍ഥത്തില്‍ അവര്‍ കാണുകയാണ്.”

 

(വാഷിംഗ്ടണ്‍ പോസ്റ്റ്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍