UPDATES

ഇന്‍-ഫോക്കസ്

ഇന്‍ഫോസിസ് തലപ്പത്ത് നാരായണ മൂര്‍ത്തി തിരിച്ചെത്തുമ്പോള്‍

ടീം അഴിമുഖം
 
 
ഏഴു വര്‍ഷത്തിനു ശേഷം ഇന്‍ഫോസിസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നതിനു തൊട്ടു മുമ്പ് എന്‍.ആര്‍ നാരായണ മൂര്‍ത്തി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ എം.വി കാമത്തിന് ഇങ്ങനെ എഴുതി. ‘എന്റെ മകന്‍ രോഹനോട് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അവധിയെടുത്ത് എന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. എന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് എന്ന തസ്തികയിലായിരിക്കും രോഹന്‍ കമ്പനിയില്‍ ചേരുക. ഞാനും രോഹനും ഒരു വര്‍ഷത്തേക്ക് ഒരു രൂപ ശമ്പളം മാത്രമേ എടുക്കൂൂ’. 
 
ഇന്‍ഫോസിസ് ജീവനക്കാരുടെ ശരാശരി പ്രായം 27 വയസാണ്. രോഹന്‍ മൂര്‍ത്തിക്ക് 30 വയസായി. 1981-ല്‍ തുടങ്ങിയ ഇന്‍ഫോസിസ് എന്ന സ്ഥാപനം പല അര്‍ഥത്തിലും ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയ്ക്കും പുതിയ കാലത്തെ കമ്പനി നടത്തിപ്പിനും മാതൃകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്‍ഫോസിസ് മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. 2011-12-ല്‍ സോഫ്റ്റ്‌വേര്‍ മേഖല 12 ശതമാനത്തോളം വളര്‍ന്നപ്പോള്‍ ഇന്‍ഫോസിസിന്റെ വിപണി വളര്‍ച്ച വെറും 5.8 ശതമാനം മാത്രമായിരുന്നു. ഈയൊരു ഘട്ടത്തിലാണ് നാരായണ മൂര്‍ത്തിയുടെ മടങ്ങി വരവും മകന്റെ കടന്നു വരവും. 
 
 

                                @digitalqatar.qa
 
 
ജീവനക്കാര്‍ക്ക് ശരാശരി 27 വയസ് മാത്രം പ്രായമുള്ള കമ്പനിയിലേക്ക് സ്ഥാപകന്റെ മകന്‍ എന്ന നിലയില്‍ രോഹന്‍ എത്തുന്നത്. സ്വതന്ത്രമായ ഒരു ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ഉള്ള കമ്പനിയാണ് ഇന്‍ഫോസിസ്. നാരായണ മൂര്‍ത്തിക്ക് വെറും അഞ്ചു ശതമാനം ഓഹരി മാത്രമേ ഇവിടെയുള്ളൂ. ഇങ്ങനെയുള്ള പല നല്ല മാതൃകകള്‍ സൃഷ്ടിച്ച ശേഷമാണ് ഒരു പ്രതിസന്ധി വന്നപ്പോള്‍ സ്ഥാപക കുടുംബത്തിലേക്ക് ഇന്‍ഫോസിസ് തിരിച്ചു പോയത്. നാരായണ മൂര്‍ത്തിക്ക് 67 വയസായി. ഒരു സമയത്ത് കമ്പനി വിട്ടു പോയ സി.ഇ.ഒമാര്‍ തിരിച്ചു വന്നിട്ടുള്ള പല ഉദാഹരണങ്ങള്‍, സ്റ്റവ് ജോബ്‌സ് അടക്കം, ധാരാളമുണ്ട്. സി.ഇ.ഒമാര്‍ സമയത്ത് വിരമിച്ചിട്ടുള്ള ഉദാഹരണങ്ങളും ഒട്ടനവധിയാണ്. 
 
കുടുംബ വാഴ്ച നിലനില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ഫാമിലി ബിസിനസുകളുടേയും ലോകത്ത് വേറിട്ടൊരു പാതയായിരുന്നു ഇന്‍ഫോസിസിന്റേത് എന്ന ധാരണയ്ക്കാണ് ഇവിടെ തിരിച്ചടിയേറ്റിരിക്കുന്നത്. അതു പോലെ രാജ്യത്തെ വിവിധ മേഖലകള്‍ നേരിടുന്ന നേതൃത്വ പ്രതിസന്ധിയും ഇന്‍ഫോസിസിലേക്കുള്ള നാരായണ മൂര്‍ത്തിയുടെ തിരിച്ചു വരവ് സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ നേതൃത്വം എന്നത് വ്യക്തി കേന്ദ്രീകൃതമാണ്. എന്നാല്‍ വ്യക്തിക്കപ്പുറം ഒരു സിസ്റ്റത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന നേതൃത്വപാഠം പലപ്പോഴും ഇവിടെ പാലിക്കപ്പെടാറില്ല. പ്രായത്തിന് അനുസരിച്ചാണ് പക്വതയും വിവേകവും നേതൃഗുണങ്ങളും ഉണ്ടാവുക എന്ന മിഥ്യാബോധവും ഇതിന്റെ ഭാഗമാണ്. 
 
57 വയസുള്ള ചൈനീസ് പ്രധാനമന്ത്രി ലീ ക്വാചിങ് ഇന്ത്യയിലെത്തിയപ്പോള്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് 80 വയസുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി അതിനു ശേഷം ജപ്പാനിലെത്തിയപ്പോള്‍ കൂടിക്കാഴ്ച നടത്തിയതാകട്ടെ 58 വയസുള്ള ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായാണ്. രാജ്യാന്തര തലത്തില്‍ തന്നെ പ്രശസ്തനായ ശശി തരൂര്‍ 53 വയസിലാണ് ആദ്യമായി ലോക്‌സഭാ എം.പിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമാകുന്നത്. ശശി തരൂര്‍ ആദ്യം എം.പിയായ പ്രായത്തില്‍ ബരാക് ഒബാമ രണ്ടു വട്ടം അമേരിക്കന്‍ പ്രസിഡന്റ് പദവി വഹിച്ച ശേഷം വിരമിക്കും. 
 
 
 
ജനസംഖ്യയില്‍ 50 ശതമാനത്തിലധികം 25 വയസിനു താഴെയും 65 ശതമാനത്തിലധികം 35 വയസിനു താഴേയുമുള്ള രാജ്യമാണ് ഇന്ത്യ. ഇവിടുത്തെ ശരാശരി പ്രായമെന്നത് 25 വയസാണ്. ചൈനയുടേയും അമേരിക്കയുടേയും ശരാശരി പ്രായം 37 വയസും ജപ്പാന്റേത് 48 വയസുമാണ്. ഇത്രയും ചെറുപ്പം നിലനില്‍ക്കുന്ന ഇന്ത്യയില്‍ നേതൃസ്ഥാനമാകട്ടെ പ്രായമായവര്‍ക്ക് മാത്രം എത്തപ്പെടാവുന്ന ഒന്നാണ്. 40 വയസില്‍ താഴെ ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രിയായ ആളാണ് അഖിലേഷ് യാദവ്. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ മകന്‍ എന്നതുകൊണ്ടു മാത്രമാണ് അഖിലേഷ് ഈ പദവിയിലെത്തിയത്. കുടുംബവാഴ്ചയ്‌ക്കെതിരെ സംസാരിക്കുന്നുണ്ടെങ്കില്‍ പോലും ഗാന്ധി-നെഹ്‌റു കുടുംബത്തിലെ പിന്മുറക്കാരന്‍ എന്നതാണ് രാഹുല്‍ ഗാന്ധി ഇന്ന് വഹിക്കുന്ന പദവികള്‍ ലഭിക്കാന്‍ കാരണവും. 
 
ഇന്‍ഫോസിന്റെ തലപ്പത്ത് നാരായണ മൂര്‍ത്തി തന്നെ പിന്‍ഗാമികളായി അവരോധിച്ച കമ്പനിയുടെ സ്ഥാപക നേതാക്കളായ ക്രിസ് ഗോപാലകൃഷ്ണനും ഷിബുലാലുമുണ്ട്. 67-മത്തെ വയസില്‍ നാരായണ മൂര്‍ത്തി തിരിച്ചു വരുമ്പോള്‍ നന്ദന്‍ നിലേക്കനി ഒഴിച്ച് ഇന്‍ഫോസിസിന്റെ സ്ഥാപക നേതാക്കളെല്ലാം ഇപ്പോള്‍ വീണ്ടും കമ്പനിയുടെ തലപ്പത്തെത്തിയിരിക്കുകയാണ്. അഞ്ചു ശതാനം ഓഹരിയേ ഉള്ളുവെങ്കിലും ഇന്‍ഫോസിസിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരിയുടമ കൂടിയാണ് നാരായണ മൂര്‍ത്തി. സ്വകാര്യ സ്ഥാപനമാണെങ്കിലും ആധുനിക ഇന്ത്യയുടെ  ഷോ പീസ് സ്ഥാപനനങ്ങളിലൊന്നായ ഇന്‍ഫോസിസ് ഇത്തരത്തില്‍ കുടുംബ വാഴ്ച അരക്കിട്ടുറപ്പിക്കുകയും നേതൃത്വമെന്നത് വ്യക്ത്യധിഷ്ഠിതമാണെന്ന് തെളിയിക്കുകയും ചെയ്തത് പുതിയ ഇന്ത്യയെപ്പറ്റി പ്രതീക്ഷ പുലര്‍ത്തുന്നവര്‍ക്കുള്ള തിരിച്ചടിയാണ്. 
 
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍