UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

പെണ്‍കുപ്പായങ്ങളിലെ എക്‌സ്ട്രാ കുടുക്കുകള്‍

ജോഷിന രാമകൃഷ്ണന്‍

 

കൊല്ലം 2004. ഒരു വയനാടന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജില്‍ നിന്നും ഒരു കൂട്ടം കന്യാസ്ത്രീകള്‍ നടത്തുന്ന കോളേജ് ഹോസ്റ്റലില്‍ നിന്നും കോയമ്പത്തൂരെന്ന നഗരത്തിലെ കോളേജിലേക്കു് പ്രതീക്ഷകളോടെ ബിരുദാനന്തര ബിരുദത്തിനായി പലതരം വസ്ത്രങ്ങള്‍ വാരിപ്പിടിച്ചു് വന്നിറങ്ങിയ സമയം. ആദ്യത്തെ ദിവസം ഹോസ്റ്റല്‍ വാര്‍ഡന്റെ വാണിംഗ് – ചുരിദാര്‍ മാത്രമേ കോളേജില്‍ അനുവദിനീയമായുള്ളൂ. ബാഗില്‍ ചുരിദാര്‍ തപ്പിത്തപ്പി ആകെ രണ്ടുമൂന്നെണ്ണം കിട്ടി. അതില്‍ ഒന്നു് റിജക്റ്റ് ചെയ്യപ്പെട്ടു – ഷോര്‍ട്ട് ചുരിദാര്‍!!. മറ്റൊന്നു സ്ളീവ്‌ലസ്സ്. ഉള്ളതൊന്നിട്ടു ബാഗുമെടുത്തു് ഇറങ്ങാന്‍ നോക്കുമ്പോഴാണു് കൂടെയുണ്ടായിരുന്ന എന്‍ആര്‍ഐ പെണ്‍കുട്ടി അതിന്റെ കയ്യിലാകെ ഉണ്ടായിരുന്ന ഒരൊറ്റ സ്ളീവ്‌ലസ്സ് ചുരിദാറും പിടിച്ചു് ഇപ്പക്കരയുമെന്ന മട്ടില്‍ നില്‍ക്കുന്നതു്. എന്തായാലും കോളേജില്‍ പോണമല്ലോ . പെട്ടെന്നു ഒരൈഡിയ മിന്നി. ചുരിദാറിന്റെ ഷോള്‍ വീതിയില്‍ രണ്ടായി മടക്കി ചുമലില്‍ കൈമറയുന്ന രീതിയില്‍ പിന്‍ചെയ്തു് ഇറങ്ങി. എന്തായാലും ഉച്ചയോടെ ആരോ ഒറ്റുകയും അവള്‍ പിടിക്കപ്പെടുകയും ചെയ്തു. എന്തായാലും ഇറക്കം, ടൈറ്റ്‌നസ്, കയ്യുടെ നീളം, തുണിയുടെ സുതാര്യതാ തോത്, സ്ളിറ്റിന്റെ നീളം ഈ പരീക്ഷകളെല്ലാം ഞങ്ങളുടെ എല്ലാവരുടെയും ഒന്നോ രണ്ടോ ചുരിദാറുകള്‍ മാത്രമേ പാസ്സായുള്ളൂ. ഇതൊക്കെ പറഞ്ഞുകൊടുത്തു് വീട്ടുകാര്‍ അടുത്ത സെറ്റ് ചുരിദാറുകള്‍ തുന്നിക്കൊണ്ടു വരുന്നവരെ പരസ്പരം കടം വാങ്ങി വളരെ ഒത്തൊരുമയോടെയാണു് ഞങ്ങള്‍ കഴിഞ്ഞുവന്നതു്. ഡിഗ്രിക്കാലത്തു് ഓരോദിവസവും ഉള്ളുകൊണ്ടു് പ്രാകിയിരുന്ന വയനാട്ടിലെ ഹോസ്റ്റലിലെ കന്യാസ്ത്രീകള്‍ ശരിക്കും മാലാഖമാരായിരുന്നുവെന്നും ആ ‘രാഷ്ട്രീയരഹിതകാമ്പസ്’ കോയമ്പത്തൂരിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കാമ്പസ്സിനേക്കാള്‍ എത്ര ഭേദമായിരുന്നുവെന്നും അന്നാണു് എനിക്കു മനസ്സിലായതു് . അങ്ങനെ ബാക്കി ഡ്രസ്സുകള്‍ ഔട്ടിങ്ങിനും ഷോപ്പിംഗിനും പുറത്തേക്കിറങ്ങുമ്പോള്‍ ഉപയോഗിക്കുന്നവ മാത്രമായി ഒതുങ്ങി. കോഴ്‌സു തീരും വരെ ഞങ്ങളില്‍ പലര്‍ക്കും ഈ വിഷയത്തില്‍ മാനേജ്‌മെന്റുമായി പലപ്പോഴായി കൊമ്പുകോര്‍ക്കേണ്ടി വന്നിരുന്നു. 

 

 

കോയമ്പത്തൂരിലെ എംസിഎ വിദ്യാഭ്യാസത്തിന്റെ അവസാനകാലം. മുട്ടന്‍ പ്രേമങ്ങളോ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ പ്ളേസ്‌മെന്റുകളോ മാത്രം സംസാരവിഷയമാവുന്ന സമയം. കോളേജിലെ പ്രസിദ്ധമായ ഒരു പ്രണയജോഡി പിരിയാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത എല്ലാവരേയും അമ്പരപ്പിക്കുന്നു. പിരിയുന്നു എന്നതല്ല, പിരിയാന്‍ കാരണമായ വില്ലന്‍ ഘടകമായിരുന്നു ഞങ്ങളെ അതിലേറെ അമ്പരപ്പിച്ചതു്. കാമുകന്റെ അമ്മയെ കാണാന്‍പോവുമ്പോഴുള്ള കാമുകിയുടെ വസ്ത്രധാരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണു് കാര്യങ്ങള്‍ക്കെല്ലാം ഒരു അവസാന തീരുമാനമുണ്ടാക്കിയതു്. ചുരിദാര്‍ ധരിച്ചു ചെന്നാല്‍ മാത്രമേ ഭാവിമരുമകളായി സ്വീകരിക്കാന്‍ ചാന്‍സുള്ളൂ എന്നു കാമുകന്‍. അങ്ങനെ നിന്നെ കെട്ടാന്‍ വേണ്ടി മാത്രം ഒരു ദിവസത്തേക്കായി ‘കുലവധു കോസ്റ്റ്യൂം’ അണിയാനില്ലെന്നു് അവള്‍. അമ്മയ്ക്കിഷ്ടമില്ലാത്ത വിവാഹത്തിനൊരുക്കമല്ലെന്നു് കാമുകന്‍. നീ പോയി പണിനോക്കടാ എന്ന മട്ടില്‍ ഞങ്ങളുടെ ആ മിടുക്കിക്കുട്ടി അന്നുതന്നെ ആ മണുങ്ങൂസനോടു് ഗുഡ്‌ബൈ പറഞ്ഞു. പിറ്റേന്നു തന്നെ അവള്‍ ഞങ്ങള്‍ക്കെല്ലാം കോളേജ് കാന്റീനില്‍ നിന്നു് ഓരോ സ്ളൈസും മുട്ട പപ്സ്സും വാങ്ങിതന്ന്‍ ട്രീറ്റ് ചെയ്തു. സ്വതന്ത്രമായി അവളെടുത്ത തീരുമാനത്തില്‍ ചൊടിച്ചു് എക്‌സ്‌ കാമുകന്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന അവളൊരു തല്ലിപൊളി കേസാണെന്നും ചുറ്റിക്കളി മാത്രമാണു് തനിക്കവളുമായി ഉണ്ടായിരുന്നതെന്നും പ്രചരിപ്പിക്കാന്‍ തുടങ്ങി. അവന്റെ ദിവ്യപ്രേമം ഒരു വസ്ത്രധാരണത്തില്‍ അസാധാരണമായ അച്ചടക്കമുള്ള ഒരാളുമായി മാത്രമേ സംഭവിക്കൂ എന്നും, ആ വരും കാമുകിക്കു കൊടുക്കാന്‍ ഖലീല്‍ ജിബ്രാന്റെ സമ്പൂര്‍ണ്ണകൃതികള്‍ വാങ്ങിവെച്ചിട്ടുണ്ടു് എന്നും പ്രഖ്യാപിച്ചു. വസ്ത്രധാരണത്തില്‍ ഊന്നിയുള്ള മുന്‍വിധികള്‍ പലപ്പോഴും കാണാനും കേള്‍ക്കാനും ഇടയായിട്ടുണ്ടെങ്കിലും കൂട്ടുകാരുടെ ജീവിതത്തില്‍ അത്രയടുത്തു് തൊട്ടുപോകുന്നതൊന്ന് ആദ്യമായിട്ടായിരുന്നു. വസ്ത്രത്തിലൂടെ മാത്രം ഒരാളുടെ വ്യക്തിത്വത്തേയും സ്വഭാവത്തേയും, എന്തിനേറെ ജീവിതശൈലിയെ പോലും മുന്‍വിധിയോടുകൂടെ സമീപിക്കുന്ന ആനമണ്ടത്തരം.

 

 

ഒരു മാസത്തിനു ശേഷം, പ്രോജക്റ്റ് വൈവാ കഴിഞ്ഞ് വൈകുന്നേരം കോളേജ് ബസ്സില്‍ കയറുമ്പോള്‍, പുറകില്‍ രണ്ടു് സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. ഒരു സി++ ഗീക്ക് പയ്യനും കോളേജിന്റെ എല്ലാ നോട്ടവും ഏറ്റു വാങ്ങുന്ന എയറോനിട്ടിക്കല്‍ എഞ്ചിനീയറിങ്ങ് ക്ളാസിലെ ഒരു സുന്ദരി പെണ്‍കുട്ടിയും. തിക്കി തിരക്കി ഞങ്ങളെല്ലാം മുന്‍ഭാഗത്തു കൂടി കയറി സ്വയം ഞെങ്ങി ഞെരുങ്ങി നില്‍ക്കുമ്പോള്‍, ഈ പെണ്‍കുട്ടിയെ സീറ്റൊക്കെ പിടിച്ചു വെച്ചു് സുഹൃത്തു് വിളിക്കുന്നു. ആള്‍കൂട്ടത്തിലൂടെ ഊര്‍ന്ന് ഊര്‍ന്ന് സീറ്റില്‍ എത്തി അവിടെ അവള്‍ ഉപവിഷ്ടയാകുന്നതു കണ്ടപ്പോള്‍ ഹൊ നമുക്കൊക്കെ ആരു്? കൂട്ടുകാരനായാല്‍ ഇങ്ങനെ വേണം. ഇങ്ങനെ എല്ലായിടത്തും സഹായമായെത്തുന്ന ഒരു ‘ഫെയറി ടേല്‍’ കൂട്ടുകാരനാവണം… ഇല്ലാത്തതിനെ പറ്റി ആലോചിക്കുമ്പോള്‍ നമ്മളൊരു ദീര്‍ഘശ്വാസമിട്ടു് സമാശ്വസിക്കുമല്ലോ… അങ്ങനെയൊന്നു നീട്ടി വിട്ടു്, ഇതിലൊക്കെ എന്തിരിക്കുന്നു സ്വയം പര്യാപ്തകളാകണം അല്ലാതെ ഇങ്ങനെ എന്തിനും ഏതിനും സഹായം വാങ്ങി നടന്നു്… ഛെ ഛെ ഛെ എന്ന്‍ ‘കിട്ടാത്ത മുന്തിരിയെ എങ്ങനെയെങ്കിലും പുളിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണു് പിന്നേയും ഞാന്‍ പുറകോട്ട് നോക്കുന്നതു്. കണ്ട കാഴ്ച എന്നെ ആകെ അമ്പരപ്പിച്ചു. മിഡിയും ടോപ്പും ധരിച്ചിരുന്ന പെണ്‍കുട്ടിയുടെ ടോപ്പിന്റെ മുന്‍ഭാഗം മുകളില്‍ കൂടി സുഹൃത്ത് കണ്ട് രസിക്കുന്നു. കൂടാതെ അവന്റെ അടുത്തൊരു കൂട്ടുകാരനെ തോണ്ടി, കണ്ണിട്ട് കാണൂ കാണൂ എന്നു കാണിക്കുക കൂടി ചെയ്യുന്നു!! ആളുകള്‍ക്കിടയില്‍ ഇത്രയധികം പങ്കുവെക്കല്‍ വികാരം ഇതിനുമുമ്പു് കാണാന്‍ കഴിഞ്ഞിട്ടില്ല. പിറ്റേ ദിവസം ആണ്‍കുട്ടിയെ കണ്ടു് ഇന്നലെത്തെ ഒളിഞ്ഞു നോട്ട കൂട്ടാളിത്തത്തെ പറ്റി ചോദിച്ചപ്പോള്‍, ‘അവള്‍ ബോള്‍ഡല്ലെ, ഇതൊന്നും ഒന്നുമായിരിക്കില്ല’ എന്നായിരുന്നു പ്രതികരണം. മോഡേണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ ശരീരം പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും അല്ലെങ്കില്‍ ഇതുപോലെയുള്ള വൃത്തികെട്ട ഒളിഞ്ഞു നോട്ടങ്ങള്‍ കൂളായി എടുക്കുന്നവരുമാണെന്നും കരുതുന്ന ചിലര്‍. ‘അയ്യോ പാവം’ പെണ്‍കുട്ടികളെ തോണ്ടാന്‍ തോന്നില്ല, ബോള്‍ഡായവരെ മനസാക്ഷിക്കുത്തില്ലാതെ തോണ്ടാം എന്നു പറയുന്ന ചില വിപ്ളവകാരികള്‍. മോഡേണ്‍ എന്നതു് എന്തുകൊണ്ടാണു് ഇങ്ങനെ റിവീലിംഗ് എന്നു് വായിക്കപ്പെടുന്നതു് എന്നെനിക്കറിയില്ല. ഇങ്ങനെ പെണ്‍കുപ്പായങ്ങളില്‍ ചില എക്‌സ്ട്രാ ഊരാക്കുടുക്കുകള്‍ തുന്നിപ്പിടിപ്പിക്കാന്‍ ആരും തുനിയേണ്ടതില്ല . അതെളുപ്പം നടക്കില്ല !!!

 


                                                      Henri Cartier-Bresson, pakistan1948

 

വസ്ത്രവും ധരിക്കുന്ന രീതിയും ഓരോ വ്യക്തിയുടെയും ഒരു രാഷ്ട്രീയമായ ഒരു തെരഞ്ഞെടുപ്പും കൂടിയാണു്. ഈ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നതില്‍ ഓരോരുത്തരുടെയും വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ സൌന്ദര്യബോധം, കാലാവസ്ഥ, ലഭ്യത, സാമ്പത്തികമായ പ്രാപ്തി, ഫാഷന്‍ ലോകത്തിന്റെ സ്വാധീനം, തൊഴിലിടങ്ങളിലെ പ്രോട്ടോക്കോളുകള്‍, ഓരോ കൂട്ടങ്ങളിലെയും സ്വീകാര്യത (മതം, മതമില്ലായ്മ, ആക്റ്റിവിസം, അക്കാദമീഷ്യന്‍സ് തുടങ്ങി…) തുടങ്ങി പ്രത്യക്ഷവും പരോക്ഷവുമായ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടു്. കുടുംബശ്രീ യൂണിഫോമും ആക്റ്റിവിവിസ്റ്റ് കുര്‍ത്തകളും മുതല്‍ ഐടി കരിയര്‍ വുമണ്‍ വേഷങ്ങളും ട്രഡീഷണല്‍ കല്യാണവേഷങ്ങളും വരെയുള്ള ഒരു വന്‍ ശ്രേണിയുടെ സന്ദര്‍ഭത്തിനനുസരിച്ചുള്ള തെരഞ്ഞെടുപ്പു് മേല്‍പ്പറഞ്ഞ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണു്. ഈ രാഷ്ട്രീയ ഘടകങ്ങളാണു് നിങ്ങളുടെ ഓരോ അവസരത്തിലേക്കുമുള്ള വേഷങ്ങളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതും അതിലൂടെ പ്രത്യക്ഷമാകുന്നതും. നിങ്ങളെ എങ്ങനെ ഒരു സന്ദര്‍ഭത്തില്‍ അവതരിപ്പിക്കണമെന്നതു് നിങ്ങളുടെ രാഷ്ട്രീയ തീരുമാനമാണെന്നു ചുരുക്കം. നേരത്തെ പറഞ്ഞതുപോലെ രാഷ്ട്രീയഘടകങ്ങളെ നിര്‍ണ്ണയിക്കുന്നതു്  നിലനില്‍ക്കുന്ന നിരവധി മുന്‍ധാരണകളാണെങ്കിലും പക്ഷേ ഈ പ്രത്യക്ഷ രാഷ്ട്രീയത്തെ നിങ്ങളുദ്ദേശിക്കുന്ന രാഷ്ട്രീയ ഘടകങ്ങളുടെ പുറമേ എപ്പോഴും വായിച്ചെടുക്കപ്പെടാറില്ല . ഓരോരുത്തരും അവര്‍ക്കു പരിചയമുള്ള അര്‍ത്ഥങ്ങളുടെ പുറത്തുള്ള മൂല്യവായനകള്‍ വസ്ത്രത്തില്‍ നടത്തുന്നതും വിധികല്‍പ്പിക്കുന്നതും അങ്ങനെയാണു്. ചുരുദാറുകള്‍ ചിലര്‍ക്കു് സാമ്പ്രദായിക വസ്ത്രവും മറ്റു ചിലര്‍ക്കു് അതിമോഡേണ്‍ സെക്‌സി വസ്ത്രവും ആയിമാറുന്നതും സാരി കേരളത്തിലെ അധ്യാപികമാരുടെ സാമ്പ്രദായിക വസ്ത്രവും ചുരുദാറിടല്‍ പൊരുതി നേടേണ്ടതായി മാറുന്നതും ഇങ്ങനെത്തന്നെ. സ്ളീവ്‌ലസ്സിട്ടാല്‍ മലയാളസിനിമയില്‍ ഒരാള്‍ പെട്ടെന്നു ഫെമിനിസ്റ്റാവുന്നതും സ്ളീവ്‌ലസ്സിടായ്മ ഒരാളെ ഒരു നിമിഷം കൊണ്ടു ഫെമിനിസ്റ്റല്ലാതാക്കുന്നതും പുറമേ നിന്നുള്ള മൂല്യവായനകളുടെ അടിസ്ഥാനത്തിലാണു്.  

 

 

വസ്ത്രധാരണത്തിലൂന്നിയുള്ള ഈ മുന്‍വിധികള്‍ ചിലരില്‍ മാത്രം കാണപ്പെടുന്നതല്ല. നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ അറിഞ്ഞോ അറിയാതെയോ ചിലപ്പോഴെങ്കിലും മിന്നിമായാറുണ്ട്. അതുകൊണ്ടുതന്നെയാണു് ലോ വേസ്റ്റ് ജീന്‍സും സ്‌പൈക് ചെയ്ത മുടിയും ഒറ്റക്കമ്മലുമുള്ള ഒരാള്‍ പെട്ടെന്നു തന്നെ ഒരു ‘യോയോ!’ മാത്രമായി തോന്നിപ്പോവുന്നതും, ബോളിവുഡ് തരംഗങ്ങള്‍ വസ്ത്രങ്ങളില്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടികള്‍ എന്നും പൈങ്കിളിയായി എണ്ണപ്പെടുന്നതും, കോട്ടണ്‍ എത്‌നിക് വസ്ത്രങ്ങളില്‍ അലസമായ മുടിയും സേറ്റ്‌മെന്‍സ് മാലകളും ഒറ്റക്കല്‍ വൈരമൂക്കുത്തിയും അണിയുന്നവരെ ബുദ്ധിജീവി എന്നു കളിയാക്കുന്നതും, ഫാബ് ഇന്ത്യ ബുദ്ധിജീവി യൂണിഫോമാവുന്നതും, പര്‍ദ്ദ ഒരു അതികമ്മ്യൂണല്‍ വേഷമായി മാറുന്നതും, ചുരിദാറിനു മുകളില്‍ അലസമായി ശിരോവസ്ത്രമിടുന്ന സ്ത്രീ ‘ഒരല്‍പ്പം സെക്കുലറായ’ തട്ടത്തിന്‍ മറയത്തു് ബ്യൂട്ടിയാവുന്നതും, കൊല്‍ക്കൊത്ത കോട്ടണ്‍ സാരികളിലിപ്പോഴും മറ്റൊരു സോണിയാഗാന്ധിയെ മാത്രം കാണുന്നതും 🙂

 

സെക്യുലറിസം ചിലപ്പോഴൊക്കെ വസ്ത്രത്തിന്റെ കാര്യത്തില്‍ മതം പോലെതന്നെ പ്രവര്‍ത്തിക്കുന്ന ഒന്നാണെന്നാണു് എനിക്ക് തോന്നിയിട്ടുള്ളതു്. പലതരം വസ്ത്രങ്ങളില്‍ ഇപ്പോള്‍ മുക്കുന്നതു് ‘മതനിരപേക്ഷ ഡൈ’ ആണോ എന്നു പോലും സംശയിച്ചു പോകും. ഹിജാബോ പര്‍ദ്ദയോ ധരിച്ചു കാണുന്ന ഒരു ചെറിയ കൂട്ടങ്ങള്‍പോലും മതനിരപേക്ഷതയ്ക്കു നേരെയുള്ള വലിയ വെല്ലുവിളികളാവും. അപ്പോള്‍ മൊട്ടിട്ടു വിടരും മതേതരത്വത്തിന്റെ പൂക്കള്‍ !!! അതേസമയം’സെറ്റ് സാരി’ പാരമ്പര്യത്തിന്റെ എക്സ്‌ക്യൂസില്‍ മതനിരപേക്ഷ വേഷമാവുന്നതില്‍ ഒരാള്‍ക്കും പരാതിയുമില്ല! മതമോ മതനിരപേക്ഷതയോ മതമില്ലായ്മയോ ആക്റ്റിവിസമോ ഫെമിനിസമോ എന്തും ആവട്ടേ… ദേഹത്തണിഞ്ഞു് പൊളിറ്റിക്കല്‍ ഡിസ്‌പ്ളേ നടത്തേണ്ട ചുമതല കാലാകാലമായി സ്ത്രീകളില്‍ നിക്ഷിപ്തമായ ഒന്നാണല്ലോ.

 


                                                                                                                                                                         by Atul Tater, Rajasthan
                                                                                                                                                                       

നരസിംഹം മുണ്ടുകള്‍ മുതല്‍ മേരിക്കുണ്ടൊരു കുഞ്ഞാടു് ചുരിദാറുകളും പലപല സിനിമാപ്പേരുകളിലുള്ള സാരികളും ഇറങ്ങുന്ന നാടാണു് കേരളം. എന്നാലും സിനിമകളില്‍ നായികമാര്‍ എത്ര അടിപൊളി വേഷങ്ങള്‍ ധരിച്ചാലും കേരളത്തിന്റെ ‘പൊതുബോധ’ മൊറാലിറ്റിയെ തൃപ്തിപ്പെടുത്താത്ത ഒരു വേഷവും മലയാള സിനിമാപ്പേരുകളിലിറങ്ങാറില്ല. അന്വേഷിച്ചു നടന്ന അനുഭവം സാക്ഷി! 

 

പത്തില്‍ ഒമ്പതു പേരും ആധാറെടുത്തു എന്ന പരസ്യം കാണിക്കുന്ന ഒരു സംസ്ഥാനത്ത് ആധാറിനായി പോയ ചില പെണ്‍കുട്ടികളെ ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്നതിനു ശേഷം ചുരിദാറിനു ദുപ്പട്ടയില്ലാത്തതിനാല്‍ ഫോട്ടോ എടുക്കാതെ തിരിച്ചയച്ചെന്ന വാര്‍ത്ത രണ്ടു ദിവസം മുമ്പാണു് പുറത്തുവന്നതു്. മൊറാലിറ്റിയുടെ ആധാരവും പെണ്‍കുട്ടികളുടെ ദുപ്പട്ടയിലാണെന്നു മനസ്സിലായില്ലേ! 

 

copyheart 2013 ജോഷിന രാമകൃഷ്ണന്‍: ഇഷ്ടപ്പെടുന്നവരാണു് പകര്‍ത്തുന്നതു്. ഇഷ്ടത്തിനു് നിയമമില്ല. പകര്‍ത്തുവിന്‍ പങ്കുവെയ്ക്കുവിന്‍!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍